എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ ആവശ്യത്തിന് ഐക്യകേരളത്തോളം പഴക്കമുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനചരിത്രത്തിന് 150 വർഷത്തോളം പഴക്കവും.
സാമുദായികതക്കും ഭരണകൂടത്തിനുമിടയിലെ പാലമായി വർത്തിക്കുക വഴി, കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങൾ വലിയ തോതിൽ രൂപപ്പെട്ടതും ആവിഷ്കരിക്കപ്പെട്ടതും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ഐക്യകേരളത്തിന്റെ ആദ്യ സർക്കാരിന് അകാല ചരമമുണ്ടാകാൻ കാരണം തന്നെ എയ്ഡഡ് മേഖലയിൽ സംവരണം ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ ബിൽ ആയിരുന്നല്ലോ. അത് നായർ- ക്രിസ്ത്യൻ- മുസ്ലിം വിഭാഗങ്ങൾ അണിനിരന്ന വിമോചന സമരത്തിലേക്കും ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തിലെ വലിയൊരു ജനാധിപത്യ ധ്വംസനത്തിലേക്കും നയിച്ചു. അങ്ങനെ, ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു.
പിന്നീടുവന്ന ത്രികക്ഷി സർക്കാരിന്റെ ആദ്യ പരിഗണന വിദ്യാഭ്യാസ ബില്ലിൽ എയ്ഡഡ് സംവരണം പ്രതിപാദിക്കുന്ന സെഷൻ 11 റദ്ദാക്കുകയായിരുന്നു. ആദ്യം ആറ് മാസത്തേക്ക് മരവിപ്പിക്കുകയും പിന്നീട് നിയമസഭയിൽ ഭേദഗതി കൊണ്ടുവരികയും ചെയ്തു. കേരളത്തിന്റെ പിൽക്കാല സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മക മാറ്റങ്ങൾക്ക് വഴിവെട്ടുമായിരുന്ന എയ്ഡഡ് സംവരണത്തിന്റെ കഴുത്തു ഞെരിച്ച് കൊല്ലുമ്പോൾ പ്രതിപക്ഷത്തുണ്ടായിരുന്ന 'മുൻ സർക്കാർ' കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നതും ചരിത്രമാണ്.
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പൂർണ്ണമായും പി എസ് സിക്ക് വിടണമെന്നും അതുവഴി സർക്കാർ തൊഴിൽ മേഖലയിൽ സാമൂഹികനീതി നടപ്പിലാക്കണമെന്നുമാണ് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ സമുദായ സംഘടനകളും വിമോചന സമരത്തിൽ പങ്കാളികളായി. ആ അർഥത്തിൽ കേരളത്തിലെ ജനാധിപത്യത്തിന്റെ ചരിത്രവുമായിക്കൂടി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സാമുദായിക സംഘടനകൾ പ്രബലശക്തികളായി നിൽക്കുന്ന സമൂഹങ്ങളിൽ ഭരണകൂടങ്ങളും ജനാധിപത്യവും സാമൂഹിക നീതിയും എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിന്റെ ക്‌ളാസിക്കൽ ഉദാഹരണാമായി വിമോചന സമരവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും.
കേരളം മാറിമാറി ഭരിച്ച ഇടതു- വലത് മുന്നണികൾ തൊടാൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് എയ്ഡഡ് സംവരണം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്വപ്‌നത്തിൽ പോലും ഇക്കാര്യം തൊടില്ല എന്നത് എല്ലാവർക്കും അറിയാം. മോദി സർക്കാരിന് മുൻപെ പത്ത് ശതമാനം മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയ ഇടതുമുന്നണിയും എയ്ഡഡ് മേഖലയിലെ സംവരണത്തിൽ തൊട്ടുകളിക്കാറില്ല.

ഇപ്പോൾ തന്നെ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ഈ പുതുവത്സരത്തിലായിരുന്നു. ക്രൈസ്തവസഭകൾ കണ്ണുരുട്ടിയപ്പോഴാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയം അടിയന്തരമായി കേൾക്കണമെന്ന് കേരളം പരമോന്നത കോടതിയോട് ആവശ്യപ്പെട്ടത്. അങ്ങനെയൊരു പശ്ചാത്തലത്തിൽ എയ്ഡഡ് സംവരണത്തിൽ ഒരിക്കലും കൈവെക്കാൻ ഇടതുപക്ഷ സർക്കാരും സന്നദ്ധമാകില്ല.
ഈ പശ്ചാത്തലത്തിലാണ്, കേരളത്തിലെ പരമ്പരാഗത സുന്നി വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് ഈ വിഷയത്തിൽ പ്രഖ്യാപിച്ച നിലപാട് പ്രസക്തമാകുന്നത്.
സമസ്ത സെന്റിനറിയോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന വേദിയിൽ വെച്ച്, മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും സാന്നിധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക് വിടണമെന്നാവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന്റെ ഒരു പടി കൂടി കടന്നാണ് നിയമനങ്ങൾ പൂർണ്ണമായും പി എസ് സിക്ക് വിടണമെന്നും അതുവഴി സർക്കാർ തൊഴിൽ മേഖലയിൽ സാമൂഹികനീതി നടപ്പിലാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
18,000 കോടി രൂപയാണ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ ശമ്പള- പെൻഷൻ വിഹിതത്തിന് സംസ്ഥാന സർക്കാർ മാറ്റിവെക്കുന്നത്. ഇതിനു പുറമെയാണ്, നിയമനങ്ങളുടെ പേരിൽ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ കോഴയിടപാടുകൾ. അതിൽ വലിയൊരു ശതമാനം പോകുന്നത്, എയ്ഡഡ് സ്ഥാപനങ്ങളിൽ 47 ശതമാനവും കൈയടിക്കിയിരിക്കുന്ന ക്രിസ്ത്യൻ വിഭാഗത്തിനാണ്.
കേരള യാത്രയുടെ സമാപനവേളയിൽ സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനും സമർപ്പിച്ച വികസനരേഖയിലാണ് ഇക്കാര്യവുമുള്ളത്. കേരള വിദ്യാഭ്യാസ ചരിത്രം, സാമൂഹിക നീതി, പിന്നാക്ക വിഭാഗത്തിന്റെ ശാക്തീകരണം തുടങ്ങിയ പരിപ്രേക്ഷ്യങ്ങളിലെല്ലാം ബുഖാരി തങ്ങൾ ഉയർത്തിയ ഈ പ്രഖ്യാപനത്തിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നത് അവിതർക്കിതമാണ്. മുസ്‌ലിം സമൂഹത്തിൽ നിന്ന് ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കുന്ന ഒരു വിഭാഗത്തിൽ നിന്നുയർന്ന ആവശ്യം എന്ന നിലയിൽ കൂടി ഇതിനെ കാണുമ്പോൾ, ഇപ്പോഴത്തെ സാമുദായിക- രാഷ്ട്രീയ സമവാക്യങ്ങളിലേക്കു കൂടി ഈ പ്രത്യാഘാതം വ്യാപിക്കും എന്നുവേണം അനുമാനിക്കാൻ. തങ്ങളുയർത്തിയ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവരോട് തങ്ങളും പുറംതിരിഞ്ഞു നിൽക്കേണ്ടിവരുമെന്ന ബുഖാരി തങ്ങളുടെ പ്രഖ്യാപനം ഈ പ്രത്യാഘാതങ്ങളിലേക്കുള്ള സൂചനയാണ്.
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനത്തിൽ അതിഭീകരമായ വിവേചനമാണെന്നത് നിയമസഭാ സമിതി തന്നെ കണ്ടെത്തിയ വസ്തുതയാണ്. ടി.വി. രാജേഷ് എം എൽ എ ചെയർമാനായും യു ഡി എഫിന്റെ നാല് എം എൽ എമാർ അംഗങ്ങളുമായിരുന്ന 14-ാം നിയമസഭയുടെ പഠനസമിതി റിപ്പോർട്ട് പ്രകാരം അര ശതമാനത്തിൽ താഴെയാണ് എസ് സി- എസ് ടി വിഭാഗങ്ങളുടെ എയ്ഡഡ് അധ്യാപക പ്രാതിനിധ്യം. 18,000 കോടി രൂപയാണ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ ശമ്പള- പെൻഷൻ വിഹിതത്തിന് സംസ്ഥാന സർക്കാർ മാറ്റിവെക്കുന്നത്. ഇതിനു പുറമെയാണ്, നിയമനങ്ങളുടെ പേരിൽ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ കോഴയിടപാടുകൾ. അതിൽ വലിയൊരു ശതമാനം പോകുന്നത്, എയ്ഡഡ് സ്ഥാപനങ്ങളിൽ 47 ശതമാനവും കൈയടിക്കിയിരിക്കുന്ന ക്രിസ്ത്യൻ വിഭാഗത്തിനാണ്. 19 ശതമാനം മുസ്ലിംകൾക്കും 13 ശതമാനം എൻ എസ് എസിനും 11 ശതമാനം എസ് എൻ ട്രസ്റ്റിനും പോകുന്നു. ഹിന്ദു സമുദായ സംഘടനകളെല്ലാം ചേർത്തു നിർത്തിയാൽ 23 -25 ശതമാനമാകും.

എയ്ഡഡ് സംവരണത്തിന് എസ് എൻ ട്രസ്റ്റ് തയ്യാറാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മുസ്ലിം മാനേജ്‌മെന്റ് വിഭാഗത്തിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സുന്നികളും എം ഇ എസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ- എൻ എസ് എസ് വിഭാഗങ്ങൾ സംവരണത്തെ എതിർക്കുന്നു.
എന്നാൽ, എയ്ഡഡ് സംവരണ വിഷയത്തിൽ എക്കാലവും എതിർപ്പുമായി മുന്നിൽ നിന്നത് എൻ എസ് എസും ക്രിസ്ത്യൻ മാനേജ്‌മെന്റുമാണെന്ന്, ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്ലുമായി മുന്നോട്ടുവന്ന ഘട്ടം മുതൽ വെളിവാകുന്നു. ഈ വിഷയത്തിൽ സുപ്രീംകോടതി നിലപാട് പറഞ്ഞതിന് ശേഷമാണ് വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. സംവരണം ഏർപ്പെടുത്തുന്നത് ന്യൂനപക്ഷവിരുദ്ധമാണെന്ന വാദം ഉന്നയിച്ചപ്പോൾ, കെട്ടിടം പണിയാനും അത് നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശമേ മാനേജ്‌മെന്റുകൾക്കുള്ളൂവെന്നും പൊതുഖജനാവിൽ നിന്നാണ് വേതന- പെൻഷൻ ആവശ്യത്തിന് ചെലവഴിക്കുന്നത് എന്നതിനാൽ സംവരണം ഏർപ്പെടുത്തണമെന്നുമാണ് സുപ്രീം കോടതി ഖണ്ഡിതമായി വ്യക്തമാക്കിയത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ മൂന്നിലൊന്ന് സ്ഥാപനങ്ങളേ സർക്കാരിനുള്ളൂ. ബാക്കി രണ്ടരയിരട്ടി മാനേജ്‌മെന്റുകൾക്കാണ് എന്നു വരുമ്പോഴാണ് ഈ അനീതിയുടെ ചിത്രം വ്യക്തമാകുക.
ഇപ്പോൾ ചർച്ചയായ ഭിന്നശേഷി നിയമനം തന്നെ മറ്റൊരു അട്ടിമറിക്കുള്ള ടൂളാണ്. ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകൾ ഒഴിച്ചിട്ട് ശേഷിക്കുന്നവയിൽ സ്ഥിരനിയമനം നടത്താൻ അനുമതി നൽകണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. അതേസമയം, 10 ശതമാനം EWS സംവരണം പോലും എൻ എസ് എസ് സ്ഥാപനങ്ങളിൽ നടപ്പാക്കിയില്ലെന്നും കാണണം. മറ്റൊന്ന്, സംവരണം ഏർപ്പെടുത്തിയാൽ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിൽ എത്തുമോയെന്ന ഭീതിയാണോയെന്ന് ന്യായമായും സംശയിക്കാം.
പൊതു ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഭീമമായ തുക, പ്രബല സാമുദായിക സംഘടനകൾ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കിടയിൽ മാത്രം വിതരണം ചെയ്യുന്നു എന്നത് സാമൂഹികനീതിയെ അടിത്തറയിലാക്കുന്ന ഏർപ്പാടാണ്. നാല് ശതമാനം വരുന്ന ഭിന്നശേഷി സംവരണം തന്നെ സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലിലൂടെ ഉണ്ടായതാണ്. അതുപോലും പാലിക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന വാദവുമായാണ് എൻ എസ് എസ് സുപ്രിംകോടതിയെ സമീപിച്ചത്. ആ വിധി എല്ലാവർക്കും ബാധകമാക്കണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. അധിക തസ്തികകളിൽ നിയമനം നടത്തുമ്പോൾ സമാനമായ എണ്ണം നിയമനം സംരക്ഷിത അധ്യാപകർക്ക് നല്കണമെന്ന നിർദേശവും ഈ സ്ഥാപനങ്ങളിലേറെയും പാലിച്ചിട്ടില്ല.
