പ്ലസ് വണ്ണിനൊപ്പം NEET: ഇന്റഗ്രേറ്റഡ് കാമ്പസ്
എന്ന അപകടം

പ്ലസ് വൺ- പ്ലസ് ടു പഠനത്തിനോടൊപ്പം NEET പരീക്ഷക്കും പരിശീലനം കൊടുക്കുന്ന ഇന്റഗ്രേറ്റഡ് കാമ്പസുകൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് എഴുതുന്നു, ഹയർ സെക്കൻഡറി അധ്യാപകനായ എൻ.കെ. സലിം.

കേരളത്തിലെ ഹയർസെക്കൻഡറി മേഖലയിൽ വ്യാപകമാകുന്ന പുതിയ സംസ്കാരമാണ് ഇന്റഗ്രേറ്റഡ് ക്യാമ്പസുകൾ. പ്ലസ് വൺ- പ്ലസ് ടു പഠനത്തിനോടൊപ്പം NEET പരീക്ഷക്കും പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ വരെ കൂണുപോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുകയാണ്. പത്രങ്ങളിലെ ജാക്കറ്റ് പരസ്യങ്ങളിൽ വീണുപോകുന്ന രക്ഷിതാക്കൾ രണ്ടു കൊല്ലം ഒരു കുട്ടിയെ പഴുപ്പിക്കാൻ വിട്ടുകൊടുക്കുന്ന അവസ്ഥയാണ് പല സ്ഥലത്തും നടന്നുകൊണ്ടിരിക്കുന്നത്. NEET മാത്രമാണ് ജീവിതത്തിന്റെ ഏക ലക്ഷ്യമെന്ന രക്ഷിതാക്കളുടെ പൊതുബോധം പലപ്പോഴും ഒരു കുട്ടിയുടെ ആരോഗ്യ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു. ഇത്തരം സ്കൂളുകളിൽ എത്ര കുട്ടികൾക്ക് NEETപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്നു എന്ന് പരിശോധിച്ചു കഴിഞ്ഞാൽ ഒരു കാര്യം വ്യക്തമാവും; സ്വാഭാവികമായിട്ടും കുറച്ചുപേർക്ക് NEET ലഭിക്കുന്നുണ്ട്. അത് മിടുക്കരായ വിദ്യാർത്ഥികൾക്കാണ്. പക്ഷേ, ബാക്കിയുള്ള ആയിരങ്ങൾ എവിടെപ്പോകുന്നു?

പത്രങ്ങളിലെ ഒരു ജാക്കറ്റ് പരസ്യത്തിൽ കൊള്ളാവുന്ന ഫോട്ടോകളുടെ എണ്ണം 100, 200 ആയി എടുക്കുക. എങ്കിൽ ആയിരങ്ങൾ പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ ബാക്കി കുട്ടികൾ എവിടെ പോകുന്നു? അവരുടെ റിസൾട്ട് എന്താണ്?

ഇൻ്റഗ്രേറ്റഡ് കഴിഞ്ഞ 10 കുട്ടികളെയും രക്ഷിതാക്കളെയും ഇൻറർവ്യൂ ചെയ്തു കഴിഞ്ഞാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും. യഥാർത്ഥത്തിൽ രക്ഷിതാക്കളുടെ പൊങ്ങച്ചങ്ങളിൽ കോടിക്കണക്കിന് ആസ്തിയാണ് പല ഇന്റഗ്രേറ്റഡ് ക്യാമ്പസുകളും കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി ഇത്തരം സ്ഥാപനങ്ങൾ മുഖ്യധാരയിൽനിന്ന് ഇല്ലാതാകുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

എന്താണ് യാഥാർത്ഥ്യം?

കേരളത്തിലെ ഹയർസെക്കൻഡറി NEET അധിഷ്ഠിത വിദ്യാഭ്യാസം മാത്രമാക്കി ചുരുക്കി എന്നതാണ് ഇത് മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ വെല്ലുവിളി. പ്ലസ് ടു എന്നതു തന്നെ നീറ്റാണ് എന്ന പൊതുബോധത്തിലേക്ക് ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും എത്തിച്ചേരുന്നു. ഇത് വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങളും നമ്മൾ കാണാതെ പോകുന്നു.

NEET മാത്രമാണ് ജീവിതത്തിന്റെ ഏക ലക്ഷ്യമെന്ന രക്ഷിതാക്കളുടെ പൊതുബോധം പലപ്പോഴും ഒരു കുട്ടിയുടെ ആരോഗ്യ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു.
NEET മാത്രമാണ് ജീവിതത്തിന്റെ ഏക ലക്ഷ്യമെന്ന രക്ഷിതാക്കളുടെ പൊതുബോധം പലപ്പോഴും ഒരു കുട്ടിയുടെ ആരോഗ്യ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു.

കൊമേഴ്സിലെയും ഹ്യൂമാനിറ്റിസിലെയും വൈവിധ്യമാർന്ന വിദ്യാഭ്യാസമേഖലകൾ അറിയാതെയും പരിചയപ്പെടാതെയും പോകുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ താൽപര്യത്തിനനുസരിച്ച് പോകുമ്പോൾ നഷ്ടപ്പെടുന്നത് അനേകം പ്രതിഭകളെയാണ്. മറ്റൊന്ന്, ഇതേ പരിശീലനപരിപാടികൾ ഉപയോഗിച്ച് pure സയൻസിൽ എഴുതാവുന്ന നിരവധി എൻട്രൻസ് പരീക്ഷകളുമുണ്ട്. മികച്ച ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ട്. അമിതമായ NEET പ്രചാരം കാരണം ഇതിലേക്കൊന്നും കുട്ടികളെ രക്ഷിതാക്കൾ വിടുന്നില്ല.

രാവിലെ മുതൽ വൈകുന്നേരം വരെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ മുമ്പിൽ പകച്ചിരിക്കുന്ന വിദ്യാർഥികൾ പൊതുസ്കൂളിൽനിന്ന് കിട്ടുന്ന ഒരു തരത്തിലുള്ള സാമൂഹ്യവൽക്കരണവും ഇല്ലാതെ തങ്ങളുടെ ഏറ്റവും കളർഫുൾ ആയ ജീവിതഘട്ടം അതിസമ്മർദ്ദങ്ങളുമായി തള്ളിനീക്കേണ്ടിവരുന്നു.

ചില ഇന്റഗ്രേറ്റഡ് സ്കൂളുകളുടെ പരസ്യം തന്നെ ‘ആറാം ക്ലാസ് മുതൽ നീറ്റിനുവേണ്ടി തയാറെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ ക്യാമ്പസിലുണ്ട്’ എന്നാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ വൈവിധ്യമാർന്ന മറ്റൊരു മേഖലകളെയും പരിചയപ്പെടുത്താതെ, നീറ്റിലേക്കു മാത്രം ചുരുങ്ങിപ്പോകുകയും ഒരർഥത്തിൽ അവരെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.

NEET എഴുതാൻ കഴിവുള്ള വിദ്യാർത്ഥികൾ നിർബന്ധമായും അതിനുതന്നെ പോകട്ടെ. പ്രഗൽഭരായ ഡോക്ടർമാർ നമുക്കുണ്ടാവണം. അതിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ അത് തെരഞ്ഞെടുക്കുകയും വേണം. എന്നാൽ ഇന്ന് ഇന്റഗ്രേറ്റഡ് സ്കൂളുകളിലും ഇത്തരം പരിശീലന കേന്ദ്രങ്ങളിലും എത്തുന്ന നൂറിൽ 75 പേരും രക്ഷിതാക്കളുടെ സമ്മർദ്ദം മൂലമാണ് വരുന്നത്. ലക്ഷങ്ങൾ മുടക്കിയിട്ടും എവിടെയും എത്താതെ പോകുമ്പോൾ വിദ്യാർത്ഥിയ്ക്ക് ഒരു വർഷം നഷ്ടപ്പെടുകയായിരിക്കും ഫലം. മാത്രമല്ല, ആ വിദ്യാർത്ഥി വലിയ മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങുകയും ചെയ്യും.

ലക്ഷങ്ങൾ മുടക്കിയിട്ടും എവിടെയും എത്താതെ പോകുമ്പോൾ വിദ്യാർത്ഥിയ്ക്ക് ഒരു വർഷം നഷ്ടപ്പെടുകയായിരിക്കും ഫലം. മാത്രമല്ല, ആ വിദ്യാർത്ഥി വലിയ മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങുകയും ചെയ്യും.
ലക്ഷങ്ങൾ മുടക്കിയിട്ടും എവിടെയും എത്താതെ പോകുമ്പോൾ വിദ്യാർത്ഥിയ്ക്ക് ഒരു വർഷം നഷ്ടപ്പെടുകയായിരിക്കും ഫലം. മാത്രമല്ല, ആ വിദ്യാർത്ഥി വലിയ മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങുകയും ചെയ്യും.

യഥാർത്ഥത്തിൽ ഇൻഡഗ്രേറ്റഡ് സ്കൂളുകൾ ഭാവിയിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കും എന്നത് തീർച്ചയാണ്. മിക്കവാറും ഹയർ സെക്കൻഡറികളിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്റഗ്രേറ്റഡ് ക്യാമ്പസുകൾ തേടിപ്പോകുന്ന കുട്ടികളുടെ എണ്ണം കൂടുകയും സർക്കാർ- എയ്ഡഡ് മേഖലകളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്യുമ്പോൾ ഹയർസെക്കൻഡറി തസ്തികകൾ നഷ്ടപ്പെടുകയും ബാച്ചുകൾ ഇല്ലാതാവുകയും ചെയ്യും. ഇത് നേരിയ തോതിൽ ഇപ്പോൾ അനുഭവ തലത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്.

മറ്റൊന്ന്, സർക്കാർ മേഖലയിലല്ല മെഡിക്കൽ പ്രവേശനം കിട്ടുന്നതെങ്കിൽ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ലക്ഷങ്ങൾ ചെലവാക്കി എം ബി ബി എസുമായി പുറത്തിറങ്ങുന്നവർക്കു മുന്നിലെ തൊഴിലവസരങ്ങളെ കുറിച്ചും രക്ഷിതാക്കൾ ആലോചിക്കുന്നത് നന്നായിരിക്കും.

രക്ഷിതാക്കളോടാണ്;
പണമുണ്ടെങ്കിൽ നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കുട്ടികളെ പഠിക്കാൻ വിടാതിരിക്കുക. മറിച്ച്, വിദ്യാർത്ഥികളുടെ താൽപര്യങ്ങളും അഭിരുചിയും അറിഞ്ഞ് അതിന് പണം മുടക്കുകയും അതിൽ അവരെ പ്രതിഭകളാക്കി മാറ്റുകയും ചെയ്യാനുള്ള പിന്തുണ നൽകുക.


Summary: N.K. Salim writes about the dangers integrated campuses that combine Plus One–Plus Two studies with NEET coaching pose to the education system.


എൻ.കെ. സലീം

അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. ഉരുൾപൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട്?, ഭൂമി ശാസ്ത്ര ക്വിസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments