കേന്ദ്രത്തിന്റെ ഗവർണർ,
ഗവർണറുടെ വി.സി,
വി.സിയുടെ അധ്യാപകർ

കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണ്ണർ, ഗവർണ്ണർ നിയമിക്കുന്ന വൈസ് ചാൻസലർ, വൈസ് ചാൻസലർ തീരുമാനിക്കുന്ന അധ്യാപകർ. മാത്രമല്ല സംസ്ഥാനം ഫണ്ട് നൽകുന്ന സർവ്വകലാശാലകൾക്ക് വി.സി നിയമനത്തിൽ ഇനി യാതൊരു പങ്കുമുണ്ടായിരിക്കില്ല- യു.ജി.സി പുറത്തിറക്കിയ പുതിയ മാർഗരേഖയെ വിമർശനാത്മകമായി വിലയിരുത്തുന്നു, ഡോ. അബേഷ് രഘുവരൻ.

ന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാരം ഉറപ്പാക്കാനെന്ന പേരിൽ യു.ജി.സി പുറത്തിറക്കിയ മാർഗരേഖ (‘University Grants Commission - Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for Maintenance of Standards in Higher Education- Regulations, 2025’) വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയുമാണ്.

ഏതു ‘പ്രമുഖനു‘മാകാം, വി.സി

പുതിയ വിജ്ഞാപനത്തിൽ ഏറ്റവും അപകടകരമായതും ചർച്ച ചെയ്യപ്പെടേണ്ടതുമായ കാര്യം വൈസ് ചാൻസലർ നിയമനമാണ്. കേരളത്തിലെ വി.സിമാരുടെ ചരിത്രം സമ്പന്നമാണ്. വിദ്യാഭ്യാസവിചക്ഷണനായ ജോസഫ് മുണ്ടശ്ശേരി ആയിരുന്നു കൊച്ചി സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ. കേരള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലറാവാൻ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ കത്തയച്ചു ക്ഷണിച്ച പൈതൃകം മാത്രം മതി, ഒരു സർവ്വകലാശാലാ തലവന് കേരളം നൽകുന്ന പ്രാധാന്യം മനസിലാക്കാൻ.

അധ്യാപക നിയമത്തിൽ ഉദ്യോഗാർഥിയുടെ പഠന മികവ്, ഗവേഷണ പ്രബന്ധങ്ങൾ, അനുഭവജ്ഞാനം എന്നിവ വിലയിരുത്തപ്പെടുന്നതിനു പകരം ഇന്റർവ്യൂ ബോർഡിന് മാത്രമായി തീരുമാനമെടുക്കാം

എന്നാൽ പുതിയ യു.ജി.സി വിജ്ഞാപനമനുസരിച്ച് വൈസ് ചാൻസലറാവാൻ അക്കാദമിക മികവോ അനുഭവമോ ആവശ്യമില്ല. പ്രമുഖരായ ആർക്കും ഏതു സർവ്വകലാശാലയുടെയും വൈസ് ചാൻസലർ ആവാം. വ്യവസായ മേഖലയിൽ നിന്നോ, പൊതുമേഖലാ സ്ഥാപങ്ങളിൽനിന്നോ, ഭരണതലത്തിൽനിന്നോ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.

കോളേജുകളിലാവട്ടെ, പ്രിൻസിപ്പൽമാരെ നിയമിക്കുന്നത് കോളേജ് മാനേജ്‌മെന്റ് കമ്മറ്റിയിൽ നിന്നുള്ള രണ്ടു പേരും വൈസ് ചാൻസലറുടെ പ്രതിനിധികളായ മൂന്നു പേരും ചേർന്ന കമ്മിറ്റിയാണ്. അതായത്, വി.സിയുടെ പ്രതിനിധികളുടെ ഭൂരിപക്ഷം അവിടെ കാര്യങ്ങൾ തീരുമാനിക്കും.

പുതിയ യു.ജി.സി വിജ്ഞാപനമനുസരിച്ച് വൈസ് ചാൻസലറാവാൻ അക്കാദമിക മികവോ അനുഭവമോ ആവശ്യമില്ല. ‘പ്രമുഖ’രായ ആർക്കും ഏതു സർവ്വകലാശാലയുടെയും വി.സി ആവാം.
പുതിയ യു.ജി.സി വിജ്ഞാപനമനുസരിച്ച് വൈസ് ചാൻസലറാവാൻ അക്കാദമിക മികവോ അനുഭവമോ ആവശ്യമില്ല. ‘പ്രമുഖ’രായ ആർക്കും ഏതു സർവ്വകലാശാലയുടെയും വി.സി ആവാം.

കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണ്ണർ, ഗവർണ്ണർ നിയമിക്കുന്ന വൈസ് ചാൻസലർ, വൈസ് ചാൻസലർ തീരുമാനിക്കുന്ന അധ്യാപകർ. മാത്രമല്ല സംസ്ഥാനം ഫണ്ട് നൽകുന്ന സർവ്വകലാശാലകൾക്ക് വി.സി നിയമനത്തിൽ യാതൊരു പങ്കും ഉണ്ടായിരിക്കില്ല. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ പെടുന്ന വിഷയമായതിനാലും കേരളത്തിലെ വിദ്യാഭ്യാസരംഗം മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് മികച്ചുനിൽക്കുന്നതിനാലും ഇത് കൂടുതൽ ബാധിക്കാൻ പോകുന്നത് തീർച്ചയായും കേരളത്തെയാണ്.

അധ്യാപകനാകാൻ
അഭിമുഖം മാത്രം

അധ്യാപക നിയമനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിൽ അധ്യാപന നിയമനത്തിന്, ഉദ്യോഗാർഥികളുടെ മുമ്പുള്ള പ്രകടനം സമൂലമായി വിലയിരുത്തി ഓരോന്നിനും കൃത്യമായ മാർക്കുകൾ നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ, ഇനി അഭിമുഖം മാത്രമായി ചുരുങ്ങാൻ പോകുകയാണ്. അതായത് അഭിമുഖം നടത്തുന്നവരുടെ ഇഷ്ടക്കാർ മാത്രമാകും തിരഞ്ഞെടുക്കാൻ പോകുന്നത്. ഉദ്യോഗാർഥികളുടെ മേന്മ അള​ക്കുക, അഭിമുഖം നടത്തുന്നവർ അവരുടെ താൽപര്യമനുസരിച്ചാകും. ഉദ്യോഗാർഥിയുടെ പഠന മികവ്, ഗവേഷണ പ്രബന്ധങ്ങൾ, അനുഭവജ്ഞാനം എന്നിങ്ങനെ വിവിധ രീതിയിൽ വിലയിരുത്തപ്പെടുന്നതിനുപകരം ഇന്റർവ്യൂ ബോർഡിന് മാത്രമായി തീരുമാനമെടുക്കാം. ഇത് ഉന്നത വിദ്യാഭ്യാസമേഖലയുടെ അക്കാദമിക് നിലവാരത്തിന് വലിയ തകർച്ചയുണ്ടാക്കും എന്നകാര്യത്തിൽ സംശയമില്ല.

പി.ജിയുടെ ശവപ്പെട്ടിയിൽ
അവസാന ആണിയും…

നാലുവർഷത്തെ ബിരുദകോഴ്‌സ് കൊണ്ടുവന്നതോടെ അകാലമരണം സംഭവിച്ച പി.ജി കോഴ്‌സുകളുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചിരിക്കുകയാണ് പുതിയ വിജ്ഞാപനം. നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റോ, പിഎച്ച് ഡിയോ ആണ് നിലവിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത. നാലുവർഷ ഡിഗ്രി കഴിഞ്ഞാൽ നേരിട്ട് ഗവേഷണം നടത്തുവാനും കോളേജുകളിൽ അദ്ധ്യാപനം നടത്തുവാനും സാധിക്കുന്ന അവസ്ഥയിൽ പി.ജിക്ക് ഇനി എന്താണ് പ്രസക്തി?

നാലുവർഷത്തെ ബിരുദകോഴ്‌സ് കൊണ്ടുവന്നതോടെ അകാലമരണം സംഭവിച്ച പി.ജി കോഴ്‌സുകളുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചിരിക്കുകയാണ് പുതിയ വിജ്ഞാപനം.

‘ബാച്ച്ലർ' എന്ന പേരിൽ ഐച്ഛിക വിഷയത്തിന്റെ തുടക്കവും, ‘മാസ്റ്റർ' എന്ന പേരിൽ ബിരുദാനന്തര ബിരുദത്തിലൂടെ അതേ വിഷയത്തിൽ പാണ്ഡിത്യവും നേടുകയാണ് ഇപ്പോൾ ചെയ്യുന്നത്. നാലുവർഷ ഡിഗ്രിയിലൂടെ ഒരു വിഷയത്തിന്റെയും ആഴങ്ങളിലേക്ക് പോകാനാകില്ല. പുതിയ വിജ്ഞാപനത്തോടെ ബിരുദാനന്തര ബിരുദം അപ്രസക്തമാകും. എം.ഫിൽ ഇത്തരത്തിൽ കുറച്ചു വർഷംമുമ്പ് പടിയിറങ്ങിയപ്പോൾ ഉന്നതവിദ്യാഭ്യാസമേഖലയെ അത് അത്രകണ്ട് ബാധിക്കാതിരുന്നത്, ഗവേഷണത്തിന് കോഴ്‌സ് വർക്ക് നിർബന്ധമാക്കിയതോടെയും നെറ്റ് പരീക്ഷ മാനദണ്ഡമാക്കിയതുകൊണ്ടുമായിരുന്നു. എന്നാൽ ബിരുദാനന്തരബിരുദം പടിയിറങ്ങുന്നത് അപ്രതീക്ഷിതമായ പല ആശങ്കകളും ബാക്കിവച്ചുകൊണ്ടായിരിക്കും.

നാലുവർഷ ഡിഗ്രിയിലൂടെ ഒരു വിഷയത്തിന്റെയും ആഴങ്ങളിലേക്ക് പോകാനാകില്ല. പുതിയ വിജ്ഞാപനത്തോടെ ബിരുദാനന്തര ബിരുദം അപ്രസക്തമാകും.
നാലുവർഷ ഡിഗ്രിയിലൂടെ ഒരു വിഷയത്തിന്റെയും ആഴങ്ങളിലേക്ക് പോകാനാകില്ല. പുതിയ വിജ്ഞാപനത്തോടെ ബിരുദാനന്തര ബിരുദം അപ്രസക്തമാകും.

പ്രാദേശിക ഭാഷയും
പടിയിറക്കപ്പെടുന്ന ഇംഗ്ലീഷും

2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ ഒരു പ്രധാന നിർദ്ദേശമായി, പ്രാദേശിക ഭാഷയിൽ അക്കാദമിക പുസ്‌തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഴുത്തുകാരെ കണ്ടെത്തി കേരളത്തിലെ നോഡൽ സെന്ററായ കേരള സർവ്വകലാശാലയിൽ നടത്തിയ ശിൽപശാലയിൽ കൊച്ചി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് ഈ ലേഖകനും പങ്കെടുത്തിരുന്നു. അതിന്റെ ഉദ്‌ഘാടനവേളയിൽ, യു.ജി.സി സെക്രട്ടറി പ്രൊഫ. മനീഷ് ആർ. ജോഷി പറഞ്ഞത്, ഉന്നത വിദ്യാഭ്യാസമേഖല സമൂല മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നാണ്. വിജ്ഞാപനം പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ അഭിപ്രായപ്രകടനം.

നാലുവർഷ ഡിഗ്രി കഴിഞ്ഞാൽ നേരിട്ട് ഗവേഷണം നടത്തുവാനും കോളേജുകളിൽ അദ്ധ്യാപനം നടത്തുവാനും സാധിക്കുന്ന അവസ്ഥയിൽ പി.ജിക്ക് ഇനി എന്താണ് പ്രസക്തി?

പ്രാദേശിക ഭാഷയിൽ വിദ്യാഭ്യാസം നടത്തിയവർ, ഗവേഷണം പ്രസിദ്ധീകരിച്ചവർ എന്നിവർക്ക് അധ്യാപന നിയമനത്തിൽ മുൻഗണന നൽകണമെന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. വിദ്യാഭ്യാസം ദിനംപ്രതി സർവത്രികവും, ആഗോളീയവുമായി മാറിക്കൊണ്ടിരിക്കേ, നമ്മൾ കൂടുതൽ ചുരുങ്ങുവാനാണ് ശ്രമിക്കുന്നത്. അറിവു നേടലും പ്രാദേശിക ഭാഷാസ്നേഹവും ഒരിക്കലും ചേർത്തുവെക്കേണ്ടതില്ല. അറിവു നേടലിലും അധ്യാപനത്തിലും ഭാഷ പരിമിതിയായും മാറരുത്.

കാലത്തിനനുസരിച്ച് ആഗോള ഭാഷകളെ ഉൾക്കൊള്ളാത്തതിന്റെ പ്രശ്‌നങ്ങളാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന, കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക്. പ്രാദേശിക ഭാഷയിലെ പഠനവും അധ്യാപനവും ആവശ്യം തന്നെ. കാരണം അതിലൂടെ മാത്രമേ നമുക്ക് നാടിനെ അറിയുവാനും നമുക്കൊപ്പം നാടിനെ പുരോഗതിയുടെ മേഖലയിൽ ചേർത്തുനിർത്താനും സാധിക്കുകയുള്ളൂ. എന്നാൽ അതിനേക്കാൾ പ്രധാനമാണ് അറിവ് പൂർണ്ണവും, ആഗോളീയവും ആകുകയെന്നത്.

ഉന്നത വിദ്യാഭ്യാസമേഖല സമൂല മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നാണ് യു.ജി.സി സെക്രട്ടറി  പ്രൊഫ. മനീഷ് ആർ. ജോഷി പറയുന്നത്.
ഉന്നത വിദ്യാഭ്യാസമേഖല സമൂല മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നാണ് യു.ജി.സി സെക്രട്ടറി പ്രൊഫ. മനീഷ് ആർ. ജോഷി പറയുന്നത്.

ഈ ഇന്റർനെറ്റ് യുഗത്തിൽ നമ്മുടെ ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ വിലയിരുത്തപ്പെടുന്നത് പ്രാദേശികമായല്ല, ആഗോളതലത്തിലാണ്. വേലിക്കെട്ടുകൾ ഭേദിക്കുന്നതിലൂടെയാണ് നമ്മുടെ നേട്ടങ്ങൾ ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് ഗുണകരമാകുന്നത്. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ഇതിന് അത്യന്താപേക്ഷിതമാവണം. ഇംഗ്ലീഷിൽ പഠിക്കുന്നതുകൊണ്ട് മാതൃഭാഷാസ്നേഹം എങ്ങനെയാണ് ഇല്ലാതാവുന്നത്. ഭാഷ ആശയവിനിമയ ഉപകരണം മാത്രമാണ്. അത് വേണ്ടയിടങ്ങളിൽ വേണ്ടപോലെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രാദേശിക ഭാഷാസ്നേഹം അമിതദേശസ്നേഹികളിൽ കോൾമയിർ കൊള്ളിക്കുന്നതിനപ്പുറം നമ്മുടെ പുരോഗതിയിൽ യാതൊരു തരത്തിലും ഭാഗഭാക്കാവില്ല.

അറിവിലധിഷ്ഠിതമായ വിജ്ഞാനലോകവും, ആഗോള വിദ്യാഭ്യാസവും നാം ലക്‌ഷ്യം വെക്കുമ്പോൾ നമ്മെ പിന്നിൽനിന്ന് പിറകിലേക്ക് വലിക്കുന്ന ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് വലിയ ദോഷം ചെയ്യും.

പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഒരേ സമയം രണ്ട് ലക്ഷ്യങ്ങളാണ് വെക്കുന്നത്.
ഒന്ന്, പ്രാദേശിക ഭാഷാസ്നേഹം ആളിക്കത്തിച്ച് വോട്ടുബാങ്ക് ഉറപ്പിക്കുക.
രണ്ട്, രാജ്യത്തുള്ളവരുടെ അറിവുസമ്പാദനം മാതൃഭാഷയിലാക്കി നാട്ടിൽതന്നെ പിടിച്ചുനിർത്തുക എന്ന തന്ത്രം.
ഇവ രണ്ടും ആഴത്തിൽ പരിശോധിക്കേണ്ട വിഷയം ആണെന്നതിനപ്പുറം പുതിയ വിജ്ഞാപനത്തിന്റെ മെറിറ്റും കൂടി കൂടുതൽ ഗഹനമായി പഠിക്കേണ്ടതുണ്ട്.

പൊതുവിൽ, ഉന്നത വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി എന്തെങ്കിലും നൽകാൻ ഈ പുതിയ വിജ്ഞാപനത്തിന് കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മാത്രമല്ല, ലോകം കാലത്തിനുമുമ്പേ ഓടുന്നതിനുപകരം കാലത്തിനൊപ്പമെങ്കിലുമാകണം, പിന്നിലാകാനും പാടില്ല. അറിവിലധിഷ്ഠിതമായ വിജ്ഞാനലോകവും, ആഗോള വിദ്യാഭ്യാസവും നാം ലക്‌ഷ്യം വെക്കുമ്പോൾ നമ്മെ പിന്നിൽനിന്ന് പിറകിലേക്ക് വലിക്കുന്ന ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് വലിയ ദോഷം ചെയ്യും.


Summary: The new UGC regulations regarding vice chancellors and teachers have faced criticism. Dr. Abesh Reghuvaran shares his thoughts.


ഡോ. അബേഷ് രഘുവരൻ

കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments