ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP, 2020) പ്രഖ്യാപനത്തോടെ ഉന്നത വിദ്യാഭ്യാസമേഖല പ്രധാനപ്പെട്ട പല മാറ്റങ്ങൾക്കും വിധേയമാകുമെന്നത് വ്യക്തമായിരുന്നു. ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഗവേഷണങ്ങൾ, അധ്യാപക നിയമനങ്ങൾ എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റം ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യം വെക്കുന്നു. ‘വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്ക് എളുപ്പം വഴങ്ങുന്നതും (Flexible), ഇന്ത്യൻ ജ്ഞാനമേഖലയെ (Indian Knowledge System) ഉൾക്കൊള്ളുന്നതും (Inclusive), തൊഴിൽ വിപണിയുമായി വേഗം പൊരുത്തപ്പെടുന്നതുമായ (Adaptable) ഉന്നത വിദ്യാഭ്യാസമേഖല’ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്. 2025-ന്റെ ആരംഭത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ച അധ്യാപക, വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട യു.ജി.സി നിയന്ത്രണങ്ങളുടെ കരടിനെ (1) 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ച എന്ന നിലയ്ക്കാണ് മനസിലാക്കേണ്ടത്.
ഇന്ത്യൻ വിദ്യാഭ്യാസ മേഖല പലപ്പോഴായി അതിന്റെ പഴഞ്ചൻ രീതികളുടെ പേരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റം വരുത്തണമെന്ന പൊതുവായ ആവശ്യം മുൻനിർത്തിയാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കേന്ദ്രം നേതൃത്വം നൽകുന്ന മാറ്റങ്ങൾ പക്ഷെ സംസ്ഥാന സർക്കാരുകളുടെ അധികാരം ചോദ്യം ചെയ്യുന്നതായും കണ്ടെത്താം. ഒരു ഫെഡറൽ സംവിധാനത്തിൽ ‘വിദ്യാഭ്യാസത്തെ’ കേന്ദ്ര സർക്കാരിനും, സംസ്ഥാന സർക്കാരിനും അധികാരമുള്ള മേഖലയായി ഭരണഘടന അംഗീകരിക്കുന്നുണ്ട് (2).

എന്നാൽ കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പല മാറ്റങ്ങളും സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നതോ, മറികടക്കുന്നതോ ആയി മാറുന്നു. രാജ്യത്തെല്ലായിടത്തും ഒരേ ഗുണനിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (HEIs) സാധ്യമാകുക കേന്ദ്രീകൃതമായ ഉന്നത വിദ്യാഭ്യാസ രൂപത്തിലാണെന്ന ബോധ്യം ദേശീയ വിദ്യാഭ്യാസ നയത്തിലുടനീളം കണ്ടെത്താം. പുതുതായി അവതരിപ്പിക്കപ്പെട്ട യു.ജി.സി കരട് നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
അക്കാദമിക് പരിചയം ഇല്ലാത്തവർ നിയമിതരാവുന്നത് അംഗീകരിക്കുവാൻ കഴിയില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആർക്കും വൈസ് ചാൻസലറായി നിയമിതനാകാനുള്ള സാധ്യത യൂണിവേഴ്സിറ്റികളുടെ അക്കാദമിക്ക് മൂല്യത്തെ സാരമായി ബാധിക്കും.
പുത്തൻ വി.സിമാർ
വൈസ് ചാൻസലർ നിയമനത്തിന് വേണ്ടിയുള്ള ‘സെർച്ച് കം സെലക്ഷൻ കമ്മിറ്റി’ രൂപീകരിക്കുന്നതിൽ പൂർണ അധികാരം ചാൻസലർമാർക്കും (അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക്) വിസിറ്റർമാർക്കും ലഭിക്കുക വഴി സംസ്ഥാന യൂണിവേഴ്സിറ്റികൾ പൂർണമായും കേന്ദ്രഭരണത്തിന് കീഴിൽ വരുന്ന സാഹചര്യം സംജാതമാകും. സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളെ സെർച്ച് കമ്മിറ്റിയിൽ നിന്ന് പൂർണമായി ഒഴിവാക്കുക കൂടി ചെയ്യുമ്പോൾ വൈസ് ചാൻസലർ നിയമനങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ വരുന്നുണ്ട്. വൈസ് ചാൻസലറായി നിയമിതരാകാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളിൽ പിഎച്ച്.ഡിയും അക്കാദമിക് നേട്ടങ്ങളും അത്യാവശ്യമാണെന്ന മാനദണ്ഡം ഒഴിവാക്കുന്നതായും കരടിലുണ്ട്. തൽസ്ഥാനത്ത് ബിസിനസ്, അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി, ഇൻഡസ്ട്രി മുതലായ പലവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ നിയമിക്കാം. യൂണിവേഴ്സിറ്റികളിൽ അക്കാദമിക് പ്രാവീണ്യം ഇല്ലാത്തവർ എന്തുകൊണ്ട് വി.സി സ്ഥാനത്തേക്ക് നിയമിതരാകാൻ യോഗ്യരാവുന്നു എന്ന ചോദ്യം ഇവിടെ പ്രധാനമാണ്. ചില ഉദാഹരണങ്ങൾ അപവാദമായി നിലനിൽക്കുന്നുവെങ്കിലും യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് അക്കാദമിക് പരിചയം ഇല്ലാത്തവർ നിയമിതരാവുന്നത് അംഗീകരിക്കുവാൻ കഴിയില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആർക്കും വൈസ് ചാൻസലറായി നിയമിതനാകാനുള്ള സാധ്യത യൂണിവേഴ്സിറ്റികളുടെ അക്കാദമിക്ക് മൂല്യത്തെ സാരമായി ബാധിക്കും. നിയമനങ്ങൾ പൂർണമായും രാഷ്ട്രീയ - കച്ചവടതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടക്കുക എന്ന വിമർശനവും പ്രധാനമാണ്. തമിഴ്നാട്, കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ യു.ജി.സി കരട് നിയന്ത്രണങ്ങൾക്കെതിരെ എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്.
വെട്ടിക്കുറച്ച അധ്യാപക യോഗ്യതകൾ
അധ്യാപകരുടെ നിയമനം നോക്കാം. ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഏതു വിഷയം പഠിച്ചു എന്നതല്ല, ഏത് വിഷയത്തിലാണോ പിഎച്ച്.ഡിയും, നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസാകുന്നത്, ആ വിഷയത്തിൽ അധ്യാപകനാകാം. വിഷയങ്ങൾ തമ്മിലുള്ള വേർതിരിവ് പരമാവധി കുറയ്ക്കുക വഴി എല്ലാ വിഷയത്തിനും ഒരു ‘മൾട്ടി - ഡിസിപ്ലിനറി അപ്രോച്ച്’ നിലനിർത്തുക എന്ന ആശയം യു.ജി.സി പലപ്പോഴായി മുന്നോട്ട് വെക്കുന്നുണ്ട്. ഒരു വിഷയത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ തുടങ്ങി പിഎച്ച്.ഡി വരെ എത്തി നിൽക്കുന്ന വിദ്യാർഥിയാണോ അതോ, പലവിധ വിഷയങ്ങളെ ചുരുങ്ങിയ കാലയളവിൽ പഠിച്ചുതീർക്കുന്ന വിദ്യാർഥിയാണോ വിഷയത്തിൽ അധ്യാപനം നടത്താൻ യോഗ്യർ?

