നന്ദിത നന്ദകുമാർ

രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ
വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന
ഒരു അധ്യയന വർഷത്തെക്കുറിച്ച്…

10 വർഷത്തെ വിദ്യാഭ്യാസത്തിനുശേഷം രക്ഷിതാക്കളുടെ അകമ്പടിയോടെ പോലീസ് സംരക്ഷണയിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് പുറത്തേക്കിറങ്ങേണ്ടിവരുന്നതിൻ്റെ പാകപ്പിഴകൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ കൃത്യവും ശാസ്ത്രീയവുമായ പഠനത്തിന്റെ പിൻബലത്തിൽ കൊണ്ടുവരേണ്ടതുമുണ്ട്- നന്ദിത നന്ദകുമാർ എഴുതുന്നു.


ക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത.

അമേരിക്കൻ എഴുത്തുകാരനും അധ്യാപകനും ആയിരുന്ന നീൽ പോസ്റ്റ്മാൻ (Neil Postman) The End of Education, Redefining the value of School എന്ന പുസ്തകത്തിൽ വിദ്യാഭ്യാസത്തെ സ്കൂൾ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസം വൈകി ആരംഭിച്ച് നേരത്തെ അവസാനിക്കുന്ന ഒന്നാണ്. അവധിക്കാലങ്ങളിൽ അത് താൽക്കാലികമായി നിർത്തുന്നു. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും സ്കൂളിൽ നടക്കുന്നില്ല എന്നത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിമിതിയായി അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഒരു നിശ്ചിത കാലയളവിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം എന്ന് പറഞ്ഞു വയ്ക്കുന്നതിലൂടെ അതിന്റെ അർത്ഥവ്യാപ്തി ഏറുകയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും തുടർച്ചയും മനസ്സിലാക്കുന്നതിലേക്ക് തലമുറകളെ വളർത്തുന്നത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്.

നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും സ്കൂളിൽ നടക്കുന്നില്ല എന്നത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിമിതിയായി നീൽ പോസ്റ്റ്മാൻ നിരീക്ഷിക്കുന്നുണ്ട്.
നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും സ്കൂളിൽ നടക്കുന്നില്ല എന്നത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിമിതിയായി നീൽ പോസ്റ്റ്മാൻ നിരീക്ഷിക്കുന്നുണ്ട്.

കേരള ചരിത്രം പരിശോധിച്ചാൽ ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഉപാധിയായി വിദ്യാഭ്യാസം നേടുവാൻ ഒരു സമൂഹം തീരുമാനിക്കുകയും അത് വിപ്ലവമായിത്തീരുകയും ചെയ്തു. പിന്നീട് വിദ്യാഭ്യാസരംഗത്ത് വലിയ തോതിലുള്ള വളർച്ചയും മാറ്റങ്ങളും ഉണ്ടായി. എന്നാൽ സേവന മേഖലയുടെ ഭാഗമായ വിദ്യാഭ്യാസം ഇന്ന് വലിയൊരു വ്യവസായമാണ്. ആരോഗ്യ മേഖലയ്ക്ക് സംഭവിച്ചതുപോലെ വിദ്യാഭ്യാസവും കച്ചവടച്ചരക്കായി മാറിയിരിക്കുന്നു. വിദ്യാഭ്യാസവുമായി ഭൗതികമായും വൈകാരികമായും അടുത്തു നിൽക്കുന്നവരെ വളരെ സമർത്ഥമായി മുതലെടുത്തുകൊണ്ടാണ് ഈ ലാഭം കൊയ്യൽ നടക്കുന്നത്. മത്സരാധിഷ്ഠിത കാലഘട്ടത്തിൽ രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന ആശങ്കകൾ, വിദ്യാർത്ഥികളുടെ ആവേശം, അധ്യാപകരുടെ നിസ്സംഗത- എല്ലാം കൂട്ടിയും കിഴിച്ചും മനസ്സിലാക്കി, ഒക്കെ ശരിയാക്കിത്തരാം എന്ന ആത്മവിശ്വാസം ടാഗ് ലൈൻ ആക്കി, അവർ തങ്ങളുടെ ഉപഭോക്താക്കളെ "സുരക്ഷിത" വലയത്തിലാക്കുന്നു. ‘നിങ്ങളെ ഞാൻ ആവാഹിക്കാൻ പോവുകയാണ്’ എന്ന് ഒരു എജുക്കേറ്ററിന്റെ കുട്ടികളോടുള്ള ആഹ്വാനം കേട്ടപ്പോൾ ഹാമലിനിലെ പൈഡ് പൈപ്പറിനെയാണ് (Pied Piper of Hamelin) ഓർമ വന്നത്.

യഥാർത്ഥ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് പരിമിതികളുണ്ട്. എന്നിരുന്നാലും സമൂഹത്തിൽ ജീവിക്കുന്നതിന് ഒരാളെ പ്രാപ്തനാക്കാൻ വിദ്യാലയങ്ങൾക്ക് സാധിക്കും.

വിദ്യാഭ്യാസം ബിസിനസ് ആക്കുന്നവരെ സംബന്ധിച്ച് കുട്ടികളും പഠിക്കാനുള്ള കാര്യങ്ങളും അവരുടെ അസംസ്കൃത വസ്തുക്കൾ മാത്രമാണ്. സ്വകാര്യവൽക്കരണവും സാമ്പത്തിക ഉത്പാദനക്ഷമത മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള വിദ്യാഭ്യാസവും ഭാവിയിൽ പൊതു വിദ്യാഭ്യാസത്തിന്റെ അവസാനത്തിലേക്ക് നയിച്ചേക്കാം എന്നും അതിനെ വിദ്യാഭ്യാസത്തിന്റെ തന്നെ അവസാനമായി കണക്കാക്കാം എന്നും നീൽ പോസ്റ്റ്മാൻ പറയുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ സാമൂഹികധർമ്മം നടപ്പിലാവണമെങ്കിൽ അതിനെ വ്യവസായവൽക്കരണത്തിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. അതിനായി പരീക്ഷകളുടെ പ്രാധാന്യം കുറയുകയും കലയും സാഹിത്യവും രാഷ്ട്രീയവും അക്കാദമിക്സിന്റെ തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട്.

‘നിങ്ങളെ ഞാൻ ആവാഹിക്കാൻ പോവുകയാണ്’ എന്ന് ഒരു എജുക്കേറ്ററിന്റെ കുട്ടികളോടുള്ള ആഹ്വാനം കേട്ടപ്പോൾ ഹാമലിനിലെ പൈഡ് പൈപ്പറിനെയാണ് (Pied Piper of Hamelin) ഓർമ വന്നത്.
‘നിങ്ങളെ ഞാൻ ആവാഹിക്കാൻ പോവുകയാണ്’ എന്ന് ഒരു എജുക്കേറ്ററിന്റെ കുട്ടികളോടുള്ള ആഹ്വാനം കേട്ടപ്പോൾ ഹാമലിനിലെ പൈഡ് പൈപ്പറിനെയാണ് (Pied Piper of Hamelin) ഓർമ വന്നത്.

നമ്മുടെ വിദ്യാഭ്യാസം പരിഷ്കരണങ്ങൾക്ക് വിധേയമാകുന്നുണ്ട്. അതിന്റെ ഭാഗമായി പുതിയ ചിന്തകളും പദ്ധതികളും ഉണ്ടാകുന്നുണ്ട്. മാറുന്ന കാലത്തിനും സംഭവവികാസങ്ങൾക്കും അനുസരിച്ച് അത് നവീകരിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിൽ മിനിമം മാർക്ക് ഇല്ലാത്തവരെ പുനഃപരീക്ഷ എഴുതിപ്പിക്കുന്നതും, സുംബ ഡാൻസ് പരിശീലനവും രണ്ടാഴ്ചത്തെ സന്മാർഗ പഠനവും അതിന്റെ ഭാഗമായി വിലയിരുത്താം. പുതിയ അക്കാദമിക വർഷം മുതൽ നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന ഈ പദ്ധതികൾ സദുദ്ദേശ്യപരമാണെങ്കിലും നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തൊലിപ്പുറമേയുള്ള ഏച്ചുകുട്ടലുകളായിട്ടാണ് അനുഭവപ്പെടുന്നത്. ഈ വേർതിരിവ് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സമായി നിൽക്കും. മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുമായി ജൈവികമായി ഇഴുകിച്ചേരേണ്ടത് അത്യാവശ്യമാണ്. അതിന് നിലവിലെ വ്യവസ്ഥകൾ പുനർ നിർമ്മിക്കേണ്ടതുണ്ട്. അഴിച്ചു പണിതു തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്.

നമ്മുടെ കുട്ടികൾക്ക് കായിക വിദ്യാഭ്യാസം എത്രത്തോളം ലഭിക്കുന്നുണ്ട്, കളിസ്ഥലം എത്രത്തോളം ഉപയോഗപ്പെടുന്നുണ്ട് എന്നുള്ള പഠനങ്ങൾ കൂടി നടക്കേണ്ടതുണ്ട്.

വാർഷിക പരീക്ഷക്കുശേഷം ചുരുങ്ങിയ ദിവസങ്ങളിലെ പരിശീലനത്തിലൂടെ പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികളെ ‘സജ്ജ’മാക്കുന്നതിനുപകരം ഒരു വർഷം നീളുന്ന പഠന പ്രക്രിയയിൽ കുട്ടികളെ നിരന്തരം വിലയിരുത്തുകയും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. നിലവിലെ അവസ്ഥ നാടുനീളെ പുനഃപരീക്ഷയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലേക്കാണ് വഴി തുറക്കുന്നത്. വ്യക്തിഗത പരീക്ഷകളേക്കാൾ പ്രാധാന്യത്തോടെ ഗ്രൂപ്പ് പരീക്ഷകൾ നടത്തുന്നതിനുള്ള സാധ്യതകളും, എഴുത്തുപരീക്ഷകളിൽ നിന്ന് മാറി പ്രവൃത്ത്യാധിഷ്ഠിത വിലയിരുത്തലുകൾക്കുള്ള സാധ്യതകളും പരിശോധിക്കാവുന്നതാണ്.

സുംബാ ഡാൻസ് പരിചയപ്പെടുത്തുന്നതും പരിശീലിക്കുന്നതും നല്ല ആശയമാണെങ്കിലും നമ്മുടെ കുട്ടികൾക്ക് കായിക വിദ്യാഭ്യാസം എത്രത്തോളം ലഭിക്കുന്നുണ്ട്, കളിസ്ഥലം എത്രത്തോളം ഉപയോഗപ്പെടുന്നുണ്ട് എന്നുള്ള പഠനങ്ങൾ കൂടി നടക്കേണ്ടതുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള കായിക പരിശീലന സമയങ്ങൾ (PET) വർദ്ധിപ്പിക്കേണ്ടതും അവരെ വ്യത്യസ്ത കായിക ഇനങ്ങൾ പരിശീലിപ്പിക്കേണ്ടതുമുണ്ട്. ഇതിനായി കൂടുതൽ കായിക അധ്യാപകരുടെ സേവനവും ലഭ്യമാക്കാവുന്നതാണ്.

ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള കായിക പരിശീലന സമയങ്ങൾ വർദ്ധിപ്പിക്കേണ്ടതും അവരെ വ്യത്യസ്ത കായിക ഇനങ്ങൾ പരിശീലിപ്പിക്കേണ്ടതുമുണ്ട്. ഇതിനായി കൂടുതൽ കായിക അധ്യാപകരുടെ സേവനവും ലഭ്യമാക്കാവുന്നതാണ്.
ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള കായിക പരിശീലന സമയങ്ങൾ വർദ്ധിപ്പിക്കേണ്ടതും അവരെ വ്യത്യസ്ത കായിക ഇനങ്ങൾ പരിശീലിപ്പിക്കേണ്ടതുമുണ്ട്. ഇതിനായി കൂടുതൽ കായിക അധ്യാപകരുടെ സേവനവും ലഭ്യമാക്കാവുന്നതാണ്.

വിദ്യാഭ്യാസത്തിൽ സന്മാർഗ പഠനത്തിന്റെ സാധ്യതകളും പ്രയോഗവും നിരവധി പഠനങ്ങൾക്ക് വിധേയമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ ധാർമികത വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നല്ല. രണ്ടിനെയും വേർതിരിച്ച് കാണേണ്ടി വരുമ്പോൾ, അല്ലെങ്കിൽ വിദ്യാഭ്യാസത്തിലൂടെ ശരിയായ ധാർമികത ഉണ്ടാവാതെ വരുമ്പോഴാണ് പ്രത്യേക പരിശീലനം നൽകേണ്ടിവരുന്നത്. സാമൂഹിക ജീവിതത്തിന് തയ്യാറെടുക്കാനുള്ള ഏകമാർഗ്ഗം സാമൂഹിക ജീവിതത്തിൽ ഏർപ്പെടുക എന്നതാണെന്ന് John Dewey (Moral Priciples in Education) പറയുന്നുണ്ട്. യഥാർത്ഥ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് പരിമിതികളുണ്ട്. എന്നിരുന്നാലും സമൂഹത്തിൽ ജീവിക്കുന്നതിന് ഒരാളെ പ്രാപ്തനാക്കാൻ വിദ്യാലയങ്ങൾക്ക് സാധിക്കും.

പരമ്പരാഗതവും ഏകപക്ഷീയവുമായി സ്കൂൾ പ്രവർത്തന രീതികൾ തുടരുന്നതിനുവേണ്ടി ഉണ്ടാക്കപ്പെട്ട നിയമങ്ങളിൽ കഴിയുന്ന കുട്ടിക്ക് സ്കൂളിന്റെ ധാർമിക അച്ചടക്കം ഏകപക്ഷീയമാണെന്ന് തോന്നലുണ്ടാകുന്നു.

വിദ്യാലയങ്ങളിലെ ധാർമിക പരിശീലനം പാത്തോളജിക്കൽ ആണ് എന്ന് John Dewey വിലയിരുത്തുന്നു. പോസിറ്റീവ് സേവനത്തിന്റെ ശീലങ്ങൾ രൂപപ്പെടുത്തുന്നതിന് പകരം തെറ്റു തിരുത്തുന്നതിലുള്ള സമ്മർദ്ദം പാത്തോളജിക്കൽ ആവുന്നു. പരമ്പരാഗതവും ഏകപക്ഷീയവുമായി സ്കൂൾ പ്രവർത്തന രീതികൾ തുടരുന്നതിനുവേണ്ടി ഉണ്ടാക്കപ്പെട്ട നിയമങ്ങളിൽ കഴിയുന്ന കുട്ടിക്ക് സ്കൂളിന്റെ ധാർമിക അച്ചടക്കം ഏകപക്ഷീയമാണെന്ന് തോന്നൽ ഉണ്ടാകുന്നു. അത് ഭേദിക്കപ്പെടുമ്പോൾ ആരോഗ്യകരമായ വളർച്ചയെക്കാൾ പരാജയങ്ങൾ ശ്രദ്ധിക്കാൻ അധ്യാപകർ പ്രേരിതരാവുന്നു. കുട്ടിക്ക് താൻ എന്താണെന്നതിനെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം. അതുവഴി തന്റെ പ്രവൃത്തികളെ സ്വയം വിലയിരുത്താൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു പ്രശ്നമുണ്ടായാൽ ഉടനടി ശിക്ഷ വിധിക്കുന്നതിന് പകരം അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ആ സമയത്ത് അവരുടെ പെരുമാറ്റം എങ്ങനെയായിരുന്നു, കുറച്ചുകൂടി നല്ല രീതിയിൽ എങ്ങനെ പെരുമാറാമായിരുന്നു, എന്ന് സ്വയം ചിന്തിച്ച് പറയുവാനുള്ള അവസരം നൽകുകയും ചെയ്യുന്ന ഫിൻലാൻഡ് രീതിയും പരിചയപ്പെടാവുന്നതാണ്.

കുട്ടിയെ മൂന്ന് R- കളിലേക്കും (Reading, Writing, Arithmetic) അവയുമായി ബന്ധപ്പെടുന്ന ഔപചാരിക പഠനങ്ങളിലേക്കും പരിമിതപ്പെടുത്തുന്നു, സാഹിത്യത്തിലെയും ചരിത്രത്തിലെയും സുപ്രധാനമായ കാര്യങ്ങളിൽ നിന്ന് അവരെ അടച്ചുപൂട്ടുന്നു, വാസ്തുവിദ്യ- സംഗീതം- ശില്പം- ചിത്രം എന്നിവയിൽ ഏറ്റവും മികച്ചവയുമായി ബന്ധപ്പെടാനുള്ള അവരുടെ അവകാശം നഷ്ടപ്പെടുത്തുന്നു എന്നുള്ള John Dewey യുടെ നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്. അറിവിനെക്കാളും വ്യക്തിത്വം പ്രാധാന്യമർഹിക്കുന്നു എന്നതുകൊണ്ടുതന്നെ മൂന്ന് R കൾക്ക് പുറമേ മൂന്ന് H- കളുടെ (Hand, Heart and Head) വികാസവും അത്യന്താപേക്ഷിതമാണെന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെടുകയുണ്ടായി.

മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുമായി ജൈവികമായി ഇഴുകിച്ചേരേണ്ടത് അത്യാവശ്യമാണ്. അതിന് നിലവിലെ വ്യവസ്ഥകൾ പുനർ നിർമ്മിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസം എന്നത് ഒരാളുടെ ജീവിതവുമായി ഒത്തൊരുമിച്ച് പോകേണ്ടതാണ്. തത്കാലികമായ പ്രചോദനങ്ങളേക്കാളുപരി വ്യക്തമായ കാരണങ്ങളാലാണ് ഒരാൾ വിദ്യാഭ്യാസം നേടേണ്ടത്. ആ കാരണങ്ങൾ കണ്ടെത്തുന്നതിലേക്ക് അവരെ നയിക്കേണ്ടതുണ്ട്. ബെൽ ഹുക്‌സ് അഭിപ്രായപ്പെട്ടതുപോലെ വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു പരിശീലനമാകണം. പൗലാ ഫ്രെയർ മുന്നോട്ടുവെച്ച മനഃസാക്ഷിവത്കരണം സാധ്യമാകുന്ന തരത്തിൽ, അടിച്ചമർത്തലുകളെ വെല്ലുവിളിക്കുന്നതിനുള്ള മാർഗമായി അധ്യാപനത്തെയും പഠനത്തെയും ഉപയോഗിക്കുകയും, ആധിപത്യ സംവിധാനങ്ങളെ വിമർശനാത്മകമായി പരിശോധിക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്ന തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും അതിരുകൾക്ക് അതീതരായി ചിന്തിക്കുവാൻ അവരെ പ്രാപ്തരാക്കുകയും വേണം. ഇതിനായി അവർ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് Engaged Pedagogy. പഠനപ്രക്രിയയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവമായ പങ്കാളിത്തം ഉണ്ടാകുന്നു. പാഠ്യപദ്ധതിക്കപ്പുറം സമൂഹത്തിലേക്കും ജീവിതത്തിലേക്കും ഇറങ്ങിച്ചെല്ലുന്നു. ഇവിടെ അധ്യാപകർ സ്വയം ജനാധിപത്യബോധവും വിമർശനാത്മകതയും സന്തോഷവും ഉള്ളവരുമായി ഇരിക്കേണ്ടതിന്റെ പ്രാധാന്യവും ബെൽ ഹുക്സ് പരാമർശിക്കുന്നുണ്ട്.

ഇത്തരത്തിൽ സാമൂഹ്യാവബോധവും ബഹു സാംസ്കാരികതയും പരിശീലിക്കാൻ ഉതകുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ പദ്ധതി അഴിച്ചു പണിയേണ്ടതുണ്ട്.

  • വിദ്യാഭ്യാസം = ഗൈഡ്+ പരീക്ഷ+ എൻട്രൻസ്.

  • പഠനം എന്നാൽ പരീക്ഷയാണെന്നും A+ ഗ്രേഡ് നേടലാണെന്നുമുള്ള സമൂഹത്തിൻ്റെ പൊതുധാരണ.

  • വിദ്യാഭ്യാസ പ്രക്രിയയിലൂടെ നടക്കേണ്ട വൈകാരിക സാമൂഹിക ശേഷികൾ അപ്രസക്തമാകുന്ന അവസ്ഥ.

  • ആത്മപ്രകാശനത്തിനുള്ള അവസരത്തിന്റെ അഭാവം കുട്ടികളിൽ ഉണ്ടാക്കുന്ന സമ്മർദം.

വിദ്യാഭ്യാസം എന്നത് ഒരാളുടെ ജീവിതവുമായി ഒത്തൊരുമിച്ച് പോകേണ്ടതാണ്. തത്കാലികമായ പ്രചോദനങ്ങളേക്കാളുപരി വ്യക്തമായ കാരണങ്ങളാലാണ് ഒരാൾ വിദ്യാഭ്യാസം നേടേണ്ടത്. ആ കാരണങ്ങൾ കണ്ടെത്തുന്നതിലേക്ക് അവരെ നയിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം എന്നത് ഒരാളുടെ ജീവിതവുമായി ഒത്തൊരുമിച്ച് പോകേണ്ടതാണ്. തത്കാലികമായ പ്രചോദനങ്ങളേക്കാളുപരി വ്യക്തമായ കാരണങ്ങളാലാണ് ഒരാൾ വിദ്യാഭ്യാസം നേടേണ്ടത്. ആ കാരണങ്ങൾ കണ്ടെത്തുന്നതിലേക്ക് അവരെ നയിക്കേണ്ടതുണ്ട്.

2023-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് നേരിട്ട വെല്ലുവിളികളിൽ ചുരുക്കം ചിലതാണിത്. ഇത്തരത്തിൽ നിലവിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ അതിനുള്ള പരിഹാരങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. 10 വർഷത്തെ വിദ്യാഭ്യാസത്തിനുശേഷം രക്ഷിതാക്കളുടെ അകമ്പടിയോടെ പോലീസ് സംരക്ഷണയിൽ നമ്മുടെ വിദ്യാർത്ഥികൾ പുറത്തേക്കിറങ്ങേണ്ടി വരുന്നതിൻ്റെ പാകപ്പിഴകൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ കൃത്യവും ശാസ്ത്രീയവുമായ പഠനത്തിന്റെ പിൻബലത്തിൽ കൊണ്ടുവരേണ്ടതുമുണ്ട്. ഇത്തരത്തിൽ പുനർനിർമ്മിക്കപ്പെടുന്ന പരിഷ്കാരങ്ങൾ ഗവൺമെൻറ്- എയ്ഡഡ്- അൺഎയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും എത്തേണ്ടതുണ്ട് എന്ന് കൂടി പ്രത്യാശിക്കുകയാണ്.

Comments