ഡോ. മുനീർ എം.

യു.ജി.സി കരടിനുമുന്നിൽ
ആശങ്കകളോടെ കേരളം

യു.ജി.സി കരട് മാർഗനിർദേശം ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് സമഗ്രമായി വിലയിരുത്തുകയാണ് ഡോ. മുനീർ എം. സംസ്ഥാന സർക്കാരുകൾ ഈ വിഷയം ഗൗരവപൂർവ്വം കാണാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം എഴുതുന്നു.

നുവരി ആദ്യവാരമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, യു.ജി.സി.യുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് രേഖ പ്രസിദ്ധീകരിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രഭരണത്തിൽ വന്നതുമുതൽ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുമായി നടത്തുന്ന ശീതസമരത്തിന്റെ മറ്റൊരു പോർമുഖം കൂടി തുറക്കുകയാണ് ഇതോടെ സംഭവിച്ചത്. മാർഗനിർദ്ദേശങ്ങൾ പുറത്തുവന്നയുടൻ ഫെഡറൽ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിയമസഭയിൽ യു.ജി.സി.യുടെ നിർദ്ദേശങ്ങൾക്കെതിരെ പ്രമേയം പാസാക്കി. മാത്രമല്ല, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളോട് സമാന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച്, അടുത്തിടെ കൊച്ചിയിൽ നടന്ന അന്തർദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുമേൽ കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന കടന്നുകയറ്റങ്ങളെ തുറന്നെതിർക്കുകയും, യു.ജി.സി മാർഗനിർദ്ദേശങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ യു.ജി.സി പുറപ്പെടുവിച്ച കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നും സംസ്ഥാന സർക്കാരുകളുമായും അക്കാദമിക വിദഗ്ധരുമായും വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കാവൂ എന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. ബീഹാറിൽ, ബി ജെ പി സഖ്യ കക്ഷിയായ ജെ.ഡി- യുവും സമാന രീതിയിൽ പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ നിലയുറപ്പിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രഭരണത്തിൽ വന്നതുമുതൽ  ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുമായി നടത്തുന്ന  ശീതസമരത്തിന്റെ മറ്റൊരു പോർമുഖം കൂടി തുറക്കുകയാണ് യു.ജി.സി കരട് മാർഗരേഖയിലൂടെ സംഭവിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രഭരണത്തിൽ വന്നതുമുതൽ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുമായി നടത്തുന്ന ശീതസമരത്തിന്റെ മറ്റൊരു പോർമുഖം കൂടി തുറക്കുകയാണ് യു.ജി.സി കരട് മാർഗരേഖയിലൂടെ സംഭവിച്ചത്.

സംസ്ഥാന സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർമാർക്ക് വലിയ പങ്ക് നൽകുന്ന പുതിയ ചട്ടങ്ങൾ സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പാർട്ടിയുടെ ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ, സംസ്ഥാന സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന വിഷയത്തിൽ ഗവർണർമാർക്ക് (അതിലൂടെ കേന്ദ്രത്തിനും) അമിതാധികാരം നൽകുന്നത് ചൂണ്ടിക്കാട്ടി പ്രസ്തുത മാർഗനിർദ്ദേശങ്ങളെ എതിർക്കുമ്പോഴും, അധ്യാപക നിയമനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ യു.ജി.സി. മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളും, അവ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നതും സംസ്ഥാന സർക്കാരുകൾ ഗൗരവപൂർവ്വം കാണുന്നില്ല എന്നത് ആശങ്കയുളവാക്കുന്നതാണ്.

കേരളത്തിലെ പിന്നാക്ക / അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ തൊണ്ണൂറുകളോടെ കൈവന്ന വിദ്യാഭ്യാസത്തോടും, സർക്കാർ ജോലികളോടുമുള്ള ആഭിമുഖ്യമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രവേശനം കൂടാനുള്ള ഒരു പ്രധാന കാരണം.

യു.ജി.സി മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്ന് ആറു മാസങ്ങൾക്കുള്ളിൽ അവ നടപ്പാക്കാനാവശ്യമായ ഭേദഗതികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ നിയമങ്ങളിൽ വരുത്തണമെന്ന് യു.ജി.സി. നിഷ്കർഷിക്കുന്നു. രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക ഫലമുളവാക്കാൻ പോന്നവയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ എന്നതിനാലും, പുത്തൻ വിദ്യാഭ്യാസ നയം (NEP-2020) രാജ്യത്ത് നടപ്പാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് ആദ്യമായി യു.ജി.സി കൊണ്ടുവരുന്ന ചട്ടങ്ങൾ എന്ന നിലയിലും വളരെയധികം പ്രധാന്യത്തോടെയാണ് അക്കാദമിക സമൂഹം ഇതിനെ നോക്കിക്കാണുന്നത്.

രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകൾ മുതൽ അഫിലിയേറ്റഡ് കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും, അധ്യാപകർ മുതൽ വൈസ് ചാൻസലർമാർ വരെയുള്ള സകല നിയമനങ്ങളേയും ഒരു പോലെ നിയന്ത്രിക്കുന്നവയാണ് പ്രസ്തുത നിർദ്ദേശങ്ങൾ എന്നതിനാൽ, പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ സാർവ്വത്രിക വിദ്യാഭ്യാസം കൈവരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും ചെയ്യുന്ന കേരളം പോലൊരു സംസ്ഥാനത്തെ ഏതെല്ലാം വിധത്തിൽ പ്രസ്തുത നിർദ്ദേശങ്ങൾ ബാധിക്കാനിടയുണ്ട് എന്ന് പരിശോധിക്കുകയാണിവിടെ.

യു.ജി.സി മാർഗനിർദ്ദേശങ്ങൾ പുറത്തുവന്നയുടൻ ഫെഡറൽ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിയമസഭയിൽ യു.ജി.സി.യുടെ നിർദ്ദേശങ്ങൾക്കെതിരെ പ്രമേയം പാസാക്കി. മാത്രമല്ല, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളോട് സമാന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
യു.ജി.സി മാർഗനിർദ്ദേശങ്ങൾ പുറത്തുവന്നയുടൻ ഫെഡറൽ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിയമസഭയിൽ യു.ജി.സി.യുടെ നിർദ്ദേശങ്ങൾക്കെതിരെ പ്രമേയം പാസാക്കി. മാത്രമല്ല, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളോട് സമാന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അധ്യാപകരാണോ വിലങ്ങുതടി?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായാണ് ഓരോ വർഷവും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇതര സംസ്ഥാനങ്ങളിലേക്കും, രാജ്യത്തിന് പുറത്തേക്കും കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ ചേക്കേറുന്നു എന്നതും യാഥാർഥ്യമാണ്. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ വന്നിട്ടുളള ശോഷണമാണ് വിദ്യാർഥികൾ പുറത്തേക്ക് പോവുന്നതിനുള്ള പ്രധാന കാരണം. എങ്കിലും പാശ്ചാത്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് ഇതു മാത്രമാണ് കാരണമെന്ന് പറയാൻ സാധിക്കില്ല.

ഒരേസമയം കേരളത്തിലെ കലാലയങ്ങളിൽ, ദേശീയ ശരാശരിയേക്കാൾ, വിദ്യാർത്ഥി പ്രവേശനം കൂടിയിരിക്കുകയും, അതേസമയം, കേരളത്തിന് പുറത്തേക്ക് വിദ്യാർത്ഥികൾ മുൻപില്ലാത്തവിധം ചേക്കേറുകയും ചെയ്യുന്നുവെന്നത് ഒരു വൈരുധ്യമായി തോന്നാമെങ്കിലും, ഈ പ്രതിഭാസത്തിന് വ്യത്യസ്തമായ കാരണങ്ങളാണുള്ളതെന്ന് ഇവയെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിലൂടെയും, സർക്കാർ ഉദ്യോഗവും, ഭൂപരിഷ്കരണമുൾപ്പെടെയുള്ള സാമൂഹ്യ- സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും സാമൂഹ്യ മുന്നേറ്റം (Social Mobility) സാധ്യമാക്കിയ വരേണ്യവർഗ്ഗങ്ങളും സമുദായങ്ങളുമാണ് പാശ്ചാത്യ നാടുകളിലേക്ക് ചേക്കേറുന്ന പ്രബല വിഭാഗങ്ങളെന്ന് ഇവരുടെ സമുദായ -കുടുംബ പശ്ചാത്തലം (Social Profile) പരിശോധിച്ചാൽ വ്യക്തമാകും.

കൊച്ചിയിൽ നടന്ന അന്തർദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുമേൽ കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന കടന്നുകയറ്റങ്ങളെ തുറന്നെതിർക്കുകയും, യു.ജി.സി മാർഗനിർദ്ദേശങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൊച്ചിയിൽ നടന്ന അന്തർദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുമേൽ കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന കടന്നുകയറ്റങ്ങളെ തുറന്നെതിർക്കുകയും, യു.ജി.സി മാർഗനിർദ്ദേശങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടാലും കേരളത്തിൽ തുടരാൻ സാധ്യതയില്ലാത്തവരാണ് ഇവർ. കാരണം, പഠനത്തിനുശേഷമുള്ള ഭാവിജീവിതം തങ്ങൾ എത്തിപ്പെടുന്ന പ്രദേശങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇത്തരം പലായനങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യം വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചിന്തിക്കുന്നതോ, ഇവരെ നോക്കി കേരളത്തിലെ വിദ്യാർത്ഥികളെ ‘മണ്ണുണ്ണി’കളെന്നു പരിഹസിക്കുന്നതോ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാവില്ല (കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിലുള്ള അന്തരം മനസ്സിലാക്കാത്തതു കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ പണ്ഡിതരെന്ന് സമൂഹം ബഹുമാനിക്കുന്നവർ പോലും നടത്തിവരുന്നത്).

