കെ.ടി. ജലീൽ
അപമാനിച്ചത്
പൊതുവിദ്യാഭ്യാസത്തെ,
സംഘടനകൾ മൗനത്തിലാണ്…

വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ മുൻമന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കുന്നവർ പഴിപറയുന്നതും പരിഹസിക്കുന്നതും പൊതുവിദ്യാഭ്യാസത്തെയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഒരു പൊതുപ്രവർത്തകനും ചെയ്തിട്ടില്ലാത്ത അക്രമം പരസ്യമായി ചെയ്തിട്ടും അത് ന്യായീകരിക്കാനും ഇവിടുത്തെ വിദ്യാഭ്യാസരീതിയെ അപഹസിക്കാനും എളുപ്പം വലിയ ആൾക്കൂട്ടം ഉണ്ടാവുന്നത്- പി. പ്രേമചന്ദ്രൻ എഴുതുന്നു.

ണ്ണാര്‍ക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യവേ, മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ. ടി. ജലീൽ വിദ്യാർത്ഥികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തിൽ, അദ്ദേഹത്തെ വിശുദ്ധനാക്കാനും വെള്ളപൂശാനും സാംസ്കാരിക നായകരും ന്യായീകരണത്തൊഴിലാളികളും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തിക്കഴിഞ്ഞു. അദ്ദേഹം തന്നെ തൻ്റെ വാദമുഖങ്ങളെ ന്യായീകരിച്ചും ബാലാവകാശ കമ്മീഷൻ കേസെടുത്ത സംഭവത്തിൽ രക്തസാക്ഷി പരിവേഷത്തോടെയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. തനിക്ക് മന്ത്രിസ്ഥാനം രാജിവെക്കണ്ടി വന്ന മുൻകാല സംഭവങ്ങളെ പോലും വെളുപ്പിച്ചെടുക്കാൻ ഈ സന്ദർഭത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ജലീലിൻ്റെ നോട്ടം! സംഗതി എല്ലാം കൊണ്ടും ഉഷാർ.

അദ്ദേഹവും സാംസ്കാരിക ന്യായീകരണ വിദഗ്ധരും പറയുന്ന കാര്യങ്ങൾ ഒന്നുതന്നെയാണ്. കുട്ടിയെ ശിക്ഷിക്കുകയോ അപമാനിക്കുകയോ അദ്ദേഹത്തിൻ്റെ ലക്ഷ്യമായിരുന്നില്ല. അദ്ദേഹം സ്റ്റേജിൽ വിളിച്ചുവരുത്തി ചെവിപിടിച്ച, തെറ്റു ചൂണ്ടിക്കാട്ടിയ കുട്ടികൾക്കാകട്ടെ, ഇതിൽ യാതൊരു പരാതിയും ഇല്ല. ഒരധ്യാപകനായതുകൊണ്ടുതന്നെ, കുട്ടികളെ ഇപ്രകാരം തിരുത്താൻ അദ്ദേഹത്തിന് അവകാശമുണ്ട്. ഇപ്പോൾ തെറ്റുതിരുത്തിയല്ലെങ്കിൽ നാളെ കുട്ടികൾ, ഇപ്പോഴത്തെ മന്ത്രിമാരെ പോലെ, ‘മയ’, ‘കുയി’, ‘പുയ’ എന്നൊക്കെ പറയുന്നവരായി തീരും. കേൾക്കുമ്പോൾ ഇതൊക്കെ ശരിയാണെന്ന് ചിലർക്കൊക്കെ തോന്നാമെങ്കിലും ഈ മുൻമന്ത്രിയേയും ന്യായീകരണവിശാരദരെയും വിദ്യാഭ്യാസ പ്രവർത്തകർ സവിശേഷം നോക്കിവെക്കേണ്ടതുണ്ട്; നാളെ ഇവരെയെന്നും സ്കൂളിൻ്റെ സർവ്വേനമ്പറിലേക്ക് അടുപ്പിക്കാതിരിക്കാനായി.

ജലീലിനെ ന്യായീകരിക്കുന്നവർ, ഭംഗ്യന്തരേണയും നേരിട്ടും പഴിപറയുന്നതും പരിഹസിക്കുന്നതും ഇവിടെ നടപ്പിലുണ്ടായിരുന്ന ഒരു പാഠ്യപദ്ധതിയെയാണ്, കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഇന്നുവരെ ഒരു പൊതുപ്രവർത്തകനും ചെയ്തിട്ടില്ലാത്ത അക്രമം ഒരു സ്കൂളിൽ, പൊതു മീറ്റിംഗിൽ, പരസ്യമായി ചെയ്തിട്ടും അദ്ദേഹത്തിൻ്റെ ചെയ്തികളെ ന്യായീകരിക്കാനും ഇവിടുത്തെ വിദ്യാഭ്യാസരീതിയെ അപഹസിക്കാനും എളുപ്പത്തിൽ വലിയ ആൾക്കൂട്ടം ഉണ്ടാവുന്നത്. ഒരു കേന്ദ്രീയ വിദ്യാലയത്തിലോ അല്ലെങ്കിൽ ലക്ഷങ്ങൾ ഫീസ് വാങ്ങി വൻസെറ്റപ്പിൽ പ്രവർത്തിക്കുന്ന ഒരു സി ബി എസ് ഇ സ്കൂളിലോ വെച്ച് ഇതേ കാര്യം ചെയ്യാൻ മുൻ മന്ത്രി ജലീലോ അദ്ദേഹത്തെ ന്യായീകരിക്കുന്ന മഹാന്മാരോ തയ്യാറാവുമോ എന്ന ലളിതമായ ഒരു ആലോചന നടത്തിയാൽ മതി, വിവരമറിയും അവർ. അപ്രകാരം ചെയ്യാൻ അവർ മുതിരുക പോലുമില്ല. അവിടുത്തെ കുട്ടികളുടെ നിലവാരം പരിശോധിക്കാൻ പോയിട്ട് അവരോട് നേരാംവണ്ണം ഒന്ന് സംസാരിക്കാൻ പോലും ഇവർക്ക് ധൈര്യമുണ്ടാവില്ല. വമ്പൻ സ്രാവുകളുടെ മക്കളായിരിക്കുമല്ലോ അവടെ പഠിക്കുന്നത്.

പൊതു വിദ്യാഭ്യാസത്തിലെ കുട്ടികളാവുമ്പോൾ ആർക്കും കയറിച്ചെന്ന് കേട്ടെഴുത്ത് കൊടുക്കാം, നിലവാരം പരിശോധിക്കാം, ഗുണദോഷിക്കാം, പരിഹസിക്കാം, അപമാനിക്കാം, തങ്ങളുടെ മണ്ടത്തരങ്ങൾ അവരുടെ മേൽ എത്രവേണമെങ്കിലും വിളമ്പാം. അങ്ങനെ എന്തുവേണമെങ്കിലും ആവാം. കാരണം അത് പൊതുവിദ്യാലയമണല്ലോ! അവിടെ ചോദിക്കാനും പറയനും ആളില്ലല്ലോ. സാധാരണക്കാരുടെ മക്കളാണല്ലോ അവിടെ പഠിക്കുന്നത്.

ജലീലിനെ ന്യായീകരിക്കുന്നവർ, ഭംഗ്യന്തരേണയും നേരിട്ടും പഴിപറയുന്നതും പരിഹസിക്കുന്നതും ഇവിടെ നടപ്പിലുണ്ടായിരുന്ന ഒരു പാഠ്യപദ്ധതിയെയാണ്, കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെയാണ്.
ജലീലിനെ ന്യായീകരിക്കുന്നവർ, ഭംഗ്യന്തരേണയും നേരിട്ടും പഴിപറയുന്നതും പരിഹസിക്കുന്നതും ഇവിടെ നടപ്പിലുണ്ടായിരുന്ന ഒരു പാഠ്യപദ്ധതിയെയാണ്, കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെയാണ്.

ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അനുമോദന യോഗത്തിലാണ് കുട്ടികളെ സ്റ്റേജിൽ കേറ്റി നിർത്തിയുള്ള ഈ 'വിനോദ' പരിപാടി. സ്വന്തം പേരുപോലും എഴുതാൻ അറിയാത്തവർക്കാണ് പൊതുവിദ്യാലയങ്ങളിൽ എ പ്ലസ് കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന എലീറ്റ് പൊതുബോധത്തെ സ്ഥാപിച്ചെടുക്കുകയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബോധപൂർവ്വമുള്ള ശ്രമം. അത് പെട്ടെന്നുണ്ടായ ഒരു വെളിപാടല്ല, തീർച്ച. ഈ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കാലത്തടക്കം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചതിൻ്റെ പേരിൽ മാത്രം ‘കീം’ പോലുള്ള പ്രവേശന പരീക്ഷകളിൽ കുട്ടികളുടെ സ്കോറുകൾ കണ്ടമാനം വെട്ടിക്കുറച്ചിരുന്നതും ഇതേ ധാരണയുടെ പുറത്താണ്. ഇവർ നേടുന്ന സ്കോറിന് മാറ്റു കുറവാണ്, അനർഹമായാണ് ഇവിടെ കുട്ടികൾക്ക് പരീക്ഷകളിൽ സ്കോർ നൽകിക്കൊണ്ടിരിക്കുന്നത്, ഇവിടുത്തെ ഉയർന്ന വിജയശതമാനം അതിൻ്റെ ലക്ഷണമാണ്, നിലവാരം കൂടണമെങ്കിൽ അതിൽ പകുതിപ്പേരെയെങ്കിലും ചെറിയ ക്ലാസുകളിൽ നിന്നേ തോൽപിക്കണം. പൊതുവിദ്യാലയങ്ങളിൽ തന്നെ പഠിക്കുന്ന മുന്തിയ തരക്കാരെ മാത്രം പാസാക്കുകയും പിന്നാക്കക്കാരെ, ദലിതരെ, വീട്ടിൽ നിന്ന് പഠനപിന്തുണ ലഭിക്കാത്തവരെ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അപ്പപ്പോൾ അരിച്ച് പുറത്താക്കുകയും വേണം. ഇന്നല്ലെങ്കിൽ നാളെ വിവരം വെച്ച് അവർ തങ്ങളുടെ സ്ഥാനങ്ങൾ തട്ടിയെടുക്കാൻ ഇടവരരുത്.

ഒരു മലയാളം അധ്യാപകനെന്ന നിലയിൽ തടി രക്ഷപ്പെട്ട സന്ദർഭം കൂടിയായിരുന്നു അത്. സാധാരണനിലയിൽ ഈ അപമാനം മിക്കപ്പോഴും ലഭിക്കുക മലയാളത്തിനായിരിക്കും. മലയാളത്തിൽ സ്വന്തം പേരുപോലും എഴുതാനറിയാത്തവർക്കാണ് എ പ്ലസ് എന്നാണ് അതിൻ്റെ ഒരിത്. അപ്പോൾ എഫക്റ്റ് കുറച്ചുകൂടെ കൂടുമല്ലോ. ഭാഗ്യത്തിന് മന്ത്രി പരസ്യമായി പരിശോധിച്ചത് ഹിന്ദിയും അറബിയുമെക്കെയാണ്. അതെന്താണ്, മൂപ്പർക്ക് ഇപ്പോൾ ഹിന്ദിയിൽ ഒരു ശുദ്ധിപത്രം വേണ്ടിവന്നത് എന്നും ആലോചിക്കാതിരുന്നില്ല. ഹിന്ദിയിൽ കേരളീയർ മേൽവിലാസം എഴുതേണ്ടിവരുന്ന ഒരു കാലം ജലീലിൻ്റെ മനസ്സിൽ ഉണ്ടാവുമോ? കേരളത്തിൽ ഹിന്ദിപഠനം ഊർജ്ജിതപ്പെടുത്താൻ, കഴിയുമെങ്കിൽ ഒന്നാം ക്ലാസിൽ നിന്നുതന്നെ ഹിന്ദി പഠനം ആരംഭിക്കാൻ പി എം ശ്രീ ചർച്ചാകാലത്ത് ജലീൽ പരോക്ഷമായി കേരള സർക്കാരിനെ ഉപദേശിച്ചതാവുമോ? കേന്ദ്രസർക്കാരിനെയും അതിലെ ഹിന്ദിപക്ഷപാതികളായ നേതാക്കളെയും സുഖിപ്പിച്ചതാവുമോ? നഹി മാലൂം. എന്തായാലും ജലീലിൻ്റെ ഉദ്ദേശ്യം അത്ര നഷ്‌കളങ്കമല്ല എന്ന് സംഭവത്തെ അൽപ്പമൊന്ന് അടുത്തുപിടിച്ചു നോക്കിയാൽ മനസ്സിലാവും.

സ്വന്തം പേര് തെറ്റിച്ചെഴുതിയതിന് സ്റ്റേജിൽ വെച്ച്, ഉദ്ഘാടകനാൽ ചെവിക്ക് പിടിക്കപ്പെട്ട കുട്ടിക്ക് യാതൊരു പരാതിയുമില്ലെന്നാണ് ജലീലും ന്യായീകരണക്കാരും ഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒരപമാനവും ഇല്ലെന്നും അവനോടുള്ള കരുതലാണ്, സ്നേഹമാണ് ആ പിടുത്തത്തിൽ ചെവിയിൽ തെളിഞ്ഞുവന്നത് എന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതുതരം മനുഷ്യരാണ് ഇവരൊക്കെ എന്നാണ് മനസ്സിലാവാത്തത്. ഒരാൾക്കൂട്ടത്തിനിടയിൽനിന്ന് സ്റ്റേജിലേക്ക് വിളിച്ചുവരുത്തപ്പെടുക, അവിടെവെച്ച് ഒരു പരീക്ഷണത്തിന് ഇരയാവുക, അതിൽ തെറ്റുവരിക, അതിന് പരസ്യമായി ശിക്ഷിക്കപ്പെടുക എന്നതൊക്കെ ഹയർ സെക്കൻ്ററി പ്രായത്തിലുള്ള ഒരു കുട്ടിക്ക് എന്തു സന്തോഷകരമായ അനുഭവമായാണ് ഇവർ കണക്കുകൂട്ടുന്നത്. ചെവി വേദനിക്കും വിധം താൻ (ജലീൽ) പിടിച്ചില്ല എന്നും പറയുന്നുണ്ട്. ചെവിയിലല്ല ആ വേദന എന്ന് ആ കാലം മറന്നതുകൊണ്ടാണ് അവർക്ക് മനസ്സിലാവാത്തത്. ഈഗോയും വൈകാരികതയും അതിൻ്റെ പാരമ്യത്തിൽ പ്രവർത്തിക്കുന്ന ഒരു കാലത്ത് കൗമാരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം ട്രോമകളുടെ അനന്തരഫലങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കയാണ്. എന്തിനവരത് ചെയ്തു, അവർക്ക് ഇങ്ങനെ ചിന്തിച്ചു കൂടെ എന്ന് നമ്മൾ ദൈനംദിനം മുക്കത്ത് വിരൽവെക്കുന്ന നിരവധി സംഭവങ്ങൾ ചുറ്റും നടക്കുന്നു. വിവേകത്തിൻ്റെ മുളകൾ തിടംവെക്കാത്ത ഒരു കാലത്തെ പ്രയോഗിക ബുദ്ധിയുടെ അപ്പോസ്ഥലർക്ക് മനസ്സിലാവുക പ്രയാസമായിരിക്കും. അതുകൊണ്ടാണ് നിസ്സാരസംഭവം, രാഷ്ട്രീയപ്രേരിതം എന്നൊക്കെ അവർക്കിതിനെ വിശദീകരിക്കാൻ പ്രയാസമില്ലാത്തത്.

കേരളത്തിൽ ഹിന്ദിപഠനം ഊർജ്ജിതപ്പെടുത്താൻ, കഴിയുമെങ്കിൽ ഒന്നാം ക്ലാസിൽ നിന്നുതന്നെ ഹിന്ദി പഠനം ആരംഭിക്കാൻ പി എം ശ്രീ ചർച്ചാകാലത്ത് ജലീൽ പരോക്ഷമായി കേരള സർക്കാരിനെ ഉപദേശിച്ചതാവുമോ?
കേരളത്തിൽ ഹിന്ദിപഠനം ഊർജ്ജിതപ്പെടുത്താൻ, കഴിയുമെങ്കിൽ ഒന്നാം ക്ലാസിൽ നിന്നുതന്നെ ഹിന്ദി പഠനം ആരംഭിക്കാൻ പി എം ശ്രീ ചർച്ചാകാലത്ത് ജലീൽ പരോക്ഷമായി കേരള സർക്കാരിനെ ഉപദേശിച്ചതാവുമോ?

കുട്ടിക്ക് പരാതി ഉണ്ടാവാൻ ഇടയില്ല. അതിനുള്ള മെമ്പർഷിപ്പ് മുൻമന്ത്രി സകുടുംബം അടുത്തിടെ എടുത്തിരുന്നല്ലോ. പ്രബലമായ ഒരു സംഘടനയെയും വലിയ പ്രിവിലേജുകൾ ഉള്ള മുൻമന്ത്രിയെയും പ്രതിസന്ധിയിലാക്കാൻ, പ്രത്യേകിച്ചും ബാലാവകാശ കമ്മീഷനൊക്കെ വിഷയത്തിൽ ഇടപെട്ട സ്ഥിതിക്ക് ഒരു കുട്ടിയും അവൻ്റെ കുടുംബവും തയ്യാറാകുമെന്ന് വിചാരിക്കാൻ വയ്യ. പക്ഷേ അത് തികച്ചും അപകടകരമായ ഒരു വാദമാണ്. കുറ്റകൃത്യത്തിനിരയാക്കപ്പെട്ട വ്യക്തിക്ക് പരാതിയില്ലെങ്കിൽ കുറ്റം ഇല്ലാതാവും എന്ന യുക്തി ഒരു ജനാധിപത്യ വുവസ്ഥയിൽ നിലനിൽക്കില്ല. കുറ്റം വ്യക്തിക്ക് നേരെയല്ല സമൂഹത്തിനു നേരെയാണ് എന്നതാണ് അതിൻ്റെ പൊരുൾ.

വിശാലാർത്ഥത്തിൽ മുൻമന്ത്രി ശിക്ഷിച്ചത് ഒരു വ്യക്തിയെ മാത്രമല്ല. ഒരു വ്യവസ്ഥയെയാണ്, അതിൻ്റെ മൗലികമായ സ്വഭാവത്തെയാണ് ജലീൽ ശിക്ഷക്കിരയാക്കിയത്. കുട്ടി അവിടെ ഒരു സൂചകം മാത്രമാണ്. അതിൽ പരാതി ഉണ്ടാകേണ്ടതും ആ സിസ്റ്റം നിലനിർത്തുന്ന സ്ഥാപനങ്ങൾക്കാണ്, പൊതുസമൂഹത്തിനാണ്. ആ പരാതി പ്രധാനമാണ്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഈ രാജ്യത്തുണ്ടാവുന്നത് പരാതിപ്പെടാൻ പോലും പാങ്ങില്ലാത്ത മനുഷ്യർക്കുവേണ്ടി സംസാരിക്കാനാണ്. അത് ഒരു സമൂഹത്തിൻ്റെ ഗുണതയുടെ അടയാളമാണ്. അതിൻ്റെ നിലപാടുകളെ പരിഹസിക്കുന്നത് തങ്ങൾ വേട്ടക്കാർക്കൊപ്പമാണ് എന്നതിൻ്റെ പരസ്യപ്രഖ്യാപനമാണ്.

ഇതിലെ രസകരമായ ഒരു കാര്യം, അധ്യാപകനായ താൻ വിദ്യാർത്ഥികളുടെ തെറ്റ് തിരുത്തിയില്ലെങ്കിൽ നാളെ അവർ മയ, കുയി, പൊയ എന്നൊക്കെയായിരിക്കും പറയുക എന്ന ജലീലിൻ്റെ പരിഹാസമാണ്. അത് ഇപ്പോഴത്തെ മന്ത്രി പി. കെ. ബഷീറിനെ ഒന്ന് കുത്തിയതാണ്. മയ, കുയി എന്നൊക്കെ പറയുന്നത് അധ്യാപകർ ശരിയാംവണ്ണം തിരുത്താത്തതുകൊണ്ടാണ് എന്നു പറയുന്ന കോളേജ് പ്രൊഫസർ കൂടിയായ ഡോ ജലീൽ സാർ, ഇതേ കാര്യം വിശദീകരിക്കുന്ന വീഡിയോ അഞ്ചു മിനുട്ട് ഒന്നു കണ്ടുനോക്കൂ. ഇയ്, അനക്ക്, ഇനിക്ക്, ജ്ജ് എന്നിങ്ങനെ രസകരമായ പ്രാദേശിക ഭേദങ്ങൾ അതിൽ നിറഞ്ഞുകവിഞ്ഞു വരുന്നതായി കാണാം. ഇതൊക്കെ കാർഡ് രൂപത്തിൽ ഫോട്ടോയും വെച്ചിറക്കിയാൽ ഡോക്ടറെയും പരിഹസിക്കാൻ കുറേപ്പേർ കാണും. അതൊന്നും ആരും തിരുത്താഞ്ഞിട്ടോ ചെവിക്കു നുള്ളാഞ്ഞിട്ടോ അല്ല. അത് മനുഷ്യരുടെ സ്വാഭാവിക ഭാഷയാണ്; ഹൃദയത്തിൻ്റെ ഭാഷ. മാനകമലയാളത്തിൻ്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടുതന്നെ, ഈ ഭാഷാഭേദവൈവിധ്യത്തെയും സാമാന്യബുദ്ധിയുള്ള മനുഷ്യർക്ക് അറിയാനും ആസ്വദിക്കാനും കഴിയും. അതൊന്നും കൊടുംപാതകമായി നാളിതുവരെ ആരും എണ്ണിയിട്ടില്ല. അത് ബഷീർ മന്ത്രിക്ക് ബാധകമെന്നതുപോലെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയും പ്രൊഫസറും ഡോക്ടറുമായ താങ്കൾക്കും ബാധകമാണ്. മനുഷ്യരെ അപമാനിക്കാൻ അവരുടെ ഭാഷാഭേദത്തെ, ഉച്ചാരണരീതിയെ പരിഹസിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ നീചമായ കുറ്റമാണ് മിസ്റ്റർ പ്രൊഫസർ. ഭാഷാവകാശം മനുഷ്യാവകാശമായതുകൊണ്ട്, ഈ പരിഹാസത്തിൻ്റെ പേരിൽ താങ്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുക്കേണ്ടതാണ്.

മുൻ മന്ത്രി ജലീൽ പരിഹസിക്കുന്നത് മറ്റൊന്നിനെയുമല്ല, പൊതുവിദ്യാഭ്യാസത്തെയാണ്. അവിടുത്തെ പഠനരീതികളെയും മൂല്യനിർണ്ണയത്തെയുമാണ്. തീർച്ചയായും അദ്ദേഹത്തിന് അതിനവകാശമുണ്ട്. പക്ഷേ അക്കാര്യത്തിനായി, അനുമോദനമേറ്റുവാങ്ങാൻ ക്ഷണിക്കപ്പെട്ടുവന്ന മിടുക്കരായ വിദ്യാർത്ഥികളെ പൊതുവേദിയിൽ അപമാനിക്കുകയല്ല വഴി. മാധ്യമങ്ങൾക്കും ലോകത്തിനും മുന്നിൽ കുഞ്ഞുങ്ങളെ കൊത്തിക്കീറാൻ ഇട്ടുകൊടുക്കുകയല്ല മാർഗ്ഗം. തൻ്റെ വലിയ ഫ്ലക്സ് പ്രിൻ്റ് ചെയ്ത ബാനറിനു മുന്നിൽ നിൽക്കുമ്പോൾ താങ്കൾ മറന്നുപോകുന്നത്, ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തി മന്ത്രിസ്ഥാനം പോയ ഒരാളാണ് താങ്കൾ എന്ന കാര്യമാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയതിന്; സ്വജനപക്ഷപാതം കാട്ടിയതിന്! അതിനെക്കാൾ വലുതല്ല, ഹിന്ദിയിൽ ആ കുഞ്ഞ് വരുത്തിയ തെറ്റ് തിരുത്തേണ്ടത് താങ്കളാണ്. അക്കാര്യത്തിൽ കേരളത്തിൻ്റെ പൊതുസമൂഹത്തിന് സംശയമില്ല. അധികാരത്തിൻ്റെ ധാർഷ്ഠ്യത്തിൽ തനിക്ക് ഇവിടെ എന്തും ചെയ്യാൻ കിഴയുമെന്ന അഹങ്കാരത്തെ; തൻ്റെ മുന്നിൽ വിനീതരായി ഇരിക്കുന്ന കുഞ്ഞുങ്ങൾ തനിക്ക് ശാസിക്കാനും തിരുത്താനുമുള്ള അടിമകളാണ് എന്ന ബോധത്തെ, ഒരു സദസ്സിൻ്റെ ഔചിത്യവും അന്തസ്സുമറിയാതെ പെരുമാറാനുള്ള അവിവേകത്തെ, ഒരു ജനതയുടെ ജന്മനായുള്ള ഭാഷാപരമായ സവിശേഷതകളെ അപമാനിക്കാനുള്ള അപക്വതയെ... താങ്കൾ അവയൊക്കെയും തിരുത്തിയേ മതിയാവൂ. അതിനായി താങ്കളുടെ ചെവി പരസ്യമായി പിടിക്കേണ്ടത് പൊതുവിദ്യാഭ്യാസ സംരക്ഷകരായി ചമഞ്ഞുനടക്കുന്ന അധ്യാപക, വിദ്യാർത്ഥി സംഘടനകളാണ്. അവരാകട്ടെ പഴയ ആലസ്യകാലം വിട്ടുണരാതെ അർദ്ധമയക്കത്തിലാണ്.

മുൻമന്ത്രിയായതു കൊണ്ടും ഇപ്പോൾ സ്വന്തം ആളായതുകൊണ്ടും ഇടതുപക്ഷ സുഹൃത്തുക്കൾ ഈ കോലാഹലം കഴിയുംവരെ ആ മയക്കം തുടരും. എന്നാൽ മറ്റുള്ളവരോ? നഗരത്തിൽ ഒരനീതി നടന്നു കഴിഞ്ഞാൽ സൂര്യാസ്തമനത്തിനുമുൻപ് അവിടെ കലാപം തുടങ്ങണം എന്നാണ്. സൂര്യാസ്തമയം കഴിഞ്ഞ് നേരം പലതവണ ഇരുണ്ടു വെളുത്തിട്ടും കലാപമുയരുന്നില്ലെന്ന് മാത്രമല്ല; അനീതിയുടെ പതാകവാഹകനെ സാംസ്കാരിക നായകരടക്കം തോളിലേറ്റി നടക്കുന്ന അശ്ലീലദൃശ്യത്തിനാണ് നമ്മൾ സാക്ഷികളായി തുടരുന്നത്.

Comments