ഓൺലൈൻ വിദ്യാഭ്യാസംഒരു പഴങ്കഥയുടെ ഓർമ

ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് പറഞ്ഞു തുടങ്ങി ഫോക്കസ് ഏരിയയിൽ അവസാനിച്ചിരിക്കുകയാണ് ഓൺലൈൻ വിദ്യാഭ്യാസ ചർച്ചകൾ. വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ ജീവിതത്തെ അതെങ്ങനെ സ്വാധീനിച്ചു, പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നൊന്നും വേണ്ടതുപോലെ അന്വേഷിക്കപ്പെട്ടില്ല

വീണ്ടുമൊരു ജൂൺ.
കൊറോണയുടെ മൂന്നാമതൊരു തരംഗമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയിൽ, ഇക്കുറിയെങ്കിലും നേരംവണ്ണമുള്ള അധ്യയനവർഷം ആരംഭിക്കാൻ പോകുന്നുവെന്നതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും. സ്‌കൂൾ തുറക്കുന്നതിന്​ തയ്യാറെടുപ്പ്​ പൂർത്തിയായിക്കഴിഞ്ഞതായി സ്‌കൂൾ അധികൃതരും വിദ്യാഭ്യാസവകുപ്പുമെല്ലാം അറിയിക്കുകയും ചെയ്യുന്നുണ്ട്. പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് മിക്ക അധ്യാപകരും.

കഴിഞ്ഞ അധ്യയനവർഷത്തിന്റെ ഒടുവിൽ കുറച്ചു കാലത്തേയ്ക്ക് വിദ്യാലയങ്ങൾ തുറക്കാൻ കഴിഞ്ഞെങ്കിലും പരീക്ഷയ്ക്കുമുമ്പുള്ള തിടുക്കത്തോടെ എന്തൊക്കെയോ വാരിവലിച്ച് ചെയ്തുകൂട്ടി എന്നല്ലാതെ, സാവകാശത്തോടെ പഠിക്കാനോ പഠിപ്പിക്കാനോ പറ്റാത്ത അവസ്ഥയിലാണ് അത്​ അവസാനിച്ചത്. മധ്യവേനലവധിക്കാലത്ത് അധ്യാപകർ സ്‌കൂളിലും കോളേജിലും വരേണ്ടതില്ലാത്ത സാഹചര്യത്തിൽ വീട്ടിൽതന്നെയിരുന്ന് ഓൺലൈൻ ക്ലാസ്​ സംഘടിപ്പിച്ചാൽ മതിയെന്നായിരുന്നു സർക്കാരും സർവകലാശാലയും ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, പതിവിനു വിരുദ്ധമായി പ്ലസ് ടു മുതൽ യൂണിവേഴ്‌സിറ്റി തലം വരെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ വേനലവധിക്കാലത്തും പ്രവർത്തിക്കുകയും അധ്യാപകർ ഓഫ്​ലൈൻ ക്ലാസുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയനവർഷത്തിൽ പഠിച്ചുതീരാത്ത പാഠങ്ങൾ കുറെയൊക്കെ തീർക്കാനും അതിലൂടെ സാധിച്ചു. അവധിക്കാലത്ത് പ്ലസ് ടുകാർക്കും ചില ബാച്ചുകളിൽ കോളേജ് വിദ്യാർത്ഥികൾക്കും പരീക്ഷകളായിരുന്നു. പല സ്‌കൂളുകളിലും ഈ സമയത്ത് പരീക്ഷാക്യാമ്പുകളും നടന്നു.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞുനടന്നവരൊന്നും മധ്യവേനലവധിക്കാലത്ത് രണ്ടുമാസത്തേക്കെങ്കിലും ഓൺലൈനിൽ പഠിപ്പിച്ചാൽ മതിയെന്ന് പറയുന്നത് കേട്ടില്ല. ഈ സമയത്ത് ചില അധ്യാപകർ ഓൺലൈൻ ക്ലാസുകളെടുത്തിരുന്നുവെങ്കിലും അവർക്കാർക്കും പഴയ ആവേശമോ ഉത്സാഹമോ ഇല്ലായിരുന്നുവെന്നുമാത്രം. ഗൂഗിൾ മീറ്റും സൂമുമൊക്കെ എത്രപെട്ടന്നാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇപ്പോൾ വല്ലപ്പോഴും നടക്കാറുള്ള വെബിനാറുകളിൽ പോലും വിദ്യാർത്ഥികൾക്ക് താല്പര്യം നഷ്ടപ്പെട്ടുപോയി. വിദേശത്തും വിദൂരസ്ഥലങ്ങളിലുമുള്ള വിഷയവിദഗ്ധരെ സംഘടിപ്പിച്ച് വളരെ നന്നായി നടന്നിരുന്ന വെബിനാറുകളുടെ എണ്ണം തീരെ കുറഞ്ഞുപോയി.

യഥാർത്ഥത്തിൽ എന്താണ് നമ്മുടെ ഓൺലൈൻ/ഡിജിറ്റൽ ക്ലാസുകൾക്ക് സംഭവിച്ചത്? സാങ്കേതികസൗകര്യങ്ങൾ വർദ്ധിച്ചിട്ടും ഒട്ടേറെ ഗുണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികളും അധ്യാപകരും ഉപേക്ഷിക്കുന്നത്? സിൽവർ ലൈനിന്റെ പാരിസ്ഥിതികാഘാതപഠനം നടത്തണമെന്ന് പറയുന്നതുപോലെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാമൂഹികാഘാതപഠനം കൂടി നാം നടത്തേണ്ടതുണ്ടെന്നു തോന്നുന്നു.

ഒരു ഡിഗ്രി കോളേജിൽ പത്തിരുപത്തെട്ടുവർഷമായി പഠിപ്പിക്കുന്ന അധ്യാപകനാണ് ഇതെഴുതുന്നത്. കൊറോണ വന്ന് പഠനം വഴിമുട്ടിയപ്പോൾ ഒരു മടിയും കൂടാതെയാണ് ഓൺലൈനിലേക്ക് മാറി ക്ലാസുകളെടുത്തത്. ആദ്യം സൂമിലും പിന്നീട് ഗൂഗിൾ മീറ്റിലും ക്ലാസുകളെടുത്തു. എൽ. എം. എസ് പോലെയുള്ള ലേർണിങ് മാനേജ്മൻറ്​ സിസ്റ്റത്തിൽ ക്ലാസുകളും അനുബന്ധമായി നോട്ടുകളും വിഡിയോകളും ചേർത്തു. ഓൺലൈനിൽ പരീക്ഷകൾ സംഘടിപ്പിച്ചു. ഗൂഗിൾ ഫോം ഉപയോഗിച്ച് പലതരം പ്രശ്‌നോത്തരികളും ചോദ്യങ്ങളും ഉണ്ടാക്കുകയും അവ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് പലർക്കും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഓഡിയോ ആയും വിഡിയോ ആയും നിരവധി ക്ലാസുകളുണ്ടാക്കി വാട്‌സാപ്പിലൂടെ ക്ലാസ് ഗ്രൂപ്പുകളിലിട്ടു. നന്നായി ചെയ്ത വിഡീയോകളിൽ ചിലത് യൂട്യൂബ് ചാനലുണ്ടാക്കി അതിലിട്ടു. ദേശീയതലത്തിലുള്ള നിരവധി വെബിനാറുകൾ സംഘടിപ്പിക്കുകയും മറ്റു സ്ഥാപനങ്ങളും സംഘടനകളും നടത്തിയിട്ടുള്ള നിരവധി വെബിനാറുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊറോണക്കാലം എന്നത് ഓൺലൈൻ മീറ്റിങ്ങുകളുടെ മഹാപ്രളയത്തിന്റെ കാലം കൂടിയായിരുന്നു. ഓൺലൈൻ അധ്യാപനകാലം ഒട്ടും വെറുത്തിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ സൗകര്യങ്ങൾ ശരിക്ക് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം:

അറിവുകളും പരീക്ഷാവിജയങ്ങളുമൊക്കെ വേണമെന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വളരെ കുറവാണെന്നും അത്തരം വിദ്യാർത്ഥികൾ സ്വന്തമായി അവരുടെ വഴി തേടിക്കൊള്ളുമെന്നും ഇതുവരെയുള്ള അധ്യാപനജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

എഴുപത്തിയഞ്ചിൽ താഴെ മാത്രം കുട്ടികളുള്ള എന്റെ ഒരു ക്ലാസിലെ കുട്ടികൾക്ക് പഠിക്കാൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മോതിരം' എന്ന കഥയെക്കുറിച്ച് 50 മിനുട്ടുള്ള ഒരു ക്ലാസ് തയ്യാറാക്കിയിരുന്നു. വെറുതെയൊന്ന് യൂറ്റൂബിലിട്ടപ്പോൾ 7500ലധികം പേർ അത് കാണുകയുണ്ടായി. യൂട്യൂബിൽ ഒരു സാധാരണ സിനിമാപാട്ടിന് മില്യൻ കണക്കിന് വ്യൂവേഴ്സുണ്ടാകുന്നിടത്ത് 7500 എന്നത് ഒരു ചെറിയ സംഖ്യയാണെന്നറിയാം. അധ്യാപകനെന്ന നിലയിൽ ഇതുവരെ പഠിപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം ഇത്രവരില്ല എന്നോർക്കുമ്പോഴാണ് ഇത് വലിയ സംഖ്യയായി തോന്നുന്നത്. അതിന്റെ റീച്ചു കണ്ട് സമാനമായി യൂട്യൂബ് ചാനലിൽ നിരവധി ക്ലാസുകൾ അപ്​ലോഡ്​ ചെയ്തിരുന്നു. പലതിനും പ്രതീക്ഷിച്ചതിലേറെ കാഴ്ചക്കാരുമുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയായിട്ടും അവസാനം ഓൺലൈൻ ക്ലാസുകൾ വല്ലാതെയങ്ങ് വെറുത്തുപോയി. അപ്പുറത്ത് ആരോ കേൾക്കുന്നുണ്ടാവുമെന്ന് വിചാരിച്ച്, കണ്ണടച്ച് മാവിൽ കല്ലെറിയുന്നതുപോലെ ക്ലാസെടുക്കുന്നത് സുഖമുള്ള ഒരു ഏർപ്പാടല്ല. കുട്ടികളുടെ പ്രതികരണങ്ങൾ തീരെ കുറഞ്ഞു പോവുകയും ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് സംസാരിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഡാറ്റ തീരുമെന്നു പറഞ്ഞ് വീഡിയോ ഒന്ന് ഓണാക്കാൻ പല കുട്ടികളും മടികാണിച്ചിരുന്നു. വാട്‌സാപ്പിൽ കൊടുത്തിരുന്ന പല ഓഡിയോ/ വീഡിയോ ഫയലുകളും കുട്ടികൾ തുറക്കാറേയില്ലെന്ന സത്യം വളരെ വൈകിയാണ് അറിഞ്ഞത്. മൊബൈൽ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമും യൂട്യൂബിലെ തമാശ/ സിനിമാപരിപാടികളും വീഡിയോ ഗെയിമുകളുമൊക്കെയാണ് വിദ്യാർത്ഥികൾക്ക് താല്പര്യമെന്നറിഞ്ഞപ്പോൾ വല്ലാതെ നിരാശ തോന്നിയിട്ടുണ്ട്. ഓൺലൈൻ ക്ലാസിന് ആവശ്യമുള്ളവർ വന്നാൽ മതിയെന്നായതോടെ ക്ലാസിൽ കയറുന്നവരുടെ എണ്ണവും ശോഷിച്ചു.

നിലവിലെ വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും അടച്ചാക്ഷേപിക്കാൻ ആർക്കും എളുപ്പം കഴിയും. അത്രമേൽ പുഴുക്കുത്തുകൾ അതിലുണ്ട്. അതുവച്ച് അധ്യാപകരെന്ന ‘ക്ഷുദ്രജീവി'കളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കികളയണമെന്നു വരെ ചിലർ വാദിച്ചുകളഞ്ഞു.

