മുണ്ടക്കൈ എൽ.പി സ്കൂൾ അധ്യാപിക അശ്വതി അനൂപ് വിദ്യാർത്ഥികളുടെ കൂടെ.

വീണ്ടും പറന്നുതുടങ്ങുന്ന
എന്റെ കുഞ്ഞിപ്പൂമ്പാറ്റകൾക്ക്…;
മുണ്ടക്കൈ എൽ.പി സ്കൂൾ അധ്യാപികയുടെ സ്‍നേഹക്കുറിപ്പ്

കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ ദുരന്തത്തിനുമുമ്പും ശേഷവുമുള്ള മുണ്ടക്കൈ എൽ.പി സ്കൂളിന്റെ അസാധാരണമായ ജീവിതത്തെയും അതിജീവിതത്തെയും കുറിച്ചാണ്, സ്കൂളിലെ അധ്യാപികയായ അശ്വതി അനൂപ് എഴുതുന്നത്. സർവതും തകർന്നിടത്തുനിന്ന് എങ്ങനെയാണ് ഒരു പ്രദേശവും അവിടുത്തെ മനുഷ്യരും ഒരു സ്കൂളിനെയും ഇപ്പോഴും ഞെട്ടൽ മാറാത്ത കുട്ടികളെയും വീണ്ടെടുത്തത് എന്നതിന്റെ അത്യപൂർവമായ ഓർമക്കുറിപ്പുകൂടിയാണിത്.

2012- ൽ പ്രിയപ്പെട്ട കൂട്ടുകാരി ജംഷീനയുടെ വിവാഹത്തിനാണ് ആദ്യമായി ഞാൻ മുണ്ടക്കൈയിൽ എത്തുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയില പച്ചപ്പ്, അങ്ങകലെയുള്ള മലനിരകളിൽ നിന്ന് ചെറു വെള്ളച്ചാട്ടങ്ങൾ വെള്ളിയരഞ്ഞാൺ ചാർത്തി പുഴയായി ഒഴുകുന്നു. ഇടയ്ക്കിടെ ചെറു കുന്നുകൾ, ചെറു കാടുകൾ, എങ്ങും ഓടിയോടിപ്പോകാൻ തോന്നും വിധം മാടിമാടി വിളിക്കുന്ന വശ്യഭംഗി. ആസ്വാദകരെ അമൂർത്തതയിലെത്തിക്കുന്നതാണ് മുണ്ടക്കൈയുടെ ഭംഗി. അതിർത്തിയായി നിലമ്പൂർ കാടുകളും.

10 വർഷങ്ങൾക്കിപ്പുറം 2022 ഫെബ്രുവരി 11നാണ് മുണ്ടക്കൈ ജി.എൽ.പി.എസിലേക്കുള്ള അപ്പോയിന്റ്‌മെന്റ് ഓർഡറും കയ്യിൽ പിടിച്ച് ഞാനിവിടേക്കു വരുന്നത്. ഞാൻ കണ്ടതിനേക്കാൾ എന്റെ അമ്മ എന്നിൽ കണ്ട സ്വപ്നസാക്ഷാത്കാരമായിരുന്നു അത്. വയനാട്ടിലെ ഒരു പ്രമുഖ വ്യാപാരി മരിച്ചതിനാലും കൊറോണയിൽ നിന്ന് സമൂഹം പൂർണ്ണമായും മുക്തമാകാതിരുന്നതിനാലും വഴിയെല്ലാം വിജനമായിരുന്നു.

ഇടയ്ക്കിടെ ചെറു കുന്നുകൾ, ചെറു കാടുകൾ, എങ്ങും ഓടിയോടിപ്പോകാൻ തോന്നും വിധം മാടിമാടി വിളിക്കുന്ന വശ്യഭംഗി. ആസ്വാദകരെ അമൂർത്തതയിലെത്തിക്കുന്നതാണ് മുണ്ടക്കൈയുടെ ഭംഗി.
ഇടയ്ക്കിടെ ചെറു കുന്നുകൾ, ചെറു കാടുകൾ, എങ്ങും ഓടിയോടിപ്പോകാൻ തോന്നും വിധം മാടിമാടി വിളിക്കുന്ന വശ്യഭംഗി. ആസ്വാദകരെ അമൂർത്തതയിലെത്തിക്കുന്നതാണ് മുണ്ടക്കൈയുടെ ഭംഗി.

സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക നദീറ വഴി കാണിച്ചുതരാൻ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഈ അധ്യായന വർഷത്തിലെ ശേഷിച്ച രണ്ടുമാസം വേഗം കടന്നുപോയി. വെക്കേഷനിൽ അഡ്മിഷൻ ഡ്യൂട്ടിയുണ്ടായിരുന്നു. എച്ച് എം ബിന്ദു ടീച്ചർ ഒഫീഷ്യലായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ അവധിക്കാലത്തും സ്‌കൂളിലേക്ക് വരാൻ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. അങ്ങനെയാണ് നദീർത്തയ്‌ക്കൊപ്പം അവധിക്കാലത്ത് മുണ്ടക്കൈയിലെ ആഴം അളന്നു തിട്ടപ്പെടുത്താത്ത സീതമ്മക്കുണ്ടിൽ പോയത്. ആനക്കുണ്ട്, ടീ നേക്കർ, ചമ്മല കുണ്ട് എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ മുണ്ടക്കൈ പുഴയിൽ മാത്രമായി കാഴ്ചക്കാരെ കാത്തുനിന്നിരുന്നു.

