കുട്ടികൾക്ക് സ്‌കൂളിലെത്തിയുള്ള പഠനം സാധ്യമല്ലാതായിട്ട് ഒരു വർഷത്തിലധികമായി. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസുകളിലൂടെയും മറ്റും പഠനം ഒരുപരിധിവരെ മുന്നോട്ടുപോകുന്നു. എങ്കിലും കുട്ടികളെ പല തരത്തിൽ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. മറ്റു വിദ്യാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രതിസന്ധിയിൽ ഏറ്റവും പ്രയാസം നേരിടുന്ന വിഭാഗമാണ് ഭിന്നശേഷി വിദ്യാർഥികൾ. കേരളത്തിൽ ഒന്നുമുതൽ പ്ലസ് ടു വരെ 1,60,000 ലേറെ ഭിന്നശേഷി വിദ്യാർഥികളാണ് പഠിക്കുന്നത്. ഈ വിദ്യാർഥികളുടെ കോവിഡ് കാലം എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കുകയാണിവിടെ.
ഭിന്നശേഷി വിദ്യാർഥികളുടെ ഓൺലൈൻ പഠനം
ഇതുപോലൊരു മഹാമാരിക്കിടെ, ഏറ്റവും അരികുവത്കരിക്കപ്പെടാൻ സാധ്യതയുള്ള ആദിവാസി, ഭിന്നശേഷി വിദ്യാർഥികളെക്കൂടി മുഖ്യധാരയ്‌ക്കൊപ്പം ചേർത്തുനിർത്താൻ ശ്രമിച്ചുവെന്നത്, പരിമിതികൾക്കിടയിലും കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ എടുത്തുപറയാവുന്ന നേട്ടമാണ്. മറ്റു വിദ്യാർഥികളുടേതുപോലെ കൈറ്റ് വിക്ടേഴ്‌സ് വഴി നടത്തുന്ന ക്ലാസുകളാണ് തുടക്കത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കുമുണ്ടായിരുന്നത്. പിന്നീട് വൈറ്റ് ബോർഡ് എന്ന പ്രോജക്ട് കൊണ്ടുവന്നു. ഓരോ യൂണിറ്റിനെയും അഡാപ്ട് ചെയ്ത് പ്രധാന ആറ് കാറ്റഗറിയിലുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പ്രത്യേകം വീഡിയോകൾ തയ്യാറാക്കി. ഓരോ ജില്ലയിലെയും സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സ് വഴി കുട്ടികളുടെ മാതാപിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ആ വീഡിയോകൾ ടെലിഗ്രാം വഴിയോ വാട്‌സ്ആപ്പ് വഴിയോ കുട്ടികളിലെത്തിക്കുകയാണ് ചെയ്തത്. ഇതാണ് കഴിഞ്ഞവർഷം ചെയ്ത പ്രധാന പ്രവർത്തനങ്ങൾ.
ഇതിനു പുറമേ ഈ വർഷം ശബ്ദപാഠങ്ങൾ (ടോക്കിങ് ടെക്‌സ്റ്റ്) എന്ന ഒരു പദ്ധതി കൂടി കൊണ്ടുവന്നു. പശ്ചാത്തല സംഗീതമൊക്കെ ഉൾപ്പെടുത്തിയുള്ള പാഠനവായനയാണിത്. കാഴ്ചപരിമിതിയുള്ളതിനാൽ വീഡിയോകൾ കാണാൻ പറ്റാതെയുള്ള കുട്ടികളെയും ഇന്റലക്ച്വൽ ഡിസബിലിറ്റിയുള്ള ഓഡിറ്ററി ലേണേഴ്‌സിനെയും (വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുള്ള, അതേസമയം ഒന്നുരണ്ടുതവണ കേട്ടാൽ മനസിലാക്കാൻ കഴിയുന്ന കുട്ടികളെ) അവർക്ക് ഉപകാരപ്രദമാകും എന്ന രീതിയിലാണ് ശബ്ദപാഠങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എന്തൊക്കെയായിരുന്നു പ്രതിസന്ധികൾ?
