നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് - തുടങ്ങിയ കാലം മുതൽ വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. 24 ലക്ഷം പേർ എഴുതിയ പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതായിരുന്നു ഈ വർഷത്തെ പ്രശ്‌നങ്ങൾ. നന്നായി പഠിച്ച് പരീക്ഷ എഴുതിയവരെ പിന്തള്ളി, നന്നായി പണം ചെലവാക്കിയ ചിലർ പാസായ ഒരു പരീക്ഷയായിരുന്നു ഇത്തവണത്തെ നീറ്റ് യു.ജി.
മെയ് അഞ്ചിനായിരുന്നു ഈ വർഷത്തെ നീറ്റ്. രാജ്യത്തിനകത്തും പുറത്തും 500- ഓളം പരീക്ഷാ കേന്ദ്രങ്ങൾ. ഇന്ത്യക്കു പുറത്ത് കാഠ്മണ്ഡു, സിംഗപ്പൂർ, ബാങ്കോക്ക്, കൊളംബോ, എന്നിവിടങ്ങളിലും കുവൈത്ത്, അബുദാബി, യു എ ഇ ഉൾപ്പടെയുള്ള ജി സി സി രാജ്യങ്ങളിലും നീറ്റ് കേന്ദ്രങ്ങളുണ്ട്. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) ഔദ്യോഗിക കണക്കുകൾ പ്രകാരം 23,33,297 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 2023-ൽ 20,38,596 വിദ്യാർഥികളാണ് എഴുതിയത്, ഇത്തവണ നാല് ലക്ഷത്തോളം അധികം പേർ.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അതേ ദിവസമായിരുന്നു, ജൂൺ നാലിന് നീറ്റ് റിസൾട്ടും പുറത്തുവിട്ടത്. 720-ൽ 720 മാർക്കും നേടി 67 വിദ്യാർത്ഥികൾ ഒന്നാം റാങ്കിലെത്തി. 2013 മുതലുള്ള നീറ്റിന്റെ ചരിത്രത്തിൽ ഒരു വർഷം ഇത്രയധികം കുട്ടികൾക്ക് ഒന്നാംറാങ്ക് കിട്ടുന്നത് ആദ്യമായാണ്. യു പി എസ് സി സിവിൽ സർവീസ്, ജെ ഇ ഇ അഡ്വാൻസ്ഡ്, ഗേറ്റ്, നാഷണൽ ഡിഫൻസ് അക്കാദമി എക്സാം തുടങ്ങി രാജ്യത്തെ എറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളിൽ പെടുന്നതാണ് നീറ്റ് എന്നോർക്കണം. അതുകൊണ്ടാണ് 67 ഒന്നാം റാങ്കുകൾ എന്ന, വിചിത്ര റിസൾട്ട് പുറത്തു വന്നപ്പോൾ തന്നെ പരീക്ഷാ വിദഗ്ധരും വിദ്യാർത്ഥികളും സംശയങ്ങളുമായി രംഗത്തു വന്നത്.
നീറ്റ് ഫലങ്ങളുടെ മുൻവർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ 2024-ലെ റിസൾട്ടിൽ പ്രശ്‌നങ്ങളേറെയുണ്ടെന്ന് മനസ്സിലാകും.
കഴിഞ്ഞ വർഷം ആകെ രണ്ടു പേർക്ക് മാത്രമാണ് 720 മാർക്കും നേടാനായത്. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രബഞ്ചൻ ജെ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ബോറാ വരുൺ ചക്രവർത്തി എന്നിവർക്കായിരുന്നു മുഴുവൻ മാർക്ക് (99.9 ശതമാനം). തൊട്ടു പുറകിൽ 716 മാർക്ക് നേടിയ തമിഴ്‌നാട്ടിൽ നിന്നുതന്നെയുള്ള കൗസ്തവ് ബൗറിയയും (99.99) 715 മാർക്ക് നേടിയ പഞ്ചാബ് സ്വദേശി പ്രഞ്ചൽ അഗർവാളും (99.99).
2022-ലെ നീറ്റിൽ, നാല് പേർക്കായിരുന്നു ഒന്നാം റാങ്ക്. ആർക്കും മുഴുവൻ മാർക്കുണ്ടായിരുന്നില്ല. 715 മാർക്ക് നേടിയ തനിഷ്‌ക എന്ന വിദ്യാർത്ഥിക്കായിരുന്നു ഒന്നാം റാങ്ക്. രണ്ടാം സ്ഥാനത്ത് 715 മാർക്ക് തന്നെ നേടിയ വത്സ ആശിഷ് ബത്രയും.
2021-ൽ മൂന്ന് പേർക്കാണ് 720 മാർക്ക് ഉണ്ടായിരുന്നത് - മൃണാൾ കുട്ടേരി, തൻമയ് ഗുപ്ത, കാർത്തിക ജി. നായർ. അതായത്, മുഴുവൻ മാർക്ക് നേടുന്നവരുടെയോ ഒന്നാം റാങ്ക് നേടുന്നവരുടെയോ എണ്ണം വിരലിലെണ്ണാവുന്നത്രയേ ഉണ്ടാവുകയുള്ളൂ. ആ സ്ഥാനത്താണ് ഇത്തവണ 67 പേർക്ക് 720 മാർക്ക് ലഭിച്ചത്. ഇതെങ്ങനെ സംഭവിച്ചു? എൻ.ടി.എക്ക് ന്യായങ്ങൾ പലതാണ്.
