അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടന്ന ദിവസം കോഴിക്കോട് എന്‍.ഐ.ടി കാമ്പസില്‍, സംഘ്പരിവാര്‍ അനുകൂല സംഘടന കാവി ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിദ്യാർഥികളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന്, സസ്പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിക്കുന്നതായി അഡ്മിനിസട്രേഷന്‍ ഉത്തരവിറക്കിയിരുന്നു. കാമ്പസുകളെ വര്‍ഗീയവത്ക്കരിക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നതിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം എന്‍.ഐ.ടി കാമ്പസിലുണ്ടായത്. കലയിലൂടെ പ്രതിരോധം തീര്‍ത്ത്, തെരുവുനാടകവും മൈമുമൊക്കെ നടത്തി, ക്രിയാത്മകമായി തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കസ്റ്റഡിയിലെടുക്കപ്പെടുകയും അതിക്രൂരമായ പൊലീസ് പീഡനത്തിൽ കൊല്ലപ്പെടുകയും ചെയ്ത രാജന്റെ ഓർമകളിലേക്കും വിദ്യാർഥികൾ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഒപ്പം, രാജന് നീതി കിട്ടാൻ ഹൈക്കോടതിയിലെത്തി മൊഴി നൽകിയ, എൻ.ഐ.ടിയുടെ ആദ്യ കാമ്പസായ റീജ്യനൽ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന പ്രൊഫ. കെ.എം. ബഹാവുദ്ദീന്റെ വിദ്യാർഥിപക്ഷ നടപടിയിലേക്കും വിദ്യാർഥി പ്രതിഷേധം ശ്രദ്ധ ക്ഷണിക്കുന്നു.
‘ഇത് രാജന്റെ കാമ്പസാണെന്നും ഈ കാമ്പസിലെ ഓരോ വിദ്യാര്‍ഥിയിലും ആ തീയുണ്ടെന്നുമാ’ണ് സസ്പെന്‍ഷന്‍ നേരിടേണ്ടി വന്ന വൈശാഖ് പ്രേംകുമാര്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: “കാമ്പസിലും ക്ലാസിലും പ്രവേശിക്കുന്നതിന് എനിക്ക് വിലക്കുണ്ടായിരുന്നു. ഇന്നലെ ഞാന്‍ കാമ്പസിലെത്തിയതുമുതല്‍ കയറാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ് അധികൃതര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫയര്‍ കാമ്പസില്‍ വന്ന് സസ്‌പെന്‍ഷന്‍ ലെറ്റര്‍ കളക്റ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു. ആ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ വന്നത്. അതിനു പോലും അനുവദിച്ചില്ല. പീന്നീട് വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് അറിയിച്ച് അഡ്മിനിസ്‌ട്രേഷന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം എന്റെ വിലക്കുകളൊക്കെ ഇല്ലാതായിട്ടുണ്ട്. ഇപ്പോള്‍ കാമ്പസിലും ക്ലാസിലും പ്രവേശിക്കുന്നതിന് പ്രശ്‌നമില്ല.”
സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് വൈശാഖ് പ്രേം കുമാര്‍ അപ്പീല്‍ റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്. അത് പരിഗണിക്കുന്നതുവരെയാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. അപ്പീലില്‍ എന്നാണ് അന്തിമ തീരുമാനം വരികയെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. തിങ്കളാഴ്ച ഡയറക്ടര്‍ കാമ്പസില്‍ തിരിച്ചെത്തിയശേഷം ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
വൈശാഖിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ വിളിച്ചുചേര്‍ത്ത് സംഭവങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി. അതിനുശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളെല്ലാം ഒപ്പിട്ട നിവേദനം അഡ്മിനിസ്‌ട്രേഷനില്‍ നല്‍കി.
“സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അപേക്ഷ നല്‍കിയ സമയത്ത് അഡ്മിനിസ്‌ട്രേഷന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഭൂരിപക്ഷവും ഈ ആവശ്യത്തിനൊപ്പമാണെന്ന് തെളിയിക്കുന്ന മിനുട്‌സ് വേണമെന്നാണ് അവര്‍ പറഞ്ഞത്. വൈകുന്നേരം ചെന്നപ്പോള്‍, ഇനി കൂടിയാലോചന വേണ്ടെന്ന് അവർ കർശനമായി പറഞ്ഞു. പിന്നീടാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്നുപറഞ്ഞ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയത്. ഈ വിഷയത്തില്‍ നടപടിയെടുക്കാതെ കാമ്പസില്‍ നിന്ന് ആര്‍ക്കും പുറത്തുകടക്കാനാവില്ലെന്ന തരത്തില്‍ പ്രതിഷേധം ശക്തമാക്കി. ഇത്തരത്തില്‍ സമര്‍ദ്ദം ചെലുത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്”- വൈശാഖ് പ്രേംകുമാര്‍ പറയുന്നു.
ആദ്യമായിട്ടാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍, ഒരു വിഷയത്തില്‍ അഡ്മിന്റെ മനസ്സുമാറുന്നതന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനുമുമ്പും വിദ്യാര്‍ഥിപ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. പത്തും പതിനെട്ടും മണിക്കൂർ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അന്നൊന്നും നടപടി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന അഡ്മിന്‍, ഏഴുമണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതായി ഓര്‍ഡിനന്‍സ് ഇറക്കി. വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധമാണ് ഇതിനിടയാക്കിയത്.
കാമ്പസിലെ കള്‍ചറല്‍ ഫെസ്റ്റായ രാഗം ഫെസ്റ്റിനോടുവരെ കാമ്പസ് അധികൃതര്‍ പുലര്‍ത്തിയിരുന്ന പ്രതികൂല നിലപാടുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഷമുണ്ടായിരുന്നു. അതുതന്നെയാണ് വൈശാഖ് പ്രംകുമാറിനെതിരായ സസ്പെന്‍ഷനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ അവരെ പ്രേരിപ്പിച്ചതും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് എന്‍.ഐ.ടിയിലും സമീപകാലത്ത് നടക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ പരിപാടികളോട് അഡ്മിനിസ്ട്രേഷന്റെ സമീപനങ്ങൾ ഇതിന്റെ തുടർച്ചയായിരുന്നു.
ജനുവരി 21ന് വൈകുന്നേരം സയന്‍സ് ആന്‍ഡ് സ്പിരിച്ച്വാലിറ്റി ക്ലബ് എന്ന സംഘപരിവാര്‍ അനുകൂല സംഘടനയുടെ ആഭിമുഖ്യത്തില്‍ ഗീത ക്വിസ് പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് നിരവധിയാളുകള്‍ പങ്കെടുത്തിരുന്നു. ഇതുവരെ കാമ്പസില്‍, മറ്റൊരു ക്ലബ് പരിപാടിക്കും കിട്ടാത്ത സ്വീകാര്യതയും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പങ്കാളിത്തവും പരിപാടിക്ക് കിട്ടിയിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
ഈ പരിപാടിക്കുശേഷമാണ് ഇതേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ഭൂപടം വരച്ച് അതില്‍ ഒരു മതത്തിന്റെ ചിഹ്നം ചേര്‍ത്ത് ജയശ്രീറാം വിളിച്ച് ആഘോഷം നടത്തിയത്. അതിനെതിരെയാണ് 'ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി വൈശാഖ് അടക്കം നിരവധി പേർ പ്രതിഷേധിച്ചത്. അതിനിടയിലാണ് ചില വിദ്യാര്‍ഥികള്‍ ജയശ്രീറാം വിളികളോടെ, വന്ന് സംഘര്‍ഷമുണ്ടാക്കിയത്.
അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ഇതുവരെ പുര്‍ത്തീകരിച്ചിട്ടില്ല എന്നാണ് വിദ്യാര്‍ഥികളെ അറിയിച്ചിരിക്കുന്നത്. വൈശാഖ് പ്രേംകുമാറിന് മാത്രമാണ് ഒറ്റക്ക് സ്‌പെഷല്‍ എന്‍ക്വയറി നടത്തിയത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഒരു വിദ്യാര്‍ഥിക്ക് സംഘ് പരിവാർ അനുകൂലികളായ വിദ്യാര്‍ഥികളില്‍നിന്ന് വലിയ രീതിയിലുള്ള മര്‍ദനങ്ങളേറ്റിരുന്നു. പക്ഷേ ഈ സംഭവത്തെ ആന്റി റാഗിങ്ങ് കേസായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. മര്‍ദനമേറ്റ വിദ്യാര്‍ഥി ജൂനിയറും മര്‍ദ്ദിച്ച വിദ്യാര്‍ഥി സീനിയറുമായിരുന്നു എന്നതായിരുന്നു ഇതിന് ഉന്നയിക്കുന്ന ന്യായം. അതിന്റെ കമ്മിറ്റി മീറ്റിങ്ങും ഇന്നലെ നടക്കേണ്ടതായിരുന്നു. പക്ഷേ മര്‍ദ്ദിച്ച വിദ്യാര്‍ഥി കാമ്പസിലില്ലെന്ന കാരണം പറഞ്ഞ് ഈ കമ്മിറ്റി മീറ്റിങ്ങും മാറ്റിവെച്ചു. സംഭവം നടന്നശേഷം വിദ്യാര്‍ഥി മുങ്ങിയിരിക്കുകയാണ്.
ഭരണകൂട ഭീകരതക്കിരയായ ഒരു വിദ്യാർഥിക്ക് നീതി കിട്ടാൻ പ്രിൻസിപ്പൽ തന്നെ നേരിട്ടിറങ്ങിയ ചരിത്രമുള്ള ഒരു കാമ്പസിലാണ്, ഇത്തരം വിദ്യാർഥി വിരുദ്ധ നടപടികൾ അരങ്ങേറുന്നതെന്നാണ് ഇപ്പോൾ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. 1975- ലെ അടിയന്തരാവസ്ഥാകാലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത രാജനുവേണ്ടി ഹൈകോടതിയിൽ നേരിട്ട് ഹാജരായത് പ്രിൻസിപ്പൽ പ്രൊഫ. കെ.എം. ബഹാവുദ്ദീനായിരുന്നു. കേസിൽ ഇത് നിർണായക വെളിപ്പെടുത്തലായി മാറി. 'രാജനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായി എനിക്ക് ഉത്തമ ബോധ്യമുണ്ട്' എന്ന് ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍ പോറ്റിയുടെയും ജസ്റ്റിസ് ഖാലിദിന്റെയും ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ബഹാവുദ്ദീന്‍ വെളിപ്പെടുത്തി. 1976 മാര്‍ച്ച് ഒന്നിനു ശേഷം രാജന്‍ എന്‍ജിനിയറിങ് കോളേജില്‍ ഹാജരായിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ പോറ്റിയുടെ ചോദ്യത്തിന് ബഹാവുദ്ദീന്‍ മറുപടി നല്‍കി. ഈ കേസിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചത് ഈ നിര്‍ണായക മൊഴിയാണ്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കും ബഹാവുദ്ദീന്റെ പിന്തുണയുണ്ടായിരുന്നു. രാജനെ തേടിയുള്ള അന്വേഷണത്തിൽ ബഹാവുദ്ദീൻ കക്കയം ക്യാമ്പിലും പോയി.
ഈയൊരു ചരിത്രത്തെ നോക്കുകുത്തിയാക്കിയാണ്, ഇപ്പോൾ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിയെ അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.