2016ലെ പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് പ്രകാരം 21 കാറ്റഗറിയിലുള്ള ഡിസബിലിറ്റികളുണ്ട്. ഇവർക്കുവേണ്ടി ഏകീകൃത രീതിയിൽ ഒരു സ്റ്റുഡിയോയിൽ നിന്ന് തയ്യാറാക്കുന്ന ക്ലാസുകൾ എന്നതായിരുന്നു ഓൺലൈൻ പഠനത്തിന്റെ ഭാഗമായി തുടക്കത്തിൽ നടന്നത്. ഈ ക്ലാസുകൾ ഉൾക്കൊള്ളുകയെന്നത് പലതരം സവിശേഷതകളുള്ള ഭിന്നശേഷി വിദ്യാർഥികളെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തെ ഏതാനും മാസങ്ങളിൽ പല കുട്ടികൾക്കും ഈ ക്ലാസുകൾ ഗ്രഹിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് കുട്ടികൾക്കുവേണ്ടി പ്രത്യേകമായി പഠനവീഡിയോ തയ്യാറാക്കുന്നതിനായി വൈറ്റ് ബോർഡ് എന്ന പ്രോജക്ട് കൊണ്ടുവന്നത്.
വൈറ്റ് ബോർഡ് പ്രോജക്ട് വഴി തയ്യാറാക്കിയ വീഡിയോകൾക്ക് ആദ്യഘട്ടത്തിൽ നല്ല പ്രതികരണമായിരുന്നു. എന്നാൽ ഘട്ടംഘട്ടമായി പങ്കാളിത്തം കുറഞ്ഞെന്നാണ് ‘തിങ്കി’നോട് സംസാരിച്ച ഒരു സ്‌പെഷ്യൽ എഡ്യുക്കേറ്റർ പറഞ്ഞത്. ഗാഡ്ജറ്റുകളുടെ ലഭ്യതക്കുറവാണ് അതിന് ഒരു കാരണമായി അദ്ദേഹം പറഞ്ഞത്: "ഫോണിലാണ് കാണുന്നത്. ചെറിയ സ്‌ക്രീനാണ് എന്നത് ഒരുപരിമിതിയാണ്. രക്ഷിതാവ് ജോലിക്ക് പോകാൻ കഴിയുന്ന സമയത്ത് കുട്ടിക്ക് ഇത് കാണാനാവുന്നില്ല. പഠനത്തിനായി കുട്ടികൾക്ക് ഫോൺവിട്ടുകൊടുക്കാൻ പല രക്ഷിതാക്കൾക്കും കഴിയാത്ത അവസ്ഥയുമുണ്ട്. കുട്ടിക്ക് മാത്രമായി ഫോൺ കൊടുക്കാൻ വിദ്യാഭ്യാസ വിഭാഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യാസഹായി പോലുള്ള പദ്ധതികൾ വഴി കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്നുണ്ട്. എന്നാൽ അത് എല്ലാ കുട്ടികൾക്കും കിട്ടുയിട്ടില്ല. വൈറ്റ്‌ബോർഡ് വീഡിയോയുടെ പരിമിതി അതായിരുന്നു.'
ശ്രവണ തകരാറുള്ള കുട്ടികൾക്ക് കഴിഞ്ഞ ഒരു വർഷം ഈ വീഡിയോ കൊണ്ട് വലിയ പ്രയോജനമൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവർക്കുവേണ്ടിയുള്ള അനുരൂപീകരണം ആ മേഖലയിൽ നടന്നിട്ടുണ്ടായിരുന്നില്ല. സൈൻ ലാംഗ്വേജ് ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലായിരിക്കും അവർ പഠിക്കുന്നുണ്ടാവുക. സൈൻ ലാംഗ്വേജ് ഉപയോഗിക്കാനുള്ള സംവിധാനം ഇപ്പോഴുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളിൽ സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തുന്ന തരത്തിൽ ഇത്തരം കുട്ടികൾക്കുകൂടി അനുരൂപീകരണം നടത്താൻ കഴിയുന്ന രീതിയിൽ ഫസ്റ്റ് ബെൽ ക്ലാസുകളിലും സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തണമെന്ന നിർദേശവും അധ്യാപകർ മുന്നോട്ടുവെക്കുന്നു: "യൂട്യൂബിലാണെങ്കിലും മറ്റ് പ്ലാറ്റ്‌ഫോമിലാണെങ്കിലും കുട്ടികൾ സൗണ്ട് കേൾക്കുന്നുണ്ട്. പക്ഷേ, ചിത്രത്തിലേക്കു നോക്കൂ എന്നു പറയുമ്പോഴാണ് പ്രശ്‌നം. ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സ് അതിനുള്ള അനുരൂപീകരണം കൊടുത്തുകഴിഞ്ഞാൽ ആ പ്രയാസം മറികടക്കാൻ കഴിയും.' - ഒരു അധ്യാപകൻ ‘തിങ്കി’നോട് പറഞ്ഞു.
കോവിഡിനു മുമ്പ് സ്‌കൂളുകളിലേക്കായിരുന്നു സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സിനെ നിയമിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള വർക്കുകളാണ് സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സ് നടത്തുന്നത്. ഒരു കുട്ടിയാണെങ്കിൽ പോലും എല്ലാ സ്‌കൂളിലും ഭിന്നശേഷി വിദ്യാർഥികളുണ്ട്. ആ കുട്ടികളെ സഹായിക്കാൻ സ്‌കൂൾ തലത്തിൽ സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സിനെ നിയമിച്ചുകഴിഞ്ഞാൽ ഇത്തരം കുട്ടികൾക്ക് ഉൾപ്പെടെ അനുരൂപീകരണ പ്രവർത്തനങ്ങൾ നടത്താൻ ഇവർക്കു കഴിയും. ഓൺലൈൻ ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രഹിക്കാൻ കഴിയുന്നവിധത്തിൽ ഇവർക്ക് അനുരൂപീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചാൽ കുട്ടികൾക്ക് നല്ലരീതിയിൽ മുന്നോട്ടുപോകാൻ കഴിയും. അതുണ്ടാവുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണ്.
മറ്റുകുട്ടികളുടെ കൂടെയുള്ള വിദ്യാഭ്യാസമാണ് ഇൻക്ലൂസീവ് എഡ്യുക്കേഷൻ എന്നത്. എന്നാൽ വൈറ്റ് ബോർഡ് വീഡിയോ വഴിയുള്ള വിദ്യാഭ്യാസത്തിലൂടെ അത് ഭിന്നശേഷി വിദ്യാർഥികൾക്ക് മാത്രമുള്ളതായി പ്ലാറ്റ്‌ഫോമായി മാറുകയാണ് ചെയ്യുന്നത്. അത് മറ്റൊരു പരിമിതിയാണ്.
ഭിന്നശേഷി വിദ്യാർഥികളെ സംബന്ധിച്ച് സോഷ്യലൈസേഷനുള്ള പ്രധാനപ്പെട്ട മാർഗമായിരുന്നു അവരുടെ സ്‌കൂൾ പഠനം. ഒരു കൊല്ലത്തിലേറെയായി അത് നിന്നുപോയി എന്നുള്ളതുകൊണ്ട് കുട്ടികൾ അസ്വസ്ഥരും അക്രമകാരികളുമൊക്കെയാകുന്നുണ്ട്. പല കുട്ടികളും ഹൈപ്പർ ആക്ടിവിറ്റിയുള്ളവരായിരിക്കും. അവരുടെ കായികമായ പ്രവർത്തനങ്ങൾക്ക് പലപ്പോഴും വീടുകളിൽ സൗകര്യം ലഭിക്കാറില്ല.
രക്ഷിതാക്കൾക്കു പറയാനുള്ളത്
ഭിന്നശേഷി വിദ്യാർഥികളെ സംബന്ധിച്ച് വ്യത്യസ്ത സവിശേഷതകളുള്ള വിദ്യാർഥികളെ വ്യത്യസ്തമായാവും ഓൺലൈൻ ക്ലാസുകൾ സ്വാധീനിച്ചിട്ടുണ്ടാവുക. ‘തിങ്കു’മായി സംസാരിച്ച രക്ഷിതാക്കളിൽ മിക്കയാളുകളും ഓൺലൈൻ ക്ലാസുകൾ ഗുണകരമാണ് എന്നാണ് പറഞ്ഞത്. അതേസമയം, വർഷത്തിന്റെ അവസാനമാസങ്ങളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളോടുള്ള താൽപര്യം ഏറെ കുറഞ്ഞെന്നും അഭിപ്രായപ്പെട്ടു. സർക്കാർ സ്‌കൂളുകളിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി മതിയാംവണ്ണം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കാത്തതിലെ പ്രശ്‌നങ്ങൾ ചിലരുടെ കാര്യത്തിലെങ്കിലും ഓൺലൈൻ ക്ലാസിൽ പരിഹരിക്കപ്പെട്ടെന്നും അവർ പറയുന്നു.
