ബ്ലെൻഡഡ് ലേണിംഗിന്റെ മറവിൽ വരാനിരിക്കുന്നത് ഷോപ്പിംഗ് മാൾ വിദ്യാഭ്യാസം

അനുകൂല സാഹചര്യത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് യു.ജി.സി. മിശ്രപഠനരീതിയുടെ കരട് നയരേഖ ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. ഈ നയരേഖയ്ക്ക് ഇപ്പോഴത്തെ കോവിഡ് മഹാമാരി കാലവുമായി യാതൊരു ബന്ധവുമില്ലെന്നും ഇതൊരു താൽകാലിക ബദൽ സംവിധാനം അല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ബ്ലെൻഡഡ് ലേണിംഗിന്റെ ആട്ടിൻ തോലിനകത്ത് കോർപ്പറേറ്റ് താല്പര്യങ്ങളുടെ ചെന്നായ ഒളിഞ്ഞല്ല തെളിഞ്ഞുതന്നെയാണ് ഇരിക്കുന്നതും.

ൺലൈൻ പഠനത്തെ സ്വീകരിക്കാൻ സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നിർബന്ധിതരാവുകയും അത് പരിചയിക്കുകയും ചെയ്ത അനുകൂല സാഹചര്യത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് യു.ജി.സി. മിശ്രപഠനരീതിയുടെ (Blended Learning) കരട് നയരേഖ ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. ഈ നയരേഖയ്ക്ക് ഇപ്പോഴത്തെ കോവിഡ് മഹാമാരി കാലവുമായി യാതൊരു ബന്ധവുമില്ലെന്നും ഇതൊരു താൽകാലിക ബദൽ സംവിധാനം അല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നയരേഖ കോവിഡ് മഹാമാരിയെ പരാമർശിക്കുകയോ അതുമായി ബന്ധിപ്പിക്കുകയോ ചെയ്യുന്നുമില്ല. ഇതിലെ ഒരു പ്രധാന നിർദ്ദേശമായ 40% ക്ലാസുകൾ ഓൺലൈനിൽ ആക്കുന്നതിന്റെ വരുംവരായ്കകൾ ധാരാളം ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ബ്ലെൻഡഡ് ലേണിംഗിന്റെ ആട്ടിൻ തോലിനകത്ത് കോർപ്പറേറ്റ് താല്പര്യങ്ങളുടെ ചെന്നായ ഒളിഞ്ഞല്ല തെളിഞ്ഞുതന്നെയാണ് ഇരിക്കുന്നതും.

തൊണ്ണൂറുകളിൽ തുടങ്ങി ഘട്ടംഘട്ടമായും ആസൂത്രിതമായും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസമേഖലയുടെ മുതലാളിത്തവത്കരണത്തിന്റെ തുടർപടവുകളിലെ ഒരു ഘട്ടം മാത്രമാണിത്. അതിലെ സുപ്രധാന ഘട്ടമായിരുന്നു ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം. ഇന്ന് ഇന്ത്യൻ സർവകലാശാലകളെല്ലാം നിർബന്ധമാക്കപ്പെട്ടതിനാൽ പിന്തുടരുന്ന ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണ് കോർപ്പറേറ്റുവത്കരണത്തിന്റെ സുപ്രധാനമായ പശ്ചാത്തല ഘടനാമാറ്റ പരിഷ്‌കരണം. അത് നല്കുന്ന സൗകര്യമാണ് മറ്റെല്ലാത്തിനെയും യാഥാർഥ്യമാക്കാനുള്ള അടിത്തറ ഒരുക്കിയിരിക്കുന്നത്.

അക്കാദമിക ക്രെഡിറ്റ് ബാങ്ക് എന്ന സങ്കല്പനം യാഥാർഥ്യമാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ ചരക്കു വില്പനയ്ക്കും ആഗോള വിപണിക്കും യു.ജി.സി. വഴി തുറന്നിട്ടിരിക്കുന്നത്

അധ്യാപനത്തിനു വേണ്ടി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവർത്തനങ്ങളെ മുഖാമുഖ ക്ലാസ് റൂം രീതികളുമായി സംയോജിപ്പിക്കുന്ന പഠനബോധന രീതിശാസ്ത്രത്തെ സാമാന്യമായി മിശ്ര പഠനരീതി എന്നു വിളിക്കാം. യു.ജി.സി.യുടെ കരടു നയരേഖയിലെ ഈ ഡയഗ്രം ബ്ലെൻഡഡ് ലേണിങ് എന്ന താത്വികമായി വിയോജിക്കാൻ കഴിയാത്ത വിദ്യാഭ്യാസ നവീകരണത്തെ മുന്നോട്ടുവെച്ച് അതുമായി ബന്ധമില്ലാത്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ എല്ലാ ശീലങ്ങളെയും തകർത്തു തരിപ്പണമാക്കുന്ന യു.ജി.സി. കരടുരേഖയിലെ തന്നെ പരിഷ്‌കാരങ്ങളുടെ രേഖാചിത്രമാണ്.

ഇതു നടപ്പിലാകുന്നതോടെ ഉന്നതവിദ്യാഭ്യാസത്തിന്റെ സ്ഥാപന സ്വഭാവം, വിഷയ സ്വഭാവം, സമയക്രമം, പ്രോഗ്രാം സ്വഭാവം, പഠന ബോധന സ്വഭാവം എന്നിവയെല്ലാം ഇല്ലാതാവും.

ക്രെഡിറ്റ് ബാങ്ക്

അക്കാദമിക ക്രെഡിറ്റ് ബാങ്ക് എന്ന സങ്കല്പനം യാഥാർഥ്യമാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ ചരക്കു വില്പനയ്ക്കും ആഗോള വിപണിക്കും യു.ജി.സി. വഴി തുറന്നിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് ലോകത്തെവിടെയുമുള്ള ഏത് സ്ഥാപനത്തിൽ നിന്നും ഏതു വിഷയവും ഏതധ്യാപകനിൽ നിന്നും ഏതുരീതിയിലും സ്വായത്തമാക്കാം. ക്രെഡിറ്റുകൾ ശേഖരിക്കാനുള്ള ഒരു ബാഗുമായി ആഗോള വിദ്യാഭ്യാസ വിപണിയിൽ പ്രവേശിച്ച് ഇഷ്ടമുള്ള സ്ഥാപനത്തിൽ ചെന്ന് ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ള അധ്യാപകനിൽനിന്ന് ഇഷ്ടമുള്ള സമയത്ത് പഠിച്ച് ഇഷ്ടമുള്ളപ്പോൾ പരീക്ഷയെഴുതി കിട്ടുന്ന ക്രെഡിറ്റ് സഞ്ചിയിലാക്കാം. ഇങ്ങനെ സ്വന്തം താൽപര്യവും കഴിവും ശേഷിയും അനുസരിച്ച് ഏതു സ്ഥലത്തും ചെന്ന് ഏത് സ്ഥാപനത്തിൽ നിന്നും ക്രെഡിറ്റ് വാങ്ങിക്കൂട്ടാം. ഇഷ്ടമുള്ളപ്പോൾ സഞ്ചിയിൽ ഉള്ള ക്രെഡിറ്റുകൾ കൂട്ടി നോക്കി അതിനനുസരിച്ച് ഡിപ്ലോമ /ഡിഗ്രി സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വീകരിക്കാം. ഷോപ്പിങ്മാൾ വിദ്യാഭ്യാസത്തിന്റെ ആകർഷക മാതൃകയാണ് ബ്ലൻഡഡ് ലേണിംഗിന്റെ ആട്ടിന്തോലിനകത്ത് തയ്യാറാക്കിവെച്ചിരിക്കുന്നത്.

പരിധിയില്ലാത്ത സ്വാതന്ത്ര്യം

ഒരു വിദ്യാഭ്യാസ സംവിധാനത്തിനകത്ത് വിദ്യാർഥിക്ക് എത്രത്തോളം സ്വാതന്ത്ര്യം ആകാം? പരിധിയില്ലാത്ത സ്വാതന്ത്ര്യം ഗുണത്തേക്കാൾ അധികം ദോഷകരമായല്ലേ ഭവിക്കുക. പഠിക്കുന്ന പ്രോഗ്രാം സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള വൈദഗ്ധ്യം ഉള്ളവരാണോ വിദ്യാർത്ഥികൾ. ഒരു സ്ഥാപനത്തിൽ നിന്ന് പ്രത്യേക വിഷയത്തിൽ നിശ്ചിതസമയത്തിനുള്ളിൽ ബിരുദം നേടുക എന്നത് ഈ കരടു നയരേഖയനുസരിച്ച് അപ്രസക്തമാണ്. സ്ഥാപനങ്ങൾക്ക് ഭൂമിശാസ്ത്രപരിധി ഇല്ലാതാവും. സ്ഥാപനത്തിനോ പഠനവകുപ്പിനോ സ്വന്തമായി വിദ്യാർഥിക‍ൾ ഉണ്ടാവില്ല. പരീക്ഷയ്‌ക്കോ പഠനത്തിനോ പ്രത്യേക സമയവും ഉണ്ടാകില്ല. ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് തയ്യാറാകുമ്പോൾ മാത്രമാണ് പരീക്ഷ നടക്കുക.

