നിപ വേണ്ടിവന്നു,
ഓൺലൈൻ പഠനം പൊടിതട്ടിയെടുക്കാൻ

അടിയന്തര സാഹചര്യങ്ങൾ ഇനിയും വരും. വിദ്യാലയങ്ങൾ അടച്ചിടേണ്ടി വരും. അപ്പോൾ, അപ്പോൾ മാത്രം ഡിജിറ്റൽ പഠനത്തെ കുറിച്ച് ആലോചിക്കുന്ന പതിവ് മാറ്റിയേ തീരൂ. അധ്യയനം പൂർണമായി മുടങ്ങുമ്പോൾ മാത്രം ഓൺലൈൻ ക്ലാസിനെ കുറിച്ചും ഡിജിറ്റൽ റിസോഴ്സുകളെ കുറിച്ചും ചിന്തിക്കുന്ന അവസ്ഥ മാറിയേ തീരൂ.

ശനിപാതം പോലെയാണ് കോഴിക്കോട് ജില്ലയിൽ നിപ വൈറസ് വീണ്ടും പൊട്ടിവീണത്. രോഗം സ്ഥിരീകരിച്ചയുടൻ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വിഭാഗവും ജില്ലാ ഭരണകൂടവുമെല്ലാം ഉണർന്നു പ്രവർത്തിച്ചു. രോഗബാധിച്ചവരെ ചികിൽസിക്കുക, രോഗം പടരാതിരിക്കാൻ ജാഗ്രതാനടപടി കൈക്കൊള്ളുക, വൈറസ് പുറപ്പെട്ട പ്രദേശങ്ങളെ കൺടയ്ൻമന്റ് സോണുകളാക്കുക, സമ്പർക്ക സാധ്യതയുള്ളവരെ നിരീക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികളെടുത്തു. വൈറസിനെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും എളുപ്പം സാധിച്ചു.

കോഴിക്കോട് ജില്ലയിൽ ആദ്യ തവണ നിപ വന്നപ്പോൾ പ്രതിരോധ നടപടികളിലേക്ക് എത്താൻ സ്വാഭാവികമായും സാവകാശം വേണ്ടിവന്നു. എന്നാൽ ഒന്നാം നിപ കാല അനുഭവങ്ങളും പിന്നീട് വന്ന കോവിഡ് അനുഭവങ്ങളും നിയതമായ ഒരു പ്രോട്ടോക്കോൾ രൂപപ്പെടുത്താൻ കാരണമായി. അതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.

കോവിഡ് കാലത്ത് മാസങ്ങളോളം കേരളത്തിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. എങ്കിലും പഠനം പൂർണമായി മുടങ്ങാതിരിക്കാൻ ഓൺലൈൻ വിദ്യാഭ്യാസം പരീക്ഷിച്ചു. കേരളത്തിൽ ഇന്റർനെറ്റ് ഏറ്റവും ജനകീയമായി ഉപയോഗിക്കപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു. ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകളും വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ സംപ്രേക്ഷണ പരിപാടികളും അധ്യയനം പൂർണമായി നിലയ്ക്കാതെ കൊണ്ടുപോകാൻ സഹായിച്ചു.

കോവിഡ്കാലത്തിന്റെ അവസാന ഘട്ടം ആകുമ്പോഴേക്ക് ഓൺലൈൻ വിദ്യാഭ്യാസത്തെ ഗൗരവമായി കാണേണ്ടതുണ്ട് എന്ന നിലപാടിലേക്ക് സമൂഹവും സർക്കാറും മാറിയിരുന്നു. കേരളത്തിൽ ഡിജിറ്റൽ ഡിവൈഡ് അനുപാതം കുറയ്ക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയത് അതിനെ തുടർന്നാണ്. കെ ഫോൺ പോലുള്ള സർക്കാർ ഇനീഷ്യേറ്റീവുകൾ സജീവമായി. ബ്രോഡ്ബാന്റ് വിഡ്ത്തും കണക്റ്റിവിറ്റിയും സാധ്യമാക്കാൻ സ്വകാര്യ കമ്പനികളും മൽസരിച്ചെത്തി. ഇപ്പോഴും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതായി എന്ന് പറയാറായിട്ടില്ലെങ്കിലും കോവിഡ് പൂർവകാലത്തെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായിട്ടുണ്ട്.

അപ്രതീക്ഷിതമായി നിപ പ്രത്യക്ഷപ്പെട്ടതോടെ കോഴിക്കോട് ജില്ലയിൽ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകളും കോളജുകളും അടച്ചിട്ടുവെങ്കിലും അധ്യയനം മുടങ്ങാതിരിക്കാൻ ഫലപ്രദമായ നടപടി കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പിന്ന് ഏറെക്കുറെ സാധിച്ചു. ഓൺലൈൻ പഠനം കാര്യക്ഷമമാക്കിയും കോവിഡ് കാലത്ത് ഉണ്ടാക്കിയ ഡിജിറ്റൽ റിസോഴ്സസ് ഉപയോഗിച്ചുമാണത് സാധ്യമായത്.

കോവിഡ് കാലത്ത് മാസങ്ങളോളം കേരളത്തിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. എങ്കിലും പഠനം പൂർണമായി മുടങ്ങാതിരിക്കാൻ ഓൺലൈൻ വിദ്യാഭ്യാസം പരീക്ഷിച്ചു. കേരളത്തിൽ ഇന്റർനെറ്റ് ഏറ്റവും ജനകീയമായി ഉപയോഗിക്കപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു.
കോവിഡ് കാലത്ത് മാസങ്ങളോളം കേരളത്തിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. എങ്കിലും പഠനം പൂർണമായി മുടങ്ങാതിരിക്കാൻ ഓൺലൈൻ വിദ്യാഭ്യാസം പരീക്ഷിച്ചു. കേരളത്തിൽ ഇന്റർനെറ്റ് ഏറ്റവും ജനകീയമായി ഉപയോഗിക്കപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു.

അവധി പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചത് കോവിഡ് കാലത്തെ അനുഭവ പരിചയം ഉപയോഗിച്ചാണ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ജില്ലാ വിദ്യാഭ്യാസ കാര്യാലയം ദിവസവും റിപ്പോർട്ട് എടുത്തു. സ്കൂൾ തലത്തിലും കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടിയെടുത്തു. ഡിജിറ്റൽ ഡിവൈസുകൾ കുട്ടികൾക്ക് ലഭ്യമാകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് വിദ്യാലയങ്ങൾ ക്ലാസ് സമയം സജീകരിച്ചത്. ശരാശരി 80% ത്തിലധികം കുട്ടികളുടെ ഹാജർ ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.

ഓൺലൈൻ പഠനം ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അധ്യാപകരിൽ വലിയ ഒരു വിഭാഗത്തിന്ന് അതുമായി ഇണങ്ങി ചേരാനായിരുന്നില്ല. സാങ്കേതിക പരിജ്ഞാനക്കുറവും ഡിജിറ്റൽ റിസോഴ്സുകളുടെ അപര്യാപ്തതയുമൊക്കെ ഉണ്ടായിരുന്നു. കുട്ടികൾക്ക് ആണെങ്കിൽ നെറ്റ്‌വർക്ക് പ്രശ്നവും ഡാറ്റയുടെ ദൗർലഭ്യവും ഒക്കെ തടസ്സമായി നിന്നിരുന്നു.

ഇന്നിപ്പോൾ കണക്റ്റിവിറ്റി വൻതോതിൽ കൂടിയതും ഫൈവ് ജിയിലേക്ക് മാറിയതും സ്മാർട്ട്ഫോണുകൾ വ്യാപകമായതുമെല്ലാം കാരണം ഓൺലൻ പഠനം എളുപ്പമായി. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ പെട്ടെന്ന് ജില്ലയിലുടനീളം ഓൺലൈൻ ക്ലാസുകൾ സജീവമായി. എസ് എസ് കെ, ഡയറ്റ് തുടങ്ങിയ വിഭാഗങ്ങളുമായി ചേർന്ന് വിദ്യാലയങ്ങൾക്ക് മാർഗനിർദേശം നൽകാനും നേതൃത്വം നൽകാനും വിദ്യാഭ്യാസ വകുപ്പിനുമായി.

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ക്ഷണ തന്ത്രങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് കോഴിക്കോട് ജില്ലയിലെ നിപയുടെ രണ്ടാം വരവും അതിന്റെ ഭാഗമായ നടപടികളും നൽകുന്ന സൂചന. ലോകത്ത് തന്നെ ഇനിയുള്ള കാലം എപ്പോഴും പുതിയ വൈറസുകളും പാൻഡമിക്കുകളും പ്രതീക്ഷിക്കണം എന്ന് കോവിഡ്കാലത്ത് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡിന്റെ തന്നെ വകഭേദങ്ങൾ ഇനിയും വന്നേക്കാം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ദുരന്തങ്ങളും മറ്റും പ്രതീക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ അധ്യയനം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനം സജീവമായി നിലനിർത്തേണ്ടതുണ്ട്.

വിദ്യാഭ്യാസ ഗവേഷണങ്ങളും പരിഷ്കരണങ്ങളും സാമ്പ്രദായിക രീതികളിൽ നിന്ന് മാറേണ്ടതുണ്ട്. ഓഫ്‌ലൈൻ പഠനങ്ങൾക്ക് സമാന്തരമായി ഡിജിറ്റൽ പഠനത്തിനുള്ള തന്ത്രങ്ങളും സാധ്യതകളും സജ്ജമാക്കണം. അധ്യാപക പരിശീലനങ്ങളിൽ ഓൺലൈൻ പഠന രീതികൾ കൂടി ഉൾപ്പെടുത്തണം. പഠന സാമഗ്രികളിൽ ഡിജിറ്റൽ റിസോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം.

കേരളത്തിൽ ഐ ടി എനേബ്‌ൾഡ് വിദ്യാഭ്യാസം നടപ്പാക്കി തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ സ്കൂളുകളിലും ഇന്റർനെറ്റും ഡെസ്ക്‌ടോപ്പുകളും ഐ ടി ലാബുകളും സ്മാർട്ട് ക്ലാസ് റൂമുകളുമെല്ലാം ഉണ്ട്‌. എന്നാൽ പഠന സമ്പ്രദായം ഇനിയും സാങ്കേതികമായി പുരോഗമിച്ചിട്ടില്ല എന്നതാണ് വസ്തുത. സാധാരണ അധ്യയന പ്രവർത്തനങ്ങളിൽ ഇനിയും ടെക്‌നോളജി തീണ്ടാപ്പാടകലെ തന്നെയാണ്. നമ്മുടെ കരിക്കുലവും സിലബസും അധ്യാപക പരിശീലനവുമെല്ലാം ഡിജിറ്റൽ സങ്കേതങ്ങളുടെ അപാര സാധ്യതകളെ മുൻനിർത്തി പൊളിച്ചെഴുതിയിട്ടില്ല.

റഗുലർ ക്ലാസുകൾക്ക് ഓൺലൈനായുള്ള തുടർച്ചയും ഫോളോഅപ്പും നിർബന്ധമായി വരുന്ന വിധം പഠനരീതി മാറണം. കുട്ടികൾക്കുള്ള ഹോം വർക്കുകളും അസയ്‌ന്മെന്റുകളും സപ്പോർട്ട് ക്ലാസുകളും എല്ലാം ഓൺലൈനാക്കി മാറ്റാം. അധ്യയനം പൂർണമായി മുടങ്ങുമ്പോൾ മാത്രം ഓൺലൈൻ ക്ലാസിനെ കുറിച്ചും ഡിജിറ്റൽ റിസോഴ്സുകളെ കുറിച്ചും ചിന്തിക്കുന്ന അവസ്ഥ മാറിയേ തീരൂ. കുട്ടികൾക്ക് ഫോണും ഇന്റർനറ്റ് സൗകര്യങ്ങളും നൽകുന്നതിനെ ആശങ്കയോടെ കാണുന്ന അവസ്ഥയിലാണിന്നും മലയാളികൾ. കുട്ടികളെ ഇന്റർനെറ്റും സ്മാർട്ട് ഫോണും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നതിനു പകരം അവയ്ക്ക് നിരോധനം ഏർപ്പെടുത്തുകയാണല്ലോ നമ്മൾ ചെയ്യുന്നത്‌.

കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിൽ അധ്യാപകർക്ക് ഓൺലൈൻ അധ്യയന പ്ലാറ്റ്‌ഫോമുകൾ പരിശീലിപ്പിക്കുന്ന തിരക്കായിരുന്നു. കോവിഡിന്റെ അവസാന ഘട്ടത്തിൽ ഗൂഗിൾ ക്ലാസ് റൂം, കൈറ്റുമായി ചേർന്ന് ജി സ്യൂട്ട് എന്ന പ്രത്യേക ക്ലാസ് റൂം തയ്യാറാക്കിയിരുന്നു. കോവിഡാനന്തര കാലവും ഇനി ഓൺലൈൻ തുടർച്ച ഉണ്ടാകുമെന്നും അതിന്ന് ഡിജിറ്റൽ ക്ലാസ് റൂം അനിവാര്യമാണെന്നും വിശദീകരിച്ച് ജി-സ്യൂട്ട് പരിശീലനവും അധ്യാപകർക്ക് നൽകിയിരുന്നു.

47 ലക്ഷം കുട്ടികൾക്കും 1.7 ലക്ഷം അധ്യാപകർക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധം ലോഗിൻ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്‌ഫോം ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് സജ്ജമാക്കിയത്
47 ലക്ഷം കുട്ടികൾക്കും 1.7 ലക്ഷം അധ്യാപകർക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധം ലോഗിൻ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്‌ഫോം ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് സജ്ജമാക്കിയത്

കേരളത്തിലെ എല്ലാ കുട്ടികൾക്കും അവരുടെ അഡ്മിഷൻ നമ്പർ ഉപയോഗിച്ച് ഗൂഗിൾ ക്ലാസ് റൂമിൽ പ്രവേശിക്കാനും ഡിജിറ്റൽ റിസോഴ്സുകൾ ആക്സസ് ചെയ്യാനും സാധിക്കുന്ന ലളിതവും ഫലപ്രദവുമായ ഓൺലൈൻ സംവിധാനമാണ് ജി-സ്യൂട്ട്‌. അധ്യാപകർക്ക് അവരുടെ പെൻ നമ്പർ ഉപയൊഗിച്ചാണ് ആക്സസ് ചെയ്യാൻ കഴിയുക. കുട്ടികൾക്ക് അധിക ക്ലാസുകൾ നൽകാനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർക്ക് സ്പഷ്യൽ കോച്ചിംഗ് നൽകാനും അസയ്ൻമെന്റ്‌, ക്വിസ്‌, ലിങ്കുകൾ, ബുക്സ് മുതലായവ പങ്ക് വെക്കാനും പഠന പുരോഗതി വിലയിരുത്തി ഗ്രേഡ് നൽകാനും പാരന്റ്സുമായി ബന്ധപ്പെടാനുമൊക്കെ ഉള്ള അവസരങ്ങൾ ഇതിലുണ്ട്‌. പക്ഷെ കോവിഡ് അവസാനിച്ചതോടെ അതാരും തിരിഞ്ഞുനോക്കിയില്ല. കുട്ടികളെ അതിൽ അഡ്മിറ്റ് ചെയ്തില്ല. ആരും ഉപയോഗിച്ചുമില്ല. മറ്റൊരു നിപ വേണ്ടിവന്നു, അത് പൊടിതട്ടിയെടുക്കാൻ.

നിപയുടെ രണ്ടാം വരവ് ഒരിക്കൽ കൂടിയുള്ള മുന്നറിയിപ്പാണ്. വൈറസായി, പാൻഡമിക് ആയി, പ്രളയമായി, അടിയന്തര സാഹചര്യങ്ങൾ ഇനിയും വരും. വിദ്യാലയങ്ങൾ അടച്ചിടേണ്ടി വരും. അപ്പോൾ, അപ്പോൾ മാത്രം ഡിജിറ്റൽ പഠനത്തെ കുറിച്ച് ആലോചിക്കുന്ന പതിവ് മാറ്റിയേ തീരൂ.

Comments