മുണ്ടക്കൈ ജി.എൽ.പി. സ്കൂൾ
മുണ്ടക്കൈ ജി.എൽ.പി. സ്കൂൾ

അവധിക്കാലത്ത്, മുണ്ടക്കൈ കുടുംബത്തിലേക്ക് പി ടി സി എം സ്ഥാനം അലങ്കരിച്ച് ബിന്ദുചേച്ചി കടന്നുവന്നു. പ്രീ പ്രൈമറിയിലെ ആയ സെറീനാത്തയുടെ വീട് സ്‌കൂളിനടുത്തായിരുന്നു. എപ്പോഴും സ്‌കൂളിന് കാവലാണ് സെറിനാത്ത. ദൂരക്കൂടുതൽ മൂലം, എച്ച് എം ബിന്ദു ടീച്ചറും, അശ്വതി, വിദ്യ എന്നീ ടീച്ചർമാരും ട്രാൻസ്ഫറായിപ്പോയി. പുതിയതായി വന്ന എച്ച് എം അബ്ബാസ് സാർ മുണ്ടക്കൈയിലേക്ക് ഏറെ ആഗ്രഹിച്ചുവന്ന ആളായിരുന്നു. അദ്ദേഹത്തിന് പരിചിതമല്ലാത്ത ചുറ്റുപാടിൽ എനിക്കറിയുന്ന വിധം ഓരോന്ന് പരിചയപ്പെടുത്തിയും പുതിയത് പഠിച്ചും, പ്യൂപ്പയിൽ നിന്നിറങ്ങിയ ശലഭം പോൽ ഞാൻ പാറിപ്പറന്നുതുടങ്ങി.

ചുരുങ്ങിയ കാലയളവിൽ തന്നെ ആ ചുറ്റുപാട് ജന്മനാടിനേക്കാളേറെ സുപരിചിതമായി. ആഗസ്റ്റിൽ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഫൗസിയ ടീച്ചറും, തൊട്ടടുത്ത മാസങ്ങളിലായി ശാലിനി, സിനിജ എന്നീ ടീച്ചർമാരും എത്തിയതോടെ ഞങ്ങളുടെ ടീം കളർ ആയി. മുൻപത്തെ ഏതോ ഒരു ടീം തുടങ്ങിവച്ചതിന്റെ ബാക്കിയെന്നോണം ഞങ്ങളുടെ ടീം വർക്കും രക്ഷിതാക്കളുടെ ആത്മസഹകരണവും വിദ്യാലയത്തിന്റെ യശസ്സ് വാനോളമുയർത്തി. ശാന്തമ്മയായിരുന്നു ഞങ്ങൾക്ക് സ്‌നേഹത്തോടെ അന്നമൂട്ടിയിരുന്നത്.

2024 ജനുവരി 27ന് മുണ്ടക്കൈ സ്‌കൂളിന്റെ 25-ാം വാർഷികം, 25 ഇന പരിപാടികളോടെ  ഗ്രാമോത്സവമാക്കി.  സിൽവർ ജൂബിലിയോടനുബന്ധിച്ചു നടന്ന വിളംബര ജാഥ. നാലു തലമുറയിൽ പെട്ട ഈ നാട്ടിലെ എല്ലാവരും പങ്കെടുത്ത അവസാനത്തെ സന്തോഷ മുഹൂർത്തങ്ങൾ ഒരുപക്ഷേ ഇതായിരിക്കാം.
2024 ജനുവരി 27ന് മുണ്ടക്കൈ സ്‌കൂളിന്റെ 25-ാം വാർഷികം, 25 ഇന പരിപാടികളോടെ ഗ്രാമോത്സവമാക്കി. സിൽവർ ജൂബിലിയോടനുബന്ധിച്ചു നടന്ന വിളംബര ജാഥ. നാലു തലമുറയിൽ പെട്ട ഈ നാട്ടിലെ എല്ലാവരും പങ്കെടുത്ത അവസാനത്തെ സന്തോഷ മുഹൂർത്തങ്ങൾ ഒരുപക്ഷേ ഇതായിരിക്കാം.

2024 ജനുവരി 27ന് ഞങ്ങളുടെ സ്‌കൂളിന്റെ 25-ാം വാർഷികം, 25 ഇന പരിപാടികളോടെ ഗ്രാമോത്സവമാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗ്രാമത്തിലെ 75 വയസ്സിനു മുകളിൽ പ്രായം വരുന്നവർക്കായുള്ള 'ഓർമ്മച്ചെപ്പ്' എന്ന പരിപാടിയായിരുന്നു. കുഞ്ഞുനാൾ മുതലുള്ള കൂട്ടുകാർക്കൊപ്പമിരുന്ന് മോണ കാട്ടി ചിരിച്ചും കറുപ്പ് വിട്ട മുടിയിഴകളെ തലോടിയും, ചിലപ്പോഴൊക്കെ കണ്ണുകൾ ഈറനണിഞ്ഞും പഴയ ഓർമ്മകൾ അവർപങ്കുവെച്ചു. ജീവിതത്തിൽ തുറന്നുകിട്ടിയ ഒരു വേദിയായി ആ സംഗമത്തെ അനുഭവിച്ചവർ, ഒത്തുചേരൽ ഒട്ടും പാഴാക്കാതെ ഡാൻസും പാട്ടും മിമിക്രികളുമായി കഴിവുകൾ കാഴ്ചവച്ചവർ… എന്തു രസമായിരുന്നെന്നോ നിഷ്‌കളങ്കതയും നന്മയും കൊണ്ട് ഹൃദയം നിറച്ച ആ ധന്യമുഹൂർത്തം. ഫീൽഡ് ഓഫീസർ ഷിനു സാർ ആണ് ഓർമ്മച്ചെപ്പിന് നേതൃത്വം നൽകിയത്.