മൊത്തം ക്ലാസിന്റെ 40 ശതമാനത്തിൽ തുടങ്ങി 70 ശതമാനം വരെ ഓൺലൈൻ പഠനം വർധിപ്പിക്കാനാണ് യു.ജി.സി. ലക്ഷ്യമിടുന്നത്. കുട്ടികളെ ആകർഷിക്കാൻ അഥവാ കുട്ടികളാൽ ആകർഷിക്കപ്പെടാൻ സ്ഥാപനങ്ങൾ മത്സരിക്കേണ്ടി വരും. ഈ മത്സരത്തിൽ സ്വാഭാവികമായും പിന്നോട്ടു പോവുക സർക്കാർ സ്ഥാപനങ്ങൾ ആയിരിക്കും. ഭാഷാപഠനം നിർബന്ധിതമായതുകൊണ്ടു കൂടിയാണ് അവ പഠിക്കാൻ പല വിദ്യാർത്ഥികളും തയ്യാറാവുന്നത്. വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് കുട്ടിയുടെ ചോയ്‌സാകുമ്പോൾ ആദ്യം ഒഴിവാക്കപ്പെടുക ഭാഷാവിഷയങ്ങളും മാനവിക വിഷയങ്ങളുമായിരിക്കും. പല കോഴ്‌സുകളും MOOC (Massive Open Online Course) വഴി ആകുമ്പോൾ അധ്യാപകരുടെ എണ്ണം വർഷം തോറും കുറച്ചുകൊണ്ടുവരാം. വിദ്യാർത്ഥിയാൽ തിരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ മാത്രമേ ഒരു വിഷയത്തിനും സ്ഥാപനത്തിനും അധ്യാപകനും നിലനില്പ്പുണ്ടാവൂ. ചെറിയ ശതമാനം അധ്യാപകരെ മാത്രമേ സ്ഥിരമായി നിർത്തേണ്ടി വരികയുള്ളൂ.

ഡിജിറ്റൽ ഉള്ളടക്ക (E-Content) നിർമിതിക്കായി കരാരടിസ്ഥാനത്തിൽ അധ്യാപകരെ ഉപയോഗിച്ചാൽ മതി. ഒരിക്കൽ നിർമിച്ച ഉള്ളടക്കം ആവർത്തിച്ചുപയോഗിക്കാം എന്നതിനാൽ അധ്യാപകരെ ആവർത്തിച്ച് ഉപയോഗിക്കേണ്ടി വരില്ല. യഥാർത്ഥ ലോകവുമായി (Real World) ഇടപഴകാനുള്ള അവസരം മിശ്രപഠനരീതിയുടെ മേന്മയായി നയരേഖ എടുത്തു കാണിക്കുന്നുണ്ട്. വിർച്വൽ ലോകത്തെയാണ് യഥാർത്ഥ ലോകമെന്ന് നയരേഖ തെറ്റിദ്ധരിപ്പിക്കുന്നത്. തുടക്കത്തിൽ 40 ശതമാനവും പിന്നീട് 70 ശതമാനവും ക്ലാസുകൾ ഓൺലൈൻ ആവുന്നതോടെ ക്യാമ്പസ് അനുഭവങ്ങളിൽ 70 ശതമാനം കുറവുവരുന്നു എന്നിടത്താണ് യഥാർത്ഥ ലോകാനുഭവത്തിന്റെ ശരിയായ നഷ്ടം അനുഭവപ്പെടുക. ക്യാമ്പസ് എന്ന ഭൗതികയാഥാർഥ്യവും സ്ഥലവും തകർക്കപ്പെടുമെന്ന് നയരേഖയിൽ ചിത്ര സഹിതം വ്യക്തമാക്കിയിട്ടുണ്ട് (Notion of physical Campus and location broken). വിദ്യാഭ്യാസ ലക്ഷ്യങ്ങൾ വൈജ്ഞാനിക വൈകാരിക നൈപുണി മേഖലകളുടെ വികാസത്തോടൊപ്പം സാമൂഹിക നൈപുണികളുടെ സ്വാംശീകരണത്തെയും ലക്ഷ്യം വെയ്ക്കുന്നതാണ്.

മൊത്തം ക്ലാസിന്റെ 40 ശതമാനത്തിൽ തുടങ്ങി 70 ശതമാനം വരെ ഓൺലൈൻ പഠനം വർധിപ്പിക്കാനാണ് യു.ജി.സി. ലക്ഷ്യമിടുന്നത്