പൊതുഖജനാവിലെ തുക സാമൂഹിക നീതി സങ്കൽപ്പത്തിനു വിരുദ്ധമായി ചെലവഴിക്കപ്പെടുന്നു എന്നതിനു പുറമെ, വലിയ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക പ്രത്യാഘാതങ്ങളും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുത്തിവെക്കുന്നുണ്ട്. കേരളീയ സമൂഹത്തിന്റെ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പല പ്രവണതകളും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് എന്നതാണ് വാസ്തവം. സാമുദായിക സംഘടനകൾ അവരവരുടെ രാഷ്ട്രീയ താത്പര്യങ്ങളെ സാമുദായിക ലേബലിൽ പുതിയ തലമുറയിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ഒരു മാർഗ്ഗമായിട്ടു കൂടിയാണ് ഇത്തരം സ്ഥാപനങ്ങളെ കാണുന്നത്. സാമുദായിക- രാഷ്ട്രീയ താല്പര്യത്തിന്റെ പുനരുത്പാദനമാണ് ഇവിടെ നടക്കുന്നത്. കേരളീയ സമൂഹം ഇന്നകപ്പെട്ട സാമുദായിക ധ്രുവീകരണ പ്രതിസന്ധിയുടെ സ്രോതസ് കൂടിയാണ് എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
സംഭാവന എന്ന പേരിലറിയപ്പെടുന്ന കോഴയിലൂടെ എയ്‌ഡഡ് സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നവർ, പിന്നീട് ആ എക്സ്പീരിയൻസ് കാട്ടി, ഗവണ്മെന്റ് സ്ഥാപനങ്ങളിൽ മികച്ച പോസ്റ്റുകളിലേക്ക് എത്തുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പോസ്റ്റുകളിൽ നിയമിതരായ അധ്യാപകരിൽ ഏറെയും എയ്‌ഡഡ് സ്ഥാപനങ്ങളിലെ ജോലി പരിചയം മുൻനിർത്തി നിയമനം നേടിയവരാണ്. കോഴകൊടുത്തു വാങ്ങിയ എക്സ്പീരിയൻസിനെ ഗവണ്മെന്റ് സ്ഥാപനങ്ങളിലെ നിയമനത്തിനു പരിഗണിക്കുന്നതുതന്നെ തെറ്റാണ്. അങ്ങനെയുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന രീതി, അസമത്വവും അന്യായവും അനുപാതരഹിതവുമായ ഏർപ്പാടാണ്. ഏറ്റവും ചുരുങ്ങിയത്, എയ്‌ഡഡ് സ്ഥാപനങ്ങളിലെ ജോലിപരിചയം സർക്കാർ തലത്തിലുള്ള ഉയർന്ന തസ്തികകളിലേക്ക് പരിഗണിക്കില്ല എന്ന നിർദേശമെങ്കിലും കേരളത്തിൽ നടപ്പിലാക്കേണ്ടതായിരുന്നു. ഇതൊക്കെ സംബന്ധിച്ച് ഹൈകോടതിയിൽ നിലനിൽക്കുന്ന ഒട്ടേറെ കേസുകളിൽ മെല്ലെപ്പോക്ക് നയമാണ് കേസിലെ വിവിധ കക്ഷികൾ പിന്തുടരുന്നത്. അതിനു സഹായകമായ നിലപാടാണ് സർക്കാറുകളും പിന്തുടരുന്നത്.
മലബാറിലെ ജില്ലകളിൽ എയ്‌ഡഡ് സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി നിഷേധിക്കപ്പെടുന്നു എന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, കേരളത്തിലെ മുസ്‌ലിം സമുദായത്തിനു നേരെയുള്ള വെറുപ്പുൽപാദനത്തിനുള്ള ഇന്ധനമായി മാറുന്നത് നാം കണ്ടു. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടേതുൾപ്പടെയുള്ള എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക് വിടുക വഴി, സമുദായ സംഘടനകൾ, അവരുടെ സ്ഥാപനങ്ങളിലേക്ക് മറ്റു സമുദായക്കാർക്കുകൂടി വാതിലുകൾ തുറന്നിടണമെന്ന ആവശ്യം ഒരു മുസ്‌ലിം സംഘടന ഉന്നയിച്ചതിന്റെ പ്രാധാന്യം. മുസ്‌ലിം ലീഗ്, മുജാഹിദ് സംഘടനകൾ, ജമാഅത്തെ ഇസ്‌ലാമി, ഇ.കെ സമസ്ത തുടങ്ങിയ മുസ്ലിം സംഘടനകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും സാമൂഹിക നീതിയുടെ ഈ ചോദ്യത്തെ സമുദായ സംഘടനകൾക്ക് അഭിമുഖീകരിക്കാതിരിക്കാൻ കഴിയില്ല.

സമുദായങ്ങൾക്ക് പുറത്തു നിന്നല്ല അകത്തുനിന്ന് തന്നെയുള്ള പുതുതലമുറയിൽ നിന്നും ഇത്തരം ചോദ്യങ്ങൾ ഉയർന്നുവരാൻ തുടങ്ങിയിട്ടുണ്ട്. എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമങ്ങളിലൂടെ ഉണ്ടാക്കുന്ന ആശ്രിതരുടെ വിപുലമായ ശൃംഖലയിലൂടെയാണ് സാമുദായിക സംഘടനകൾ സമുദായത്തിനുമേലുള്ള അവരുടെ അധികാരം നിലനിർത്തുന്നതും സ്വാധീനമേഖല വിപുലീകരിക്കുന്നതും. അത് വേണ്ടെന്നുവെക്കുന്നത് എളുപ്പം ചെയ്യാവുന്ന കാര്യമല്ല. പക്ഷെ, അതിലൂടെ മാത്രം നിലനിർത്താൻ കഴിയുന്ന ഒന്നല്ല ഇന്ന് സാമുദായിക സ്വാധീനം. അവ പുതിയ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ വെല്ലുവിളികളെയും എളുപ്പം മുറിച്ചുകടക്കാൻ സമുദായ സംഘടനകൾക്ക് കഴിയില്ല. ഈ അസ്തിത്വ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതാണ് സമുദായ സംഘടനകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ആ വെല്ലുവിളി നേരിടാനുള്ള ഒരു മാർഗം സമുദായങ്ങൾക്കകത്തേക്ക് കൂടുതൽ കാറ്റും വെളിച്ചവും കടത്തിവിടുക എന്നതാണ്. അതിനു സഹായകമാകുന്ന പ്രധാന നീക്കമാണ് എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക് വിടുക എന്നത്. ആ വാതിൽ തുറക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിട്ടാണ് ബുഖാരി തങ്ങളുടെ പ്രസ്താവനയെ കാണേണ്ടത്. വിമോചന സമരത്തിൽ പങ്കെടുക്കുകയും പിന്തുണക്കുകയും ചെയ്ത സമുദായ സംഘടനകളിലൊന്നിന്റെ പിൻതലമുറ, ആ ആവശ്യത്തിൽ നിന്ന് പിന്മാറി മറുത്തൊരു നിലപാട് സ്വീകരിക്കുമ്പോൾ അത് ചരിത്രപരമായൊരു തെറ്റുതിരുത്തൽ കൂടിയാണ്.
എയ്ഡഡ് മേഖലയിലെ നിയമനം സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ ഒരിക്കൽ കൂടി പൊതുചർച്ചയിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക സ്‌പെക്ട്രത്തിൽ ഐതിഹാസിക പരിവർത്തനത്തിന് ആണിക്കല്ലാകുന്ന, നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ആവശ്യം നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നത്, അടിസ്ഥാന മനുഷ്യർക്ക് അവകാശപ്പെട്ട സാമൂഹിക നീതിയുടെ നടപ്പാക്കലാണ്. എല്ലാ മനുഷ്യരുടെയും ഉന്നമനവും മുന്നോട്ടുപോക്കുമാണ് പരിഷ്‌കൃത സമൂഹത്തിന്റെ അടയാളം. അത്തരമൊരു ആവശ്യമാണ് സയ്യിദ് ഖലീൽ അൽ ബുഖാരി ഉന്നയിച്ചതും.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുന്നണികളുടെ പ്രകടനപത്രികകളിൽ ഇടംപിടിക്കാൻ കഴിയുന്ന വിധത്തിൽ ഈ ആവശ്യത്തെ കേരളീയ പൊതുസമൂഹം പിന്തുണക്കണം. ഇക്കാര്യത്തിൽ ആദ്യം വേണ്ടത് മുന്നണി വൈജാത്യമില്ലാത്ത രാഷ്ട്രീയ പിന്തുണയാണ്.