"സ്‌കൂൾ പഠനവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കാലം എനിക്ക് വളരെ നല്ലകാലമായിട്ടാണ് തോന്നിയത്. സർക്കാർ സ്‌കൂളുകളിൽ റിസോഴ്‌സ് ടീച്ചർമാർ ഇല്ലെങ്കിൽ സാധാരണ ടീച്ചർമാരെ സംബന്ധിച്ച് ഇവരെ ശ്രദ്ധിക്കുകയെന്നത് ബുദ്ധിമുട്ടാണ്. മറ്റുകുട്ടികളേക്കാൾ കുറച്ചുകൂടി ശ്രദ്ധയർഹിക്കുന്നവരാണിവർ. അതിനുള്ള സമയം ടീച്ചർമാർക്ക് ലഭിക്കില്ല. കുട്ടികളുമായുള്ള മിംഗ്ലിങ് നടക്കുമെന്നല്ലാതെ പഠനം നടക്കാറില്ല പലപ്പോഴും. വീട്ടിലായതിനാൽ പഠനത്തിൽ കൂടുതൽ കെയർ ചെയ്യാൻ പറ്റുന്നുണ്ട്.' -ഡൗൺ സിൻഡ്രോം ബാധിച്ച നാലാം ക്ലാസ് വിദ്യാർഥിയുടെ മാതാവ് ‘തിങ്കി’നോട് പറഞ്ഞു.
ഓരോ സ്‌കൂളിലും ഒരു സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സിനെ നിയമിക്കണമെന്നും എങ്കിലേ കുട്ടികൾക്ക് മതിയായ ശ്രദ്ധ നൽകാൻ കഴിയൂവെന്നും സെപ്ഷ്യൽ എഡ്യുക്കേറ്റർമാർ പറയുന്നു. സാധാരണ നാലോ അഞ്ചോ സ്‌കൂളുകളുടെ ചുമതലയുണ്ടാവും ഒരു സ്‌പെഷ്യൽ എഡ്യുക്കേറ്റർക്ക്. ഇതിനുപുറമേ സ്‌കൂളുകളിലെത്തി പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത കുട്ടികളുടെ കാര്യത്തിലും ശ്രദ്ധനൽകണം. അതുകൊണ്ട് പലപ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രമേ ഒരു സ്‌കൂളിലെത്തി ആ സ്‌കൂളിലെ കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയാറുള്ളൂ. ഇത് അവരുടെ പഠനത്തെ ബാധിക്കാറുണ്ട് എന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സിന്റെ വാദത്തെ ശരിവെക്കുന്നതാണ് രക്ഷിതാക്കളുടെ വാക്കുകൾ.
ഓൺലൈൻ പഠനം തന്റെ മകന്റെ കാര്യത്തിൽ വലിയ അനുഗ്രഹമായിരുന്നുവെന്നാണ് മെഡിക്കൽ കോളജ് ക്യാമ്പസിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയുടെ പിതാവ് ഡെന്നി ഡേവിസ് ‘തിങ്കി’നോട് പറഞ്ഞത്. "90% ഡിസബിലിറ്റിയുള്ളയാളാണ് എന്റെ മകൻ. Duchenne muscular dystrophy ആണ് അവന്. ആറേഴ് വർഷത്തോളം ഒട്ടും നടക്കാത്ത അവസ്ഥയായിരുന്നു. സ്‌കൂളിലേക്കെല്ലാം പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഏഴാം ക്ലാസ് വരെയൊക്കെ വളരെ ബുദ്ധിമുട്ടി സ്‌കൂളിലേക്കൊക്കെ കൊണ്ടുപോകാറുണ്ടായിരുന്നു. പിന്നീട് അവന് തടി കൂടിയപ്പോൾ അതിന് പറ്റാതായി. അതോടെ ട്യൂഷൻ മാഷ് എന്ന ആപ്പ് വഴി പഠനം മുന്നോട്ടുകൊണ്ടുപോയി. മാർച്ചിൽ ലോക്ക്ഡൗൺ വന്നതോടുകൂടി വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസ് ആരംഭിച്ചല്ലോ. അതോടെ പഠനം പഴയതുപോലെ മുന്നോട്ടുകൊണ്ടുപോയി. സർവ്വശിക്ഷാ അഭിയാനിലെ അധ്യാപകരും വീട്ടിൽ അവന് വേണ്ട നിർദേശങ്ങൾ നൽകാനായി എത്തി. ഭിന്നശേഷി വിദ്യാർഥികളെ ശ്രദ്ധിക്കുന്ന ക്യാമ്പസ് സ്‌കൂളിലെ സുഹറ ടീച്ചറും സഹായത്തിനെത്തി. ഫിസിക്കൽ ഡിസബിലിറ്റി മാത്രമേ മകനുള്ളൂ. മെന്റലി ഒ.കെയാണ്, ഇന്റലിജന്റാണ്. അതുകൊണ്ട് പഠിപ്പിക്കാൻ വരുന്നവരുടെ സഹായവും കൂടിയായപ്പോൾ അവന് എസ്.എസ്.എൽ.സി എഴുതാനായി. '
ഓൺലൈൻ ക്ലാസുകളിൽ സൈൻ ലാംഗ്വേജ് കൂടി ഉൾപ്പെടുത്തുന്നത് സഹായകരമായിരിക്കുമെന്ന് ശ്രവണ തകറാററുളള ഏഴാം ക്ലാസുകാരിയുടെ അമ്മ തിങ്കിനോടു പറഞ്ഞു. കേൾവി പ്രശ്‌നങ്ങളുള്ളതുകൊണ്ട് പലപ്പോഴും ക്ലാസ് കൃത്യമായി ഫോളോ ചെയ്യാൻ ബുദ്ധിമുട്ടുനേരിട്ടിരുന്നതായും അവർ പറഞ്ഞു.
കോവിഡ് കാല പഠനം ഗുണകരണമായോ?
ഭിന്നശേഷി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എത്രത്തോളം സഹായകരമായി എന്നതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പഠനം നടന്നിട്ടില്ല. അധ്യാപകരും റീസോഴ്‌സ് അധ്യാപകരും ഗൂഗിൾമീറ്റിലൂടെയോ മറ്റോ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന തരത്തിൽ സംവിധാനമൊരുക്കുകയാണെങ്കിൽ കുട്ടികൾക്ക് കുറച്ചുകൂടി ഗുണകരമായിരിക്കുമെന്ന നിർദേശം പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾ മുന്നോട്ടുവെച്ചതായി റിസോഴ്‌സ് അധ്യാപകർ ‘തിങ്കി’നോടു പറഞ്ഞു.
തുടക്കം എന്നുള്ള പ്രശ്‌നങ്ങളും കഴിഞ്ഞവർഷം അഭിമുഖീകരിച്ചതായി അവർ പറയുന്നു. പഠനം മിനി സ്‌ക്രീനിൽ ആയിപ്പോയത് കുട്ടികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഫോണിൽ തന്നെ നോക്കി പഠിക്കുകയെന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ടെക്‌നിക്കൽ പിന്തുണയോ ഫണ്ടോ ഇല്ലാതെയാണ് ഇങ്ങനെയൊരു കാര്യം തുടങ്ങുന്നത്. വീഡിയോകൾ തയ്യാറാക്കുന്നതിൽ അതിന്റേതായ കാലതാമസമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സമയബന്ധിതമായി കഴിഞ്ഞവർഷം ഇത് നടത്താൻ കഴിഞ്ഞിട്ടില്ല. ആ സമയത്ത് കുട്ടികളെ മനസിലാക്കി അവർക്ക് വർക്ക് ഷീറ്റ് കൊടുക്കുകയും മറ്റും ചെയ്ത് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പാഠഭാഗങ്ങളുടെ തുടർച്ചയെന്ന നിലയിൽ അത് പോയിട്ടില്ല. ഈ കാര്യങ്ങൾ തന്നെയാണ് രക്ഷിതാക്കളും പറഞ്ഞിട്ടുള്ളതെന്നും അധ്യാപകർ പറയുന്നു.
വിവിധ സാമൂഹ്യസാമ്പത്തിക മേഖലകളിൽ നിന്നും വരുന്ന, വിവിധ കാറ്റഗറിയിൽ വരുന്ന ഭിന്നശേഷി വിദ്യാർഥികളിൽ ഓൺലൈൻ പഠനം ഏതുരീതിയിലാണ് പ്രവർത്തിച്ചതെന്നു മനസിലാക്കാൻ ഇതുസംബന്ധിച്ച് സമഗ്രമായ പഠനം അനിവാര്യമാണ്. ഇതുസംബന്ധിച്ച ചില നിർദേശങ്ങൾ ഈ അധ്യയനവർഷത്തിന്റെ തുടക്കത്തിലുണ്ടായ ചർച്ചകളിൽ മുന്നോട്ടുവന്നിട്ടുണ്ടെന്നും അടുത്തുതന്നെ അത്തരമൊരു പഠനം നടക്കുമെന്നാണ് ഈ രംഗത്തുപ്രവർത്തിക്കുന്ന അധ്യാപകർ പറയുന്നത്. ഈ അധ്യയനവർഷവും അനിശ്ചിതമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, ഭിന്നശേഷി വിദ്യാർഥികൾക്കിടയിൽ അത്തരമൊരു പഠനം നടത്തുകയും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ മതിയായ നടപടികൾ സ്വീകരിക്കുകയും ഒരു വിദ്യാർഥിപോലും പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.