തമിഴ്നാട് അന്നേ പറഞ്ഞു,
‘നീറ്റ് പാവപ്പെട്ടവരെ പുറന്തള്ളുന്ന പരീക്ഷയാണ്’

‘നീറ്റ്’ എങ്ങനെയാണ് അടിസ്ഥാന വർഗ വിദ്യാർഥികളെ പുറന്തള്ളുന്നത് എന്ന് ഡാറ്റകളുടെ അടിസ്ഥാനത്തിൽ തുറന്നുകാട്ടുന്നതാണ് തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.എ. രാജൻ റിപ്പോർട്ട്. നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പാശ്ചാത്തലത്തിൽ റിപ്പോർട്ടിന്റെ മലയാളത്തിൽ അടക്കമുള്ള പരിഭാഷകൾ എക്സിൽ ഷെയർ ചെയ്ത്, നീറ്റിനെതിരായ നടപടികൾക്ക് ഐക്യദാർഢ്യം തേടിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

Think

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സുപ്രീംകോടതി വരെ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന പോരാട്ടം ശ്രദ്ധ നേടുന്നു. തങ്ങൾ ‘നീറ്റി’ന്റെ അപകടങ്ങൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് അതിനെതിരെ വിപുലമായ കാമ്പയിൻ നടത്തിയതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു:

‘‘2021-ൽ ഞങ്ങൾ അധികാരത്തിൽ വന്നശേഷം, നീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ പ്രത്യാഘാതം പഠിക്കാൻ ജസ്റ്റിസ് കെ.എ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരിൽനിന്ന് കമ്മിറ്റി വിശദമായ ഡാറ്റ ശേഖരിച്ച് പഠിച്ച് റിപ്പോർട്ടു നൽകി. നീറ്റ് എന്ന സംവിധാനം സാമൂഹിക നീതിക്കും പാവപ്പെട്ട വിദ്യാർഥികൾക്കും എങ്ങനെയാണ് എതിരായിരിക്കുന്നത് എന്നു തുറന്നുകാണിക്കുന്ന ഈ റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാറുകൾക്കും അയച്ചുകൊടുത്തിരുന്നു. രാജൻ കമീഷൻ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നീറ്റിനെ പ്രവേശനനടപടികളിൽനിന്ന് ഒഴിവാക്കാൻ നിർദേശിക്കുന്ന ബിൽ സംസ്ഥാന നിയമസഭ ഐക്യകണ്ഠമായി പാസാക്കിയിരുന്നു. അത് ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണ്. തമിഴ്‌നാട് ഗവർണർ വൈകിപ്പിച്ചതു മൂലമാണ് രാഷ്ട്രപതിയുടെ പരിശോധന വൈകുന്നത്''- സ്റ്റാലിൻ കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ‘നീറ്റി’നെതിരെ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്ന്

The Tamil Nadu Admission to Under Graduate Medical Degree Courses എന്ന ബിൽ 2021-ലാണ് തമിഴ്‌നാട് നിയമസഭ പാസാക്കിയത്. 12-ാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകണം മെഡിക്കൽ, ഡന്റൽ, ഹോമിയോപ്പതി ബിരുദകോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. ബിൽ, ഒരു വർഷം വച്ചുതാമസിപ്പിച്ചശേഷം 2022-ൽ ഗവർണർ തിരിച്ചയച്ചു. അതേ വർഷം ഫെബ്രുവരിയിൽ നിയമസഭ ബിൽ വീണ്ടും പാസാക്കി അയക്കുകയായിരുന്നു. ബിൽ അംഗീകരിക്കണമെന്നഭ്യർഥിച്ച് കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രി സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചിരുന്നു.

‘നീറ്റി’നെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയരുന്നതിനും അതിനായുള്ള അഭിപ്രായ ഐക്യത്തിനുമാണ് റിപ്പോർട്ട് തമിഴ്‌നാട് സർക്കാർ സംസ്ഥാന സർക്കാറുകൾക്ക് അയച്ചത്. ഇംഗ്ലീഷിലേക്കും പ്രധാന പ്രാദേശിക ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയാണ് രാജൻ കമീഷൻ റിപ്പോർട്ട് വ്യാപകമായി ലഭ്യമാക്കിയത്. മലയാളമടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത റിപ്പോർട്ട് സ്റ്റാലിൻ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുമുണ്ട്. നീറ്റ് എന്ന പ്രവേശന സംവിധാനം എത്രമാത്രം കച്ചവടവൽക്കരിക്കപ്പെട്ടതും അടിസ്ഥാനവർഗ വിദ്യാർഥികളെ പുറന്തള്ളുന്നതുമാണെന്ന് തെളിവുകൾ സഹിതം വിശദീകരിക്കുന്നു.

