സ്​റ്റേറ്റ്​ സിലബസ്​ കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി

കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്, എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം ഹയർ സെക്കന്ററി പരീക്ഷയിലെ ശാസ്ത്രവിഷയങ്ങളിലെ മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി നിശ്ശബ്ദമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഇക്കുറി പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടാൻ സാധ്യതയുണ്ട് എന്ന കാര്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു വൻ അട്ടിമറിയാണ് തലസ്ഥാനത്തെ സി.ബി.എസ്.ഇ ലോബിയുടെ ഒത്താശയോടെ നടന്നിരിക്കുന്നത്

കുറച്ചു ദിവസങ്ങൾ മുൻപ് ‘രണ്ടു നീക്കങ്ങൾ കരുതിയിരിക്കുക' എന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെ അക്കാദമിക സമൂഹം ഏറെക്കാലമായി നടപ്പിലാക്കാൻ മുറവിളി കൂട്ടിയതിന്റെയും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ, കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്താൻ നേരത്തെ സർക്കാർ കൈക്കൊണ്ട ഒരു തീരുമാനം ആസൂത്രിതമായി അട്ടിമറിക്കാൻ ഉന്നതങ്ങളിൽ ശ്രമം നടക്കുന്നുണ്ട്; അതിനെ കരുതിയിരിക്കണം എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്.

അതിനടിയിൽ പൊതുവിദ്യാഭ്യാസത്തിനൊപ്പം എന്നും ഒപ്പം നിന്നിരുന്ന സുഹൃത്തുക്കൾ, കേവലമായ ഭയമാണ് ഇതെന്നും ഇടതുപക്ഷത്തിൽനിന്ന് അത്തരം തീരുമാനങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിൽ പ്രധാനപ്പെട്ട ഒരു തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നു. ഭയപ്പെട്ടത് യാഥാർത്ഥ്യമായിരിക്കുന്നു. ഉന്നതങ്ങളിൽ നടക്കുന്ന ലോബിയിംഗിന് തീരുമാനങ്ങൾ കൈക്കൊള്ളുന്നവരെ സ്വാധീനിക്കാൻ ഇടതു-വലതു പക്ഷ വ്യത്യാസമില്ലാതെ കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇത്തവണ കുട്ടികൾക്ക്​ മുഴുവൻ സ്​കോറും

കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്, എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം ഹയർ സെക്കന്ററി പരീക്ഷയിലെ ശാസ്ത്രവിഷയങ്ങളിലെ മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി നിശ്ശബ്ദമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കോവിഡ് മറയാക്കി എന്തും ചെയ്യാം എന്ന നയത്തിന് ഒരു കേരളാ മോഡൽ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ 12ാം ക്ലാസിന് പൊതുപരീക്ഷ നടന്നില്ല എന്ന കാരണമാണ് അതിനായി ഉന്നയിക്കപ്പെട്ടത്. എന്നാൽ പൊതുപരീക്ഷ ഇല്ലെങ്കിലും അവർക്ക് ഒരു സർട്ടിഫിക്കറ്റ് ഇക്കൊല്ലം കൊടുക്കില്ലേ? അതിൽ അവരുടെ അക്കാദമിക നിലവാരം രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ? അതിനായി അവലംബിക്കേണ്ട മാർഗങ്ങളെക്കുറിച്ചല്ലേ ദേശീയ മാധ്യമങ്ങൾ അടക്കം പല ദിവസങ്ങളിലായി ചർച്ച ചെയ്യുന്നത്? 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയും 12ാം ക്ലാസിലെ സ്‌കൂൾ തല പരീക്ഷയുടെയും വെളിച്ചത്തിൽ അത് നൽകാം എന്ന സമിതി തീരുമാനം വന്നില്ലേ?