വിദ്യാർത്ഥികളുടെ താല്പര്യങ്ങളും മുൻഗണനകളും അവരുടെ ലോകവീക്ഷണവും തന്നെ മാറിപ്പോയതായാണ് അവസാന കാലങ്ങളിൽ മനസിലാക്കാൻ കഴിഞ്ഞത്. ദിവസം 14 മുതൽ 17 മണിക്കൂർ വരെ സ്‌ക്രീനിനുമുന്നിൽ ചെലവഴിക്കുന്ന വിദ്യാർത്ഥികൾ പലരും സമയം തീരെ കുറവാണെന്നാണ് പറയുന്നത് കേട്ടിട്ടുണ്ട്. വിദ്യാഭ്യാസം പലപ്പോഴും ആവശ്യമുള്ളതുകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. ചില നിർബന്ധങ്ങളും നിയന്ത്രണങ്ങളും വച്ചിരിക്കുന്നതുകൊണ്ടും മുൻഗണന കൊടുക്കുന്നതു കൊണ്ടും സംഭവിക്കുന്നതാണത്. ‘ഐഡിയൽ സ്റ്റുഡന്റു'കൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഇടമൊന്നുമല്ല നമ്മുടെ സ്‌കൂളുകളും കലാലയങ്ങളും. അറിവുകളും പരീക്ഷാവിജയങ്ങളുമൊക്കെ വേണമെന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വളരെ കുറവാണെന്നും അത്തരം വിദ്യാർത്ഥികൾ സ്വന്തമായി അവരുടെ വഴി തേടിക്കൊള്ളുമെന്നും ഇതുവരെയുള്ള അധ്യാപനജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

കൊറോണ വന്ന് സകലതും അടച്ചിട്ടതിയോടെ വഴിമുട്ടിയ നമ്മുടെ സ്‌കൂൾ- കോളേജ്- യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പഠനം ഒരു പരിധിവരെ നിലനിർത്താനായത് ഓൺലൈൻ/ ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതിൽ തർക്കമൊന്നുമില്ല. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ ഇത്തരം മാർഗങ്ങൾ മനുഷ്യർ എന്നും അവലംബിക്കാറുമുണ്ട്. അത് ഉചിതമാണ്, ന്യായവുമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ. എന്നാൽ, രാജാവിനെക്കാൾ വലിയ രാജഭക്തി പ്രകടിപ്പിച്ച്​, ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തിലെ വലിയ വിപ്ലവമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ സാധിക്കാൻ പോകുന്നതെന്നും കൊട്ടിഘോഷിച്ച് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഗുണഗണങ്ങളെ വാനോളം പുകഴ്ത്തി നിലവിലെ വിദ്യാഭ്യാസസമ്പ്രദായത്തെ അടച്ചാക്ഷേപിക്കുന്നതിൽ ചിലരെങ്കിലും സംതൃപ്തി നേടുന്നുണ്ട്​.

ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസം പരാജയമായിരുന്നു എന്നതിനേക്കാൾ അത് വലിയൊരു പ്രഹസനമായിരുന്നുവെന്ന് ഭൂരിപക്ഷം പേരും ഇപ്പോൾ സമ്മതിക്കും.

നിലവിലെ വിദ്യാഭ്യാസത്തിന് നൂറിൽ നൂറുമാർക്കും കൊടുക്കാമെന്നോ അതാണ് വിദ്യാഭ്യാസത്തിലെ അവസാനവാക്കെന്നോ ആരും പറയില്ല. നവീകരണങ്ങളും തിരുത്തലുകളും ഏറെ ആവശ്യമുള്ള അധ്യാപനരീതിയും പഠനരീതിയുമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്നത്. പ്രായോഗികമായി നടപ്പാക്കുമ്പോൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വലിയ ആദർശങ്ങളിൽ ചിലതൊക്കെ നഷ്ടപ്പെട്ടുപോയി എന്നുവരാം. മാനുഷികമായ കാര്യങ്ങൾ പലതിലും സംഭവിക്കുന്നതുപോലെ നിലവിലെ വിദ്യാഭ്യാസസമ്പ്രദായത്തിലും നിരവധി പ്രശ്‌നങ്ങളും കുഴപ്പങ്ങളും കിടപ്പുണ്ട്. ഏറ്റവും മോശമായ നിലമുതൽ ഏറ്റവും നല്ല നിലവരെയുള്ള ഒരു സ്‌കെയിലിനെക്കുറിച്ചു മാത്രമേ നാം ആലോചിക്കേണ്ടതുള്ളൂ. അതിൽ എവിടെവിടെ അടയാളപ്പെടുത്തപ്പെടണമെന്ന് ആ വിദ്യാഭ്യാസപ്രക്രിയയിൽ പങ്കെടുക്കുന്നവർ തീരുമാനിക്കേണ്ട കാര്യമാണ്. നിലവിലെ വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും അടച്ചാക്ഷേപിക്കാൻ ആർക്കും എളുപ്പം കഴിയും. അത്രമേൽ പുഴുക്കുത്തുകൾ അതിലുണ്ട്. അതുവച്ച് അധ്യാപകരെന്ന ‘ക്ഷുദ്രജീവി'കളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കികളയണമെന്നു വരെ ചിലർ വാദിച്ചുകളഞ്ഞു. അധ്യാപകരെ വടിയെടുത്ത് അടിച്ചോടിക്കണമെന്നതായിരുന്നു ഒരു സാംസ്‌കാരികവ്യാഘ്രത്തിന്റെ ഗർജനം. ഡിജിറ്റൽ വിദ്യാഭ്യാസം വരുന്നതോടെ അധ്യാപകരുടെ അഹങ്കാരമെല്ലാം അവസാനിക്കുമെന്നും അവരുടെ ജോലിതന്നെ ഇല്ലാതായിക്കൊള്ളുമെന്നുമൊക്കെ പലരും മനഃപ്പായസമുണ്ടിരുന്നു. നാട്ടുകാരുടെ നികുതിപ്പണം വസൂലാക്കുന്ന ‘അധ്യാപഹയ'ന്മാരെ കെട്ടുകെട്ടിക്കാനുള്ള അമിതാവേശത്തിലായിരുന്നു പലരും. അധ്യാപക നിയമനങ്ങൾ നടത്താതിരിക്കാമെന്നു കരുതിയ സർക്കാർ സംവിധാനങ്ങൾക്കും അങ്ങനെ ചില കോർപറേറ്റ് മോഹങ്ങളുണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു. വിക്ടേഴ്സ് ചാനലുണ്ടെങ്കിൽ സംസ്ഥാനതലത്തിൽ ഒന്നാം ക്ലാസിലേക്ക് രണ്ടോ മൂന്നോ അധ്യാപകർ മതിയെന്ന് വിചാരിച്ചുവച്ചവരും നിരവധിയാണ്. തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥപറയുന്ന ഒരൊറ്റ സായി ശ്രേയ ടീച്ചർ മതിയല്ലോ ഇനിമുതലെന്നു വിചാരിച്ച ശുദ്ധാത്മാക്കളും ഉണ്ടായിരുന്നു. എന്തായാലും അധ്യാപകരെ നിർമൂലനം ചെയ്തുകളയാമെന്നു മെന്നുകരുതിയവരെ നിരാശപ്പെടുത്തി കൊറോണ വഴിമാറി നിൽക്കുന്നു.

Photo: DHE, Kerala
Photo: DHE, Kerala

ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസം പരാജയമായിരുന്നു എന്നതിനേക്കാൾ അത് വലിയൊരു പ്രഹസനമായിരുന്നുവെന്ന് ഭൂരിപക്ഷം പേരും ഇപ്പോൾ സമ്മതിക്കും. ഓൺലൈൻ ക്ലാസുകളോട് തുടക്കകാലത്തുണ്ടായിരുന്ന അമിതാവേശമൊക്കെ പെട്ടെന്ന് കെട്ടടങ്ങി. ഒടുവിലൊടുവിൽ കൊള്ളാവുന്നൊരു മണ്ടത്തരമായി ഈ ഏർപ്പാട് മാറുകയും ചെയ്തു. മൊബൈലിലൂടെ കൊട്ടിഘോഷിച്ച ഓൺലൈൻ പഠനം വിദ്യാഭ്യാസത്തോട് കുട്ടികളിലുണ്ടാക്കിയ നിഷേധാത്മകതയ്ക്കും വിരക്തിക്കും ആര് ഉത്തരവാദിത്വം പറയുമെന്നാണ് ഇനി അറിയേണ്ടത്. ഓൺലൈൻ/ ഡിജിറ്റൽ വിദ്യാഭ്യാസം വരുത്തിവെച്ച വിന അതിൽ തന്നെ നിൽക്കുന്നതല്ല. സ്‌കൂളിൽ നിന്നും അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും വിദ്യാർഥികളെ അന്യരാക്കി മാറ്റിയ ഡിജിറ്റൽ ക്ലാസ് മുറികൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള എല്ലാ ആദർശങ്ങളുടെയും ശവപ്പറമ്പായി തീരുകയായിരുന്നു എന്നതാണ് അനുഭവം. പഠനത്തോട് ഒരുതരം നിരുന്മേഷം സംഭവിച്ചതും സാമൂഹികജീവിതവും സഹവർത്തിത്വഭാവങ്ങളും നഷ്ടപ്പെട്ടു പോയതുമാണ് അതിലെ ഏറ്റവും വലിയ ആന്തരികപ്രശ്‌നം.

ഇന്നിപ്പോൾ ഗാഡ്ജറ്റുകൾ തിരിച്ചു വാങ്ങുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളും. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസത്തിനുപുറത്തേക്ക് വരികയാണെങ്കിൽ, കൊറോണക്കാലത്തിനുശേഷവും വിദ്യാർഥികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗമോ ദുരുപയോഗമോ നിയന്ത്രിക്കാൻ പറ്റാതായിത്തീർന്നു എന്നതാണ് അനുഭവം. ഭസ്മാസുരന് ലഭിച്ച വരം പോലെ സ്വന്തം നാശത്തിനുതന്നെ ഈ ഡിജിറ്റൽ ഉപകരണങ്ങൾ കാരണമായി. വിദ്യാർത്ഥികൾക്ക് വിനാശകരമായ മൊബൈൽ ഫോണുകൾ തിരിച്ചുവാങ്ങാനാകാത്ത അവസ്ഥയിലാണ് നാമിപ്പോൾ. അവസാനത്തെ കുട്ടിക്കുകൂടി മൊബൈൽ/ ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തപ്പോൾ നാമനുഭവിച്ച ചാരിതാർഥ്യമെല്ലാം ഇന്നൊരു പഴങ്കഥയായി. ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ നിന്ന് ഒരു കുട്ടി പോലും ഒഴിവായി പോകരുതെന്ന് നമ്മളെത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ദേവിക ഇവിടെയുണ്ടാകരുതെന്ന് സത്യമായും നമ്മളാഗ്രഹിച്ചു. ഇന്നിപ്പോൾ ഗാഡ്ജറ്റുകൾ തിരിച്ചു വാങ്ങുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളും. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ വിദ്യാഭ്യാസം കൊടുമ്പിരിക്കൊണ്ട കാലത്ത് പറഞ്ഞുകേട്ടത് കൊറോണ കഴിഞ്ഞാലും ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം ഓഫ്​ലൈൻ വിദ്യാഭ്യാസവും ചേർന്ന ബ്ലെൻഡഡ് / ഹൈബ്രിഡ് വിദ്യാഭ്യാസമാണ് ഇനിയങ്ങോട്ട് സംഭവിക്കാൻ പോകുന്നതെന്നായിരുന്നു. ഓഫ്​ലൈനിലൂടെയും ഓൺലൈനിലൂടെയും ഒരുപോലെ പഠിപ്പിക്കാമെന്നുവച്ച വിദേശത്തെ പല സ്ഥാപനങ്ങളും ഓൺലൈൻ പാടെ നിർത്തിക്കളഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. കൊറോണക്കുമുൻപ് സൈലൻറ്​ മോഡിലിട്ടോ സ്വിച്ച് ഓഫ് ചെയ്‌തോ കോളേജിൽ കൊണ്ടുവന്നിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ കോളേജിലേക്ക് കൊണ്ടുവരാൻ പോലും ചില സ്ഥാപനങ്ങൾ സമ്മതിക്കുന്നില്ലെന്ന് കുട്ടികൾ പരാതി പറഞ്ഞു തുടങ്ങി.

125 വർഷം പഴക്കമുള്ള, കേരളത്തിലെ ഒരു ഓട്ടോണോമസ് കോളേജിലെ പ്രിൻസിപ്പൽ അടുത്തിടെ പറഞ്ഞത് ഓർമ വരുന്നു. കോളേജിൽ പ്രവർത്തിസമയത്ത് മൊബൈൽ ഫോൺ നിരോധിച്ചപ്പോൾ ‘ഞാൻ ഇനി എങ്ങനെ ജീവിക്കും' എന്നാണ് ഒരു കുട്ടി അദ്ദേഹത്തോട് ആക്രോശിച്ചതത്രെ. കേരളത്തിൽ സൈക്കോളജിക്കൽ കൗൺസലിങ് നടത്തുന്ന മിക്കവരും കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ അഡിക്ഷനെക്കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോൺ ദുരുപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ‘ഉത്തരവാദിത്ത മൊബൈൽ ഉപയോഗം' എന്നൊരു പുതിയ പദപ്രയോഗത്തിന് സാധ്യതയുണ്ട്.

സാമൂഹികമായി നാമുണ്ടാക്കിയ അടുപ്പത്തെയാണ് ഡിജിറ്റൽ / ഓൺലൈൻ വിദ്യാഭ്യാസം ഇല്ലാതാക്കിക്കളഞ്ഞതും വിദ്യാർത്ഥികളെ സാമൂഹികമായി അകലങ്ങളിലാക്കിക്കളഞ്ഞതും.

ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് പറഞ്ഞു തുടങ്ങി ഫോക്കസ് ഏരിയയിൽ അവസാനിച്ചിരിക്കുകയാണ് നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസ ചർച്ചകൾ. വിദ്യാർത്ഥികളുടെ മാനസികവും സാമൂഹികവുമായ ജീവിതത്തെ അതെങ്ങനെ സ്വാധീനിച്ചു, പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നൊന്നും വേണ്ടതുപോലെ അന്വേഷിച്ചിട്ടുമില്ല. ജാതിയോ മതമോ ലിംഗഭേദമോ സാമ്പത്തികസ്ഥിതിയോ ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ഒന്നായിരുന്ന് പഠിക്കാനാക്കാകുമായിരുന്ന അവസ്ഥയുണ്ടായ ഘട്ടത്തെയാണ് നവോത്ഥാനമെന്ന് വിളിക്കേണ്ടത്. എല്ലാവർക്കും ഒന്നായിരുന്ന് പഠിക്കാൻ സാഹചര്യമുണ്ടായത് എത്രയോക്കെയോ പ്രക്ഷോഭസമരങ്ങൾക്കു ശേഷമാണെന്നും നമ്മൾ മറന്നു. സാമൂഹികമായി നാമുണ്ടാക്കിയ അടുപ്പത്തെയാണ് ഡിജിറ്റൽ / ഓൺലൈൻ വിദ്യാഭ്യാസം ഇല്ലാതാക്കിക്കളഞ്ഞതും വിദ്യാർത്ഥികളെ സാമൂഹികമായി അകലങ്ങളിലാക്കിക്കളഞ്ഞതും.

സഹപാഠികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും മാനസികമായും ഭൗതികമായും അകന്നുപോയ വിദ്യാർത്ഥികൾ സാമൂഹിക അകലത്തിന്റെ വ്യത്യസ്ത മാനങ്ങളിലാണ് ജീവിച്ചത്. കൊറോണകാലത്തു നാം കേട്ട ഏറ്റവും വൃത്തികേട്ട വാക്കുകളിലൊന്ന് ‘സാമൂഹിക അകലം' എന്നതായിരുന്നു. ശാരീരിക അകലം എന്നൊക്കെ തിരുത്തലുണ്ടായിരുന്നെങ്കിലും സോഷ്യൽ ഡിസ്റ്റൻസ് എന്നതിന് മലയാളികൾക്ക് പ്രിയപ്പെട്ട വിവർത്തനം സാമൂഹിക അകലം എന്നതുതന്നെയായിരുന്നു. ഈ സാമൂഹിക അകലം വിദ്യാഭ്യാസത്തിലേക്ക് കയറിവരുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിലരെങ്കിലും അപായസൂചന നൽകിയിരുന്നു. യന്ത്രങ്ങളുടെ, സാങ്കേതിക ഉപകരണങ്ങളുടെ അടിമകളായിത്തീരുന്നതോടെ സാമൂഹികമായ വലിയ അകൽച്ചകളിലേക്കാണ് വിദ്യാർത്ഥികൾ വന്നു വീഴാൻ പോകുന്നതെന്ന് ചിലരെങ്കിലും അന്നു പറഞ്ഞിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായി. മൊബൈൽ എന്നത് പഠനോപകരണം എന്ന നിലയിൽ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് പരിമിതമാണ്. വിനോദോപാധി എന്നല്ലാതെ ജ്ഞാനാർജ്ജനത്തിനു പറ്റുന്ന ഒന്നായി മൊബൈലിനെ കാണുന്ന വിദ്യാർത്ഥികൾ കുറഞ്ഞുവരിക തന്നെയാണ്.

വിർച്യുൽ റിയാലിറ്റിയുടെയും ഓഗ്​മെൻറ്​ റിയാലിറ്റിയുടെയും കാലത്ത് വിദ്യാഭ്യാസം രസകരമാക്കാൻ ഇതൊക്കെ ഉപയോഗിച്ചുതുടങ്ങിയിരുന്നതാണ്. നേരിട്ടുള്ള പുസ്തകപാരായണം പോലും കുറഞ്ഞു. പകരം ഡിജിറ്റൽ ലൈബ്രറികളെയും ഡിജിറ്റൽ ഗ്രന്ഥങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഡിജിറ്റൽരംഗത്ത് അത്തരം സാധ്യതകൾ പലതുമുണ്ട്. യഥാർത്ഥത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മൂല്യവും അതിന്റെ മഹത്വവും തിരിച്ചറിയാതെ അതിലേക്ക് ഇറങ്ങിയതുകൊണ്ടാണ് വിദ്യാർത്ഥികൾ അതിൽ നിന്ന് വളരെവേഗം മടുത്ത ഇറങ്ങിപ്പോയത്.

ഇവിടെ നടപ്പാക്കിയ ഡിജിറ്റൽ /ഓൺലൈൻ പഠനം ഊതിവീർപ്പിച്ച ഒരു ബലൂണായിരുന്നു. വേണ്ടതിലധികം പ്രാധാന്യം അതിന് നൽകപ്പെട്ടു. ഇതാണ് ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസമെന്ന തെറ്റിദ്ധാരണ പരത്തിയതിലൂടെ മൊബൈലിന്റെയും ഗാഡ്ജെറ്റുകളുടെയും വിപണി തഴച്ചുവളർന്നു. പുതിയ വിദ്യാഭ്യാസത്തിന് അമിതപ്രാധാന്യം വന്നതോടെ ഉപകാരങ്ങളില്ലാത്തവർ അനാവശ്യഭീതിയിലായി. തങ്ങൾ പിന്തള്ളപ്പെടുമോ എന്ന ഭീതി ആധിയായും വേവലാതിയുമായി പലരുടെയും മനസ്സ് തളർത്തി.

ഉപകരണങ്ങൾ വാങ്ങിക്കൊടുത്ത് സാമൂഹികനീതി നടപ്പിലാക്കുന്ന യജ്ഞമായിരുന്നു പിന്നീട്. നവലിബറൽ കോർപറേറ്റ് ആവശ്യങ്ങളും അതു തന്നെയായിരുന്നു എന്നു പറയുന്നതാവും ഉചിതം. കൂടുതൽ പേർ ഉപകരണത്തിന് പ്രാപ്തരായി, മൊബൈലും ഡാറ്റയുമൊക്കെ വലിയ ബിസിനസ്​ ആയി. ടെക്‌നോ കാപിറ്റലിസം അതിന്റെ പരകോടിയിലെത്തി. യഥാർത്ഥത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം തെറ്റായ വിധത്തിൽ ഇവിടെ വ്യാഖാനിക്കപ്പെടുകയായിരുന്നു. ഉയർന്ന ക്ലാസുകളിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകൾ ചെറിയ ക്ലാസുകളിൽ പോലും അടിച്ചേൽപ്പിക്കപ്പെട്ടു. ഡിജിറ്റൽ വിദ്യാഭ്യാസം ഏതേത് തലങ്ങളിൽ എങ്ങനെയൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് ആലോചനകൾ ഇല്ലാതെപോയതും ഇപ്പോഴത്തെ ഈ താല്പര്യക്കുറവിന് കാരണമായിട്ടുണ്ടാകാം.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും സാംഗത്യവും മനസിലാക്കി, അതിനെ പുനഃനിർവചിക്കുകയും ഔചിത്യത്തോടുകൂടി അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് ഇക്കാലം നൽകുന്ന വിവേകം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജോസഫ്​ കെ.​ ജോബ്​

എഴുത്തുകാരൻ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ.

Comments