‘പണം മുടക്കാൻ സംസ്ഥാനങ്ങളും വിളവെടുക്കാൻ സംഘപരിവാറും’ എന്ന മട്ടിൽ, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ഗൂഢനീക്കമാണ് യു.ജി.സി കരട് മാർഗരേഖയിലെ (UGC Draft Regulations 2025) വ്യവസ്ഥകളിൽ ഒളിഞ്ഞിരിക്കുന്നത്. ഭരണഘടനയുടെ ആധാരശിലകളിലൊന്നായ ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച്, സംസ്ഥാന സർവ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യു ജി സി പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങൾ. സംസ്ഥാന സർക്കാറുകൾക്ക് കാമ്പസുകളുടെ മേൽ ഒരു അധികാരവുമില്ല എന്ന തരത്തിലുള്ള വ്യവസ്ഥകളാണ് മാർഗരേഖ മുന്നോട്ടുവയ്ക്കുന്നത്.
സർവകലാശാലകൾക്കായി
സംസ്ഥാനം ചെയ്യുന്നത്
നമ്മുടെ സർവകലാശാലകൾക്കുവേണ്ടി സംസ്ഥാന സർക്കാർ എന്തെല്ലാമാണ് ചെയ്യുന്നത് എന്ന് പരിശോധിക്കാം. സാമ്പത്തിക പരാധീനതകൾക്കിടയിലും വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചുകൊണ്ടിരിക്കുകയാണ് കേരളം. കഴിഞ്ഞ നാല് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നത് 6000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്. ഇതിൽ 2000 കോടി രൂപ അടിസ്ഥാന സൗകര്യ വിപുലീകരണത്തിണ് ഉപയോഗിച്ചത്. കിഫ്ബി, പ്ലാൻ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് ഇതുവഴി അടിസ്ഥാന സൗകര്യ വികസനരംഗത്ത് നടപ്പിലാക്കിയത്.

പ്ലാൻ- നോൺ പ്ലാൻഫണ്ട് ഇനത്തിൽ 2023-24 വർഷം മാത്രം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ യൂണിവേഴ്‌സിറ്റികൾക്കു മാത്രമായി 1822.35 കോടി രൂപ കൈമാറിയിട്ടുണ്ട്.
കേരള, എം ജി സർവകലാശാലകളിൽ ഒരുക്കിയ ലാബ് കോംപ്ലക്‌സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങളാണ്. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ 250 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ ചെലവഴിച്ചത്.
ഇങ്ങനെ സംസ്ഥാനം ഫണ്ട് ചെയ്യുന്ന യൂണിവേഴ്‌സിറ്റികളിൽ സംസ്ഥാനങ്ങൾക്ക് അയിത്തം കൽപ്പിക്കുകയാണ് യു.ജി.സി കരട് മാർഗരേഖയുടെ ലക്ഷ്യം. ഇതിലെ വ്യവസ്ഥകൾ നടപ്പാക്കാത്തപക്ഷം സ്ഥാപനങ്ങൾക്കുള്ള സഹായം നിർത്തലാക്കുമെന്ന ഭീഷണിയുമുണ്ട്. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ യൂണിയൻ സർക്കാറിന്റെ പങ്കാളിത്തം എത്രയാണ്? അധ്യാപകരുടെ യു.ജി.സി ശമ്പള വിഹിതത്തിലടക്കം നേരത്തെയുണ്ടായിരുന്ന പരിമിതമായ പങ്കാളിത്തം പോലും കേന്ദ്ര സർക്കാരിനില്ല. ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം പൊതുപട്ടികയിലേക്ക് മാറ്റപ്പെട്ടപ്പോഴും സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മിക്കതും അതാത് നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല, വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ 75 ശതമാനത്തോളവും സംസ്ഥാനങ്ങൾ നേരിട്ടാണ് വഹിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള ആകെ ചെലവിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് 76 ശതമാനമായിരിക്കെ കേന്ദ്രത്തിന്റേത് 24 ശതമാനമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, അത്ര വലിയ ഫണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല.
വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ സഹായം നിർത്തും, കോഴ്സുകളുടെ അംഗീകാരം പിൻവലിക്കും എന്നതുപോലുള്ള മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനമായിരുന്നില്ല മുമ്പ് യു.ജി.സി. എന്നാൽ ഇപ്പോൾ ചില മാർഗരേഖകൾ പുറപ്പെടുവിക്കുന്നതിനുപകരം കർശനമായ ചട്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്.
വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ സഹായം നിർത്തും, കോഴ്സുകളുടെ അംഗീകാരം പിൻവലിക്കും എന്നതുപോലുള്ള മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനമായിരുന്നില്ല മുമ്പ് യു.ജി.സി. എന്നാൽ ഇപ്പോൾ ചില മാർഗരേഖകൾ പുറപ്പെടുവിക്കുന്നതിനുപകരം കർശനമായ ചട്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. സർവകലാശാലകൾക്ക് ഫണ്ട് ചെയ്ത് നല്ല രീതിയിൽ അവയെ മുന്നോട്ടുകൊണ്ടുപോകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ പുറകോട്ടടിപ്പിക്കാനേ ഈ തരത്തിലുള്ള അടിച്ചേൽപ്പിക്കൽ സഹായകരമാകൂ. അമിതാധികാര കേന്ദ്രീകരണവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണിത്.
അപകടകരമായ
വ്യവസ്ഥകൾ
യു ജി സി കരട് മാർഗ്ഗനിർദ്ദേശങ്ങൾ ഭരണഘടനാ മർമ്മജ്ഞർ ഉറപ്പായും അസ്വീകാര്യമായി വിലയിരുത്തുമെന്നുറപ്പുള്ള വിധത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ളതാണ്. ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമെന്നതിനൊപ്പം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണിവ. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി തീരുമാനിക്കുമെന്ന വെല്ലുവിളിയാണ് പുതിയ യു ജി സി നിർദ്ദേശത്തിലുള്ളത്. അക്കാദമിക്- ഭരണഘടനാ വിദഗ്ധരെ മുഖവിലക്കെടുക്കാത്ത തരത്തിലുള്ള നിർദ്ദേശങ്ങളും നടപടികളും സ്വേച്ഛാനുവർത്തികളെ ഉന്നത വിദ്യാഭ്യാസ നേതൃത്വത്തിൽ അവരോധിക്കാനുള്ള കുറുക്കുവഴിയാണ്. സംസ്ഥാന സർക്കാരിനെ ഉന്നത വിദ്യാഭ്യാസ ഭരണനേതൃത്വത്തിൽനിന്ന് മാറ്റുന്നതിന് സർവകലാശാലകളുടെ സ്വയംഭരണം എന്ന ആശയത്തെ ദുർവ്യാഖ്യാനിക്കുകയാണിവർ.

സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി, വൈസ് ചാൻസലർക്ക് മുകളിൽ ചാൻസലറെ സർവ്വകലാശാലകളുടെ സർവ്വാധികാരിയാക്കാനുള്ള ലക്ഷ്യത്തോടെയുള്ളതാണ് ഈ മാർഗരേഖയിലെ നിർദേശങ്ങൾ. മുൻ വ്യവസ്ഥകളിൽനിന്ന് ഭിന്നമായി വൈസ് ചാൻസലർ നിയമനത്തിനുള്ള എല്ലാ പ്രക്രിയകളും ചാൻസലിൽ നിക്ഷിപ്തമാക്കുന്നു. സെർച്ച്- കം- സെലക്ഷൻ കമ്മിറ്റിയുടെ ഘടന തീരുമാനിക്കുന്നതുപോലും ചാൻസലാണെന്നു വന്നിരിക്കുന്നു.
