സ്കൂൾ അവധി
ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ? ചർച്ചയ്ക്ക് തുടക്കമിട്ട്
മന്ത്രി ശിവൻകുട്ടി

‘‘മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടിവരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്’’- മന്ത്രി വി. ശിവൻകുട്ടി.

News Desk

സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽനിന്നു മാറ്റി മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണ്, ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചത്.

മന്ത്രിയുടെ കുറിപ്പിൽനിന്ന്:

‘‘കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടിവരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു’’.


Summary: Minister Sivankutty has initiated a discussion on shifting school holidays to June and July, as heavy monsoon rains during this period often lead to class cancellations and learning disruptions.


Comments