സ്‌കൂളുകളിൽ എന്തിനാണ് മാതൃസമിതികൾ?

ല്ലാ സ്‌കൂളുകളിലും മാതൃസമിതികളുണ്ട്. അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ അമ്മമാരാണ് അതിലെ അംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ സ്‌കൂൾ മാന്വലിന്റെ ഡ്രാഫ്റ്റിൽ മാതൃസമിതിയുടെ ചുമതലകൾ സംബന്ധിച്ച നിർദേശങ്ങൾ വിവാദമായിരുന്നു. അക്കാദമിക പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനു പുറമെ പഠനയാത്രകൾ, ഉച്ചഭക്ഷണം തയ്യാറാക്കൽ എന്നിവയിൽ സഹായിക്കുകയാണ് മാതൃസമിതിയുടെ ചുമതലയെന്നാണ് മാന്വലിൽ പറയുന്നത്. ലിംഗനീതി ഉറപ്പുവരുത്തുമെന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മാന്വലിൽ മാതൃസമതിയുടെ ചുമതല ഭക്ഷണമുണ്ടാക്കലാണെന്ന് പറയുന്നത്.

ലിംഗനീതി ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് നിരന്തരം പറയുകയും അത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാർ തന്നെയാണ് സ്ത്രീകളെ അടുക്കളയിലൊതുക്കുന്ന പുതിയ സ്‌കൂൾ മാന്വലും തയ്യാറാക്കിയതെന്നതിലെ വൈരുദ്ധ്യമാണ് വിമർശനമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ജെൻഡർ ഏതായാലും ഏത് ജോലിയും എല്ലാവർക്കും ചെയ്യാമെന്ന കാഴ്ചപ്പാടാണ് ഇന്ന് പുരോഗമന സമൂഹത്തിനുള്ളത്. അതിനെ പിന്തുണയ്ക്കുന്ന നയങ്ങളാണ് സർക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നതും. എന്നാൽ ഇക്കാലമത്രയും ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളായിരുന്നതൊക്കെയും റദ്ദ് ചെയ്യുന്ന തരത്തിലാണ് വിദ്യാർഥികളുടെ അമ്മമാർ സ്‌കൂളിലെ അടുക്കളയിലും പണിയെടുക്കണമെന്ന് പറയുന്നത്.

എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും കേരളത്തിലെ ഭൂരിഭാഗം വീടുകളിലെയും അടുക്കള സ്ത്രീകളുടേത് മാത്രമാണ്, "സഹായിക്കുന്ന' പുരുഷൻമാർ ഇല്ലെന്നല്ല. പക്ഷെ പുതിയ തലമുറയിലെ വലിയ വിഭാഗം ആണും പെണ്ണും ഒരുപോലെ പുറത്തുപോയി ജോലിചെയ്യുകയും അടുക്കളയിൽ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നവരാണ്, കുറഞ്ഞപക്ഷം നഗരങ്ങളിലെങ്കിലും. ജോലി ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് അടുക്കളയിൽ കൂടി ജോലി ചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ വളരെയധികം ചർച്ചയാകുന്ന കാലമാണിത്. അതിന്റെ ഭാഗമായി കമ്യൂണിറ്റി കിച്ചൺ പോലെയുള്ള മാതൃകാപരമായ പദ്ധതികൾ കേരളത്തിൽ പലയിടത്തും വന്നുകഴിഞ്ഞു. കമ്യൂണിറ്റി കിച്ചണിനും ഹോട്ടലുകളിലും പാചകം ചെയ്യുന്നതുപോലെയല്ല, മാതൃസമിതിയിലെ അംഗങ്ങൾ സ്‌കൂൾ അടുക്കളയിൽ കയറുന്നത്. കമ്യൂണിറ്റി കിച്ചണിലും ഹോട്ടലിലും ജോലിയായി ചെയ്യുന്നതാണെങ്കിൽ സ്‌കൂളിലത് അവരുടെ ചുമതലയായിരിക്കുമെന്നാണ് മാന്വലിൽ നിർദേശിച്ചിരിക്കുന്നത്.

മാന്വലിൽ എഴുതിവച്ചുകൊണ്ടല്ലെങ്കിലും ഇതൊക്കെ തന്നെയാണ് പല സ്‌കൂളുകളിലും നടക്കുന്നത്. അമ്മമാരോട് മാത്രമല്ല, പെൺകുട്ടികളോടും ഇതേ സമീപനം തന്നെയാണ് സ്‌കൂളുകളിൽ. ക്ലാസ്‌റൂം വൃത്തിയാക്കുന്നതുപോലെയുള്ള ജോലികൾ പല സ്‌കൂളുകളിലും പെൺകുട്ടികൾ മാത്രം ചെയ്യുന്നതായി കാണാറുണ്ട്.

ഭാരിച്ച കാര്യങ്ങളൊക്കെ ചർച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനുമൊക്കെ പി.ടി.എ. (അധ്യാപക രക്ഷകർതൃ സമിതി) ഉണ്ടാകുമ്പോൾ, ചോറുണ്ടാക്കുക, ശുചീകരണം നടത്തുക, കുട്ടികളെ വീട്ടിൽ പഠിക്കാൻ സഹായിക്കുക തുടങ്ങിയ ജോലികൾ സ്ത്രീകൾക്ക് നൽകുന്നു. പി.ടി.എ. എന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമിതിയാണ്. ഇതിൽ അച്ഛൻമാർ എന്ന് എവിടെയും പറയുന്നില്ല. അച്ഛനും അമ്മയും തുല്യമായി രക്ഷിതാക്കളായി പരിഗണിക്കുന്നവരാണെന്നിരിക്കെ ഈ സമിതിയിൽ അച്ഛനോ അമ്മയ്‌ക്കോ അംഗമാകാം. പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിൽ ആകെ അംഗങ്ങളിൽ 50 ശതമാനം സ്ത്രീകളായിരിക്കണമെന്ന് മാന്വലിൽ തന്നെ നിർദേശമുണ്ട്. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ഭക്ഷണം ഉണ്ടാക്കാനും വൃത്തിയാക്കാനും മാത്രമായി മാതൃസമിതികൾ ഉണ്ടാക്കുന്നു. സ്‌കൂളിന്റെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കാനും പ്രവർത്തിക്കാനുമൊക്കെ ഒരു പി.ടി.എ. തന്നെ മതിയാകില്ലേ. പ്രത്യേക കാര്യങ്ങൾക്ക് സ്ത്രീ-പുരുഷ പ്രാതിനിധ്യമുള്ള ഉപസമിതികൾ ഉണ്ടാക്കാം.

രക്ഷാകർതൃസമിതികളിൽ പലപ്പോഴും പുരുഷൻമാർക്കാണ് ആധിപത്യമുണ്ടാവുക എന്നതാണ് യാഥാർഥ്യം. സ്ത്രീകളെ പേരിന് മാത്രം ഉൾപ്പെടുത്തുകയും പദവികൾ നൽകാതിരിക്കുകയും ചെയ്യും. സ്ത്രീകളുടെ പ്രവർത്തനമൊക്കെ മാതൃസമിതിയിൽ മതിയെന്ന രീതിയാണ്. അടുത്തിടെ സിനിമാ താരങ്ങളുടെ സംഘടനയുടെ ആഭ്യന്തര പരിഹാര സമിതിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ചപ്പോൾ സ്ത്രീകൾക്ക് അവരുടെ സംഘടനയിൽ പോയി പരാതി പറഞ്ഞാൽ പോരെ എന്നായിരുന്നു സംഘടനയുടെ വൈസ് പ്രസിഡന്റിന്റെ ചോദ്യം. പൊതുവായ ഇടങ്ങളൊന്നും സ്ത്രീകളുടേതല്ലെന്ന മനോഭാവമാണ് ഇത്തരം പരാമർശങ്ങക്ക് കാരണം. അതേ മനോഭാവത്തിൽ നിന്നുതന്നെയാണ് മാതൃസമിതികൾ ഉണ്ടാകുന്നതും. പി.ടി.എ.യിൽ സ്ത്രീകളും അംഗങ്ങളാവുകയും അവർക്ക് ഭാരവാഹിത്വം നൽകുകയും ചെയ്താൽ പ്രശ്‌നമാണെന്ന തോന്നൽ നിലനിൽക്കുന്നതിനാലാണ് സ്ത്രീകളെ മറ്റൊരു സംഘടനയിലേക്ക് ഒതുക്കുന്നത്. കൂടാതെ ചില പണികളൊന്നും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സ്ത്രീകൾ തന്നെ ചെയ്താലേ ശരിയാകൂ എന്നുമാണ് ഇത്തരം ചിന്താഗതിക്കാരുടെ ധാരണ.

സ്കൂൾ മാന്വലിൽ നിന്നും.

സമൂഹത്തിൽ പഴഞ്ചൻ ധാരണകളും ശീലങ്ങളുമൊക്കെ ഉണ്ടാകും. അതൊക്കെ മാറാൻ സമയമെടുക്കും. മാറ്റത്തിനുള്ള ശ്രമങ്ങളും പോരാട്ടങ്ങളും പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങൾക്ക് കരുത്തുപകരുക എന്നതാണ് ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ടത്. അതിനുപകരം സ്ത്രീകൾ സ്‌കൂളിലെ പാചകത്തിൽ സഹായിക്കണമെന്ന തരത്തിലുള്ള നിർദേശങ്ങൾ അച്ചടിച്ചിറക്കുന്നത് ഒട്ടും പുരോഗമനപരമല്ല. മദർ പി.ടി.എ. എന്ന പരിപാടി തന്നെ ഒഴിവാക്കി, പൊതു പി.ടി.എ.യിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകണം എന്നായിരുന്നു മാന്വലിൽ എഴുതിയിരുന്നതെങ്കിൽ അത് പുരോഗമനപരമാണെന്ന് പറയാമായിരുന്നു.

അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ മാതൃസമിതി രൂപീകരിക്കണമെന്നാണ് നിർദേശം. വർഷത്തിൽ രണ്ടുതവണയെങ്കിലും ജനറൽ മാതൃസമിതി ചേരണം. മാസത്തിലൊരിക്കൽ തെരഞ്ഞെടുത്ത മാതൃസമിതിയുടെ യോഗം ചേരണം. മാതൃസമിതിയുടെ പ്രസിഡന്റ് പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗമായിരിക്കണം. കുട്ടികളുടെ അക്കാദമിക കാര്യങ്ങൾ മാതൃസമിതിയിൽ ചർച്ച ചെയ്ത് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും മാന്വലിൽ പറയുന്നു. കുട്ടികളുടെ വളർച്ചയിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വവും ചുമതലയുമാണെന്നിരിക്കെ പഠനം നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മാതൃസമിതിയിൽ മാത്രം മതിയെന്നാണ് സർക്കാരിന്റെ അഭിപ്രായം. സ്ത്രീകൾ കൂടുതൽ തൊഴിലെടുക്കാൻ പോകാതിരുന്ന പഴയ കാലത്ത് അമ്മമാരാണ് വീട്ടിൽ കുട്ടികളുടെ പഠനകാര്യങ്ങൾ നോക്കിയിരുന്നത്. ജോലി ചെയ്ത് വരുന്ന അച്ഛൻമാർക്ക് അതിനൊന്നും സമയവും താത്പര്യവുമുണ്ടാകില്ല. അതുകൊണ്ടാണല്ലോ കുട്ടികളുടെ സ്വഭാവദൂഷ്യങ്ങളുടെ പേരിൽ സ്ത്രീകൾ മാത്രം പഴി കേൾക്കുന്നത്. ഇതെല്ലാം ഇങ്ങനെ തന്നെ തുടരണം, കുട്ടികളുടെ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രമാണ് എന്നതു തന്നെയായിരിക്കും ഈ മാന്വൽ തയ്യാറാക്കിയവരുടെ ചിന്തയും.

പൊതു പി.ടി.എ.യ്ക്ക് പുറമെ എല്ലാ സ്‌കൂളിലും ക്ലാസ് പി.ടി.എ.കൾ വേണമെന്ന നിർദേശമുണ്ട്. ക്ലാസിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും ആസൂത്രണവുമൊക്കെ നടക്കുന്നത് ക്ലാസ് പി.ടി.എ.യിലാണ്. ഒരു ക്ലാസിലെ വിദ്യാർഥികളുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറുമാണ് ക്ലാസ് പി.ടി.എ.യിലെ സ്ഥിരാംഗങ്ങൾ. പ്രഥമാധ്യാപകൻ, ക്ലാസിൽ പഠിപ്പിക്കുന്ന മറ്റ് അധ്യാപകർ എന്നിവർ സമിതിയിൽ ക്ഷണിതാക്കളാണ്. രക്ഷിതാവ് ചെയർമാനും ക്ലാസ് ടീച്ചർ കൺവീനറും നാല് രക്ഷിതാക്കൾ അംഗങ്ങളുമാണ് ക്ലാസ് പി.ടി.എ. എക്‌സിക്യൂട്ടീവിലുണ്ടാവുക. നാല് രക്ഷിതാക്കളിൽ രണ്ടുപേർ സ്ത്രീകളായിരിക്കണം.

ഓരോ കുട്ടിയുടെയും പഠന പുരോഗതി, വീട്ടിലെ പഠനരീതി, മറ്റു പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ക്ലാസ് പി.ടി.എ.യിൽ ചർച്ച ചെയ്യണം.
ഓരോ മാസവും ക്ലാസ് പി.ടി.എ. യോഗം ചേരണം. അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യണം. ക്ലാസ് ലൈബ്രറി, പഠനയാത്രകൾ, ബോധവത്കരണ ക്ലാസുകൾ, കുടുംബസംഗമം തുടങ്ങിയ പ്രവർത്തനങ്ങളും ക്ലാസ് പി.ടി.എ.യുടെ ചുമതലയാണ്. ഇത്രയൊക്കെ ചെയ്യാൻ ക്ലാസ് പി.ടി.എ.യുണ്ട്. സ്‌കൂളിന്റെയാകെ കാര്യങ്ങൾക്ക് പി.ടി.എ.യുമുണ്ട്. അപ്പോൾ പിന്നെ എന്തിനാണ് മാതൃസമിതി എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായൊരു സമിതി.

പി.ടി.എ.യ്ക്കും ക്ലാസ് പി.ടി.എ.യ്ക്കും ഇല്ലാത്ത, മാതൃസമിതിക്ക് മാത്രമുള്ള ചുമതലകൾ മുമ്പേ പറഞ്ഞ ഉച്ചഭക്ഷണ പരിപാടിയാണ്. പിന്നെയുള്ളത് പെൺകുട്ടികളുടെ ശാക്തീകരണം പോലെയുള്ള വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നതാണ്. പെൺകുട്ടികൾക്ക് മാത്രമായുള്ള ബോധവത്കരണ ക്ലാസുകൾ യഥാർഥത്തിൽ നമ്മുടെ സ്‌കൂളുകളിൽ ഇനിയും നടക്കണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. പെൺകുട്ടികളെ വിളിച്ചിരുത്തി, നിങ്ങൾ സൂക്ഷിച്ച് ജീവിക്കണം എന്നൊക്കെ തന്നെയാണ് ബോധവത്കരണത്തിനെത്തുന്ന പലരും പറഞ്ഞുകൊടുക്കുന്നത്. ഇനി തുല്യതയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ശക്തിയെക്കുറിച്ചുമൊക്കെ പഠിപ്പിച്ചെന്ന് തന്നെയിരിക്കട്ടെ, ഇതൊക്കെ പെൺകുട്ടികൾ മാത്രം കേട്ടാൽ മതിയോ. ലിംഗനീതിയെക്കുറിച്ചും തുല്യ അവകാശങ്ങളെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചുമൊക്കെ കുട്ടികളെ വേർതിരിവില്ലാതെ ഒരുമിച്ചിരുത്തിയാണ് ബോധവത്കരിക്കേണ്ടത്. അത് അമ്മമാരുടെ മാത്രം ജോലിയുമല്ല. അച്ഛനും അമ്മയ്ക്കും അധ്യാപകനും അധ്യാപികയ്ക്കുമൊക്കെ ഒരുപോലെ ഉത്തരവാദിത്വമുണ്ട്.

പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുടെ പ്രവർത്തനത്തിനുള്ള മാന്വലിന്റെ കരടാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സ്‌കൂളിന്റെ ദൈംദിന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമാധ്യാപകനുള്ള കൈപ്പുസ്തകമാണ് മാന്വൽ. എല്ലാ സ്‌കൂളുകളുടെയും ഭരണനിർവഹണം ഒരുപോലെയാകുന്നതിന് മാന്വൽ സഹായകമാകും. സ്‌പെഷ്യൽ സ്‌കൂളുകളും അധ്യാപക പരിശീലന കേന്ദ്രങ്ങളും മാന്വലിന് കീഴിൽ വരുന്നു. സ്‌കൂളുകളുടെയൊക്കെ പാറ്റേൺ എങ്ങനെയായിരിക്കണമെന്നും പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നും വ്യക്തമായി മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളും, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളും ഈ മാന്വൽ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്.

വിദ്യാർഥികളുടെ സ്‌കൂൾ പ്രവേശനം, ക്ലാസ് കയറ്റം, ഹാജർ എന്നിവയെക്കുറിച്ചൊക്കെ നിർദേശമുണ്ട്. ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിൽ യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ലെന്നാണ് മാന്വൽ പറയുന്നത്. 9, 10 ക്ലാസുകളിൽ അഡ്മിഷൻ ഫീസും സ്‌പെഷ്യൽ ഫീസും ഈടാക്കാം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള ഫീസ് നിരക്ക് അതതു വർഷത്തെ പ്രോസ്‌പെക്റ്റസിൽ വ്യക്തമാക്കണം.
ക്ലാസിൽ എത്ര കുട്ടികളാകാമെന്നതും മാന്വലിൽ പറയുന്നുണ്ട്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ ഒരു ഡിവിഷനിൽ 30 കുട്ടികളും ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ ഒരു ഡിവിഷനിൽ 35 കുട്ടികളുമായിരിക്കണം. 9, 10 ക്ലാസുകളിൽ ആദ്യ ഡിവിഷനിൽ പരമാവധി 50 കുട്ടികളാകാം. അധികം വരുന്ന 45 കുട്ടികൾക്ക് ഓരോ ഡിവിഷൻ വീതം എന്ന രീതിയിൽ പ്രവേശനം നൽകാവുന്നതാണ്. വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ 9, 10 ക്ലാസുകളിൽ 50-ലധികം കുട്ടികൾക്ക് ഒരു ഡിവിഷനിൽ പ്രവേശനം അനുവദനീയമാണ്.

വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് മാന്വലിൽ പറയുന്നുണ്ട്. 15 % നും 25% നും ഇടയിലുള്ള ഹാജർ കുറവ് പ്രഥമാധ്യാപകന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണ്. 25% നും 40 % നും ഇടയിലുള്ള ഹാജർ കുറവ് വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയുടെ അടിസ്ഥാനത്തൽ സാധൂകരിക്കാം. 40% ൽ കൂടുതലുള്ള ഹാജർ കുറവ് ഒരുതരത്തിലും സാധൂകരിക്കാവുന്നതല്ല. എന്നാൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുന്നതിലോ പരീക്ഷയ്ക്ക് ഇരുത്തുന്ന കാര്യത്തിലോ ഹാജർകുറവ് തടസ്സമല്ല. അതായത് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രമോഷൻ നൽകാൻ ഒന്നും തടസ്സമല്ല. ഒമ്പതാം ക്ലാസിലെ വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ മാത്രമെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കൂ. ഒമ്പതാം ക്ലാസിലെ പ്രമോഷൻ ലഭിക്കാത്ത കുട്ടികൾക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നൽകേണ്ടതുണ്ട്. അതിനായി സ്‌കൂൾതലത്തിൽ പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കണം.

പരീക്ഷകളും വിലയിരുത്തലുകളും എങ്ങനെയായിരിക്കണമെന്നതും മാന്വലിൽ പറയുന്നുണ്ട്. കലോത്സവങ്ങളും കായികമേളകളും ഉൾപ്പെടെയുള്ള പഠനാനുബന്ധ പ്രവർത്തനങ്ങളുടെ നടത്തിപ്പിനുള്ള നിർദേശങ്ങളുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകേണ്ട പ്രാധാന്യവും ശ്രദ്ധയും ഏത് തരത്തിലാകണമെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങൾ സംബന്ധിച്ചും സ്‌കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റിയുമുള്ള വിവരണങ്ങളും മാന്വലിലുണ്ട്.

Comments