അപ്പോൾ അവരുടെ കയ്യിൽ ഒരു മാർക്ക് ലിസ്റ്റും അതിൽ ഓരോ വിഷയത്തിനും മാർക്കും ഇല്ലാത്തതല്ല ഈ തീരുമാനത്തിനുപിന്നിൽ. അത് കേരളത്തിലെ കുട്ടികളുടെ മാർക്കുമായി സമീകരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുമല്ല പ്രശ്‌നം. ഒറ്റക്കാരണമേ അതിനുള്ളൂ- കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഇക്കുറി പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടാൻ സാധ്യതയുണ്ട് എന്നതിനാൽ. അക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണ് സത്യത്തിൽ വിജയം കണ്ടത്. എന്തുകൊണ്ടാണ് അത്? കോവിഡിന്റെ ഭീതിതമായ ഒരു സാഹചര്യത്തിൽ കേവലം ചാനൽ ക്ലാസുകൾ മാത്രം കേട്ടുകൊണ്ടും അഞ്ചോ പത്തോ ദിവസം മാത്രം (ഒരു കുട്ടിക്ക് ) കിട്ടിയ റിവിഷൻ ക്ലാസുകളിൽ പങ്കെടുത്തും ആണ് കേരളത്തിലെ കുട്ടികൾ അവരുടെ ഭാവിയെ നിശ്ചയിക്കുന്ന പ്രധാനപ്പെട്ട ഒരു പൊതുപരീക്ഷയെ അഭിമുഖീകരിച്ചത്. തീർച്ചയായും കുട്ടികളുടെ പക്ഷത്തുനിൽക്കുന്ന ഒരു പഠനരീതിയുടെ ഭാഗമായ കേരളത്തിലെ സ്‌കൂൾ സംവിധാനം അവരോടൊപ്പം നിന്നു. പാഠപുസ്തകത്തിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ഫോക്കസ് ഏരിയ നിശ്ചയിച്ചു. ചോദ്യങ്ങളിൽ പരമാവധി ഓപ്ഷൻ നൽകി. നിശ്ചിത സമയത്തിനകത്ത് കുട്ടിക്ക് എഴുതാവുന്ന പരമാവധി ഉത്തരങ്ങളും മൂല്യനിർണയം നടത്താനുള്ള തീരുമാനമുണ്ടായി. ശരിയായ ധാരണക്കുറവുകൊണ്ട് മിടുക്കരായ വിദ്യാർത്ഥികൾക്കുപോലും നഷ്ടപ്പെടാവുന്ന മൂന്നോ നാലോ മാർക്കുകൾ, അധികമായി എഴുതുന്ന ശരിയായ ഉത്തരങ്ങൾ കൊണ്ട് പൂരിപ്പിക്കാൻ അവർക്കുകഴിഞ്ഞു. സ്വാഭാവികമായും ഒട്ടേറെ കുട്ടികൾക്ക് മുഴുവൻ സ്‌കോറും തന്നെ ഇങ്ങനെ വാങ്ങിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരെ തോൽപ്പിക്കാനാണ് സി.ബി.എസ്. ഇ ലോബി കളിച്ചത്.

തീരുമാനം ചോദ്യപേപ്പർ നിർമാണ ശിൽപശാലയിലോ?

ആ കളി ചില്ലറയല്ല. ആദ്യം ചെയ്തത്, അക്കാദമികമായ വലിയ ആലോചന നടത്തി എടുത്ത ചോദ്യഘടനയിലെ മാറ്റം റദ്ദാക്കാൻ അവർക്കുകഴിഞ്ഞു. അടുത്ത് നടക്കാൻ പോകുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പർ ഒരു ചർച്ചയും കൂടാതെ മാറ്റാൻ അവർക്ക് സാധിച്ചു. പഴയതുപോലെ കൃത്യമായി ഓരോ വിഭാഗത്തിലുമായി ഓപ്ഷനുകൾ ഒതുക്കി. പരമാവധി മാർക്കിനുമേൽ എഴുതുന്ന ശരിയായ ഉത്തരങ്ങൾ പോലും മൂല്യനിർണയം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചു. ആരറിഞ്ഞു ഈ മാറ്റം. ഇന്നുവരെ പ്രഖ്യാപിച്ചോ? ഇല്ല. ചോദ്യപേപ്പർ നിർമാണത്തിൽ പങ്കെടുത്ത ആളുകൾക്ക് നൽകിയ നിർദ്ദേശം അതിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞാണ് അക്കാദമിക സമൂഹം മനസ്സിലാക്കിയത്.

ഇപ്പോഴും കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഈ തീരുമാനം അറിഞ്ഞിട്ടില്ല. അവർ ഇപ്പോഴും പരീക്ഷകൾ 10ാം ക്ലാസിലും 12ാം ക്ലാസിലും നടന്നതു പോലെത്തന്നെയായിരിക്കും എന്ന് വിചാരിച്ചിരിക്കുന്നു. ഒറ്റ ക്ലാസ് പോലും നേരിട്ട് ലഭിക്കാതെ നടക്കുന്ന ഒരു പൊതു പരീക്ഷയെക്കുറിച്ചുള്ള പേടിയാൽ പരിഭ്രാന്തരാകുന്ന കുഞ്ഞുങ്ങളോട് അധ്യാപകർ ഇപ്പോഴും പറയുന്നു, ഭയപ്പെടേണ്ട, പരീക്ഷ എളുപ്പമുള്ളതായിരിക്കും. നല്ല സ്‌കോർ ലഭിക്കും. ചോദ്യപേപ്പർ നിങ്ങളുടെ പരിമിതികൾ കണ്ടറിഞ്ഞ് ഉണ്ടാക്കിയതാവും. എന്നൊക്കെ. എന്ത് അവസ്ഥയാണ്. സർക്കാർ അക്കാദമിക സ്ഥാപനങ്ങളുമായി ആലോചിച്ച് കുട്ടികളുടെ പക്ഷത്തുനിന്നെടുത്ത തീരുമാനം കുയുക്തികൾ വെച്ച് ചോദ്യപേപ്പർ നിർമ്മാണ ശിൽപ്പശാലയിൽ വെച്ച് ചിലർ ചേർന്ന് അട്ടിമറിക്കുക.

മറിച്ച്, ഇക്കാര്യത്തെക്കുറിച്ച് അധ്യാപക സംഘടനകളുമായും വിദ്യാർത്ഥിസംഘടനകളുമായും ആലോചിച്ചിരുന്നെങ്കിൽ അവർ അത് കേരളത്തിലെ വിദ്യാർത്ഥികളോട് തുറന്നു പറയണം. പൊതുപരീക്ഷകൾക്കായി മൊത്തത്തിൽ എടുത്ത തീരുമാനം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മാത്രം നിഷേധിക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന്. സി.ബി.എസ്.ഇ ലോബിയുടെ ശക്തി തിരിച്ചറിയാൻ ഈ ഒറ്റക്കാര്യം മതി. അന്നേ പ്രവേശന പരീക്ഷയുടെ നിലവിലുള്ള ഘടന ഇവരാൽ അട്ടിമറിക്കപ്പെടും എന്ന് പറഞ്ഞുകേട്ടിരുന്നു. അതാണ് ഒരു ഉൾഭയമായി "കരുതിയിരിക്കണം' എന്ന് എഴുതിയത്. ഒരു കരുതലിലും കാര്യമില്ല. ഇതിലപ്പുറവും നടക്കും. ഇങ്ങനെയാണെങ്കിൽ കേരളത്തിലെ എല്ലാ ഡിഗ്രി കോഴ്‌സുകളിലേക്കും ഇക്കുറി പ്രവേശന പരീക്ഷകൾ നടത്തി അതിന്റെ മാർക്ക് സ്വീകരിച്ചാൽ മതിയാകും എന്നുകൂടി തീരുമാനിക്കണം. എഞ്ചിനീയറിംഗ് കോഴ്‌സുകൾ മാത്രം പവിത്രവും അവിടേക്കുമാത്രം പ്ലസ് ടു വിലെ സ്‌കോർ വ്യാജവും ആവുന്നതെങ്ങിനെ? കേരളത്തിലെ സർവ്വകലാശാലകളിലെ ബിരുദകോഴ്‌സുകൾ രണ്ടാം തരമാണോ? അവിടേക്ക് സി.ബി.എസ്.ഇക്കാർ അപേക്ഷിക്കില്ലേ? ഐ.സി.എസ്.ഇക്കാർക്ക് വർജ്ജ്യമായതുകൊണ്ടാണോ അവിടെ കേരളത്തിലെ പൊതുവിദ്യാലയത്തിലെ പ്ലസ് ടു കുട്ടികൾ നേടിയ വ്യാജമാർക്കുകൾ സ്വീകരിച്ചോട്ടെ എന്ന ഉദാരസമീപനം?

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള പരിശോധനങ്ങൾക്ക് വിദ്യാർഥികളെ വിധേയരാക്കിയപ്പോൾ

കോവിഡിന്റെ കനത്ത അസ്വസ്ഥതയിലും പി.പി.ഇ കിറ്റിട്ട് സന്നദ്ധപ്രവർത്തകർ ഒരുക്കിയ വാഹനത്തിൽ വന്ന് പരീക്ഷയെഴുതിയ കുട്ടികളെ മറക്കാൻ കഴിയില്ല. എല്ലാ റിസ്‌കുകളും എടുത്ത്, അവർക്ക് പരീക്ഷയെഴുതാനുള്ള സർവ്വകാര്യങ്ങളും ഒരുക്കിയ അധ്യാപകരെ ഓർക്കാതിരിക്കാനാവില്ല. പരീക്ഷാപ്പേടിയിൽ അസ്വസ്ഥരായിരുന്ന നിരവധി കുഞ്ഞുങ്ങളുടെ സങ്കടം കാണാതിരിക്കാൻ കഴിയില്ല. അതെല്ലാം വെറുതെയായിരിക്കുന്നു. നമ്മൾ രാജ്യത്തിന് മാതൃകയാകാൻ നടത്തിയ ലക്ഷക്കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരീക്ഷ വെള്ളത്തിൽ വരച്ചവര പോലെ എവിടെയും കാണാതായിരിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് പ്രയാസപ്പെട്ടാണെങ്കിലും കൃത്യസമയത്ത് പേപ്പറുകൾ ലോക്ക്ഡൗൺ കാലത്ത് മൂല്യനിർണയം നടത്തിയ അധ്യാപകർ വിഡ്ഢികളാകുന്നു. പ്രവേശന പരീക്ഷാറാങ്കിന് പരിഗണിക്കുന്നതുകൊണ്ട് ബാർകോഡിട്ട പരീക്ഷാ പേപ്പർ, ഒരു പേപ്പർ തന്നെ സ്‌കോർ നൽകുന്ന ഭാഗം മറച്ചു വെച്ച് രണ്ടുപേരെക്കൊണ്ട് നോക്കിക്കുക, പത്തു ശതമാനത്തിൽ കൂടുതൽ സ്‌കോർ വ്യത്യാസമുണ്ടെങ്കിൽ മൂന്നാമതൊരാളെക്കൊണ്ട് നോക്കിക്കുക... എന്തൊക്കെയായിരുന്നു! ഒടുവിൽ പവനായി ശവമായി എന്ന സിനിമാ ഡയലോഗ് ആണ് ഓർമവരുന്നത്.

കോവിഡിനെ മറയാക്കി ഒരു സി.ബി.എസ്.ഇ കളി

എന്തുകൊണ്ട് സി.ബി.എസ്.ഇ ഇവിടുത്തെ വിദ്യാഭ്യാസ നയ തീരുമാനങ്ങളുടെയും കേന്ദ്രമാവുന്നു? കേരളത്തിൽ നാലുലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിൽ ഹയർ സെക്കന്ററിക്ക് പഠിക്കുന്നുണ്ട്. എന്നാൽ ഇരുപതിനായിരത്തിനടുത്ത് മാത്രമാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർ സെക്കന്ററിയിൽ പഠിക്കുന്ന കുട്ടികൾ. കേരളത്തിലെ 1200 ൽ പരം സി.ബി.എസ്.ഇ സ്‌കൂളുകളിൽ വളരെ കുറച്ചെണ്ണത്തിൽ മാത്രമാണ് ഹയർ സെക്കന്ററി വിഭാഗം ഉള്ളതുതന്നെ. ശരിയായ ഹയർ സെക്കന്ററി പഠനത്തിന് ആവശ്യമായ നല്ല സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒക്കെ ഒരുക്കാൻ ഇവയിൽ പലതിനും പാങ്ങില്ല. ഉള്ളവയിൽ തന്നെ ഭൂരിപക്ഷവും എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ അനുബന്ധമാണ്. അവിടെയാണ് എൻട്രൻസ് മുഖ്യലക്ഷ്യമായ ഉന്നതരുടെ മക്കൾ പഠിക്കുന്നത്.

അവിടെയാണെങ്കിൽ ലാബും ലൈബ്രറിയും ഒന്നുമല്ല മുഖ്യം. അവർ ശരിയായി പഠിക്കുന്നത്, എൻട്രൻസ് റാങ്കിനുവേണ്ടിയാണ്. ഒറ്റവാക്കിൽ എങ്ങനെ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം എന്നത് മാത്രമാണ് പഠനലക്ഷ്യം. എല്ലാ ദിവസവും ഇത്തരത്തിലാണ് പരീക്ഷകൾ. കടുത്ത സമ്മർദ്ദങ്ങൾ നേരിട്ടും കുട്ടികൾ ഈ കഠിനപരീക്ഷണങ്ങൾക്ക് തലവെച്ച് കൊടുക്കുന്നത്, കേരളത്തിന്റെ അഭിമാനമായ എഞ്ചിനീയറിംഗ് കോളേജുകളിൽ മികച്ച സാധ്യതയുള്ള ബ്രാഞ്ചുകൾ ലഭിക്കുന്നതിനായാണ്. അങ്ങനെ നല്ല കോളേജുകളിലെ നല്ല കോഴ്‌സുകളിൽ അവർ മാത്രം പ്രവേശിക്കപ്പെടുന്ന ഒരവസരത്തിലാണ് ഹയർ സെക്കന്ററി സ്‌കോറും റാങ്ക് ലിസ്റ്റിനു പരിഗണിക്കും എന്ന തീരുമാനം കേരള സർക്കാർ എടുത്തത്. അതോടെ കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുഞ്ഞുങ്ങൾക്കും അവ ലഭിക്കാൻ തുടങ്ങി. തീർച്ചയായും ഇത് ഈ ലോബിയുടെ ഉറക്കം കെടുത്തിയിരുന്നു. അവർ കോടതിയിൽ പോയി ഈ തീരുമാനം റദ്ദാക്കാൻ. ഒന്നും നടന്നില്ല. അങ്ങനെ ആ തീരുമാനം അട്ടിമറിക്കാൻ തക്കം പാർത്തിരുന്നവർ കോവിഡിനെ മറയാക്കി പൊടുന്നനെ കളിച്ച കളിയാണ് ഇപ്പോൾ ജേതാക്കളെ നിശ്ചയിച്ചത്. മികച്ച ഗോളടിക്കാർ ഇപ്പോൾ അവർക്കൊപ്പം ആണ്. അപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണക്കാർക്കും ആർത്തുവിളിക്കാം, ‘വിവാ സി.ബി.എസ്.ഇ'.

അവരിനി അഭ്യാസങ്ങളിൽ മുഴുകട്ടെ...

ഒരുകാര്യമെങ്കിലും ദയവായി ചെയ്യണം സാർ. ഈ മാസം 28 മുതൽ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികൾക്ക് രണ്ടാം വർഷം ബാക്കിയുള്ള പ്രാക്റ്റിക്കൽ പരീക്ഷ നടക്കുകയാണ്. കോവിഡ് നമ്മുടെ പരിസരങ്ങളിൽ നിന്നും വിട്ടുമാറിയിട്ടില്ല. ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചിട്ടില്ല. ചിലേടങ്ങളിൽ ഇപ്പോഴും മുപ്പൂട്ടാണ്. ജീവൻ കൈയ്യിൽ വെച്ച് ഇനിയെങ്കിലും ആ കുട്ടികളെ പരീക്ഷയുടെ പേരും പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ചുവരുത്തരുത്. അല്ലെങ്കിൽ തന്നെ ഇപ്പോൾ അവർ പരാജയപ്പെട്ടവരാണ്. കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് അവർ നേടിയ വിജയം വ്യാജമാണെന്ന് നമ്മൾ തന്നെ സമ്മതിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നമ്മൾ നടപ്പാക്കിയ പരീക്ഷാഭേദഗതികൾ പാളിപ്പോയെന്ന് നമ്മൾ തന്നെ അംഗീകരിച്ചിരിക്കുന്നു. ഇത്രയും കാലം, ഒരു പരീക്ഷാപ്പേടിയുമില്ലാതെ എൻട്രൻസ് കോച്ചിംഗ് മാത്രം നടത്തി അതിൽ വിജയം ഉറപ്പിച്ചിരിക്കുന്ന സി ബി.എസ്.ഇക്കാർക്കും ഐ.സി.എസ്.ഇക്കാർക്കും ഒപ്പമെത്താൻ കഴിയില്ലെങ്കിലും, പ്രവേശന പരീക്ഷയ്ക്ക് ഇനി ബാക്കിയുള്ള സമയത്ത്, അവർ ഒറ്റവാക്കിൽ ഉത്തരം ചുരുക്കാനുള്ള അഭ്യാസങ്ങളിൽ മുഴുകട്ടെ!


Comments