അധ്യാപകരുടെ മികവ്​ പരിശോധനയിൽ ഒളിഞ്ഞിരിക്കുന്ന ചില അജണ്ടകൾ

അക്കങ്ങളിലൂടെ രേഖപ്പെടുത്താനും ഒരു പെർഫോമൻസ് ഓഡിറ്റിംഗിനു വിധേയമാക്കാനും കഴിയാത്ത വ്യക്തിനിഷ്ഠവും, ഗുണാത്മകവും ആപേക്ഷികവുമായ തലങ്ങൾ അധ്യാപന പ്രക്രിയയിലുണ്ട്. കുട്ടിയുടേയോ, വിദ്യാലയത്തിന്റെയോ പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ മികവു വിലയിരുത്തുമ്പോൾ അധ്യാപന പ്രക്രിയയുടെ ജൈവികവും, നിരന്തര നവീകരണം ആവശ്യപ്പെടുന്നതുമായ സ്വഭാവത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ മാർക്കറ്റിലെ കൂലിത്തൊഴിലാളികളാക്കി അധ്യാപക സമൂഹത്തെ മാറ്റുന്നതിനാവരുത് വിലയിരുത്തലും മികവ് പരിശോധനകളും.

രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായി നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഓഫ് ടീച്ചേഴ്സ് (എൻ.പി. എസ്. ടി) എന്ന മാർഗരേഖയുടെ കരട് നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി. ഇ) തയാറാക്കി പൊതുസമൂഹത്തിന്റെ നിർദ്ദേശങ്ങൾക്കായി നൽകിയിരിക്കുകയാണ്. കുട്ടികളുടെ അക്കാദമിക നിലവാര പരിശോധന പോലെ അധ്യാപകരുടേയും അറിവും, മികവും, ശേഷികളും വിലയിരുത്തേണ്ടതുണ്ടെന്ന കാര്യത്തിൽ ആർക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാനിടയില്ല. ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങളിലും അധ്യാപക മികവു പരിശോധിക്കുന്നതിന്​ മാനദണ്ഡങ്ങളും രീതികളുമുണ്ട്. ഇന്ത്യയിലും അതുണ്ടാവണമെന്ന വാദത്തിന് ഏറെ പഴക്കമുണ്ട്. വിവിധ കമീഷനുകളും റിപ്പോർട്ടുകളും കാലാകാലങ്ങളിൽ അധ്യാപക വിലയിരുത്തലും മികവു പരിശോധനയും ആവശ്യമാണെന്നു സൂചിപ്പിച്ചിട്ടുണ്ട്.

2019ലെ കസ്തൂരി രംഗൻ റിപ്പോർട്ടും തുടർന്ന് 2020 ലെ ദേശീയ വിദ്യാഭ്യാസ നയവും അധ്യാപക വിലയിരുത്തൽ അനിവാര്യമാണെന്നു സൂചിപ്പിച്ചിരുന്നു. 2021 ലെ ബജറ്റിൽ ധനമന്ത്രി, ഇന്ത്യയിലെ ഗവൺമെൻറ്​ - സ്വകാര്യ വിദ്യാലയങ്ങളിലെ 92 ലക്ഷം അധ്യാപകരെ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡിന്റെ പരിധിയിൽ കൊണ്ടുവരുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രക്രിയ ആര്, എപ്പോൾ, എങ്ങനെ, ഏതെല്ലാം മാനദണ്ഡങ്ങളുപയോഗിച്ച് നിർവഹിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. ഏകീകൃതമായും കേന്ദ്രീകൃതമായും രൂപപ്പെടുത്തുന്ന മികവു സൂചകങ്ങൾ ഉപയോഗിച്ച് വൈവിധ്യപൂർണമായ വിദ്യാഭ്യാസ ഘടനയും, ബോർഡുകളും, സമീപനങ്ങളും പ്രയോഗ പദ്ധതിയും നിലനിൽക്കുന്ന ഒരു രാജ്യത്തെ എല്ലാ അധ്യാപകരേയും വിലയിരുത്തുമെന്നു പറയുന്നത് യുക്തിപരമല്ല. ഒപ്പം ആശയതലത്തിൽ ആകർഷകമെന്നു തോന്നുന്ന അധ്യാപക വിലയിരുത്തൽ ജാതി - മത ധ്രുവീകരണങ്ങളും, രാഷ്ട്രീയ പക്ഷപാതിത്വങ്ങളും, സാമ്പത്തിക-സാമൂഹിക അസമത്വങ്ങളും നിലനിൽക്കുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ പ്രകിയയിൽ പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പാക്കുമെന്നതും വിശദീകരിക്കേണ്ടതുണ്ട്.

അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളെയാകെ എൻ.പി.എസ്.ടിയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന കരട് രേഖയിലെ നിർദ്ദേശവും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. അക്കാദമിക പരിഗണനകൾക്കപ്പുറം കമ്പോള താല്പര്യങ്ങളാൽ രൂപീകരിക്കപ്പെട്ടതാണ് നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഓഫ് ടീച്ചേഴ്സ് എന്ന അധ്യാപക വിലയിരുത്തൽകരടു രേഖ.

മികവ് നിർവചിക്കുന്നതെങ്ങനെ?

അക്കങ്ങളിലൂടെ രേഖപ്പെടുത്താനും ഒരു പെർഫോമൻസ് ഓഡിറ്റിംഗിനു വിധേയമാക്കാനും കഴിയാത്ത വ്യക്തിനിഷ്ഠവും, ഗുണാത്മകവും ആപേക്ഷികവുമായ തലങ്ങൾ അധ്യാപന പ്രക്രിയയിലുണ്ട്. കുട്ടിയുടേയോ, വിദ്യാലയത്തിന്റെയോ പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ മികവു വിലയിരുത്തുമ്പോൾ അധ്യാപന പ്രക്രിയയുടെ ജൈവികവും, നിരന്തര നവീകരണം ആവശ്യപ്പെടുന്നതുമായ സ്വഭാവത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഉള്ളടക്കവും പെഡഗോജിയും നിരന്തര മാറ്റങ്ങൾക്കും, പുതുക്കലുകൾക്കും വിധേയമാണെന്നിരിക്കെ, ഏതു ചെക്ക് പോയിന്റിൽ നിന്നാണ് നാം മികവ് പരിശോധിക്കേണ്ടത്?. മാത്രമല്ല മികവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഓരോ സമൂഹത്തിലും വ്യത്യസ്തവുമാണ്. മികവ് പരിശോധിക്കുന്നതാരാണ്, എന്തിനാണ്, എങ്ങനെയാണ് എന്നതിനെ ആശ്രയിച്ച് മികവെന്തെന്നുള്ളതിന്റെ നിർവചനവും മാറിയേക്കാം.

വിദ്യാഭ്യാസമെന്നത് ഒരു സവിശേഷ സാമൂഹ്യ - സാമ്പത്തിക - സാംസ്കാരിക സാഹചര്യത്തിൽ നടക്കുന്ന പ്രക്രിയയായതിനാൽ സ്റ്റാൻഡഡൈസ്ഡ് ആയ ടൂളുകൾ ഉപയോഗിച്ചുള്ള അധ്യാപക മികവ് വിലയിരുത്തൽ രീതികൾ അധ്യാപന പ്രക്രിയയെ യാന്ത്രികവും വിരസവുമാക്കും. അധ്യാപകർ തമ്മിൽ മികവു പോയിന്റുകൾക്കായി വലിയ മത്സരവും നടക്കാനിടയുണ്ട്. മികച്ച പരീക്ഷാ വിജയമുള്ള സ്കൂളുകളിലേക്ക് അധ്യാപകരും കുട്ടികളും ചെന്നെത്തുകയും ഗ്രാമീണ മേഖലയിലെ സ്കൂളുകൾ അവഗണിക്കപ്പെടുകയും ചെയ്യും. സ്കൂളുകളും സ്കൂൾ സമൂഹങ്ങൾ തമ്മിലും കടുത്ത മത്സരമായിരിക്കും ഇതിന്റെയെല്ലാം ഫലം.

അധ്യാപകരെ തരം തിരിക്കുമ്പോൾ

​പ്രമോഷൻ സാധ്യത പൊതുവേ കുറവായ വിഭാഗമെന്ന നിലയിൽ അധ്യാപകരുടെ പ്രൊമോഷൻ ഉറപ്പു വരുത്താനെന്ന പേരിൽ നാലു തട്ടുകളായി തിരിച്ചാണ് മികവ് പരിശോധന നടത്തുന്നത്. ബിഗിനർ (പ്രഗമി ശിക്ഷക് ), പ്രൊഫിഷ്യൻറ്​ ( പ്രവീൺ ശിക്ഷക് ) എക്സ്പേർട്ട് ( കുശാൽ ശിക്ഷക് ) ലീഡ് (പ്രമുഖ് ശിക്ഷക് ) എന്നിവയാണ് നാല് തട്ടുകൾ. ബിഗിനർ ആയി നിയമനം ലഭിക്കുന്ന അധ്യാപകന് / അധ്യാപികയ്ക്ക് മൂന്നു വർഷത്തിനു ശേഷം പ്രൊഫിഷ്യൻറ്​ തലത്തിലേക്ക് അപേക്ഷിക്കാം. വീണ്ടും മൂന്നു വർഷത്തിനു ശേഷം എക്സ്പേർട്ട് ആയും അഞ്ചു വർഷത്തിനു ശേഷം ലീഡ് ടീച്ചർ ആയും അപേക്ഷ നൽകാം. എൻ.സി.ടി.ഇ മുന്നോട്ടുവയ്ക്കുന്ന ഈ തട്ടുകളെ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ടെന്വർ ട്രാക്ക് സമ്പ്രദായവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ അവസാനിപ്പിച്ച് മൂന്നു വർഷത്തെ കോൺട്രാക്ട് നിയമനങ്ങളാണ് ഉണ്ടാവേണ്ടതെന്ന കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിർദ്ദേശം മറ്റൊരു രീതിയിൽ നടപ്പിലാക്കുകയാണിവിടെ. അധ്യാപകരെ വിവിധ തട്ടുകളിലാക്കിത്തിരിച്ച്, അതിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്ന രീതി മുതലാളിത്ത രാജ്യങ്ങളിൽ വ്യാപകമായുണ്ട്. സ്ഥിരം അധ്യാപക നിയമനങ്ങൾ ഒഴിവാക്കി ഓരോ ഘട്ടത്തിലും കോൺട്രാക്ട് അധ്യാപകരെ നിയമിക്കാനും മികവ് പരിശോധനയുടെ അടിസ്ഥാനത്തിൽ പിരിച്ചു വിടാനും ഇത് അവസരം നൽകുന്നുണ്ട്. അക്കാദമിക താല്പര്യങ്ങളേക്കാളുപരി, സാമ്പത്തിക താല്പര്യങ്ങളും കമ്പോള താല്പര്യങ്ങളും വിലയിരുത്തലിൽ കടന്നുവരാനുള്ള അജണ്ടയുടെ സാധ്യതകളും എൻ.സി.ടി.ഇ ഡോക്യുമെന്റിൽ ഒളിച്ചിരിക്കുന്നുണ്ട്. അധ്യാപക മികവും പ്രൊഫഷണലിസവും പരിശോധിക്കുന്നതിലേക്ക് സ്വകാര്യ ഏജൻസികളും ,എൻ.ജി.ഒ കളും കയറി വരാനും ഇത് വഴിയൊരുക്കിയേക്കാം.