തമിഴ്നാട്ടിലെ
‘നീറ്റ്’ കടുംകൈകൾ

തമിഴ് മീഡിയത്തിൽ പഠിച്ച ഗ്രാമീണ മേഖലയിൽനിന്നുള്ളവർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവർ, തമിഴ്‌നാട് സ്‌റ്റേറ്റ് ബോർഡ് സ്‌കൂളിൽ പഠിച്ചവർ തുടങ്ങിയവരിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനായതെന്ന് രാജൻകമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീറ്റ് വരുന്നതിനുമുമ്പ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞിരുന്നു, എന്നാൽ, നീറ്റ് വന്നതിനുശേഷം അവരുടെ എണ്ണം പിന്നെയും കൂടുകയും തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണം തുച്ഛമാകുകയും ചെയ്തു.

നീറ്റ് വരുന്നതിനുമുമ്പ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞിരുന്നു, എന്നാൽ, നീറ്റ് വന്നതിനുശേഷം അവരുടെ എണ്ണം പിന്നെയും കൂടുകയും തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണം തുച്ഛമാകുകയും ചെയ്തു.

2010-11 മുതൽ 2016-17 കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ ലഭിച്ചവരിൽ 80.2 ശതമാനം മുതൽ 85.12 ശതമാനം പേരും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരായിരുന്നു. ഇതേ കാലത്ത് അഡ്മിഷൻ ലഭിച്ച തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണമാകട്ടെ, 2010- 11ൽ 19.79 ശതമാനവും 2016-17ൽ 14.88 ശതമാനവും മാത്രം.

നീറ്റ് നിലവിൽനിന്ന് നാലു വർഷം കൊണ്ട് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണം 1.6- 3.27 ശതമാനം എന്ന നിരക്കിലാണ്. അതേസമയം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരുടെ ശതമാനം 2016-17-ൽ 85.12 ആയിരുന്നത് 2017-18ൽ 98.41 ആയും 2020-21ൽ 98.01 ആയും ഉയർന്നു.

നീറ്റിനുമുമ്പ്, 2010-11 മുതൽ 2016-17 കാലത്ത്, ഗ്രാമീണ മേഖലയിൽനിന്നുള്ള 61.5 ശതമാനം വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ, 2020-21ൽ ഇത് 49.91 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരപ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ശതമാനത്തിൽ വൻ വർധനയുണ്ടായി. നീറ്റിനുമുമ്പ് 38.55 ശതമാനമായിരുന്നത് 2020-21ൽ 50.09 ശതമാനമായി ഉയർന്നു.

നീറ്റ് വന്നതിനുശേഷം, മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന ഉയർന്ന വരുമാനക്കാരുടെ എണ്ണം, താഴ്ന്ന വരുമാനക്കാരുടേതിനേക്കാൾ കൂടി വരികയാണ്.

തമിഴ്നാട്ടിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം 2010-11ൽ 0.13 ശതമാനമായിരുന്നത് 2020-21ൽ 26.83 ശതമാനമായി കൂടി.

നീറ്റിനുമുമ്പ്, 2.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽനിന്ന് ശരാശരി 41 ശതമാനം വിദ്യാർഥികൾക്കാണ് അഡ്മിഷൻ ലഭിച്ചിരുന്നത് എങ്കിൽ, നീറ്റിനുശേഷം ഇവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. എന്നാൽ, 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികളുടെ എണ്ണം 58 ശതമാനത്തിൽനിന്ന് 62 ശതമാനമായി കൂടുകയും ചെയ്തു.

സംസ്ഥാന ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണം നീറ്റിനുമുമ്പ് 95 ശതമാനമായിരുന്നത്, 2020-21ൽ 64.27 ശതമാനമായി ഇടിഞ്ഞു. അതേസമയം, സി.ബി.എസ്.ഇ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം 3.1 ശതമാനത്തിൽനിന്ന് 2020-21ൽ 32.26 ശതമാനമായി ഉയർന്നു.

സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം 2010-11ൽ 0.13 ശതമാനമായിരുന്നത് 2020-21ൽ 26.83 ശതമാനമായി കൂടി. എന്നാൽ, സംസ്ഥാന ബോർഡ് പരീക്ഷയെഴുതിയവരുടെ എണ്ണം ഇതേ കാലഘട്ടത്തിൽ 71.73 ശതമാനത്തിൽനിന്ന് 43.13 ശതമാനമായി കുറഞ്ഞു.

നീറ്റ് പരീക്ഷക്ക് ലഭിക്കുന്ന മാർക്കാണ് മെഡിക്കൽ പ്രവേശനത്തിന് വിദ്യാർഥിയുടെ നിലവാരമായി പരിഗണിക്കുന്നത്. ഇത് പ്ലസ് ടുവിന് കിട്ടുന്ന മാർക്കിനെ അപ്രസക്തമാക്കുന്നതായി കമീഷൻ ചൂണ്ടിക്കാട്ടി. നീറ്റ് തുടങ്ങിയശേഷം, ഹയർ സെക്കൻഡറി സ്‌കോറിന്റെ നിലവാരത്തിലും ഇടിവുണ്ടായതായി കമീഷൻ കണ്ടെത്തി. തമിഴ്‌നാട്ടിൽ, നീറ്റ് വരുന്നതിനുമുമ്പ് എം.ബി.ബി.എസ് പ്രവേശനം നേടിയിരുന്ന വിദ്യാർഥികളുടെ പ്ലസ് ടു മാർക്ക് ശരാശരി 98.16 ശതമാനമായിരുന്നുവെങ്കിൽ നീറ്റ് വന്നശേഷം അത് 89.05 ശതമാനമായി കുറഞ്ഞു.

നീറ്റ് പരീക്ഷയോടെ നിലവിൽവന്ന കോച്ചിങ് സെന്ററുകൾ തമിഴ്നാട്ടിൽ 5750 കോടി രൂപ ടേണോവറുള്ള വൻ വ്യവസായമാണ്.

പരിശീലനകേന്ദ്രങ്ങളുടെ അമിതമായ തോതിലുള്ള ഇടപെടലുകളും കമീഷൻ എടുത്തുകാട്ടുന്നു. 2019-20 കാലത്ത് തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനം നേടിയവരിൽ 99 ശതമാനം പേരും കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്തവരാണ്.

നീറ്റ് പരീക്ഷയോടെ നിലവിൽവന്ന കോച്ചിങ് സെന്ററുകൾ തമിഴ്നാട്ടിൽ 5750 കോടി രൂപ ടേണോവറുള്ള വൻ വ്യവസായമായി മാറിയതായി കമീഷൻ ചൂണ്ടിക്കാട്ടി. കോച്ചിങ് അനിവാര്യമാക്കുന്ന പരീക്ഷാഘടനയാണ് നീറ്റിന്റേത്. മൂന്നു മണിക്കൂറിനുള്ളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്, ശരിയായ പരിശീലനത്തിലൂടെ മാത്രമേ സാധ്യമാകൂ, ഒരു ചോദ്യത്തിന് 3 മിനിറ്റ് എന്നത് നല്ല പരിശീലനം ലഭിച്ചവർക്ക് മാത്രമേ നേടാനാകൂ. അത്തരം പരീക്ഷയെ ശരിയായ വിധത്തിൽ അഭിമുഖീകരിക്കാൻ പരിശീലനം ലഭിക്കാത്ത, ഗ്രാമത്തിലെ, പാവപ്പെട്ട, വിദ്യാർത്ഥികൾക്ക് കഴിയില്ല.

മെഡിക്കൽ വിദ്യാഭ്യാസം നീറ്റ് ആരംഭിച്ച് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ, കോച്ചിങ്ങിന് വലിയ ഫീസ് നൽകാൻ കഴിയുന്ന സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്നു. അത് സ്കൂൾ അടിസ്ഥാനമാക്കിയോ കോർപ്പറേറ്റ് അടിസ്ഥാനമാക്കിയോ ആകാം. പ്രസക്തമായ അറിവുകളെയും കഴിവുകളെയും നിരസിച്ച് "കോച്ചിംഗ്" എന്ന ഒരൊറ്റ മാനദണ്ഡത്തിലേക്ക് മെഡിക്കൽ ​പ്രവേശനം ചുരുങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത്തരം കച്ചവട കേന്ദ്രങ്ങളിൽനിന്ന് അടിസ്ഥാന പരിശീലനം ലഭിച്ചിറങ്ങുന്ന വിദ്യാർഥികൾസംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചക്കുതന്നെ കാരണമാകുമെന്ന ആശങ്കയും കമീഷൻ മുന്നോട്ടുവക്കുന്നു.

കോച്ചിങ് സെന്ററുകൾ എന്ന കച്ചവട കേന്ദ്രങ്ങളിൽനിന്ന് അടിസ്ഥാന പരിശീലനം ലഭിച്ചിറങ്ങുന്ന വിദ്യാർഥികൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചക്കുതന്നെ കാരണമാകുമെന്ന ആശങ്കയും ജസ്റ്റിസ് കെ.എ. രാജൻ കമീഷൻ മുന്നോട്ടുവക്കുന്നു.

ഇന്ത്യയിലെ പല സംസ്ഥാന സർക്കാരുകളും ഏജൻസികളും പോലും (ഉത്തർപ്രദേശ്, മഹാരാഷ്ട്ര , ഇന്ത്യൻ ആർമി) ദരിദ്ര വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ക്ലാസുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്, ഇതില്ലാതെ, ഈ വിദ്യാർത്ഥികൾ NEET, JEE, UG CLAT തുടങ്ങിയ മത്സര പരീക്ഷകളിൽ വിജയിച്ചേക്കില്ലെന്ന് അവർ കരുതുന്നു. ലഡാക്ക് NEET, JEE, UG CLAT, NDA എന്നിവക്കായി രണ്ട് വർഷത്തേക്ക് സ്വകാര്യ കോച്ചിംഗ് സെൻററുകളിൽ ചേരാൻ യോഗ്യരായ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. മത്സരഓട്ടത്തിൽ തുടരുന്നതിന് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ പോലും അത്തരം മാർക്കറ്റ് ട്രെന്റുകൾ നിർബന്ധിതമാക്കി.

വിദ്യാർഥികളുടെ ശരിയായ പഠനനിലവാരം, അവരുടെ സാമൂഹിക നില, പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചാൽ, നീറ്റ് എന്ന സംവിധാനം എടുത്തുകളയണമെന്ന നിർദേശമാണ് രാജൻ കമീഷൻ മുന്നോട്ടുവക്കുന്നത്. പകരം, ഹയർ സെക്കൻഡറി സ്‌കോർ മാനദണ്ഡമാക്കണം.

സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് നിലവാരം കൂടുതലുള്ളതുകൊണ്ടാണ് മുൻഗണന ലഭിക്കുന്നത് എന്ന വാദത്തെയും കമീഷൻ തള്ളുന്നു. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ ഇല്ലാത്തതിനാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട് പറയുന്നു.

സംശയങ്ങൾ
നിരവധി

രാജ്യത്തെ മെഡിക്കൽ, ഡന്റൽ, ആയുഷ് കോഴ്‌സുകൾക്ക് സർക്കാർ, സ്വകാര്യ കോളേജുകളിൽ പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നീറ്റ്. 2017-18 ലാണ് ഈ പ്രവേശനപരീക്ഷക്ക് തുടക്കമായത്. 700-ഓളം മെഡിക്കൽ കോളേജുകളിൽ ഒരു ലക്ഷത്തോളം എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ഈ വർഷം 24 ലക്ഷം വിദ്യാർഥികളാണ് നീറ്റ് എഴുതിയത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പലയിടത്തും വിദ്യാർഥി പ്രക്ഷോഭം നടക്കുന്നുണ്ട്.

നിശ്ചിത പത്തു ദിവസത്തിനും മുമ്പേ റിസൾട്ട് പ്രഖ്യാപിച്ചതുമുതൽ ഇത്തവണ നീറ്റ് പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സംശയങ്ങളുയർന്നിരുന്നു.

ഒന്നോരണ്ടോ പേർ മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് ഇത്തവണ 67 പേർ ആകെയുള്ള 720 മാർക്കും നേടി ഒന്നാം റാങ്കുകാരായി. ഇവരിൽ ആറ് പേർ ഹരിയാനയിലെ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരായിരുന്നു. കഴിഞ്ഞ വർഷം പരമാവധി സ്‌കോർ ലഭിച്ചത് അഞ്ചു പേർക്കായിരുന്നു. അതോടൊപ്പം, ഹരിയാനയിലെ പ്രത്യേക സെന്ററിലെ വിദ്യാർഥികൾക്ക് 719, 718 മാർക്കുവീതം ലഭിച്ചതും സംശയങ്ങൾക്കിടയാക്കി. അതായത് ശരിയുത്തരത്തിന് നാലു മാർക്കാണ്, തെറ്റിയാൽ നെഗറ്റീവായി ഒരു മാർക്ക് കുറയ്ക്കും. ഒരു ചോദ്യം പോലും വിടുകയോ തെറ്റിയാലോ പരമാവധി 716- ഓ 715-ഓ മാർക്കാണ് കിട്ടുക. അതിനുപകരം 719, 718 മാർക്ക് കിട്ടിയതും സംശയകരമാണ്.

പരീക്ഷയ്ക്ക് സമയം തികഞ്ഞില്ല എന്ന് പരാതിപ്പെട്ട 1543 വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകി, പരീക്ഷാഹാളിൽ എത്താൻ വൈകി തുടങ്ങിയ കാരണങ്ങളാണ് ഗ്രേസ് മാർക്ക് നൽകാൻ കാരണമായി പറഞ്ഞത്. എന്നാൽ, മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനൽ ടെസ്റ്റിംഗ് ഏജൻസി (NTA -National Testing Agecy) പറയുന്നത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് എൻ.ടി.എ നൽകിയ വിശദീകരണം കൂടുതൽ കുഴപ്പം നിറഞ്ഞതായിരുന്നു

വിമർശനങ്ങൾക്ക് എൻ.ടി.എ നൽകിയ വിശദീകരണം കൂടുതൽ കുഴപ്പം നിറഞ്ഞതായിരുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻ ടി എ വിശദീകരിക്കുന്നത്. എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് നൽകിയതത്രേ. രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലും ഗ്രേസ് മാർക്ക് നൽകി.

അതിനിടെ, സുപ്രീംകോടതിയിൽ നൽകിയ വിവിധ ഹർജികളിൽ, പരീക്ഷാനടത്തിപ്പുകാരായ എൻ.ടി.എയോട് വിശദീകരണം തേടി. പരീക്ഷ നന്നായി സംഘടിപ്പിച്ചെന്ന് അവകാശപ്പെട്ടിട്ടു കാര്യമില്ലെന്നും വിവാദങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നും എൻ.ടി.എയോട് കോടതി നോട്ടീസ് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. വേനലവധിക്ക് ശേഷം ജൂലായ് എട്ടിന് തുടർ വിചാരണയും നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നീറ്റ് യു.ജി റദ്ദാക്കണമെന്നും കൗൺസിലിങ്ങ് തടയണമെന്നുള്ള ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ഫലം പ്രഖ്യാപിച്ചതിനാൽ കൗൺസിലിങ്ങ് തുടങ്ങട്ടെയെന്നും തടയുന്നില്ലെന്നും ജസ്റ്റിസ് വിക്രനാഥ് അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപിച്ച്, നീറ്റ് ഫലം പ്രഖ്യാപിക്കും മുമ്പ് പരീക്ഷാർഥി ശിവാംഗി മിശ്ര ഉൾപ്പടെ ഒമ്പത് വിദ്യാർഥികൾ നൽകിയ റിട്ട് ഹർജിയാണ് ചൊവ്വാഴ്ച അവധിക്കാല ബെഞ്ച് പരിഗണിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായാണ് ആരോപണം.

‘നീറ്റ്’ പരീക്ഷാഫലം പുറത്തുവന്ന ശേഷം നിരവധി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പലയിടത്തും വിദ്യാർഥി പ്രക്ഷോഭം നടക്കുന്നുണ്ട്. പരീക്ഷാഫലം പുറത്തുവന്ന ശേഷം നിരവധി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ രംഗത്തുവന്നിരുന്നു. വിമർശനങ്ങളെ തുടർന്ന് ഗ്രേസ് മാർക്ക് നൽകിയ 1563 പേരുടെ പരീക്ഷാഫലം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു പാനലിനെ നിയോഗിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ് അറിയിച്ചിരുന്നു. പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് എൻ.ടി.എ വ്യക്തമാക്കിയത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും ടെസ്റ്റ് നടത്താനാണ് നീക്കമെന്ന് സൂചനയുണ്ട്. അന്വേഷണ സമിതി ചില പരീക്ഷാ കേന്ദ്രങ്ങളിലെ വീഡിയോ ഫുട്ടേജുകൾ പരിശോധിച്ചിട്ടുണ്ട്.


2021-ല്‍ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ എം.കെ. സ്റ്റാലിൻ സർക്കാർ നീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ പ്രത്യാഘാതം പഠിക്കാന്‍ ജസ്റ്റിസ് കെ.എ. രാജന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. കമീഷൻ റിപ്പോർട്ട് മലയാളത്തിലടക്കം പരിഭാഷപ്പെടുത്തി സംസ്ഥാന സർക്കാറുകൾക്ക് അയക്കുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷാക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മലയാളത്തിലടക്കമുള്ള റിപ്പോർട്ട് പരിഭാഷകൾ കഴിഞ്ഞ ദിവസം സ്റ്റാലിൻ എക്സിൽ ഷെയർ ചെയ്തു. ജസ്റ്റിസ് കെ.എ. രാജൻ കമീഷൻ റിപ്പോർട്ടിന്റെ മലയാള പരിഭാഷ പൂർണ രൂപം വായിക്കാം.

Comments