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ യാതൊരു ഇടപെടലുകളും നടത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുക്കമല്ല. സംവരണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപക നിയമനങ്ങൾ നടത്തണമെന്ന യാതൊരു നിർദ്ദേശങ്ങളും, യു.ജി.സി. പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ കാണാനില്ല.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ ഉപാധ്യക്ഷനും ചരിത്ര പണ്ഡിതനുമായ പ്രൊഫ. രാജൻ ഗുരുക്കളുടെ അഭിപ്രായത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ മേഖയുടെ നിലവാരശോഷണത്തിന് കാരണം. വിദ്യാഭ്യാസ മേഖലയിൽ നടപ്പിൽ വരുത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും വിലങ്ങുതടിയായി പ്രവർത്തിക്കുന്നതും ഇതേ അധ്യാപകരാണെന്ന് പ്രൊഫ. ഗുരുക്കൾ അഭിപ്രായപ്പെടുന്നു (Mathrubhumi Daily -English- 1 July, 2024). എന്നാൽ യാഥാർഥ്യം അതാണോ?

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനാവശ്യമായ പരിഷ്കാരങ്ങൾ ആവശ്യമായിരിക്കുമ്പോൾത്തന്നെ, വിദ്യാഭ്യാസ മേഖലയിൽ നടപ്പിൽവരുത്തുന്ന എല്ലാ പരിഷ്കാരങ്ങളും സമൂഹത്തിന് പൊതുവിലും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേകിച്ചും അനുഗുണമാണോ എന്നുകൂടി പരിശോധിക്കേണ്ട ഉത്തരവാദിത്വം ഇത്തരം പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നല്കുന്നവർക്കില്ലേ? ഉദാഹരണത്തിന്, പ്രൊഫ. രാജൻ ഗുരുക്കൾ തന്നെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന കാലത്ത് പ്രസ്തുത സർവ്വകലാശാലയിൽ നടപ്പാക്കുകയും, പിന്നീട് കേരളത്തിലെ മറ്റു സർവ്വകലാശാലകളിലേക്ക് വ്യാപിക്കുകയും ചെയ്ത സെമസ്റ്റർ സമ്പ്രദായം, പരീക്ഷകളുടെ എണ്ണത്തിൽ കൊണ്ടുവന്ന വർദ്ധനവ് മാറ്റിനിർത്തിയാൽ, വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ എത്രമാത്രം പരിപോഷിപ്പിച്ചുവെന്ന് അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നവരെങ്കിലും സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ ഉപാധ്യക്ഷനും ചരിത്ര പണ്ഡിതനുമായ പ്രൊഫ. രാജൻ ഗുരുക്കളുടെ അഭിപ്രായത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ മേഖയുടെ നിലവാരശോഷണത്തിന് കാരണം. എന്നാൽ, ഇതിൽ എത്രത്തോളം വാസ്തവമുണ്ട്?
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ ഉപാധ്യക്ഷനും ചരിത്ര പണ്ഡിതനുമായ പ്രൊഫ. രാജൻ ഗുരുക്കളുടെ അഭിപ്രായത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ നിലവാരമില്ലായ്മയാണ് വിദ്യാഭ്യാസ മേഖയുടെ നിലവാരശോഷണത്തിന് കാരണം. എന്നാൽ, ഇതിൽ എത്രത്തോളം വാസ്തവമുണ്ട്?

എയ്ഡഡ് ജാതിക്കോട്ടകൾ

കേരളത്തിലെ പിന്നാക്ക / അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ തൊണ്ണൂറുകളോടെ കൈവന്ന വിദ്യാഭ്യാസത്തോടും, സർക്കാർ ജോലികളോടുമുള്ള ആഭിമുഖ്യമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രവേശനം കൂടാനുള്ള ഒരു പ്രധാന കാരണമെന്ന് ഓരോ വർഷവും കലാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലം അടിവരയിടുന്നു. ഇത്തരം വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, അവർ വിജയകരമായി വിദ്യാഭ്യാസം പൂർത്തീകരിച്ച് പോകുന്നതിനും അനുഗുണമായ സാഹചര്യമൊരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ കലാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ വൈവിധ്യത്തെ കണക്കിലെടുക്കുകയും അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് ‘മണ്ണുണ്ണികൾ’ എന്ന ഇകഴ്ത്തലുകൾക്കുപകരം അധികാരികൾ ചെയ്യേണ്ടത്.

സംസ്ഥാന സർക്കാരുകളുടെ അവകാശ ലംഘനങ്ങളുടെ കണ്ണിലൂടെ മാത്രം കാണാവുന്ന ഒന്നല്ല യു.ജി.സി മാർഗ്ഗരേഖ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ചിറങ്ങുന്ന അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചും.

കേരളത്തിലെ സർക്കാർ- എയ്ഡഡ് മേഖലകളിൽ ഒരു പോലെ വിദ്യാർത്ഥികളുടെ ഇടയിൽ കാണുന്ന ഈ സാമൂഹ്യ വൈവിധ്യം, സംവരണ മാനദണ്ഡങ്ങൾ പാലിച്ച് നിയമനങ്ങൾ നടക്കുന്നതുമൂലം സർക്കാർ കലാലയങ്ങളിലെ അധ്യാപർക്കിടയിലും കാണാൻ സാധിക്കും. എന്നാൽ, ഇപ്പോഴും ജാതിക്കോട്ടകളായി തുടരുന്നത് കേരളത്തിലെ എയ്ഡഡ് മേഖലയാണ്. (കേരളത്തിൽ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സംവരണ വിരുദ്ധതയുടെ കണക്കുകൾക്ക് ഒ.പി. രവീന്ദ്രൻ രചിച്ച ‘പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകം കാണുക. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ കൂടിയായ പ്രൊഫ. രാജൻ ഗുരുക്കൾ നടത്തിയ ‘മണ്ണുണ്ണി’ പ്രയോഗത്തിന്റെ വരേണ്യത കുടികൊള്ളുന്നത് ഇവിടെയാണ്).

കേരളത്തിൽ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സംവരണ വിരുദ്ധതയുടെ കണക്കുകൾ ഒ.പി. രവീന്ദ്രൻ രചിച്ച ‘പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകം വിശദമാക്കുന്നുണ്ട്.
കേരളത്തിൽ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സംവരണ വിരുദ്ധതയുടെ കണക്കുകൾ ഒ.പി. രവീന്ദ്രൻ രചിച്ച ‘പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകം വിശദമാക്കുന്നുണ്ട്.

എന്നിരിക്കിലും, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ യാതൊരു ഇടപെടലുകളും നടത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുക്കമല്ല. സംവരണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപക നിയമനങ്ങൾ നടത്തണമെന്ന യാതൊരു നിർദ്ദേശങ്ങളും, യു.ജി.സി. പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ കാണാനില്ല. അതിനാൽ, കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ച്, സംസ്ഥാന സർക്കാരുകളുടെ അവകാശ ലംഘനങ്ങളുടെ കണ്ണിലൂടെ മാത്രം കാണാവുന്ന ഒന്നല്ല യു.ജി.സി. പുറത്തിറക്കിയ മാർഗ്ഗരേഖ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ചിറങ്ങുന്ന അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചും.

ആവശ്യമില്ല ഇനി,
ബിരുദാനന്തര ബിരുദം

പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ (NEP-2020) ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന പല പരിഷ്കാരങ്ങളുടേയും തുടർച്ചയായി വേണം യു.ജി.സി. മാർഗനിർദ്ദേശങ്ങളേയും നോക്കിക്കാണേണ്ടത്. സർവ്വകലാശാലകളുടെ വൈസ് ചാൻസലർ നിയമനങ്ങൾ മാറ്റി നിർത്തിയാൽ, അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടവയാണ് ഇവയിൽ ഏറ്റവും വിചിത്രമായത്.

ഉദാഹരണത്തിന്, അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥിയുടെ വിഷയം, നാലു വർഷ ബിരുദ പ്രോഗ്രാമിലോ, ബിരുദാനന്തര പ്രോഗ്രാമിലോ തിരഞ്ഞെടുത്ത വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പിഎച്ച്.ഡിക്കായി അയാൾ തിരഞ്ഞെടുത്ത വിഷയമെങ്കിൽ, അയാൾ പിഎച്ച്.ഡി. നേടിയ വിഷയത്തെ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കപ്പെടും. അതുപോലെ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥിയുടെ വിഷയം, നാലു വർഷ ബിരുദ പ്രോഗ്രാമിലോ, ബിരുദാനന്തര പ്രോഗ്രാമിലോ തിരഞ്ഞെടുത്ത വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായ വിഷയത്തിലാണ് അയാൾ നെറ്റ് പരീക്ഷ പാസായതെങ്കിൽ, നെറ്റ് പരീക്ഷ പാസായ വിഷയത്തെ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കപ്പെടും.

വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾപോലും നേരാംവണ്ണം നൽകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സാധിക്കാതെ വരികയും, പല സ്കോളർഷിപ്പുകളും നിർത്തലാക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അധ്യാപകരെല്ലാം ഗവേഷകർ കൂടി ആകണമെന്ന് യു.ജി.സി. വാശിപിടിക്കുന്നത്.

ഏതൊരു വിഷയത്തിലുമുള്ള ബിരുദാനന്തര ബിരുദമാണ് (Master of Arts) നിലവിൽ അധ്യാപക തസ്തികയ്ക്കായി നിഷ്കർഷിച്ചിട്ടുള്ളത്. ഓരോ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും പ്രസ്തുത വിഷയത്തിൽ നേടുന്ന അവഗാഹം തന്നെയാണ് അതിനു കാരണം. ഉദാഹരണത്തിന്, കേരള സർവ്വകലാശാലയുടെ എം.എ പൊളിറ്റിക്കൽ സയൻസ് പഠിക്കുന്ന ഒരു വിദ്യാർത്ഥി, നാലു സെമസ്റ്ററുകളിലായി (പ്രോജക്റ്റ് കൂടാതെ) 16 പേപ്പറുകൾ കോഴ്സിന്റെ ഭാഗമായി പഠന വിധേയമാക്കുന്നുണ്ട്. അതിലൂടെ ആർജ്ജിക്കുന്ന അറിവുമായാണ് ഓരോരുത്തരും അധ്യാപനത്തിനും, ഗവേഷണത്തിനുമുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത്. ബിരുദാനന്തര ബിരുദത്തിനു ശേഷമുള്ള കാലയളവിൽ താന്താങ്ങളുടെ ഇഷ്ട മേഖലകൾ കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുമ്പോൾ, ഹയർ സെക്കന്ററി മുതലുള്ള അധ്യാപനത്തിന്റെ മേഖലകളിലേക്ക് മറ്റുള്ളവർ തിരിയുന്നു. ഓരോ ഉദ്യോഗാർത്ഥിയും, ഗവേഷകനും തങ്ങളുടെ ഐശ്ചിക വിഷയങ്ങളെ അടുത്തറിയുന്ന പ്രക്രിയയാണ് ബിരുദാനന്ത ബിരുദ കോഴ്സുകളിലൂടെ നടക്കുന്നത്.

എണ്ണത്തിൽ കുറവായ കേന്ദ്ര സർവ്വകലാശാലകളുമായി തട്ടിച്ചു നോക്കുമ്പോൾ, അഫിലിയേറ്റഡ് കോളേജുകളുടേതുൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന സർവ്വകലാശാലകളുടെ നിയന്ത്രണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ആലോചിക്കേണ്ടതുണ്ട്.
എണ്ണത്തിൽ കുറവായ കേന്ദ്ര സർവ്വകലാശാലകളുമായി തട്ടിച്ചു നോക്കുമ്പോൾ, അഫിലിയേറ്റഡ് കോളേജുകളുടേതുൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന സർവ്വകലാശാലകളുടെ നിയന്ത്രണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ആലോചിക്കേണ്ടതുണ്ട്.

ഒരു വിഷയത്തിലുള്ള പഠനത്തിന്റെ സമഗ്രതയാണ് ബിരുദാനന്തര ബിരുദ കോഴ്സുകളെ അവയ്ക്ക് മുകളിലും താഴെയുമുള്ള മറ്റു കോഴ്സുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബിരുദാനന്തര ബിരുദം ഒഴിവാക്കി, മൂന്ന് വർഷ ബിരുദ പഠനം നാലു വർഷമാക്കുന്നതിലൂടെയോ (NEP- 2020 നിഷ്കർഷിക്കും വിധം), ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ മാത്രമുള്ള പിഎച്ച്.ഡി.യും, ഒരു മത്സര പരീക്ഷ മാത്രമായ നെറ്റും (NET) നേടുന്നതിലൂടെയോ (പുതിയ യു.ജി.സി ചട്ട പ്രകാരം) കൈവരിക്കാവുന്നതല്ല ഈ സമഗ്രത. ദേശീയ റാങ്കിങ്ങിൽ മുൻനിരയിലുള്ള ജെ.എൻ.യു പോലുള്ള സർവ്വകലാശാലകളിലെ ഏറ്റവും തിളക്കമാർന്ന കോഴ്‌സുകൾ അവിടുത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണെന്ന് ആ സർവ്വകലാശാലയെ അടുത്തറിയുന്ന ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. ഇത്തരം ഒരു സാധ്യതയെ അടച്ചു കളയുകയാണ് അതാത് വിഷയങ്ങളിലെ ബിരുദാനന്ത ബിരുദ പ്രോഗ്രാമുകൾ അധ്യാപക നിയമനത്തിന് ആവശ്യമില്ലായെന്ന് നിഷ്കർഷിക്കുന്നതിലൂടെ യു.ജി.സി ചെയ്യുന്നത്. ഇതിലൂടെ ഒരു വിഷയത്തിലും പ്രാവീണ്യം ആർജ്ജിക്കാതെ തന്നെ, ഏതൊരാൾക്കും ഏതൊരു വിഷയവും പഠിപ്പിക്കാമെന്ന അവസ്ഥ സംജാതമാകും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് യു.ജി.സി മുന്നോട്ടുവയ്ക്കുന്ന ഈ രണ്ടു പരിഷ്കാരങ്ങളുമെന്നത് പറയാതെ വയ്യ.

പുതിയ യു.ജി.സി. നിർദ്ദേശം നിലവിൽ വന്നു കഴിഞ്ഞാൽ, കേന്ദ്ര സർക്കാരിന് താല്പര്യമുള്ള വ്യക്തികൾ മാത്രമാവും സംസ്ഥാന സർവ്വകലാശാലകളിലും (കേന്ദ്ര സർവ്വകലാശാലകളിലെന്ന പോലെ) വൈസ് ചാൻസലർമാരായി നിയമിക്കപ്പെടാൻ പോകുന്നത്.

