രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യുജി. ഈ വർഷം മെയ് മൂന്നിന് നടത്തിയ നീറ്റ് - യുജി പരീക്ഷ റദ്ദാക്കിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചിട്ടുണ്ടാവുക. MBBS ഉൾപ്പെടെ വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഏതാണ്ട് 22 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എത്രയോ വർഷങ്ങളുടെ തയ്യാറെടുപ്പിനു ശേഷമാണ് ഈ കുട്ടികൾ നീറ്റ് പോലുള്ള മത്സരപരീക്ഷകൾ അഭിമുഖീകരിക്കുന്നത്. ചോദ്യപേപ്പർ അച്ചടിച്ച പ്രിൻ്റിങ് പ്രസ്സിൽ നിന്നുമാണത്രേ ഈ പേപ്പർ ചോർച്ച. ഒന്നും രണ്ടും ചോദ്യങ്ങളല്ല 120 ചോദ്യങ്ങളാണ് ചോർത്തിയെടുത്ത് വിതരണം ചെയ്തത്.
നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ക്രമക്കേടുകളും ഇതാദ്യമായല്ല ഉയരുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിരുന്നു. 720-ൽ 720 മാർക്കും ലഭിച്ചത് 67 പേർക്കായിരുന്നു! 2023-ൽ മുഴുവൻ മാർക്കും നേടിയത് 2 പേർ മാത്രമായിരുന്നു. 2022-ൽ ഒരാൾക്കു പോലും മുഴുവൻ മാർക്കും നേടാനായില്ല. 67 പേർക്ക് മുഴുവൻ മാർക്കു ലഭിക്കുകയെന്ന അസ്വാഭാവികത മാത്രമല്ല 2024-ലുണ്ടായത്. 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും ഒരിക്കലും സംഭവ്യമല്ലാത്ത 719,718 തുടങ്ങിയ മാർക്കുകൾ നിരവധി വിദ്യാർത്ഥികൾ നേടിയതും റിപ്പോർട്ട് ചെയ്യപ്പെട്ടു. (180 ചോദ്യങ്ങളിൽ 180-ഉം ശരിയാക്കിയാൽ 720; 179 ശരികൾക്ക് 716 , 179 ശരിയുത്തരവും 1 തെറ്റുത്തരവുമെങ്കിൽ 715 എന്നല്ലേ മാർക്കുകൾ സാധ്യമാവൂ). അന്ന് പരീക്ഷ റദ്ദാക്കിയില്ല. സുപ്രീം കോടതി ഇടപെട്ട് ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാത്രം വീണ്ടും പരീക്ഷ നടത്തി പ്രശ്നം പരിഹരിച്ചു. അന്ന് ഏതാണ്ട് 1500 കുട്ടികൾ പുന:പരീക്ഷയെഴുതി. ഇന്ന് മുഴുവൻ പരീക്ഷയും റദ്ദാക്കിയിരിക്കുന്നു.
പരീക്ഷ കുറ്റമറ്റതാക്കാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവകാശപ്പെട്ടിരുന്നു. ഈ അവകാശങ്ങളെല്ലാം വ്യാജമായിരുന്നെന്ന് ബോധ്യമായിരിക്കുന്നു. എത്രമാത്രം പരിശോധനകൾക്കു ശേഷമായിരുന്നു ഈ കുട്ടികളെ പരീക്ഷ എഴുതാനനുവദിച്ചിരുന്നത്? വാട്ടർ ബോട്ടിലുകൾ സുതാര്യമാവണം, പോക്കറ്റുകളില്ലാത്ത വസ്ത്രങ്ങൾ വേണം, വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല തുടങ്ങി എത്രയെത്ര നിബന്ധനകൾ.

പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥികൾ ധരിച്ച ഫുൾ സ്ലീവ് വസ്ത്രങ്ങളുടെ കൈകൾ മുറിച്ച് മാറ്റുക, വസ്ത്രങ്ങളിലെ/അടിവസ്ത്രങ്ങളിലെ ലോഹ ഭാഗങ്ങൾ അഴിപ്പിച്ച് പരിശോധിക്കുക, കൊളുത്തുള്ളതോ ഡിസൈനുകളുള്ളതോ ആയ വസ്ത്രങ്ങൾ ധരിച്ചവരെ പുറത്താക്കുക തുടങ്ങിയ പരിപാടികൾക്കു ശേഷം ഈ പാവം കുട്ടികൾ കടുത്ത വേനലിൽ ഫാൻ പോലുമില്ലാത്ത മുറികളിലിരുന്ന് പരീക്ഷയെഴുതി. കുട്ടികളുടെ അടിവസ്ത്രങ്ങൾ വരെ പരിശോധിച്ച സംഭവങ്ങളുണ്ടായി. പക്ഷേ, ഈ കർശന നിബന്ധനകൾക്കു വിധേയമായി പരീക്ഷയ്ക്കിരുന്ന പാവം കുട്ടികൾ ക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. പരീക്ഷാ പേപ്പർ മാസങ്ങൾക്കു മുമ്പേ ചോർന്നു കഴിഞ്ഞിരുന്നു! എൻടിഎ അറിയാതെ പേപ്പർ എങ്ങനെ ചേരും? ഇത് എത്രാമത്തെ തവണയാണ്?ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കേണ്ടിവരുന്നത്. എൻടിഎ മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതയും പണ്ടേ സംശയത്തിന്റെ നിഴലിലാണ്.
പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ കുപ്രസിദ്ധി ആർജിച്ച സ്ഥാപനമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). പരീക്ഷകൾ സുതാര്യമായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2017-ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനം ആരംഭിക്കുന്നത്. വിവിധ കേന്ദ്ര സർവകലാശാലകൾ സംയുക്തമായി നടത്തിപ്പോന്നിരുന്ന സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (CUCET) റദ്ദാക്കുകയും പകരം കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) എന്ന പേരിൽ എൻടിഎയ്ക്കു കീഴിൽ പുതിയ പരീക്ഷാ സംവിധാനം പ്രഖ്യാപിക്കുകയും ചെയ്തത് 2022ലാണ്. അതോടെ, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ പ്രത്യേകം നടത്തിയിരുന്ന പ്രവേശനപരീക്ഷകൾ റദ്ദാക്കി. 250-ഓളം സർവകലാശാലകളിലെ പ്രവേശനത്തിനു വേണ്ടി ഒരു പൊതുപ്രവേശന പരീക്ഷ പ്രഖ്യാപിക്കുമ്പോൾ അത് പിഴവുകൾ ഇല്ലാതെ നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് പരീക്ഷയിലെ പാളിച്ചകൾ തെളിയിച്ചു. ദുരൂഹമായ പരീക്ഷാ ഘടന, സൗകര്യങ്ങളില്ലാത്ത പരീക്ഷാകേന്ദ്രങ്ങൾ, ഒരേ ദിവസം തന്നെ നിരവധി പരീക്ഷകൾ എന്നിവയെല്ലാം CUET-യുടെ സംഘാടനത്തിലെ പാളിച്ചകൾക്ക് തെളിവായി. സാങ്കേതിക തകരാറുകൾ തുടർന്നുള്ള വർഷങ്ങളിലും ആവർത്തിക്കപ്പെട്ടു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 2024-ലെ യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കേണ്ടി വന്നിരുന്നു. 2017-ൽ നടന്ന SSC പരീക്ഷ, 2018-ലെ CBSE പരീക്ഷകൾ, 2021-ലെ JEE മെയിൻ പരീക്ഷകൾ 2025-ലെ CUET പരീക്ഷ എന്നിവയിലെല്ലാം പേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടു. അലംഭാവവും മിസ്മാനേജ്മെൻ്റും ഇപ്പോഴും തുടരുന്നു.

പരീക്ഷാ നടത്തിപ്പിൻ്റെ കാര്യത്തിൽ ബി.ജെ.പി സർക്കാരിൻറെ ട്രാക്ക് റെക്കോഡ് മുമ്പും പരിതാപകരമാണ്. 2014-ലെ ആർമി റിക്രൂട്ട്മെൻറ് പരീക്ഷ, 2015-ലെ പ്രീ - നീറ്റ് പരീക്ഷ, 2016-ലെ നീറ്റ് യു.ജി പരീക്ഷ എന്നിവയുടെയടക്കം നിരവധി പരീക്ഷകളുടെ പേപ്പറുകൾ ചോരുകയോ പരീക്ഷാനടത്തിപ്പിൽ തകരാറുകൾ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, എന്തു കൊണ്ട് പിഴവുകൾ ആവർത്തിക്കുന്നുവെന്ന് പഠിക്കാനും അവ തിരുത്താനും സർക്കാർ ശ്രമിച്ചിട്ടില്ല.
കൗമാരകാലത്തെ സന്തോഷങ്ങളെല്ലാം മാറ്റിവെച്ച്, രണ്ടും മൂന്നും വർഷം പൂർണ്ണമായും പുസ്തകങ്ങൾക്കിടയിൽ ഇരുന്നു പഠിച്ചാണ് നമ്മുടെ കുട്ടികൾ നീറ്റ്, ജെഇഇ പോലുള്ള മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നത്. അവരുടെ കഠിനാധ്വാനത്തെയും അവരോടൊപ്പം നിന്ന മാതാപിതാക്കളുടെ പ്രതിക്ഷകളുമാണ് സർക്കാർ ഏജൻസിയുടെ കെടുകാര്യസ്ഥത മൂലം തച്ചുതകർക്കപ്പെടുന്നത്. പരീക്ഷയെഴുതിയ 22 ലക്ഷം കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക വ്യഥകൾക്കും സംഘർഷങ്ങൾക്കും ആരാണ് പരിഹാരം നൽകുക? പ്രവേശന പരീക്ഷകൾ സുതാര്യമായും ശാസ്ത്രീയമായും സംഘടിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച കെ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ ഇപ്പോഴും കടലാസിൽ തന്നെയാണ്.
മാനേജ്മെൻറ് വൈഭവവും സാങ്കേതിക വൈദഗ്ദ്ധ്യവുമുള്ളവരെയാണ് പരീക്ഷാ ഏജൻസികളുടെ തലപ്പത്ത് നിയമിക്കേണ്ടത്. രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ നിയമനങ്ങൾ നടക്കുമ്പോൾ ഇത്തരം പിഴവുകൾ സ്വാഭാവികം. പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം നൽകുന്നത് എന്ന് ചോദിക്കുന്ന മന്ത്രിമാരുള്ള രാഷ്ട്രീയ പ്രസ്ഥാനം രാജ്യം ഭരിക്കുമ്പോൾ വിദ്യാഭ്യാസം ആഭാസമായില്ലെങ്കിൽ എന്തത്ഭുതം?

