പി.​ പ്രേമചന്ദ്രന്​ ‘സെൻഷർ’: അക്കാദമിക വിമർശനത്തിന്​ ഒരിടതുപക്ഷ സർക്കാർ ഭരിക്കുമ്പോള്‍ ലഭിക്കപ്പെട്ട ആദ്യ ശിക്ഷ

എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ ഫോക്കസ് ഏരിയ, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിദ്യാര്‍ഥി വിരുദ്ധ നടപടികളെ വിമര്‍ശിച്ച അധ്യാപകന്‍ പി. പ്രേമചന്ദ്രന് ‘സെന്‍ഷര്‍' ശിക്ഷ. ഫോക്കസ് ഏരിയ നിര്‍ണയിച്ചതിലെ പ്രശ്‌നങ്ങളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ട്രൂകോപ്പി തിങ്കിലൂടെയാണ് പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്.

Think

സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ ഫോക്കസ് ഏരിയ, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ വിദ്യാര്‍ഥി വിരുദ്ധ സമീപനത്തെ വിമര്‍ശിച്ച അധ്യാപകന്‍ പി. പ്രേമചന്ദ്രന് ‘സെന്‍ഷര്‍' ശിക്ഷ നല്‍കി അച്ചടക്ക നടപടി പൂര്‍ത്തീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് പ്രേമചന്ദ്രന്‍ നല്‍കിയ മറുപടി തൃപ്തികരമല്ല എന്നും, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിലൂടെ അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുന്നതായും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന പരീക്ഷാനടത്തിപ്പിനെക്കുറിച്ച് വിമര്‍ശനം നടത്തി വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തി സര്‍ക്കാറിന് എതിരെയാക്കാന്‍ ശ്രമിച്ചു എന്ന കുറ്റാരോപണവും ഉത്തരവിലുണ്ട്.

പരീക്ഷാ വിഭാഗം ജോയിൻറ്​ ഡയറക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍, താന്‍ ആവിഷ്‌കാരം സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്നും അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവുമായി ഇതിനെ കണ്ട് തന്റെ അക്കാദമിക സേവനങ്ങള്‍ കണക്കിലെടുത്ത് ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഫോക്കസ് ഏരിയ നിര്‍ണയിച്ചതിലെ പ്രശ്‌നങ്ങളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ട്രൂകോപ്പി തിങ്കിലൂടെയാണ് പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്താന്‍ നേരത്തെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ആസൂത്രിതമായി അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ കരുതിയിരിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കാതല്‍. 31 വർഷത്തെ സർവീസിനുശേഷം അ​ദ്ദേഹം ഈ വർഷമാണ്​ വിരമിച്ചത്​.

സര്‍ക്കാറിന്റെ ശിക്ഷാ നടപടിയെക്കുറിച്ച് പി. പ്രേമചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പ്: ‘‘എനിക്കുവേണ്ടി നിലകൊണ്ട എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു. നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളില്‍ അത്തരം ചേര്‍ന്നുനില്‍ക്കലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ തളര്‍ന്നുപോവുമായിരുന്നു. മാപ്പുപറയണം, കുറ്റം സമ്മതിക്കണം, ചെയ്തുപോയത് ശരിയായില്ല എന്നേറ്റുപറയണം എന്നിത്യാദി ഉപദേശങ്ങള്‍ നേരിട്ടുനല്‍കിയവരുടെ സ്‌നേഹകാപട്യങ്ങളില്‍ വീഴാതെ നിന്നത് നേരിട്ടറിയുന്നവരും അല്ലാത്തവരുമായ സുഹൃത്തുക്കള്‍ പരസ്യമായി നല്‍കിയ പിന്തുണയിലാണ്.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടെങ്കിലുമായി കേരളത്തിലെ പാഠ്യപദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടന്നതുകൊണ്ടും പൊതുവിദ്യാഭ്യാസത്തെ ജീവനെക്കാള്‍ പ്രധാനവുമായി കരുതുന്നതുകൊണ്ടുമാണ് ഒരു നിര്‍ണ്ണായകമായ ഘട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം നിന്ന് അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. പാഠ്യപദ്ധതി സമീപനത്തെ ഇല്ലാതാക്കുന്ന, കുട്ടികളെ ഉത്കണ്ഠയുടെ മുള്‍മുനയിലേക്ക് വലിച്ചെറിയുന്ന തീരുമാനങ്ങള്‍ ചില ഉദ്യോഗസ്ഥപ്രമാണിമാരുടെ മുന്‍കൈയില്‍ പൊതുപരീക്ഷയ്ക്ക് തൊട്ടുമുന്നില്‍ അതിനിഗൂഡമായി എടുത്തപ്പോള്‍, അത് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അനുഭവിച്ച സംഘര്‍ഷങ്ങളാണ് ആ പ്രതികരണത്തില്‍ ഉണ്ടായത്. പൊതുവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു നിലവിളി മാത്രം. അതിന്റെ പേരില്‍ കുറ്റപത്രങ്ങള്‍, വിചാരണകള്‍, അവസാനപ്രവൃത്തിദിനംവരെ ഭീഷണികള്‍... അപ്പോഴൊക്കെ ഒന്നുമുണ്ടാവില്ല എന്നും പലരും ഇടപെടുന്നുണ്ട് എന്നും പറഞ്ഞ ചങ്ങാതിമാരുണ്ട്. ഒന്നും നടക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. ഇത് ചിലരുടെ ജീവന്‍ മരണപ്രശ്‌നമാണ്. എന്നെ ശിക്ഷിച്ചിരിക്കും എന്ന് പരസ്യമായി പറഞ്ഞവര്‍ ചില്ലറക്കാരല്ല.. അവര്‍ ആരെയും പറഞ്ഞുപറ്റിക്കാന്‍ മിടുക്കരാണ്.. ഏതുപക്ഷവും അവര്‍ക്കൊപ്പമേ നില്‍ക്കൂ... അവരുടെ വാശി ജയിക്കുന്നതില്‍ വ്യക്തിപരമായി കേവലം ഒരു മാഷായ എനിക്ക് പ്രയാസമൊന്നുമില്ല. പക്ഷേ, എന്നില്‍ ചാര്‍ത്തിയ കുറ്റമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം.

31 വര്‍ഷത്തെ സര്‍വ്വീസ് ഒരു സര്‍ക്കാര്‍ നടപടിയോടെ അവസാനിക്കുകയാണ്. ശിക്ഷ ചെറുതായാലും വലുതായാലും അതില്‍ ഒരു പ്രയാസവുമില്ല. അത് പക്ഷേ, ആ കുറ്റങ്ങളെ എന്നെന്നേക്കുമായി എനിക്കുമേല്‍ സ്ഥാപിക്കുന്നു. ഈ ശിക്ഷാവിധി ഒരു ചരിത്രരേഖയാവും. തീര്‍ച്ച. അക്കാദമികമായ ഒരു വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലഭിക്കപ്പെട്ട ആദ്യത്തെ ശിക്ഷയാവും. ശിക്ഷയെക്കുറിച്ചല്ല അതിനാധാരമാക്കിയ ചട്ടങ്ങളുടെ സാധുത, അതില്‍ എനിക്കെതിരെ ചാര്‍ത്തപ്പെട്ട അതിനീചമായ കുറ്റാരോപണങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്തുകൂടാത്തതായി അതിപ്പോഴും കരുതുന്ന കാര്യങ്ങള്‍, അതിലെ ചില വാക്യങ്ങള്‍.. അത് കേരളീയ പൊതുസമൂഹം ഇന്നല്ലെങ്കില്‍ നാളെ ചര്‍ച്ചചെയ്യപ്പെടും എന്നുതന്നെ വിചാരിക്കുന്നു. ഇതുവായിച്ചില്ലെങ്കിലും അത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കാനപേക്ഷിക്കുന്നു.

അന്തിമശിക്ഷാവിധി വരുന്നതുവരെ ഈ വിഷയത്തില്‍ ഒരു വാക്കുപോലും എഴുതരുത് എന്നുപറഞ്ഞ എല്ലാ സ്‌നേഹങ്ങളോടും ഒരിക്കല്‍ കൂടി നന്ദിപറയുന്നു. ഇനി അത് ബാധകമല്ലല്ലോ. 'ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും', 'അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും' വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനും അവസാനനിമിഷം വരെ സാധിച്ചത് എന്നെ അറിയുന്നവര്‍ നല്‍കിയ ഉള്‍ക്കരുത്തിനാലാണ് എന്നുമാത്രം പറയട്ടെ. ഒരിക്കല്‍ കൂടി എല്ലാത്തിനും സ്‌നേഹം, നന്ദി.''

Comments