കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈയിടെ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഗവേഷണ മേഖലയുടെ ഉന്നമനത്തിന് സർക്കാർ എന്തെല്ലാം ചെയ്യും എന്നതിനെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഒരു പ്രസംഗം നടത്തിയിരുന്നു. (പ്രസംഗത്തിന്റെ വീഡിയോ മന്ത്രിയുടെ fb പേജിൽ ലഭ്യമാണ്) സർക്കാരിന്റെ നയപ്രഖ്യാപനം എന്നുതന്നെ അനുമാനിക്കാവുന്ന ഈ പ്രസംഗം കേട്ട ശാസ്ത്രവിദ്യാർത്ഥി എന്ന നിലക്കുള്ള പ്രതികരണമാണിത്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ എന്തെല്ലാം ചെയ്യുമെന്നതായിരുന്നു മന്ത്രിയുടെ പ്രസംഗത്തിന്റെ വിഷയം. മന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലെ ചില കാര്യങ്ങളെപറ്റി ആശങ്കയുണ്ട്.
പ്രസംഗത്തിലെ പ്രധാനപ്പെട്ട ഒരു ആശയം, ‘ഇനിയുള്ള കാലത്ത് പണ്ടത്തെ പോലെ ദൂരവ്യാപക ലക്ഷ്യത്തോടുകൂടിയുള്ള long term theoretical research നല്ല പ്രധാന്യം, മറിച്ച്, പെട്ടെന്ന് റിസൾട്ട് കിട്ടുന്ന, research output പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ഗവേഷണത്തിനാണ് പ്രാധാന്യം , അവയ്ക്കാണ് സർക്കാർ മുൻഗണന കൊടുക്കുന്നത്' എന്നാണ്. നിലവിലെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥനത്തിൽ പൊതു സമൂഹത്തിന് തികച്ചും സാധാരണമായി തോന്നാവുന്ന ആശയം. പക്ഷെ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലക്കും, അതിലുപരി സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ അക്കാദമിക് ലോകത്തും അക്കാദമികമായ ഗുണനിലവാരത്തിലും ഉണ്ടാക്കുന്ന ഇംപാക്റ്റുകളെ പറ്റി ബോധ്യമുള്ള, അതിൽ ആശങ്കകളുള്ള വ്യക്തി എന്ന നിലക്കും, എനിക്ക് ഈ ആശയം അത്ര സാധാരണമായി തോന്നുന്നില്ല.
വിദ്യാഭ്യാസം, ചെറിയ ക്ലാസിൽ തുടങ്ങി ഗവേഷണം വരെ ഏത് ഘട്ടത്തിലായാലും അതിന്റെ പ്രഥമ ലക്ഷ്യം ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്നതായിരിക്കണം. അല്ലാത്ത പക്ഷം അതിനെ വിദ്യാഭ്യാസം എന്ന് വിളിക്കാൻ സാധിക്കില്ല. ഞാൻ മനസിലാക്കിയത് പ്രകാരം ഗവേഷണ വേളയിൽ പോലും നടക്കുന്നത് ഒരു വ്യക്തി അത്യുന്നതമായ ചിന്താശേഷി കൈവരിക്കുകയും, സമൂഹത്തെ മുന്നോട്ട് നയിക്കാൻ തക്കവണ്ണം പ്രാപ്തമായ ശാസ്ത്രീയ- സാംസ്‌കാരിക സമ്പന്നമായ അറിവ് ഉല്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത് (especially in theoretical research). ഈ അറിവ് ഉല്പാദിക്കപ്പെടാത്ത പക്ഷം മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ്. വിപണിക്കോ മനുഷ്യനോ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള, practically usable research output എല്ലാ ഗവേഷണത്തിലും ഉണ്ടാവാറില്ല. പക്ഷെ വിദ്യാഭ്യാസത്തെ വിൽക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലുള്ള ചരക്കാക്കി തരംതാഴ്ത്തിയിരിക്കുന്ന, വിദ്യാഭ്യാസം skilled machine making process മാത്രമാക്കി മാറ്റിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗവേഷണമെന്നത്, മാർക്കറ്റ് ഓറിയൻറഡായി മാത്രം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് പ്രയോജനം ചെയ്യുന്ന ‘practical product' എന്ന് പറയുമ്പോഴും, ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തിൽ വാക്കുകൾ കീറിമുറിച്ച് പഠിച്ചാൽ അത് വിപണിക്കും കോർപ്പറേറ്റുകൾക്കും വ്യവസായ മേഖലക്കും ഗുണം ചെയ്യുന്ന ‘practically usable product' എന്ന് തിരുത്തി വായിക്കേണ്ടി വരും.
ഹൈപോത്തീസിസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണങ്ങൾ നടക്കുന്നത്. ഹൈപോത്തീസിസുകൾ ചിലപ്പോൾ ശരിയോ അല്ലെങ്കിൽ തെറ്റോ ആവാം. ഗവേഷണത്തിന് ഒടുവിൽ ലഭിക്കുന്ന conclusions- ൽ നിന്നാണ് ഹൈപോത്തീസിസുകൾ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് നിർണയിക്കുന്നത്. തെറ്റാണെങ്കിൽപോലും ഗവേഷകർ നടത്തിയ ഗവേഷണ പ്രക്രിയ്ക്കും, ലഭിച്ച അറിവിനും അതിന്റെതായ പ്രസക്തിയുണ്ട്. എന്നാൽ practically usable research output എന്ന നിബന്ധന കൊണ്ടുവരുന്നതോടെ നിർബന്ധമായിട്ടും ഹൈപോത്തീസിസ് ശരിയായിരിക്കണം എന്ന സമ്മർദ്ദത്തിൽ ഗവേഷകർ അകപ്പെടുകയും അത് ആരോഗ്യകരമായ ഗവേഷണാന്തരീഷത്തെയും ഗവേഷണത്തിന്റെ ഗുണമേന്മയെയും ബാധിക്കുന്ന സാഹചര്യമുണ്ടാകും. അതോടൊപ്പം, research output ൽ വലിയ തോതിലുള്ള കൃത്രിമപ്പണി ചെയ്യുന്നതിലേക്കും ഇത് വഴിയൊരുക്കും. സർക്കാർ സാമ്പത്തിക ചുമതല വഹിക്കുന്ന ഗവേഷണങ്ങളിൽ ഗവേഷകർ സ്വതന്ത്രമായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്വകാര്യ വ്യവസായ ധനത്താൽ ഗവേഷണം നടത്തുന്നവർ ഇത്തരത്തിലുള്ള നിബന്ധനകളിൽപെട്ട് വീർപ്പുമുട്ടുന്ന സാഹചര്യമുണ്ടാകും.
വിദ്യാഭ്യാസമെന്നത് skilled machine making process മാത്രമാണെന്നും, അതിന്റെ സമ്പത്തിക ഉത്തരവാദിത്തം തങ്ങളുടെ അല്ലെന്നും, ഇനി വിപണിക്ക് പ്രയോജനം ചെയ്യുന്ന ഗവേഷണം മാത്രം, അതും കോർപറേറ്റ് നൽകുന്ന ഫണ്ടു കൊണ്ട് മാത്രം ചെയ്താൽ മതി എന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസം നയം- 2020, രാജാവിനെക്കാൾ വലിയ രാജഭക്തിയോട് കൂടി കേരള സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് മന്ത്രിയുടെ ഈ ‘നയപ്രഖ്യാപനം' കൂടതൽ ഭയമുളവാക്കുന്നത്. ഈ തരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളിലേക്ക് തിരിയാൻ വിദ്യാർത്ഥികളെ അദ്ധ്യാപകർ കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ നയപ്രഖ്യാപനം പൂർണമാകുന്നു.
ദേശീയ വിദ്യാഭ്യാസം നയം വളരെ വേഗം നടപ്പിലാക്കികൊണ്ടിരിക്കുന്ന, വ്യവസായ വത്കരണത്തിലേക്ക് ദ്രുതഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുസാറ്റിനും കുസാറ്റ് സമൂഹത്തിനും ഇതൊക്കെ നോൽമലായി തോന്നാം. എന്നാൽ, മാർക്കറ്റും ഇൻഡസ്ട്രിയും കോർപറേറ്റുകളുമായി നേരിട്ട് ബന്ധം പുലർത്താത്ത, ആർട്സ്- ഹ്യുമാനിറ്റീസ് വിഷയങ്ങളിലും, ശാസ്ത്രത്തിന്റെ philosophical development-ന് കൂടതൽ വെളിച്ചം വീശുന്ന തിയററ്റിക്കൽ വിഷയങ്ങളിലും പഠനവും ഗവേഷണവും നടത്തുന്നവരെ സംബന്ധിച്ച് ഇതൊരു മരണമണി തന്നെയാണ്. എന്നാൽ ഈ വിഷയങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളും അതുവഴി ഉണ്ടാകുന്ന അറിവുല്പാദനവുമാണ് സമൂഹത്തിന്റെ ശാസ്ത്രീയമായ രീതിയിലുള്ള വസ്തുനിഷ്ഠപരമായ വിമർശനാത്മക, വൈരുദ്ധ്യാത്മക ചിന്താ പ്രക്രിയ്ക്ക് അടിത്തറ പാകുന്നത് എന്നതാണ് വസ്തുത. അതേസമയം മന്ത്രിയുടെ വാക്കുകളിൽ theoretical research നോടുള്ള അവഗണനയുണ്ട് എന്ന് മനസിലാക്കുന്ന ശാസ്ത്ര വിദ്യാർത്ഥികൾ ഉണ്ട് എന്നത് സന്തോഷമുളവാക്കുന്നു.