നവ- ലിബറൽ, നവ- മുതലാളിത്ത തത്വങ്ങളിലൂന്നി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ സമൂലം മാറ്റി മറിക്കാൻ പോന്ന പ്രഹരശേഷിയുള്ള നിർദേശങ്ങളാണ് പുതിയ യു.ജി.സി മാർഗരേഖ മുന്നോട്ട് വെക്കുന്നത്. നൈപുണ്യാധിഷ്ഠിത പാഠ്യപദ്ധതിക്കായുള്ള ‘Guidelines for the Introduction of Skill-Based Courses and Micro-Credentials’ എന്ന കരട് മാർഗ്ഗനിർദ്ദേശം കാര്യമായി തന്നെ ചർച്ച ചെയ്യേണ്ടതണ്ട്.
ലോക കമ്പോളത്തിന്ന് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യമാണ് നൈപുണ്യാധിഷ്ഠിത പാഠ്യ പദ്ധതി കരട് രേഖ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ പരിസരത്തെ ആഗോള സാമ്പത്തിക ക്രമം സൃഷ്ടിക്കുന്ന ചോദനകൾക്ക് അനുരൂപമായി പരിവർത്തനം ചെയ്യുക എന്നുള്ള നിലവിലെ ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒരു പടികൂടി അടുക്കുവാൻ ഈ മാറ്റങ്ങൾ വഴിയൊരുക്കും. ഇന്ത്യൻ തൊഴിൽരംഗം അനുഭവിക്കുന്ന നൈപുണ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഇതോടെ പരിഹരിക്കപ്പെടുമെന്ന അമിത ആത്മവിശ്വാസം ഈ രേഖയിൽ ഉടനീളം പ്രകടമാണ്. രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾ വിലയിരുത്തി എടുക്കേണ്ട നിലപാടുകൾക്ക് പകരം ആഗോള വിപണിയിലെ ഭീമന്മാരുടെ ആവശ്യങ്ങൾക്ക് അനുരൂപമായി പദ്ധതി രൂപികരിക്കുന്ന സ്ഥിരം കാഴ്ചയാണ് ഒരിക്കൽ കൂടി വെളിവാകുന്നത്.
തൊഴിലധിഷ്ഠിത കോഴ്സുകളുടെ അനുപാതം സിലബസിൽ 50 മുതൽ 70 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഈ രേഖ വിഭാവനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റാ അനലറ്റിക്സ്, സുസ്ഥിര വികസനം എന്നിങ്ങനെ ചില മേഖലകളെ പറ്റി ഇവിടെ പരാമർശിക്കുന്നു, പക്ഷെ പരമ്പരാഗത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിച്ച് വിപണിക്ക് അനുരൂപമായ ഒരു കൺവെയർ ബെൽറ്റ് സമൂഹത്തെ വാർത്തെടുക്കാൻ മാത്രമേ ഇതുവഴി കഴിയുകയുള്ളൂ. തൊഴിൽ സമൂഹത്തെ വാർത്തെടുക്കാൻ ഏതൊരു ഭരണകൂടവും പ്രതിജ്ഞാബദ്ധമാണ്, പക്ഷെ വിദ്യാഭ്യാസത്തിൻ്റെ ഏകലക്ഷ്യം തൊഴിലാണ് എന്ന ധാരണ തികച്ചും അപക്വവും ചരിത്രനിഷേധവുമാണ്.

രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നതിന് കാരണം പരമ്പരാഗത പഠനവിഷയങ്ങളാണ് എന്ന ധാരണ മാറേണ്ടതുണ്ട്. സ്കിൽ ഗ്യാപ്പ് ഐഡൻ്റിഫിക്കേഷൻ പ്രക്രിയ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സർവ്വസാധാരണമാണ്, പക്ഷെ അവയൊന്നും തന്നെ മാനവിക വിഷയങ്ങളെയും ശാസ്ത്ര വിഷയങ്ങളെയും ഇല്ലായ്മ ചെയ്ത്കൊണ്ടല്ല നടപ്പിൽ വരുത്തുന്നത്. മറിച്ച്, വികസിത രാജ്യങ്ങളിലുള്ള പ്രധാന സർവ്വകലാശാലകൾ പലതിലും ഇപ്പോഴും ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്നത് മാനവിക വിഷയങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണം ഉന്നത വിദ്യാഭ്യാസത്തിന്റെ നൈതിക, ദാർശനിക അസ്തിത്വത്തിൻ്റെ നിലനിൽപിന് നേരെ ചോദ്യങ്ങൾ ഉയർത്തുന്നു. വിദ്യാഭ്യാസം വെറും സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണോ, അതോ വിദ്യാർത്ഥിയുടെ വിമർശനാത്മക ചിന്ത, സർഗശേഷി, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വികസിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യമുണ്ടോ? മാനവിക ശാസ്ത്രം, കല, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾ സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. വിമർശനാത്മക ചിന്ത, സങ്കീർണ്ണ സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിലാക്കൽ, സമൂഹത്തിൽ അർത്ഥവത്തായ കാര്യങ്ങൾക്ക് സംഭാവന ചെയ്യൽ എന്നിവയിലും സഹായിക്കുന്നു. വാണിജ്യപരമായ ലക്ഷ്യങ്ങൾക്ക് ഈ വിഷയങ്ങളേക്കാൾ പ്രാധാന്യം നൽകിയാൽ ആഗോള വിഷയങ്ങൾ കൈകാര്യം ചെയ്യാനാവാത്ത, വിമർശനാത്മക ചിന്താ ശേഷിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുന്നതിനാവും ഇടയാക്കുകയെന്ന് അർഥശങ്കയില്ലാതെ പറയാൻ കഴിയും.
ഈ രേഖ മുൻപോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന ആശയം പരമ്പരാഗത ക്ലാസ് ഘടനയെ അപ്രസക്തമാക്കി ഓൺലൈൻ, ഹൈബ്രിഡ് രീതികളെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന വ്യവസ്ഥകളാണ്. ഇത് എത്രമാത്രം നീതിയുക്തമാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ അക്കാദമിക് സംവിധാനങ്ങളുടെ മൗലികതയും സ്വത്വവും സംരക്ഷിക്കാൻ സാധിക്കാതെ പോകുന്ന തീരുമാനമായി ഇത് അനുഭവപ്പെടുന്നു. ഉദ്യോഗാർത്ഥികൾക്ക് വേണ്ടത് എന്ന് കൽപ്പിക്കപ്പെടുന്ന ചില ക്ഷമതയുടെ മെനുകാർഡ് സമാനമായ സിലബസ്സുകളും, അവരുടെ ‘ആവശ്യങ്ങൾക്ക്’ അനുസരിച്ച് (ഒരു കോഴ്സ് മാത്രമായും, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ഡോക്ടറൽ ബിരുദം) പാകം ചെയ്ത് കൊടുക്കുന്ന (ഓഫ്‌ലൈൻ, ഓൺലൈൻ, ഹൈബ്രിഡ് എന്നിങ്ങനെ) വിഭവങ്ങളായി വിദ്യാഭ്യാസം മാറുന്ന ദയനീയ അവസ്ഥ രാജ്യത്ത് നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

മൈക്രോ-ക്രെഡൻഷ്യലുകൾ പ്രോത്സാഹിപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ചരക്കുവൽക്കരണത്തെയും വാണിജ്യവൽക്കരണത്തെയും കൂടുതൽ വേഗത്തിലാക്കും. വിദ്യാർത്ഥികൾ ഉപഭോക്താക്കളായി മാറുന്നതിനൊപ്പം, സർവകലാശാലകൾ ലാഭമുള്ള വ്യവസായത്തിൻ്റെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള സമ്മർദ്ദത്തിന് വിധേയമാകും. ഇത്, ലോകത്തെ ഗൗരവമുള്ളതും വിമർശനാത്മകവുമായ ധാരണകൾ വളർത്തിയെടുക്കുന്നതിന് ഗുണകരമാവില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനും കരട് നിർദ്ദേശങ്ങൾ അത്യന്തം പ്രോത്സാഹനം നൽകുന്നുണ്ട്. സർവകലാശാലകളെ സ്വകാര്യ കമ്പനികൾ, സർക്കാർ പരിശീലന സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി സഹകരിച്ച് ആഗോള സമ്പദ്ഘടനയുടെ വളരുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. തത്വത്തിൽ ഈ നിർദേശം നിർദോഷകരമായ പങ്കാളിത്തം വിദ്യാഭ്യാസത്തിൻെറയും തൊഴിൽ രംഗത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ചും കൊണ്ടുവരാൻ സഹായിക്കും എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. എന്നാലോ, ഈ മാതൃക കൂടുതലും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ കൂട്ടാനും അതുവഴി ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തെയും വാണിജ്യവത്കരണത്തെയും പൂർണമാക്കുക എന്ന ദൗത്യമാണ് ചെയ്യുന്നത്. ഇന്ന് വിദ്യാഭ്യാസത്തിൻ്റെ കമ്പോളവൽക്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുക തന്നെ വേണം, വരുന്ന തലമുറകൾക്കായി.