ഇപ്പോഴും കുഞ്ഞുങ്ങൾക്ക് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് പേടിയാണ്. അപ്പോൾ ഞങ്ങൾ അവരെ ചേർത്തുപിടിക്കും. ‘ഞങ്ങളില്ലേ കൂടെ’ എന്നു പറഞ്ഞ് തോളിൽ തട്ടി ആശ്വസിപ്പിക്കും.

പള്ളികളുടെ വാർഷികവും അമ്പലത്തിലെ ഉത്സവവും നാട്ടിലെ കല്യാണങ്ങളും മാത്രമാണ് ഈ നാട്ടിലെ സാധാരണക്കാർ സമ്മേളിക്കുന്ന വേദികൾ. എല്ലാവരും തോട്ടം തൊഴിലാളികളായതിനാൽ, അവർപണി കഴിഞ്ഞുവരുന്ന സമയം പരിഗണിച്ച്, ഒരു വീടു പോലും വിട്ടുപോകാതെ എല്ലായിടത്തും ഞങ്ങൾ വാർഷികം ക്ഷണിക്കാനെത്തി. വിദ്യാലയത്തിന്റെ 25-ാം വാർഷികം മുണ്ടക്കൈയുടെ ഗ്രാമോത്സവമാക്കി മാറ്റാൻ ഞങ്ങളെടുത്ത തീരുമാനം, സമാനതകളില്ലാത്ത ദുരന്തപശ്ചാത്തലത്തിൽനിന്ന് ചിന്തിക്കുമ്പോൾ എത്ര സവിശേഷമായിരുന്നു എന്നു തോന്നുന്നു. കാരണം, മക്കളും കൊച്ചുമക്കളും പൂർവ്വ വിദ്യാർത്ഥികളും മുത്തച്ഛന്മാരുമായി, വൈകീട്ട് നാലുമണി മുതൽ പുലർച്ചെ ഒരു മണി വരെ നീണ്ടുനിന്ന വാർഷികത്തിൽ, നാലു തലമുറയിൽ പെട്ട ഈ നാട്ടിലെ എല്ലാവരും പങ്കെടുത്ത അവസാനത്തെ സന്തോഷ മുഹൂർത്തങ്ങൾ ഒരുപക്ഷേ ഇതായിരിക്കാം.

മുണ്ടക്കൈ സ്കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി ഗ്രാമത്തിലെ 75 വയസ്സിനു മുകളിൽ പ്രായം വരുന്നവരെ ആദരിച്ച 'ഓർമ്മച്ചെപ്പ്' എന്ന പരിപാടിയിൽനിന്ന്.
മുണ്ടക്കൈ സ്കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി ഗ്രാമത്തിലെ 75 വയസ്സിനു മുകളിൽ പ്രായം വരുന്നവരെ ആദരിച്ച 'ഓർമ്മച്ചെപ്പ്' എന്ന പരിപാടിയിൽനിന്ന്.

മുണ്ടക്കൈ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള അട്ടമല എന്ന സ്ഥലത്തായിരുന്നു ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം. ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാലയം അവിടെയായിരുന്നു. കള്ളാടി, പുത്തുമല, ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം ആ വിദ്യാഭ്യാസ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. മുണ്ടക്കൈയിലെ മദ്രസ പഠനത്തിനുശേഷം അട്ടമല സ്‌കൂളിലേക്ക് കുട്ടികൾ നടന്നുപോകണമായിരുന്നു. ഇത് 20 വർഷത്തിലേറെ നീണ്ടുനിന്നു. പിന്നീട് ഒരുപാട് നാളത്തെ ചർച്ചകൾക്കുശേഷം,1993-ൽ മുണ്ടക്കൈ മുസ്ലിം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ പഠനത്തിനുശേഷം ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിക്കാനും, ഓരോ രക്ഷിതാവിൽ നിന്നും അധ്യാപകരുടെ മാസ വേതനാർത്ഥം 50 രൂപ വീതം ഈടാക്കാനും തീരുമാനിച്ചു. അതിനിടയിൽ വിദ്യാലയത്തിന് പറ്റിയ ഒന്നര ഏക്കറിലേറെ സ്ഥലം HML എസ്റ്റേറ്റ് വിട്ടുനൽകിയതിനെതുടർന്ന് 1998-ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് മുണ്ടക്കൈയുടെ ഹൃദയഭാഗത്തായി ഗവ. എൽ. പി. സ്‌കൂൾ നിലവിൽ വന്നു.

DPEP കാലമായിരുന്നു അത്. കെട്ടിടം തീർത്തും പ്രകൃതിയോടിണങ്ങി നിർമ്മിച്ചതാണ്. നടുത്തളവും, ചുറ്റു വരാന്തയും ആവശ്യത്തിലധികം കാറ്റും വെളിച്ചവും നിറഞ്ഞ വിശാലമായ ക്ലാസ് മുറികളുമുള്ള സ്കൂൾ. 25ാം വാർഷികത്തിനുശേഷം ആ നാടുമായുള്ള ആത്മബന്ധം ഒന്നുകൂടി ഉറച്ചു. ചൂരൽമല വരെയുണ്ടായിരുന്ന ബസ് സർവീസ് ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് മുണ്ടക്കൈ ടൗൺ വരെയാക്കി. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരുമുണ്ടാകും. സ്കൂളിന്റെ യശസ് ഉയർത്താൻ ഒരുപാട് പ്ലാനുകൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.