യു.ജി.സി റഗുലേഷൻ- 2013, സംസ്ഥാന നിയമങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ട്. യു.ജി.സി റഗുലേഷൻ- 2018 യു.ജി.സി ചെയർമാന്റെ നോമിനി ഒഴികെയുള്ള കാര്യങ്ങളിൽ നിബന്ധനകൾ മുന്നോട്ടുവക്കുന്നില്ല. എന്നാൽ, 2018-ലെ യു.ജി.സി റഗുലേഷനിലെ വ്യവസ്ഥകളനുസരിച്ച് വി.സിമാരെ നിയമിക്കാനുള്ള സെർച്ച്- കം- സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനും അതിനെ മാനേജ് ചെയ്യാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന ഒന്നാണ് യു.ജി.സിയുടെ പുതിയ കരട് മാനദണ്ഡം. മുഴുവൻ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയെയാകെ കേന്ദ്രസർക്കാർ താൽപര്യങ്ങൾക്കൊത്ത് നിയമിക്കുന്ന ഗവർണർക്ക് കീഴിലാക്കാനുള്ള കാവിവത്കരണ പദ്ധതിയാണിത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നിലവാരത്തകർച്ചയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. NIRF റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച നിലവാരത്തിലാണ്.
വൈസ് ചാൻലസർമാർ മുതൽ അസിസ്റ്റന്റ് പ്രൊഫസർ വരെയുള്ളവരുടെ യോഗ്യതകളിൽ വെള്ളം ചേർത്ത്, അക്കാദമിക് ഗുണനിലവാരത്തെ നിർവീര്യമാക്കാനുള്ള നീക്കം കൂടി ഈ മാർഗരേഖയുടെ ലക്ഷ്യമാണ്. അധ്യാപകരുടെയും മറ്റ് അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിന്റെ കാര്യത്തിലും യു.ജി.സി മാർഗരേഖ പൊതുതാൽപര്യത്തിന് ഹാനികരമാണ്.
കേരളത്തിൽ, സംസ്ഥാന സർക്കാറിന്റെ ഇടപെടലോടെ നിയമിക്കപ്പെട്ട വി.സിമാരെല്ലാവരും അറിയപ്പെടുന്ന അക്കാദമീഷ്യന്മാരാണ്. കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്ത് അറിയപ്പെടുന്ന അക്കാദമീഷ്യനാണ്. എം.ജി സർവകലാശാലാ വി.സിയായിരുന്ന ഡോ. സാബു തോമസ് നിരവധി ആഗോള സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറാണ്. ഗവേഷണ മേഖലയിലും വൈദഗ്ധം തെളിയിച്ച അക്കാദമീഷ്യനാണ്. ഇങ്ങനെ സംസ്ഥാന സർക്കാർ നിയമിച്ച വി.സിമാരെല്ലാവരും രാജ്യത്തിനകത്തും പുറത്തും വൈദഗ്ധ്യം തെളിയിച്ചവരാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നിലവാരത്തകർച്ചയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. NIRF റാങ്കിംഗിലും (National Institutional Ranking Framework -NIRF) നാക് അക്രഡിറ്റേഷനിലും (The National Assessment and Accreditation Council -NAAC) കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച നിലവാരത്തിലാണ്. അത് കൃത്യമായ തെളിവുള്ള കാര്യവുമാണ്. NIRF റാങ്കിംഗിൽ കേരള, എം.ജി സർവകലാശാലകൾ A++, കാലിക്കറ്റും കാലടിയും കുസാറ്റും A+ റാങ്കിലുമാണ്. പൊതുസർവകലാശാലകളിൽ 9,10,11 റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്. ‘നാക്കി’ലായാലും NIRF- ലായാലും കോളേജുകൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.
സംസ്ഥാന യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കപ്പെടുകയും അവയ്ക്ക് സംസ്ഥാന സർക്കാറുകൾ ഫണ്ട് ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, അവയ്ക്ക് അനുയോജ്യമായ നിയമനിർമാണം നടത്താൻ സംസ്ഥാന നിയമസഭകൾക്കുള്ള അധികാരത്തെ അട്ടിമറിക്കുകയാണ് യു.ജി.സി.
അഡ്മിഷൻ സമയത്ത്, കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്ന മട്ടിൽ വരുന്ന വാർത്തകളും അടിസ്ഥാനരഹിതമാണ്. ഈ സർക്കാർ അധികാരമേറ്റശേഷം, നിരവധി പുതിയ കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്, സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടപ്രകാരം കോഴ്സുകൾ സെലക്റ്റ് ചെയ്യാനും കഴിയുന്നു.
വിദ്യാഭ്യാസം എന്ന
സംസ്ഥാന വിഷയം
ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടികയിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൊതുപട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. 44-ാം ഭരണഘടനാ ഭേദഗതിയിൽ, മുൻഭേദഗതിയിൽ കൊണ്ടുവന്ന പല മാറ്റങ്ങളും പുനഃസ്ഥാപിച്ചിട്ടും വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ തിരികെ ചേർക്കാതിരുന്നത്, രാജ്യസഭയിൽ പാസ്സാകാത്തതുകൊണ്ടുമാത്രമാണ്. തീർത്തും രാഷ്ട്രീയകാരണങ്ങളാൽ മാത്രമാണിതെന്നു ചുരുക്കം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം നിലനിർത്തുന്ന കാര്യത്തിൽ മാത്രമാണ് സംസ്ഥാന വിഷയമായ വിദ്യാഭ്യാസം പൊതുപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന് ന്യായമുള്ളതെന്ന് ഡോ. ബി.ആർ. അംബേദ്കർ തൊട്ടിങ്ങോട്ട് ഭരണഘടനാവിദഗ്ധർ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളതാണ്. ഏകീകൃതമല്ലാത്ത വ്യവസ്ഥകൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്കാകെ പൊതുവായ മാനദണ്ഡവും ഏകീകൃത രീതിയും ഉറപ്പുവരുത്താൻ എന്നതാണ് ഇതിന്റെ സ്പിരിറ്റ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഏകീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്ന പരിമിതമായ ദൗത്യം മാത്രമേ സംസ്ഥാന സർവ്വകലാശാലകളിൽ കേന്ദ്രത്തിനുള്ളൂ എന്നർത്ഥം. അതോടൊപ്പം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണെന്നത് സംശയരഹിതമായി ഇവരെല്ലാം അടിവരയിട്ടിട്ടുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘‘ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 32 പ്രകാരം സർവകലാശാലകളുടെ സ്ഥാപനം, മേൽനോട്ടം എന്നിവ സംബന്ധിച്ച അധികാരം സംസ്ഥാനങ്ങൾക്കാണ്. യൂണിയൻ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സർക്കാരിന് അധികാരമുള്ളത്. ഇതിന്റെ പിൻബലത്തിലാണ് യു.ജി.സി നിയമത്തിൻ കീഴിൽ യു.ജി.സി റെഗുലേഷനുകൾ പുറപ്പെടുവിക്കുന്നത്’’.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയെന്ന നിലയ്ക്ക്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് അയച്ച കത്തിൽ, യു.ജി.സി മാർഗരേഖയോടുള്ള കേരളത്തിന്റെ എതിർപ്പ് ശക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കപ്പെടുകയും അവയ്ക്ക് സംസ്ഥാന സർക്കാറുകൾ ഫണ്ട് ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, അവയ്ക്ക് അനുയോജ്യമായ നിയമനിർമാണം നടത്താൻ സംസ്ഥാന നിയമസഭകൾക്കുള്ള അധികാരത്തെ അട്ടിമറിക്കുകയാണ് യു.ജി.സി മാർഗരേഖ ചെയ്യുന്നത് എന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാരം നിലനിർത്താനുള്ള നടപടികളെടുക്കുക എന്ന പരിമിതമായ മാൻഡേറ്റ് മാത്രമാണ് യു.ജി.സിക്കുള്ളത് എന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയ പ്രധാന കാര്യങ്ങൾ ഇവയാണ്:
‘‘അധ്യാപകരുടെയും മറ്റ് അക്കാദമിക് ജീവനക്കാരുടെയും സെലക്ഷനിൽ, ഇന്ത്യൻ ഭാഷകളിലുളള ഒന്നോ കൂടുതലോ യോഗ്യത, ഇന്ത്യൻ ഭാഷകളിൽ എഴുതിയ പുസ്തകങ്ങൾ എന്നിവക്കൊപ്പം അതാത് മേഖലയിലുള്ള ‘ശ്രദ്ധേയ സംഭാവനകൾ’ സെലക്ഷൻ കമ്മിറ്റി പരിഗണിക്കുമെന്ന് പറയുന്നുണ്ട്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിവരുടെ നിയമനത്തിലും ഈ പോസ്റ്റുകളിലേക്കുള്ള സി.എ.എസ് പ്രമോഷന്റെയും കാര്യത്തിലുള്ള നിർബന്ധിത വ്യവസ്ഥകളിൽ ഒന്ന് ഇത്തരം ‘ശ്രദ്ധേയ സംഭാവന'കളാണ്. ഇത്തരം മാനദണ്ഡങ്ങൾ നിർണയിക്കുക വിഷമകരമാണെന്നുമാത്രമല്ല, അവ സങ്കീർണമായ നിയമക്കുരുക്കിനിടയാക്കും. നിയമനങ്ങളുടെ പേരിലുള്ള ക്രമക്കേടുകൾക്കും പക്ഷപാതങ്ങൾക്കും വഴിവെക്കും. ഒരു പ്രസിദ്ധീകരണം പീയർ റിവ്യൂഡ് ആണോ അല്ലയോ എന്ന് സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാം. ഇതും, പക്ഷപാതത്തിനുള്ള സാധ്യതയുണ്ടാക്കും. വൈസ് ചാൻസലർമാർ മുതൽ അസിസ്റ്റന്റ് പ്രൊഫസർമാർ വരെയുള്ളവരുടെ അക്കാദമിക യോഗ്യതകളിൽ ഇളവ് നൽകുന്നത് അക്കാദമിക് ഗുണനിലവാരം നിർവീര്യമാക്കാനിടയാക്കും’’.
‘‘കോളേജ് നിയമനങ്ങൾക്കുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഘടനയുടെ കാര്യത്തിൽ യു.ജി.സി മാർഗരേഖയിലെ 4.2, 3.17 എന്നീ ക്ലോസുകൾ കടകവിരുദ്ധമാണ്. കോളേജ് തല റിക്രൂട്ടുമെന്റ് പ്രക്രിയയാണ് ക്ലോസ് 4.2 നിർദേശിക്കുന്നത്. എന്നാൽ, വ്യവസ്ഥാപിത നിയമങ്ങളനുസരിച്ച് സംസ്ഥാന സർക്കാറിന് റിക്രൂട്ട്‌മെന്റ് നടത്താമെന്നാണ് ക്ലോസ് 3.17 നിർദേശിക്കുന്നത്. ഭരണഘടനാ സംവിധാനമായ കേരള പബ്ലിക് സർവീസ് കമ്മീഷനാണ് ഗവൺമെന്റ് കോളേജുകളിൽ നിയമനം നടത്തുന്നത്. കോർപറേറ്റ് മാനേജുമെന്റ് കോളേജുകളിൽ നിയമനം നടത്തുന്നത്, യു.ജി.സി മാനദണ്ഡപ്രകാരം രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന പൊതു റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഈ രണ്ട് വ്യത്യസ്ത ക്ലോസുകളും ഈ രണ്ട് പ്രക്രിയകൾക്കും അംഗീകാരം നൽകുകയാണ് ചെയ്യുന്നത്, ഇത് ഭാവിയിൽ നിയമപ്രശ്‌നങ്ങൾക്കിടയാക്കും’’.

ഇത്തരം കടകവിരുദ്ധമായ വ്യവസ്ഥകളുള്ള യു.ജി.സി കരട് മാർഗരേഖ റദ്ദാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം, കേരളം ശക്തമായി ഇതിനെതിരെ രംഗത്തുവരും. നിയമസഭയിൽ 118-ാം ചട്ടപ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഐക്യകണ്‌ഠ്യേന അംഗീകരിച്ച് പാസാക്കുകയും ചെയ്തു. കരട് ചട്ടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശപ്രകാരം മുൻ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. പ്രഭാത് പട്‌നായികിന്റെ അധ്യക്ഷതയിൽ മൂന്നംഗ സമിതിക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപം നൽകിയിട്ടുണ്ട്. പ്രതിപക്ഷ ഭരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.