പുതിയ വിദ്യാഭ്യാസ സാമ്രാജ്യത്തിലെ
ചാൻസലറും വി.സിയും

വൈസ് ചാൻസലറുടെയും അധ്യാപകരുടെയും നിയമനം അടക്കമുള്ള കാര്യങ്ങളിൽ പ്രധാന മാറ്റം നിർദേശിക്കുന്ന യു.ജി.സി മാർഗരേഖക്കെതിരെ കടുത്ത വിമർശനമുയരുകയാണ്. എന്താണ് ഈ നയരേഖയുടെ പ്രത്യാഘാതങ്ങൾ?

ന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക ഘടനയിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ നിർദേശിച്ച് യു.ജി.സി പുറത്തിറക്കിയ മാർഗരേഖ (‘University Grants Commission - Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for Maintenance of Standards in Higher Education- Regulations, 2025’) അക്കാദമിക്, വിദ്യാർഥി സമൂഹത്തിന്റെ വലിയ എതിർപ്പിനിടയാക്കിയിരിക്കുകയാണ്. മാത്രമല്ല, കേരളവും തമിഴ്‌നാടും യു.ജി.സി മാർഗരേഖയെ നിയമപരമായി നേരിടാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി ആറിന് ഇറക്കിയ കരടിന്മേൽ, നിർദേശം സമർപ്പിക്കാനുള്ള സമയം ഫെബ്രുവരി അഞ്ചുവരെയാണ്. അതായത്. കഷ്ടി ഒരു മാസം പോലും നൽകുന്നില്ല, ഇത്ര നിർണായകമായ കരടുരേഖ പഠിക്കാൻ. ഈ തിടുക്കത്തിനുപുറകിൽ കേന്ദ്രത്തിന് ചില താൽപര്യങ്ങളുണ്ടെന്ന് അതിൽനിന്നുതന്നെ വ്യക്തം.

എന്താണ് പ്രതിഷേധങ്ങൾക്ക് കാരണം?

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിച്ച്, യൂണിയൻ സർക്കാറിൽ സകല അധികാരവും കേന്ദ്രീകരിക്കുന്ന നയത്തിന്റെ ഭാഗം തന്നെയാണ് യു.ജി.സി മാർഗരേഖയും.

തുടക്കത്തിൽ സംസ്ഥാന പട്ടികയിലുണ്ടായിരുന്ന വിദ്യാഭ്യാസം അടിയന്തരാവസ്ഥയിലെ ഭരണഘടനാഭേദഗതിയിലൂടെയാണ് കൺകറന്റ് ലിസ്റ്റിലായത്. കൺകറൻസ് ലിസ്റ്റിലെ വിഷയങ്ങളിൽ അന്തിമമായി കേന്ദ്രത്തിനുതന്നെയാണ് പരമാധികാരം. അതായത്, ഏതെങ്കിലും നിയമനിർമാണത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭിന്നതയുണ്ടായാൽ, കേന്ദ്രത്തിന് പാർലമെന്റിലൂടെ പാസാക്കുന്ന നിയമം വഴി സംസ്ഥാനത്തെ മറികടക്കാനാകും.
അതുകൊണ്ട് ഒരു മുന്നറിയിപ്പു കൂടി യു.ജി.സി മാർഗരേഖയിലുണ്ട്: 'ഈ വ്യവസ്ഥകൾ ലംഘിച്ചാൽ കോഴ്‌സുകൾക്ക് അംഗീകാരം നഷ്ടമാകുമെന്നുമാത്രമല്ല, സ്ഥാപനങ്ങൾക്കുള്ള എല്ലാ സഹായവും ഇല്ലാതാകും'.

നിയമസഭകൾ അതാതു സംസ്ഥാനങ്ങളുടെ സവിശേഷതകൾ പരിഗണിച്ച് രൂപം നൽകുന്ന നിയമനിർമാണത്തിലൂടെയാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. യു.ജി.സിയെപ്പോലെ അക്കാദമിക് മേൽനോട്ടച്ചുമതലയുള്ള ഒരു സംവിധാനത്തിന്, നിയമനം അടക്കമുള്ള ഭരണപരമായ കാര്യങ്ങളിൽ സംസ്ഥാന നിയമങ്ങളെ മറികടക്കാനാകുമോ എന്നത്, ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യമാണ്. അതിന് പാർലമെന്റാണ് മറുപടി നൽകേണ്ടത്, യു.ജി.സിയല്ല.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടതാണ് യു.ജി.സി മാർഗരേഖയിലെ ഏറ്റവും അപകടകരമായ നിർദേശം. വി.സിയാകാൻ ഇനി അധ്യാപന പരിചയം നിർബന്ധമില്ല. വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി, അക്കാദമിക് മേഖലയ്ക്കുപുറത്ത് ‘അനുഭവ സമ്പത്ത്' തെളിയിച്ചവർക്ക് വി.സിയാകാം.

വി.സി സെർച്ച് പാനലിൽ മൂന്ന് അംഗങ്ങളുണ്ടാകും: ചാൻസലറായ ഗവർണറുടെ പ്രതിനിധി, യു.ജി.സി ചെയർമാൻ നിർദേശിക്കുന്ന പ്രതിനിധി, സെനറ്റോ സിൻഡിക്കേറ്റോ നിർദേശിക്കുന്ന അംഗം.

സെർച്ച് കമ്മിറ്റി ചാൻസലറാണ് രൂപീകരിക്കുക. ചാൻസലറുടെ പ്രതിനിധി ഈ കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുകയും വേണം.

ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വ്യവസ്ഥകളാണിവ.

അക്കാദമിക് മേഖലയ്ക്കു പുറത്തുള്ള പത്തുവർഷത്തെ ‘അനുഭവ സമ്പത്ത്' എങ്ങനെയാണ് വിലയിരുത്തുക? അധ്യാപന പരിചയവും ഗവേഷണ മേഖലയിലെ മികവും അടക്കമുള്ള അക്കാദമിക് വൈദഗ്ധ്യം ആവശ്യമില്ലാത്ത, വെറുമൊരു ഭരണത്തലവൻ എന്ന നിലയ്ക്കുള്ള പദവിയായി വി.സി മാറുകയാണ്.

സെർച്ച് കമ്മിറ്റിയിലെ മൂന്നംഗങ്ങളിൽ രണ്ടുപേരും കേന്ദ്ര താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാകും എന്നതിനാൽ, കേന്ദ്രത്തിന് താൽപര്യമുള്ള വി.സിമാരാകും നിയമിക്കപ്പെടുക. കേന്ദ്രം തന്നെ അവരുടെ 'അനുഭവ സമ്പത്തും' തീരുമാനിക്കും.

വി.സി നിയമനത്തിൽ സംസ്ഥാനങ്ങൾക്ക് പ്രയോഗിക്കാവുന്ന ചില അവകാശങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. അവ ഉയർത്തിപ്പിടിച്ചാണ് കേരളവും തമിഴ്‌നാടും പശ്ചിബംഗാളും ചാൻസലറായ ഗവർണറുടെ ഏകപക്ഷീയ അധികാരപ്രയോഗങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. വി.സി നിയമനത്തിൽ സംസ്ഥാന സർക്കാറിന് മേൽക്കൈ കിട്ടുന്ന തരത്തിലുള്ള നിയമനിർമാണത്തിന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കുന്നതാണ് യു.ജി.സി മാർഗരേഖ.

സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി വേണമെന്നുമാത്രമേ 2018-ലെ യു.ജി.സി മാർഗരേഖ പറയുന്നുള്ളൂ. മാത്രമല്ല, ചാൻസലർ തന്നെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടാണ് കേരളത്തിലെ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാൻ ഗവർണർ ഏകപക്ഷീയമായി നിയോഗിച്ച സെർച്ച് കമ്മിറ്റിയെ തള്ളി സംസ്ഥാന സർക്കാറിന് സമാന്തര സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാനായത്. വി.സി നിയമനത്തിന് ഗവർണർ ഏകപക്ഷീയമായി പുറപ്പെടുവിച്ച വിജ്ഞാപനം തടയാനും കഴിഞ്ഞു. ഭരണഘടനാപ്രകാരം സംസ്ഥാനത്തിനുള്ള എക്‌സിക്യൂട്ടീവ് അധികാരമാണ് കേരളം ഇവിടെ ഉപയോഗിച്ചത്.

ഇപ്പോഴും കേരളത്തിലെ ഭൂരിപക്ഷം യൂണിവേഴ്‌സിറ്റികൾക്കും സ്ഥിരം വി.സിമാരില്ല. യൂണിവേഴ്‌സിറ്റികളിലെ ഈ 'ഇൻ ചാർജ്' നേതൃത്വങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുണ്ടാക്കുന്ന പ്രതിസന്ധികൾ കേരളത്തിന്റെ വൈജ്ഞാനിക സമൂഹത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഒരുവിധത്തിലും അലട്ടുന്നില്ല.

തമിഴ്‌നാട്ടിൽ, ഗവർണറുടെ ഇടപെടലിനെതുടർന്ന് അഞ്ച് സംസ്ഥാന സർവകലാശാലകൾക്കാണ് വി.സിമാരെ നഷ്ടമായത്. 2022-ൽ വി.സി നിയമനത്തിൽ ഗവർണർക്കുള്ള അമിത അധികാരങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥ പാസാക്കിയതിനെതുടർന്നുള്ള നിയമതർക്കം അവിടെ അന്തമില്ലാതെ തുടരുകയാണ്. പശ്ചിമ ബംഗാളും വി.സി നിയമത്തിൽ ഗവർണർക്കെതിരെ ഇപ്പോൾ സുപ്രീംകോടതിയിലാണ്.

കോളേജ് അധ്യാപക നിയമനത്തിലും യൂണിയൻ സർക്കാറിന് പിടിമുറുക്കാൻ കഴിയുന്ന വ്യവസ്ഥകൾ, യു.ജി.സി മാർഗരേഖയിൽ സമർഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫസറാകാൻ ‘നെറ്റ്’ വേണ്ട എന്ന് പുതിയ മാർഗരേഖ പറയുന്നു. 75 ശതമാനം മാർക്കോടെ നാലു വർഷ ബിരുദമോ 55 ശതമാനം മാർക്കോടെ പി.ജിയോ ഉള്ളവർക്ക് ‘നെറ്റ്’ യോഗ്യതയില്ലാതെ അസി. പ്രൊഫസറാകാം. ഒഴിവുകളിൽ

പത്തു ശതമാനം പേരെ അക്കാദമിക് ഇതര മേഖലകളിൽനിന്ന് നിയമിക്കാനും ശുപാർശയുണ്ട്. ഇതിനായി ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്' എന്ന സംവിധാനം വരും. അതായത്, വിദ്യാർത്ഥികളെ പുതിയ കാലത്തെ വൈജ്ഞാനികലോകത്തേക്ക് തുറന്നുവിടുകയെന്ന പ്രവൃത്തിക്ക് അവശ്യം വേണ്ട വിശകലന- ഗവേഷണ ശേഷികളോ അക്കാദമിക് വൈദഗ്ധ്യമോ പൂർണമായും ആവശ്യമില്ലാതാക്കുന്ന ‘പരിഷ്‌കാരം'.

അധ്യാപക നിയമനത്തിൽ വി.സിമാർക്ക് മേൽക്കൈ വരും. അധ്യാപകരെ നിയമിക്കാനുള്ള ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധരെ വി.സിയാണ് തെരഞ്ഞെടുക്കുക. കോളേജുകളിലെ അധ്യാപകരെ നിയമിക്കാനുള്ള പാനലിലേക്ക്, വി.സിയുടെ പാനലിൽനിന്ന് മൂന്നുപേരെയാണ് തെരഞ്ഞെടുക്കേണ്ടത്. മാത്രമല്ല, സെലക്ഷൻ കമ്മിറ്റി നൽകുന്ന മാർക്കിനായിരിക്കും അധ്യാപക നിയമനത്തിൽ മുൻതൂക്കം.

സെലക്ഷൻ കമ്മിറ്റിക്കുമേൽ വി.സിയ്ക്ക് നിർണായക സ്വാധീനം ചെലുത്താനാകുമെന്നതിനാൽ, പലതരം താൽപര്യങ്ങൾക്ക് സ്വാധീനം ചെലുത്താനുള്ള സ്‌പെയ്‌സുമുണ്ടാകും. ഒരർഥത്തിൽ, വി.സിമാരും അധ്യാപകരും പൂർണമായും കേന്ദ്ര താൽപര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണ് യു.ജി.സി മാർഗരേഖ സൃഷ്ടിക്കാൻ പോകുന്നത്.

മറ്റൊരു പ്രധാന പ്രശ്‌നം, പ്രാതിനിധ്യത്തിന്റേതാണ്. അക്കാദമിക് മാനദണ്ഡങ്ങൾ പ്രകാരം നിയമനം നടക്കുമ്പോൾ തന്നെ, ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങളിൽ എസ്.സി- എസ്.ടി- ഒ.ബി.സി വിവേചനം അതിരൂക്ഷമാണ്.

2023 ജൂലൈയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ലോക്‌സഭയിൽ ഇതിന്റെ ഒരു കണക്ക് പുറത്തുവിട്ടു.

45 കേന്ദ്ര സർവകലാശാലകളിൽ രണ്ടിടത്തു മാത്രമാണ് എസ്.സി- എസ്.ടി വിഭാഗത്തിൽനിന്ന് വി.സിമാരുള്ളൂ.

1341 പ്രൊഫസർമാരിൽ പട്ടികവർഗക്കാർ 22 പേർ മാത്രം. പട്ടികജാതിക്കാർ 96 പേർ,
ഒ.ബി.സി വിഭാഗത്തിൽനിന്ന് 60 പേർ.

2817 അസോസിയേറ്റ് പ്രൊഫസർമാരിൽ 231 പട്ടികജാതിക്കാരാണുള്ളത്.
69 പട്ടികവർഗക്കാരും
187 ഒ.ബി.സി വിഭാഗക്കാരും.

5284 അസിസ്റ്റന്റ് പ്രൊഫസർമാരിൽ പട്ടികജാതിക്കാർ 1094 പേർ. പട്ടികവർഗക്കാർ 534 പേരും
ഒ.ബി.സി വിഭാഗത്തിൽനിന്ന് 1654 പേരും.

എസ്.സി- എസ്.ടി വിഭാഗത്തിലെ 1097 ഒഴിവുകളിൽ
212 പോസ്റ്റിൽ മാത്രമാണ് നിയമനം നടന്നത്.

അക്കാദമിക യോഗ്യതകൾക്കപ്പുറത്തുള്ള മാനദണ്ഡങ്ങൾ കൂടി വി.സിമാരുടെയും അധ്യാപകരുടെയും നിയമനത്തിൽ കൂട്ടിച്ചേർക്കപ്പെടുമ്പോൾ ആദ്യം പുറത്താകുക, ദലിത്- പിന്നാക്ക വിഭാഗങ്ങളായിരിക്കും. വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ നേതൃശേഷി കൂടി വി.സിമാരുടെയും അധ്യാപകരുടെയും നിയമനത്തിൽ യോഗ്യതയായി വരുമ്പോൾ പൂർണമായും വരേണ്യവൽക്കരിക്കപ്പെട്ട സംവിധാനമായി ഉന്നത അക്കാദമിക് മേഖല മാറും.

യൂണിയൻ സർക്കാറിനെതിരായ രാഷ്ട്രീയ പ്രതിരോധമായി ഈ വിഷയത്തിലുള്ള പ്രതികരണങ്ങൾ മാറേണ്ടതുണ്ട്.

എന്തുകൊണ്ടാണ്, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ ചാൻസലർ ഭരണം പൊടിപൊടിക്കുന്നത്? കാരണം, തങ്ങളുടെ നിയന്ത്രണങ്ങൾക്കുപുറത്ത് അവശേഷിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളാണിവ. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വങ്ങൾ അതിവേഗം കേന്ദ്രഭരണത്തിന്റെ താൽപര്യക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരും സ്ഥാപനമേധാവികളുടെയും അടിസ്ഥാന യോഗ്യത, അവർക്ക് ആർ.എസ്.എസുമായുള്ള അഫിലിയേഷനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്, വസ്തുതകളുടെ വെളിച്ചത്തിൽ തന്നെയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ആദ്യ രണ്ടു സർക്കാറുകളുടെ കാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന അജണ്ട ആർ.എസ്.എസിന് വിജയകരമായി നടപ്പാക്കാനായി.

സിലബസിലെ തിരുത്തലുകൾ ചർച്ചയാകുമ്പോൾ പാർശ്വവൽകൃത വിഭാഗങ്ങളെ പുറന്തള്ളുന്ന പ്രക്രിയ നിശ്ശബ്ദമായാണ് അരങ്ങേറുന്നത്. 2018നും 2023-നുമിടയിൽ ആത്മഹത്യ ചെയ്ത 61 ഐ.ഐ.ടി- ഐ.ഐ.എം വിദ്യാർഥികളിൽ ഏറെ പേരും ദലിത്- പിന്നാക്ക വിഭാഗക്കാരായിരുന്നു. ഫെല്ലോഷിപ്പുകൾ നിർത്തിയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും സ്വകാര്യവൽക്കരണത്തിലൂടെയും പുതിയ കാമ്പസുകൾ വരേണ്യമാക്കപ്പെടുകയാണ്.

ഇത്തരം വിഷയങ്ങളുന്നയിച്ച് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉയർന്നുവന്ന രാഷ്ട്രീയ സമരങ്ങൾക്ക് വലിയൊരു വിഭാഗം അധ്യാപകരുടെയും ഐക്യദാർഢ്യമുണ്ടായിരുന്നു. രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേന്ദ്രം വിദ്യാർഥികളെ നേരിട്ടത്. ഒപ്പം, പല സ്ഥാപനങ്ങളുടെയും തലപ്പത്ത് തങ്ങൾക്ക് അഭിമതരായവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന്റെ സ്വഭാവിക തുടർച്ച മാത്രമാണ് യു.ജി.സി മാർഗരേഖ.

മാത്രമല്ല, ഗവർണർ പദവിയെ ഏറ്റവും സങ്കുചിത കക്ഷിരാഷ്ട്രീയ പദവിയാക്കി മാറ്റിയ പാർട്ടിയും സർക്കാറുമാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ചാൻസലർ എന്ന ഈ കേന്ദ്ര നോമിനിക്ക് പരമാധികാരം നൽകുന്ന യു.ജി.സി മാർഗരേഖ, കേന്ദ്രത്തിന്റെ രാഷ്ട്രീയ ഇടപെടലിനുള്ള ഒരു വഴി കൂടിയാണ് തുറക്കുന്നത്.

കേന്ദ്രത്തിന്റെ പ്രതിലോമകരമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പാരഡികൾ കേരളവും പിന്തുടരുന്നുണ്ട്. വി.സിമാരുടെ നിയമനത്തിലും എയ്ഡഡ് കോളേജ് നിയമനത്തിലെ സംവരണത്തിലുമെല്ലാം പലതരം ഇരട്ടത്താപ്പുകൾ സംസ്ഥാന സർക്കാറിനുണ്ട്.

മുന്നണിഭരണത്തിന്റെ ഒഴിയാബാധയായ സങ്കുചിത കക്ഷിരാഷ്ട്രീയം കേരളത്തിലെ യൂണിവേഴ്‌സിറ്റികളെയും വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം പുതിയ കാലത്തിനുവേണ്ട ഒരുതരം നിലവാരവും പുലർത്താത്ത അഭ്യാസമായി മാറിയിട്ടുണ്ട്. കേരളത്തിനുപുറത്തേക്ക് വിദ്യാർത്ഥികൾ ധാരാളമായി പോകാനും തുടങ്ങിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തിരിച്ചറിവു കൂടിയായി മാറേണ്ടതുണ്ട്.

Comments