ദേശീയ വിദ്യാഭ്യാസ നയം: ഇത്​ അപകടകരമായ നിശ്ശബ്​ദതയാണ്​

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന നടപടിക്രമം പല സംസ്​ഥാനങ്ങളിലും നടന്നുവരികയാണ്​. ഈ നയം എല്ലാവരും സ്വീകരിച്ചു കഴിഞ്ഞെന്നും രാജ്യം നയം നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളിലാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ഭരണഘടന മുന്നോട്ടുവക്കുന്ന ബഹുസ്വരതയെയും സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന ഒരു സംവിധാനത്തിനെതിരെ എന്തുകൊണ്ടാണ്​ രാജ്യവ്യാപക പ്രതിഷേധം ഉയരാത്തത്​?

പുതിയ ദേശീയ വിദ്യാഭ്യാസ നയം പല സംസ്ഥാനങ്ങളിലും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഈ നയം എല്ലാവരും സ്വീകരിച്ചു കഴിഞ്ഞെന്നും രാജ്യം നയം നടപ്പിലാക്കാനുള്ള പ്രവർത്തനപദ്ധതികളിലാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്.

ആദ്യഘട്ടത്തിലുയർന്നുവന്ന പ്രതിഷേധങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല എന്നതാണ് അമിത് ഷായുടെ വാദത്തിന് അടിസ്ഥാനം. കേന്ദ്ര സർക്കാർ, തങ്ങൾ ആഗ്രഹിക്കുന്നത് ഏതുവിധേനയും നടപ്പിലാകും എന്നൊരു പൊതുബോധം പലരേയും പ്രതിഷേധങ്ങളിൽ നിന്ന്​ പിന്നിലേക്കുവലിച്ചിട്ടുമുണ്ട്. എന്നാൽ, കർഷകസമരത്തിന്റെ വിജയം, പോരാട്ടങ്ങൾക്ക് ഇന്ത്യയിൽ ഉജ്ജ്വലമായ മാറ്റങ്ങൾ ഇപ്പോഴും സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ്. ദേശീയ വിദ്യാഭ്യാസ നയം കേവലം വിദ്യാർത്ഥികളുടെ പ്രശ്‌നമല്ല. നാം പൊരുതിനേടിയ മൂല്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന നയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും അണിച്ചേരുന്ന സമരമുന്നണി രൂപപ്പെടണം. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള സംവാദങ്ങളും പ്രതിരോധങ്ങളും അതിനാൽ കൂടുതൽ സജീവമാകേണ്ടതുണ്ട്.

അറിവിന്റെ ജനാധിപത്യവൽക്കരണത്തെ സുഗമമാക്കുകയും കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് നവീകരിക്കപ്പെടുകയും ചെയ്യുന്നതിന് അനുയോജ്യമാകണം വിദ്യാഭ്യാസ നയങ്ങൾ. 34 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ പുതിയൊരു വിദ്യാഭ്യാസനയം ആവിഷ്‌കരിക്കപ്പെടുമ്പോൾ അക്കാദമിക്ക് ലോകവും പൊതുസമൂഹവും അതിനെ പ്രതീക്ഷയോടു കൂടിയായിരുന്നു നോക്കിക്കണ്ടത്. നിർഭാഗ്യവശാൽ സംഘപരിവാർ അജണ്ടകളെ ദൃഢപ്പെടുത്താനുതകുന്ന ഉപകരണമാക്കി ദേശീയ വിദ്യാഭ്യാസനയത്തെ മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. പുറമെ നല്ലതെന്നു തോന്നുംവിധം ഘടനാപരമായി അടുക്കിവെച്ചിരിക്കുന്ന നിർദേശങ്ങളുടെ ആന്തരികാശയങ്ങൾ ഒരു ജനാധിപത്യ- മതേതര രാജ്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്.

രാജ്യത്തെ വിദ്യാലയങ്ങളാണ് ഫാഷിസത്തെ ചെറുത്തുതോൽപ്പിക്കുന്നതെന്ന് മനസിലാക്കിയതോടെ കാവിവൽക്കരണത്തിലൂടെയും വാണിജ്യവൽക്കരണത്തിലൂടെയും വിദ്യാഭ്യാസത്തെ ദുർബലമാക്കാനുള്ള നീക്കമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്.

‘ഭാരതകേന്ദ്രീകൃതം’ എന്ന ചരിത്രനിഷേധം

ഭാരതകേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസനയത്തിലെ കരടിന്റെ ദർശനമായി അവതരിപ്പിക്കപ്പെട്ടതുപോലും ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം എന്ന ആശയമായിരുന്നു. ഫാഷിസ്റ്റുകൾ വികലമായ ചരിത്രത്തെയും അവരെ പരിപോഷിപ്പിക്കുന്ന സംസ്‌കാരത്തെയും വിദ്യാഭ്യാസത്തിലൂടെ കടത്തിവിടാൻ ചരിത്രത്തിൽ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, ‘ചരിത്രവും മതവും വിവാദവിഷയങ്ങളുടെ കൂട്ടത്തിൽ പെടുന്നു. അതെത്രയും ആപത്കരമായിരിക്കാൻ ഇടയുണ്ട്. വിദ്യാഭ്യാസത്തിൽ ഓരോ രാജ്യത്തും ഇന്ന് ചരിത്രം പഠിപ്പിക്കുന്നത് അതാത് രാഷ്ട്രത്തിന്റെ പെരുമ കാണിക്കുവാനും യുവതലമുറയിൽ ദേശാഭിമാനം വളർത്തുവാനും വേണ്ടിയാണ്. അതിനാൽ വികൃതമാക്കപ്പെട്ട ചരിത്രത്തെ അന്ധമായി പിന്തുടരുന്നതിന് വിദ്യാർഥികൾ നിർബന്ധിതരാവുന്നു', എന്ന് വിദ്യാഭ്യാസ വിദഗ്ദനായ ബർട്രാൻറ്​ റസ്സൽ നിരീക്ഷിച്ചത്.

ബർട്രാൻറ്​ റസ്സൽ

വിദ്യാഭ്യാസത്തെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനു പകരം പാരമ്പര്യത്തിലേക്ക് ചുരുക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നത്. ഗാന്ധിക്കും അംബേദ്കർക്കും പകരം ഗോഡ്‌സേയും സവർക്കറും സിലബസിലേക്ക് സ്വതന്ത്ര്യസമര സേനാനികളായി ഉൾപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല. ‘ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു' എന്ന്​ഗുജറാത്തിലെ ഒരു സ്‌കൂളിലെ പരീക്ഷയിൽ ചോദിക്കപ്പെട്ടത് അടുത്ത കാലത്താണ്. എൻ.സി.ഇ.ആർ.ടി പാഠപുസ്തങ്ങളിൽനിന്ന് മുഗൾ ചരിത്രം ഉൾപ്പെട്ട അധ്യായങ്ങൾ ഒഴിവാക്കിയ വിഷയത്തിൽ ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി പ്രതികരിച്ചത്, ദേശീയ വിദ്യാഭ്യാസ നയം- 2020 അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പഠനഭാരം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ നയത്തിൽ പറയുന്ന ഭാഗം നടപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ്. ചരിത്രം, ഹിന്ദി, പൗരശാസ്ത്രം, രാഷ്ട്രതന്ത്രം പാഠപുസ്തകങ്ങളിലാണ് കാര്യമായ മാറ്റം വരുത്തിയിട്ടുള്ളത്. സംഘപരിവാർ താൽപ്പര്യങ്ങൾക്കു വിരുദ്ധമായ വിഷയങ്ങളാണ് പാഠപുസ്തകങ്ങളിൽ നിന്ന്​ പഠനഭാരത്തിന്റെ കാരണത്താൽ ഒഴിവാക്കപ്പെടുന്നത്. ചരിത്രത്തെ അസത്യങ്ങളിൽ നിന്ന് വീണ്ടെടുക്കേണ്ട പോരാട്ടം വിദ്യാഭ്യാസത്തിനുള്ളിൽ ശക്തമാക്കേണ്ടി വരുമെന്ന് ഇവ സൂചിപ്പിക്കുന്നു.

ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു എന്ന ചോദ്യവുമായി ഗുജറാത്തിൽ പുറത്തിറക്കിയ ചോദ്യപ്പേപ്പർ

സംവരണം അട്ടിമറിക്കൽ

വിദ്യാഭ്യാസ മേഖലയിൽ നിന്ന് സംവരണം പൂർണമായും റദ്ദു ചെയ്തു കളയാനുള്ള നീക്കമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ സംവരണവിരുദ്ധ അജണ്ട എല്ലാ മേഖലകളിലും നടപ്പിലാക്കുകയാണ്. സംവരണം എങ്ങനെ നടപ്പിലാക്കും എന്നതു സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ സൂചിപ്പിക്കുന്നില്ല. മറിച്ച്, മെറിറ്റ് എന്ന വാദമാണ് പലയിടത്തും ഉയർത്തപ്പെടുന്നത്. സാമൂഹ്യനീതി ഇന്ത്യയിൽ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മെറിറ്റിന് ഒരു പ്രസക്തിയുമില്ല എന്നത് വ്യക്തമാണ്. ഇന്ത്യ പോലെയുള്ള സാമൂഹിക-സാമ്പത്തിക അധികാര വിഭജനം വ്യക്തമായി നിലനിൽക്കുന്ന ഇടങ്ങളിൽ മെറിറ്റ് എന്നത് വെറും സാമൂഹികനിർമിതിയാണെന്നും അത് തുല്യ അവസരങ്ങളുടെ അഭാവവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മണ്ഡൽ കമീഷൻ നിരീക്ഷിക്കുന്നുണ്ട്.

