ഗവേഷണത്തിനുള്ള പിഎച്ച്.ഡി ഡിഗ്രിയ്ക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ സർവകലാശാലകൾക്കും കോളേജുകൾക്കും എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യു.ജി.സി ചെയർമാൻ പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ രാജസ്ഥാനിലെ മൂന്ന് സർവകലാശാലകൾക്കെതിരെ അടുത്ത അഞ്ചുവർഷം പിഎച്ച്.ഡിയ്ക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരിക്കുന്നു. ഗവേഷണത്തിന്റെ ഗുണനിലവാരം ഉയർത്തിപ്പിടിക്കുവാനുള്ള തീരുമാനമാണ് ഇതെന്ന് പറയുമ്പോഴും പുതിയ യു.ജി.സി കരട് മാർഗ്ഗനിർദ്ദേശങ്ങൾ (UGC Draft Regulations- 2025) വാസ്തവത്തിൽ ഗുണനിലവാരം ഉയർത്തുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുകയാണ്.
‘ആർക്കു’മാകാം, വി.സി
ഗവേഷണത്തിന്റെ ഗുണനിലവാരം ആരംഭിക്കുന്നത് ഓരോ സർവ്വകലാശാലയും നിയന്ത്രിക്കുന്നവരുടെ ഗുണനിലവാരത്തെ ആശ്രയിച്ചാണ്. സർവ്വകലാശാലയുടെ പൊതുവായ ദൈനംദിന ഭരണം നിയന്ത്രിക്കുന്ന വൈസ് ചാൻസലറെ ചാൻസലറായ ഗവർണ്ണർക്ക് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ തെല്ലുമില്ലാതെ നിയമിക്കാം എന്നതാണ്. എന്നാൽ വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ പെടുകയും, സർവകലാശാലകളുടെ ധനസഹായം പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണറുടെ ഇച്ഛക്കനുസരിച്ച് ഒരാളെ നിയമിക്കുന്നത് നീതിപൂർവ്വമാകില്ല എന്നുമാത്രമല്ല അധ്യാപനപരിചയം പോലുമില്ലാത്ത ആർക്കും വൈസ് ചാൻസലറാകാം എന്നതും ഒരുവിധത്തിലും യുക്തിയ്ക്ക് ചേർന്നതല്ല.

ഇത്തരത്തിൽ അക്കാദമീഷ്യർ അല്ലാത്തവർ എങ്ങനെയാണ് ഗവേഷണം പോലെ അത്രതന്നെ പ്രാധാന്യമുള്ള ഒരു പ്രവൃത്തിയ്ക്ക് നേതൃത്വം നൽകുക? അക്കാദമീഷ്യരായവർ പോലും പല തരത്തിലെ താത്പര്യം മൂലം കപട ശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുന്ന അവസ്ഥ അടുത്തിടെ നാം കണ്ടതാണല്ലോ. രാജ്യത്തെ ഏറ്റവും നിലവാരമേറിയ ഐ.ഐ.ടി പോലെയുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ തന്നെ, പൊതുസമൂഹത്തോട് ഗോമൂത്രം ഭക്ഷിച്ച് മണിക്കൂറുകൾ കൊണ്ട് പനി മാറിയ സന്യാസിയുടെ കഥ പറയുമ്പോൾ അത്തരം പരാമർശങ്ങൾ സമൂഹത്തിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘ്യാതത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ല.
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ യു.ജി.സി അനുവദിച്ച ഗവേഷണ ഗ്രാന്റുകൾ പരിശോധിച്ചാൽ അവയിൽ ഭൂരിപക്ഷവും ശാസ്ത്രാടിത്തറയുള്ള വിഷയങ്ങളാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല.
ഗവേഷണ ഗ്രാന്റുകൾ ആർക്ക്?
ഗവേഷണത്തിന് ഊന്നൽ നൽകേണ്ട വിഷയങ്ങളും ഏറെ പ്രധാനമാണ്. മാറിയ കാലത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതുമുണ്ട്. അടിസ്ഥാനശാഖകളായ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നതിനൊപ്പം ഏറ്റവും പുതിയ വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകണം. അടിസ്ഥാനശാസ്ത്രത്തെയും വിവരസാങ്കേതിക വിദ്യയേയും കൂട്ടിക്കലർത്തിയുള്ള മൾട്ടി ഡിസിപ്ലിനറി വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. ഇക്കാര്യത്തിൽ കടലാസിൽ ഇന്റർ ഡിസിപ്ലിനറിയും മൾട്ടി ഡിസിപ്ലിനറിയും ഒക്കെ ഉണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ യു.ജി.സി അനുവദിച്ച ഗവേഷണ ഗ്രാന്റുകൾ പരിശോധിച്ചാൽ അവയിൽ ഭൂരിപക്ഷവും ശാസ്ത്രാടിത്തറയുള്ള വിഷയങ്ങളാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. പുതിയ മാർഗ്ഗരേഖ അക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ നടത്തുന്നില്ല എന്നത് പോരായ്മയാണ്. അവിടെയാണ് ഗവേഷണത്തിൽ കേന്ദ്രസർക്കാർ കാവിവൽക്കരണം നടത്തുന്നു എന്ന ആക്ഷേപം ശക്തമായി ഉയർന്നുവരുന്നത്.

ഗവേഷണത്തിനായുള്ള ഗ്രാൻറിൽ വലിയ കുറവാണ് ഓരോ വർഷം കഴിയുന്തോറും ഉണ്ടാകുന്നത്. ഗവേഷണത്തിന് കൂടുതൽ ഫണ്ടും, സമയവും ആവശ്യമാണ്. ആഴത്തിൽ ഗവേഷണം നടത്തിയാൽ മാത്രമേ കൂടുതൽ കണ്ടെത്തലുകൾ നടത്താനും അവയിലൂടെ മനുഷ്യജനതയ്ക്ക് സംഭാവന ചെയ്യുവാനും കഴിയുകയുള്ളൂ. അങ്ങനെ ചെയ്യുമ്പോഴാണ് പഠനവും ഗവേഷണവുമൊക്കെ അതിന്റെ പൂർണ്ണമായ ലക്ഷ്യത്തിലേക്ക് എത്തുന്നത്. എന്നാൽ ഗവേഷണ ഗ്രാൻറ് വെട്ടിക്കുറച്ച നടപടി രാജ്യത്തിന്റെ ഗവേഷണമേഖലയെ പിന്നോട്ടടുപ്പിക്കും. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യത്തുനിന്നും അടുത്തകാലത്തൊന്നും ശാസ്ത്രത്തിൽ ഒരു നൊബേൽ സമ്മാനജേതാവ് ഉണ്ടാവാത്തതും ഗവേഷണമേഖലയെ നാം അവഗണിക്കുന്നതുകൊണ്ടു തന്നെയാണ്. യു.ജി.സിയുടെ പുതിയ മാർഗ്ഗരേഖയും ആ വിഷയത്തിൽ ആവശ്യത്തിന് പ്രാധാന്യം നൽകുന്നില്ല എന്നത് വാസ്തവമാണ്. മറ്റെല്ലാ കുറവുകൾക്കൊപ്പം ഗവേഷണമേഖലയുടെ കുറവുകളും അതിൽ മുഴച്ചുനിൽക്കുന്നുണ്ട്.