എന്തിനാണ്
ഇങ്ങനെയൊരു
NTA?

ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയ്ക്ക് രാജിവെക്കേണ്ടിവന്നാലും, രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയി​ലെ പരീക്ഷാസംവിധാനത്തിനു സംഭവിച്ച ഗുരുതര പിഴവുകൾ എങ്ങനെ, ആര് പരിഹരിക്കും എന്ന ചോദ്യം ബാക്കിയാകും- രാഹുൽ പി.സി എഴുതുന്നു.

ദേശീയ- സംസ്ഥാന തലങ്ങളിൽ പരീക്ഷാനടത്തിപ്പിന് ഭരണഘടനാപരമായും മറ്റു നിയമങ്ങൾ മൂലവും പ്രവർത്തിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( NTA). 2017 നവംബറിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സ്വയംഭരണസ്ഥാപനമായി NTA നിലവിൽ വന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവേശന പരീക്ഷകൾ, യോഗ്യതാ പരീക്ഷകൾ എന്നിവ സുതാര്യമായും സമയബന്ധിതമായും കുറ്റമറ്റ നിലയിലും നടത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) നടത്തിയിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപകരുടെ അടിസ്ഥാന യോഗ്യതാപരീക്ഷയും ഗവേഷണ യോഗ്യതാപരീക്ഷയുമായ UGC - NET ആണ് ആദ്യഘട്ടത്തിൽ NTA ഏറ്റെടുത്ത പ്രധാന പരീക്ഷ.

ചെയർമാനും ഡയറക്ടർ ജനറലും ഉൾപ്പെടുന്ന ശ്രേണീകൃതമായ ഗവേണിംഗ് ബോഡിയാണ് NTA-യുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. 2018 ഡിസംബറിൽ നടത്തിയ NET ഏജൻസി വിജയകരമായി പൂർത്തിയാക്കി എന്നുപറയാം. അതുവരെയുണ്ടായിരുന്ന എഴുത്ത് OMR പരീക്ഷയിൽനിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതിയിലേക്ക് (CBT) പരീക്ഷകൾ മാറ്റി. രാജ്യത്തുടനീളം പരീക്ഷാകേന്ദ്രങ്ങൾ ഏർപ്പെടുത്തിയും ഉദ്യോഗസ്ഥരെ വിന്യസിച്ചും ഭൗതിക സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയും കാര്യമായ പരാതികളില്ലാതെയും ആദ്യകാലത്ത് പരീക്ഷകൾ നടത്താൻ എൻ.ടി.എയ്ക്കു കഴിഞ്ഞു.

വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ തരത്തിൽ ധാരാളം പരീക്ഷാ സെൻററുകൾ അനുവദിച്ചും പരീക്ഷ നടത്താനുള്ള ചെലവിൽ വരുന്ന കുറവ് പരീക്ഷാഫീസിനത്തിൽ കുറച്ചും ദിവസം മുഴുവൻ നീളുന്ന പരീക്ഷ മൂന്നു മണിക്കൂറിലേക്ക് ചുരുക്കിയും വിദ്യാർത്ഥിപക്ഷത്തുനിന്നാണ് NTA പ്രവർത്തനം തുടങ്ങിയതെന്നു പറയാം. ഒരു ദിവസം തന്നെ വിവിധ പരീക്ഷകൾ നടത്തി, കാലതാമസം കൂടാതെ ഫലം പ്രഖ്യാപിക്കുന്നതുവഴി വിദ്യാർത്ഥികൾക്ക് ഗവേഷണമേഖലയിലേക്കും തൊഴിൽ മേഖലയിലേക്കും വർഷം നഷ്ടപ്പെടുത്താതെ പ്രവേശിക്കാൻ കഴിയുമായിരുന്നു.

എന്നാൽ, പിന്നീട് എൻ.ടി.എയ്ക്ക് എന്തു സംഭവിച്ചു? ഈ സംവിധാനം ഒരു ദുരന്തമായി മാറുന്നതാണ് വിദ്യാർത്ഥികൾ കണ്ടത്.

UPSC മുൻ അധ്യക്ഷൻ പ്രൊഫ. പ്രദീപ് കുമാർ ജോഷിയാണ് NTA ചെയർമാൻ. ഭരണഘടനാപരമായ പദവിയിലിരുന്ന വ്യക്തിയായിട്ടുപോലും NTA-യിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അതിനെ കാര്യക്ഷമമായി പുനഃസംഘടിപ്പിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ ചെയർമാൻ അടക്കമുള്ള സംവിധാനം തികഞ്ഞ പരാജയമായി.

UPSC മുൻ അധ്യക്ഷൻ പ്രൊഫ. പ്രദീപ്കുമാർ ജോഷിയാണ് NTA ചെയർമാൻ.
UPSC മുൻ അധ്യക്ഷൻ പ്രൊഫ. പ്രദീപ്കുമാർ ജോഷിയാണ് NTA ചെയർമാൻ.

ഇന്ന് രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ 60-ലേറെ പരീക്ഷകളാണ് NTA നടത്തുന്നത്. UGC NET, CSIR NET, NEET, CUET UG & PG, JEE തുടങ്ങി പ്രധാന പരീക്ഷകളെല്ലാം ഇന്ന് ഈ ഒരൊറ്റ സ്ഥാപനത്തിനു കീഴിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തിന്റെ പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രതിഫലിക്കും.

2019-ൽ ആദ്യമായി പരീക്ഷാഫീസ് വർദ്ധിപ്പിച്ചു കൊണ്ടാണ് NTA ‘മാറ്റങ്ങൾ’ക്ക് തുടക്കം കുറിച്ചത്. അതുവരെ CBSE നടത്തിയിരുന്ന പരീക്ഷയെക്കാൾ കൂടുതൽ ഫീസാണ് NTA വിദ്യാർത്ഥികളിൽനിന്ന് ഈടാക്കിയത്. പരീക്ഷാ സെൻററുകളിൽ വരുത്തിയ മാറ്റമായിരുന്നു അടുത്തത്. പൊതുവിൽ NTA പരീക്ഷയ്ക്ക് സെൻറർ അനുവദിക്കുന്നതിന് നാല് ഓപ്ഷനുകൾ നൽകാറുണ്ടെങ്കിലും ഹാൾടിക്കറ്റ് വരുമ്പോൾ നാലെണ്ണവും വിദ്യാർഥികൾക്ക് ലഭിക്കാത്ത സാഹചര്യം വ്യാപകമായി. ഓൺലൈൻ അപേക്ഷാസമയത്ത് വിദ്യാർത്ഥികൾക്കുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ പല പരീക്ഷകളും നീട്ടിവെക്കുന്നതിലേക്കുവരെ നയിച്ചിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മോഡിലുള്ള പരീക്ഷകളുടെ നടപടിക്രമങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ പതിവാണ്. ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങൾ മുതൽ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനത്തിന്റെ പരാജയം വരെയുള്ള കാരണങ്ങളാൽ അപേക്ഷകൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഏറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ വിദ്യാർത്ഥികൾക്ക് NTA-യുടെ അധികാരികളുമായി ബന്ധപ്പെടാൻ പോലും കഴിയാറില്ല. ഹെൽപ്പ് ലൈൻ നമ്പറുകളിൽ പ്രതികരണം ലഭിക്കാതിരിക്കുന്നതും ഇ മെയിലിന് മറുപടി നൽകാതിരിക്കുന്നതും എൻ ടി എയുടെ പതിവുപരിപാടികളാണ്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയിട്ടും കൃത്യമായി അന്വേഷിക്കാനോ എൻ.ടി.എയെ ഫലപ്രദമായി പുനസംഘടിപ്പിക്കാനോ ആവശ്യമായ ഇടപെടലുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുണ്ടായില്ല. ഉപരിപ്ലവമായ അന്വേഷണ സമിതികളിലും കേവലമായ അച്ചടക്ക നടപടികളിലും ഈ വിഷയം ഒതുക്കിത്തീർക്കാനാണ് ഇപ്പോഴും ശ്രമം.

രാജ്യത്തുടനീളം NTA പരീക്ഷ നടത്തുന്നത്, വിവിധ ഏജൻസികളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ്. ടെക്നിക്കൽ കോളേജുകളിലും സ്വകാര്യ ഐടി സെൻററുകളിലുമായിരിക്കും പരീക്ഷാസെൻററുകൾ. ഇവയിൽ പല സെന്ററുകളും കൃത്യമായ മാർഗ്ഗനിർദ്ദേശമനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പല പരീക്ഷാ സെന്ററുകളിലും വിദ്യാർത്ഥികൾക്ക് മോശം അനുഭവം ഉണ്ടായതായി നിരവധി പരാതികളുണ്ട്. പ്രത്യേകിച്ച് ക്ലോക്ക് റൂമുകളുടെ അപര്യാപ്തത, സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറികളുടെ അപര്യാപ്തത, ഭിന്നശേഷി സൗഹൃദമല്ലാത്ത പരീക്ഷാ റൂമുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ.

വിവിധ സമയക്രമത്തിലാണ് സാധാരണ പരീക്ഷകൾ നടത്താറ്. ചിലത് വർഷത്തിൽ ഒരു തവണയും ചിലത് രണ്ടു തവണയുമാണ് NTA നടത്താറ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതുമുതൽ ഫലപ്രഖ്യാപനം വരെ നാലു മുതൽ അഞ്ച് മാസം വരെ സമയമെടുക്കാറുണ്ട്. മറ്റു സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറുമായി ചേർന്നുപോകുന്നതാണ് എൻ.ടി.എയുടെ ടൈംടേബിളും. എന്നാൽ പലപ്പോഴും ഈ ക്രമത്തെ സ്വന്തം പോരായ്മകൾ കൊണ്ടുതന്നെ NTA തകിടം മറിക്കാറുണ്ട്. JEE പരീക്ഷാനടപടികളിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം 2022ലും 23ലും സമയക്രമത്തിൽ വലിയ മാറ്റം വരുത്തേണ്ടിവന്നു.

2024 ജൂൺ സൈക്കിളിലെ നെറ്റ് പരീക്ഷ ഓഫ് ലൈൻ മോഡിലാണ് നടത്താൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ മോഡ് പരീക്ഷ എന്തുകൊണ്ടാണ് ഓഫ് ലൈൻ മോഡിലേക്ക് മാറ്റിയത് എന്നതിന് തൃപ്തികരമായ വിശദീകരണം അന്ന് പരീക്ഷാ ഏജൻസി നൽകിയില്ല. എന്നാൽ, ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് പരീക്ഷ പൂർണമായും റദ്ദാക്കി. ഓഫ് ലൈൻ പരീക്ഷയായതിനാൽ സെന്ററുകളിലേക്ക് ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾക്ക് എത്താനായത്. ഇത്തരം വെല്ലുവിളികൾ അതിജീവിച്ച് പരീക്ഷയെഴുതിയവരെ ആക്ഷേപിക്കുകയാണ് യഥാർത്തിൽ എൻ.ടി.എ ചെയ്തത്. തുടർന്ന് അതേ പരീക്ഷ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറ്റി, ഫലപ്രഖ്യാപനം പോലുള്ള കാര്യങ്ങൾ പൂർത്തിയാക്കിയത് അതേ വർഷം ഒക്ടോബറിലാണ്. അപ്പോഴേക്കും പല സർവ്വകലാശാലകളുടെയും പിഎച്ച് ഡി അപ്ലിക്കേഷൻ ക്ലോസ് ചെയ്തിരുന്നു. ഇത് നിരവധി വിദ്യാർത്ഥികളുടെ അവസരങ്ങളാണ് നഷ്ടമാക്കിയത്.

2024 ജൂൺ സൈക്കിളിലെ നെറ്റ് പരീക്ഷ ഓഫ് ലൈൻ മോഡിലാണ് നടത്താൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ മോഡ് പരീക്ഷ എന്തുകൊണ്ടാണ് ഓഫ് ലൈൻ മോഡിലേക്ക് മാറ്റിയത് എന്നതിന് തൃപ്തികരമായ വിശദീകരണം അന്ന് പരീക്ഷാ ഏജൻസി നൽകിയില്ല.
2024 ജൂൺ സൈക്കിളിലെ നെറ്റ് പരീക്ഷ ഓഫ് ലൈൻ മോഡിലാണ് നടത്താൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ മോഡ് പരീക്ഷ എന്തുകൊണ്ടാണ് ഓഫ് ലൈൻ മോഡിലേക്ക് മാറ്റിയത് എന്നതിന് തൃപ്തികരമായ വിശദീകരണം അന്ന് പരീക്ഷാ ഏജൻസി നൽകിയില്ല.

22 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എഴുതിയ നീറ്റിൽ നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ഗുരുതര പിഴവാണ് ഇത്തവണ സംഭവിച്ചത്. ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച ഏജൻസികളിൽനിന്നുതന്നെ ചോദ്യപേപ്പർ ചോർന്നു. ഇവ പല സ്വകാര്യ പരിശീലന കേന്ദ്രങ്ങളിലേക്കും എത്തി. തുടർന്ന് പരീക്ഷ റദ്ദാക്കി. ലക്ഷക്കണക്കിന് പേർ എഴുതിയ പരീക്ഷയെ ഏറെ ലാഘവത്തോടെയാണ് NTA കൈകാര്യം ചെയ്തത്. ഒരുതരത്തിലുള്ള സുതാര്യതയും ഉറപ്പുവരുത്താതെ കൃത്യമായ പരിശോധനകളില്ലാതെയാണ് ഇത്ര വിപുലമായ ഒരു പരീക്ഷയെ സമീപിച്ചത്. ഈയൊരു പ്രതിസന്ധിയെതുടർന്ന് 11 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. നിരവധി കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലകപ്പെട്ടു. വീണ്ടും എൻ ടി എ പരീക്ഷ നടത്തി, ഇതേ മാനസികാവസ്ഥയിൽ തന്നെ കുട്ടികൾ പരീക്ഷയെഴുതി, പലർക്കും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്. സ്വന്തം വീഴ്ച മറയ്ക്കാൻ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചു പരീക്ഷ നടത്തുന്ന നാണംകെട്ട അവസ്ഥയിലായി NTA.

വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കിയിട്ടും കൃത്യമായി അന്വേഷിക്കാനോ എൻ.ടി.എയെ ഫലപ്രദമായി പുനസംഘടിപ്പിക്കാനോ ആവശ്യമായ ഇടപെടലുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുണ്ടായില്ല. ഉപരിപ്ലവമായ അന്വേഷണ സമിതികളിലും കേവലമായ അച്ചടക്ക നടപടികളിലും ഈ വിഷയം ഒതുക്കിത്തീർക്കാനായിരുന്നു ശ്രമം. ഇതിന്റെ തുടർച്ചയിലാണ് കോക്കറോച്ച് ജനതാപാർട്ടി ജന്തർ മന്തറിൽ സമരം ​പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികളുടെ ആശങ്കകളെ ഒരുതരത്തിലും പരിഗണിക്കാത്ത, അവരുടെ ഭാവിയെ നിർണയിക്കുന്ന പരീക്ഷകളിൽ ഗുരുതരമായ അലംഭാവവും വീഴ്ചയും വരുത്തുന്ന ഒരു സ്ഥാപനത്തെ എന്തിനു നിലനിർത്തണമെന്ന ചോദ്യം വളരെ പ്രസക്തമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനയിലും സംവിധാനത്തിലും കാര്യമായ അഴിച്ചുപണികളും പരിഷ്കരണവും ആവശ്യമാണ് എന്ന് വ്യക്തമായിട്ടും കേന്ദ്ര സർക്കാർ ആ വഴിയ്ക്ക് തിരിഞ്ഞുനോക്കുന്നതേയില്ല. ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ വിദ്യാഭ്യാസമന്ത്രിയ്ക്ക് രാജിവെക്കേണ്ടിവന്നാലും, രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയി​ലെ പരീക്ഷാസംവിധാനത്തിനു സംഭവിച്ച ഗുരുതര പിഴവുകൾ എങ്ങനെ, ആര് പരിഹരിക്കും എന്ന ചോദ്യം ബാക്കിയാകും.

Comments