ഉച്ചരിക്കാൻ പാടില്ലാത്ത ഒരു വാക്കായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസവായ്പ!

ഇപ്പോൾ വിദ്യാഭ്യാസ വായ്പയെപ്പറ്റിയല്ല വേവലാതിപ്പെടേണ്ടത്, വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെയാണ്. അതിനെ സാർവത്രികവും സൗജന്യവും ആക്കി നിലനിർത്തുന്നതിനെച്ചൊല്ലിയാണ്. സൗജന്യം എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ- പുതിയ കാലത്ത്​ വിദ്യാഭ്യാസ വായ്​പ എങ്ങനെ ഒരു കെണിയായി മാറുന്നു എന്ന അന്വേഷണം

ർഷങ്ങൾക്കുമുമ്പ്, കർഷക ആത്മഹത്യകളുടെ പാശ്ചാത്തലത്തിൽ ഇന്ത്യാവിഷൻ ചാനൽ ഒരു ചർച്ച നടത്തിയിരുന്നു. അന്ന് അതിൽ പങ്കെടുത്ത് ഞാൻ പറഞ്ഞ ഒരു കാര്യം, നാളെ വിദ്യാർഥികൾ നടത്താനിടയുള്ള ആത്മഹത്യകൾ ഇന്ന് പ്രീപോൺ ചെയ്‌തേറ്റെടുക്കുകയാണ് കർഷകർ എന്നാണ്. രജനി എസ്. ആനന്ദിന്റെ ആത്മഹത്യ അതിനുശേഷമാണ് നടന്നത്. വായ്പ കിട്ടാത്തതിനാൽ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭയമാണ് അടൂർ ഐ.എച്ച്.ആർ.ഡി. എൻജി
നീയറിങ് വിദ്യാർഥിനിയായിരുന്ന രജനിയുടെ ആത്മഹത്യയ്ക്കുപിറകിലുണ്ടായിരുന്നത്. ഹോസ്റ്റൽ ഫീസടയ്ക്കാനാവാത്തതിനാൽ മാസങ്ങളോളം പഠനം മുടങ്ങുകയും ചെയ്തിരുന്നു. രണ്ടു സെൻറ്​ ഭൂമി മാത്രമുള്ള കുടുംബത്തിന് ലക്ഷങ്ങൾ കടം കൊടുത്താൽ തിരിച്ചുപിടിക്കുന്നതെങ്ങനെ എന്നായിരുന്നു ബാങ്കിന്റെ സംശയം.

പ്രതി ബാങ്ക്​ മാനേജരോ?

എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതായിരുന്നു കർഷകരുടെ പ്രശ്‌നം. അതേ നിലയായിരിക്കും നാളെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്ത വിദ്യാർഥികളുടെതും എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഭാരിച്ച സംഖ്യ വായ്പയെടുക്കാൻ നിർബന്ധിതരാവുന്ന വിദ്യാർഥികൾക്ക് അതിന്റെ തിരിച്ചടവിനുപോലും തികയാത്ത സംഖ്യ മാത്രമേ വരുമാനമായി കിട്ടൂ എന്നതായിരുന്നല്ലോ അന്നത്തെയും ഇന്നത്തെയും സ്ഥിതി. അടവ് മുടങ്ങുന്നതിനുള്ള ന്യായമായി വരുമാനക്കുറവൊന്നും ബാങ്കുകൾക്ക് പരിഗണിക്കാനാവില്ലല്ലോ. വിഷം കയറുന്നതു പോലെ പലിശ കുതിച്ചുയരും. പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് കടക്കാരെ കെണിയിലാക്കും.
അങ്ങനെ വരുമ്പോൾ, എടുത്ത വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളാണോ പ്രതികൾ, അതല്ല വിദ്യാഭ്യാസച്ചെലവുകൾ വർദ്ധിപ്പിക്കുന്നവരാണോ എന്നതായിരുന്നു അന്നത്തെ ചോദ്യം.
എന്തിനെയും സെൻസേഷണലൈസ് ചെയ്തു ശീലിച്ചു പോന്ന നമ്മുടെ മാധ്യമങ്ങൾ, ഈ ചോദ്യത്തിന് ഉത്തരം തേടാൻ ഒട്ടും മിനക്കെട്ടിരുന്നില്ല. പകരം ഒറ്റപ്പെട്ട വ്യക്തികളുടെ ഒറ്റയൊറ്റ പ്രശ്‌നമാക്കി ചിന്തേരിട്ടവതരിപ്പിക്കുകയായിരുന്നു അവയൊക്കെയും.

