കോഴ്സ്: BSc MLT.
കാമ്പസ്: കോഴിക്കോട് മെഡിക്കൽ കോളേജ്.
ഏഴു ബാച്ചുകളിൽ 130 വിദ്യാർത്ഥികൾ.
ഇവരെ പഠിപ്പിക്കാനുള്ളത് മൂന്ന് അധ്യാപകർ.
ഇതിനുപുറമേ, ഡിപ്ലോമാ കോഴ്സിലെ 99 വിദ്യാർത്ഥികളെയും പഠിപ്പിക്കുന്നത് ഈ മൂന്നു പേർ തന്നെ.
ആവശ്യത്തിന് ക്ലാസ് റൂമും ലാബുമില്ല.
മൈക്രോ ബയോളജിക്ക് ഉപയോഗിക്കുന്നത് എം.ബി.ബി.എസുകാരുടെ ക്ലാസും ലാബും.
95 ശതമാനം മാർക്കോടെ പ്രവേശനം നേടിയവരുടെ വിജയ ശതമാനം 43.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു മെഡിക്കൽ കോളേജിൽ നടക്കുന്ന ഒരു പാരാ മെഡിക്കൽ കോഴ്സിന്റെ അവസ്ഥയാണിത്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ BSc MLT വിദ്യാർത്ഥികൾ കഴിഞ്ഞ മാർച്ച് 17-ന് ഈ അടിസ്ഥാന ആവശ്യങ്ങളുയർത്തി സൂചനസമരം നടത്തിയിരുന്നു. സൂചനാ സമരത്തെ തുടർന്ന് എസ്.എഫ്.ഐ ഇവരുടെ ആവശ്യങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിനെ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അവർ പറയുന്നു.
2009-ൽ ആരംഭിച്ച എം.എൽ.ടി കോഴ്‌സിൽ ക്ലാസ് മുറികൾ, ലാബ്, അധ്യാപകരുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ മുന്നോട്ടുപോകുന്നതിലെ നീതികേട് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയത്. അധ്യാപകരില്ലാത്തതിനാൽ പരീക്ഷയുടെ അവസാനഘട്ടമായ വൈവയിലെത്തുമ്പോൾ സിലബസ് പൂർണമായി കവർ ചെയ്യാനാകുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
സൂചന സമരത്തെ തുടർന്ന് എസ്.എഫ്.ഐ നൽകിയ ഉറപ്പിനെതുടർന്നാണ് മന്ത്രിയെ കാണുന്നതെന്ന് വിദ്യാർഥി ആതിര. എം. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

‘‘MLT ഡിപ്പാർട്ട്‌മെന്റ് ഒന്നിച്ചുനിന്നാണ്, വർഷങ്ങളായി നടക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കുന്നത്. DMLT ബാച്ച് തുടങ്ങിയിട്ട് 31 വർഷമായി. 2009-ലാണ് BSc MLT കൂട്ടിച്ചേർക്കുന്നത്. പക്ഷെ അത് തുടങ്ങാനുള്ള സൗകര്യം ഇവിടെയില്ല. കോളേജ് അധികാരികൾക്ക് പലതവണ പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ട്. പക്ഷെ, ഒരിടപെടലും അവരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കോഴിക്കോട് പോലെ വലിയ മെഡിക്കൽ കോളേജിൽ ഇത്ര വർഷമായിട്ടും ഇങ്ങനെയൊരു പ്രശ്‌നം തുടരുന്നു എന്നത് ഉറപ്പായും പൊതുജനമധ്യത്തിലേക്കെത്തണം. ഒന്നാം വർഷ വിദ്യാർഥികളായ ഞങ്ങൾ വലിയ പ്രതീക്ഷകളുമായിട്ടാണ് കാമ്പസിലേക്കെത്തിയത്. ഇവിടുത്തെ കാര്യങ്ങളും ലാബിന്റെ അവസ്ഥയുമൊക്കെ കാണുമ്പോൾ ശരിക്കും നല്ല വിഷമമുണ്ട്. ഇങ്ങനെയൊരു അവസ്ഥ നാളെ വേറൊരു വിദ്യാർത്ഥിക്കുണ്ടാവരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം”- ആതിര പറയുന്നു.

ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷനും കോളേജ് പ്രിൻസിപ്പലിനും വിദ്യാർത്ഥികൾ നിരവധി പരാതികൾ നൽകിയിട്ടും പരിഹരിക്കാമെന്ന ഉറപ്പ് മാത്രമാണുണ്ടായത്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. ഒന്നുമുണ്ടായില്ല.
ക്ലാസ് മുറികളും ലാബ് സംവിധാനങ്ങളും ഇല്ലാത്തതിന്റെ പ്രശ്‌നങ്ങൾ പഠനനിലവാരത്തെയും വിജയശതമാനത്തെയും കാര്യമായി ബാധിക്കുന്നുവെന്നാണ് വിദ്യാർഥിനി അഭിമന്യ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്. 95 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി അഡ്മിഷനെടുത്ത വിദ്യാർഥികൾക്ക് 43, 56 എന്നിങ്ങനെയാണ് വിജയശതമാനം. അധ്യാപകരുടെ കുറവും വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്.

“2009-ൽ BSc MLT ആരംഭിക്കുന്നതിന് മുമ്പുവരെ ഇവിടെയുണ്ടായിരുന്നത് DMLT മാത്രമായിരുന്നു. അന്നുണ്ടായിരുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് BSc MLT ആരംഭിക്കുന്നത്. അന്ന് മുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ല. ഡി.എം.എൽ.ടിക്കാരുടെ സൗകര്യം കുറയുകയും ചെയ്തു, ഞങ്ങൾക്ക് ഒന്നും കിട്ടുകയും ചെയ്തില്ല. ഇപ്പോഴും ഈ അവസ്ഥ തുടരുകയാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് 2009 മുതൽ ഡി.എം.ഒക്കും മന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മറുപടിയും എവിടെനിന്നും കിട്ടിയിട്ടില്ല’’.
‘‘‘കുഹാസിന്റെ നിർദേശ പ്രകാരം ബി.എസ്.സിക്ക് മാത്രം 12 അധ്യാപക തസ്തികകളാണ് ആവശ്യം. ഡി.എം.എൽ.ടിക്ക് പ്രത്യേകം 6 അധ്യാപകരുടെയും ആവശ്യമുണ്ട്. എന്നാൽ ഇവിടെ ഞങ്ങൾ രണ്ട് കൂട്ടർക്കും കൂടി വെറും 3 അധ്യാപകർ മാത്രമാണുള്ളത്. അത്രയും മോശം അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ബയോ കെമിസ്ട്രി, പത്തോളജി തുടങ്ങിയ വിഷയങ്ങൾക്ക് ക്ലാസും ലാബുമുണ്ട്. പക്ഷെ മൈക്രോ ബയോളജിക്ക് എം.ബി.ബി.എസുകാരുടെ ക്ലാസ്സും ലാബുമാണ് ഉപയോഗിക്കുന്നത്. അവർക്കെന്തെങ്കിലും അത്യാവശ്യം വന്നാൽ ഞങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. അത് അവരുടെ ലാബാണല്ലോ?. ഈ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷകൾ പോലും നല്ല രീതിയിൽ അറ്റൻഡ് ചെയ്യാൻ സാധിക്കാറില്ല. കഴിഞ്ഞ വർഷം സ്റ്റാറ്റി എന്ന പേപ്പറിൽ 30 മാർക്കിനുള്ള ഭാഗങ്ങളെ പഠിപ്പിച്ചിരുന്നുള്ളൂ. ബാക്കി 70 മാർക്കിന്റെ ഭാഗങ്ങൾ പുറത്ത് നിന്ന് നോട്ടുകൾ സംഘടിപ്പിച്ച് പഠിക്കേണ്ട അവസ്ഥയായിരുന്നു. അധ്യാപകരകില്ലാത്ത പ്രശ്‌നം നന്നായി അനുഭവിക്കുന്നുണ്ട്’’- അഭിമന്യ പറയുന്നു.
ആരോഗ്യമേഖലയെ അഭിമാനപൂർവം ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനത്തെ, ഏറ്റവും അഭിമാനകരമായ നിലവാരമുള്ള ഒരു മെഡിക്കൽ കോളേജിലാണ് അടിസ്ഥാന ആവശ്യങ്ങൾ പോലും ഒരുക്കിക്കൊടുക്കാതെ ഒരു പാരാമെഡിക്കൽ കോഴ്സ് വർഷങ്ങളായി നടന്നുപോരുന്നത് എന്നത്, നമ്മുടെ ആരോഗ്യ സംവിധാനത്തെ ഒരുവിധത്തിലും അസ്വസ്ഥപ്പെടുത്തുന്നില്ല എന്നത്, ക്രൂരമായ നിസ്സംഗതയ്ക്ക് ഉദാഹരണമാണ്.