മികവിന്റെ കേന്ദ്രീകരണം

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന പഠന ബോർഡുകൾ എന്നിങ്ങനെ വ്യത്യസ്ത സിലബസുകളും , പഠനസമ്പ്രദായങ്ങളും നിലനിൽക്കുന്ന വ്യവസ്ഥകൾക്കാകെ ഏകീകൃത മികവുമാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നത് അക്കാദമിക വിരുദ്ധമായ നടപടിയാണ്. നാക് മാതൃകയിൽ സ്കൂൾ റഗുലേറ്ററി അതോറിറ്റികൾ രൂപീകരിച്ചു കൊണ്ട് സ്കൂൾ അക്രഡിറ്റേഷനും അസസ്മെന്റും സാധ്യമാക്കണമെന്ന് നയം നിർദ്ദേശിച്ചിരുന്നു.

ഇന്ത്യയിൽ ഭൗതിക സൗകര്യങ്ങളിലും, ഡിജിറ്റൽ ഉപകരണ ലഭ്യതയിലും, കുട്ടികളുടെ നിലവാരത്തിലും, റിസൾട്ടിലും പിന്നിൽ നിൽക്കുന്ന സർക്കാർ വിദ്യാലയങ്ങളെ സ്വകാര്യ വിദ്യാലയങ്ങൾ പിന്തള്ളുകയും സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കിലേക്കും ആത്യന്തികമായി അടച്ചുപൂട്ടലിലേക്കും കാര്യങ്ങൾ മാറിയേക്കാം.ദേശീയ വിദ്യാഭ്യാസ നയം മുതൽ തുടരുന്ന ഏകീകരണ - കേന്ദ്രീകരണ നീക്കങ്ങളുടെ തുടർച്ച അധ്യാപക വിലയിരുത്തൽ കരടുരേഖയിലും പ്രകടമാണ്. വിദ്യാഭ്യാസത്തിന്റെ ഫെഡറൽ ഘടനയേയും, സംസ്ഥാനങ്ങളുടെ പങ്കിനേയും നിരാകരിക്കാനുള്ള ശ്രമവും ഫാക്ടറിയധിഷ്ഠിത സ്കൂൾ മോഡലുകളുടെയും വ്യവസ്ഥയുടേയും നിർമിതിയും നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡിന്റെ വരികൾക്കിടയിലുണ്ട്.

സ്വയം വിലയിരുത്തലിന്റെ സാധ്യതകൾ

2009ലെ വിദ്യാഭ്യാസാവകാശ നിയമം അധ്യാപക വിലയിരുത്തലിനായി നിർദ്ദേശിച്ചിരിക്കുന്ന രീതി സ്വയം വിലയിരുത്തലായിരുന്നു. പുതിയ ദേശീയനയവും അധ്യാപക വിലയിരുത്തൽ കരടു രേഖയും ഇതിനെ അട്ടിമറിച്ചാണ് എൻ.പി.എസ്.ടി പുറത്തിറക്കിയിരിക്കുന്നത്.ആർ.ടി. ഇ സ്വയം വിലയിരുത്തലിനായി പുറത്തിറക്കിയ മാനദണ്ഡങ്ങൾ ‘പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ് - പിൻഡിക്സ്’ എന്നാണ് അറിയപ്പെട്ടത്. പഠിപ്പിക്കുന്ന വിഷയങ്ങളും പഠനബോധന പ്രക്രിയയും സ്വയം വിലയിരുത്തുകയെന്നതാണ് ഈ രീതി. മികവും ഇടപെടലുകളും തുടർന്നും അക്കാദമിക പിന്തുണ ആവശ്യമുള്ള മേഖലകളും ഉൾപ്പെടുത്തണം. പഠനബോധന പ്രവർത്തനങ്ങളുടെ രൂപ കല്പന, പാഠ്യവിഷയത്തിലുള്ള അറിവ്, പഠന തന്ത്രം മെച്ചപ്പെടുത്തൽ, വ്യക്തിബന്ധം, തൊഴിൽ നൈപുണ്യവികസനം, സമഗ്ര വിദ്യാലയ വികസനം , അധ്യാപക ഹാജർ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് സ്വയം വിലയിരുത്തൽ നടത്തേണ്ടത്. ശിക്ഷണ നടപടികൾക്കു പകരം സപ്പോർട്ട് സിസ്റ്റമൊരുക്കി അധ്യാപകരിൽ മികവും ആത്മവിശ്വാസവും വളർത്താനുതകുന്ന സ്വയം വിലയിരുത്തൽ സമീപനമല്ലേ ദേശീയ തലത്തിൽ ആ സൂത്രണം ചെയ്യപ്പെടുന്ന ബാഹ്യ ഏജൻസികളുടെ മികവ് മാനദണ്ഡങ്ങളേക്കാൾ അനുഗുണമെന്നത് ആലോചിക്കേണ്ടതാണ്.

Photo: Muhammad Fasil

വിദ്യാഭ്യാസ യാഥാർത്ഥ്യങ്ങൾ പരിഗണിക്കാത്ത വിലയിരുത്തൽ

സമീപകാലത്ത് പുറത്തുവന്ന യുഡെയ്സ് ഡാറ്റാ റിപ്പോർട്ട്, പാർലമെന്ററി സമിതി റിപ്പോർട്ട്, അസർ പഠന റിപ്പോർട്ട് എന്നിവയിൽ ഇന്ത്യൻ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരമായ ചില പ്രശ്നങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അധ്യാപക നിലവാര പരിശോധനയ്ക്കു മുമ്പു തന്നെ പരിഹരിക്കേണ്ട വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക്, താഴ്ന്ന പഠന നിലവാരം, അധ്യാപകരുടെ കുറവ്, പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ഡിജിറ്റൽ സാങ്കേതികതയുടെ ആക്സസ്, ഇക്വിറ്റി, കണക്ടിവിറ്റി പ്രശ്നങ്ങൾ, നിലവാരമില്ലാത്ത അധ്യാപക പരിശീലനങ്ങൾ, സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്വകാര്യ വിദ്യാലയങ്ങളുയർത്തുന്ന സമ്മർദ്ദം എന്നിവയൊന്നും പരിഗണിക്കാതെ അധ്യാപകരെ ഏതു മികവുമാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് എൻ.സി ടി. ഇ വിലയിരുത്താൻ പോകുന്നത്.

കുട്ടികളിലെ നിലവാര വ്യത്യാസം പോലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും, മലയോര മേഖലകളിലെയും സ്കൂളുകളും, അധ്യാപകരും തമ്മിലുണ്ടാവാനിടയുള്ള സാമൂഹ്യ-സാംസ്കാരിക പ്രത്യേകതകളും വ്യത്യാസങ്ങളും പരിഗണിക്കപ്പെടാതെ ആരുടെ മെരിറ്റാണ് എൻ.സി.ടി. ഇ പരിശോധിക്കാൻ പോകുന്നത് ? അധ്യാപകരുടെ ശമ്പളവും കരിയർ അഡ്വാൻസ്​മെന്റും, ഇൻക്രിമെന്റുകളും പരിഗണിക്കുന്നതിന്റെ അടിസ്ഥാനം സീനിയോറിറ്റിയ്ക്കു പകരം എൻ.പി.എസ്.ടി യാണെന്നു വരുന്നത് തൊഴിൽ നിയമങ്ങളുടേയും സേവന-വേതന വ്യവസ്ഥകളുടെയും ലംഘനമാവും. വിദ്യാഭ്യാസ മാർക്കറ്റിലെ കൂലിത്തൊഴിലാളികളാക്കി അധ്യാപക സമൂഹത്തെ മാറ്റുന്നതിനാവരുത് വിലയിരുത്തലും മികവ് പരിശോധനകളും.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments