ഇ-ഗ്രാന്റുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നത് ആദിവാസി-ദലിത് വിദ്യാർഥികൾ എക്കാലത്തും നേരിടുന്ന പ്രധാന പ്രശ്നമാണ്. സമരങ്ങളും ചർച്ചകളുമെല്ലാം നടക്കുന്നുണ്ടെങ്കിലും പരിഹാരമില്ലാതെ പ്രശ്നം തുടരുകയാണ്. ഗ്രാന്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നൂറിലേറെ യു.ജി /പി.ജി വിദ്യാർഥികൾ പഠനം പൂർണമായി അവസാനിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പല വിദ്യാർഥികളും ഹോസ്റ്റൽ ഫീസ് പോലും നൽകാൻ സാധിക്കാതെ പ്രതിസന്ധിയിലാണ്.
ഇ-ഗ്രാൻറ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായതിന് പിന്നാലെ ജാതി അധിക്ഷേപവും നേരിട്ടിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ. ഇ-ഗ്രാന്റ് മുടങ്ങിയതിനെ തുടർന്ന് ഇവർ സമരരംഗത്താണ്. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസ് നൽകാൻ നിർവാഹമില്ല. ഇതിനിടയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് അധ്യാപിക കൂടിയായ ഹോസ്റ്റൽ നടത്തിപ്പ് ചുമതലയുള്ള മേട്രൻ, ഫീസ് നൽകാൻ കഴിയാത്ത ആദിവാസി - ദലിത് വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. ഇതോടെ വിദ്യാർഥികൾ കൂട്ടമായി പഠിപ്പ് മുടക്കി സമരത്തിലാണ്.
ആദിവാസി-ദലിത് വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് പൊതു സദസുകളിൽ അധിക്ഷേപിക്കുകയാണെന്നാണ് ആരോപണം. സമരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലും പരാതി നൽകിയിരുന്നെന്നും എന്നാൽ അധികൃതരുടെ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നുമാണ് സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥി രേവതി എ.ടി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.
“ലേഡീസ് ഹോസ്റ്റൽ മേട്രനും വാർഡനും ചേർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ദലിത് - ആദിവാസി വിദ്യാർഥികളെ മറ്റ് വിദ്യാർഥികളുടെ മുന്നിവെച്ച് ജാതീയമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഹോസ്റ്റൽ മീറ്റിങ്ങിനിടയിൽ, മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് അപമാനിച്ചു. ഇത് ആദ്യ സംഭവമല്ല. മുമ്പും നടന്നിട്ടുണ്ട്. ആദിവാസി വിദ്യാർഥിയായ ശ്രീജിത്തിനെ ഹോസ്റ്റൽ മെസ്സിൽ വെച്ച് ഫീസ് ചോദിച്ച് അപമാനിച്ചിരുന്നു. ഇ-ഗ്രാന്റ് വരുമ്പോൾ ഫീസ് അടയ്ക്കാമെന്ന് പറഞ്ഞപ്പോൾ, ഗ്രാന്റ് കിട്ടുന്നത് നിങ്ങൾ കയ്യിൽ വെച്ചോ ഫീസ് ഇപ്പോൾ തരണമെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു. വീട്ടിലെ നമ്പറും ചോദിച്ചു. എല്ലാവരുടെയും മുന്നിൽവെച്ച് ഈ വിദ്യാർഥിയെ കള്ളനാക്കുന്ന തരത്തിലാണ് അവർ പെരുമാറിയത്,” രേവതി പറഞ്ഞു.
“വീണ്ടും ഇത്തരം മോശം ഇടപെടലുകൾ അവരുടെ ഭാഗത്ത് നിന്നുണ്ടായതിനെ തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലും പരാതി നൽകി. യൂണിവേഴ്സിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ലഭിച്ച മറുപടി. വാർഡനെയും മേട്രനെയും പുറത്താക്കി, അവർ വിദ്യാർഥികളോട് മാപ്പ് പറയണമെന്നാണ് ഞങ്ങൾ മുന്നോട്ടുവെച്ച ആവശ്യം. മുമ്പും ഇതേ വിഷയത്തിൽ മേട്രനെതിരെ പരാതി നൽകിയിരുന്നു. വിദ്യാർഥികളെ അപമാനിക്കുന്നതിനെതിരെ അവരോട് തന്നെ ഞങ്ങൾ നേരിട്ട് സംസാരിച്ചിരുന്നു. ഡിപ്പാർട്ട്മെന്റിലും സംസാരിച്ചിരുന്നു. ശ്രീജിത്തുമായി ബന്ധപ്പെട്ട വിഷയം നടക്കുന്നത് കഴിഞ്ഞ അധ്യയന വർഷത്തിലാണ്. എന്നാൽ അവർ ഇതൊക്കെ ആവർത്തിക്കുകയാണ്. അതുകൊണ്ടാണ് സമരം തുടങ്ങേണ്ടിവന്നത്. ഇതുവരെയും യൂണിവേഴ്സിറ്റിയുടെയോ സ്കൂൾ ഓഫ് ഡ്രാമ അധികൃതരുടെയോ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല,” രേവതി കൂട്ടിച്ചേർത്തു.
ദലിത് - ആദിവാസി വിരുദ്ധ നടപടികൾക്കെതിരെ ചോദ്യമുയർത്തുന്ന വിദ്യാർഥികളെ അധിക്ഷേപിച്ച് നിശ്ശബ്ദരാക്കുക എന്ന മാർഗമാണ് അവർ സ്വീകരിക്കുന്നതെന്നും എസ്.സി - എസ്.ടി വിദ്യാർഥികളുടെ ലിസ്റ്റ് കയ്യിൽവെച്ച് അവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് മേട്രൻ തുടരുന്നതെന്നും മുൻപ് അധിക്ഷേപം നേരിട്ട ശ്രീജിത്ത് സി.ബി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ദലിത്-ആദിവാസി വിദ്യാർഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു.
“എസ്.സി - എസ്.ടി വിദ്യാർഥികളോട് ഫീസടക്കമുള്ള കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നതാണ് രീതി. ഇത്തരം നിർദേശങ്ങൾ നിലനിൽക്കെ തന്നെയാണ് ലേഡീസ് ഹോസ്റ്റലിന്റെ മേട്രനും മെസിന്റെ നടത്തിപ്പുകാരിയുമായ അധ്യാപിക മെസ് ഫീസടക്കാത്തതിന് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് അപമാനിച്ചത്. രണ്ട് വർഷമായി ഇ-ഗ്രാന്റ് മുടങ്ങി കിടക്കുന്ന സാഹര്യത്തിലാണ് ഇത് നടക്കുന്നതെന്നോർക്കണം. അവരുടെ രീതികളെ ചോദ്യം ചെയ്യുമ്പോൾ ആദിവാസികളാണോ എന്നറിഞ്ഞിട്ടല്ല ഫീസ് ചോദിക്കുന്നതെന്നാണ് പറയുന്നത്. പക്ഷെ കൃത്യമായ ലിസ്റ്റ് അവരുടെ കയ്യിലുണ്ട് എന്നതാണ് സത്യം. എസ്.സി - എസ്.ടി വിദ്യാർഥികൾ എത്രപേരുണ്ട്, ആരൊക്കെ ഫീസ് കൊടുക്കാനുണ്ട് തുടങ്ങിയ എല്ലാ വിവരവും അവരുടെ കയ്യിലുണ്ട്. കഴിഞ്ഞ വർഷമാണ് എനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. എന്നാൽ ഇന്നും ഹോസ്റ്റൽ മീറ്റിങ്ങെന്ന് പറഞ്ഞ് വാർഡനും മേട്രനുമെല്ലാം ചേർന്ന് എസ്.ടി- എസ്.സി വിദ്യാർഥികളെ വ്യക്തി അധിക്ഷേപം നടത്തുകയും ഇ-ഗ്രാന്റ് മുടങ്ങിയതുകൊണ്ട് ഫീസ് നൽകാതെ വന്ന വിദ്യാർഥികളെ അപമാനിക്കുകയുമൊക്കെ ചെയ്യുകയാണ്. ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളുടെയും മുന്നിൽ വെച്ചാണ് ഇവർ ഞങ്ങളെ അപമാനിക്കുന്നത്. പ്രതികരിക്കുന്ന വിദ്യാർഥികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ്. അതിനാൽ, അധിക്ഷേപം നേരിടുന്ന പുതിയ വിദ്യാർഥികൾക്ക് പ്രതികരിക്കാൻ തന്നെ ഭയമാണ്,” ശ്രീജിത്ത് പറഞ്ഞു.
ലംപ്സം ഗ്രാന്റ്റ്, ഹോസ്റ്റൽ അലവൻസുകൾ, പോക്കറ്റ് മണി, ഡേ സ്കോളേഴ്സിനുള്ള അലവൻസ്, ഗവേഷക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് എന്നിവയാണ് വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭിക്കേണ്ടത്. എന്നാൽ ഇതൊന്നും കൃത്യസമയത്ത് ലഭിക്കുന്നില്ല. ഈ മനുഷ്യാവകാശ ലംഘനത്തെ അഡ്രസ് ചെയ്യാൻ ആരും തയ്യാറാകുന്നില്ല. ദലിത്-ആദിവാസി വിദ്യാർഥികൾ ഉയർത്തുന്ന ഇത്തരം ആശങ്കകൾ ഇടതുപക്ഷ സർക്കാറും പരിഗണിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. വാർഡനും മേട്രനുമെതിരെ തങ്ങൾ യൂണിവേഴ്സിറ്റിയിൽ നൽകിയ പരാതി പരിഗണിച്ച് അതിനൊരു തീരുമാനമുണ്ടാകുന്നതുവരെ പഠിപ്പ് മുടക്കി സമരം നടത്തുമെന്നാണ് വിദ്യാർഥികളിൽ ഒരാളായ ജിഷ്ണു എ.ഡി ട്രൂകോപ്പിയോട് പറഞ്ഞത്.
“ഇ-ഗ്രാന്റ് രണ്ട് വർഷമായി കിട്ടുന്നില്ല. ആ സാഹചര്യത്തിൽ വിദ്യാർഥികളോട് ഫീസ് ചോദിക്കാൻ പാടില്ലെന്നതാണ് രീതി. ഇതിനെതിരെ ഞങ്ങൾ പലതവണ പ്രതികരിച്ചു. എന്നിട്ടും ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം ലേഡീസ് ഹോസ്റ്റലിൽ വിളിച്ചുചേർത്ത മീറ്റിങ്ങിൽ ദലിത് വിദ്യാർഥികളെ എഴുന്നേൽപ്പിച്ചുനിർത്തി വ്യക്തി അധിക്ഷേപം നടത്തി. കുട്ടികളെ നിശ്ശബ്ദരാക്കാൻ പലതരത്തിലുള്ള അധിക്ഷേപങ്ങൾ അവർ നടത്തും,” ജിഷ്ണു പറഞ്ഞു.
“ആദിവാസി ദലിത് വിദ്യാർഥികളോട് ഈ വാർഡൻ പറയുന്നത്, ഫീസൊക്കെ നൽകാൻ നിങ്ങൾ കേപ്പബിളാണെന്ന് ഡിപ്പാർട്ട്മെന്റിൽ നിന്നറിയിച്ചിട്ടുണ്ട് എന്നാണ്. അതായത് ഇ-ഗ്രാന്റ് വാങ്ങുന്ന വിദ്യാർഥികളുടെയൊക്കെ വീട്ടിൽ മെസ് ബിൽ അടക്കാൻ പൈസയുണ്ടെന്നാണ് അവർ പറയുന്നത്. ഇവർ എന്തിന്റെ അടിസ്ഥാനത്തിലാണ് കേപ്പബിലിറ്റി അളക്കുന്നതെന്ന് മനസിലാകുന്നില്ല. കുട്ടികൾ പഠിക്കാൻ വരുന്നതിന്റെ അടിസ്ഥാനത്തിലാണോ? നല്ല വസ്ത്രം ധരിക്കുന്നത് കണ്ടിട്ടാണോ എന്ന് മനസിലാകുന്നില്ല. ഇതിനെ തുടർന്ന് മേട്രനും വാർഡനുമെതിരെ യൂണിവേഴ്സിറ്റിയിൽ പരാതി കൊടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഒരു തീരുമാനം ഉണ്ടാകുന്നവരെ പഠിപ്പ് മുടക്കി സമരം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. തിയേറ്റർ വിദ്യാർഥികളെന്ന നിലയിൽ സമരത്തെ ക്രിയേറ്റീവായി സമീപിക്കും. ഇവരുടെ പ്രതികരണം എന്താണെന്ന് മനസിലാക്കിയിട്ടായിരിക്കും സമരത്തിന്റെ രൂപം മാറുക,” ജിഷ്ണു വ്യക്തമാക്കി.