പരീക്ഷാപരിഷ്‌കരണം പൊതുബോധത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ

കോവിഡ് പ്രതിസന്ധി കാലത്തെ ഇളവുകൾ മൂലമുള്ള റിസൾട്ട് വർദ്ധനവ് CBSE യിൽ 2020 മുതൽ തന്നെ സംഭവിച്ചപ്പോൾ, കേരളാ സിലബസിൽ2021 ൽ മാത്രമാണ് അതുണ്ടായത്. ഇത് മറച്ച് വെച്ചു കൊണ്ടാണ് കേരളത്തിലെ ഉയർന്ന മാർക്കുകാരുടെ എണ്ണം ഒറ്റവർഷം കൊണ്ട് ആനുപാതികമല്ലാത്ത വിധം വർദ്ധിച്ചുവെന്നും അഡ്മിഷൻ നടപടികളെയാകെ അത് ബാധിക്കുന്നുവെന്നുമുള്ള ചർച്ചകൾ അരങ്ങ്തകർത്തത്. കേരളത്തിൽ മാർക്ക് ജിഹാദ്, അഖിലേന്ത്യാതലത്തിൽ കേരളാ വിദ്യാർത്ഥികളുടെ അനർഹമായ തള്ളിക്കയറ്റം തുടങ്ങിയ ഫാസിസ്റ്റ് യുക്തികളും ഇതിനിടയിൽ സജീവമായി പ്രയോഗിക്കപ്പെട്ടു.

കോവിഡും ലോക്ഡൗണും സാധാരണ ജീവിതത്തെ മാറ്റിമറിച്ച കാലമാണ് കടന്നുപോയത്. ഈ കാലത്ത് ലോകത്തിന്റെ പ്രധാന ഉത്കണ്ഠകളിലൊന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തെ ചൊല്ലിയായിരുന്നു. അതിന്റെ ഭാഗമായി കോവിഡ് കാലത്തെ പഠനവും പരീക്ഷകളും പലതവണ, പല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു, പല തവണ കോടതി ഇടപെടലിന് കാരണമായി. കേരളത്തിലാണെങ്കിൽ കുട്ടികളുടെ പഠനാന്തരീക്ഷം നിലനിർത്താൻ നിരവധി ഇടപെടലുകളാണ് സർക്കാർ തലത്തിലുണ്ടായത്. വിക്ടേസ് ചാനൽ, ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകളും പരീക്ഷകളുമെല്ലാം സർക്കാർ മുൻകൈയിൽ സംഘടിപ്പിക്കപ്പെട്ടു. അതിന്റെ തുടർച്ചയിൽ 2022 മാർച്ചിലും SSLC, +2 ക്ലാസുകളിലായി 9 ലക്ഷത്തോളം കുട്ടികൾ വർഷാവസാന പൊതുപരീക്ഷ എഴുതാൻ പോകുകയാണ്. അവരുടെ, പരീക്ഷാതയ്യാറെടുപ്പിന്റെ അവസാനഘട്ട തിരക്കിനിടയിലാണ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ ഉണ്ടെന്ന അറിയിപ്പുകൾ ഉണ്ടാവുന്നത്. ഇതിനെ തുടർന്ന്, വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരിൽ നിരവധിയായ ആശങ്കകളാണ് ഉയരുന്നത്.

മൂല്യനിർണ്ണയം എന്തിന്?

പഠനപ്രക്രിയയിലെ സമർത്ഥമായ ഒരു ഉപാധി എന്ന നിലയിലാണ് വിദ്യാർത്ഥി കേന്ദ്രിതമായ നവീന വിദ്യാഭ്യാസ ദർശനങ്ങളെല്ലാം വിലയിരുത്തൽ അഥവാ മൂല്യനിർണ്ണയത്തെ സമീപിക്കുന്നത്. ഇന്ത്യയിൽ, വിദ്യാഭ്യാസത്തിൽ മൂല്യനിർണ്ണയത്തിനുള്ള സ്ഥാനത്തെ ഇത്തരത്തിൽ പുനർനിർണ്ണയിക്കാനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ ഗൗരവമായി ആരംഭിക്കുന്നത് 2000 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായാണ്. തുടർന്നിങ്ങോട്ട് ദേശീയ തലത്തിലുണ്ടായ പരീക്ഷാ പരിഷ്‌കരണങ്ങളെല്ലാം വിലയിരുത്തലും മൂല്യനിർണ്ണയവും കുട്ടിയുടെ പഠനത്തെ സഹായിക്കുന്നതും, പഠന മേഖലയെ ആഴത്തിൽ സമീപിക്കാനുതകുന്നതും പഠനരീതിയിൽ ആവശ്യമായ മാറ്റം വരുത്തി മുന്നോട്ടു പോകാൻ പ്രാപ്തമാക്കുന്നതും ആവണമെന്നാണ് നിർദ്ദേശിക്കുന്നത്. നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and comprehensive evaluation. CCE) എന്ന ആശയമാണ് ഇവയെല്ലാം മുന്നോട്ട് വയ്ക്കുന്നത്

കേരളത്തിലാണെങ്കിൽ മൂല്യനിർണ്ണയ സമീപനം സംബന്ധിച്ച ഇത്തരംചർച്ചകൾ 1997ലെ പാഠ്യപദ്ധതി പരിഷ്‌കരണം മുതൽ തന്നെ ആരംഭിക്കുന്നുണ്ട്. DPEP യേയും കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തേയും വിലയിരുത്താൻ എം.ച്ച് ആർ ഡി (A study conducted for Ministry of Human Reosurce Development 2002) നിയോഗിച്ച അനിതാ രാംപാൽ കമ്മറ്റി, ആ പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉപയോഗിച്ച വിലയിരുത്തൽ ഉപാധികളെപ്പറ്റി എടുത്ത് പറയുകയും ഉയർന്ന ക്ലാസുകളിൽ അതേ രീതി ശുപാർശ ചെയ്യുകയും ചെയ്യുന്നുണ്ട് (പിന്നീട് ദേശീയ തലത്തിൽ മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ നടപ്പിലാക്കിയ മാറ്റങ്ങളിൽ ഈ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട നിരവധി കാര്യങ്ങൾ മാതൃകയായി മാറി).

സംസ്ഥാനത്തിനകത്ത് നടന്ന ഈ ചർച്ചകളുടെയും ബദൽ പ്രവർത്തനാനുഭവങ്ങളുടെയും 2000 ത്തിലെ പാഠ്യപദ്ധതി ചട്ടക്കൂട്(NCF2000 ) നിർദ്ദേശങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് 2005 ൽ കേരളത്തിൽ SSLC പരീക്ഷയിലെ ഗ്രേഡിങ്ങ് രീതി നടപ്പിലാവുന്നത്. ദേശീയ തലത്തിൽ 2005 ലെ പാഠ്യപദ്ധതി ചട്ടക്കൂടിലും 2006 ൽ പുറത്തിറങ്ങിയ എൻ. സി. ഇ. ആർ. ടി. യുടെ പരീക്ഷാ പരിഷ്‌കരണ റിപ്പോർട്ടിലുമെല്ലാം മൂല്യനിർണ്ണയം സംബന്ധിച്ച ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ കാണാം. 2009 - 10ലെ വിദ്യാഭ്യാസാവകാശ നിയമവും മൂല്യനിർണ്ണയത്തെ സംബസിച്ച് ഇതേ നിലപാടാണ് പിന്തുടരുന്നത്.

വിദ്യാഭ്യാസാവകാശനിയമത്തെ തുടർന്നാണ് 2009 ൽ CBSEസ്‌കൂളുകളിലെ മൂല്യനിർണ്ണയത്തിൽ ഈ രീതിയിലേക്കുള്ള മാറ്റം വരുന്നത്. 2011 ൽ CBSE പത്താംതരം ബോർഡ് പരീക്ഷ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായാണ്. കേരളത്തിൽ നടപ്പിലാക്കിയപരീക്ഷാ പരിഷ്‌കരണങ്ങളുടെ വലിയ സ്വാധീനം CBSE യുടെ പുതുക്കിയ പരീക്ഷാരീതിയിൽ കാണാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലും മറ്റുമുള്ള മികവുകൾ കാരണം CCE നടപ്പിലാക്കുന്നതിൽ CBSE സ്‌കൂളുകൾക്ക് ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞു എന്നതും വസ്തുതയാണ് (നിലവിൽ സ്ഥിതി മറിച്ചാണെന്ന് റിപ്പോർട്ടുകളുണ്ട്).

വിദ്യാർത്ഥിയുടെ കഴിവുകൾക്ക് പകരം പഠന പ്രക്രിയയുടെ ഫലപ്രാപ്തിയും പഠന നേട്ടങ്ങളും ആണ് അളക്കപ്പെടേണ്ടത് എന്ന തിരിച്ചറിവാണ് ഈ പരിവർത്തനത്തിന്റെ കേന്ദ്രാശയം. ഇത്തരത്തിൽ കേരളം മുന്നിൽ നടക്കുകയും ദേശീയ തലത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്ത സമഗ്ര പരിഷ്‌കരണത്തിലൂടെയാണ് മൂല്യനിർണ്ണയപ്രക്രിയയും പഠനബോധന പ്രവർത്തനങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കടന്നു പോയത്.

ഉയർന്ന വിജയശതമാനവും പൊതുബോധവും

അക്കാദമിക് വ്യവഹാരങ്ങളിൽ സങ്കൽപനപരമായി ഈ സമീപനം നില നിൽക്കുമ്പോഴും മൂല്യനിർണ്ണയത്തെ ഒരുതരം അരിക്കൽ പ്രക്രിയയായി കണക്കാക്കുന്ന പൊതുബോധം ശക്തമായി തുടരുകയും പല സന്ദർഭത്തിലും വിദ്യാലയ പ്രവർത്തനങ്ങളുടെയാകെ ഊന്നൽ പരീക്ഷയിലേക്ക് കേന്ദ്രീകരിപ്പിക്കും വിധം വിദ്യാഭ്യാസ പ്രവർത്തകരെ പോലും സ്വാധീനിക്കുകയും ചെയ്തിരുന്നു.
"വണ്ടി കുതിരയെ വലിക്കുന്ന സ്ഥിതി ' എന്ന് 1980 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടതും അധ്യാപന പരിശീലന പദ്ധതിയിലെ അംഗീകൃത ഗ്രന്ഥവുമായ "വിദ്യഭ്യാസത്തിന്റെ ദാർശനിക ഭൂമിക ' പരീക്ഷയിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്ന ബോധന പ്രക്രിയയെ വിലയിരുത്തുന്നതും 2000 ലേക്കെത്തുമ്പോൾ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് (NCF 2000) മൂല്യനിർണ്ണയത്തിന് അമിത പ്രാധാന്യം നൽകുന്ന രീതിയെ വിമർശിച്ചുക്കൊണ്ട് "മുല്യനിർണ്ണയമെങ്ങനെയാണോ അതനുസരിച്ചായിരിക്കും പഠനരീതി, എന്താണോ മൂല്യനിർണ്ണയം ചെയ്യുന്നത് അത് മാത്രമേ പഠിപ്പിക്കൂ, അല്ലാത്തതൊന്നും പഠിപ്പിക്കപ്പെടുന്നില്ല' (4.1 ) എന്ന് പറയേണ്ടി വരുന്നതും ഈ പൊതുബോധത്തിന്റെ സ്വാധീനശേഷിയെയാണ് അടയാളപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ കഴിഞ്ഞ നാളുകളിൽ വിദ്യാർത്ഥികേന്ദ്രിതമായി നടന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെല്ലാം വിദ്യാലയാന്തരീക്ഷത്തിനകത്ത് നടത്തിയ ഇടപെടലുകളോടൊപ്പം ഈ പൊതുബോധത്തോടുള്ള ഏറ്റുമുട്ടലും അതിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമങ്ങളും കൂടി ഉൾപ്പെട്ടിരുന്നു.

ഈ മാറിയ മൂല്യനിർണ്ണയസമീപനം, കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വിവിധ സ്ട്രീമുകളിലെ പരീക്ഷാ ഫലങ്ങളിൽ - വിജയശതമാനത്തിലും ഉയർന്ന ഗ്രേഡുകൾ നേടുന്നവരുടെ എണ്ണത്തിലും - ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. കേരളത്തിലെ ഏറ്റവുമധികം വിദ്യാർത്ഥികളുള്ള രണ്ടാമത്തെപരീക്ഷാ ബോർഡായ CBSE യിൽ 2011 മുതൽ വിജയശതമാനത്തിൽ വലിയ വർദ്ധനവ് കാണാം. 2009ൽ 89 % മാത്രമായിരുന്ന പത്താം ക്ലാസിലെ വിജയശതമാനം 2011 ൽ 99% ആകുകയും തുടർന്നുള്ള വർഷങ്ങളിൽ ഏതാണ്ട് അതേ നില തുടരുകയും ചെയ്യുന്നു (2018 ൽ CBSE വീണ്ടുംബോർഡ് പരീക്ഷയിലേക്ക് മാറിയതിന് ശേഷമുള്ള രണ്ട് വർഷങ്ങളിൽ ഇത് സാരമായി കുറയുന്നുണ്ട് ). മാത്രമല്ല 2010 ൽ ആകെ പരീക്ഷയെഴുതിയവരുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് 90ശതമാനത്തിലധികം മാർക്ക് നേടിയതെങ്കിൽ 2018 ആകുമ്പോഴേക്കും അത് 6 ശതമാനമായും 2019 ൽ ഏതാണ്ട് 10 ശതമാനമായും മാറുന്നു.

കേരള സിലബസിന്റെ കാര്യമെടുത്താൽ 2010ൽ SSLC വിജയശതമാനം 90.72 ആയിരുന്നിടത്ത് 2018ൽ അത് 97.8 ആയും 2019 ൽ 98.11 ആയും ഉയരുന്നുണ്ട്. 2010 ൽ പരീക്ഷയെഴുതിയവരിൽ 1.3 ശതമാനം പേർ മുഴുവൻ വിഷയങ്ങൾക്കും A+ (90% ത്തിനു മുകളിൽ) നേടിയപ്പോൾ 2018 ആയപ്പോഴേക്കും അത് 7.8 ശതമാനമായും 2019 ൽ അത് 8.6 ശതമാനമായും ഉയരുന്നു.
വിജയശതമാനത്തിലെ വർദ്ധനവ് ഏതെങ്കിലും ഒരു സ്ട്രീമിൽ മാത്രമായിരുന്നില്ല മറിച്ച് ദേശീയ മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന എല്ലായിടത്തും ഉണ്ടായി എന്നതാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്ന വസ്തുത.

ഇതിന്റെ ഭാഗമായിവിജയശതമാനത്തെയും ഉയർന്ന മാർക്കിനെപറ്റിയുമെല്ലാമുള്ള ചർച്ചകൾ ആശങ്കകളായും അഭിനന്ദനങ്ങളായും പൊതുസമൂഹത്തിൽ ഉയർന്നു വരികയും (പലപ്പോഴും കൃത്രിമമായി
ഉയർത്തിക്കൊണ്ടുവരൽ) ഉണ്ടായി. CBSE ഫലത്തെ മുൻനിർത്തി ഈ വിഷയം ദേശീയ മാധ്യമങ്ങൾ പല തവണ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ CBSE, lCSE സ്ട്രീമുകളുടെ വരേണ്യത അംഗീകൃതമായിരുന്നതിനാൽ സംസ്ഥാന ബോർഡ് പരീക്ഷയിലെ ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനായാണ് പലപ്പോഴും ഈ കണക്കുകൾ ഉപയോഗിക്കപ്പെട്ടത്. അപ്പോഴെല്ലാം കുട്ടി തോൽപിക്കപ്പെടുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുന്നില്ല (there is no study or research suggests that the quality of learning improve if the child is failed - Anitha Rampal) എന്ന ഉറച്ച ബോധ്യത്തിലാണ് അക്കാദമിക് സമൂഹം ഈ പൊതുബോധത്തെ നേരിട്ടത്.

കേരളത്തിലാണെങ്കിൽ കുട്ടിയുടെ പഠനനേട്ടങ്ങളെ പൊതു സമൂഹത്തിലേക്കെത്തിച്ചു കൊണ്ട് ഈ പൊതുബോധത്തെ തിരുത്താനുള്ള ശ്രമങ്ങളും അക്കാദമിക രംഗത്ത് വ്യാപകമായി ഉണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള "മികവുത്സങ്ങളും' ഓരോ സ്‌കൂളിന്റെയും തനത് പ്രവർത്തനങ്ങളും ഇതിനു വേണ്ടി ധാരാളമായി സംഘടിപ്പിക്കപ്പെട്ടു. (സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടും, കോവിഡ് കാലത്ത് ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിനോടും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുണ്ടായ കരുതൽ നടപടികൾക്കെല്ലാം ആധാരമായി നിൽക്കുന്നത് വിദ്യാലയവും വിദ്യാർത്ഥിയും, സമൂഹവുമായി നടത്തിയ ഈ നിരന്തര സമ്പർക്കമാണ് എന്നത് അവിതർക്കിതമായ വസ്തുതയാണ്).

കോവിഡ് കാലവും പരീക്ഷകളും

മൂല്യനിർണ്ണയത്തെയും പഠനത്തെയും സംബന്ധിച്ച ഇത്തരം പുതിയ ധാരണകളിലൂടെ വിദ്യാഭ്യാസരംഗവും പൊതുസമൂഹവും കടന്നു പോകുന്ന സാഹചര്യത്തെ മുൻനിർത്തി വേണം കേരളത്തിൽ 2022 മാർച്ചിൽ നടക്കാനിരിക്കുന്ന SSLC,+2 പരീക്ഷകളേയും അതുമായി ബന്ധപ്പെട്ട് നിലവിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളേയും അതിനുള്ള പശ്ചാത്തലമൊരുക്കും വിധം കഴിഞ്ഞ ഫലപ്രഖ്യാപന കാലത്ത് നടത്തിയ ചർച്ചകളെയും വിലയിരുത്താൻ.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിടുകയും ഓൺലൈൻ വിദ്യാഭ്യാസമെന്ന പുതിയ ആശയത്തിലേക്ക് കുട്ടികൾ ആദ്യമായി നയിക്കപ്പെടുകയും ചെയ്ത 2020 -21 അധ്യയന വർഷത്തിലെ കേരള SSLC, + 2 പരീക്ഷകളാണ് ചർച്ചാകേന്ദ്രം. മറ്റെല്ലാ ബോർഡുകളും പൊതുപരീക്ഷകൾ മാറ്റിവച്ച സന്ദർഭത്തിലാണ് കേരളം പരീക്ഷകൾ നടത്തിയത്. പ്രതിസന്ധി കാലത്തിലും വിദ്യാലയാനുഭങ്ങളുടെ നഷ്ടത്തിനിടയിലും പരീക്ഷയെഴുതുക വഴി വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തെ ഉയർത്തുക എന്നത് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. പരീക്ഷയുടെ വിജയകരമായ നടത്തിപ്പ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെയാകെ മികവായി ഉയർത്തിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു വർഷത്തെ പഠനാനുഭവങ്ങൾ മുഴുവൻ നിഷേധിക്കപ്പെട്ടവർ എന്ന നിലയിൽ സിലബസിൽ കുറവ് വരുത്തി ഫോക്കസ് ഏരിയ നിർദ്ദേശിച്ചും, ധാരാളം ഇളവുകൾ നൽകിയുമാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ ഉയർന്ന വിജയശതമാനം പ്രതീക്ഷിക്കപ്പെട്ടതുമാണ്. പക്ഷേ +2, ഡിഗ്രി അഡ്മിഷൻ സമയത്ത് ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ മുൻനിർത്തി വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നു വന്നത്. കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ആശങ്കകൾ എന്ന നിലയിൽ മുഖ്യധാരാ മാധ്യമങ്ങൾ നടത്തിയ ചർച്ചകൾക്കിടയിൽ CBSE ഉൾപ്പെടെയുള്ള മറ്റ് സ്ട്രീമുകളിലെ വിദ്യാർത്ഥികളുടെ മാർക്ക് വിവരങ്ങളോ പരീക്ഷാ നടത്തിപ്പ് രീതികളോ പരിശോധിക്കപ്പെട്ടതേയില്ല.

കോവിഡ് പ്രതിസന്ധി ആരംഭിച്ച 2020 മാർച്ചിൽ കേരളത്തിൽ SSLC, +2 പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷകൾ നിർത്തിവെച്ചെങ്കിലും ജൂൺ മാസത്തിൽ ബാക്കിയുളള പരീക്ഷകൾ നടത്തുകയും ജൂലയ് മാസത്തിൽ റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ് മൂലമുള്ള ഒരിളവുകളും ഈ കുട്ടികൾക്ക് ലഭിക്കുകയുണ്ടായില്ല. എന്നിട്ടും പ്രതിസന്ധിയുടെ ആ കാലത്ത് മുൻ വർഷത്തോടടുത്ത് നിൽക്കുന്ന നിലവാരം എല്ലാ ഗ്രേഡിലും ഈ കുട്ടികൾക്ക് നിലനിർത്താനായി. SSLC യിൽ 98.8% പേരും, +2 വിൽ 83.13 % പേരും വിജയിക്കുകയും SSLC പരീക്ഷയെഴുതിയ കുട്ടികളിൽ 9.92% പേരും +2 പരീക്ഷയെഴുതിയവരിൽ 4.92% പേരും 90 ശതമാന (full A+) ത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തു. രണ്ടിടത്തും2019 ലേതിനേക്കാൾ 2 ശതമാനത്തിന്റ വർദ്ധനവ് മാത്രമാണ് ഉയർന്ന ഗ്രേഡിൽ വന്നിട്ടുള്ളത്.

എന്നാൽ രാജ്യത്ത് മറ്റൊരിടത്തും ഈ കാലത്ത് പരീക്ഷകൾ നടത്തിയില്ല.
CBSE യാകട്ടെ ക്ലാസ് പരീക്ഷകളുടെ മാർക്കാണ് 2020ൽ വിലയിരുത്തലിനായി സ്വീകരിച്ചത് അതിന്റെ അടിസ്ഥനത്താൽ പത്ത്, പ്ളസ്ടു ക്ലാസുകളിൽ യഥാക്രമം 91.5% വും 88.8% വും വിജയമുണ്ടായി. പ്ളസ്ടു തലത്തിൽ പരീക്ഷയെഴുതിയവരിൽ 16.48 ശതമാനം പേർ 90% ത്തിലധികം മാർക്ക് നേടി, 2019 ൽ അത് 9.2 ശതമാനം മാത്രമായിരുന്നു. 2021 ലും CBSE ബോർഡ്എക്‌സാം നടത്തിയില്ല പകരം 10, 11, 12 ക്ലാസുകളിലെ മാർക്ക് 30:30:40 എന്ന അനുപാതത്തിൽ കണക്കാക്കുകയായിരുന്നു. ആ സമയത്ത് പത്തിലേയും പ്ളസ്ടുവിലേയും വിജയശതമാനം 99% കടന്നു. പത്തിൽ രണ്ടര ലക്ഷത്തിലധികവും +2 വിൽ രണ്ടേകാൽ ലക്ഷവും കുട്ടികൾ 90 ശതമാനത്തിന് മുകളിലെത്തി.

അധികം മാർക്ക് നൽകി എന്ന് ആക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 2021 ൽ കേരളത്തിലെ SSLC യിൽ 99.47 % വും പ്ളസ്ടുവിൽ 87.94 % വും കുട്ടികളാണ് വിജയിച്ചത്. കേരളത്തിലെ പ്ളസ്ടു തലത്തിൽ പരീക്ഷയെഴുതിയവരുടെ 10.83 ശതമാനം പേർ 90% ത്തിന് മുകളിൽ എത്തിയപ്പോൾ SSLC യിൽ 27% പേർ ആ ഗ്രേഡിലെത്തി.

*ആകെ പരീക്ഷ എഴുതിയവരിൽ എത്ര ശതമാനം 90%-ത്തിന് മുകളിലെത്തി

കോവിഡ് പ്രതിസന്ധി കാലത്തെ ഇളവുകൾ മൂലമുള്ള റിസൾട്ട് വർദ്ധനവ് CBSE യിൽ 2020 മുതൽ തന്നെ സംഭവി ച്ചപ്പോൾ, കേരളാ സിലബസിൽ2021 ൽ മാത്രമാണ് അതുണ്ടായത് എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇത് മറച്ച് വെച്ചു കൊണ്ടാണ് കേരളത്തിലെ ഉയർന്ന മാർക്കുകാരുടെ എണ്ണം ഒറ്റവർഷം കൊണ്ട് ആനുപാതികമല്ലാത്ത വിധം വർദ്ധിച്ചുവെന്നും അഡ്മിഷൻ നടപടികളെയാകെ അത് ബാധിക്കുന്നുവെന്നുമുള്ള ചർച്ചകൾ അരങ്ങ്തകർത്തത്. കേരളത്തിൽ മാർക്ക് ജിഹാദ്, അഖിലേന്ത്യാതലത്തിൽ കേരളാ വിദ്യാർത്ഥികളുടെ അനർഹമായ തള്ളിക്കയറ്റം തുടങ്ങിയ ഫാസിസ്റ്റ് യുക്തികളും ഇതിനിടയിൽ സജീവമായി പ്രയോഗിക്കപ്പെട്ടു.

പുതിയ പരീക്ഷാ നിർദ്ദേശങ്ങൾ

കോവിഡ് സാഹചര്യങ്ങളിലെ അയവും കുട്ടികൾ ഓൺലൈൻ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടതുമെല്ലാം പരിഗണിച്ച് (മേൽ പറഞ്ഞ വിമർശനങ്ങളുടെ സ്വാധീനവും ഉണ്ടാവാം) 2021 സെപ്തംബർ മാസത്തിൽ നടത്തിയ പ്ളസ് വൺ പരീക്ഷ മുമ്പുണ്ടായിരുന്ന ഉദാരസമീപനത്തിൽ നിന്ന് മാറ്റം വരുത്തിയാണ് നടത്തിയത്. ഇതേ രീതിയിൽ തന്നെയായിരിക്കും SSLC, പ്ളസ്ടു പരീക്ഷകൾ എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. അതിനിടയിലാണ് ജനുവരി പകുതിയിൽ, പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ട് മാസം മാത്രം ശേഷിക്കെ - ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന നിലയിൽ പുതിയ നിർദേശം ഉണ്ടാവുന്നത്.

ഫോക്കസ് ഏരിയയിൽ വരുത്തിയ വർദ്ധനവ്, ഇരട്ടി ചോദ്യങ്ങൾ ഓപ്ഷനായി നൽകുന്ന പഴയ രീതിക്ക് പകരം 50% മാത്രം അധിക ചോദ്യങ്ങൾ, സെക്ഷൻ തിരിച്ച് മാത്രം ഓപ്ഷൻ അനുവദിക്കൽ എന്നിവയാണ്, ഒറ്റനോട്ടത്തിൽ കൊണ്ടു വന്നിരിക്കുന്ന മാറ്റങ്ങൾ. ഇവ തത്വത്തിൽ അംഗീകരിക്കാവുന്നവയാണ് (തത്വത്തിൽ മാത്രം). ഇതിൽ തന്നെ രണ്ടാമത്തെ നിർദ്ദേശം കഴിഞ്ഞ പ്ളസ് വൺ പരീക്ഷയിൽ നടപ്പിലാക്കിയതുമാണ്. എന്നാൽ ഈ രണ്ടാമത്തെ മാറ്റത്തിന്റെ മറപിടിച്ച് ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങളെയും സെക്ഷനാക്കി തിരിച്ച് ഓപ്ഷൻ കൊടുക്കുക എന്ന മാറ്റം കൂടി ചോദ്യഘടനയിൽ വന്നിട്ടുണ്ട്. ഇത് വഴി 90 ശതമാനത്തിനോ 80 ശതമാനത്തിനു പോലുമോ മുകളിൽ മാർക്ക് വാങ്ങുക എന്നത് സംസ്ഥാന സിലബസിലെ കുട്ടികൾക്ക് അതീവ ദുഷ്‌കരമായി മാറും. ചോദ്യപേപ്പർ പാറ്റേൺ വിശദമായി പരിശോധിച്ചാൽ നോൺ ഫോക്കസ് ഏരിയയിലെ ഓപ്ഷനുകളുടെ എണ്ണം കുറവാകുകയും ചിലയിടത്ത് ഓപ്ഷൻ തന്നെ ഇല്ലാതാവുകയും ചെയ്യുന്നുണ്ട് എന്നും കാണാം. അതുകൊണ്ട് തന്നെ ഈ മാറ്റം കുട്ടികൾക്ക് ഉയർന്നമാർക്ക് ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മാത്രം കൊണ്ടുവന്നതാണോ എന്ന സംശയം ഉയരുന്നു.