ഗവേഷണത്തിന്
മരണമണി

ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് പുത്തൻ വിദ്യാഭ്യാസ നയത്തിൽ (NEP- 2020) കണ്ടിരുന്ന വൈരുധ്യങ്ങൾ ഈ കരട് രേഖയിലും കാണാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠനത്തിന് പ്രാധാന്യം നൽകുന്ന കോളേജുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്ന് മൂന്നായി തരംതിരിച്ചിരുന്നുവെങ്കിലും, അധ്യാപനത്തിന് പ്രാധാന്യം നൽകുന്ന കോളേജുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി. നിർബന്ധമാക്കുകയാണ് (അസിസ്റ്റന്റ് പ്രൊഫസ്സർ Academic Level 11-ൽ നിന്നും Academic Level 12 ലേക്ക് പോലും) യു.ജി.സി. ചട്ടം ചെയ്തിരിക്കുന്നത്. അധ്യാപനത്തിന് താല്പര്യമുള്ള വ്യക്തികൾ സ്ഥാനക്കയറ്റം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഗവേഷണത്തിൽ ഏർപ്പെടുന്നത് അധ്യാപകരുടെ മാനസിക സമ്മർദ്ദം കൂട്ടുകയും, അധ്യാപന നിലവാരത്തെ മാത്രമല്ല, ഗവേഷണത്തിന്റെ ഗുണ നിലവാരത്തേയും ദോഷകരമായി ബാധിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് ഗവേഷണത്തിന് വേണ്ടത്ര പ്രാധാന്യം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നൽകാറില്ലായെന്നതിന്, ഈ മേഖല അനുദിനം നേരിടുന്ന പ്രശ്നങ്ങളിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാകുന്നതാണ്. രാജ്യത്തിന്റെ മൊത്ത വരുമാനത്തിന്റെ (GDP) വെറും 0.67 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ ഗവേഷണ മേഖലയ്ക്കായി 2020- 22 കാലയളവിൽ നീക്കി വെച്ചിരുന്നത് (രാജ്യങ്ങളുടെ മൊത്ത വരുമാനത്തിന്റെ നീക്കിയിരുപ്പ് പരിശോധിച്ചാൽ, ഗവേഷണത്തിനായി തുക ചിലവഴിക്കുന്നതിൽ ഏറ്റവും പിൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു).

എന്നു മാത്രമല്ല, ഗൗരവമായി ഗവേഷണം നടത്തുന്നതിന് അനുഗുണമായ പശ്ചാത്തല സൗകര്യങ്ങൾ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കലാലയങ്ങളിൽ പോലും തുലോം തുച്ഛമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾപോലും നേരാം വണ്ണം നൽകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സാധിക്കാതെ വരികയും, നല്കിക്കൊണ്ടിരുന്ന പല സ്കോളർഷിപ്പുകളും നിർത്തലാക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അധ്യാപകരെല്ലാം ഗവേഷകർകൂടി ആകണമെന്ന് യു.ജി.സി. വാശിപിടിക്കുന്നത്. യു.ജി.സി.യുടെ കരട് മാർഗ്ഗനിദ്ദേശങ്ങൾ പുറത്തു വന്ന ശേഷം, നിലവാരമില്ലാത്ത പിഎച്ച്.ഡി. നൽകിയതിന്റെ പേരിൽ രാജസ്ഥാനിലെ മൂന്നു സർവ്വകലാശാലകൾ പിഎച്ച്.ഡി. നൽകുന്നത് യു.ജി.സി. നിർത്തലാക്കിയതിനെ ഒരു രോഗമായല്ല, മറിച്ച്, ഗവേഷണവുമായി ബന്ധപ്പെട്ട യു.ജി.സിയുടെ തന്നെ ലക്ഷ്യങ്ങളിലെ രോഗത്തിന്റെ ലക്ഷണങ്ങളായിവേണം മനസ്സിലാക്കാൻ.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ വന്നിട്ടുളള ശോഷണമാണ് വിദ്യാർഥികൾ പുറത്തേക്ക് പോവുന്നതിനുള്ള പ്രധാന കാരണം. എങ്കിലും പാശ്ചാത്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് ഇതു മാത്രമാണ് കാരണമെന്ന് പറയാൻ സാധിക്കില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ വന്നിട്ടുളള ശോഷണമാണ് വിദ്യാർഥികൾ പുറത്തേക്ക് പോവുന്നതിനുള്ള പ്രധാന കാരണം. എങ്കിലും പാശ്ചാത്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് ഇതു മാത്രമാണ് കാരണമെന്ന് പറയാൻ സാധിക്കില്ല.

​പ്രിൻസിപ്പൽമാരുടെ യോഗ്യതകൾ

കോളേജുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു നോക്കിയാൽ, മുൻകാലങ്ങളെ അപേക്ഷിച്ച്, കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അഞ്ച് വർഷത്തേക്കായി നിജപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എങ്കിലും പ്രിൻസിപ്പൽ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊണ്ടുവരാവുന്ന മറ്റ് പല നിർദ്ദേശങ്ങളും അവയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഉദാഹരണമായി, അക്കാദമിക യോഗ്യതകൾക്കു പുറമേ ഭരണപരമായ പരിചയം ഇത്തരം നിയമനങ്ങളിൽ യോഗ്യതാ മാനദണ്ഡമായി നിശ്ചയിക്കാവുന്നതാണ്. കാരണം, ഒരു സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയിൽ ഒരു വ്യക്തിക്ക് ശോഭിക്കാൻ ഭരണപാടവം ആവശ്യമാണ്. അക്കാദമിക യോഗ്യതകളിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നല്ല അത്. കൂടെയുള്ള സഹപ്രവർത്തകരെ ഒരുമിച്ചുകൂട്ടി, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ അതാത് മേഖലയെക്കുറിച്ച് ധാരണയും, ഒപ്പം ഭരണനൈപുണ്യവുമുള്ള ഒരു സ്ഥാപന മേധാവിക്ക് സാധിക്കും. മറിച്ചായാൽ സ്ഥാപനത്തിന്റെ തകർച്ചയാവും ഫലമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുടെ സംസ്ഥാനത്തു തന്നെയുണ്ട്. ‘മുറിവൈദ്യൻ ആളെക്കൊല്ലുന്ന’ അവസ്ഥയാണ് കേരളത്തിലെ പല കലാലയങ്ങൾക്കുമുള്ളത്. എന്നിരിക്കിലും, പ്രിൻസിപ്പലായി നിയമനം ലഭിച്ച ഒരധ്യാപിക /അധ്യാപകൻ, തന്റെ പ്രിൻസിപ്പൽ കാലാവധി പൂർത്തിയാക്കിയ ശേഷം അധ്യാപക തസ്തികയിലേക്ക് തന്നെ തിരികെ പോകണമെന്ന യു.ജി.സി. നിർദ്ദേശം സ്വാഗതാർഹമാണ്. കാരണം, സ്ഥാപന മേധാവിമാരായി തുടരുമ്പോഴും, അടിസ്ഥാനപരമായി തങ്ങൾ അധ്യാപകരാണെന്നും, അധ്യാപക തസ്തികയിലേക്ക് തന്നെയാണ് തങ്ങൾ തിരികെ പോകേണ്ടതെന്നുമുള്ള യാഥാർഥ്യം, സമഭാവനയോടെ മറ്റു ജീവനക്കാരോട് പെരുമാറാൻ ഒരുപക്ഷേ അവരെ പ്രാപ്തരാക്കിയേക്കാം.

കേരളത്തിലെ സർക്കാർ കോളേജുകളെ സംബന്ധിച്ച് ഇത്തരത്തിൽ അഞ്ചു വർഷത്തേക്ക് മാത്രമായുള്ള പ്രിൻസിപ്പൽ നിയമനം കോളേജുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയില്ലായെങ്കിലും, ഇതേ പ്രിൻസിപ്പൽമാർ തന്നെയാണ് ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചുപോകുന്നത് എന്നതിനാൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഭരണതലത്തിൽ ഇത്തരം നിർദ്ദേശങ്ങൾ ഏത് വിധമാണ് നടപ്പിലാക്കപ്പെടുകയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

മറ്റു ജോലികൾ ചെയ്യുന്നതോടൊപ്പം ആർക്കും, എപ്പോഴും ചെയ്യാവുന്നതും, പ്രത്യേക പരിശീലനം ആവശ്യമില്ലാത്തതുമായ ഒന്നായി അധ്യാപനത്തെ താഴ്ത്തിക്കെട്ടുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്നത്.

കേന്ദ്രത്തിന്റെ വി.സിമാർ

സംസ്ഥാന സർക്കാരുകൾ അതിനിശിതമായി യു.ജി.സിയുടെ പുതിയ മാർഗനിർദ്ദേശങ്ങളെ എതിർക്കാൻ കാരണം സംസ്ഥാന സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്, സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് (ഗവർണർക്ക് പകരം മറ്റൊരു വ്യക്തിയാണ് ചാൻസലർ ആകുന്നതെങ്കിലും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർക്കുള്ള അധികാരം ഗവർണ്ണർക്ക് തുല്യമാണ്) നൽകിയിട്ടുള്ള സമ്പൂർണ്ണ അധികാരങ്ങളാണ്. കാരണം, ചാൻസലർ നിയമിക്കുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തേണ്ടത്. അവർ നൽകുന്ന മൂന്ന് മുതൽ അഞ്ചുപേരടങ്ങിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ചാൻസലറാണ് അന്തിമമായി വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. ചുരുക്കത്തിൽ, പുതിയ യു.ജി.സി. നിർദ്ദേശം നിലവിൽ വന്നു കഴിഞ്ഞാൽ, കേന്ദ്ര സർക്കാരിന് താല്പര്യമുള്ള വ്യക്തികൾ മാത്രമാവും സംസ്ഥാന സർവ്വകലാശാലകളിലും (കേന്ദ്ര സർവ്വകലാശാലകളിലെന്ന പോലെ) വൈസ് ചാൻസലർമാരായി നിയമിക്കപ്പെടാൻ പോകുന്നത്. ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും, സംസ്ഥാന സർക്കാരുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത വിധം സർവ്വകലാശാലകളുടെ പ്രവർത്തനം സംഘപരിവാർ ശക്തികളുടെ നിയന്ത്രണത്തിലേക്ക് ചെന്നു ചേരാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ടാണ്, ഇതിനെതിരായ ശക്തമായ പ്രതിഷേധം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുയർത്തുന്നത്.

രാജ്യത്ത് യുവാക്കളുടെ ഇടയിൽ സംഘപരിവാർ രാഷ്ട്രീയം വളർത്തിയെടുക്കുന്നതിൽ സർവ്വകലാശാലകളുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന ജെ.എൻ.യു പോലുള്ള സർവ്വകലാശാലകളിൽപ്പോലും, തന്റെ വൈസ് ചാൻസലർ പദവി ഉപയോഗപ്പെടുത്തി, സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കി വിജയിപ്പിച്ച വ്യക്തിയാണ് നിലവിലെ യു.ജി.സി ചെയർമാനായ മാമിഡാല ജഗദേഷ് കുമാർ. രാജ്യത്ത് എണ്ണത്തിൽ കുറവായ കേന്ദ്ര സർവ്വകലാശാലകളുമായി തട്ടിച്ചു നോക്കുമ്പോൾ, അഫിലിയേറ്റഡ് കോളേജുകളുടേതുൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന സർവ്വകലാശാലകളുടെ നിയന്ത്രണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മറ്റുള്ളവർ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല!

ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന ജെ.എൻ.യു പോലുള്ള സർവ്വകലാശാലകളിൽപ്പോലും, തന്റെ വൈസ് ചാൻസലർ പദവി ഉപയോഗപ്പെടുത്തി, സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കി വിജയിപ്പിച്ച വ്യക്തിയാണ് യു.ജി.സി ചെയർമാനായ മാമിഡാല ജഗദേഷ് കുമാർ.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന ജെ.എൻ.യു പോലുള്ള സർവ്വകലാശാലകളിൽപ്പോലും, തന്റെ വൈസ് ചാൻസലർ പദവി ഉപയോഗപ്പെടുത്തി, സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കി വിജയിപ്പിച്ച വ്യക്തിയാണ് യു.ജി.സി ചെയർമാനായ മാമിഡാല ജഗദേഷ് കുമാർ.

കച്ചവടവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശം പുത്തൻ വിദ്യാഭ്യാസ നയത്തിൽ (NEP-2020) കാണാമെങ്കിലും, അക്കാദമിക മേഖലയ്ക്ക് പുറത്തുള്ളവരെ അധ്യാപകരായി (പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കണമെന്ന മറ്റൊരു വിചിത്ര നിർദ്ദേശം കൂടി യു.ജി.സിയുടെ പുതിയ മാർഗനിർദ്ദേശങ്ങളിൽ കാണാം. ഏതൊരു മേഖലയിലും പ്രാവീണ്യമുള്ള വ്യക്തികൾ സമൂഹത്തിന് മുതൽക്കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല. അവരുടെ പ്രാഗല്ഭ്യവും, അനുഭവസമ്പത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിക്കുന്നതിലും, വിദ്യാർത്ഥികൾ അവരെ മാതൃകയാക്കുന്നതിലും ആരും എതിരഭിപ്രായം പറയാനിടയില്ല. എന്നാൽ, അത്തരം വ്യക്തികളെ അധ്യാപകരായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ്. ക്ലാസ് റൂം അധ്യായനങ്ങൾക്കു പുറമെ അക്കാദമിക മേഖലയിൽ അധ്യാപകർ സജീവമാകണമെന്നു നിർദ്ദേശിക്കുന്ന അതേ യു.ജി.സി തന്നെയാണ്, മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരക്കണമെന്ന് പറയുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ ഓരോ വ്യക്തിയേയും അവർക്ക് ശോഭിക്കാൻ പറ്റുന്ന മേഖലകൾ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണെങ്കിൽ, മറ്റു മേഖലകളിൽ ശോഭിക്കുന്നവരെ അധ്യാപകരക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.

മറ്റു ജോലികൾ ചെയ്യുന്നതോടൊപ്പം ആർക്കും, എപ്പോഴും ചെയ്യാവുന്നതും, പ്രത്യേക പരിശീലനം ആവശ്യമില്ലാത്തതുമായ ഒന്നായി അധ്യാപനത്തെ താഴ്ത്തിക്കെട്ടുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്നത്. മാത്രമല്ല, കച്ചവടം നടത്തുന്നതിന് വിദ്യാഭ്യാസം മുതൽക്കൂട്ടാണെങ്കിലും, വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വിദ്യാർത്ഥികളിൽ കച്ചവട മനോഭാവം വളർത്തിയെടുക്കുക എന്നതല്ലായെന്നും, മറിച്ച്, വ്യക്തിയും, സമൂഹവും തമ്മിലുള്ള പാരസ്പര്യം വളർത്തിയെടുക്കുക എന്നതാണെന്നുമുള്ള തിരിച്ചറിവ് നയരൂപീകരണം നടത്തുന്നവർക്കുണ്ടാകേണ്ടതുണ്ട്. നിർഭാഗ്യവശാൽ അത്തരത്തിലുള്ള യാതൊരുവിധ നിർദ്ദേശങ്ങളും യു.ജി.സി പുറത്തിറക്കിയ കരട് മാർഗനിർദ്ദേശങ്ങളിൽ കാണാനില്ല.


Summary: How new UGC regulations will reflect in Kerala education system. Dr Muneer M critically analyses vice chancellor appointment and other issues.


ഡോ. മുനീർ എം.

തൃശൂർ പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments