ഒരു കോടി വിദ്യാർഥികളുടെ ഭാവിയും
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷണങ്ങളും

ഒരു വർഷം ഒരു കോടിയിലേറെ വിദ്യാർഥികളാണ് എൻ.ടി.എ നടത്തുന്ന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ, അത്യന്തം കേന്ദ്രീകരണ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന എൻ.ടി.എയുടെ ഘടനയെക്കുറിച്ചും ഒരൊറ്റ എൻട്രൻസിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളെക്കുറിച്ചും അക്കാദമിക മേഖലയിൽനിന്നും വിദ്യാർഥി സമൂഹത്തിൽനിന്നും വിമർശനങ്ങളുയരുന്നു.

National Desk

നീറ്റ്, യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ- നെറ്റ് പരീക്ഷകളിലെ ഗുരുതര ക്രമക്കേട് പുറത്തുവന്നതോടെ പരീക്ഷാനടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) എന്ന സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ഒരൊറ്റ എൻട്രൻസിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനനടപടികളെക്കുറിച്ചും അക്കാദമിക മേഖലയിൽനിന്നും വിദ്യാർഥി സമൂഹത്തിൽനിന്നും വിമർശനങ്ങളുയരുന്നു.

യൂണിവേഴ്‌സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഒഴിവാക്കി, കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത പരീക്ഷാ നടത്തിപ്പിനെതിരെയാണ് വിമർശനം. യൂണിവേഴ്‌സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ് 'ഒരു രാജ്യം ഒരു പരീക്ഷ' എന്ന നയം എന്ന വിമർശനവും ഉയരുന്നുണ്ട്.

എൻ.എസ്.യു-ഐയും എ.ബി.വി.പിയും അടക്കമുള്ള വിദ്യാർഥി സംഘടനകൾ പരീക്ഷാ ക്രമക്കേടിനെതിരെ ദേശീയതലത്തിൽ കടുത്ത പ്രതിഷേധമാണുയർത്തുന്നത് Photo: NSUI / Twitter

കോച്ചിങ് സെന്ററുകൾ മുതൽ
ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള പ്രതിപ്പട്ടിക

ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ്- യു.ജി, യു.ജി.സി- നെറ്റ്, സി.എസ്.ഐ.ആർ-നെറ്റ് തുടങ്ങിയ പരീക്ഷകളിലാണ് ക്രമക്കേടുണ്ടായത്. അനർഹമായി ഗ്രേസ് മാർക്ക് നൽകിയതുമുതൽ ചോദ്യപേപ്പർ ലക്ഷങ്ങൾക്ക് വിറ്റതുവരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ്, നീറ്റ് പരീക്ഷയിൽ നടന്നത്. നീറ്റ് വീണ്ടും നടത്തണമെന്നും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും മറ്റു ഹൈകോടതികളിലുമായി 30ലേറെ ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ യൂണിവേഴ്‌സിറ്റികളുമായോ ചർച്ച ചെയ്യാതെ പൂർണമായും കേന്ദ്ര സർക്കാറിന്റെ തീരുമാനപ്രകാരമാണ് എൻ.ടി.എ പ്രവർത്തിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള കോച്ചിംഗ് സെന്ററുകൾ മുതൽ ഉന്നത പരീക്ഷാ നടത്തിപ്പു സംവിധാനം വരെയാണ് നീറ്റ് പരീക്ഷാക്രമക്കേടിലെ പ്രതികൾ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം 4750 കേന്ദ്രങ്ങളിൽ 24 ലക്ഷം പേരാണ് നീറ്റ് എഴുതിയത്.

5000 മുതൽ ആറു ലക്ഷം രൂപക്കുവരെയാണ് ചോദ്യക്കടലാസുകൾ വിറ്റത്. ഡാർക്ക്‌നെറ്റും ടെലഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു വിൽപ്പന. ചോദ്യപേപ്പർ 16ാം തീയതി മുതൽ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭ്യമായിരുന്നു. ഓൺലൈനായി 6000 രൂപയ്ക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നുവെന്ന് ലക്‌നോ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ പറയുന്നു. നീറ്റ് യു.ജി പരീക്ഷാക്രമക്കേടിന്റെ ഉറവിടമായ ബിഹാറിൽ, 399 പരീക്ഷാ കേന്ദ്രങ്ങളിൽ 186 ഇടത്തും സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ചോദ്യപേപ്പർ വിതരണം നടക്കുന്ന സമയം വരെ സ്‌ട്രോങ് റൂമിന് കാവൽ വേണമെന്നാണ് ചട്ടം. ഇതെല്ലാം ലംഘിക്കപ്പെട്ടു.

ഇത്രയേറെ വിദ്യാർഥികൾ പങ്കെടുക്കുന്നതും ഉന്നത റിക്രൂട്ടുമെന്റിനുള്ളതുമായ പരീക്ഷകൾ നടത്തുന്നതിന് അനുയോജ്യമായ സൂപ്പർവൈസറി ബോഡികൾ എൻ.ടി.എക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ചോദ്യപേപ്പർ ചോർന്നത് ബിഹാറിലാണെങ്കിലും യു.പി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർക്കണ്ഠ് എന്നീ സംസ്ഥാനങ്ങളിലേക്കും തട്ടിപ്പ് വ്യാപിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഏതാനും വിദ്യാർഥികളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ചില കോച്ചിങ് സെന്ററുകളും നിരീക്ഷണത്തിലാണ്.

ചില സെന്ററുകൾ കേന്ദ്രീകരിച്ച് പരീക്ഷാ മാഫിയകൾ തന്നെ പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില സെന്ററുകളിൽനിന്ന് 40-ലേറെ ഡമ്മി കാൻഡിഡേറ്റുകളെ അധികൃതർ പിടികൂടിയിരുന്നു.

രാജ്യത്തെ 25 കേന്ദ്രങ്ങളിൽ ഈ മാസം 25 മുതൽ 27 വരെ നടക്കാനിരുന്ന സി.എസ്.ഐ.ആർ- നെറ്റ് റദ്ദാക്കിയതിനെക്കുറിച്ച് വിശ്വാസ്യയോഗ്യമായ വിശദീകരണമൊന്നും വന്നിട്ടില്ല. 'സാങ്കേതിക കാരണങ്ങളാൽ' എന്നാണ് എൻ.ടി.എയുടെ വിശദീകരണം. എന്നാൽ, സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷാ ചോദ്യപേപ്പറും ചോർന്നതായി റിപ്പോർട്ടുണ്ട്.
ശാസ്ത്രവിഷയങ്ങളിലെ ജെ.ആർ.എഫ് അർഹത, സർവകലാശാലകളിലും കോളേജുകളിലും ലക്ചറർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികക്ക് അപേക്ഷിക്കാനുള്ള അർഹത എന്നിവ നിശ്ചയിക്കാനുള്ളതാണ് സി.എസ്.ഐ.ആർ നെറ്റ്.

പരീക്ഷാക്രമക്കേടുകളിൽ ഉരുണ്ടു കളിക്കുന്ന കേന്ദ്ര സർക്കാർ മുഖംമിനുക്കൽ നടപടികളിലാണ്. തുടക്കത്തിൽ എൻ.ടി.എക്ക് ക്ലീൻ ചിറ്റുമായി ഇറങ്ങിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിലപാട് തിരുത്തേണ്ടിവന്നു.

പരീക്ഷാക്രമക്കേടുകളിൽ ഉരുണ്ടു കളിക്കുന്ന കേന്ദ്ര സർക്കാർ മുഖംമിനുക്കൽ നടപടികളിലാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും എ.ബി.വി.പി അടക്കമുള്ള വിദ്യാർഥി സംഘടനകളും രംഗത്തുവന്നതോടെ, തുടക്കത്തിൽ എൻ.ടി.എക്ക് ക്ലീൻ ചിറ്റുമായി ഇറങ്ങിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിലപാട് തിരുത്തേണ്ടിവന്നു.
നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി, അത് തിരുത്തി, ചില പ്രത്യേക കേന്ദ്രങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അന്വേഷിക്കാൻ പാനലിനെ നിയോഗിച്ചതായും പറഞ്ഞു. എൻ.ടി.എയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഒരു ഉന്നത തല പാനലിന്റെ നിയോഗിക്കുമെന്നാണ് മന്ത്രി പറയുന്നത്.

ഒരൊറ്റ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഡ്മിഷൻ എന്ന സംവിധാനത്തെക്കുറിച്ചും ചോദ്യപേപ്പറുകളുടെ ഘടനയെക്കുറിച്ചും യൂണിവേഴ്‌സിറ്റികളുമായോ ഫാക്കൽറ്റി ഗ്രൂപ്പുകളുമായോ യു.ജി.സി ചർച്ച നടത്തുന്നില്ലെന്ന് വ്യാപക വിമർശനമുണ്ട്.

ചോദ്യപേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി, മത്സരപ്പരീക്ഷാക്രമക്കേട് എന്നീ ക്രമക്കേടുകകൾ തടയാനുള്ള പബ്ലിക് എക്‌സാമിനേഷൻ ആക്റ്റ് 2024 കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അർധരാത്രി വിജ്ഞാപനം ചെയ്തു. ഒരു കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുമാണ് ഈ നിയമത്തിലെ ശിക്ഷ. യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവർ നടത്തുന്ന പരീക്ഷകൾ, നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി പ്രവേശനപരീക്ഷകൾ എന്നിവയിലെ ക്രമക്കേട് തടയാനുദ്ദേശിച്ചുള്ളതാണ് ഈ നിയമം.

അതിനിടെ, ജൂൺ 26 മുതൽ 28 വരെ നടത്താനിരുന്ന ബിഹാർ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് മാറ്റിവച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 43 റിക്രൂട്ടുമെന്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്ന ഗുരുതര ആരോപണം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്‌സിലൂടെ ഉന്നയിച്ചു.

എന്താണ് എൻ.ടി.എ?

2017 നവംബറിലാണ് കേന്ദ്ര സർക്കാർ, കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ എൻ.ടി.എ എന്ന സ്വയംഭരണാധികാര സംവിധാനം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനും ഫെല്ലോഷിപ്പുകൾക്കുമുള്ള 15 എൻട്രൻസ് പരീക്ഷകളാണ് ഏജൻസി നേരിട്ട് നടത്തുന്നത്. ആഗോള നിലവാരത്തിൽ കാര്യക്ഷമമായും സുതാര്യമായും പരീക്ഷകൾ നടത്തുക എന്നതാണ് എൻ.ടി.എയുടെ രൂപീകരണത്തിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത്. 'മികച്ച സ്ഥാപനങ്ങളിൽ അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുക' എന്നതാണ് പ്രവേശനപരീക്ഷകളുടെ ലക്ഷ്യമായി അവകാശപ്പെടുന്നത്. എൻ.ടി.എക്കുമുമ്പ് എഞ്ചിനീയറിങ്- മെഡിക്കൽ പ്രവേശനപരീക്ഷകൾ നടത്തിയിരുന്നത് സി.ബി.എസ്.ഇയും എ.ഐ.സി.ടി.ഇയുമാണ്.

ഒരു വർഷം ഒരു കോടിയിലേറെ വിദ്യാർഥികളാണ് എൻ.ടി.എ നടത്തുന്ന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നത്. 2023-ൽ ഇത് 1.23 കോടിയായിരുന്നു. അതായത്, ചൈനയിലെ 'ഗൊവാകോ' എന്ന ഏജൻസി കഴിഞ്ഞാൽ പരീക്ഷാ നടത്തിപ്പിലെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സംവിധാനമാണ് എൻ.ടി.എ.

ഒരു വർഷം ഒരു കോടിയിലേറെ വിദ്യാർഥികളാണ് എൻ.ടി.എ നടത്തുന്ന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നത്. 2023-ൽ ഇത് 1.23 കോടിയായിരുന്നു. അതായത്, ചൈനയിലെ 'ഗൊവാകോ' എന്ന ഏജൻസി കഴിഞ്ഞാൽ പരീക്ഷാ നടത്തിപ്പിലെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സംവിധാനമാണ് എൻ.ടി.എ.
ഈ വർഷം നീറ്റ് യു.ജിക്ക് 23 ലക്ഷം, സി.യു.ഇ.ടി- യു.ജി- 13.4 ലക്ഷം, സി.യു.ഇ.ടി പി.ജി- 99,717, ജെ.ഇ.ഇ- 14.7 ലക്ഷം, യു.ജി.സി നെറ്റ്- 11 ലക്ഷം വീതം അപേക്ഷകരാണുണ്ടായിരുന്നത്.

എൻ.ടി.എ നടത്തുന്ന പ്രവേശന പരീക്ഷകൾ:

CUET UG, CUET PG, UGC-NET, Joint Entrance Examination (JEE), Common Management Test (CMAT), Jawaharlal Nehru University Entrance Test (JNUET), ICAR All India Entrance Exam, Hotel Management Joint Entrance Examination, Graduate Pharmacy Aptitude Test, IIFT Entrance Examination, IGNOU PhD & OPENMAT (MBA) Entrance Exam, Joint CSIR-National Eligibility Test, Delhi University Entrance Test, Annual Refresher Programme in Teaching, Study Web of Active Learning by Young and Aspiring Minds (SWAYAM) Exam.

യു.പി.എസ്.പി മുൻ ചെയർമാൻ പ്രദീപ് കുമാർ ജോഷിയാണ് എൻ.ടി.എ മേധാവി. ചെയർമാനടക്കം 14 പേരടങ്ങുന്നതാണ് ഗവേണിങ് ബോഡി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ യൂണിവേഴ്‌സിറ്റികളുമായോ ചർച്ച ചെയ്യാതെ പൂർണമായും കേന്ദ്ര സർക്കാറിന്റെ തീരുമാനപ്രകാരമാണ് എൻ.ടി.എ പ്രവർത്തിക്കുന്നത്.
ഒരൊറ്റ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഡ്മിഷൻ എന്ന സംവിധാനത്തെക്കുറിച്ചും ചോദ്യപേപ്പറുകളുടെ ഘടനയെക്കുറിച്ചും യൂണിവേഴ്‌സിറ്റികളുമായോ ഫാക്കൽറ്റി ഗ്രൂപ്പുകളുമായോ യു.ജി.സി ചർച്ച നടത്തുന്നില്ലെന്ന് വ്യാപക വിമർശനമുണ്ട്.
ഒരൊറ്റ എൻട്രൻസിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ മുഴുവൻ കേന്ദ്രീകൃതമാകുന്നത്, അഡ്മിഷനുകളിൽ യൂണിവേഴ്‌സിറ്റികൾക്കുള്ള സ്വാതന്ത്ര്യം ഹനിക്കുമെന്നു മാത്രമല്ല, വിദ്യാർഥികളുടെ പാർശ്വവൽക്കരണത്തിനുകൂടി ഇടയാക്കുമെന്നും വിമർശനമുയർന്നിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പിന്നാക്ക- ദലിത്- ന്യനപക്ഷ വിദ്യാർഥികൾ ധാരാളമായി കടന്നുവരാൻ തുടങ്ങിയ സമയത്തുതന്നെയാണ്, കോച്ചിങ് അനിവാര്യമാക്കുന്ന എൻട്രൻസും കേന്ദ്രീകൃത അഡ്മിഷൻ സംവിധാനവും കൊണ്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

യു.പി.എസ്.പി മുൻ ചെയർമാൻ പ്രദീപ് കുമാർ ജോഷിയാണ് എൻ.ടി.എ മേധാവി. ചെയർമാനടക്കം 14 പേരടങ്ങുന്നതാണ് ഗവേണിങ് ബോഡി.

എൻ.ടി.എ നടത്തുന്ന നെറ്റിന്റെ ഘടനയെ തന്നെ പല വിദഗ്ധരും ചോദ്യം ചെയ്യുന്നുണ്ട്:
''നെറ്റിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണുള്ളത്. ഇത് ഗവേഷണത്തിലുള്ള വിദ്യാർഥികളുടെ അഭിരുചിയും അറിവും ശേഷിയും അളക്കാൻ അപര്യാപ്തമാണ്''- ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ മാത്തമാറ്റിക്‌സ് വിഭാഗം മുൻ മേധാവി നന്ദിത നരൈനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു.

ഈ വർഷം 24 ലക്ഷം വിദ്യാർഥികൾ നീറ്റ് പരീക്ഷക്കും 11 ലക്ഷം പേർ യു.ജി.സി നെറ്റിനും അപേക്ഷിച്ചിരുന്നു. ഇത്രയേറെ വിദ്യാർഥികൾ പങ്കെടുക്കുന്നതും ഉന്നത തസ്തികകളിലേക്കുള്ളതുമായ പരീക്ഷകൾ നടത്തുന്നതിന് അനുയോജ്യമായ സൂപ്പർവൈസറി ബോഡികൾ എൻ.ടി.എക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. എൻ.ടി.എയുടെ കേന്ദ്രീകരിക്കപ്പെട്ട സംവിധാനവും ദുർബലമായ മോണിറ്ററിങ് സിസ്റ്റവുമാണ് ഇപ്പോഴത്തെ ക്രമക്കേടുകൾക്ക് വഴിവച്ചത്. ഇതിന് നിരവധി ഉദാഹരണങ്ങൾ വിദ്യാർഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാൻ കഴിയില്ല.

വിദൂര പ്രദേശങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഒ.എം.ആർ ഉത്തരക്കടലാസുകളിൽ കാർബൺ കോപ്പികളില്ലാതിരിക്കുക, വിദ്യാർഥികളെ കുത്തിനിറച്ച പരീക്ഷാഹാളുകൾ തുടങ്ങി യു.ജി.സി- നെറ്റ് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഇത്തവണ വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.

ജയറാം രമേശ് പറഞ്ഞത്

പരീക്ഷാക്രമക്കേടുകളുടെ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ എക്‌സ് പോസ്റ്റ് ശ്രദ്ധ നേടുന്നുണ്ട്: ''2014-19 കാലത്ത് ഞാൻ ആരോഗ്യ- കുടുംബക്ഷേമ പാർലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് നീറ്റുമായി ബന്ധപ്പെട്ട ചർച്ച വന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള എം.പിമാരാണ് അന്ന് നീറ്റിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. അത് സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഗുണകരമാകുന്നതാണെന്നും അല്ലാത്തവർക്ക് ദോഷം ചെയ്യും എന്നുമായിരുന്നു അവരുടെ വാദം''.

''നീറ്റ് വിവേചനപൂർണമായ ഒരു പരീക്ഷയാണോ? പാവപ്പെട്ട വിദ്യാർഥികളുടെ അവസരങ്ങൾ അത് നിഷേധിക്കുന്നുണ്ടോ? മഹാരാഷ്ട്രയിലെ എം.പിമാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ കാര്യക്ഷമതയെക്കുറിച്ചും നീറ്റിന്റെ ഘടനയെയും നടത്തിപ്പിനിയെും കുറിച്ചും ഗുരുതരമായ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. എൻ.സി.ഇ.ആർ.ടികകുതന്നെ കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് അതിന്റെ പ്രൊഫഷനലിസം പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു''.

ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികൾ നീറ്റ്, എൻ.ടി.എ, എൻ.സി.ഇ.ആർ.ടി എന്നിവയെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തണമെന്നും ജയറാം രമേഷ് പറയുന്നു.

അതിനിടെ, ചട്ടവിരുദ്ധമായി ഗ്രേസ് മാർക്ക് നൽകിയതിനെതുടർന്ന് പരീക്ഷ റദ്ദാക്കിയ 1563 പേരുടെ പുനഃപരീക്ഷ ഞായറാഴ്ച നടക്കും. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും.

Comments