വിദ്യാഭ്യാസം കൂടുതൽ സ്വകാര്യവൽക്കരിക്കപ്പെട്ട തോടെ സാമൂഹ്യനീതി പൂർണമായും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കേണ്ടതില്ല എന്ന് ദേശീയ വിദ്യാഭ്യാസ നയം പറയുന്നുണ്ട്. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതോടെ പൊതുവിദ്യാഭ്യാസ സംവിധാനങ്ങൾ പൂർണമായും നശിപ്പിക്കപ്പെടുകയും സ്വകാര്യ- സ്വാശ്രയ മാനേജ്‌മെന്റുകൾ അവരുടെ ഇഷ്ടത്തിന് അഡ്മിഷനുകൾ നടത്തുകയും ചെയ്യും. ഇതോടുകൂടി വിദ്യാഭ്യാസം പണമുള്ളവരുടെയും ജാതിയുടെ പ്രിവിലേജുകൾ അനുഭവിക്കുന്നവരുടെയും മാത്രമായി ചുരുക്കപ്പെടും.

തൊഴിൽ പരിശീലനവും ജാതിയുറപ്പിക്കലും

പഠനത്തോടൊപ്പം തൊഴിലെടുക്കാനുള്ള നൈപുണ്യം നേടുകയെന്നത് ഒറ്റനോട്ടത്തിൽ വളരെ സ്വാഗതാർഹമായി തോന്നാം. പക്ഷേ, ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ ജാതി തൊഴിലുമായി ഇടകലർന്നുകിടക്കുകയാണ്. സംഘപരിവാറിന്റെ തൊഴിലും ജാതിയുമായി ബന്ധപ്പെട്ട പൊതുനിലപാടുകളും ദേശീയ വിദ്യാഭ്യാസ നയത്തിലെ മറ്റു ചില മാനദണ്ഡങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുവേണം ഇതിനെ പരിശോധിക്കാൻ. 11, 12 ക്ലാസുകളിൽ വെച്ചുമാത്രം തൊഴിൽ പരിചയം നേടുന്ന കുട്ടികൾക്ക് ഒരു വ്യവസായത്തൊഴിൽ നേടാൻ മാത്രം നൈപുണി പോരെന്നും അതുകൊണ്ട് ആറാം ക്ലാസ് തൊട്ട് തൊഴിൽപഠനം ആരംഭിക്കണമെന്നും പുതിയ നയത്തിൽ പറയുന്നുണ്ട് (4.26).

വിദ്യാഭ്യാസം നേടേണ്ട കാലഘട്ടത്തിൽ തൊഴിലിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ഇന്ത്യയിൽ അപകടകരമാംവിധം ജാതിയെ പ്രോത്സാഹിപ്പിക്കും. വളരെ ചെറിയ പ്രായത്തിൽ തങ്ങൾ ഏതു തൊഴിലിലേക്ക് തിരിയണം എന്നതിൽ കുട്ടികൾക്ക് ഒരു ധാരണയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവർ കുലത്തൊഴിലുകളിലേക്ക് വീണുപോകാൻ സാധ്യത ഏറെയാണ്. അവർ ജാതിപരമായ ഘടനയ്ക്കുള്ളിലേക്ക് സ്വാഭാവികമായി അകപ്പെടുകയും തൊഴിലറിവ് നേടുന്നതോടുകൂടി വിദ്യാഭ്യാസം ഉപേക്ഷിച്ച്​ തൊഴിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സാധ്യതകളുണ്ട്. ആറാം ക്ലാസ് തൊട്ടുള്ള തൊഴിൽ പരിശീലനവും എട്ടിലെയും പത്തിലെയും പൊതുപരീക്ഷകളും ചേരുമ്പോൾ നേരത്തെയുള്ള കൊഴിഞ്ഞുപോക്കിന് അത് ഇടവരുത്തിയേക്കാം. അങ്ങനെയെങ്കിൽ പഠനം നിർത്താൻ പ്രേരിപ്പിക്കപ്പെടുക പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാവും.

പന്ത്രണ്ടാം ക്ലാസ് പൂർത്തിയാവുന്ന കുട്ടികൾക്ക് ഉന്നതപഠനത്തിന് പ്രവേശനം കിട്ടാൻ ഒരു പൊതുപ്രവേശന പരീക്ഷയിൽ വിജയിക്കണം എന്ന നിർദേശം ഇതോടൊപ്പം ചേർത്ത് വായിക്കണം (4.42). ഇത്തരത്തിൽ വിദ്യാഭ്യാസക്രമത്തിൽ നിന്ന് ഒരു ജനതയെ ആകെ പുറന്തള്ളുന്നതിനുവേണ്ടിയുള്ള ബോധപൂർവമായ മനുവാദ അജണ്ട ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഭരണകൂടത്തിന്റെ കച്ചവടതാൽപര്യം

നമ്മുടെ ഭരണകർത്താക്കളുടെ താൽപര്യങ്ങളെ സേവിക്കാൻ പാകത്തിൽ സംവിധാനം ചെയ്യപ്പെട്ടാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ താൽപര്യങ്ങളും രാഷ്ട്രീയവും വിദ്യാഭ്യാസത്തെ സ്വാധീനിക്കുക സ്വാഭാവികമാണ്. വിദ്യാഭ്യാസം അത്തരത്തിൽ ഒരു രാഷ്ട്രീയ വ്യവസ്ഥ കൂടിയാണ്. ഓരോ സർക്കാരും വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്ന വിധം വൈവിധ്യമുള്ളതാണെങ്കിലും അത് എത്രത്തോളം അറിവിനെ പൊതുസമൂഹത്തിന്റെ അറിവാക്കി വികസിപ്പിക്കാനുതകുന്നതാണെന്ന അന്വേഷണം പ്രാധാന്യമുള്ളതാണ്. പൊതുവിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് വലതുപക്ഷം എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസം അവരെ സംബന്ധിച്ച്​ കച്ചവടസാധ്യതകളുടെ കമ്പോളമാണ്. അതുകൊണ്ടു തന്നെ മോദി സർക്കാർ മുന്നോട്ടുവെയ്ക്കുന്ന വിദ്യാഭ്യാസനയം കച്ചവടവൽക്കരണത്തിന്റെ സാധ്യതകൾ തുറന്നിടുന്നതിൽ അത്ഭുതപെടാനൊന്നുമില്ല. സ്വകാര്യവൽക്കരണത്തിനു നിയമസാധുത നൽകുകയാണ് ദേശീയ വിദ്യാഭ്യാസ നയം.

വൈവിധ്യങ്ങളെ റദ്ദുചെയ്യൽ

വിജ്ഞാനത്തിന്റെ വികേന്ദ്രീകരണമാണ് ഇന്ത്യ പോലെ വൈവിധ്യങ്ങളിൽ ആത്മസത്ത കണ്ടെത്തുന്ന രാജ്യങ്ങളിൽ പിന്തുടരേണ്ട രീതി. വൈവിധ്യങ്ങളുടെ മനോഹാരിത ഉൾകൊള്ളാൻ പ്രാപ്തമാകുന്നതാകണം ഇന്ത്യയിൽ രൂപികരിക്കുന്ന ഓരോ നയങ്ങളും. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ സംസ്‌കാരങ്ങളെ പിന്തുടരുന്നവരാണ്. ഓരോ സംസ്ഥാനത്തിന്റെയും സാംസ്‌കാരിക- രാഷ്ട്രീയ- സാമൂഹ്യ വ്യവഹാരങ്ങളുടെ വൈവിധ്യം ഉൾക്കൊണ്ടുവേണം വിദ്യാഭ്യാസ നയം രൂപപ്പെടേണ്ടത്. വിദ്യാഭ്യാസം അത്തരത്തിൽ കൺകറൻറ്​ ലിസ്റ്റിൽ വരുന്നതാണ്. അതിനൊരു കേന്ദ്രീകൃത സ്വഭാവം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ബഹുസ്വരത പൂർണമായും റദ്ദു ചെയ്യപ്പെടുകയാണ്. സംസ്ഥാനങ്ങൾ അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വികസിപ്പിക്കുന്ന വിദ്യാഭ്യാസത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഇടപെടാനുള്ള സാഹചര്യം ഇല്ലാതാക്കാനാണ് പുതിയ വിദ്യാഭാസ നയം ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കുന്ന നീക്കമാണിത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളിൽ പോലും വർഗ്ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണവേളയിൽ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും കേരളത്തിന്റെ ആശങ്ക പൂർണമായും ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് മനസ്സിലാക്കുന്നതെന്നും അതുകൊണ്ട് തന്നെ കേരളം പ്രകടിപ്പിച്ച വിയോജിപ്പുകൾ നിലനിൽക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെടുകയുണ്ടായി. കേരളം സൃഷ്ടിക്കുന്ന ബദൽ വിദ്യാഭ്യാസ നയത്തെ രാജ്യത്തെ ജനാധിപത്യവിശ്വാസികളാകെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

വെട്ടിക്കുറയ്ക്കപ്പെട്ട വിഹിതം

ദേശീയ വിദ്യാഭ്യാസ നയം അവഗണിച്ച മൂന്ന് പ്രധാനപ്പെട്ട വസ്തുതകളുണ്ട്:

പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന്​ ഏറ്റവുമധികം പുറത്തുപോകാറുള്ളത് എസ്.ടി, എസ്.സി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.

വിവേചനങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു.

വിദ്യാഭ്യാസ രംഗത്തെ ഫണ്ടുകൾ ക്രമാതീതമായി കുറയപ്പെടുകയാണ്. 2014-15നും 2019-20നും ഇടയിൽ കേന്ദ്ര ബഡ്ജറ്റിലെ വിദ്യാഭ്യാസത്തിനുള്ള വിഹിതം 4.1 ശതമാനത്തിൽ നിന്നും 3.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പ് വിഹിതം 58% കുറച്ച് 843 കോടിയിൽ നിന്നു 355 കോടി ആയിരിക്കുന്നു. സ്‌കോളർഷിപ്പ് അർഹതപ്പെട്ടവരുടെ എണ്ണത്തിൽ 94% കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ദലിത്- ബഹുജന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിന്റെ സാധ്യതയെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഫീസ് നിർണയിക്കാനുള്ള അവകാശം നൽകുന്നതോടെ വിദ്യാഭ്യാസത്തിന്റെ കമ്പോളവത്കരണം എളുപ്പത്തിൽ സാധ്യമാകും. ത്രിഭാഷാ പദ്ധതി, ഗവേഷണ രംഗം, വിദേശ- സ്വകാര്യ സർവ്വകലാശാലകൾ, പരീക്ഷകളുടെ അതിപ്രസരം, സിലബസ് പരിഷ്‌ക്കരണം എന്നിങ്ങനെയുളള ഈ നയത്തിന്റെ ഉള്ളടക്കത്തെ സമഗ്രമായി പരിശോധിക്കുമ്പോഴാണ് പതിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയുന്നത്. 5+3+3+4 എന്ന വിദ്യാഭ്യാസ ഘടന എന്തിനാണെന്നു നടപ്പിലാക്കുന്നതെന്നതു സംബന്ധിച്ച ശാസ്ത്രീയമായ ഒരു വിശദീകരണവും നയം നടത്തുന്നില്ല.

ഇന്ത്യയിൽ വിദ്യാഭ്യാസവും നീതിയും ഒരുപോലെ വിതരണം ചെയ്യപ്പെടാത്തതിനാലും പലയിടങ്ങളിലും ഇപ്പോഴും വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങളില്ലാത്തതിനാലും ഈ രീതി ദരിദ്രവിഭാഗത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അരികുവൽകരിക്കും. ജനറൽ എഡ്യൂക്കേഷൻ കൗൺസിലിന് (GEC) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർണ നിയന്ത്രണം കൈവരും. യു.ജി.സിയുടെ പ്രവർത്തനം എങ്ങനെയാണെന്ന് പോലും നയത്തിൽ വിശദീകരിക്കാത്തതിനാൽ അധികാരം പുതിയ ബോഡിയായ ജി.ഇ.സിയിൽ കേന്ദ്രീകരിക്കുന്നത് പ്രതികരണശേഷിയുള്ള കലാലയങ്ങളെ സാരമായി ബാധിക്കും.

വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം സ്‌നേഹവും സൗന്ദര്യവും എന്തെന്ന് നമുക്ക് പഠിപ്പിച്ചുതരലാണെന്ന് പ്ലേറ്റോ നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടം നിശ്ചയിക്കുന്ന പൗരത്വത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന വിശ്വമാനവികനായി പറന്നുയരാനായി വേണം വിദ്യാർത്ഥികളെ നാം വിദ്യാഭ്യാസത്തിലൂടെ പ്രാപ്തരാക്കേണ്ടത്. വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യേണ്ട കാലഘട്ടത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരിക തന്നെ ചെയ്യണം.

Comments