മുണ്ടക്കൈ സ്‌കൂളിലെ ഓണാഘോഷം, സ്‌കൂൾ നടുമുറ്റത്ത് രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് പൂക്കളമിടുന്നു
മുണ്ടക്കൈ സ്‌കൂളിലെ ഓണാഘോഷം, സ്‌കൂൾ നടുമുറ്റത്ത് രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് പൂക്കളമിടുന്നു

എന്നെക്കൊണ്ടുമാത്രം നികത്താൻ പറ്റുന്ന ഒരു സാഹചര്യം എന്റെ കുടുംബത്തിൽ വന്നപ്പോൾ, രണ്ടര വർഷത്തെ അധ്യാപനത്തിൽ നിന്നു മാറി, കുറച്ചുകൂടി അടുത്തേക്ക് ട്രാൻസ്ഫർ കൊടുക്കാൻ നിർബന്ധിതയായി.
ജൂലൈ തുടക്കത്തിൽ എച്ച് എം അബ്ബാസ് സാറും, ശാലിനി, സിനിജ എന്നീ ടീച്ചർമാരും ട്രാൻസ്ഫറായി. പുതിയ എച്ച് എം ആയി മേഴ്സി തോമസ് വന്നു. എനിക്ക് ട്രാൻസ്ഫറായപ്പോഴേക്കും വീട്ടിലെ സാഹചര്യം മാറിയിരുന്നു. അതിനാൽ, എന്നെ മുണ്ടക്കൈ സ്‌കൂളിലേക്കുതന്നെ ആക്കിത്തരണമെന്ന അപേക്ഷ പരിഗണിക്കപ്പെട്ടില്ല. ഓൺലൈൻ വഴി സമർപ്പിച്ച ട്രാൻസ്ഫർ അപേക്ഷകൾ തിരുത്താനാകില്ല എന്നുപറഞ്ഞ് നിരസിക്കപ്പെട്ടു. അടുത്ത ട്രാൻസ്ഫർ ആവുന്നവരെ പുതിയ ഇടത്തിൽ എങ്ങനെയെങ്കിലും പൂർത്തിയാക്കി എന്റെ ആത്മവിദ്യാലയത്തിലേക്ക് അടുത്തവർഷം തിരികെ പോകണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

വൈകാതെ ഇവിടത്തെ കുഞ്ഞുങ്ങളും ഞാനും സെറ്റ് ആയി തുടങ്ങി. അപ്പോഴേക്കും മഴയാലുള്ള പ്രാദേശിക അവധികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. എപ്പോഴത്തെയും പോലെ ഇത്തവണയും മുണ്ടക്കൈയിൽ മഴ വൈകിയാണ് വന്നത്. വൈകി വന്ന മഴ ഒന്നൊന്നര പെയ്ത്ത് ആയിരിക്കും. മുണ്ടക്കൈയിലെ മഴയുടെ സ്വഭാവം അറിയുന്നത് കാരണം, മഴക്കാലത്ത് എവിടെ ഇരുന്നാലും ഒരു സമാധാനം കിട്ടില്ല. വേവലാതി പൂണ്ട് കുഞ്ഞുമക്കളെ വിളിക്കുമ്പോൾ, ‘ഞങ്ങൾ സേഫാണ്, ഒന്നുകൊണ്ടും പേടിക്കേണ്ട' എന്ന ആത്മവിശ്വാസം പകർന്നുള്ള മറുമൊഴി കേൾക്കാം, അപ്പോഴാണ് മനസ്സൊന്നു തണുക്കുക.

ഉരുളെടുത്ത മുണ്ടക്കൈ എൽ.പി സ്കൂൾ
ഉരുളെടുത്ത മുണ്ടക്കൈ എൽ.പി സ്കൂൾ

2024 ജൂലൈ 29-ന് എന്റെ മോന് പനി കൂടി ന്യൂമോണിയയായി കൽപ്പറ്റ ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ജനലിലൂടെ ആർത്തലച്ചു പെയ്യുന്ന മഴ കണ്ട് മുണ്ടക്കൈയെ ഓർത്ത് എന്തെന്നില്ലാത്ത വേവലാതി തോന്നി. മനസ്സിൽ ദുഷ്ചിന്തകൾ കാടുകയറിവരുന്നു. രാത്രി പതിനൊന്നരയോടെ പുഴവക്കത്തുള്ള എല്ലാ കുഞ്ഞുങ്ങളുടെ വീട്ടിലേക്കും വിളിച്ച് അവർ സേഫാണെന്ന് ഉറപ്പുവരുത്തി. ചില രക്ഷിതാക്കൾ, ‘പോയി കിടന്നുറങ്ങൂ’ എന്ന് എന്നെ ചീത്ത പറഞ്ഞു. ഒരു മണിയായപ്പോൾ പതിയെ ഉറക്കം വന്നു തുടങ്ങി.
രണ്ടരയായപ്പോൾ രക്ഷിതാവായ സെഫിയുടെ ഫോൺ; 'അച്ചൂ, മുണ്ടക്കൈ പൊട്ടി' എന്ന ആർത്തലച്ച ആ കോളിൽ ഞാൻ ചാടിയെഴുന്നേറ്റു. എന്ത് ചെയ്യണമെന്നറിയാതെ മരവിപ്പിൽ എത്ര നേരം നിന്നു എന്നറിയില്ല. കണ്ണിൽ ഇരുട്ട് കയറി വീഴാൻ പോയപ്പോൾ അടുത്ത ബെഡിൽ കിടക്കുന്ന ഒരു ഉമ്മ താങ്ങിയെടുത്ത് വെള്ളം തന്നത് ഓർമ്മയുണ്ട്. എന്റെ പൊന്നു മക്കളെയൊന്നും വിളിച്ചിട്ട് കിട്ടുന്നില്ല. കുറേപേരുടെ ഫോണ് സ്വിച്ച് ഓഫ് എന്ന് പറയുന്നുണ്ട്.

ഞങ്ങളുടെ മക്കൾ ഇപ്പോൾ പ്രത്യക്ഷത്തിൽ ദുരന്തമുഖത്തിനെ മറികടന്നിരിക്കുന്നു. അവർ കയ്യിലുള്ളതിനെ ഉൾക്കൊണ്ട് കഴിയാൻ പഠിച്ചിരിക്കുന്നു.

അതിനിടയിൽ അറിയാത്ത ഏതോ ഒരാൾ എന്നെ വിളിച്ചു; മുണ്ടക്കൈയ്യേയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയി. മുണ്ടക്കൈ ഒറ്റപ്പെട്ട നിലയിലാണ്, പറ്റുന്നവരെ ഒന്ന് വിവരമറിയിക്കം, ഞങ്ങളെ രക്ഷിക്കണം എന്ന് അയാൾ പറഞ്ഞു. ആരെ വിളിക്കണം, എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം നിന്നു. ഫേസ്ബുക്കിൽ ഇതുവരെ ലൈവ് പോകാത്ത ഞാൻമൂന്നോ നാലോ ട്രയലിനു ശേഷം എങ്ങനെയൊക്കെ ഒരുവിധം അത് പൂർത്തിയാക്കി. ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ആരെങ്കിലും ഒന്ന് എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് മനസ്സറിഞ്ഞപോലെ സെറീനാത്ത വിളിക്കുന്നത്; ‘അച്ചു, ഞാൻ സേഫ് ആണ്’ എന്ന് അവർ പറഞ്ഞു.
അങ്ങനെയെങ്കിൽ മുണ്ടക്കൈയിലെ ബാക്കിയുള്ളവരും അവരുടെ കൂടെയുണ്ടാകും എന്നാശ്വസിച്ചു. റസ്‌ക്യൂ ടീമിനെയും എം എൽ എമാരെയും അങ്ങനെ എന്നെക്കൊണ്ട് പറ്റുന്നവരെയൊക്കെ വിളിച്ചു. ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് ചീറി പാഞ്ഞു പോകുന്നത് ഞാൻ ഹോസ്പിറ്റലിന്റെ ജനാലയിലൂടെ നിസ്സഹായയായി നോക്കി കണ്ടു. പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ മോന്റെ പനി വകവയ്ക്കാതെ അമ്മയെ ഹോസ്പിറ്റലിലാക്കി നേരെ അവിടേക്ക്.

യുദ്ധവിരുദ്ധ ദിനാചരണം, മുണ്ടക്കൈ സ്കൂൾ
യുദ്ധവിരുദ്ധ ദിനാചരണം, മുണ്ടക്കൈ സ്കൂൾ

മുണ്ടക്കൈയിലെ ഒരു റിസോർട്ടിൽ കുടുങ്ങിക്കിടന്ന തസ്ലിമും അഖിലയും ആരോടെങ്കിലും ഞങ്ങളെ ഒന്ന് രക്ഷിക്കാൻ പറയൂ എന്നു പറഞ്ഞ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അവിടെ സേഫ് ആയിരിക്കും എന്നു കരുതി മറ്റൊരിടത്തേക്ക് മാറിയവർ, ഒച്ച കേട്ട് ഓടിരക്ഷപ്പെട്ടവർ, കഴിഞ്ഞ തവണത്തെ പോലെ ഉരുൾപൊട്ടിയത് പുഴയിലൂടെ പോകുമെന്ന് കരുതി സമാധാനപ്പെട്ടു നിന്നവർ... അങ്ങനെയങ്ങനെ എല്ലാവരെയും ഒറ്റയടിക്ക് ഉരുൾ കൊണ്ടുപോയി. രാവിലെ 10 മണിയായപ്പോഴേക്കും കുറച്ചു പേരെയൊക്കെ വിളിച്ചു, കിട്ടി. എല്ലാവരും പൊട്ടിക്കരയുന്നത് കേൾക്കുക എന്നതല്ലാതെ ഒരു സമാധാന വാക്കുപോലും ഉണ്ടായിരുന്നില്ല, കയ്യിൽ.

മേപ്പാടി വരെ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. റെസ്‌ക്യൂ ടീമിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും കോളുകൾ വന്നുകൊണ്ടേയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എന്റെ പൊന്നു മക്കളെ തിരിച്ചറിയാൻ വേണ്ടി, കൂടപ്പിറപ്പുകളെപ്പോലെയുള്ള രക്ഷിതാക്കളെ തിരിച്ചറിയാൻ വേണ്ടി, പ്രിയപ്പെട്ട മാതാപിതാക്കളെ തിരിച്ചറിയാൻ…

ക്ലാസ് മുറിയിലെ കസേരയിൽ ഒന്നിരുന്നാൽ എന്റെ ഇരു കാലുകളിലും വന്നിരിക്കുകയും, തോളിൽ തൂങ്ങി കളിക്കുകയും ചെയ്യുന്ന എന്റെ പൊന്നുമക്കൾ. ഞാൻ ആദ്യം ഞാൻ ആദ്യം എന്നു പറഞ്ഞ് ഉമ്മ തന്ന് യാത്രയാക്കുന്ന സ്‌നേഹനിധികൾ. ടീച്ചറെ എന്തെങ്കിലും കഴിച്ചോ, മക്കളുടെ കയ്യിൽ കൊടുത്തു വിടണോ എന്ന് ചോദിച്ച് കാളൽ അകറ്റിയ രക്ഷിതാക്കൾ. അവരിൽ ചിലർ ചേതനയറ്റ് മുന്നിൽ കിടക്കുമ്പോൾ വല്ലാത്തൊരു മരവിപ്പ് ആയിരുന്നു.

അശ്വതി ടീച്ചർ മുണ്ടക്കൈ സ്കൂളിലെ കുട്ടികളോടൊപ്പം.
അശ്വതി ടീച്ചർ മുണ്ടക്കൈ സ്കൂളിലെ കുട്ടികളോടൊപ്പം.

മേപ്പാടി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്കൂൾ, എ പി ജെ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി പഞ്ചായത്ത് ഹോസ്പിറ്റൽ, എം എസ് എ ഓഡിറ്റോറിയം, വിംസ് ഹോസ്പിറ്റൽ- സഹിക്കാവുന്നതിലപ്പുറമായിരുന്നു ഇവിടങ്ങളിലെ കാഴ്ചകൾ. അതിരൂക്ഷ ദുർഗന്ധം വമിക്കുന്ന മൊബൈൽ മോർച്ചറികളിൽ സ്ഥിരം സന്ദർശനം.

ഉരുൾപൊട്ടിയപ്പോൾ എന്റെ കുഞ്ഞുങ്ങളൊന്നും അവിടെയുണ്ടാകരുതേ എന്നായിരുന്നു പ്രാർത്ഥന. എന്നാൽ, സംശയം വെച്ച് മോർച്ചറി ഡ്യൂട്ടിയുള്ളവർ വിളിക്കുമ്പോൾ, അവർ ഇനിയും അഴുകിക്കിടക്കുന്നത് കാണാൻ കെൽപ്പില്ലാതെ, അവരെ തിരിച്ചറിയാനാകണേ എന്നും എത്രയോ തവണ ആഗ്രഹിച്ചുപോയിരിക്കുന്നു. പ്രീ പ്രൈമറിയിലെ ലെസ്സിൻ, രണ്ടാം ക്ലാസിലെ സഹന, അമാന, മൂന്നാം ക്ലാസിലെ ഇഷ, നാലാം ക്ലാസിലെ സയ്യാൻ, സന, ഹസിൻ, ഇജാസ്, റിദ, റിൻഷ, ആഷിന എന്നിങ്ങനെ 11 പിഞ്ചോമനകളെ ഞങ്ങൾക്ക് നഷ്ടമായി. പ്രീ പ്രൈമറിക്കാരി സിത്തുവിനെ തനിച്ചാക്കി അവളുടെ ഉപ്പയും ഉമ്മയും താത്തയും പോയി. എല്ലാവരും നഷ്ടപ്പെട്ട ഞങ്ങളുടെ രക്ഷിതാക്കളിൽ രണ്ടുപേർ- റിൻഷയുടെ ഉപ്പ മൻസൂർക്കയും, ഇഷയുടെ ഉപ്പ നൗഫൽക്കയും സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ മാത്രം രക്ഷപ്പെട്ടു.

മുണ്ടക്കൈയിൽ നിന്നും സൂചിപ്പാറയിൽ നിന്നും കിട്ടിയതിനേക്കാൾ കൂടുതൽ മൃതദേഹങ്ങൾ നിലമ്പൂരിലെ പോത്തുംകല്ലിൽ നിന്നാണ് കിട്ടിയത്. ഓരോ മൃതദേഹവും കാണുമ്പോഴാണ് ഉരുൾപൊട്ടലിന്റെ ഭീകരത മനസ്സിലായത്. അത് വിവരിക്കുക അസഹനീയമാണ്.

മുണ്ടക്കൈ ഒരു സ്വർഗമായിരുന്നു. ഒന്നും മറ്റൊന്നിനു പകരമാകുന്നില്ല. എങ്കിലും കഠിനാധ്വാനം ചെയ്താൽ വീണ്ടും അവിടെയെത്താനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ ദിനങ്ങളിൽ, രാത്രി 10 മണിക്കുമുൻപ് ഞാൻ വീട്ടിലേക്ക് വന്നുകയറിയ ദിവസങ്ങൾ വളരെ കുറവായിരുന്നു. എന്റെ അസാന്നിധ്യം എന്റെ കുഞ്ഞുമക്കളെ തെല്ലുമറിയിക്കാതെ അമ്മയും അനു ഏട്ടയും ഭംഗിയായി കൈകാര്യം ചെയ്തു. ഞാൻ വീണു പോകാതിരിക്കാൻ അമ്മയും കൂടപ്പിറപ്പുകളും വിളിച്ചുകൊണ്ടിരുന്നു.

മേപ്പാടി എൽ പി സ്‌കൂളിൽ എനിക്ക് ക്യാമ്പ് ഡ്യൂട്ടി ഇട്ടപ്പോൾ പറ്റുന്ന അത്ര നൈറ്റ് ഡ്യൂട്ടി ഞാൻ എച്ച്. എം. ടെൻസി ടീച്ചറോട് ചോദിച്ചുവാങ്ങി. ഉറക്കമില്ലാത്ത എന്റെ അവസ്ഥയിൽ എനിക്കു വേണ്ടി ഉറക്കം കളയുന്ന വീട്ടുകാരെ ഒഴിവാക്കാൻ കൂടിയായിരുന്നു ഇത്. 35 ദിവസത്തോളം മേപ്പാടി സ്‌കൂളിൽ ക്യാമ്പ് തുടർന്നു.

മുണ്ടക്കൈ സ്‌കൂൾ മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ പുനരാരംഭിക്കുവാൻ അതിവേഗം തയ്യാറെടുപ്പ് നടന്നു. ഒരുപാട് സംഘടനകളുടെ സഹായ സഹകരണങ്ങൾ ഇരു സ്‌കൂളുകൾക്കും ലഭ്യമായിരുന്നു. അതിനാലാണ് ഉരുൾപൊട്ടി മൂന്നാം മാസം സ്കൂളുകൾ പുനരാരംഭിക്കുവാൻ സാധിച്ചത്. 2024 സെപ്റ്റംബർ രണ്ടിന് അതിഗംഭീരമായി ഇരു വിദ്യാലയങ്ങളുടെയും പുനഃപ്രവേശനോത്സവം നടത്തി. എന്നെയും ശാലിനി ടീച്ചറെയും മുണ്ടക്കൈ സ്‌കൂളിലേക്ക് തിരിച്ച് ട്രാൻസ്ഫറാക്കിത്തരണമെന്ന രക്ഷിതാക്കളുടെ അപേക്ഷ അംഗീകരിച്ച്, ആ സദസ്സിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനവും നടത്തി. ഇതിനു മുമ്പായി ഷിബിന ടീച്ചർ കൂടി ഞങ്ങളുടെ കുടുംബത്തിലേക്ക് ജോയിൻ ചെയ്തു.

ഉരുൾപൊട്ടലിൽ ചെളി നിറഞ്ഞ മുണ്ടക്കൈ സ്‌കൂൾ
ഉരുൾപൊട്ടലിൽ ചെളി നിറഞ്ഞ മുണ്ടക്കൈ സ്‌കൂൾ

ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷിതാക്കളുടെ മിടുക്ക് ഒന്നു കൊണ്ടുമാത്രം തിരുത്തപ്പെട്ട ട്രാൻസ്ഫർ ഒരു ചരിത്രം കൂടിയാണ്. തിരിച്ചു പോകുന്നതിനെ കുറിച്ച് അഭിപ്രായങ്ങൾ പലതായിരുന്നു. എനിക്ക് തിരിച്ച് പോകാതിരിക്കാനാകുമായിരുന്നില്ല. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട, നടുക്കം ഇപ്പോഴും വിട്ടുമാറാത്ത എന്റെ കുഞ്ഞുമക്കളെ ഒരു വാക്കിനാലെങ്കിലും ആശ്വസിപ്പിക്കാനാകുമെങ്കിൽ, എന്റെ പ്രിയ രക്ഷിതാക്കളെ ചേർത്തുപിടിക്കാനാകുമെങ്കിൽ, എന്റെ പ്രിയപ്പെട്ട വിദ്യാലയത്തെ പഴയ യശ്ശസ്സിലേക്കുയർത്താൻ എന്നെക്കൊണ്ടാവുന്നത് ചെയ്യാനാകുമെങ്കിൽ… ഈയൊരു പ്രതീക്ഷയിലാണ് ഞാൻ തിരിച്ചുവന്നത്. മുണ്ടക്കൈ ഒരു സ്വർഗമായിരുന്നു. ഒന്നും മറ്റൊന്നിനു പകരമാകുന്നില്ല. എങ്കിലും കഠിനാധ്വാനം ചെയ്താൽ വീണ്ടും അവിടെയെത്താനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മേപ്പാടി ഗ്രാമ പഞ്ചായത്ത് എ.പി.ജെ കമ്മ്യൂണിറ്റി ഹാളിന്റെ അകത്തളങ്ങൾ അഞ്ച് ക്ലാസ് മുറികളായി തിരിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് സ്ഥലപരിമിതിയും, ശബ്ദവും കാരണം ഭയങ്കര അസ്വസ്ഥതയായിരുന്നു. അവർ പഠിച്ചിരുന്ന ക്ലാസുകൾ വിശാലമായിരുന്നു. ഒരുപാട് നാളത്തെ ക്ലാസുകൾ നഷ്ടമായതിനാൽ മക്കൾ ക്ലാസ് മുറിയിലേക്ക് വന്നപ്പോൾ, അവരെ ഒന്ന് അടക്കിയിരുത്തി പഠനത്തിലേക്ക് കൊണ്ടുവരാൻ അധ്യാപകർക്ക് ആദ്യം കുറച്ച് പ്രയാസമുണ്ടായിരുന്നു. നാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠനത്തിൽ വരുമ്പോൾ നിറകണ്ണുകളോടെ അവർ തങ്ങൾക്ക് നഷ്ടപ്പെട്ട നാടിനെയും കൂട്ടുകാരെയും അന്നും ഇന്നും ഓർക്കാറുണ്ട്, ആ ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്.