ശാസ്ത്രവിഷയങ്ങളിലും ടെക്നിക്കൽ വിഷയങ്ങളിലും അടിസ്ഥാന വിദ്യാഭ്യാസം പൂർണമായില്ലെങ്കിൽ വിദ്യാർത്ഥിയുടെ ഗുണനിലവാരം കുറയും എന്നതൊരു വസ്തുതയാണ്. വിദ്യാഭ്യാസത്തെ ഫ്ലെക്സിബിൾ ആക്കുന്നു എന്ന പേരിൽ വിഷയങ്ങളുടെ ഗുണനിലവാരത്തിൽ വെള്ളം ചേർത്താൽ ഭാവിയിലെ അധ്യാപകർ ഒരു വിഷയത്തിലും പ്രവീണ്യമില്ലാത്ത മാനേജർമാരായി പരിണമിക്കും. അവർ ഇതുവരെ ഇന്ത്യൻ വിദ്യാഭ്യാസം നിലനിർത്തി പോന്നിരുന്ന ഗുണനിലവാരത്തെ പാടെ തകർക്കും എന്നതിൽ സംശയമില്ല. മാത്രവുമല്ല, ഈ പറഞ്ഞ നടപടികൾ പലതും നടപ്പാക്കണമെങ്കിൽ വിഷയങ്ങളുടെ അടിസ്ഥാനരൂപം തന്നെ മാറ്റി തീർക്കേണ്ടതുണ്ട്. ഇതുവരെ പഠനം നടത്തി വന്നിരുന്ന രൂപത്തെ പൂർണമായും പൊളിച്ചുമാറ്റി പകരം പുതിയ ഒന്ന് നിർമിച്ചെടുക്കേണ്ടതുണ്ട്. ഗ്രാന്റുകളും, ഫണ്ടുകളും വെട്ടിക്കുറച്ച അവസ്ഥയിൽ ഗവേഷണവും, പഠനവും അധ്യാപനവും തള്ളിനീക്കുന്ന താൽകാലിക അധ്യാപകർക്ക് മുന്നിലേക്കാണ് വീണ്ടും പുതിയ നിർമാണപദ്ധതികളുമായി യു.ജി.സി വരുന്നതെന്ന് ഓർക്കണം.
യു.ജി.സി നിയന്ത്രണങ്ങൾ പ്രകാരം ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിലുള്ള അധ്യാപകരുടെ അറിവ് നിർബന്ധമാണ്. ഇന്ത്യൻ തത്ത്വചിന്ത, യോഗ, ആയുർവേദ എന്നീ വിഷയങ്ങളിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് പ്രത്യേക ക്രെഡിറ്റുകൾ ലഭ്യമാകുന്നുണ്ട്. ഇത്തരം കോഴ്സുകളെല്ലാം ഹിന്ദു മതപരമ്പര്യത്തിലധിഷ്ഠിതമായവയാണ്.
ക്രെഡിറ്റ് സമ്പ്രദായം അവതരിപ്പിക്കുന്നതുവഴി വിദ്യാർത്ഥികൾ രാജ്യമൊട്ടാകെ യാത്ര ചെയ്തു പലവിധ വിഷയങ്ങളിൽ വിദ്യാഭ്യാസം നേടുമെന്നാണ് യു.ജി.സിയുടെ കണ്ടെത്തൽ. ഇനിയും ലഭ്യമാകാത്ത സ്കോളർഷിപ്പുകളും വെട്ടിക്കുറച്ച ഗ്രാന്റുകളും ലഭ്യമാക്കുന്നതിന് പകരം വീണ്ടും പുതിയ പദ്ധതികൾ. ഓരോ കോഴ്സുകളുടെ പൂർത്തീകരണത്തിനും ശേഷം ലഭ്യമാകുന്ന ക്രെഡിറ്റുകൾ ഡിജിറ്റൽ അക്കാദമിക് ബാങ്ക് അക്കൗണ്ടിൽ ആഡ് ചെയ്യപ്പെടുമെന്നും യു.ജി.സി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡിനെ ഇനിയും മറിക്കടക്കുവാനുള്ള വഴികൾ തേടുന്നതിനുപകരം യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തെ പൂർണമായും ഡിജിറ്റലാക്കി മാറ്റുവാനുള്ള നടപടികളിലാണ് യൂ.ജി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാഭ്യാസത്തെ ഡിജിറ്റൽവൽക്കരിക്കുന്നതിൽ തെറ്റില്ല, പക്ഷെ ഡിജിറ്റൽ സൗകര്യം എല്ലാവർക്കും ലഭ്യമാകുന്ന ഒന്നാണോ എന്ന ചോദ്യത്തെ അവർ അവഗണിക്കുന്നു.
മറ്റൊരു അപകടകരമായ നിർദേശം, കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും അധ്യാപകരെ തെരെഞ്ഞെടുക്കുവാനും പ്രൊമോട്ട് ചെയ്യാനും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ കൊടുത്തിരിക്കുന്ന യോഗ്യതകളാണ് (3). കരട് നിയന്ത്രണങ്ങളിൽ പറഞ്ഞിരിക്കുന്ന പല യോഗ്യതകളും നേടിയെടുക്കുവാൻ എൻട്രി ലെവലിൽ അധ്യാപന ജോലിയിൽ പ്രവേശിക്കുന്ന ആർക്കും സാധ്യമല്ല. ഗസ്റ്റ് ലെക്ച്ചററായി ജോലി ചെയ്യുന്ന കാലയളവ് അധ്യാപന സമയമായി കണക്കാക്കാത്ത സാഹചര്യത്തിൽ അധ്യാപനവൃത്തി തെരഞ്ഞെടുക്കുന്ന മനുഷ്യരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നടപടികൾ കൂടി യു.ജി.സി കരട് മാർഗനിർദേശങ്ങളിൽ കാണാം.

‘ഭാരതീയ ജ്ഞാനവ്യവസ്ഥ’ക്ക്
പ്രത്യേക ക്രെഡിറ്റ്
ഇനി, യു.ജി.സി കരട് മാർഗനിർദേശത്തിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയ- സാംസ്‌കാരിക സ്വാധീനങ്ങളാണ്. ഇന്ത്യൻ ജ്ഞാനവ്യവസ്ഥ എന്ന പേരിലുള്ള പല കോഴ്സുകളിൽ നേടുന്ന ക്രെഡിറ്റുകൾ അധ്യാപക ജോലിയിലേക്കുള്ള പ്രവേശനത്തിന് പ്രധാനമായി കാണാം. 2020 ഒക്ടോബറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി ‘ഭാരതീയ ജ്ഞാനപരമ്പര വിഭാഗം’ അഥവാ ‘ഇന്ത്യൻ ജ്ഞാനവ്യവസ്ഥ’ എന്നൊരു സംവിധാനം ആരംഭിച്ചിരുന്നു. 2022 നവംബർ ആകുമ്പോഴേക്കും യൂ.ജി.സി ഇന്ത്യൻ ജ്ഞാന വ്യവസ്ഥയോടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മനോഭാവം മെച്ചപ്പെടുത്തുന്നതിന് നടപടി ആരംഭിച്ചു. യു.ജി.സി നിയന്ത്രണങ്ങൾ പ്രകാരം ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിലുള്ള അധ്യാപകരുടെ അറിവ് നിർബന്ധമാണ്. ഇന്ത്യൻ തത്ത്വചിന്ത, യോഗ, ആയുർവേദ എന്നീ വിഷയങ്ങളിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് പ്രത്യേക ക്രെഡിറ്റുകൾ ലഭ്യമാകുന്നുണ്ട്. ഇത്തരം കോഴ്സുകളെല്ലാം ഹിന്ദു മതപരമ്പര്യത്തിലധിഷ്ഠിതമായവയാണ്. ബൗദ്ധമോ, ജൈനമോ, ചാർവാകമോ ആയ ഒരു കണ്ടെത്തലും പഠിക്കാനാകില്ല.
2024 -2025 അക്കാദമിക് വർഷം പുറത്തിറങ്ങുവാൻ പോകുന്ന പാഠ്യപദ്ധതികളിൽ ‘ഇന്ത്യൻ ജ്ഞാന വ്യവസ്ഥ’ പ്രധാന സ്ഥാനം നേടിയെടുക്കും എന്നതിൽ സംശയമില്ല.
ഇന്ത്യൻ മനസിനെ കൊളോണിയൽ സ്വാധീനത്തിൽ നിന്ന് വിമോചിപ്പിക്കും എന്ന പേരിൽ തുടങ്ങിയ കോഴ്സുകളിൽ ‘ഹിന്ദു’ എന്ന സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള അഭിമാനമല്ലാതെ മറ്റൊന്നുമില്ല. 2023 ജൂലൈ ആയപ്പോൾ, NCERT (National Council of Educational Research and Training) പുറത്തിറക്കിയ നാഷണൽ കരിക്കുലം ഫ്രെയിംവർക്കിൽ ഇന്ത്യൻ ജ്ഞാനവ്യവസ്ഥ സവിശേഷസ്ഥാനം നേടിയെടുത്തു. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ തള്ളിക്കളഞ്ഞതും കെമിസ്ട്രി പീരിയോഡിക് ടേബിൾ ഒഴിവാക്കിയതുമെല്ലാം ഈ സമയത്താണ്. 2024 -2025 അക്കാദമിക് വർഷം പുറത്തിറങ്ങുവാൻ പോകുന്ന പാഠ്യപദ്ധതികളിൽ ഇന്ത്യൻ ജ്ഞാന വ്യവസ്ഥ പ്രധാന സ്ഥാനം നേടിയെടുക്കും എന്നതിൽ സംശയമില്ല.
യു.ജി.സി മുന്നോട്ട് വെക്കുന്ന പല ആശയങ്ങളിലും വളർച്ചയ്ക്കുള്ള സാധ്യതകളുണ്ട്. പക്ഷെ, അവയെല്ലാം രാഷ്ട്രീയാധികാരം പ്രകടിപ്പിക്കുവാനുള്ള അവസരങ്ങളായി കേന്ദ്ര സർക്കാർ ഉപയോഗിക്കും എന്നതാണ് പ്രശ്നം. യൂണിവേഴ്സിറ്റികളുടെ കേന്ദ്രീകരണവും, ഡിജിറ്റൈസേഷനുമെല്ലാം നല്ല നടപടികളാണ്. പക്ഷെ അത്തരം നടപടികളിലൂടെ ഹിന്ദുത്വത്തിലൂന്നിയ രാഷ്ട്രീയ - സാംസ്‌കാരിക അധികാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത് രാഷ്ട്രത്തിന് ദോഷം ചെയ്യും. ക്രിയാത്മക മാറ്റങ്ങളിലൂടെ യൂണിവേഴ്സിറ്റി ഭരണത്തിൽ നിന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും ഭരണകൂടങ്ങൾ പൂർണമായും പിന്മാറണം എന്നതാണ് ഇപ്പോഴത്തെ അടിയന്തര ആവശ്യം. ഭരണകൂടങ്ങൾ സാമ്പത്തികമായ സൗകര്യങ്ങൾ ചെയ്തു നൽകുന്നതിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

മാധ്യമങ്ങൾ പലപ്പോഴും ഇത്തരം വിഷയങ്ങളെ സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും തമ്മിലുള്ള അധികാരപ്രശ്നം എന്ന നിലയ്ക്കാണ് വിശദീകരിക്കുന്നത്. നാളുകളായി ഇതേ സംസ്ഥാനങ്ങളിൽ, മുഖ്യമന്ത്രിമാരും ഗവർണർമാരും തമ്മിലുള്ള അധികാര തർക്കങ്ങളുടെ തുടർച്ചയായി പലരും ഈ പ്രശ്നത്തെ വായിച്ചെടുക്കുന്നുണ്ട്. അത്തരമൊരു വായന ഇന്ത്യൻ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചർച്ചകളെ പൂർണമായും തകർത്തു കളയുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ നടക്കുന്ന അധികാരത്തിന് വേണ്ടിയുള്ള ചർച്ചകളിൽ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് ശ്രദ്ധ നേടുക. കേന്ദ്രമോ സംസ്ഥാനമോ അല്ല അധ്യാപകരും, ഗവേഷകരുമാണ് യൂണിവേഴ്സിറ്റികളുടെ ഭരണവും, ഉന്നതവിദ്യാഭ്യാസത്തിന്റെ ദിശയും നിർണയിക്കേണ്ടത്.
Reference:
1) Draft UGC (Minimum Qualifications for Appointment and Promotion of Teachers and Academic Staff on Universities and Colleges and Measures for Maintenance of Standards in Higher Education) regulations, 2025.
2) ഇന്ത്യൻ ഭരണഘടന ഷെഡ്യൂൾ ഏഴ്- വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്നു.
3) (1)Innovative Teaching Contribution; (2) Research or Teaching Lab Development; (3) Consultancy / Sponsored Research funding as a Principal Investigator or Co-Principal Investigator; (4) Teaching contributions in Indian languages; (5) Teaching-Learning and Research in Indian Knowledge System; (6) Student Internship / Project Supervision; (7) Digital Content Creation for MOOCs; (8) Community Engagement and Service; (9) Startup, as per the intellectual property policies of the HEI, registered with the Registrar of Companies (ROC) as a founding promoter, successfully raising funding through government, angel or venture funds to support the startup.