കോവിഡ് കാല പ്രതിസന്ധികൾ കണക്കിലെടുത്ത് CBSE യിൽ SSLC, +2 പരീക്ഷകൾ, പകുതി സിലബസാക്കി വിഭജിച്ച് രണ്ട് ഘട്ട പരീക്ഷയാണ് ഇക്കൊല്ലം നടത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ അതിനായുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ആദ്യ ഘട്ട പരീക്ഷ ഡിസംബറിൽ നടക്കുകയും ചെയ്തു. ബാക്കി പകുതി സിലബസ് മാത്രം അനുസരിച്ചുള്ള പരീക്ഷയാണ് അവർ 2022 മാർച്ചിൽ എഴുതാൻ പോകുന്നത്. മൊത്തം സിലബസിൽ നേരത്തേ തന്നെ അവർ ഗണ്യമായ കുറവ് വരുത്തൽ നടപ്പിലാക്കിയിരുന്നു. കേരളത്തിൽ പരീക്ഷ നടത്തുന്ന മറ്റൊരു പ്രധാന ബോർഡായ ICSE അവരുടെ സിലബസിന്റെ അൻപത് ശതമാനത്തോളം ഒഴിവാക്കായിട്ടുമുണ്ട്.

പത്ര നീതി....!

ഏതാനും ചില മാസങ്ങൾക്ക് മുമ്പ് ഉയർന്ന മാർക്കുള്ള കുട്ടിക്ക് പോലും അടുത്ത ഘട്ടത്തിലേക്ക് (+2, ഡിഗ്രി ) പ്രവേശനം ലഭിക്കാത്ത കേരളത്തിലെ ദുരവസ്ഥയോർത്ത് ആശങ്കപ്പെട്ടും അമർഷം കൊണ്ടും ചർച്ചകൾ കൊഴുപ്പിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങളിലൊന്നിലും 9 ലക്ഷത്തോളം കുട്ടികളെ ബാധിക്കുന്ന ഈ പ്രശ്‌നം കടന്നു വരുന്നേയില്ല. അനാവശ്യ വിവാദങ്ങളുയർത്തിയും പാതിസത്യങ്ങൾ അവതരിപ്പിച്ചും 2021 ലെ കുട്ടികളെ അവഹേളിച്ചവരിൽ ഈ മാധ്യമപ്പടയ്ക്ക് - പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ - ഒന്നാം സ്ഥാനമാണുള്ളതെന്നതിനാൽ ഈ നിശബ്ദത അറിയാതെ സംഭവിക്കുന്നതായിരിക്കുമോ...? അഡ്മിഷൻ ആശങ്കകൾ എന്ന നിലയിലെ ചർച്ചകൾ ആഘോഷിക്കപ്പെട്ട അതേ കാലത്താണ് പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനമാനദണ്ഡത്തിൽ നിന്ന് +2 മാർക്ക് ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടർ കോടതിയെ സമീപിച്ചതും കേസ് നടത്തിയതും എന്നത് ആകസ്മികം മാത്രമായിരിക്കുമോ..?

"മാധ്യമങ്ങൾ അസത്യമാണെന്നറിഞ്ഞ് കൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായി തീരുമെന്ന വിചാരത്തിൽ അക്കാര്യം ആവർത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും ' എന്നൊരു വാചകം പത്താംതരത്തിലെ മലയാള പാഠപുസ്തകത്തിൽ (പത്രനീതി )സുകുമാർ അഴീക്കോട് ഉദ്ധരിച്ചിട്ടുള്ളത് പഠിച്ചിട്ടുള്ളവരാണ് ഈ കുട്ടികൾ. അവഹേളിക്കപ്പെട്ട നിമിഷങ്ങളിലെല്ലാം അവരത് ഓർത്തിട്ടുമുണ്ടാകും. അതു കൊണ്ട് തന്നെ കേരള സിലബസിലെ കുട്ടികൾക്ക് മാർക്ക് കുറയുന്നതിന്റെ ഗുണഫലം ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ വക്താക്കളായി ഈ മുഖ്യധാരാ മാധ്യമങ്ങളും മാറിയിട്ടുണ്ടോ എന്ന് "പത്ര നീതി' പഠിച്ച കുട്ടി ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ....?

ലക്ഷ്യം നേട്ടങ്ങളെ ഇകഴ്ത്തൽ

സമീപകാലത്ത് ദേശീയ തലത്തിൽ നടന്ന നിരവധി നിലവാര പരിശോധനകളിൽ കേരളത്തിലെ കുട്ടികളും വിദ്യാഭ്യാസരംഗവും കൈവരിച്ച മെച്ചപ്പെട്ട സ്ഥാനം കൂടിയാണ് ഇത്തരം പ്രചരണങ്ങൾ കൊണ്ട് മറയ്ക്കപ്പെടുന്നത്. എൻ.സി. ഇ. ആർ. ടി നടത്തുന്ന നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ (NAS) കേരളം നേടിയ മികച്ച സ്‌കോറും നീതി ആയോഗിന്റെ വിദ്യാഭ്യാസ ഗുണമേൻമാസൂചിക (Quality index)യിൽ ഒന്നാം സ്ഥാനത്ത് തുടരുകയും സ്‌കോർ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്.

പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും മൂല്യനിർണ്ണയ സമീപനത്തിലുമെല്ലാം കാലങ്ങൾ കൊണ്ട് നടപ്പിലാക്കിയ പരിഷ്‌കരണങ്ങൾക്കൊപ്പം, കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ നടന്ന അഭൂതപൂർവ്വമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ കൂടി ചേർന്നപ്പോഴാണ് കേരളം ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. വിദ്യാഭ്യാസത്തിൽ മുതൽ മുടക്കുന്നതിൽ നിന്ന്, ഉദാരവത്ക്കരണ നയങ്ങൾ പിന്തുടരുന്ന സർക്കാരുകൾ പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് കേരളം ഇത്തരമൊരു ബദൽ അവതരിപ്പിക്കുന്നതും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ തോന്നുംവിധം നടപ്പിലാക്കുന്നതും എന്നതാണ് ശ്രദ്ധേയം (കേരളത്ത മാതൃകയാക്കിയാണ്
ഡൽഹി ഗവൺമെന്റ് പൊതുവിദ്യാഭ്യാസ ശാക്തീകരണ നടപടികൾ ആരംഭിച്ചത്).

വിദ്യാഭ്യാസത്തിന്റെ ജനകീയവത്ക്കരണം ലക്ഷ്യമാക്കി കേരളത്തിൽ നടന്ന ഏത് ശ്രമവും വലതുപക്ഷ ശക്തികളുടെ വലിയ എതിർപ്പിന് പാത്രമായിട്ടുണ്ട്: അറിവിനെ വരേണ്യവത്ക്കരിക്കുന്ന പൊതുബോധത്തിന്റെ തണലിൽ വിദ്യാഭ്യാസത്തിന്റെ കച്ചവടസാധ്യത കണ്ടെത്തിയവരാണ്
എന്നും ഇതിനു പിന്നിൽ ഉണ്ടായിരുന്നത്. ജനകീയ വിദ്യാഭ്യാസത്തിന്റെ
ഏകാവസരമായ പൊതുവിദ്യാലയങ്ങളുടെ പിന്നോക്കാവസ്ഥയെ പെരുപ്പിച്ച് കാ ണിച്ചും, ജാതി-മത ശക്തികളെ കൂട്ടുപിടിച്ചും, പുരോഗമനക്കാരായി ചമഞ്ഞുമെല്ലാം തരാതരം പോലെ ഇത് നടന്നിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണത്തെ (DPEP ഘട്ടത്തിൽ) ലോകബാങ്ക് അജണ്ടയെന്നാരോപിച്ചും, പാഠപുസ്തക പരിഷ്‌കരണത്തെ നിരീശ്വരവാദം അടിച്ചേൽപ്പിക്കുന്നുവെന്ന് പറഞ്ഞും (മതമില്ലാത്ത ജീവൻ വിവാദമെല്ലാം) ഇല്ലാതാക്കാൻ നടത്തിയ നീക്കങ്ങൾ മറക്കാറായില്ലല്ലോ....

എന്നാൽ 2016 മുതൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന, വിദ്യാലയന്തരീക്ഷത്തെ സമൂലം പരിഷ്‌കരിച്ച ജനകീയ - സാംസ്‌കാരിക ഇടപെടലിന് മുന്നിൽ ഇക്കൂട്ടർ അന്ധാളിച്ച് നിൽക്കുകയായിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ തുടർച്ചയും, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും കേരളത്തിന്റെ പൊതുവിദ്യാലയങ്ങളിൽ സൃഷ്ടിച്ച വിപ്ലവകരമായ അന്തരീക്ഷം ചോദ്യം ചെയ്യാനാവാത്ത വിധം ദൃശ്യത നേടിയപ്പോൾ അമർത്തി വയ്‌ക്കേണ്ടി വന്ന അമർഷമാണ് റിസൾട്ടിനെ സംബന്ധിച്ച അവഹേളനമായി പുകഞ്ഞു കൊണ്ടിരുന്നത്. വിജയശതമാനത്തെ കുറിച്ചുള്ള ആശങ്കക്ക് പിറകിലെ ഈ വരേണ്യ ബോധത്തേയും കച്ചവട താത്പര്യത്തേയും തിരിച്ചറിയാതെയുള്ള ഏത് നടപടിയും നാം നേടിയ നേട്ടങ്ങളെ ഇകഴ്ത്തുകയും ഇല്ലാതാക്കുകയുമാണ് ചെയ്യുക എന്നതാണ് യാഥാർത്ഥ്യം.

പൊതുബോധത്തിനൊപ്പം സഞ്ചരിക്കൽ

മാധ്യമങ്ങളുടെ മുൻകയ്യിൽ നടന്ന വിദഗ്ധ തമസ്‌കരണങ്ങളും അസത്യ പ്രചാരണങ്ങളും വഴി രാജ്യത്താകെ നടപ്പിലാക്കിയ ഒരു വിദ്യാഭ്യാസ പരിവർത്തന പ്രക്രിയയുടെ തുല്യ ഗുണഭോക്താക്കളിലെ ഒരുവിഭാഗത്തെ കഴിവ് കുറഞ്ഞവരും അനർഹമായ വിജയം നേടിയവരുമായി ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം. മൂല്യനിർണ്ണയമെന്നാൽ കഴിവളക്കലും, തരം തിരിക്കലും, അരിച്ചു മാറ്റലുമൊക്കെയാണെന്ന പൊതുബോധത്തിന്റെ തണലിൽ ഈ ചിത്രീകരണം എളുപ്പവുമാണ്.

സമൂഹ്യവും സാമ്പത്തികവുമായി പ്രിവിലേജ്ഡ് ആയ വിഭാഗങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കേണ്ടി വരുന്നില്ല, അത് സമൂഹം കൽപിച്ചു നൽകും എന്നതാണ് പതിവ്.അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് തങ്ങൾ നേടിയ (പൊരുതി) വിജയത്തിന് വിലയില്ലാതാവുന്നത് കണ്ട് ചൂളാനും വീണ്ടും വീണ്ടും കഴിവ് തെളിയിക്കേണ്ടവരായി നിൽക്കാനും വിധിക്കപ്പെട്ടവരായി കേരള സിലബസിലെ കുട്ടികൾ മാറുന്നു. 2010 ൽ 1202 പേർ മാത്രം 95% ത്തിലെത്തിയിരുന്ന CBSE യിൽ 2020 ലത് 70000 ത്തിലധിക
മായി- 58 ഇരട്ടിയായി -വർദ്ധിച്ചത് ആരും ചോദ്യം ചെയ്തില്ല. അത് വളരെ സ്വാഭാവികവും കേരളത്തിലെ റിസൾട്ടിലെവർദ്ധനവ് മാത്രം ചിലർക്ക് അസ്വാഭാവികവും മാർക്ക് ജിഹാദുമായി മാറുന്നതിന്റെ രഹസ്യമെന്താണ്?യഥാർത്ഥത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മികവിനെതിരായ ഈ വ്യാജ ആരോപണങ്ങളുടെ ഭാരവും, സമ്മർദ്ദവും, കഴിവ് തെളിയിക്കൽ ബാധ്യതയുമാണ്2022 ൽ പരീക്ഷയെഴുതുന്ന കുട്ടികൾ താങ്ങേണ്ടി വരുന്നത്.

നിയമം തെറ്റിക്കുന്നവരെ സൂപ്പർഹീറോകളാക്കി മാറ്റാനും നിയമനിർവ്വഹണ സംവിധാനങ്ങളുടെ നടപടികളെ വരെ സ്വാധീനിക്കാനും "ദൃശ്യമാധ്യമക്കസർത്തുകൾ 'ക്ക് കഴിയുന്നത് വീണ്ടും വീണ്ടും കാണേണ്ടി വരുന്നുണ്ട്. പക്ഷേ മാധ്യമനിയന്ത്രിതമായി, ഇത്തരം പൊതുബോധങ്ങൾക്കൊപ്പം നിന്നുകൊണ്ടല്ല വിദ്യാഭ്യാസ രംഗത്തെങ്കിലും തീരുമാനങ്ങൾ ഉണ്ടാവേണ്ടത്. അത് തികഞ്ഞ അവധാനതയോടെ, വിദൂരഭാവിയെക്കൂടി കരുതി മാത്രം തീരുമാനിക്കപ്പെടേണ്ടവയാണ്.

അതുകൊണ്ടു തന്നെ നിലവിലെ പരീക്ഷാ രീതി കേവലം ഒരു പരീക്ഷയിലെ കുട്ടികളുടെ വിജയപരാജയത്തെ ബാധിക്കുന്നത് എന്നതിനപ്പുറം കേരളം മുന്നിൽ നിന്ന് നടത്തിയ ഒരു വിദ്യാഭ്യസ പരിവർത്തനത്തിന്റെ പാതയിൽ നിന്നുളള നിർണ്ണായക വ്യതിചലനമായാണ് ചരിത്രത്തിൽ അടയാളപ്പെടുക. കാരണം ഇതോടെ പരീക്ഷയല്ല പഠനമാണ് പ്രധാനം എന്ന - അതി ശക്തമായൊരു പൊതുബോധത്തോട് നിരന്തരം സംഘർഷത്തിലേർപ്പെട്ട് കൊണ്ട് ഉയർത്തിപ്പിടിച്ച - നിലപാടിൽ നിന്നാണ് നാം മാറുന്നത്. 2021 ൽ മറ്റെല്ലാവരും പരീക്ഷകൾ വേണ്ടെന്ന് വച്ചപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകരാകെ പരീക്ഷ നടത്താനായി മുന്നിൽ നിന്നത് പരീക്ഷകളെ പേടിക്കാതിരിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ്. അല്ലാതെ പരീക്ഷയെ മഹാകാര്യമായി കരുതിയിട്ടല്ല.

ഇപ്പോൾ കുട്ടിയെ "പരീക്ഷിക്കാൻ ' മാത്രമായി പരിക്ഷയൊരുങ്ങുമ്പോൾ "വണ്ടി കുതിരയെ വലിക്കുന്ന' പഴയ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്ന് തോന്നിപ്പോകുന്നു. മടങ്ങൽ എളുപ്പമാണ്, പക്ഷേ പിന്നീടൊരു തവണകൂടി ഓടാനുള്ള ശേഷി കുതിരക്കോ വണ്ടിക്കോ ഉണ്ടാവില്ല എന്നറിയണം. വിദ്യാഭ്യാസമെന്ന മഹാകച്ചവടത്തിന്റെ ലാഭ സാധ്യതകൾ തിരിച്ചറിയുന്നവർ മുതലെടുപ്പിനായി വർധിതവീര്യത്തോടെ, സകലസന്നാഹങ്ങളോടെ, ഒരുങ്ങിയിരിക്കുന്നുണ്ട് എന്നോർക്കുക.

Read More:

Comments