മറ്റൊരു പ്രശ്‌നം, ഒന്നാംറാങ്ക് നേടിയവരിൽ രണ്ടുപേർക്ക് കിട്ടിയത് 718,719 മാർക്കു വീതമാണ്. നീറ്റിന്റെ മാർക്കിംഗ് സിസ്റ്റം അനുസരിച്ച് ഒരു കാരണവശാലും 718, 719 മാർക്കുകൾ കിട്ടില്ല.
നീറ്റ് ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷയാണ്.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി (സുവോളജി, ബോട്ടണി ഉൾപ്പടെ) എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ഓരോ വിഷയത്തിൽ നിന്നും 50 ചോദ്യങ്ങൾ. ആകെ 200 ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് വീതം. ഓരോ തെറ്റുത്തരങ്ങൾക്കും ഒരു മൈനസ് മാർക്ക്. ഈ മാനദണ്ഡമനുസരിച്ച് 720 എന്ന മുഴുവൻ മാർക്കിന് തൊട്ടു താഴെ നേടാൻ കഴിയുന്ന ഏറ്റവും ഉയർന്ന മാർക്ക് 716 ആണ്. അതിന് തൊട്ടു താഴെ 715, 714 മാർക്ക് വീതവും. ആ നിലയ്ക്ക് രണ്ടു പേർക്ക് 718, 719 മാർക്ക് വീതം കിട്ടിയത്, ദുരൂഹമായിരുന്നു. ഇതുകൂടാതെ, സമയം തികഞ്ഞില്ല എന്ന് വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ, 1563 പേർക്ക് ഗ്രേസ് മാർക്കും നൽകി.
ആരോപണങ്ങളുയർന്നപ്പോൾ പരീക്ഷയിൽ പിഴവില്ലെന്നാണ് എൻ.ടി.എയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ആദ്യം അവകാശപ്പെട്ടത്. ‘നീറ്റ് പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിന്റെയോ അഴിമതിയുടെയോ ചോദ്യപേപ്പർ ചോർച്ചയുടെയോ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല’ എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണത്തിലല്ല, വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിലാണ് കഴമ്പില്ലാത്തതെന്ന് പിന്നീട് തെളിഞ്ഞു. പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു: "സുപ്രീംകോടതി നിർദ്ദേശപ്രകാരം 1,563 ഉദ്യോഗാർത്ഥികളുടെ പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടങ്ങളിലെ പരീക്ഷയിൽ ചില ക്രമക്കേടുകൾ നടന്നതായി പുറത്തുവന്നിട്ടുണ്ട്. ഈ വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നത്"
എൻ.ടി.എയുടെ പാളിപ്പോയ വിശദീകരണങ്ങൾ
റിസൾട്ടിലെ പൊരുത്തക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ ആരോപണങ്ങൾക്ക് പ്രധാനമായും മൂന്ന് വിശദീകരണങ്ങളാണ് എൻ.ടി.എ നൽകിയത്. അതിലൊന്ന്, ഇത്തവണത്തെ നീറ്റ് കഴിഞ്ഞ തവണത്തെക്കാൾ എളുപ്പമായിരുന്നു എന്ന കേവലവും അതി ദുർബലവുമായ വിശദീകരണമാണ്: ‘പരീക്ഷ എളുപ്പമായതിനാൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും വാങ്ങിയ കുട്ടികളുടെ എണ്ണം ഉയരുന്നത് സ്വഭാവികമാണ്' എന്നായിരുന്നു ഒരു എൻ ടി എ ഒഫിഷ്യൽ ഇന്ത്യൻ എക്‌സപ്രസിന് നൽകിയ മറുപടി (https://indianexpress.com/article/explained/why-is-there-a-controversy-around-neet-this-year-9378906/). എന്നാൽ 2024-ലെ നീറ്റ് പറയുന്നത് പോലെ എളുപ്പമായിരുന്നോ?
പരീക്ഷ ബുദ്ധിമുട്ടായിരുന്നെന്ന് പരീക്ഷാ വിദഗ്ധരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടിരുന്നു. മുൻവർഷങ്ങളിലേതിനെക്കാൾ മാർക്കും വിജയശതമാനവും ഇത്തവണ താഴേക്ക് പോകുമെന്നും വിദഗ്ധർ പ്രവചിച്ചിരുന്നു. ആർക്കും മുഴുവൻ മാർക്ക് കിട്ടുമെന്ന് കരുതുന്നില്ലെന്ന് വിദ്യാർത്ഥികളും പ്രതികരിച്ചിരുന്നു. (https://timesofindia.indiatimes.com/city/madurai/neet-lengthy-this-year-experts-predict-slight-dip-in-scores/articleshow/109867330.scm). അപ്പോൾ പിന്നെ പരീക്ഷ എളുപ്പമായിരുന്നെന്ന് എൻ ടി എ ഉദ്യോഗസ്ഥർ പറയുന്നതിന്റെ അർത്ഥമെന്താണ്?