ദുരന്തത്തെക്കുറിച്ച് മക്കൾ ഓർത്തുപറയുമ്പോൾ, സങ്കടത്തിനോളം വലിയ അളവിൽ ദേഷ്യവും, വാശിയും മക്കളിൽ പ്രകടമായിരുന്നു. ആ സമയത്ത് എന്താണോ അവർക്ക് സന്തോഷം നൽകാൻ സാധിക്കുന്നത്, ആ ഒരു സാഹചര്യത്തിലേക്ക് അവരുടെ കുഞ്ഞു മനസ്സിനെ മാറ്റുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ദുരന്തപശ്ചാത്തലത്തിൽ വിവിധ ഇടങ്ങളിലായി 35 ദിവസത്തോളം നീണ്ടുനിന്ന ക്യാമ്പുകളിൽ ഞങ്ങൾ അധ്യാപകർ, പറ്റുന്ന ദിവസങ്ങളിലെല്ലാം കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും കാണാൻ പോകാറുണ്ടായിരുന്നു. ആ സമയങ്ങളിൽ മക്കൾ ഞങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമായിരുന്നു. ഇത്രയും ആൾക്കൂട്ടം, തിരക്ക്, ആംബുലൻസുകളുടെ ചീറിപ്പായുന്ന ശബ്ദങ്ങൾ എല്ലാം മക്കളെ അസ്വസ്ഥരാക്കി. ക്യാമ്പിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരെപ്പോലെ, ഞങ്ങളുടെയും ചങ്ക് പിടയും. നാളെ കാണാലോ എന്ന ശുഭാപ്തി വിശ്വാസത്തിൽ, ആ വിങ്ങലിനെ അടക്കും. ക്യാമ്പിൽ അവരെ എൻഗേജ് ചെയിക്കാൻഒരുപാട് സംഘങ്ങൾ ഉണ്ടായിരുന്നു. ദുരന്തത്തെക്കുറിച്ച് മക്കൾ ഓർത്തുപറയുമ്പോൾ, സങ്കടത്തിനോളം വലിയ അളവിൽ ദേഷ്യവും, വാശിയും മക്കളിൽ പ്രകടമായിരുന്നു. ആ സമയത്ത് എന്താണോ അവർക്ക് സന്തോഷം നൽകാൻ സാധിക്കുന്നത്, ആ ഒരു സാഹചര്യത്തിലേക്ക് അവരുടെ കുഞ്ഞു മനസ്സിനെ മാറ്റുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

കുട്ടികളുടെ സന്തോഷങ്ങൾക്ക് ഞങ്ങൾ നിറപ്പകിട്ടേകുമ്പോൾ അതിനു മാറ്റുകൂട്ടാൻ ഒരുപാട് സുമനസ്സുകൾ ഒപ്പമുണ്ട്, ഞങ്ങളുടെ സ്‌നേഹം ഇവിടെ അറിയിക്കുന്നു.
കുട്ടികളുടെ സന്തോഷങ്ങൾക്ക് ഞങ്ങൾ നിറപ്പകിട്ടേകുമ്പോൾ അതിനു മാറ്റുകൂട്ടാൻ ഒരുപാട് സുമനസ്സുകൾ ഒപ്പമുണ്ട്, ഞങ്ങളുടെ സ്‌നേഹം ഇവിടെ അറിയിക്കുന്നു.

ഇപ്പോഴും കുഞ്ഞുങ്ങൾക്ക് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് പേടിയാണ്. അപ്പോൾ ഞങ്ങൾ അവരെ ചേർത്തുപിടിക്കും. ‘ഞങ്ങളില്ലേ കൂടെ’ എന്നു പറഞ്ഞ് തോളിൽ തട്ടി ആശ്വസിപ്പിക്കും. മുണ്ടക്കൈ എന്ന ഉൾഗ്രാമത്തിൽ നിന്ന് മാറി നഗരവുമായി അടുത്തുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾമക്കൾ താമസിക്കുന്നത്. അതിന്റെ മാറ്റം രക്ഷിതാക്കളിലും മക്കളിലും പ്രകടമാണ്. ഞങ്ങളുടെ മക്കൾ ഇപ്പോൾ പ്രത്യക്ഷത്തിൽ ദുരന്തമുഖത്തിനെ മറികടന്നിരിക്കുന്നു. അവർ കയ്യിലുള്ളതിനെ ഉൾക്കൊണ്ട് കഴിയാൻ പഠിച്ചിരിക്കുന്നു. അവരുടെ സന്തോഷങ്ങൾക്ക് ഞങ്ങൾ നിറപ്പകിട്ടേകുമ്പോൾ അതിനു മാറ്റുകൂട്ടാൻ ഒരുപാട് സുമനസ്സുകൾ ഒപ്പമുണ്ട്, അവരോടുള്ള ഞങ്ങളുടെ സ്‌നേഹം ഇവിടെ അറിയിക്കുന്നു.

26ാം വർഷത്തിലെത്തിനിൽക്കുന്ന മുണ്ടക്കൈ സ്‌കൂളിനെ ഇന്നത്തെ നിലയിലെത്തിക്കാൻ ഉയർത്തിയ കരങ്ങളിൽ പലതും ഇന്നില്ല. മുണ്ടക്കൈ എവിടെയാണോ പുനഃസ്ഥാപിക്കുന്നത് അവിടം ഞങ്ങളുടെ വിദ്യാലയം വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ജി.എൽ.പി.എസ് മുണ്ടക്കൈ എന്നത് ഒരു യൂണിറ്റായി മാത്രം നിലനിർത്താൻ ഞങ്ങളെക്കൊണ്ട് എന്തുചെയ്യാൻ പറ്റുമോ, അതിനായി രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒറ്റക്കെട്ടായി നിൽക്കാൻ തയ്യാറാണ്. 'ഞങ്ങളുടെ സ്വന്തം സ്‌കൂൾ' എന്നുപറഞ്ഞ് എന്റെ കുഞ്ഞി പൂമ്പാറ്റകൾക്ക് ആത്മവിശ്വാസത്തോടെ കയറി ചെല്ലുവാൻ ഒരിടം വേണം. മുണ്ടക്കൈ പോലെ ഒരു സ്വർഗ്ഗം.

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനങ്ങളും വീഡിയോ സ്‌റ്റോറികളും വായിക്കാം, കാണാം

Comments