അധ്യാപകന്റെ റോൾ മിശ്ര പഠനരീതിയിൽ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് പരമാവധി 30 ശതമാനം ക്ലാസുകൾക്കേ പ്രത്യക്ഷത്തിൽ ആവശ്യമുള്ളൂ. പിന്നെ വേണമെങ്കിൽ ഓൺലൈനിൽ വിർച്വലായി പിന്തുടരാം. അധ്യാപകന്റെ റോൾ പ്രസംഗകനിൽനിന്നും പരിശീലകൻ, കോച്ച്, സഹായി, സെന്റർ, സംഘാടകൻ, ഫെസിലിറ്റേറ്റർ എന്നിങ്ങനെ നിർവചിക്കുകയും അധ്യാപകന്റെ പ്രാധാന്യവും ഉത്തരവാദിത്വവും വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. യോജിച്ച സാങ്കേതിക വിദ്യയോടൊപ്പം അനുയോജ്യമായ രീതിശാസ്ത്രം ഉപയോഗിക്കാനുള്ള നൈപുണിയും ധാരണയുമാണ് മിശ്ര പഠന സാഹചര്യത്തിലെ ഫലപ്രദമായ പഠനബോധന പ്രക്രിയ. അധ്യാപകന്റെ പങ്കിനെ IPSIT എന്ന അഞ്ചക്ഷരങ്ങളിലേക്ക് ചുരുക്കുകയും ചെയ്യുന്നുണ്ട് നയരേഖ.
• വിദ്യാർത്ഥി കേന്ദ്ര പ്രവർത്തനങ്ങളും വിഭവങ്ങളും തിരിച്ചറിയൽ
• LMS (Learning Management System)- ലൂടെ അവ ലഭ്യമാക്കൽ
• പഠിതാവിന് പിന്തുണയും കൈത്താങ്ങും (support & scaffolding) നൽകൽ
• പഠനവിടവുകൾ (Learning Gap) തിരിച്ചറിയലും ഫീഡ്ബാക്ക് നല്കലും
• പരിശോധന /വിലയിരുത്തൽ എന്നിവയാണവ.

അധ്യാപകർക്കും വിദ്യാർഥികൾക്കും ദേശീയവും അന്തർദേശീയവുമായ പരിശീലനങ്ങൾ ലഭ്യമാക്കണമെന്ന് പറയുന്നുണ്ട്. നിലവിൽ പരിശീലനത്തിനായി വിഭാവനം ചെയ്തിട്ടുള്ള HRDC (Human Resource Development Centre) കളും TLC (Teaching Learning Centre)കളും നല്കുന്നത് കോഴ്‌സുകൾ ആണ്. അവ കേവലം വിവരവിനിമയ സ്ഥാപനങ്ങൾ മാത്രമായി നിലകൊള്ളാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരിശീലന സ്ഥാപനങ്ങൾ ആയി അവയെ മാറ്റണമെങ്കിൽ അതിനെയെല്ലാം ഉടച്ച് വാർക്കേണ്ടതുണ്ട്. ഇന്റർനെറ്റ് സൗകര്യം പോലുമില്ലാത്ത ഗ്രാമങ്ങളാൽ സമ്പന്നമാണ് ഇന്ത്യാ രാജ്യത്തിന്റെ സമകാലിക ഭൗതിക സാഹചര്യം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലവും അതിന്റെ വ്യാപ്തിയും ഡിജിറ്റൽ ഡിവൈഡിംഗിലൂടെ പതിന്മടങ്ങ് വർധിക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിലൂടെ മാത്രം അതിജീവനം സാധ്യമാവുകയും സ്വപ്നം കാണുകയും ചെയ്യുന്ന പാർശ്വവല്കൃത സമൂഹത്തെ പരിപൂർണ്ണമായും അവഗണിക്കുന്നതാണ് ഈ നയരേഖ. ഇക്കാര്യം സുതാര്യമായിത്തന്നെ രേഖ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ 60 ശതമാനം കോളേജുകളും 40 ശതമാനം യൂണിവേഴ്‌സിറ്റികളും ഗ്രാമീണ മേഖലയിൽ ആണെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.

ഇ-പോർട്ട് ഫോളിയോ, സഹപഠിതാക്കൾ വഴിയുള്ള വിലയിരുത്തൽ, അധ്യാപകരുടെ വിലയിരുത്തലുകൾക്ക് റൂബ്രിക്കുകൾ (Rubric- സൂക്ഷ്മ വിലയിരുത്തൽ ഫോർമാറ്റ്) ഉപയോഗിക്കുക, ഗ്രൂപ്പ് പരീക്ഷകൾ, ഓപ്പൺ ബുക്ക് പരീക്ഷകൾ തുടങ്ങി ഗുണപരമായ പരിവർത്തനത്തിനു സഹായകമായ ധാരാളം നിർദേശങ്ങൾ കരടു രേഖയിൽ ഉണ്ട് എന്നതിൽ സംശയം ഇല്ല. പക്ഷേ അത് മുന്നോട്ടു വെക്കുന്ന ദർശനം വിദ്യാഭ്യാസ മുതലാളിത്ത കമ്പോളത്തിന്റേതാണ്.

Comments