യന്ത്രമല്ല, അധ്വാനിക്കുന്ന മനുഷ്യരാണ് അധ്യാപക‍ർ

“അധ്യാപനത്തെ ‘ത്യാഗപൂർണമായ സേവനം’ എന്ന ഒറ്റ ഫ്രെയിമിൽ നിന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അധ്യാപനം മഹത്തായ തൊഴിലാണ്. എന്നാൽ അതുകൊണ്ട് അത് ഒരു തൊഴിൽമേഖലയല്ലാതാകുന്നില്ല. മറ്റേതൊരു തൊഴിൽമേഖലയിലുമുള്ളതുപോലെ അധ്യാപകർക്കും: ന്യായമായ വേതനം, നിശ്ചിത ജോലി സമയം,തൊഴിൽസുരക്ഷ, അവകാശങ്ങൾ, അവധി, സാമൂഹിക സുരക്ഷ, മാന്യമായ തൊഴിൽപരിസ്ഥിതി എന്നിവ ഉറപ്പാക്കണം,” അധ്യാപകദിനത്തിൽ സ്മൃതി മുരളി എഴുതുന്നു.

കേരളത്തിന്റെ ആധുനിക സാമൂഹിക ചരിത്രത്തെ വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ നിന്ന് വേർതിരിച്ചുകാണാനാവില്ല. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും സർക്കാർ ഇടപെടലുകളും പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനവും ചേർന്നാണ് കേരളം ഉയർന്ന സാക്ഷരതയും മാനവവികസനവും കൈവരിച്ച സമൂഹമായി മാറിയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ അധ്യാപക സമൂഹത്തിന്റെ നിർണായകമായ അധ്വാനവും സംഭാവനയും നിസ്സംശയം അവകാശപ്പെടാം. എന്നാൽ അതേ സമയം, സമകാലിക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അധ്യാപന തൊഴിൽ തന്നെ നിരവധി ഘടനാപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്.

അധ്യാപനത്തെ ‘വിശുദ്ധ സേവനം’ എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ മാത്രം ഒതുക്കാതെ, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തൊഴിൽസുരക്ഷയും മാന്യമായ വേതനവും ഉൾപ്പെടുന്ന ഒരു പ്രൊഫഷണൽ തൊഴിൽമേഖലയായി കണ്ടുവരുന്ന സമകാലിക സാഹചര്യത്തിൽ; ജനസംഖ്യാപരമായ മാറ്റങ്ങൾ (കുറഞ്ഞ ജനനനിരക്കിനെ തുടർന്നുണ്ടാകുന്ന വിദ്യാർത്ഥി എണ്ണത്തിലെ കുറവ്), പൊതുമേഖലയിലെ തസ്തികാ ചുരുക്കം, അൺ-എയ്ഡഡ് മേഖലയിലെ കുറഞ്ഞ വേതനവും തൊഴിൽസുരക്ഷിതത്വമില്ലായ്മയും, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ വാണിജ്യവൽക്കരണം, അധ്യാപകരുടെ വർധിച്ചുവരുന്ന അക്കാദമികേതര ജോലിഭാരം, അധ്യാപികമാർ നേരിടുന്ന ഇരട്ട ജോലിഭാരം, രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും വർധിച്ചുവരുന്ന പ്രതീക്ഷകൾ, വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം, കാലഹരണപ്പെട്ട അധ്യാപക പരിശീലനരീതികൾ എന്നിവ അധ്യാപകർ നേരിടുന്ന പ്രതിസന്ധിയുടെ വിവിധ മുഖങ്ങളാണ്.

അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾ ഇന്ന് ക്ലാസ് മുറിയിലെ അധ്യാപനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭരണപരമായ ചുമതലകൾക്കൊപ്പം കൗൺസിലിംഗ്, സംഘർഷപരിഹാരം, രക്ഷാകർതൃ ആശയവിനിമയം, വിദ്യാഭ്യാസേതരമായ പരിപാടികളുടെ ഏകോപനം, സാങ്കേതിക പിന്തുണ തുടങ്ങിയ പലതരം ഉത്തരവാദിത്വങ്ങൾ ഇവരുടെ ചുമലിലേക്ക് എത്തുന്നു. ഇവ അധ്യാപനത്തിനായി മാറ്റിവയ്ക്കേണ്ട സമയത്തെയും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു. കൂടാതെ, ആഗോളവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും സ്വാധീനത്തിൽ വിദ്യാഭ്യാസം ക്രമേണ സേവനമേഖലയിൽ നിന്ന് വിപണനയോഗ്യമായ ഉൽപ്പന്നമായി മാറുന്ന പ്രവണത ശക്തമായതിനാൽ, ഫലം, റാങ്ക്, ബ്രാൻഡ്, രക്ഷിതൃ സംതൃപ്തി തുടങ്ങിയവ സ്ഥാപനങ്ങളുടെ പ്രകടനമാനദണ്ഡങ്ങളായി മാറുമ്പോൾ അതിന്റെ സമ്മർദ്ദം വലിയ തോതിൽ അധ്യാപകരിലേക്കാണ് കൈമാറപ്പെടുന്നു.

അതിനാൽ അധ്യാപകർ നേരിടുന്ന തൊഴിൽസുരക്ഷിതത്വമില്ലായ്മ, സ്വകാര്യാ മേഖലയിലെ കുറഞ്ഞ വേതനം, നിയമനത്തിലെ സുതാര്യതക്കുറവ്, ഭരണപരമായ അമിതഭാരം, നോൺ-ടീച്ചിംഗ് ജീവനക്കാരുടെ അഭാവം, മാനസിക സമ്മർദ്ദം, സാമൂഹിക പ്രതീക്ഷകളുടെ അമിതഭാരം, ലിംഗപരമായ തൊഴിൽ അസമത്വം, പരിശീലനത്തിലെ പോരായ്മകൾ എന്നിവയെ വ്യക്തിഗത പ്രശ്നങ്ങളായി കാണുന്നത് അപര്യാപ്തമാണ്. ഇവയുടെ പിന്നിൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുണ്ട്:

അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾ ഇന്ന് ക്ലാസ് മുറിയിലെ അധ്യാപനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭരണപരമായ ചുമതലകൾക്കൊപ്പം കൗൺസിലിംഗ്, സംഘർഷപരിഹാരം, രക്ഷാകർതൃ ആശയവിനിമയം, വിദ്യാഭ്യാസേതരമായ പരിപാടികളുടെ ഏകോപനം, സാങ്കേതിക പിന്തുണ തുടങ്ങിയ പലതരം ഉത്തരവാദിത്വങ്ങൾ ഇവരുടെ ചുമലിലേക്ക് എത്തുന്നു.
അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾ ഇന്ന് ക്ലാസ് മുറിയിലെ അധ്യാപനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭരണപരമായ ചുമതലകൾക്കൊപ്പം കൗൺസിലിംഗ്, സംഘർഷപരിഹാരം, രക്ഷാകർതൃ ആശയവിനിമയം, വിദ്യാഭ്യാസേതരമായ പരിപാടികളുടെ ഏകോപനം, സാങ്കേതിക പിന്തുണ തുടങ്ങിയ പലതരം ഉത്തരവാദിത്വങ്ങൾ ഇവരുടെ ചുമലിലേക്ക് എത്തുന്നു.

1. ജനസംഖ്യാപരമായ മാറ്റങ്ങളും തൊഴിൽസുരക്ഷിതത്വമില്ലായ്മയും

കേരളത്തിലെ അധ്യാപന തൊഴിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വെല്ലുവിളികളിലൊന്നാണ് ജനസംഖ്യാപരമായ മാറ്റം. കുറഞ്ഞ ജനനനിരക്ക് സ്കൂൾ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നു. പ്രത്യേകിച്ച് പ്രൈമറി തലത്തിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകളുടെ എണ്ണം കുറയാനും കൂടുതൽ അധ്യാപക തസ്തികകളുടെ ആവശ്യകത ഇല്ലാതാകാനും കാരണമാകുന്നു. ഇതേസമയം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ, സ്വകാര്യ-അൺ-എയ്ഡഡ് സ്ഥാപനങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ വിദ്യാർഥി - അധ്യാപക നിരക്കും അത്യാധുനിക ബൗദ്ധിക സൗകര്യങ്ങളുമുള്ള ഇവിടേയ്ക്ക് താരതമ്യേന രക്ഷകർത്താക്കൾ ആകർഷിക്കപ്പെടുന്നു. പല പ്രദേശങ്ങളിലും പരസ്പരം വളരെ അടുത്ത ദൂരത്തിൽ ഒന്നിലധികം സ്കൂളുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ഒരേ പ്രായത്തിലുള്ള കുട്ടികൾ വിവിധ സ്ഥാപനങ്ങളിലേക്ക് വിഭജിക്കപ്പെടുന്നു. ഇതോടെ ഓരോ സ്കൂളിലുമുള്ള വിദ്യാർത്ഥി എണ്ണം കുറയാനുള്ള സാധ്യത വർധിക്കുകയും അതനുസരിച്ച് ഡിവിഷനുകളുടെയും അധ്യാപക തസ്തികകളുടെയും എണ്ണത്തിലും സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുന്നു.

അതിനാൽ ജനസംഖ്യ കുറയുന്നതെന്ന ഒറ്റ ഘടകത്തിനപ്പുറം, വിദ്യാർത്ഥികളുടെ സ്ഥാപനതലത്തിലുള്ള വിതരണം എങ്ങനെയാണ് മാറുന്നത് എന്നതും അധ്യാപക തൊഴിൽ അവസരങ്ങളെ സ്വാധീനിക്കുന്ന ഘടകമായി പരിഗണിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ മാറ്റം തടയാനാവില്ല. എന്നാൽ അതിന്റെ തൊഴിൽപരമായ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് അധ്യാപക ആസൂത്രണം നടത്താനാകും. വിദ്യാർത്ഥികളുടെ എണ്ണം, സ്കൂളുകളുടെ എണ്ണം, വിവിധ വിദ്യാഭ്യാസ മേഖലകളിലെ വിദ്യാർത്ഥി പ്രവാഹം, അധ്യാപക-വിദ്യാർത്ഥി അനുപാതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല മാനവവിഭവ ആസൂത്രണം ആവശ്യമാണ്. ജനസംഖ്യാ പ്രവണതകൾ മാറുമ്പോൾ അതിന്റെ ഭാരം മുഴുവൻ അധ്യാപകരുടെ തൊഴിൽസുരക്ഷയിലേക്ക് മാറ്റിവെയ്ക്കുന്നതിന് പകരം, വിദ്യാഭ്യാസ മേഖലയിലെ മനുഷ്യവിഭവശേഷിയെ എങ്ങനെ പുനഃക്രമീകരിക്കാം എന്നതും നയപരമായി ചർച്ച ചെയ്യേണ്ടതുണ്ട്.

2. അൺ-എയ്ഡഡ് മേഖലയിലെ ‘പ്രെക്കറിയറ്റ്’ അവസ്ഥ

കേരളത്തിലെ സ്വകാര്യ അൺ-എയ്ഡഡ്, സ്വാശ്രയ, ചില സി.ബി.എസ്.ഇ സ്ഥാപനങ്ങൾ അധ്യാപകർക്ക് വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഈ മേഖലയുടെ തൊഴിൽസാഹചര്യങ്ങൾ പലപ്പോഴും സുരക്ഷിതമല്ല. B.Ed, പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി, NET തുടങ്ങിയ ഉയർന്ന യോഗ്യതകളുള്ള അധ്യാപകർ പോലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം ചില സ്ഥാപനങ്ങളിൽ നിലനിൽക്കുന്നു.

കരാർ നിയമനം, കരാർ പുതുക്കപ്പെടുമോ എന്ന അനിശ്ചിതത്വം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ പരിമിതി, അധിക ജോലി എന്നിവ അധ്യാപകരെ ഒരു ‘പ്രീകേറിയസ്സ് വർക്ക്ഫോഴ്‌സ്’ ആക്കി മാറ്റുന്നു. ഇവിടെ പ്രശ്നം കുറഞ്ഞ ശമ്പളം മാത്രമല്ല. തൊഴിൽ സുരക്ഷിതത്വമില്ലായ്മയാണ് കൂടുതൽ ഗൗരവമുള്ളത്. ഒരു അധ്യാപകൻ അടുത്ത അധ്യയനവർഷവും ജോലി തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിൽ, അത് ആ വ്യക്തിയുടെ സാമ്പത്തിക ആസൂത്രണം, തൊഴിൽപരമായ വളർച്ച, മാനസിക ക്ഷേമം എന്നിവയെ എല്ലാം ബാധിക്കപ്പെടും.

3. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ വാണിജ്യവൽക്കരണം

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ചില സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സുതാര്യതക്കുറവും ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.

നിയമനം മെറിറ്റിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നടക്കേണ്ടിടത്ത് സാമ്പത്തിക ശേഷി നിർണായക ഘടകമായി മാറുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, അത് വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക നീതിയെ തന്നെ ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എന്നാൽ അക്കാദമികമായി മികച്ച ഉദ്യോഗാർത്ഥികൾക്ക് ഇത്തരം സാഹചര്യങ്ങൾ വലിയ തടസ്സമാകുന്നു. അപ്രൂവൽ നടപടികളിലെ കാലതാമസം മറ്റൊരു പ്രശ്നമാണ്. നിയമനം ലഭിച്ചിട്ടും തസ്തികാ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ സാഹചര്യം തൊഴിൽസുരക്ഷയുടെയും ഭരണനീതിയുടെയും ചോദ്യങ്ങൾ ഉയർത്തുന്നു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപക നിയമനം ഒരാളുടെ വ്യക്തിപരമായ തൊഴിൽ അവസരം മാത്രമല്ല. അത് പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ വിഭവം ആരുടെ കൈകളിലേക്ക് പോകുന്നു എന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ്. അതുകൊണ്ട് എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സുതാര്യത, മെറിറ്റ്, ഉത്തരവാദിത്തം, നിയമപരമായ മേൽനോട്ടം എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ അധ്യാപന തൊഴിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വെല്ലുവിളികളിലൊന്നാണ് ജനസംഖ്യാപരമായ മാറ്റം. കുറഞ്ഞ ജനനനിരക്ക് സ്കൂൾ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നു.
കേരളത്തിലെ അധ്യാപന തൊഴിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വെല്ലുവിളികളിലൊന്നാണ് ജനസംഖ്യാപരമായ മാറ്റം. കുറഞ്ഞ ജനനനിരക്ക് സ്കൂൾ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നു.

4. പേപ്പർ റെക്കോർഡുകളും ബ്യൂറോക്രാറ്റിക് ജോലിഭാരവും

ആധുനിക അധ്യാപകന്റെ ജോലി ക്ലാസ് മുറിയിലെ അധ്യാപനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഹാജർ രേഖകൾ, ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ, വിവിധ രജിസ്റ്ററുകൾ, റിപ്പോർട്ടുകൾ, സർവേകൾ, പോർട്ടൽ അപ്ഡേറ്റുകൾ, ഔദ്യോഗിക രേഖകൾ, വിവിധ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങി നിരവധി ഭരണപരമായ ചുമതലകൾ അധ്യാപകരുടെ ജോലി സമയത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായിട്ടും ചില സാഹചര്യങ്ങളിൽ അതേ വിവരങ്ങൾ ഡിജിറ്റലായും മാനുവലായും രേഖപ്പെടുത്തേണ്ടിവരുന്ന ‘ഡബിൾ ഡോക്യുമെന്റഷൻ’ ഈ ഭാരം കൂടുതൽ വർധിപ്പിക്കുന്നു.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ലളിതമാണ്: അധ്യാപകരുടെ ഏറ്റവും വിലപ്പെട്ട വിഭവമായ സമയം ക്ലാസ് മുറിക്കായി തന്നെ ഉപയോഗിക്കേണ്ടതല്ലേ? പാഠാസൂത്രണം, പഠനസാമഗ്രികളുടെ തയ്യാറെടുപ്പ്, വിദ്യാർത്ഥികളുടെ വ്യക്തിഗത പഠനാവശ്യങ്ങൾ തിരിച്ചറിയൽ, മൂല്യനിർണയം, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അധിക പിന്തുണ നൽകൽ, രക്ഷിതാക്കളുമായുള്ള അക്കാദമിക ആശയവിനിമയം തുടങ്ങിയ അധ്യാപനത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കേണ്ട സമയം ഭരണപരമായ ചുമതലകൾ കൈയേറുമ്പോൾ അതിന്റെ പ്രതിഫലനം സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കും.

ഒരേ വ്യക്തി അധ്യാപകർ, കൗൺസിലർ, മധ്യസ്ഥർ, പരിപാടി സംഘാടകർ, രേഖാപരിപാലകർ, ഡാറ്റാ മാനേജർ, സാങ്കേതിക സഹായികൾ എന്നീ പല വേഷങ്ങൾ ഒരേസമയം നിർവഹിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. എന്നാൽ ഈ അധിക ഉത്തരവാദിത്തങ്ങൾക്ക് പലപ്പോഴും പ്രത്യേക സമയമോ ആവശ്യമായ പരിശീലനമോ മതിയായ ജീവനക്കാരുടെ പിന്തുണയോ ലഭിക്കുന്നില്ല. നോൺ-ടീച്ചിംഗ് ജീവനക്കാരുടെ കുറവ് ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. ക്ലർക്കുമാർ, ഡാറ്റാ എൻട്രി ജീവനക്കാർ, ലൈബ്രേറിയൻമാർ, ലാബ് അസിസ്റ്റന്റുമാർ തുടങ്ങിയ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ട ജീവനക്കാരുടെ അഭാവത്തിൽ, അവയുമായി ബന്ധപ്പെട്ട പല ജോലികളും അധ്യാപകരുടെ ചുമലിലേക്ക് എത്തുന്നു. അധ്യാപനത്തിന്റെ ഭാഗമല്ലാത്ത ഇത്തരം ജോലികൾക്ക് പ്രത്യേകം സമയം കണക്കാക്കപ്പെടാതിരിക്കുമ്പോൾ അവ അധ്യാപകരുടെ പതിവ് ജോലി സമയത്തിനുള്ളിൽ തന്നെ ലയിക്കുന്നു.

ഇങ്ങനെ കണക്കുകളിൽ പൂർണമായി പ്രത്യക്ഷപ്പെടാത്തതും ഔദ്യോഗിക ജോലി വിവരണങ്ങളിൽ പലപ്പോഴും വ്യക്തമായി രേഖപ്പെടുത്തപ്പെടാത്തതുമായ ഈ അധിക അധ്വാനമാണ് അധ്യാപകരുടെ ‘അദൃശ്യ തൊഴിൽ’ എന്ന നിലയിൽ കാണേണ്ടത്. ഇത് അധ്യാപകരുടെ ജോലി സമയം വർധിപ്പിക്കുന്ന പ്രശ്നം മാത്രമല്ല; അധ്യാപനത്തിനായി ലഭ്യമായ സമയത്തെയും ഊർജത്തെയും കുറയ്ക്കുന്ന ഘടനാപരമായ പ്രശ്നം കൂടിയാണ്. അതിനാൽ ഡിജിറ്റൽവൽക്കരണം എന്നത് പുതിയ പോർട്ടലുകൾ കൂട്ടിച്ചേർക്കുന്നതിൽ ഒതുങ്ങാതെ, അനാവശ്യമായ രേഖപ്പെടുത്തലുകൾ ഒഴിവാക്കി അധ്യാപകരുടെ ഭരണപരമായ ഭാരം യഥാർത്ഥത്തിൽ കുറയ്ക്കുന്ന രീതിയിലായിരിക്കണം.

ഒരേ വ്യക്തി അധ്യാപകർ, കൗൺസിലർ, മധ്യസ്ഥർ, പരിപാടി സംഘാടകർ, രേഖാപരിപാലകർ, ഡാറ്റാ മാനേജർ, സാങ്കേതിക സഹായികൾ എന്നീ പല വേഷങ്ങൾ ഒരേസമയം നിർവഹിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.
ഒരേ വ്യക്തി അധ്യാപകർ, കൗൺസിലർ, മധ്യസ്ഥർ, പരിപാടി സംഘാടകർ, രേഖാപരിപാലകർ, ഡാറ്റാ മാനേജർ, സാങ്കേതിക സഹായികൾ എന്നീ പല വേഷങ്ങൾ ഒരേസമയം നിർവഹിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.

5. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അമിത പ്രതീക്ഷകൾ

അധ്യാപകരുടെ ഉത്തരവാദിത്തം ക്ലാസ് മുറിക്കപ്പുറം വ്യാപിക്കുന്നതിന് മറ്റൊരു കാരണം സമൂഹത്തിന്റെ മാറുന്ന പ്രതീക്ഷകളാണ്. കുട്ടി പഠിക്കുന്നില്ലെങ്കിൽ, മാർക്ക് കുറഞ്ഞാൽ, അനുസരിക്കുന്നില്ലെങ്കിൽ, പെരുമാറ്റത്തിൽ പ്രശ്നമുണ്ടെങ്കിൽ… തുടങ്ങിയവയിലൊക്കെ അധ്യാപകരാണ് ഉത്തരവാദി. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം നിയന്ത്രിക്കേണ്ടതും, കുട്ടിയുടെ മാനസിക സമ്മർദ്ദം പരിഹരിക്കേണ്ടതും, കരിയർ മാർഗനിർദ്ദേശം നൽകേണ്ടതും, മത്സരപരീക്ഷകൾക്ക് തയ്യാറാക്കേണ്ടതും അധ്യാപകർ. ഇതൊക്കെയും അധ്യാപകരുടെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വങ്ങൾ തന്നെയാണ്. എന്നാൽ ഒരു കുട്ടിയുടെ ജീവിതത്തിലെ എല്ലാ സാമൂഹിക, കുടുംബ, മാനസിക ശൂന്യതകളും അധ്യാപകൻ ഒറ്റയ്ക്ക് നിറയ്ക്കണമെന്ന പ്രതീക്ഷ യാഥാർഥ്യബോധമില്ലാത്തതാണ്. വീട്ടിൽ നിന്ന് തുടങ്ങേണ്ട പല ഉത്തരവാദിത്തങ്ങളും പതുക്കെ സ്കൂളിന്റെ വാതിൽക്കൽ എത്തിനിൽക്കുന്നു. അധ്യാപകൻ ഒരു കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പകരക്കാരനല്ല. ഈ അതിരുകൾ വ്യക്തമാക്കാതെ അധ്യാപകന്റെ ഉത്തരവാദിത്തങ്ങൾ നിരന്തരം വർധിപ്പിക്കുന്നത് യഥാർത്ഥത്തിൽ തൊഴിൽ സമ്മർദ്ദം മാത്രമേ വർധിപ്പിക്കുന്നുള്ളു.

6. അധ്യാപന തൊഴിൽ അമിത മഹത്വവൽക്കരണം

അധ്യാപന തൊഴിൽ സമൂഹത്തിൽ ഉയർന്ന ബഹുമാനം നേടിയിട്ടുള്ളതാണ്. എന്നാൽ ബഹുമാനവും മഹത്വവൽക്കരണവും ഒരേ കാര്യമല്ല. ‘അധ്യാപനം ഒരു സേവനമാണ്’, ‘വേതനത്തെക്കാൾ വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനപ്പെട്ടത്’' തുടങ്ങിയ ആശയങ്ങൾ അധ്യാപകന്റെ സാമൂഹിക ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നാൽ ഇവ തൊഴിൽപരമായ പരിധികളെ ഇല്ലാതാക്കാനും അധിക ജോലിയെയും സ്ഥിരമായ വേതന ലഭ്യതയെയും ‘അർപ്പണബോധം’ എന്ന പേരിൽ സാധാരണവൽക്കരിക്കാനും ഉപയോഗിക്കപ്പെടുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.

അതുകൊണ്ട് അധ്യാപകർ ന്യായമായ വേതനം ആവശ്യപ്പെടുന്നത് സേവനമനോഭാവത്തിന്റെ അഭാവമല്ല. നിശ്ചിത ജോലിസമയവും അധിക ജോലിക്ക് യുക്തമായ പരിഗണനയും ആവശ്യപ്പെടുന്നത് അർപ്പണബോധമില്ലായ്മയുമല്ല. തൊഴിൽസുരക്ഷയും മാന്യമായ തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെടുന്നത് അധ്യാപകരുടെ സാമൂഹിക അന്തസ്സിനും വിരുദ്ധമല്ല. അധ്യാപകരുടെ ത്യാഗത്തെ ആഘോഷിക്കുന്നതിനെക്കാൾ, അനാവശ്യമായ ത്യാഗം ആവശ്യപ്പെടാത്ത ഒരു തൊഴിൽസംവിധാനം സൃഷ്ടിക്കുകയാണ് കൂടുതൽ പുരോഗമനപരമായ സമീപനം. അധ്യാപനത്തിന്റെ മഹത്വം അധ്യാപകർ എത്രത്തോളം സഹിക്കുന്നു എന്നതിൽ അല്ല, അവർക്ക് എത്രത്തോളം മാന്യമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ കഴിയുന്നു എന്നതിലാണ് അളക്കേണ്ടത്.

7. വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണവും അധ്യാപകരുടെ സ്ഥിതിയും

സമകാലിക വിദ്യാഭ്യാസരംഗത്തെ മറ്റൊരു പ്രധാന മാറ്റമാണ് വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം. സ്കൂൾ ഒരു വിദ്യാഭ്യാസസ്ഥാപനം മാത്രമല്ലാതെ ഒരു ‘ബ്രാൻഡ്’ ആയി മാറുന്നു. ‘ഫലം’ ഒരു ഉൽപ്പന്നമാകുന്നു. മാർക്ക് ഒരു പരസ്യമായി മാറുന്നു. റാങ്ക് ഒരു വിപണന ഉപാധിയായി മാറുന്നു. രക്ഷിതൃ സംതൃപ്തി ഒരു ‘പെർഫോമൻസ് ഇൻഡിക്കേറ്റർ’ ആയി മാറുന്നു. ഇതിനിടയിൽ അധ്യാപകർ ആ ‘ഉൽപ്പന്നം’ നിർമ്മിക്കുന്ന തൊഴിലാളിയുമാകുന്നു.

അധ്യാപകരുടെ ഉത്തരവാദിത്തം ക്ലാസ് മുറിക്കപ്പുറം വ്യാപിക്കുന്നതിന് മറ്റൊരു കാരണം സമൂഹത്തിന്റെ മാറുന്ന പ്രതീക്ഷകളാണ്. കുട്ടി പഠിക്കുന്നില്ലെങ്കിൽ, മാർക്ക് കുറഞ്ഞാൽ, അനുസരിക്കുന്നില്ലെങ്കിൽ, പെരുമാറ്റത്തിൽ പ്രശ്നമുണ്ടെങ്കിൽ… തുടങ്ങിയവയിലൊക്കെ അധ്യാപകരാണ് ഉത്തരവാദി.
അധ്യാപകരുടെ ഉത്തരവാദിത്തം ക്ലാസ് മുറിക്കപ്പുറം വ്യാപിക്കുന്നതിന് മറ്റൊരു കാരണം സമൂഹത്തിന്റെ മാറുന്ന പ്രതീക്ഷകളാണ്. കുട്ടി പഠിക്കുന്നില്ലെങ്കിൽ, മാർക്ക് കുറഞ്ഞാൽ, അനുസരിക്കുന്നില്ലെങ്കിൽ, പെരുമാറ്റത്തിൽ പ്രശ്നമുണ്ടെങ്കിൽ… തുടങ്ങിയവയിലൊക്കെ അധ്യാപകരാണ് ഉത്തരവാദി.

കൂടുതൽ ഫലം വേണം. കൂടുതൽ പ്രവർത്തനങ്ങൾ വേണം. കൂടുതൽ പരിപാടികൾ വേണം. കൂടുതൽ സംതൃപ്തി വേണം. കൂടുതൽ സമയം വേണം… പക്ഷേ ഈ ‘കൂടുതൽ’ സൃഷ്ടിക്കുന്ന അധ്വാനത്തിന് ആനുപാതികമായ മൂല്യം എത്രത്തോളം നൽകപ്പെടുന്നു എന്നത് മറ്റൊരു ചോദ്യമാണ്. വിദ്യാഭ്യാസം വിപണിയുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ അധ്യാപകരും പതുക്കെ ‘മനുഷ്യ വിഭവം’ എന്ന കണക്കിലേക്ക് ചുരുങ്ങുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുമ്പോൾ അധ്യാപകരുടെ ജീവിതത്തിന്റെ ഗുണനിലവാരം കൂടി അളക്കേണ്ടതുണ്ട്.

8. ലിംഗപരമായ തൊഴിൽഭാരവും ഇരട്ട ഉത്തരവാദിത്തവും

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ ഉയർന്നതാണ്. എന്നാൽ തൊഴിൽരംഗത്തെ സ്ത്രീകളുടെ സാന്നിധ്യം മാത്രം ലിംഗസമത്വത്തിന്റെ സൂചകമല്ല. സ്കൂളിലെ ഔദ്യോഗിക ജോലി അവസാനിച്ച ശേഷം വീട്ടിലെത്തുന്ന സ്ത്രീ അധ്യാപകർക്ക് ഗാർഹിക ജോലികളുടെയും പരിചരണ ഉത്തരവാദിത്തങ്ങളുടെയും വലിയൊരു പങ്ക് ഏറ്റെടുക്കേണ്ടി വരുന്നു. പാചകം, വൃത്തിയാക്കൽ, കുട്ടികളുടെ പരിചരണം, മുതിർന്നവരുടെ പരിചരണം, കുടുംബത്തിന്റെ മാനസിക ഉത്തരവാദിത്തങ്ങൾ. അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ. ഇങ്ങനെ ഒരു സ്ത്രീ ഒരേ ദിവസം രണ്ട് വ്യത്യസ്ത ജോലിസ്ഥലങ്ങളിൽ ജോലി ചെയ്യുന്നു. ഒന്ന് ശമ്പളം നൽകുന്ന സ്ഥലം.
മറ്റൊന്ന് ശമ്പളം നൽകാത്ത സ്ഥലം. അതിനാൽ അധ്യാപികയുടെ തൊഴിൽഭാരം സ്കൂളിലെ ടൈംടേബിൾ നോക്കി മാത്രം കണക്കാക്കാനാവില്ല.

9. കാലഹരണപ്പെട്ട അധ്യാപക പരിശീലന രീതികൾ

അധ്യാപന മേഖലയുടെ ഭാവി അധ്യാപകരുടെ ഗുണനിലവാരത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ D.El.Ed, B.Ed തുടങ്ങിയ അധ്യാപക പരിശീലന പരിപാടികൾ കാലാനുസൃതമായി മാറുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് ഇപ്പോഴും പ്രധാന പ്രശ്നമാണ്. വിദ്യാഭ്യാസ മനശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ പഠിക്കുന്നത് അനിവാര്യമാണ്. എന്നാൽ അവ യഥാർത്ഥ ക്ലാസ് മുറിയിലെ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കപ്പെടാത്ത പക്ഷം പരിശീലനം അപൂർണ്ണമാകും. ഇന്നത്തെ കുട്ടികളുടെ സാമൂഹിക സാഹചര്യങ്ങളും പെരുമാറ്റരീതികളും പഠനശീലങ്ങളും മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമാണ്. ക്ലാസ്സ്‌റൂം മാനേജ്‌മന്റ് , അഡോളസെന്റ് ബിഹേവിയർ, ഇമോഷണൽ വെൽ -ബീയിങ്, സൈബർ കൾച്ചർ, പിയർ ഡയനാമിക്‌സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രായോഗിക പരിശീലനം ആവശ്യമാണ്.

അധ്യാപന മേഖലയുടെ ഭാവി അധ്യാപകരുടെ ഗുണനിലവാരത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ D.El.Ed, B.Ed തുടങ്ങിയ അധ്യാപക പരിശീലന പരിപാടികൾ കാലാനുസൃതമായി മാറുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്.
അധ്യാപന മേഖലയുടെ ഭാവി അധ്യാപകരുടെ ഗുണനിലവാരത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ D.El.Ed, B.Ed തുടങ്ങിയ അധ്യാപക പരിശീലന പരിപാടികൾ കാലാനുസൃതമായി മാറുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്.

ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ പോരായ്മ

ക്ലാസ് മുറികൾ സ്മാർട്ട് ബോർഡ്സ്, ഡിജിറ്റൽ റിസോഴ്സ്സ്, എ.ഐ -അസ്സിസ്റ്റഡ് ലേർണിംഗ് ടൂൾസ് എന്നിവയിലേക്ക് മാറുമ്പോഴും അധ്യാപക പരിശീലനം അതേ വേഗത്തിൽ മാറേണ്ടതുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്നത് മാത്രം മതിയാകില്ല. അവയെ എപ്പോൾ, എങ്ങനെ, എന്തിനായി ഉപയോഗിക്കണം എന്ന ‘പെഡഗോഗിക്കൽ ബോധമാണ്’ പ്രധാനപ്പെട്ടത്.

ഉൾക്കൊള്ളൽ വിദ്യാഭ്യാസം

വ്യത്യസ്ത പഠനശേഷികളുള്ള കുട്ടികളുമായി പ്രവർത്തിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നിർണായകമാണ്. ന്യൂറോഡൈവേർജന്റ് ലേണേഴ്‌സ്, എ.ഡി.എച്.ഡി, ഓട്ടിസം സ്പെക്ട്രം തുടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന അറിവ് അധ്യാപക പരിശീലനത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അധ്യാപകരെ പരീക്ഷ പാസാകാൻ മാത്രം പരിശീലിപ്പിക്കുന്നതിനു പകരം യഥാർത്ഥ ക്ലാസ് മുറിയെ നേരിടാൻ പരിശീലിപ്പിക്കുകയാണ് അധ്യാപക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

നയപരമായ നിർദ്ദേശങ്ങൾ

1. സ്വകാര്യ അധ്യാപകർക്കായി ഏകീകൃത മിനിമം തൊഴിൽ മാനദണ്ഡങ്ങൾ

അൺ-എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് മാന്യമായ വേതനം, ജോലി സമയം, അവധി,മറ്റേർണിറ്റി ബെനെഫിറ്സ്, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്ന വ്യക്തമായ തൊഴിൽ മാനദണ്ഡങ്ങൾ ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വകാര്യ ഉടമസ്ഥത അധ്യാപകന്റെ അടിസ്ഥാന തൊഴിൽ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള കാരണമാകരുത്.

2. എയ്ഡഡ് നിയമനങ്ങളിൽ സുതാര്യത

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾ കൂടുതൽ സുതാര്യവും മെറിറ്റ് അധിഷ്ഠിതവുമാക്കേണ്ടതുണ്ട്. നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുകയും പരാതികൾ പരിശോധിക്കാൻ സ്വതന്ത്രമായ മേൽനോട്ട സംവിധാനം ശക്തിപ്പെടുത്തുകയും വേണം.

3. പൂർണ്ണമായ ഡിജിറ്റൽ ഭരണസംവിധാനം

ഒരേ വിവരങ്ങൾ പലതവണ രേഖപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണം. ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയ ശേഷം അതേ വിവരങ്ങൾ മാനുവൽ രജിസ്റ്ററുകളിൽ വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്നത് ഒഴുവാക്കാം.ഡിജിറ്റൽ സംവിധാനത്തിന്റെ ലക്ഷ്യം അധ്യാപകന്റെ ജോലിഭാരം കുറയ്ക്കുക എന്നതായിരിക്കണം; പുതിയൊരു ജോലിഭാരം സൃഷ്ടിക്കുക എന്നതല്ല.

4. നോൺ-ടീച്ചിംഗ് ജീവനക്കാരുടെ എണ്ണം

അധ്യാപകർക്ക് അധ്യാപനം ചെയ്യാനുള്ള സമയം തിരിച്ചുനൽകണമെങ്കിൽ ആവശ്യമായ ക്ലറിക്കൽ, ലൈബ്രറി, ഡാറ്റാ മാനേജ്മെന്റ്, ഭരണപരമായ ജോലികൾക്കായിഅതാത് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.

അധ്യാപകർക്ക് അധ്യാപനം ചെയ്യാനുള്ള സമയം തിരിച്ചുനൽകണമെങ്കിൽ ആവശ്യമായ ക്ലറിക്കൽ, ലൈബ്രറി, ഡാറ്റാ മാനേജ്മെന്റ്, ഭരണപരമായ ജോലികൾക്കായിഅതാത് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.
അധ്യാപകർക്ക് അധ്യാപനം ചെയ്യാനുള്ള സമയം തിരിച്ചുനൽകണമെങ്കിൽ ആവശ്യമായ ക്ലറിക്കൽ, ലൈബ്രറി, ഡാറ്റാ മാനേജ്മെന്റ്, ഭരണപരമായ ജോലികൾക്കായിഅതാത് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.

5. അധ്യാപക പരിശീലനത്തിന്റെ സമഗ്ര പരിഷ്കരണം

B.Ed, D.El.Ed തുടങ്ങിയ കോഴ്സുകളിൽ ക്ലാസ്സ്‌റൂം മാനേജ്‌മന്റ്, ഡിജിറ്റൽ പെഡഗോഗി, എ.ഐ ലിറ്ററസി, ഇൻക്ലൂസിവ് എഡ്യൂക്കേഷൻ, അഡോളസെന്റ് സൈക്കോളജി, മെന്റൽ ഹെൽത്ത് അവെർനെസ്, സ്പെഷ്യൽ എഡ്യൂക്കേഷണൽ നീഡ്‌സ്, കോൺഫ്ലിക്റ് റെസൊല്യൂഷൻ, സൈബെർ സേഫ്‌റ്റി തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രായോഗിക പ്രാധാന്യം നൽകണം.

6. അധ്യാപകരുടെ ജോലി പരിധി പുനർനിർവചിക്കുക

അധ്യാപകർക്ക് ചെയ്യേണ്ടതും ചെയ്യേണ്ടതില്ലാത്തതുമായ ജോലികൾ വ്യക്തമായി നിർവചിക്കണം. അധ്യാപകന്റെ എല്ലാ അധിക ജോലികളെയും ‘അധ്യാപകന്റെ സ്വാഭാവിക ഉത്തരവാദിത്തം’ എന്ന് വിളിക്കുന്ന സമീപനം ഒഴിവാക്കണം.

7. തൊഴിൽപരമായ പുനർനിർവചനം

അധ്യാപനത്തെ ‘ത്യാഗപൂർണമായ സേവനം’ എന്ന ഒറ്റ ഫ്രെയിമിൽ നിന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അധ്യാപനം മഹത്തായ തൊഴിലാണ്. എന്നാൽ അതുകൊണ്ട് അത് ഒരു തൊഴിൽമേഖലയല്ലാതാകുന്നില്ല. മറ്റേതൊരു തൊഴിൽമേഖലയിലുമുള്ളതുപോലെ അധ്യാപകർക്കും: ന്യായമായ വേതനം, നിശ്ചിത ജോലി സമയം,തൊഴിൽസുരക്ഷ, അവകാശങ്ങൾ, അവധി, സാമൂഹിക സുരക്ഷ, മാന്യമായ തൊഴിൽപരിസ്ഥിതി എന്നിവ ഉറപ്പാക്കണം.

അധ്യാപകർ ദൈവമല്ല.

അധ്യാപകർ ഒരു യന്ത്രവുമല്ല.

അധ്യാപകർ അധ്വാനിക്കുന്ന മനുഷ്യരാണ്.

ആ മനുഷ്യരുടെ അധ്വാനത്തിന് നീതി നൽകുന്നിടത്തുകൂടിയാണ് യഥാർത്ഥ വിദ്യാഭ്യാസ പരിഷ്കരണം ആരംഭിക്കുന്നത്.


Summary: Teachers deserve fair pay, fixed working hours, job security, rights, leave, social security, and a respectful work environment. Smrithi murali writes on teachers day.


സ്മൃതി മുരളി

അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വല്ലത്ത് ടെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി. കൗവാഇ ഓ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments