നടപ്പാക്കാൻ അപ്രായോഗികമായ കാര്യങ്ങൾ കൂടി പൊതുചർച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് അത്ര നിഷ്കളങ്കമായ രാഷ്ട്രീയമല്ല എന്ന് ഇന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. ആഴത്തിൽ അക്കാദമികമായും മറ്റുതലങ്ങളിൽ രാഷ്ട്രീയമായും സംഘടനാപരമായും ചർച്ചചെയ്യേണ്ട വിഷയങ്ങൾകൂടി മാധ്യമച്ചർച്ചയ്ക്ക് എറിഞ്ഞുകൊടുക്കുന്ന രീതിശാസ്ത്രവും പ്രബലമാവുകയാണ്. എങ്കിലും വേനലവധി വർഷാവധിയാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ ചില നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു.
1. കേരളത്തെ സംബന്ധിച്ച് ഏറ്റവും അസഹനീയമായ വിദ്യാഭ്യാസകാലം വേനൽക്കാലമാണ്. പാലക്കാട് പോലുള്ള ജില്ലകളിൽ 45 ഡിഗ്രി വരെ ചൂട് വർദ്ധിക്കുന്നു. വർഷം കഴിയുംതോറും ചൂട് കൂടിവരുന്നു. മുതിർന്നവർക്കടക്കം സൂര്യാഘാതമേൽക്കുന്നു. പലരും ചൂട് സഹിക്കാതെ തളർന്നുവീഴുന്നു. പ്രവർത്തിസമയം സർക്കാർ തന്നെ പകൽ ചുരുക്കി നിശ്ചയിക്കുന്നു. ക്ലാസിലിരുന്ന് പഠിക്കാൻ കുട്ടികൾക്ക് ഏറ്റവും ദുഷ്കരമായ കാലം വേനൽക്കാലമാണ്. കുട്ടികൾ പലരും തളർന്ന് വാടിക്കുഴഞ്ഞാണ് ക്ലാസിലിരിക്കുക. അധ്യാപകരും ഏറ്റവും ക്ഷീണിക്കുന്ന കാലം. ക്ലാസിലിരുന്ന് പഠിക്കാനും തുടർപഠനങ്ങൾ വീട്ടിൽ നിന്ന് നിർവഹിക്കാനും ഏറ്റവും കഠിനമായകാലം. ഈ കടുത്ത വേനൽക്കാലത്ത് പ്രവർത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടവയല്ല പല സ്കൂൾ കെട്ടിടങ്ങളും. കാറ്റും വെളിച്ചവും തുറന്നു കിട്ടുന്ന രീതിയിലല്ല അവ നിർമ്മിച്ചത്. മഴക്കാലത്തെ പ്രതിരോധിക്കുന്ന രീതിയിലാണ് അവയുടെ അടിസ്ഥാന നിർമ്മാണം.
2. കേരളത്തിൽ ഹയർസെക്കൻഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ചുരുങ്ങിയത് 65 ആണ്. ഭാഷാ വിഷയങ്ങളിൽ 80 മുതൽ 100 വരെയാവുന്ന സന്ദർഭങ്ങളുണ്ട്. ഇത്രയും മുതിർന്ന കുട്ടികൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5വരെ കടുത്ത വേനൽക്കാലത്ത് ഒരു ക്ലാസ് മുറിയിൽ തിങ്ങിയിരിക്കുക എന്നത് അസഹനീയമാണ്. ഒരുതരത്തിലുള്ള പഠനപ്രവർത്തനവും നടക്കില്ല എന്നുമാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാക്കാവുന്ന ഒന്ന്. സ്കൂളിലെ മൂത്രപ്പുരകളുടെയും മറ്റും അവസ്ഥ കാരണം ആവശ്യത്തിന് വെള്ളം കുടിക്കാതുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ച്, പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്. അത് എത്രമാത്രം രൂക്ഷമാകും ഏപ്രിൽ മെയ് മാസങ്ങളിൽ എന്നത് ഊഹിക്കാം. പൊതുപരീക്ഷകൾഅക്കാലത്തുവെക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കാനിടയുണ്ട്.

3. മഴക്കാലത്തിന്റേതായ പ്രശ്നങ്ങൾ വളരെയധികമുണ്ടെങ്കിലും പഠനത്തിന് ഏറ്റവും ഉചിതമായ സമയം ജൂൺ- ജൂലൈ മാസമാണ്. അന്തരീക്ഷത്തിലെ പൊതുവിലുള്ള തണുപ്പും ഈർപ്പവും പഠനത്തിനനുയോജ്യമായ അന്തരീക്ഷം ക്ലാസ് മുറിയിൽ സൃഷ്ടിക്കും. തണുപ്പും മഴയുമാണ് മലയാളിയുടെ മനസ്സിനെയും കുളിർപ്പിക്കുന്നത്. ആ കുളിർമയിലാണ് പഠനത്തിന്റെ വിത്തുകൾ എളുപ്പം മുളച്ചുപൊന്തുക.
മഴക്കാലത്തിന്റേതായ പ്രശ്നങ്ങൾ വളരെയധികമുണ്ടെങ്കിലും പഠനത്തിന് ഏറ്റവും ഉചിതമായ സമയം ജൂൺ- ജൂലൈ മാസമാണ്.
4. വേനൽക്കാലത്ത് സ്കൂളുകൾ പ്രവർത്തിക്കുകയും മഴക്കാലത്ത് കുട്ടികളെ വീട്ടിലാക്കുകയും ചെയ്യുക എന്നത് അപകടകരമായ ഒന്നാണ്. വീടിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായ സ്ഥലം സ്കൂളാണ്. സ്കൂൾ പല നിലകളിൽ കുട്ടികളെ സംരക്ഷിക്കുന്ന ഇടം കൂടിയാണ്. പുറത്തും മഴയത്തും ഇറങ്ങി നടക്കാൻ പകൽ സ്വാഭാവികമായും സ്കൂൾ അധികം അവസരങ്ങൾ ഒരുക്കില്ല. പ്രത്യേകിച്ച് മാതാപിതാക്കൾ ജോലിക്ക് പോകുന്ന വീടുകളിൽ മഴക്കാലത്ത് പകൽ കുട്ടികളെ വീട്ടിൽ ഇരുത്തുക എന്നത് അപകടകരമാണ്. നിറഞ്ഞ പുഴയും വെള്ളക്കെട്ടുകളും കുളങ്ങളും ആഴമുള്ള കിണറുകളും എല്ലാം കൂടുതൽ അപകടം വരുത്തിവെക്കും. കൂടാതെ മഴക്കാലത്ത് പുറത്തിറങ്ങാൻ കഴിയാതെ ഒരു അവധിക്കാലം മുഴുവൻ വീട്ടിലിരിക്കേണ്ടിവരിക എന്നത് കുട്ടികളെ സംബന്ധിച്ച് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്.

5. യഥാർത്ഥത്തിൽ കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനമാണ് ഭരണാധികാരികൾ ആഴത്തിൽ പഠിക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യേണ്ട വിഷയം. തീർച്ചയായും അത് കൃത്യമായും ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ പുതിയ വികസനസങ്കൽപ്പനങ്ങളുമായാണ്. അവ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്ന് രക്ഷനേടാനുള്ള കുറുക്കുവഴികൾ ആലോചിക്കുന്നത് ശരിയായ രീതിയല്ല. അത് ഒരർത്ഥത്തിൽ വിഷയത്തിന്റെ കേന്ദ്രത്തിൽ നിന്ന് നമ്മളെ മാറ്റിനിർത്താനുള്ള ചില ഉപായങ്ങൾ മാത്രമായേ കാണാൻ കഴിയൂ.
യഥാർത്ഥത്തിൽ കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനമാണ് ഭരണാധികാരികൾ ആഴത്തിൽ പഠിക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യേണ്ട വിഷയം
6. കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടന്നു കഴിഞ്ഞു- കേരള കരിക്കുലം ഫ്രെയിം വർക്ക് 2023. കുട്ടികളടക്കം പലതലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു എന്നവകാശപ്പെടുന്ന ഒന്നാണ് അത്. അക്കാദമിക ഗവേഷണങ്ങളുടെയും ആലോചനകളുടെയും ഫലമായി രൂപീകരിക്കപ്പെടേണ്ട ഒരാശയം ഒരു സുപ്രഭാതത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ വെളിപാടായി അവതരിപ്പിക്കുന്നത് തന്നെ അക്കാദമിക വിരുദ്ധമായ ഒന്നാണ്. കേരളത്തിന്റെ അക്കാദമിക സമൂഹത്തിന്റെ ഒരു പൊതുപ്രശ്നമായിരുന്നെങ്കിൽ ആ സന്ദർഭങ്ങളിൽ മൗലികമായി ഉയർന്നുവരേണ്ട ഒന്നായിരുന്നു ഇത്. തികച്ചും അനുചിതമായ ഒരു സന്ദർഭത്തിൽ ഇത്തരം ആലോചനകൾ ഉണ്ടാകുന്നത് അതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയിക്കുന്നതിന് കാരണമായിത്തീരും.

7. സ്കൂൾ പ്രവൃത്തി ദിനങ്ങൾ ആലോചിക്കുന്ന ഒരു സന്ദർഭത്തിൽ, സ്കൂൾ അവധിയടക്കം ഉൾപ്പെടുത്തപ്പെടേണ്ടതായിരുന്നു. സ്കൂൾ പ്രവർത്തിസമയത്തെക്കുറിച്ചുള്ള ആലോചനകൾ പോലും എങ്ങനെ ഒരു മതവിഷയമായി മാറിയെന്നത് കേരളത്തിൽ നമ്മൾ കണ്ടതാണ്. അടിസ്ഥാനപരമായി വാർഷിക സ്കൂൾ അവധി ഒരുമിച്ച് രണ്ടുമാസം നൽകുന്ന രീതി അക്കാദമികമായ ആലോചനകളാൽ പരിഷ്കരിക്കാവുന്നതാണ്. ഹയർസെക്കൻഡറി വിദ്യാഭ്യാസമടക്കം സെമസ്റ്റർ രീതിയിലേക്ക് മാറ്റാനാലോചിക്കുന്ന ഒരു സന്ദർഭത്തിൽ പ്രത്യേകിച്ചും. വർഷത്തിൽ രണ്ട് തവണയായി ഈ അവധിയെ ക്രമീകരിക്കാവുന്നതാണ്. അതിനാവശ്യം അക്കാദമികമായ ചർച്ചകളാണ്. അത് പൊതുസമൂഹത്തിൽ ആദ്യമിട്ട് തട്ടിക്കളിക്കുന്നത് അനുചിതമാണ്.
8. കേരളത്തിന് തനിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കില്ല. കാരണം ഇവിടെ പ്രബലമായുള്ള മറ്റൊരു വിദ്യാഭ്യാസധാര സി ബി എസ് ഇ സ്കൂളുകളാണ്. അത്തരം സ്കൂളുകളുടെ കാര്യത്തിൽ ഈ തീരുമാനം നടപ്പാക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. കടുത്ത വേനലിൽസ്കൂളിൽ പോകണം എന്നത് അപ്പോൾ അവധി ആയിട്ടുള്ള സി ബി എസ് ഇ സ്കൂളുകളിലേക്ക് കുട്ടികൾ കൂട്ടത്തോടെ മാറുന്നതിനെ വഴിവെക്കൂ. മാത്രമല്ല ദേശീയതലത്തിലുള്ള പരീക്ഷകൾ, പ്രവേശനം തുടങ്ങി പല വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരാനിടയുണ്ട്.
9. കേരളത്തിലെ വിദ്യാഭ്യാസരംഗം ഗൗരവത്തിൽ ആലോചിക്കേണ്ട നിരവധി വിഷയങ്ങളിൽ നിന്ന് പോതുസമൂഹത്തിന്റെയും പൊതുവിദ്യാഭ്യാസത്തിന്റെയും ശ്രദ്ധ തെറ്റിക്കാൻ മാത്രമേ ഇത്തരം ഉള്ളുപൊള്ളയായ ചർച്ചകൾ സഹായകമാകൂ.
‘കീം’ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തോട് കഴിഞ്ഞ പത്തുപന്ത്രണ്ടു വർഷമായി തുടരുന്ന അതിനീചമായ വിവേചനത്തെക്കുറിച്ച് ഇപ്പോഴാണ് ഇവിടുത്തെ മന്ത്രിമാർ അടക്കമുള്ളവർക്ക് ബോധ്യമാവുന്നത്. അവരുടെ വകുപ്പുകൾ ചെയ്യുന്ന കാര്യമാണ്; എന്നിട്ടും! അത് പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ സാങ്കേതികമായി ഇക്കുറി പരാജയപ്പെട്ടു. അടുത്തവർഷമെങ്കിലും അത് സുഭദ്രമായി നടപ്പാക്കുന്നതിനുള്ള അടിയന്തര ആലോചനകൾ ഇപ്പോൾ നടക്കണം, സുപ്രീംകോടതിയിൽ നമ്മുടെ നിലപാട് അറിയിക്കണം തുടങ്ങിയ വിഷയങ്ങളുണ്ട്.
സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വലിയ പരിശോധനകൾ കർശനമായി നടക്കുകയും അവ തിരുത്തപ്പെടുകയും വേണം. പഴയ രീതിശാസ്ത്രത്തിലെക്ക് പഠനം അങ്ങനെതന്നെ കൂപ്പുകുത്തുന്ന പ്രവണതകൾ തിരിച്ചറിയുകയും അവ ചെറുക്കുകയും വേണം. അങ്ങനെ എത്രയോ പരമപ്രധാനമായ ചർച്ചകൾ ഉയർന്നുവരേണ്ട സമയത്ത് ചിലർ സ്വയം തുഗ്ലക്ക് മാരാകാൻ ഇറങ്ങിതിരിക്കുന്നത് നിഷ്കളങ്കമായി നോക്കിക്കാനാവില്ല.

10. അവധിയല്ല, പഠനമാണ് എപ്പോഴും ഒരു സമൂഹത്തിന്റെ ചർച്ചയിൽ മുന്നിൽനിൽക്കേണ്ടത്. നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോൾ മാർക്കറ്റ് അവധിചർച്ചയ്ക്കാണ്.
സുദീർഘമായ സ്കൂൾ പഠനകാലത്ത് മഴമൂലം അഞ്ചോ ആറോ ദിവസം ക്ലാസുകൾ നഷ്ടപ്പെടുന്നതും കുട്ടികൾ ആ സമയം ക്ലാസിൽ എത്താതിരിക്കുന്നതും അല്ല പ്രധാനം. സ്കൂളിൽ എത്തിയ ദിവസങ്ങളിൽ സ്കൂളിൽ എന്തുനടക്കുന്നു എന്നതാണ്. എത്രമാത്രം ശരിയായി കുട്ടികളുടെ സമഗ്രമായ വികാസം മുന്നിൽ കണ്ടുള്ള പഠനം അവിടെ നടക്കുന്നു, മാർക്കിനും ഗ്രേഡിനും വേണ്ടിയുള്ള, കുതിരക്കൺമറകെട്ടിയുള്ള ഒരുതരം ഓട്ടമത്സരമല്ലാതെ മറ്റെന്താണ് ഇന്ന് കേരളത്തിൽ വിദ്യാഭ്യാസം. പഠനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകൾമുന്നോട്ടുവെക്കാൻ കഴിയാത്ത മനുഷ്യർക്ക് എളുപ്പം സാധിക്കുന്നത് അവധിയെക്കുറിച്ചുള്ള ചർച്ചയാണ്. അതിൽ തീർച്ചയും വിദ്യാഭ്യാസമന്ത്രി വിജയിച്ചിരിക്കുന്നു. കുറച്ചുകാലമെങ്കിലും കേരളവിദ്യാഭ്യാസത്തെ അവധിക്കാല ചർച്ചയിൽ തളച്ചിടാം.