രണ്ടാമതായി, വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സ്ഥാപിക്കാൻ എൻ ടി എ പറഞ്ഞത്, ഇത്തവണ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു എന്നാണ്: 'കഴിഞ്ഞ തവണ 20,38,596 കുട്ടികളാണ് പരീക്ഷയെഴുതിയതെങ്കിൽ ഇത്തവണ 23,33,297 പേർ. ഇത്രയധികം കുട്ടികൾ പരീക്ഷയെഴുതുമ്പോൾ മുഴുവൻ മാർക്കും ഒന്നാം റാങ്കും നേടിയവരുടെ എണ്ണത്തിലും സ്വാഭാവികമായും വർദ്ധനുവുണ്ടാകും'.
എൻ ടി എ ഈ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് എങ്ങനെയാണ്? എത്ര മാർക്ക് ഗ്രേസ് മാർക്കായി അനുവദിച്ചു? പരീക്ഷ തുടങ്ങാൻ വൈകിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ അധികസമയം അനുവദിച്ചില്ല? ചോദ്യങ്ങൾക്കൊന്നും എൻ ടി എക്ക് ഉത്തരമില്ല.
ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഇതിൽ ഏറ്റവും പ്രധാനം. മുഴുവൻ മാർക്ക് നേടിയ 67 പേരിൽ 50 പേർക്കും ഗ്രേസ് മാർക്ക് അനുവദിച്ചു എന്നാണ് എൻ ടി എ പറഞ്ഞത്. ഇതിൽ, 44 പേർക്ക് ഗ്രേസ് മാർക്ക് കൊടുത്തത് ആൻസർ കീയിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ്, ബാക്കി ആറ് പേർക്ക് പരീക്ഷ തുടങ്ങാൻ വൈകിയെന്ന കാരണം കാണിച്ചും.
സമയനഷ്ടം കാണിച്ച് 1563 പേർക്ക് ഗ്രേസ് മാർക്ക് കൊടുത്തതിനെ എൻ ടി എ ന്യായീകരിക്കുന്നത് 2018-ലെ സുപ്രീംകോടതി വിധി മുൻനിർത്തിയാണ്- ദിഷ പഞ്ചൽ vs യൂണിയൻ ഓഫ് ഇന്ത്യ. എന്നാൽ ഈ കേസ് 2018-ലെ എൽ എൽ ബിക്കുള്ള പ്രവേശന പരീക്ഷ ക്ലാറ്റുമായി (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) ബന്ധപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിലെ ഉത്തരവാണ്. ഈ ഉത്തരവിൽ 'അഡ്മിഷൻ ടു എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അതർ ദാൻ മെഡിക്കൽ ആൻഡ് എഞ്ചിനീയറിംഗ്' എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതായത് ഈ വിധി മെഡിക്കൽ, എഞ്ചിനീയറിംഗ് പരീക്ഷകൾക്ക് ബാധകമല്ല. അപ്പോൾ എൻ ടി എ ഈ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് എങ്ങനെയാണ്? എത്ര മാർക്ക് ഗ്രേസ് മാർക്കായി അനുവദിച്ചു? പരീക്ഷ തുടങ്ങാൻ വൈകിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ അധികസമയം അനുവദിച്ചില്ല? ചോദ്യങ്ങൾക്കൊന്നും എൻ ടി എക്ക് ഉത്തരമില്ല.
മറ്റൊന്ന്, 718, 719ഉം മാർക്ക് വീതം വാങ്ങിയ രണ്ട് വിദ്യാർത്ഥികളും ഒരേ പരീക്ഷാകേന്ദ്രത്തിൽ നിന്നുള്ളവരായിരുന്നു എന്നതാണ് - ഹരിയാനയിലെ ജജ്ജർ.
ചോദ്യപേപ്പർ ചോർച്ച മാത്രമല്ല, ഇത്തവണത്തെ നീറ്റ് ഫിസിക്‌സ് പരീക്ഷയുടെ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളുണ്ടായതും വിദ്യാർത്ഥികളെ കുഴപ്പിച്ചു. എൻ സി ആർ ടി ഇ ടെക്‌സ്റ്റ്ബുക്കിന്റെ പഴയ എഡിഷനിലും പുതിയ എഡിഷനിലും ഇതേ ചോദ്യമുണ്ട്. എന്നാൽ രണ്ട് പുസ്തകങ്ങളിലും ശരിയുത്തരമായി മാർക്ക് ചെയ്തിരിക്കുന്നത് രണ്ട് വ്യത്യസ്ത ഉത്തരങ്ങളാണ്. ഇത് കുട്ടികളെ കുഴപ്പിച്ചു. രണ്ടുത്തരങ്ങളും ശരിയായി തിരഞ്ഞെടുക്കാം എന്നാണ് നീറ്റ് വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് 13,000-ത്തോളം പരാതികൾ കിട്ടിയിട്ടുണ്ടെന്ന് എൻ.ടി.എ തന്നെ വ്യക്തമാക്കുന്നു.
ഇത്രയധികം പ്രശ്‌നങ്ങൾ 2024-ലെ നീറ്റിനുണ്ട്. ഇതിനെല്ലാം പുറമെയാണ് റിസൾട്ട് പ്രഖ്യാപിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ജൂൺ നാല് തന്നെ തിരഞ്ഞെടുത്തത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇലക്ഷൻ റിസൾട്ടിന്റെ പുറകെ പോകുമെന്ന് മനസ്സിലാക്കിയാണ് ഈ ദിവസം തന്നെ ഫലപ്രഖ്യാപനത്തിന് തിരഞ്ഞെടുത്തത് എന്ന് ആരോപണമുയർന്നിരുന്നു.
ഡി.എം.കെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നുമായിരുന്നു തമിഴ്‌നാട്ടിൽ നീറ്റ് ഒഴിവാക്കും എന്നത്. 2021-ൽ സ്റ്റാലിൻ സർക്കാർ ഇതിനായി നിയമം പാസാക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ തമിഴ്നാട് മോഡൽ
2013-ൽ നീറ്റ് എന്ന സംവിധാനം ആരംഭിച്ചപ്പോൾ മുതൽ അതിനെ നഖശിഖാന്തം ഏതിർത്തിരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. മുഖ്യമന്ത്രിയായിരുന്ന ജയലളിത പ്രധാനമന്ത്രി മൻമോഹൻ സിംഗിനെഴുതിയ കത്തിൽ പറയുന്നത്, 'തമിഴ്‌നാട്ടിൽ നിലവിലുള്ള സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ട്, അതിനാൽ നീറ്റ് നടത്താൻ ഉദ്ദേശിക്കുന്നില്ല' എന്നാണ്. ഇപ്പോഴും തമിഴ്‌നാടിന്റെ നിലപാടിൽ മാറ്റമില്ല: ‘നീറ്റിന്റെ അപകടങ്ങൾ ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് അതിനെതിരേ ഞങ്ങൾ വിപുലമായ കാമ്പയിൻ നടത്തിയത്’ എന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞത്. ഡി.എം.കെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നുമായിരുന്നു തമിഴ്‌നാട്ടിൽ നീറ്റ് ഒഴിവാക്കും എന്നത്. 2021-ൽ സ്റ്റാലിൻ സർക്കാർ ഇതിനായി നിയമം പാസാക്കുകയും ചെയ്തു.
‘നീറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശനത്തെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് കെ. എ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. നീറ്റ് സംവിധാനം സാമൂഹികനീതിയെയും പാവപ്പെട്ട വിദ്യാർത്ഥികളെയും എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് തുറന്നുകാണിക്കുന്നതായിരുന്നു ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു’ - നീറ്റ് ക്രമക്കേടുകളുടെ പാശ്ചാത്തലത്തിൽ എം.കെ സ്റ്റാലിൻ എക്സിൽ കുറിച്ചു.
തമിഴ് മീഡിയത്തിൽ പഠിച്ചവർ, സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ളവർ എന്നീ വിഭാഗക്കാരിൽ വളരെ കുറച്ചു പേർക്കേ നീറ്റ് വന്നതിനുശേഷം മെഡിക്കൽ പ്രവേശനം കിട്ടുന്നുള്ളൂ എന്ന് രാജൻ കമീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. പാവപ്പെട്ടവരും ഗ്രാമീണരുമായ വിദ്യാർഥികളെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാറ്റിനിർത്തുന്ന സംവിധീനമാണ് നീറ്റ് എന്ന സർക്കാർ വാദം ശരിവെക്കുന്നതായിരുന്നു റിപ്പോർട്ട്.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ നിർദേശിക്കുന്ന തമിഴ്‌നാട് അഡ്മിഷൻ ടു അണ്ടർ ഗ്രജ്വേറ്റ് മെഡിക്കൽ ഡിഗ്രി കോഴ്‌സ് ബില്ലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. നീറ്റ് മാർക്കിന് പകരം, മുമ്പുണ്ടായിരുന്നത് പോലെ പ്ലസ് ടു പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്താം എന്നാണ് ബില്ലിലെ വ്യവസ്ഥ. സ്റ്റാലിൻ അവതരിപ്പിച്ച ബില്ലിനെ പ്രധാന പ്രതിപക്ഷവും എൻ ഡി എ സഖ്യകക്ഷിയുമായ എ ഐ എ ഡി എം കെയും പിന്തുണച്ചിരുന്നു. സാമൂഹികനീതിയും തുല്യതയും ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയാണിതെന്നാണ് ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ പറഞ്ഞത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ പഠനം സാധ്യമാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നീറ്റ് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. ‘അയിത്തത്തിന്റെ ആധുനിക രൂപം’ എന്നാണ് സ്റ്റാലിൻ നീറ്റിനെ വിശേഷിപ്പിച്ചത്.
2021-ൽ അവതരിപ്പിച്ച ബിൽ, ഒരു വർഷം താമസിപ്പിച്ചതിന് ശേഷം 2022-ൽ ഗവർണർ തിരിച്ചയച്ചു. അതേ വർഷം ഫെബ്രുവരിയിൽ നിയമസഭ ബിൽ വീണ്ടും പാസാക്കി അയച്ചു. ബിൽ അംഗീകരിക്കണമെന്നഭ്യർഥിച്ച് കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രി സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും കത്തയച്ചിരുന്നു.
സ്വന്തമായി അധികാരങ്ങളുള്ള സംസ്ഥാനങ്ങളുടെ യൂണിയനാണ് ഈ രാജ്യം എന്ന് കേന്ദ്രസർക്കാർ മറന്നുപോയതിന്റെ തെളിവാണ് നീറ്റ് എന്നാണ് തമിഴ്നാടിന്റെ വാദം. നീറ്റുമായി ബന്ധപ്പെട്ട തമിഴ്നാട് സർക്കാറിന്റെ നീക്കം കേവലം ഒരു പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടതു മാത്രമല്ല. സംസ്ഥാനങ്ങളുടെ നിലനിൽപ്പിന്റെയും രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം സംരക്ഷിക്കുന്നതിനുമുള്ള വിശാല സമരം കൂടിയാണ്.
ബീഹാർ, ഗോധ്ര ചോദ്യപേപ്പർ ചോർച്ചയും അന്വേഷണങ്ങളും
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പടർന്നുകിടക്കുന്ന വൻ പരീക്ഷാ മാഫിയയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിലെ ഗോധ്രയിൽനിന്ന് പൊലീസ് പിടിയിലായി. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർത്ഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമായിരുന്നു ഗോധ്രയിൽ നടന്നത്. 26 മത്സരാർത്ഥികളിൽ നിന്ന് 12 കോടി രൂപ വാങ്ങിയായിരുന്നു ഈ തട്ടിപ്പ്.
ബീഹാറിൽ ലക്ഷങ്ങൾ വാങ്ങിയാണ് പരീക്ഷയുടെ തലേന്ന് വിദ്യാർഥികൾക്ക് സോൾവ്ഡ് ചോദ്യപേപ്പർ നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകി. ചോദ്യ പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകിയവർ 30 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടെന്നാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴി. പണം കൊടുത്താൽ ഏതു പരീക്ഷയുടെയും ചോദ്യപേപ്പർ എത്തിച്ചുനൽകുന്ന 'സോൾവർ ഗ്യാങ്ങ്' എന്ന സംഘമാണ് നീറ്റ് പരീക്ഷയുടെയും ചോദ്യപേപ്പർ ചോർത്തിയത്.
അതിനിടെ ബീഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി ബി ഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബീഹാറിലെ പാട്‌നയിൽ നിന്ന് മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ഇവർ പത്തിലധികം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകി എന്നാണ് സി ബി ഐ റിപ്പോർട്ട്.
അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ പിടികൂടുന്നതിൽ ഇപ്പോഴത്തെ നടപടികൾ ഒതുങ്ങിയേക്കും. ക്രമക്കേട് സാധ്യമാക്കിയ സംവിധാനം അതേപടി തുടരുകയും ചെയ്യും.
ജയിപ്പിക്കുന്ന സോൾവർ ഗ്യാങ്ങ്
‘സോൾവർ ഗ്യാങ്ങ്’ എന്നറിയപ്പെടുന്ന സംഘമാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് ബീഹാർ പൊലീസ് സ്ഥിരീകരിച്ചു. ഏതുതരം പരീക്ഷാ ക്രമക്കേടുകളും ചെയ്തുകൊടുക്കുന്ന വലിയ നെറ്റ് വർക്കാണ് സോൾവർ ഗ്യാങ്ങ്. ബീഹാറിലും പുറത്തും ഈ ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ട്. ഏത് പരീക്ഷയുടെയും ചോദ്യപേപ്പർ, പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോർത്തിയെടുത്ത്, ഉത്തരങ്ങൾ സഹിതം ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതാണ് ഇവരുടെ രീതി. തട്ടിപ്പ് നടത്തിയെടുക്കാൻ വേണ്ടത്ര ആൾബലവും ശേഷിയും ഗ്യാങ്ങിനുണ്ട്. മുപ്പതും നാൽപ്പതും ലക്ഷം രൂപയാണ് ഈടാക്കുക. ചോദ്യപേപ്പർ അച്ചടിക്കുന്ന പ്രസുകൾ, അയക്കുന്ന കൊറിയർ ഏജൻസികൾ മുതൽ പരീക്ഷാകേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാർ വരെയുള്ളവർക്കിടയിൽ സോൾവർ ഗ്യാങ്ങിന്റെ ഏജന്റുമാരും ‘ശമ്പള’ക്കാരുമുണ്ട്.
ചോദ്യപേപ്പർ ചോർത്തി നൽകുക മാത്രമല്ല, പകരം ആളെ ഇരുത്തി പരീക്ഷ എഴുതിത്തരികയും ചെയ്യും സോൾവർ ഗ്യാങ്ങ്. അറസ്റ്റിലായ സംഘത്തിലെ പ്രധാനി രവി അത്രി 2012-ലും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. സമീപ വർഷങ്ങളിൽ രാജ്യത്തെ നടുക്കിയ പ്രധാന ചോദ്യപേപ്പർ ചോർച്ചകളുടെയെല്ലാ പിന്നിൽ രവി അത്രിയും സോൾവർ ഗ്യാങ്ങുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ, 60,000 തസ്തികകളിലേക്ക് 43 ലക്ഷം പേർ എഴുതിയ യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തലിലും പ്രതിയായ രവി അത്രിയെ യു.പി സ്പെഷൽ ടാസ്‌ക് ഫോഴ്സ് പിടികൂടിയിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ ഇവരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്.
'നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽനിന്നു സമയബന്ധിതമായ നടപടിയാണ് പ്രതീക്ഷിക്കുന്നത്' എന്നാണ് സുപ്രീംകോടതി പറഞ്ഞത്. തെറ്റു പറ്റിയെങ്കിൽ അത് തുറന്നുസമ്മതിക്കാൻ എൻ ടി എ തയാറാവണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും എസ് വി എൻ ഭട്ടിയും അടങ്ങിയ അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു: 'പരീക്ഷ നടത്തുന്ന ഏജൻസിയെന്ന നിലയിൽ നിങ്ങൾ സുതാര്യതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. തെറ്റു പറ്റിയെങ്കിൽ അത് തുറന്നു പറയൂ. ഇങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്, അതു പരിഹരിക്കാൻ നടപടിയെടുത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയാണെങ്കിൽ നിങ്ങളിലുള്ള വിശ്വാസം വർധിക്കും. വിദ്യാർഥികൾ കഠിനമായ തയാറെടുപ്പിനു ശേഷമാണ് പരീക്ഷയ്ക്കു വരുന്നത്. അതു കണ്ടില്ലെന്നു നടിക്കാനാവില്ല. 0.001 ശതമാനം വീഴ്ചയാണെങ്കിൽക്കൂടി കർശന നടപടി വേണം' - കോടതി പറഞ്ഞു.
പ്രവേശനപരീക്ഷയും കോച്ചിങും;
വലിയ കച്ചവടങ്ങൾ
കേന്ദ്രീകൃത വിദ്യാഭ്യാസവും നീറ്റ് പോലെ അഖിലേന്ത്യാ തരത്തിൽ നടത്തപ്പെടുന്ന പ്രവേശനപരീക്ഷകളും വലിയ കച്ചവടമേഖലയായി മാറിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസപ്രവർത്തകൻ പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചത്:
‘‘കേന്ദ്രീകൃത എൻട്രൻസ് പരീക്ഷകൾ വ്യാപകമായതോടെ വലിയ തോതിൽ പണം ഒഴുകുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട്. ഇന്ന് രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ബിസിനസുകളിലൊന്ന് എൻട്രൻസ് കോച്ചിംഗ് ആണ്. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തുന്ന ഈ പരീക്ഷകൾ പലയിടത്തും പ്രവേശനത്തിനുള്ള മാനദണ്ഡമാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുടെ പരീക്ഷകളും സിലബസും അപ്രസക്തമാവുകയാണ്. കേരളത്തിനുണ്ടായിരുന്ന കീം, തമിഴ്നാടിന്റെ സി ഇ ടി തുടങ്ങി മെഡിക്കൽ പ്രവേശനത്തിന് അതത് സംസ്ഥാനങ്ങൾ നടത്തിപ്പോന്നിരുന്ന പ്രവേശന പരീക്ഷകളെല്ലാം നീറ്റ് എന്ന ഒറ്റ പരീക്ഷയിലേക്ക് ചുരുങ്ങി. അന്നു മുതൽ എൻട്രൻസ് കോച്ചിംഗ് മേഖലയിലേക്ക് ഭീമമായ തരത്തിൽ പണമൊഴുകുന്നുണ്ട്. കോച്ചിംഗ് വലിയ ബിസിനസ് ആയതും ഇതിനുശേഷമാണ്. യഥാർത്ഥത്തിൽ മെഡിക്കൽ മേഖലയോട് ആളുകൾക്കുള്ള താത്പര്യം എന്നത്, സേവനത്തിനുള്ള അവസരം മാത്രം ഉദ്ദേശിച്ചുള്ളതല്ല. മുടക്കുന്ന പണത്തിന്റെ ഇരട്ടി ഉണ്ടാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ലക്ഷങ്ങൾ കൊടുത്ത് ചോദ്യപേപ്പർ കൈക്കലാക്കണമെന്ന മാനസിക നിലയിലേക്ക് ആളുകളെ എത്തിക്കുന്നത്. എൻട്രൻസ് പരീക്ഷകൾ കച്ചവടവത്ക്കുകരിക്കുന്നതിൽ നീറ്റ് പോലുള്ള പ്രവേശന പരീക്ഷകൾക്ക് വലിയ പങ്കുണ്ട്. ഈ കച്ചവടം അസവാനിപ്പിക്കുകയാണ് വേണ്ടത്’’.
‘‘കേരളത്തിലെ ഹയർസെക്കണ്ടറി ടെക്സ്റ്റ്ബുക്കുകൾ മുഴുവനും കേന്ദ്രത്തിൽ നിന്ന് സ്വീകരിക്കുകയാണ് അല്ലെങ്കിൽ കേന്ദ്രത്തിന്റെ മാതൃകകളാണ്. കാരണം എല്ലാ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷകളുടെയും ചോദ്യങ്ങൾ കേന്ദ്രത്തിന്റെ ടെക്സ്റ്റ്ബുക്കുകളെ അടിസ്ഥാനമാക്കിയാണ്’’
പരീക്ഷാ സംവിധാനത്തിന്റെ കേന്ദ്രീകരണമുണ്ടാക്കുന്ന അപകടങ്ങൾ ഗുരുതരമാണെന്നും പി. പ്രേമചന്ദ്രൻ പറയുന്നു: ‘‘വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ പെടുന്ന സംഗതിയാണ്. ഓരോ സംസ്ഥാനത്തിനും, രാജ്യവിരുദ്ധമാകാത്ത തരത്തിൽ അവരവരുടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവും കരിക്കുലവും തിരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോഴെന്താണ് സംഭവിക്കുന്നത്, കേരളത്തിലെ ഹയർസെക്കണ്ടറി ടെക്സ്റ്റ്ബുക്കുകൾ മുഴുവനും കേന്ദ്രത്തിൽ നിന്ന് സ്വീകരിക്കുകയാണ് അല്ലെങ്കിൽ കേന്ദ്രത്തിന്റെ മാതൃകകളാണ്. കാരണം എല്ലാ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷകളുടെയും ചോദ്യങ്ങൾ കേന്ദ്രത്തിന്റെ ടെക്സ്റ്റ്ബുക്കുകളെ അടിസ്ഥാനമാക്കിയാണ്. ദേശീയ തലത്തിലുള്ള എൻട്രൻസ് പരീക്ഷകൾക്ക് വലിയ പ്രധാന്യം ലഭിച്ചതോടെ അതത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസവും, തങ്ങളുടെ വിദ്യാഭ്യാസം തിരുമാനിക്കാനുള്ള സംസ്ഥനങ്ങളുടെ അവകാശങ്ങളും ഇല്ലാതായി. എല്ലാം ഒന്നിലേക്ക് ചുരുക്കപ്പെടുന്നു. ഇത് ഫാഷിസത്തിലേക്കുള്ള വഴിയാണ്. ഇപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ താത്പര്യങ്ങൾ വർദ്ധിപ്പിക്കുന്ന തരത്തിൽ കരിക്കുലം നിർമിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുകയും വിദ്യാഭ്യാസത്തെ വികേന്ദ്രീകരിക്കുകയും ചെയ്താലല്ലാതെ ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. വിദ്യാഭ്യാസത്തെ വികേന്ദ്രീകരിക്കുകയാണ് പോംവഴി. അതത് സംസ്ഥാനങ്ങളുടെ പ്രവേശനപരീക്ഷകൾ അതത് സംസ്ഥാനങ്ങൾക്ക് തിരുമാനിക്കാൻ കഴിയണം. ഏത് സംസ്ഥാനത്തെ പരീക്ഷയും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും എഴുതാനും കഴിയണം. ഇത്തരത്തിൽ വിദ്യാഭ്യാസത്തെ മൊത്തത്തിൽ വികേന്ദ്രീകരിക്കുകയല്ലാതെ ഇതിന് പരിഹാരമില്ല’’.
കോച്ചിങും മെരിറ്റും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ചും അദ്ദേഹം പറയുന്നു: ‘‘കോച്ചിംഗ് സ്ഥാപനങ്ങൾ കുത്തകകളാണെന്ന കാര്യത്തിൽ തർക്കമില്ല. സ്കൂൾ വിദ്യാഭ്യാസം തീർത്തും അപ്രസക്തമാക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ. എൻട്രൻസ് പരീക്ഷ പാസാകണമെങ്കിൽ പ്രത്യേകം പരിശീലനം നേടണം. കോച്ചിംഗ് സ്ഥാപനത്തിൽ പരിശീലനത്തിന് പോകുന്നവർക്ക് മാത്രമേ സീറ്റ് ഉറപ്പുള്ളൂ. മെറിറ്റ് എന്ന വാക്കിന്റെ അർത്ഥം ഒരുതരത്തിലും ഈ മെറിറ്റിൽ പ്രതിഫലിക്കുന്നില്ല. എട്ടാം ക്ലാസ് മുതൽ ഇത്തരം കോച്ചിംഗ് ക്ലുകളിൽ വലിയ ഫീസ് കൊടുത്ത് പഠിക്കുന്നവർക്ക് മാത്രമേ മെറിറ്റ് ഉള്ളൂ എന്ന സ്ഥിതിയാണ്. കോച്ചിംഗ് സെൻറ്റിൽ പോകാൻ കഴിയാത്ത, മികച്ച വിദ്യാർത്ഥികൾ ചിത്രത്തിലേ വരുന്നില്ല. ആ തരത്തിൽ മെറിറ്റ് എന്ന നമ്മുടെ സങ്കൽപ്പം പോലും ഇത്തരം കോച്ചിംഗ് സ്ഥാപനങ്ങൾ അട്ടിമറിച്ചിരിക്കുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന സംഭവങ്ങൾ, വലിയൊരു ഐസ്ബർഗിന്റെ ഏറ്റവും പുറമേയുളള ഭാഗം മാത്രമാണ്’’.
ഇപ്പോഴത്തെ ക്രമക്കേടുകളുടെ പാശ്ചാത്തലത്തിൽ, പരീക്ഷാ നടത്തിപ്പിലും അവയുടെ ഘടന തീരുമാനിക്കുന്നതിലും മറ്റും യൂണിവേഴ്സിറ്റികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടായിരുന്ന സ്വയംഭരണം നഷ്ടമാകുന്ന പ്രശ്നം അക്കാദമിക് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
പരീക്ഷയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും പരീക്ഷാഫലം റദ്ദാക്കി പുനർമൂല്യനിർണയം നടത്തി വീണ്ടും ഫലപ്രഖ്യാപനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സൈലം ലേണിംഗ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു: ‘വിചിത്രമായ രീതിയിൽ ഗ്രേസ് മാർക്ക് നൽകിയത് പരീക്ഷാഫലത്തിൽ വൻ തിരിമറിക്കു വഴിയൊരുക്കിയെന്നു സംശയിക്കേക്കേണ്ടിയിരിക്കുന്നു. മുൻ വർഷങ്ങളിലെ നീറ്റ് പരീക്ഷയിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായിരുന്നു 720ൽ 720 മാർക്കും വാങ്ങി ഒന്നാം റാങ്ക് നേടിയിരുന്നത്. ഇത്തവണ 67 പേരുണ്ട്. അതിൽ 47 പേരും ഗ്രേസ് മാർക്കിലൂടെ വന്നവരാണ്. ഫലം പ്രഖ്യാപിച്ചതിനെ തുടർന്നു വിവാദം ഉണ്ടായപ്പോൾ മാത്രമാണ് ഗ്രേസ് മാർക്ക് നൽകിയ കാര്യം എൻ ടി എ പുറത്തു പറഞ്ഞത്. മാർക്ക് ദാനത്തിന് അവർ പറയുന്ന ന്യായങ്ങൾ വിചിത്രവുമാണ്’, സൈലം ലേണിംഗിന്റെ ഡയറക്ടർ ലീജീഷ് കുമാർ പറഞ്ഞു.
വീണ്ടും നടത്തി, വീണ്ടും പാളി
ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായി വീണ്ടും നടത്തിയ നീറ്റിൽ പങ്കെടുത്തത് 52% വിദ്യാർത്ഥികൾ മാത്രം. 1563 പേരായിരുന്നു പരീക്ഷക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ 813 പേർ മാത്രമാണ് ഹാജരായത്. 750 പരീക്ഷയ്ക്ക് എത്തിയില്ല.
പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി ബി ഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ദിവസമാണ് റീ നീറ്റ് നടത്തിയത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച സിബിഐക്ക് പുറമെ ഇഡിയും അന്വേഷിച്ചേക്കും. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നോ എന്നും സംശയമുണ്ട്.
പരീക്ഷയിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നീറ്റ് പി ജി പരീക്ഷയും മാറ്റിവെച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങിനെ ചുമതലയിൽ നിന്ന് മാറ്റി. റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് കരോളയ്ക്കാണ് പുതിയ ചുമതല. പ്രദീപ് സിങിനെ താത്കാലിക ചുമതലയിൽ നിയമിച്ച കേന്ദ്രസർക്കാർ പുതിയ എൻ ടി എ ഡയറക്ടർ ജനറലിനെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. എൻ.ടി.എയുടെ ഘടനയും പരീക്ഷാനടത്തിപ്പ് രീതികളും പഠിക്കാൻ ഒരു സമിതിയെയും കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.
നീറ്റ് യു.ജി വിവാദങ്ങൾക്കിടെ സി.എസ്.ഐ.ആർ യു.ജി.സി നെറ്റിലും ക്രമക്കേട് നടന്നെന്ന വാർത്ത എൻ ടി എയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യുന്നതായി.
അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ പിടികൂടുന്നതിൽ ഇപ്പോഴത്തെ നടപടികൾ ഒതുങ്ങിയേക്കും. ക്രമക്കേട് സാധ്യമാക്കിയ സംവിധാനം അതേപടി തുടരുകയും ചെയ്യും. ഇപ്പോഴത്തെ ക്രമക്കേടുകളുടെ പാശ്ചാത്തലത്തിൽ, പരീക്ഷാ നടത്തിപ്പിലും അവയുടെ ഘടന തീരുമാനിക്കുന്നതിലും മറ്റും യൂണിവേഴ്സിറ്റികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടായിരുന്ന സ്വയംഭരണം നഷ്ടമാകുന്ന പ്രശ്നം അക്കാദമിക് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ വൈവിധ്യമാർന്ന അക്കാദമിക് പാശ്ചാത്തലങ്ങളെയാകെ റദ്ദാക്കുന്ന ഏക പൊതുപരീക്ഷാസംവിധാനം തന്നെ പൊളിച്ചെഴുതണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പുതിയ തലവനെ പ്രതിഷ്ഠിച്ച് എൻ.ടി.എ എന്ന അതേ സംവിധാനം തന്നെ തുടരുകയാണെങ്കിൽ, ഇതേ പിഴവുകൾ ആവർത്തിക്കുകയായിരിക്കും ഫലം.