രജനിയുടെ ആത്മഹത്യ ബാങ്ക് മാനേജർമാർക്കെതിരെ കുതിര കയറാനുള്ള എളുപ്പവഴിയായാണ് മിക്ക മാധ്യമങ്ങളും കണ്ടത്. സാമാന്യബോധത്തിന് ഇണങ്ങിയ ആ നിലപാട് ജനം ഏറ്റെടുക്കുകയും ചെയ്തു. കുറ്റക്കാർ ഒറ്റയൊറ്റ മാനേജർമാരായി, അവരുടെ ദയാരാഹിത്യമായി വില്ലൻ. കനത്ത ഫീസ് ഈടാക്കിപ്പോരുന്ന സെൽഫ് ഫിനാൻസിങ്ങ് സ്ഥാപനങ്ങൾക്കായി വിദ്യാഭ്യാസ മേഖല തുറന്നിട്ടുകൊടുത്തതും വിദ്യാഭ്യാസം തന്നെ കച്ചവടവൽക്കരിക്കപ്പെട്ടതും ആയിരുന്നു യഥാർത്ഥ പ്രശ്‌നം. വായ്പയെടുത്തേ പഠനം തുടരാനാവൂ എന്ന നില വരുന്നത് സർക്കാർ വിദ്യാഭ്യാസമേഖലയിൽ നിന്ന് തടിയൂരുന്നതുകൊണ്ടാണ് എന്ന കാര്യം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. ജി.ഡി.പിയുടെ 6 % എങ്കിലും വിദ്യാഭ്യാസത്തിന് നീക്കിവെക്കണം എന്നാണ് വിവിധ വിദ്യാഭ്യാസ കമീഷനുകളുടെ നിർദേശം. എന്നാൽ ഇന്നും അത് അതിന്റ നേർപാതിയിൽ സ്തംഭിച്ചു നിൽക്കുകയാണ് എന്നാണ് 2019-20 ലെ ഇക്കണോമിക് സർവേ കുമ്പസാരിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള ജി.ഡി.പി പങ്ക് 2014-15 ലെ 2.8 ശതമാനത്തിൽ നിന്ന് 2020 ൽ എത്തുമ്പോൾ 0.3 ശതമാനം മാത്രമേ വർദ്ധിച്ചിട്ടുള്ളൂ എന്നാണ് കണക്കുകൾ ഓർമപ്പെടുത്തുന്നത്.

കർഷകനും വിദ്യാർഥിയും ഒരേ തുലാസിൽ

ന്യായവില കിട്ടാത്തതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്ത കർഷകന്റെ അതേ നിലയാണ് പെരുത്ത ഫീസിനു വേണ്ട കനത്ത വായ്പയെടുത്ത് തൊഴിൽ രഹിതനായി ക്കഴിയുന്ന / നിസാര ശമ്പളത്തിന് പണിയെടുക്കേണ്ടിവരുന്ന യുവാവിന്റെതും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിക്കൊണ്ടും അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടും മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവൂ എന്നത് ഊന്നിപ്പറയാൻ ആരും ശ്രമിച്ചതുമില്ല.

രജനി എസ്. ആനന്ദ്

പ്രതിമാസം 15000 രൂപ തിരിച്ചടവ് നടത്തേണ്ട ഒരു വായ്പയെടുത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ തേടുന്ന ഒരാൾക്ക് പലപ്പോഴും കിട്ടുക 18,000 രൂപ മുതൽ 20,000 വരെ മാത്രമാണ്. എങ്ങനെ തിരിച്ചടയ്ക്കാനാവും എന്നതാണ് ചോദ്യം. ഒറ്റനോട്ടത്തിൽ കുറ്റം വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ കഴിയുന്ന ചെറുപ്പക്കാരന്റെതാണ്. തൊഴിൽക്കമ്പോളത്തിൽ ജോലിയന്വേഷിച്ച് അടിഞ്ഞുകൂടുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൊടിയ ചൂഷണത്തിനിരയാക്കപ്പെടുകയാണ്. സ്ഥിരം ജോലി എന്നത് താൽക്കാലിക പ്രതിഭാസവും താൽക്കാലിക ജോലി എന്നത് സ്ഥിരം പ്രതിഭാസവുമായി മാറുകയാണ്. സ്ഥിരം തൊഴിൽ തന്നെ ഏത് നിമിഷവും കൊഴിഞ്ഞു പോകാവുന്നതും താൽക്കാലികവൽക്കരിക്കപ്പെടാവുന്നതുമായി മാറുകയാണ്. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഒരു ബാങ്കർക്ക് വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കാനാവുക? തിരിച്ചു കിട്ടാത്ത വായ്പകൾ പെരുകിപ്പെരുകി വന്നാൽ എങ്ങനെയാണ് ബാങ്കുകൾ പുതിയ വായ്പകൾ നൽകുക? വായ്പാ മേഖലയാകെ സ്തംഭിച്ചാൽ അത് സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം എത്ര കടുത്തതായിരിക്കും?
ഇതൊന്നും കണക്കിലെടുക്കാതെ, തൽക്കാലം കൺമുന്നിൽ കാണുന്ന ‘ദയാരഹിതനായ' ബാങ്ക് മാനേജർക്ക് രണ്ടു വീക്കുവീക്കി സമാധാന മടയുക എന്ന എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ് നടന്നുപോന്നത് എന്നർത്ഥം.

കണക്കുകൾ പറയുന്നത്

3,66,260 അക്കൗണ്ടുകളിലായി 8587 കോടി രൂപയാണ് കിട്ടാക്കടമായി മാറിയ വിദ്യാഭ്യാസ വായ്പ എന്നാണ് ഭാരത സർക്കാർ 2021 മാർച്ചിൽ പാർലമെന്റിനെ അറിയിച്ചത്. വർഷം കഴിയുന്തോറും അത് കൂടിക്കൂടി വരികയാണത്രെ. ഇതിൽ എഞ്ചിനീയറിങ്ങ് കോഴ്‌സുകൾക്ക് ചേർന്ന വിദ്യാർത്ഥികളുടെ സ്ഥിതിയാണ് ദയനീയം. 2020 ഡിസംബർ 31 ന് കിട്ടാക്കടമായി മാറിയ 1,76,256 അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്നത് 4041.68 കോടി രൂപയാണത്രെ. (മിൻറ്​: 2021 മാർച്ച് 15) കിട്ടാക്കടമായി മാറിയ 8587 കോടിയിൽ 3490 കോടിയും തമിഴ്‌നാട്ടിൽ നിന്നാണത്രെ. മുട്ടിനുമുട്ടിന് എഞ്ചിനീയറിങ്ങ് കോളേജുകൾ തഴച്ചു വളർന്ന സംസ്ഥാനമാണ് തമിഴ്‌നാട്. തൊട്ടുപിറകിൽത്തന്നെയുണ്ട് ബീഹാർ.
കുട്ടികൾ പഠനം പാതിവഴിക്കുനിർത്തി മതിയാക്കിപ്പോകുന്നത് തൊഴിലവസര സാദ്ധ്യത തീരെ ഇല്ലാതായിരിക്കുന്നു എന്ന് ബോദ്ധ്യപ്പെടുമ്പോഴാണ്. സ്ഥിതിവിവരക്കണക്കുകൾ മറിച്ച് പറഞ്ഞിട്ടും, അതൊന്നും കേൾക്കാതെ വിദ്യാഭ്യാസ കച്ചവടക്കാർക്കായി വാതിലുകൾ തുറന്നിട്ടുകൊടുത്തതിന്റെ ദുഷ്ഫലമാണ് പുതുതലമുറ അനുഭവിക്കുന്നത്.

വായ്പയാണ് പ്രശ്‌നം

പ്രശ്‌ന വായ്പകളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ വായ്പ കൊടുക്കുന്നതുതന്നെയാണ് പ്രശ്‌നം എന്നതാണ് സത്യം. വിദ്യാഭ്യാസ കച്ചവടക്കാരുടെ അറവുശാലകളിലക്ക് ആട്ടിത്തെളിയിക്കപ്പെടുകയാണ് വിദ്യാർത്ഥികൾ. പഠനം തുടരാൻ വായ്പകൾ തയാറാക്കികൊടുക്കാൻ അവർക്ക് ഏജൻസികൾ ഏറെയുണ്ട്.

ഇമ്മാതിരി വിദ്യാഭ്യാസക്കച്ചവടക്കാർക്ക് മൂക്കുകയറിടാൻ മറ്റെന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും, അമേരിക്കയിൽ ഒബാമ നടത്തിയ പരിശ്രമം ശ്ലാഘനീയമാണ്. അതിന്റെ വിശദാംശങ്ങളറിയാൻ, ഒരു കോളേജിന്റെ കഥ മാത്രം നോക്കിയാൽ മതി. കൊറിന്തിയൻ കോളേജ് എന്ന ലാഭം നോക്കിക്കോളേജിന്റെ കഥ മതി വിവരമറിയാൻ. കോടിക്കണക്കിന് ഡോളറിന്റെ പരസ്യങ്ങൾ വഴി ആയിരക്കണക്കിന് കുട്ടികളെ ആകർഷിച്ചു പോന്ന കോളേജാണത്. ഒരു പടുകൂറ്റൻ ഡിഗ്രി ഫാക്ടറി. ഏതാണ്ട് 84,000ലധികം വിദ്യാർത്ഥികൾ. അതിന്റെ ഒരു ഡിവിഷനാണ് എവറസ്റ്റ് യൂനിവേഴ്‌സിറ്റി ഓൺലൈൻ. മറ്റു സ്ഥാപനങ്ങൾ 10000 ഡോളർ ഫീസ് ഈടാക്കിപ്പോരുന്ന ഒരു പാരാ ലീഗൽ കോഴ്‌സിന് അവർ ചാർജ് ചെയ്തത് 68,800 ഡോളറാണ്. പരാതികൾ ഏറി വന്നു. ഒടുക്കം ലാഭംനോക്കിക്കോളേജുകളുടെ തട്ടിപ്പിനെപ്പറ്റി അന്വേഷണം നടത്താൻ കാലിഫോർണിയയിലെ അറ്റോണി ജനറൽ രംഗത്തെത്തി. കാമ്പസ് റിക്രൂട്ട്‌മെന്റിൽ കിട്ടാവുന്ന ശമ്പളം പെരുപ്പിച്ചു കാണിച്ചും പരസ്യങ്ങളിൽ മിലിട്ടറി സീൽ കൃത്രിമമായി ചേർത്തും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച കഥകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അത്. അക്കാലത്ത് സാർവത്രികമായി ലഭിച്ചിരുന്ന ഫെഡറൽ സ്റ്റുഡന്റ് ലോൺ ഫണ്ടിങ്ങ് വഴി ലഭ്യമാവുന്ന വായ്പയെ ഇരയാക്കിക്കൊണ്ടാണ് വിദ്യാഭ്യാസക്കച്ചവടക്കാർ ചൂണ്ടയെറിഞ്ഞ് വിദ്യാർത്ഥികളെ അതിൽ കോർത്തെടുത്ത് ചതിക്കുഴികളിൽ വീഴ്ത്തിയത്. പക്ഷേ 2014 ൽ ഒബാമ ഒരുത്തരവ് പുറപ്പെടുവിച്ചു. അതുപ്രകാരം ഫെഡറൽ സ്റ്റുഡന്റ് ഫണ്ടിൽ നിന്ന് കിട്ടിപ്പോന്ന വായ്പ ഇക്കൂട്ടർക്ക് നിഷേധിച്ചു. അതോടെ നിന്നു ഇവരുടെ പവറും പത്രാസും. കുട്ടികൾ കുറഞ്ഞതോടെ പിടിച്ചു നിൽക്കാൻ പറ്റാതെ, അടുത്ത വർഷം കൊറിന്ത്യൻ കോളജ് അതിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ തൂക്കി വിൽക്കാൻ നിർബന്ധിതമായി. പിന്നെ പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത് രംഗം കാലിയാക്കുകയായിരുന്നു അവർ. ഇമ്മാതിരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡാറ്റാ സയൻസിനെ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത് എന്ന കാര്യം കാത്തീ ഓനീൽ അവരുടെ 'വെപ്പൺസ് ഓഫ് മാത്ത് ഡിസ്ട്രക്ഷനി 'ൽ വെളിപ്പെടുത്തുന്നുണ്ട്.

കോടിക്കണക്കിന് ഡോളറിന്റെ പരസ്യങ്ങൾ വഴി ആയിരക്കണക്കിന് കുട്ടികളെ ആകർഷിച്ചു പോന്ന കോളേജാണ് കൊറിന്തിയൻ കോളേജ്. അതിന്റെ ഒരു ഡിവിഷനാണ് എവറസ്റ്റ് യൂനിവേഴ്സിറ്റി ഓൺലൈൻ.

വായ്പയല്ല വേണ്ടത്

കാത്തീ ഓനീൽ നേരിട്ട് അഭിപ്രായപ്പെട്ടിട്ടില്ലെങ്കിലും, ഒബാമയുടെ വായ്പാ നിഷേധ ഉത്തരവ് വരുത്തിയ ശുദ്ധീകരണത്തെക്കുറിച്ച് അവർ നൽകിയ സൂചനകൾ ഉയർത്തുന്ന ചോദ്യം, ഇങ്ങനെയുള്ള വിദ്യാഭ്യാസ വായ്പകൾ വേണ്ടെന്നു വെച്ചാൽ എന്തു സംഭവിക്കും എന്നാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രഗത്ഭമതികളായ കുട്ടികൾക്ക് വേണ്ടത്ര സ്‌കോളർഷിപ്പുകൾ നൽകിയും അന്യായമായ ഫീസ് പിരിവ് അവസാനിപ്പിച്ചും വേണം പ്രശ്‌നപരിഹാരത്തിന് ശമിക്കാൻ.

എല്ലാവർക്കും വിദ്യാഭ്യാസ വായ്പ നൽകി പരിഹരിക്കാനാവുന്നതല്ല പ്രശ്‌നം. വിഷയത്തിന്റെ അസ്ഥിയിൽ തൊടാനാവാതെ വായ്പയുടെ ലഭ്യതയിൽ, പലിശ നിരക്കിൽ, തിരിച്ചടവ് കാലാവധിയിൽ ഒക്കെ ഉടക്കി നിന്നു പോവുന്നതാണ് നമ്മുടെ ചർച്ചകൾ. പ്രഖ്യാപിക്കപ്പെട്ട പുതിയ വിദ്യാഭ്യാസനയം കാശുള്ളവനേ പഠിക്കേണ്ടൂ എന്നു തന്നെയാണ് പറയുന്നത്. ചെലവ് കൂടും. അത് താങ്ങാനാവില്ലെങ്കിൽ ബിരുദ വിദ്യാർത്ഥിക്ക് ഒന്നാം വർഷം സലാം പറയാം. അവർക്ക് ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. രണ്ടാം വർഷം കൂടി പഠിക്കാനുള്ള കാശുണ്ടോ, അയാൾക്ക് ഡിപ്ലോമ കൊടുക്കും. മുഴുവൻ ഫീസും കൊടുത്ത് പഠിത്തം തുടരാനാവുമെങ്കിൽ നിങ്ങൾക്ക് ബിരുദ സർട്ടിഫിക്കറ്റ് കിട്ടും. ഇങ്ങനെ കൊഴിഞ്ഞു പോക്കിന് ഇഷ്ടം പോലെ സാധ്യതകൾ ഒരുക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല. സെക്കണ്ടറി വിദ്യാഭ്യാസത്തിന് നടുക്കും വിട്ടുപോകാം. തൊഴിലധിഷ്ഠിത കോഴ്‌സുകളായതു കൊണ്ട് ആശാരി, മൂശാരി, പ്ലംബർ തുടങ്ങിയ ജോലിക്ക് ആളെയന്വേഷിക്കുന്ന കമ്പനികൾക്ക് വേണ്ടത്ര ആളെ കൊടുക്കാനുമാവും എന്നാണ് കണ്ടെത്തൽ. എന്നു വെച്ചാൽ കാശുള്ളവനേ പഠിക്കേണ്ടു എന്നർത്ഥം.
അത്തരമൊരു കാലത്ത് വിദ്യാഭ്യാസ വായ്പ കിട്ടണം എന്ന ആവശ്യം ആരെങ്കിലും ഉയർത്തുന്നുവെങ്കിൽ അത് ആത്യന്തികമായി സഹായിക്കുക ഭരണവർഗത്തിനെയാണ്.

ബറാക്ക് ഒബാമ

ഇപ്പോൾ വിദ്യാഭ്യാസ വായ്പയെപ്പറ്റിയല്ല വേവലാതിപ്പെടേണ്ടത്. അത് വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെയാണ്. അതിനെ സാർവത്രികവും സൗജന്യവും ആക്കി നിലനിർത്തുന്നതിനെച്ചൊല്ലിയാണ്. സൗജന്യം എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ. അതു കൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ സമരം അത് തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാവണം. അവിടെ ഒരിക്കലും ഉച്ചരിക്കാൻ പാടില്ലാത്ത ഒരു വാക്കായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസവായ്പ! ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments