ജെ.എന്‍.യുവിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍

ജെ.എൻ.യുവിൽ ഓണാഘോഷം വിലക്കി, ‘കേരള വിരുദ്ധ’ അടിച്ചമർത്തൽ ചെറുത്ത് മലയാളി വിദ്യാർഥികൾ

കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് സര്‍വകലാശാല അധികൃതര്‍ വിലക്ക് കല്‍പ്പിച്ചു. ഓണം മതപരമായ ആഘോഷമാണെന്നായിരുന്നു കാരണമായി പറഞ്ഞത്. വിലക്ക് ലംഘിച്ച് നവംബര്‍ ഒമ്പതിന് കാമ്പസിലെ സബര്‍മതി ഗ്രൗണ്ടില്‍ വിദ്യാര്‍ഥികൾ നടത്തിയ ഓണാഘോഷം ചെറുത്തുനില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും മാതൃകയായിരുന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കി, അവയെ ഭരണകൂടത്തിന്റെ പരാമധികാരത്തിലേക്ക് കീഴ്‌പ്പെടുത്താനുള്ള ശ്രമം വ്യാപകമായി അരങ്ങേറുകയാണ്. ഭരണകൂടത്തിന് വിധേയപ്പെടുന്നവരെ ​തലവന്മാരാക്കിയും കാമ്പസിലെ സംവാദാന്തരീക്ഷം വിലക്കിയുമാണ് ഇത് അര​ങ്ങേറുന്നത്. സമീപകാലത്ത്, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അധികാര പദവികളിലെ നിയമനം ഈ വസ്തുത അടിവരയിടുന്നു. കലുഷിതമായ ഈ ആധിപത്യസമീപനങ്ങൾക്കെതിരെ പല കാമ്പസുകളിലും വിദ്യാര്‍ഥികള്‍ സമരങ്ങളിലാണ്. ഇഫ്‌ളുവിലേതടക്കമുള്ള വിദ്യാര്‍ഥി സമരങ്ങള്‍ ഉദാഹരണം.

കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് സര്‍വകലാശാല അധികൃതര്‍ വിലക്ക് കല്‍പ്പിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്. ഓണം മതപരമായ ആഘോഷമാണെന്നായിരുന്നു ഇതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, വിലക്ക് കൂസാതെ വിദ്യാര്‍ഥികള്‍ ഓണപരിപാടികള്‍ നടത്തി. ഓണാഘോഷങ്ങളുടെ വേദിയാകേണ്ട കണ്‍വെന്‍ഷന്‍ സെന്റിലേക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള അധികൃതരുടെ തിട്ടൂരത്തിനെതിരെ പുരോഗമന വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥി യൂണിയനുമെല്ലാം രംഗത്ത് വരികയും കൂട്ടായ്മയിലൂടെ ആഘോഷം നടത്തുകയും ചെയ്തു. നവംബര്‍ ഒമ്പതിന് ജെ.എന്‍.യു ക്യാമ്പസിലെ സബര്‍മതി ഗ്രൗണ്ടില്‍ വിദ്യാര്‍ഥികൾ നടത്തിയ ഓണാഘോഷം ചെറുത്തുനില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും മാതൃകയായിരുന്നു.

പൊതുവെ ജെ.എന്‍.യുവിലെ ഓണാഘോഷ പരിപാടികൾ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് നടത്താറ്. ഓണം വരുന്ന ആഗസ്റ്റിലാണ് ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ അഡ്മിഷന്‍ എന്നതിനാലാണ് ആഘോഷം പിന്നീടാക്കിയത്. കാമ്പസിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് പരസ്പരം പരിചയപ്പെടാനുള്ള വേദി കൂടിയാണ് ഓണപരിപാടികൾ. കാമ്പസിലെ മലയാളി വിദ്യാര്‍ഥികളുടെ ജനറല്‍ ബോഡിയോഗം ചേര്‍ന്നാണ് എല്ലാം വര്‍ഷവും ഓണം കമ്മിറ്റിയും കമ്മിറ്റി കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 9 വരെ ഒരാഴ്ച നീളുന്ന ഓണാഘോഷ പരിപാടികളാണ് ഇത്തവണത്തെ ഓണാഘോഷ കമ്മിറ്റി ആസൂത്രണം ചെയ്തിരുന്നത്.

പ്രത്യേക തീം അടിസ്ഥാനമാക്കിയാണ് എല്ലാ തവണയും ഓണാഘോഷം. 2019-ല്‍ കേരളത്തിലുണ്ടായ നിപയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ 'അതിജീവനത്തിന്റെ ഓണം' എന്ന തീമിലായിരുന്നു പരിപാടി. 2022- ല്‍ ‘ഉയര്‍ത്തെഴുന്നല്‍പ്പിന്റെ ഓണ’മെന്ന തീമില്‍ കര്‍ഷക സമരത്തെയും കൊറോണക്കെതിരായ ചെറുത്തുനില്‍പ്പിനെയും ആധാരമാക്കിയുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. 2023- ലെ ഓണത്തിന്റെ തീം 'ഐക്യദാര്‍ഢ്യത്തിന്റെ ഓണം’ എന്നായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങൾ, പലസ്തീൻ ജനതക്കെതിരായ ആക്രമണം, മണിപ്പുരിലെ വംശഹത്യ എന്നിവക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്തവണത്തെ തീം ആവിഷ്‌കരിച്ചിരുന്നത്. ഈ തീമിനെ അടിസ്ഥാനമാക്കി പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍പലസ്തീന്‍ പതാകയുടെ നിറത്തിലുളള മുണ്ട് ധരിച്ച മഹാബലിയെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി, ഓണത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നതെന്നാരോപിച്ച് കാമ്പസിലെ വലതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നു.

ജെ.എന്‍.യുവിലെ ഓണാഘോഷത്തിന്‍റെ പോസ്റ്റര്‍
ജെ.എന്‍.യുവിലെ ഓണാഘോഷത്തിന്‍റെ പോസ്റ്റര്‍

ഓണാഘോഷത്തിലൂടെ ഹമാസിനെ പിന്തുണക്കാന്‍ ശ്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എ.ബി.വി.പി അധികൃതര്‍ക്ക് പരാതി നല്‍കി. ഇതേതുടർന്ന്, കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കേണ്ടിയിരുന്ന ഓണാഘോഷ സമാപന സമ്മേളനത്തിനുള്ള അനുമതി സര്‍വകലാശാല അധികൃര്‍ റദ്ദാക്കി. 2017 മുതല്‍ ജെ.എന്‍.യുവിലെ ഓണാഘോഷം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്. ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ 21,000 രൂപ നല്‍കി സെന്റർ പരിപാടിക്ക് ബുക്ക് ചെയ്തശേഷമാണ് അനുമതി റദ്ദാക്കിയത്. ഓണം മതപരമായ ആഘോഷമാണെന്നതാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ ഇതേ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിലും ഫണ്ടിങ്ങിലൂടെയും നേരത്തെ കാമ്പസില്‍ മതപരമായ നിരവധി ആഘോഷങ്ങൾ നടന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍ അടക്കം മുഖ്യാതിഥിയായി പങ്കെടുത്ത ആഘോഷങ്ങളുണ്ടായിട്ടുണ്ടെന്നും ഓണത്തെ വിലക്കുന്നതിനുപിന്നില്‍ കേരള വിരുദ്ധ വികാരമാണ് പ്രകടമാകുന്നതെന്നാണ് ജെ.എന്‍.യു ഓണം കമ്മിറ്റി അംഗമായ അഞ്ജന ഹേമന്ത് കുമാര്‍പറയുന്നത്:

അഞ്ജന ഹേമന്ത് കുമാര്‍
അഞ്ജന ഹേമന്ത് കുമാര്‍

''ഓണമെന്നത് എല്ലാ മതസ്ഥരും ഒരു പോലെ ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ്. തൊഴിലാളി വര്‍ഗത്തിന്റെ ആഘോഷം കൂടിയാണിത്. എന്നാല്‍ സംഘപരിവാറിനെ സംബന്ധിച്ച് അത് ബ്രാഹ്‌മണ സന്ന്യാസിയായ വാമനന്‍, മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതിന്റെ ആഘോഷമാണ്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ ഓണം പോലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും വര്‍ധിക്കുകയാണ്. ജെ.എന്‍.യുവിന്റെ ഓണാഘോഷം എല്ലായ്‌പ്പോഴും ദലിത് ചക്രവര്‍ത്തിയായ മഹാബലിയുടെ തിരിച്ചുവരവിനെയാണ് ആഘോഷിക്കുന്നത്.”

ജെ.എന്‍യുവില്‍ ആദ്യമായാണ് വിദ്യാര്‍ഥികളാല്‍ നടത്തപ്പെടുന്ന ഒരു പരിപാടി, അടിസ്ഥാനരഹിതമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി റദ്ദാക്കപ്പെടുന്നതെന്നാണ് ജെ.എന്‍.യു വിദ്യാര്‍ഥിയായ അഞ്ജന പറയുന്നത്.

ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വ സങ്കല്‍പ്പത്തില്‍ നിന്ന് വിപരീതമായ പരിപാടികളാണ് ഓണം കമ്മിറ്റി നടത്താനിരുന്നത്. സംഘ്പരിവാർ മുന്നാട്ടുവെക്കുന്ന വാമനജയന്തിയെ റദ്ദുചെയ്തു കൊണ്ടുള്ള ആഘോഷം നടത്താനുള്ള തീരുമാനമാണ് വിലക്കിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

രാജ്യത്തെ എല്ലാ കാമ്പസുകളിലെയും വിദ്യാര്‍ഥി സംഘടനാശേഷിയെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ക്കാണ് ഭരണകൂടം നേതൃത്വം നല്‍കുന്നതെന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റും ജെ.എന്‍.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ നിതീഷ് നാരായണന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്:

നിതീഷ് നാരായണന്‍
നിതീഷ് നാരായണന്‍

'' ഇന്ത്യയിലുടനീളം നടക്കുന്ന സംഘപരിവാർ പ്രൊജക്ടിന്റെ ഭാഗമായുള്ള നടപടിയാണിത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ മുഴുവന്‍ അട്ടിമറിച്ച്, സാംസ്‌കാരിക വ്യത്യസ്തതകളെ ഇല്ലാതാക്കി, ഏകശിലാത്മക ഹിന്ദുത്വ- ബ്രാഹ്‌മണിസ സംസ്‌കാരവും പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കാനുള്ള പ്രൊജക്റ്റാണ് രാജ്യത്ത് നടക്കുന്നത്. ഇതിന് ഭരണകൂട പിന്തുണയും ലഭിക്കുന്നു. ഇത്തരം സ്റ്റേറ്റ് പ്രൊജക്ടുകളിൽ ഒന്നായിട്ടാണ് ജെ.എന്‍.യുവിലെ ഓണാഘോഷങ്ങളെ വിലക്കിയ നടപടിയെയും കാണേണ്ടത്.”

ഹിന്ദുത്വ ആശയധാരകള്‍ പിന്തുടരുന്നവരാണ് ഇന്ന് ജെ.എന്‍യുവിലെ അഡ്മിനിസ്‌ട്രേഷനില്‍ അധികവുമുള്ളത്. വൈസ് ചാന്‍സലറും ഡീനും സ്റ്റാഫും അധ്യാപകരുമെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്നും നീതിഷ് നാരായണന്‍ ട്രൂകോപ്പിയോടു പറഞ്ഞു.

അതേസമയം, കാമ്പസ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഓണാഘോഷം വൈകി നടത്തുന്നതെന്നാണ് ആര്‍.എസ്.എസ് മാഗസിനായ ഓര്‍ഗനൈസെർ വിശദീകരിക്കുന്നത്. എസ്.എഫ്.ഐ, ഡി.എസ്.യു, എ.ഐ.എസ്.എ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഓണത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ രഹസ്യമായി ഈ യോഗം സംഘടിപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട ഫുഡ് ഫെസ്റ്റിവലിന് അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയില്ല എന്നാണ് ജെ.എന്‍.യു സര്‍വകലാശാല ഔദ്യോഗിക അക്കൗണ്ടില്‍ വ്യക്തമാക്കുന്നത്. ജെ.എന്‍.യു വെസ്ചാന്‍സലർ മതേതരവാദിയാണെന്നും വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഇവരുടെ വാദം.

എന്നാല്‍, ഫുഡ് ഫെസ്റ്റിവലിന് അനുമതി വാങ്ങിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട ബുക്കിങ്ങിനും ഫണ്ടുകള്‍ക്കുമായി എല്ലാം അപേക്ഷകളും തങ്ങള്‍ അഡ്മിനിസ്‌ട്രേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തെളിവായി ഈ രേഖകളുടെയെല്ലാം പകര്‍പ്പുകള്‍ കൈവശമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എല്ലാം വര്‍ഷവും ഓണാഘോഷത്തിന്റെ സമാപന ദിവസം ഫുഡ് ഫെസ്റ്റിവല്‍ ഉണ്ടാകാറുള്ളതാണെന്ന് അഞ്ജന പറഞ്ഞു. പരിപാടി നടത്താൻ വിദ്യാര്‍ഥികള്‍ നല്‍കിയ പണം അഡ്മിനിസ്‌ട്രേഷനില്‍ തന്നെയാണുള്ളത്. അവര്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടില്ല. ഓണാഘോഷ പരിപാടികള്‍ക്കായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പണവും വേദിയുമടക്കമുള്ള ഘടകങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍അധികൃതര്‍ നടത്തിയിട്ടും അതില്‍ തളരാതെയാണ് സബര്‍മതി ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷം നടത്തിയത്. നൂറുകണക്കിന് മലയാളികളും മലയാളി ഇതര വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കുകയും അഡ്മിനിട്രേഷനോടുള്ള ചെറുത്തുനില്‍പ്പായി തന്നെ ആഘോഷിക്കുകയും ചെയ്തു.

രാജ്യത്തിന്റെ ബൗദ്ധിക പുരോഗതിയിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം നിര്‍ണായക ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. വിദ്യാര്‍ഥികളാല്‍ എഴുതപ്പെട്ട ഭരണഘടനയുള്ള, വിദ്യാര്‍ഥികളാല്‍ നയിക്കപ്പടുന്ന ഒരു കാമ്പസ് അന്തരീക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷനിലും വൈസ്ചാന്‍സലർ പദവിയിലുമെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവർ നിയമിതരാകുന്നത് ഈ ഉദ്ദേശ്യത്തിലാണ്. നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുന്ന ഈ കാമ്പസില്‍ കേരളത്തിനെയുള്ള വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വര്‍ഗീയ ഉള്ളടക്കങ്ങളോടെ വസ്തുതാരഹിതമായ കഥാപരിസരത്തിലൊരുക്കിയ കേരള സ്റ്റോറി പോലുള്ള സിനിമകള്‍ ജെ.എന്‍.യുവില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ നീക്കങ്ങളെയെല്ലാം സ്വാഭാവിക നടപടികളായി കണ്ട് തള്ളിക്കളയാനാകില്ല. എന്നാല്‍ അധികൃതര്‍ക്ക് വഴങ്ങാതെ ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍തുടര്‍ന്നുകൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പ് പ്രതീക്ഷ നല്‍കുന്നതാണ്. വിദ്യാര്‍ഥികളുടെ ഒത്തുചേരലുകളെ രാഷ്ട്രീയ കാരണങ്ങള്‍ നിരത്തി ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.

Comments