ഇന്ത്യയിലെ സമുന്നത പരീക്ഷകൾ (high stake examinations) കടുത്ത പ്രതിസന്ധി നേരിടുകയാണ്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾകണ്ടെത്തിയതിനെ തുടർന്ന് ചില പരീക്ഷകൾ റദ്ദാക്കുകയും ചില പരീക്ഷകൾ അടിസ്ഥാനമാക്കിയുള്ള പ്രവേശനം അനിശ്ചിതത്വത്തിൽ നിൽക്കുകയും ചെയ്യുന്നു. പരീക്ഷയെഴുതി ചക്രവ്യൂഹത്തിലകപ്പെട്ട വിദ്യാർത്ഥികളെ മുൻനിർത്തി നാട്ടിലെങ്ങും തെരുവു തോറ്റങ്ങൾ അരങ്ങേറുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുവേണ്ടിയുള്ള കരുതൽ എന്ന നിലയിൽ വോട്ടുബാങ്ക് നിറയ്ക്കാൻ രാഷ്ട്രീയകക്ഷികൾ ശ്രമിച്ചേക്കാം. എന്നാൽ, രാജ്യത്തിന്റെ ഭാവിക്കുനേരേ ഉയരുന്ന വെല്ലുവിളിയായി ഇതിനെ കാണേണ്ടതുണ്ട്. സമൂഹത്തിന്റെ സുസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കേണ്ട വിഭാഗങ്ങളെ നിശ്ചയിക്കുന്ന പ്രക്രിയയിലെ വീഴ്ച ഏറ്റവും വലിയ സുരക്ഷാവീഴ്ച തന്നെയല്ലേ?.
വമ്പൻ പരീക്ഷകളെല്ലാം കൂപ്പുകുത്തി വീണിട്ടും അത്തരം പരീക്ഷകളോടുള്ള വിധേയത്വവും ഭക്ത്യാദരങ്ങളും കുറയുന്നില്ല എന്നത് ദുഃഖകരമാണ്. ഒന്നാം ക്ലാസ് മുതൽ കേന്ദ്രീകൃത പൊതുപരീക്ഷകൾ നടത്തി ജയപരാജയങ്ങൾ നിർണയിക്കണമെന്ന അഭിപ്രായമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നവർ പോലും പ്രകടിപ്പിക്കുന്നത്. വിദ്യാഭ്യാസനിലവാരം കുറയാൻ കാരണം പരീക്ഷകളിലെ അയവാണെന്ന് അവർ നിരന്തരം കണ്ണീർ വാർക്കുന്നു. പ്രാഥമികതലം മുതൽ വിദ്യാഭ്യാസത്തിലെ മികവാർന്ന അരിപ്പയായി പരീക്ഷകളെ പ്രതിഷ്ഠിക്കണമെന്ന അഭിപ്രായത്തിന് പ്രചാരമേറുന്നു. കൂടുതൽ പേർ തോൽക്കുന്ന പരീക്ഷയാണ് ഏറ്റവും മികച്ച പരീക്ഷ എന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനുമാണ് പലരും ഇഷ്ടപ്പെടുന്നത്. ഇത് ഒരു പ്രത്യേകതരം സാമൂഹിക കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. ഇതിനുപിന്നിൽ അവിശ്വാസവും അസഹിഷ്ണുതയും ഒളിഞ്ഞിരിക്കുന്നു. ഇതിനെ മത്സരബുദ്ധിയായും വിജയമന്ത്രമായും മഹത്വവത്ക്കരിച്ച് സമൂഹത്തെ വഞ്ചിക്കുകയാണ്.
എല്ലാ സമുന്നത പരീക്ഷകളും സാമൂഹികനീതിക്ക് എതിരാണ്. സമൂഹത്തിലെ ഉപരിവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സമുന്നത പരീക്ഷകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ആന്തരികമായ ഉള്ളടക്കത്തെക്കാൾ ബാഹ്യമോടികളാണ് ഇവയ്ക്ക് ആകർഷകത്വം നൽകുന്നത്. രഹസ്യസ്വഭാവം, സുരക്ഷാക്രമീകരണങ്ങൾ, സമയനിഷ്ഠ, ആചാരപരമായ ചടങ്ങുകൾ എന്നിവ കൊണ്ട് ഇവ കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. കടുത്ത മതവിശ്വാസികളെക്കൊണ്ട് പ്രാർത്ഥിപ്പിക്കാനും ഉറച്ച മതവിശ്വാസികളെ മതമേലാപ്പുകൾ അഴിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ധാരാളം ഗുണഗണങ്ങളും ഒരുപാട് നന്മയുമുള്ള ഒരാളെ പരീക്ഷയുടെ ചട്ടക്കൂടിനുള്ളൽ ഞെരുക്കി മാലിന്യമായി പുറന്തള്ളാനും പ്രത്യേകിച്ച് സിദ്ധികളൊന്നും ഇല്ലാത്ത ഒരാളെ ചട്ടക്കൂടിന്റെ സൂചകങ്ങൾ ഉപയോഗിച്ച് നിലനിർത്താനും പരീക്ഷകൾക്ക് കഴിയുന്നു.
പല നിലവാരത്തിലുള്ള പരിശീലനകേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. രാജ്യത്തെ ഏതൊരു വമ്പൻ വ്യവസായത്തോടും കിടപിടിക്കുന്ന ടേൺ ഓവർ ഈ വിദ്യാഭ്യാസ വ്യവസായത്തിനുണ്ട്. പത്രങ്ങളിൽ ഉൾപ്പെടെ പരസ്യത്തിന് ഇവർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു.
പരീക്ഷകളുടെ മഹത്വത്തിന്റെ സൂചകമായി ഉപയോഗിക്കാവുന്നത് അവയിലൂടെ തിരഞ്ഞടുക്കപ്പെട്ടവരുടെയും പുറന്തള്ളപ്പെട്ടവരുടെയും ഗുണനിലവാരം സംബന്ധിച്ച താരതമ്യമാണ്. അത്തരം ഗൗരവമുള്ള പഠനങ്ങളൊന്നും നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ഗണനീയമായ വ്യതിയാനങ്ങളൊന്നും അവർക്കിടയിൽ ദർശിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പരിശീലനം നേടിയ ഡോക്ടർമാരും പ്രവേശനപരീക്ഷകൾ നടപ്പിലാവും മുമ്പ് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരും തമ്മിൽ തൊഴിൽ വൈദഗ്ധ്യം, പ്രതിബന്ധത, ഗവേഷണപരത തുടങ്ങിയവയിൽ ഗണനീയമായ എന്തെങ്കിലും മാറ്റമുണ്ടെന്നു തോന്നുന്നില്ല. മാത്രവുമല്ല, എല്ലാ തലത്തിലും കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന പ്രവേശനപരീക്ഷകൾ വന്നതോടെ സേവനപ്രവർത്തനങ്ങളിലും അറിവിന്റെ പ്രയോഗത്തിലും ശ്രദ്ധപതിപ്പിക്കുന്നതിനു പകരം പലരും അടുത്ത തലത്തിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് മുൻഗണന നൽകുന്നു. ഈ പ്രശ്നം എല്ലാ രംഗത്തും പ്രകടമാണ്. ഉയർന്ന സാമൂഹിക ഉത്തരവാദിത്തമുള്ള പല രംഗങ്ങളിലും പരീക്ഷകളിലെ അഭ്യാസപ്രകടനത്തിൽ (പ്രസ്തുത മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത) മികവു പുലർത്തുന്നവരെ പ്രതിഷ്ഠിക്കുന്നതുമൂലം കൂടുതൽ വൈദഗ്ധ്യം ആവശ്യമായ പല മേഖലകളിലും മോശം പ്രകടനം കൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടിവരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ നടത്തുന്ന അഭിരുചി പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അധ്യാപനത്തിലോ ഗവേഷണത്തിലോ പ്രത്യേക മികവുള്ളതായോ അത്തരക്കാർ അവർ പ്രതിനിധീകരിക്കുന്ന രംഗങ്ങളിൽ ഉയർന്ന മാനസികാരോഗ്യത്തോടെ ഇടപെടുന്നതായോ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ലഭ്യമല്ല. മറിച്ചുള്ള തെളിവുകൾക്ക് തെല്ലും കുറവില്ലതാനും.
സമുന്നതപരീക്ഷകൾ പ്രത്യേക ചട്ടക്കൂടിലാണ് പ്രധാനമായും തയ്യാറാക്കുന്നത്. അഭിരുചി പരിശോധിക്കുന്നതിന് ചില മനഃശ്ശാസ്ത്ര പരീക്ഷകൾ, കാര്യക്ഷമത പരിശോധിക്കുന്നതിന് വേഗപരീക്ഷകൾ, ഓർമപരീക്ഷകൾ, ഭാഷാശേഷിയും ആശയവിനിമയശേഷിയും പരിശോധിക്കുന്നതിന് വ്യാകരണപരീക്ഷകൾ എന്നിങ്ങനെ പോകുന്നു അവയുടെ ഘടന. മൂല്യനിർണയം എളുപ്പമാക്കുന്നതിന് ഒ.എം.ആർ. ഷീറ്റുകളിൽ ഉത്തരം രേഖപ്പെടുത്താൻ കഴിയുന്ന ബഹുവികല്പ ചോദ്യങ്ങളാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. ഇവയുടെ സാധ്യതകളെ പൂർണമായി നിരാകരിക്കേണ്ടതില്ല. എന്നാൽ ഇത്തരം എല്ലാ പരീക്ഷകൾക്കും പ്രത്യേക പരിശീലനം അനിവാര്യമായിത്തീർന്ന സാഹചര്യമാണ് ഭീതി സൃഷ്ടിക്കുന്നത്. പല നിലവാരത്തിലുള്ള പരിശീലനകേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. രാജ്യത്തെ ഏതൊരു വമ്പൻ വ്യവസായത്തോടും കിടപിടിക്കുന്ന ടേൺ ഓവർ ഈ വിദ്യാഭ്യാസ വ്യവസായത്തിനുണ്ട്. പത്രങ്ങളിൽ ഉൾപ്പെടെ പരസ്യത്തിന് ഇവർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. രാഷ്ട്രീയനേതൃത്വവും ഭരണനിർവഹണസംവിധാനങ്ങളും മാധ്യമങ്ങളുമെല്ലാം ഇവരുടെ സേവനത്തിന് സദാ സന്നദ്ധമായി നിലകൊള്ളുന്നു. കൂടുതൽ ഫീസ് നൽകി പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് വിജയസാധ്യത ഏറുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ ശുഭകരമായ ഭാവിയെയല്ല എന്ന് നിസ്സംശയം പറയാം.
സമുന്നത പരീക്ഷകൾ രൂപപ്പെട്ടത് സമൂഹത്തിന്റെ പൊതുശ്രയസ്സിനുവേണ്ടിയുള്ള അന്വേഷണങ്ങളുടെ ഭാഗമായല്ല. ഓരോ പ്രതിസന്ധിഘട്ടങ്ങളിൽ അനിവാര്യമായിത്തീർന്ന താൽക്കാലിക പോംവഴികളായിരുന്നു അവ. പിന്നീട് അതിന് അപ്പുറത്തേക്ക് കടക്കാൻ കഴിയാതിരുന്നിടത്താണ് നമ്മുടെ പരാജയം കുടികൊള്ളുന്നത്.
ഉദാഹരണമായി, ഏതാനും പൂജ്യങ്ങൾ കൂട്ടിയപ്പോൾ ഒരാൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ വേണ്ട മാർക്ക് ലഭിച്ചു. ഈ കൺകട്ടുവിദ്യ പുറത്തുവന്നപ്പോഴാണ് അതിൽനിന്ന് രക്ഷപ്പെടാൻ മെഡിക്കൽ പ്രവേശനപരീക്ഷ ഏർപ്പെടുത്തിയത്. അത് അനിവാര്യതയായിരുന്നു. പല സംസ്ഥാനങ്ങളിലെ പല ബോർഡുകൾ നൽകുന്ന മാർക്കിലെ നിലവാരഭേദം കണ്ടെത്തി മെറിറ്റ് നിശ്ചയിക്കാൻ കഴിയാതെ വന്നതും പ്രവേശനപരീക്ഷകളുടെ അനിവാര്യത ഉറപ്പിച്ചു. അങ്ങനെ സി.ബി.എസ്.ഇ.യുടെ നിയന്ത്രണത്തിൽ കേന്ദ്ര പ്രീ-മെഡിക്കൽ എൻട്രൻസും സംസ്ഥാനങ്ങളിൽ പ്രത്യേകം പ്രവേശന പരീക്ഷകളും നടപ്പിലായി. തുടർന്ന് രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി വ്യത്യസ്തതരം പ്രവേശനപരീക്ഷകൾ ഒരു വർഷം എഴുതേണ്ടിവന്നു. അവയിൽ ചിലത് ഒരേ ദിവസം നടക്കാനിടയായാൽ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. ചില പ്രവേശനപരീക്ഷകളുടെ വിശ്വാസ്യതയിൽ സംശയം ജനിക്കാനിടയായതും ചില സംസ്ഥാനങ്ങൾ സ്വന്തം അധികാരം ഉപയോഗിച്ച് അതത് സംസ്ഥാന ബോർഡുകളുടെ യോഗ്യതാപരീക്ഷകൾക്ക് ലഭിച്ച മാർക്ക് മാത്രം പരിഗണിച്ച് പ്രവേശനം നൽകിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. അങ്ങനെ 2012- ൽ രാജ്യത്ത് പൊതുവായ ഒരു മെഡിക്കൽ പ്രവേശനപരീക്ഷ നടത്താൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചു. നാഷണൽ എലിജിബിലിറ്റി കം എൻട്രെൻസ് ടെസ്റ്റ് (NEET) എന്ന പേരിൽ സി.ബിഎസ്.ഇ.യുടെ നിയന്ത്രണത്തിൽ അത് നടപ്പിലാക്കി. തമിഴ് നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ ചില സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് തടസം നേരിട്ട നീറ്റ് പരീക്ഷ 2014 മുതൽ രാജ്യവ്യാപകമായ ഏക മെഡിക്കൽ പ്രവേശനപരീക്ഷയായി നടപ്പിലാക്കപ്പെട്ടു. 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ സമുന്നതപരീക്ഷകളും ഒരു അധികാരകേന്ദ്രത്തിന്റെ കീഴിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) രൂപീകരിച്ച് നീറ്റ്, നെറ്റ് തുടങ്ങി എല്ലാ പരീക്ഷകളും അതിനു കീഴിൽ കൊണ്ടുവരുകയും ചെയ്തു.
എൻ.ടി.എയുടെ രൂപീകരണം പരീക്ഷാക്രമക്കേടുകൾക്ക് വഴിതെളിച്ചു എന്നു പറയുന്നത് തികച്ചും അപഹാസ്യമാണ്. എല്ലാ സമുന്നത പരീക്ഷകളിലും ക്രമക്കേടുകൾ നടക്കുന്നുണ്ട്. പലതും കണ്ടുപിടിക്കപ്പെടുന്നില്ലെന്നുമാത്രം.
പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങളെ പുതിയ ഭരണസംവിധാനത്തിന്റെ (എൻ.ടി.എ) പരാജയമായോ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ കൈകടത്തലായോ ലഘൂകരിക്കുന്നത് രാജ്യം നേരിടുന്ന കാതലായ പ്രശ്നങ്ങളെ തമസ്കരിക്കാനേ സഹായകമാവൂ. സമുന്നതപരീക്ഷകൾ അനിവാര്യമായിരിക്കുന്നിടത്തോളം അവയെ ഏകോപിപ്പിക്കുന്നതിനും അവയിൽ കേന്ദ്രീകരിച്ച് പഠനങ്ങൾ നടത്തി മെച്ചപ്പെട്ട രീതികൾ അവലംബിക്കുന്നതിനും പൂർണസജ്ജമായ ഒരു സമിതി ഉണ്ടാകുന്നത് ഗുണകരമാണ്. എൻ.ടി.എ.യുടെ രൂപീകരണം ആ നിലയിൽ പ്രസക്തമാണ്. അതിന്റെ തലപ്പത്ത് സംഘപരിവാറുകാരാവുമോ പ്രതിഷ്ഠിക്കപ്പെടുക, കാവിവൽക്കരണമാവുമോ നടക്കുക തുടങ്ങിയ ചോദ്യങ്ങൾ പുതിയ സാഹചര്യത്തിൽ പ്രസക്തമല്ല. രാഷ്ട്രീയ കുതന്ത്രങ്ങളും മലിനമായ മതവൽക്കരണവും രാജ്യത്തിന്റെ നാരായവേരിനെയാണ് തകർക്കുന്നത്. അതിനെ നേരിടാൻ പരീക്ഷാനടത്തിപ്പിലെ ക്രമക്കേടിനെ കൂട്ടുപിടിച്ചിട്ടു കാര്യമില്ല.
എൻ.ടി.എയുടെ രൂപീകരണം പരീക്ഷാക്രമക്കേടുകൾക്ക് വഴിതെളിച്ചു എന്നു പറയുന്നത് തികച്ചും അപഹാസ്യമാണ്. എല്ലാ സമുന്നത പരീക്ഷകളിലും ക്രമക്കേടുകൾ നടക്കുന്നുണ്ട്. പലതും കണ്ടുപിടിക്കപ്പെടുന്നില്ലെന്നുമാത്രം. ചോദ്യപേപ്പറുകൾ തയാറാക്കുന്നവരിൽ നിന്നോ പരിഭാഷപ്പെടുത്തുന്നവരിൽ നിന്നോ (പന്ത്രണ്ട് ഭാഷകളിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിക്കുന്നുണ്ട്) അവ ചോർന്നേക്കാം. അച്ചടിക്കുന്നതിനിടയിലോ വിതരണം ചെയ്യുന്നതിനിടയിലോ ചോർത്തപ്പെട്ടേക്കാം. അവയുടെ സൂക്ഷിപ്പുകാരോ പരീക്ഷാനടത്തിപ്പുകാരോ ക്രമക്കേടുകൾ കാണിച്ചേക്കാം. ഒ.എം.ആർ റീഡ് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. ഇവയിൽ പലതും പല പരീക്ഷകളിലും നടന്നിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കളായി നിൽക്കുന്നത് ചില്ലറക്കാരല്ല എന്ന് നാം ഓർക്കണം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുചേർന്നാൽ ഏത് വിധ്വംസക പ്രവർത്തനവും സുസാധ്യമായ രാജ്യമാണ് നമ്മുടേത്. പരസ്യങ്ങളുടെ പേരിൽ പത്രങ്ങൾക്ക് ഒഴുക്കിനൽകുന്ന കോടികളും ഈ വ്യവസായത്തിലെ മൂലധനം തന്നെ. തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാത്ത വിദ്യാർത്ഥിയുടെ ചിത്രം വ്യാജമായി നൽകി നടത്തുന്ന പരസ്യങ്ങൾ അഴിമതിയുടെ ഭാഗമാണ്.
ഒമ്പത് മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പൊതുവായ ഒരു പഠനക്രമവും ഓപ്ഷണലായ പഠനക്രമവും ഏർപ്പെടുത്തിയാൽ മെഡിക്കൽ പഠനത്തിലേക്ക് നയിക്കുന്ന ചില കോഴ്സുകൾ അതിൽ ഉൾപ്പെടുത്താൻ കഴിയും.
നിലവിലെ സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ശക്തിപ്പെടുത്തുകയും അതിനോടുള്ള സമൂഹത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയുമാണ് വേണ്ടത്. വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ സ്ഥാപനത്തിന്റെ നേതൃനിരയിൽ ഉണ്ടാവണം. അക്കാദമികവിദഗ്ധർ, മികച്ച അഡ്മിനിസ്ട്രേറ്റർമാർ, സാങ്കേതിക വിദഗ്ധർ, കുറ്റാന്വേഷകർ തുടങ്ങിയവർക്ക് പല തരത്തിൽ ഇതിൽ സംഭാവന ചെയ്യാൻ കഴിയും. വീഴ്ച സംഭവിച്ചശേഷം പരിഹാരം തേടുന്നതിനെക്കാൾ നല്ലത് പഴുതടച്ചുള്ള സംഘാടനമാണ്. വീഴ്ചകൾ മൂടിവയ്ക്കാതിരിക്കുകയും അവയോടൊപ്പം സ്വീകരിച്ച പരിഹാരനടപടികളും സമൂഹത്തെ അറിയിച്ചുകൊണ്ടിരിക്കുകയുമാണ് വേണ്ടത്. ഒരേ തരം ചോദ്യങ്ങൾ ഒരേ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിങ്ങനെയുള്ള പതിവുകൾ ടെസ്റ്റിങ്ങിനെയും സെലക്ഷനെയും ദുഷിപ്പിക്കാൻ ഇടയുണ്ട്. അതിനാൽചലനാത്മകമായ രീതികളാണ് അവലംബിക്കേണ്ടത്. വിവിധ സെലക്ഷനുകളുടെ ഓരോ ചക്രവും പൂർത്തിയായാൽ അതിന്റെ ഫലപ്രപ്തി സംബന്ധിച്ച പഠനം സംഘടിപ്പിച്ച് അടുത്ത ചക്രത്തിലേക്കുള്ള മാറ്റങ്ങൾ തീരുമാനിക്കണം. പരിശീലന ലോബികളുടെ സ്വാധീനം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് ചോദ്യരീതികൾ മാറ്റിക്കൊണ്ടിരിക്കുകയും സിലബസ് പരിഷ്കരിച്ചുകൊണ്ടിരിക്കുകയും വേണം. പരീക്ഷകൾക്ക് പുറമെ സെലക്ഷൻ വൈവിധ്യവൽക്കരിക്കുന്നതിനുള്ള മറ്റ് കുറ്റമറ്റ ഉപാധികൾ കണ്ടെത്താൻ ശ്രമിക്കുകയും വേണം. പരീക്ഷകളുടെ നടത്തിപ്പിന് താഴെത്തട്ടുവരെ സ്വന്തം നിയന്ത്രണത്തിലുള്ള സംവിധാനങ്ങൾ വികസിപ്പിക്കണം. നിലവിൽ എല്ലാ പരീക്ഷകളുടെയും നടത്തിപ്പുചുമതല നഗരങ്ങളിലെ സ്കൂളുകൾക്കാണ്. സ്കൂളുകളുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നുമാത്രമല്ല, ചില സ്കൂൾ മേധാവികൾ തട്ടിപ്പു നടത്തുന്നതിനു വേണ്ട പരിശീലനം നേടുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്തിനകത്തുള്ള മെഡിക്കൽ കോളേജുകളിലെ പ്രവേശനം സ്വന്തം നിലയിൽ നടത്തിക്കൊള്ളാം എന്ന തമിഴ്നാട് സർക്കാരിന്റെ നിലപാട് നിർദ്ദോഷകരമാണെന്നു തോന്നുന്നില്ല. അതിന് അനുകൂലമായ ബദലുകളൊന്നും മുന്നോട്ടുവയ്ക്കാതെയാണ് ഇത്തരം അവകാശവാദങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള ഇത്തരം മറിമായങ്ങൾ രാജ്യത്തിന്റെ വിശാലതാല്പര്യങ്ങളെ തുരങ്കം വയ്ക്കുന്നതാണ്. സെക്കന്ററി സ്കൂൾ സംവിധാനത്തിൽ ഗണ്യമായ മാറ്റം വരുത്തിക്കൊണ്ടുള്ള ചില സംവിധാനങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കേണ്ടതുണ്ട്. ഒമ്പത് മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പൊതുവായ ഒരു പഠനക്രമവും ഓപ്ഷണലായ പഠനക്രമവും ഏർപ്പെടുത്തിയാൽ മെഡിക്കൽ പഠനത്തിലേക്ക് നയിക്കുന്ന ചില കോഴ്സുകൾ അതിൽ ഉൾപ്പെടുത്താൻ കഴിയും. പ്രായോഗികപരിശീലനം ഉൾപ്പെടുന്ന ഇത്തരം കോഴ്സുകൾ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കാം. വൈദഗ്ധ്യത്തോടൊപ്പം മനോഭാവവും വികസിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിൽ കോഴ്സ് ആസൂത്രണം ചെയ്യണം. ഇത്തരം ഒന്നിലധികം കോഴ്സുകൾ ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാം. കോഴ്സിന്റെ ക്രഡിറ്റ് മെഡിക്കൽ പ്രവേശനത്തിന് പരിഗണിക്കാൻ കഴിയും. ഒരു പ്രവേശനപരീക്ഷകൾക്ക് പകരം രണ്ടോ മൂന്നോ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന എലിജിബിലിറ്റി ടെസ്റ്റുകളുടെ കൺസോളിഡേഷൻ എൻട്രെൻസിന് പരിഗണിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
അവസരങ്ങൾ കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുമ്പോഴാണ് കടുത്ത മത്സരം ഉണ്ടാകുന്നത്. ഇന്ത്യയെ സംബന്ധിച്ച് വേണ്ടത്ര അഭിരുചിയും വൈദഗ്ധ്യവും ഉള്ളവർ പല മേഖലകളിലും കുറവാണ്. സാമൂഹികപദവി, സാമ്പത്തികഭദ്രത, ദുരഭിമാനം എന്നിവ മുൻനിർത്തി ചില മേഖലകളിൽ നടക്കുന്ന തള്ളിക്കയറ്റമാണ് സന്തുലനം തകർക്കുന്ന തരത്തിലുള്ള മത്സരങ്ങൾക്ക് വഴിതുറക്കുന്നത്. ഇപ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് ആവശ്യമായ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ ലഭ്യമല്ലെന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. മെഡിക്കൽ കോളേജുകളുടെ ഭൗതികസൗകര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് കൂടുതൽ പഠനസൗകര്യങ്ങൾ ഒരുക്കി ഗ്രാമപ്രദേശങ്ങൾക്ക് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാവുന്നതാണ്. ഈ നയം പല മേഖലകളിലും പിന്തുടരാൻ കഴിയും. ഇക്കാര്യത്തിൽ കൂടുതൽ എതിർപ്പ് പ്രകടിപ്പിക്കുന്നത് അതത് മേഖലകളിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞവരാണ്. നിലവാരത്തിന്റെയും വൈദഗ്ധ്യത്തിന്റെയുമെല്ലാം പേരിൽ അവർ തടസ്സവാദങ്ങൾ ഉന്നയിക്കുന്നു. മെരിറ്റിന്റെ കൊടുമുടിയിൽ നിൽക്കുന്നവരുടെ അനാസ്ഥയും അശ്രദ്ധയും കൊണ്ടുണ്ടായിട്ടുള്ള ദുരന്തങ്ങൾ നാം ഏറെ കണ്ടതാണ്. ഇനി കുറച്ച് വൈദഗ്ധ്യക്കുറവ് സഹിക്കാൻ സമൂഹം തയ്യാറാണെന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
സമുന്നതപരീക്ഷകളുടെ അപ്രമാദിത്തം കുറയ്ക്കുക എന്നതാവണം നമ്മുടെ ആത്യന്തികലക്ഷ്യം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും യഥേഷ്ഠം കടന്നുവരാൻ തക്കവിധം പ്രൊഫഷണൽ മേഖലകളിലെ പ്രവേശനം വഴക്കമുള്ളതാവുകയാണ് വേണ്ടത്. സ്ഥിരം ലാവണം എന്ന സങ്കല്പത്തിലെല്ലാം മാറ്റം വന്നേക്കാം. വിദഗ്ധതൊഴിലിൽ പ്രാഗൽഭ്യം പുലർത്തുന്ന ഒരാൾക്ക് തന്റെ കഴിവുകൾ പുതിയ തലമുറയ്ക്ക് പങ്കുവയ്ക്കാൻ അവസരം നൽകുന്ന തരത്തിൽ പരിശീലനസ്ഥാപനങ്ങളുടെ പ്രവേശനകവാടങ്ങൾ വഴക്കമുള്ളതായിത്തീരണം. വറ്റിവരണ്ട വിഭവകലവറയുമായി ഒരാൾ അക്കാദമികവേദിയിൽ നിരന്തരം അഭ്യാസം നടത്തുന്ന സാഹചര്യവും തടയപ്പെടണം. സാമൂഹികസുരക്ഷിതത്വത്തിന്റെ പല ഘടകങ്ങൾ കണക്കിലെടുത്തുമാത്രമേ ഇത്തരം മാറ്റങ്ങൾ സാധ്യമാവൂ. എങ്കിലും ഈ ദിശയിലേക്കുതന്നെയാണ് നാം മുന്നേറേണ്ടത്. അനുഭവങ്ങൾ അതിന് വഴികാട്ടിയാവട്ടെ.