പള്ളിക്കൂടത്തിന് പുറത്ത് നിർത്തിയ കുട്ടികൾ

മുതലാളിത്തത്തിന്റെ കൊടുക്കൽ വാങ്ങലുകളാണ് ഇന്നത്ത വിദ്യാഭ്യാസം. ലാഭം എന്ന യുക്തി മാത്രമാണ് ഇവിടെ പ്രവർത്തിക്കുക. ചിന്തകളിൽ വിപ്ലവം നിറയ്ക്കുന്നതിന് പകരം അനുസരണയുള്ള തൊഴിലാളികളെ സൃഷ്ടിക്കലാണ് അതിന്റെ ധർമ്മം. വിദ്യാഭ്യാസത്തിന് പുറത്താവുന്ന കുട്ടികൾ വരെ മുതലാളിത്തത്തിന് അഭികാമ്യമാണ്. ഇന്ത്യയിൽ എത്തുമ്പോൾ സാമൂഹ്യ ഘടനയെ പിടിച്ചുനിർത്തുക എന്ന കടമകൂടി നിർവ്വഹിക്കാനുണ്ട് വിദ്യാഭ്യാസത്തിന്.

"രാജ്യത്ത് സ്‌കൂളിന് പുറത്തുള്ള കുട്ടികൾ (out of school children) പന്ത്രണ്ട് ലക്ഷത്തിലധികം. ഏറ്റവും കൂടുതൽ യുപിയിൽ, രണ്ടാംസ്ഥാനം ഗുജറാത്തിന്...' രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് പാർലമെന്റ് അംഗം എ.എ. റഹീമിന് ദേശീയ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയിൽ അദ്ദേഹം കുറിച്ച വരികളാണിത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് 9,30,531 കുട്ടികൾ പുറത്താണെന്നും, സെക്കന്ററി വിദ്യാഭ്യാസത്തിൽ നിന്ന് 3,22,488 കുട്ടികൾ പുറത്താണെന്നും മറുപടിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ കണ്ടിട്ട് അതും പൂർണ്ണമായിരിക്കാൻ സാധ്യത കുറവാണ്. രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ പല സംസ്ഥാനങ്ങളും കണക്കുകൾ കൊടുക്കുന്നതിൽ നിന്ന് വിട്ടു നിന്നതായും കാണാൻ കഴിയും.

പൊതുവിദ്യാഭ്യാസ മന്ത്രാലയം തന്നെ 2014 ൽ പുറത്തിറക്കിയ സാമ്പിൾ സർവേ നോക്കിയാൽ രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വളരെ അന്തരമുള്ളതാണ് എന്ന് തിരിച്ചറിയാം. കണക്കുകൾ തയ്യാറാക്കിയ നിർവചനങ്ങളും (definition) രീതിശാസ്ത്രവും (methodology) മനസ്സിലാക്കാൻ പരാമർശിച്ചിട്ടുള്ള ഡാറ്റാ പോർട്ടലിൽ കയറി നോക്കിയപ്പോഴോ, അതിലേക്കുള്ള പ്രവേശനം നിയന്ത്രിതവുമാണ്.

സംഘപരിവാർ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന 54% കുട്ടികളും എന്നുകൂടി രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകളിലേക്ക് ആഴത്തിൽ കടന്നുചെന്നാൽ ഗുജറാത്തിൽ ആൺകുട്ടികളെക്കാൾ 32% കൂടുതൽ പെൺകുട്ടികളാണ് സ്‌കൂൾ വിദ്യാഭാസത്തിന് പുറത്ത് നിൽക്കുന്നത് എന്നും കാണാം. വികസനത്തിന്റെ ഉത്തമ മാതൃകയായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിൽനിന്നുള്ള ഈ വസ്തുതകൾ വികസനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കും. യഥാർത്ഥത്തിൽ വികസനം ആരുടേതാണ്? നഗരങ്ങൾ കേന്ദ്രീകരിച്ച് ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളാണോ വികസനത്തിന്റെ സൂചകങ്ങൾ? അതോ ശതകോടീശ്വരന്മാരുടെ എണ്ണമോ?
എന്തുകൊണ്ട് നമ്മുടെ കുട്ടികൾ സ്‌കൂളുകൾക്ക് പുറത്തുനിൽക്കുന്നു? പഠനത്തിൽ മിടുക്കരാവാത്തതോ കുട്ടികളുടെ രക്ഷിതാക്കളുടെ വിമുഖതയോ അല്ല കാരണം. യഥാർത്ഥത്തിൽ സാമൂഹ്യ സാഹചര്യങ്ങളാണ് ഒരു വിദ്യാർത്ഥിയുടെ ഭാവി നിശ്ചയിക്കുന്നത് (social determinants). ആരൊക്കെ പഠിക്കണം, ഏതുവരെ പഠിക്കണം, എന്ത് പഠിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലമാണ് (political economy). ഇന്ത്യൻ സാഹചര്യത്തിൽ വർഗ്ഗഘടനയ്ക്ക് തിരശ്ചീനമായി ജാതിയും വിദ്യാഭ്യാസത്തെ നിർണ്ണയിക്കുന്നതായി കാണാം.

രാഷ്ട്രങ്ങൾ തമ്മിലും, രാഷ്ട്രങ്ങൾക്കകത്തും അസമത്വം ശക്തമായ കാലഘട്ടമാണ് നവലിബറൽ കാലഘട്ടം. താഴെത്തട്ടിലുള്ള ഭൂരിപക്ഷം സാധാരണക്കാരും ന്യൂനപക്ഷ സമ്പന്നരും തമ്മിലുള്ള വരുമാനത്തിന്റെ അന്തരം വർധിച്ചു. 2015-ലെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ മേൽത്തട്ടിലുള്ള പത്തുശതമാനം (top 10%), മൊത്തം വരുമാനത്തിന്റെ 57%-വും കയ്യടക്കുമ്പോൾ താഴെത്തട്ടിലെ പത്തുശതമാനം (bottom 50%) സാധാരണക്കാർ രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 13%-ത്തിന് മാത്രമാണ് അർഹരായിട്ടുള്ളത്. 1991-ൽ ഇത് 35% വും 20.1% വും ആയിരുന്നു. അതിൽ നിന്നാണ് ഇത്രയും വലിയ അന്തരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

Source World Inequality Database
Source World Inequality Database

നവലിബറൽ കാലം ദാരിദ്രത്തിന്റേതുമാണ്. എഴുപതുകളിൽ 60 ശതമാനത്തോളമായിരുന്ന ദാരിദ്ര നിരക്ക് തൊണ്ണൂറുകളിൽ 36% ആയെങ്കിൽ "സാമ്പത്തിക അഭിവൃദ്ധിയുടെ' നവലിബറൽ കാലത്തെ ആദ്യ 20 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിന്റെ നിരക്ക് 21 ശതമാനത്തിൽ എത്തിക്കാൻ മാത്രമാണ് നവലിബറൽ സാമ്പത്തിക നയങ്ങൾക്ക് സാധിച്ചത്. മാർക്കറ്റ് എല്ലാത്തിനുമുള്ള പ്രതിവിധിയായി നിർദ്ദേശിച്ച നവലിബറൽ നയങ്ങളുടെ വക്താക്കളുടെ വാദങ്ങളുടെ പൊള്ളത്തരമാണ് ഇത് വ്യക്തമാക്കുന്നത്.

നവലിബറൽ കാലത്ത് എഴുപതുകളിലെ കൈനീഷ്യൻ (Keynesian) എക്കണോമിക്‌സ് കൈവിടുകയും സ്റ്റേറ്റ് അതിന്റെ സാമൂഹ്യ ഉത്തരവാദിത്വങ്ങളിൽ നിന്നും പിൻവാങ്ങുകയും ചെയ്തു. സ്റ്റേറ്റ് കമ്പോളത്തെ (market) സഹായിക്കുന്നതിനുള്ള പുതിയ റോളുകൾ ഏറ്റെടുക്കുകയും ജനാധിപത്യ വിരുദ്ധമാവുകയും ചെയ്തു. വിദ്യാഭ്യാസം പോലും തൊഴിൽ ശക്തിയെ വർധിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറി.
വിദ്യാഭ്യാസ രംഗത്തും സ്വകാര്യവത്കരണവും (privatisation) കമ്പോളവത്കരണവും (commercialisation) ഏറ്റവും ശക്തമായ കാലഘട്ടമാണ് നവലിബറൽ കാലഘട്ടം. വിദ്യാഭ്യാസ അവകാശ നിയമം (2009) നിലവിൽ വന്നതിന് ശേഷമുള്ള കണക്കുകൾ നോക്കാം. 2010-11 അക്കാദമിക വർഷം മുതൽ 2015-16 വർഷം വരെ ഗവൺമെൻറ് സ്‌കൂളുകളുടെ എണ്ണം 10,35,602-ൽ നിന്നും 10,47,899 ആയി ഉയർന്നപ്പോൾ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 2,19,574-ൽ നിന്നും 2,96,637 ആയി വർധിച്ചു (Kingdon 2017). അതായത് ഗവൺമെൻറ് സ്കൂളുകളുടെ എണ്ണം 2%-ത്തിൽ താഴെ മാത്രം വർധിച്ചപ്പോൾ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 35% ആണ് വർദ്ധിച്ചത്. ഈ സ്വകാര്യവത്കരണത്തിന്റെ പ്രതിഫലനങ്ങൾ സ്റ്റുഡന്റ് എന്റോൾമെന്റിലും കാണാവുന്നതാണ്. 2010-11 അക്കാദമിക വർഷം മുതൽ 2015-16 വർഷം വരെ ഗവണ്മെന്റ് സ്‌കൂളുകളിൽ നിന്നും 10% വിദ്യാർഥികൾ കുറഞ്ഞപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ 39.5% വിദ്യാർഥികൾ കൂടുകയാണ് ഉണ്ടായത്.
വിദ്യാഭ്യാസത്തിലെ പാർശ്വവത്കരണത്തിന്റെ മൂലകാരണം സാമൂഹികമാണ്. ദാരിദ്രവും, തൊഴിലില്ലായ്മയും സൃഷ്ട്ടിക്കുന്ന പ്രശ്‌നങ്ങൾ നവലിബറൽ കാലത്ത് രൂക്ഷമായത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാവുന്നതിൽ (affordability) നിന്നും ഒരു വിഭാഗം ജനങ്ങളെ മാറ്റി നിർത്തി. നവലിബറൽ നയങ്ങളുടെ കൂടെപ്പിറപ്പായ കുടിയേറ്റങ്ങളും (migration) വിദ്യാഭ്യാസത്തെ ബാധിച്ചു. ഈ ദാരിദ്രവും, തൊഴിലില്ലായ്മയും, കുടിയേറ്റങ്ങളും ബാലവേലയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നവലിബറൽ കാലത്തെ ആദ്യ പത്തു വർഷങ്ങളിൽ ഇന്ത്യയിലെ ബാലവേല വർധിച്ചിരുന്നു എന്നത് ഇതോട് കൂട്ടി വായിക്കാവുന്നതാണ്.

നവലിബറൽ നയങ്ങളുടെ വക്താക്കൾ കുടുംബങ്ങളെ ഒരു സാമ്പത്തിക യൂണിറ്റ് ആയി കണക്കാക്കുന്നിടത്ത് വിദ്യാഭ്യാസം രക്ഷിതാക്കളുടെ മാത്രം ഉത്തരവാദിത്തമാവുന്നു. ഇവിടെ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ചുരുങ്ങിയതാണ്. വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമാണ് എന്ന പുരോഗമനപരമായ ആശയത്തിൽനിന്നും ഇൻഡ്യൂജലിസ്റ്റ് (individualist) പ്രമാണങ്ങളിലേക്ക് ചുരുങ്ങുകയാണ് നവലിബറൽ കാലത്തെ രാഷ്ട്രങ്ങൾ.
ഭാവി സാമ്പത്തിക ഉത്പ്പാദനത്തിനായുള്ള നിക്ഷേപമായാണ് മുതലാളിത്തം കുട്ടികളെ കാണുന്നത്. അത്തരത്തിൽ കുട്ടികളെ വാർത്തെടുക്കുന്നതിനുള്ള ഉപാധിയാണ് വിദ്യാഭ്യാസം. അതേ സമയം വിദ്യാഭ്യാസം ലഭ്യമാവുന്നതിലും (accessibility) പ്രാപ്യമാവുന്നതിലും (affordability) നിലവിലെ സാമൂഹ്യ ഘടനയുടെ പ്രതിഫലനങ്ങളും കാണാം. ഫ്യൂഡലിസം വിട്ടുമാറാത്ത മുതലാളിത്ത രാജ്യമാണ് ഇന്ത്യ. അതിലെ പരസ്പരപ്രവർത്തനം (interplay) നടത്തുന്ന വർഗ്ഗ-ജാതി ഘടന വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നുണ്ട്. പ്രതിശീർഷ വരുമാനമനുസരിച്ച് (per capita income) താഴെ നിൽക്കുന്ന ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തുള്ള കുട്ടികളുടെ എണ്ണത്തിൽ മുന്നോട്ട് നിൽക്കുന്നത് എന്ന് 2014 ലെ ദേശീയ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കണക്കുകളിൽ കാണാവുന്നതാണ്. മൊത്തം വിദ്യാർഥികളുടെ 3.14% ൽ അധികമാണ് ഈ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾക്ക് പുറത്ത് നിൽക്കുന്ന കുട്ടികളുടെ എണ്ണം. എന്നാൽ പ്രതിശീർഷ വരുമാനത്തിൽ മുകളിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കുന്ന കുട്ടികളുടെ നിരക്ക് 1% ൽ താഴെ മാത്രമാണ്.

Source: Ministry of Education (2014)
Source: Ministry of Education (2014)

ഇത്തരം ഒരു അന്തരം വർഗ്ഗവിഭജനത്തിന് തിരശ്ചീനമായും കാണാവുന്നതാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മൊത്തം കുട്ടികളുടെ നിരക്ക് 2.97% ആണ്. ഇതിൽ ആൺകുട്ടികൾ 2.77% മാത്രമാണെങ്കിൽ 3.23% പെൺകുട്ടികളും സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്താണ്. ദലിത് (SC), തദ്ദേശജനതാ (ST), മറ്റ് പിന്നാക്ക ജനവിഭാഗങ്ങളിൽ (OBC) സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കുന്ന കുട്ടികളുടെ നിരക്ക് 3.24%, 4.2%, 3.07% എന്നിങ്ങനെയാണ്. ഇന്ത്യൻ സാമൂഹ്യഘടനയുടെ പരിച്ഛേദം തന്നെയാണ് വിദ്യാഭ്യാസത്തിൽ ഉണ്ടാവുന്ന അസമത്വവും എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സ്‌കൂൾ വിഭ്യാഭ്യാസത്തിന് പുറത്താവുന്ന കുട്ടികൾ പ്രാമാണിക വർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുടെ ഉൽപ്പന്നമാണ്. അധികാരവും, സമ്പത്തും, അവസരങ്ങളും വിവിധ സാമൂഹ്യ വർഗ്ഗങ്ങൾക്ക് അസമമായി വിതരണം ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ സമൂഹത്തിൽ അസമത്വവും ദാരിദ്രവും ഉത്പ്പാദിപ്പിക്കും. അത്തരം ഒരു വ്യവസ്ഥയിൽ തൊഴിലാളി വർഗ്ഗത്തിനും സാമൂഹ്യമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വിദ്യാഭ്യാസം എന്നത് അതിജീവനത്തിന് മുന്നിൽ ഒരു ലക്ഷ്വറി (luxury) ആയി മാറും. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണവും കമ്പോളവത്കരണവും പ്രശ്‌നത്തെ കൂടുതൽ കലുഷിതമാക്കും. ഈ അവസ്ഥയിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം പ്രാപ്യമല്ലാതായിത്തീരും. ഇത് മറികടക്കാനുള്ള ഗവണ്മെന്റുകളുടെ നിലവിലെ ശ്രമങ്ങളെല്ലാം വ്യവസ്ഥയെ ചോദ്യം ചെയ്യാത്തവയാണ്. അതുകൊണ്ട് ശസ്ത്രക്രിയക്ക് പകരം ഉപ്പുതേച്ച മുറിവുകളായി പ്രശ്‌നപരിഹാരങ്ങൾ മാറി.

മുതലാളിത്തത്തിന്റെ കൊടുക്കൽ വാങ്ങലുകളാണ് ഇന്നത്ത വിദ്യാഭ്യാസം. ലാഭം എന്ന യുക്തി മാത്രമാണ് ഇവിടെ പ്രവർത്തിക്കുക. ചിന്തകളിൽ വിപ്ലവം നിറയ്ക്കുന്നതിന് പകരം അനുസരണയുള്ള തൊഴിലാളികളെ സൃഷ്ടിക്കലാണ് അതിന്റെ ധർമ്മം. വിദ്യാഭ്യാസത്തിന് പുറത്താവുന്ന കുട്ടികൾ വരെ മുതലാളിത്തത്തിന് അഭികാമ്യമാണ്. ഇന്ത്യയിൽ എത്തുമ്പോൾ സാമൂഹ്യ ഘടനയെ പിടിച്ചുനിർത്തുക എന്ന കടമകൂടി നിർവ്വഹിക്കാനുണ്ട് വിദ്യാഭ്യാസത്തിന്. മർദ്ദിത ജനതയുടെ ഒരു ബോധനശാസ്ത്രം പ്രതിഷ്ഠിക്കേണ്ടതുണ്ട്. തകർക്കേണ്ടവ തകർന്നുതന്നെ പോകണം.

References:
Kingdon, Geeta Gandhi (2017) 'The Private Schooling Phenomenon in India: A Review', Institute of Labour and Economics, Discussion Paper Series, IZA DP No. 10612,

Ministry of Education (2014) 'National Sample Survey of Estimation of Out-of-School Children in the Age 6-13 in India', New Delhi: Government of India,

Ministry of Education (2023), 'Survey on out of school children', Unstarred Question No-664 dated 08.02.2023, New Delhi: Rajyasabha,

Ministry of labour and Employment (2023), 'Working children, Census 2001 & 2011', New Delhi: Government of India,

RBI (2022) 'Handbook of Statistics on Indian States', Mumbai: Reserve Bank of India,

SATYARTHI (2020) 'How Far is India from Complete Elimination of Child Labour as per Sustainable Development Goal 8.7: An Analysis Based on Projection of Child Labour Population in India till 2025', New Delhi: Kailash Satyarthi Children's Foundation.

USAID (2002) 'Poverty in India Since 1974: A Country Case Study', Washington: United States Agency for International Development,


Summary: മുതലാളിത്തത്തിന്റെ കൊടുക്കൽ വാങ്ങലുകളാണ് ഇന്നത്ത വിദ്യാഭ്യാസം. ലാഭം എന്ന യുക്തി മാത്രമാണ് ഇവിടെ പ്രവർത്തിക്കുക. ചിന്തകളിൽ വിപ്ലവം നിറയ്ക്കുന്നതിന് പകരം അനുസരണയുള്ള തൊഴിലാളികളെ സൃഷ്ടിക്കലാണ് അതിന്റെ ധർമ്മം. വിദ്യാഭ്യാസത്തിന് പുറത്താവുന്ന കുട്ടികൾ വരെ മുതലാളിത്തത്തിന് അഭികാമ്യമാണ്. ഇന്ത്യയിൽ എത്തുമ്പോൾ സാമൂഹ്യ ഘടനയെ പിടിച്ചുനിർത്തുക എന്ന കടമകൂടി നിർവ്വഹിക്കാനുണ്ട് വിദ്യാഭ്യാസത്തിന്.


Comments