ഇതായിരിക്കും നിങ്ങൾ എഴുതാൻ പോകുന്ന ഏറ്റവും എളുപ്പമുള്ള പരീക്ഷ

ഫോക്കസ് ഏരിയയിൽ ഊന്നുക, അവ നന്നായി മനസ്സിലാക്കുക, പരമാവധി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക എന്നീ കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും മുഴുവൻ സ്‌കോറും ലഭിക്കും എന്ന് ഉറപ്പാണ്- ഏപ്രിൽ എട്ടിന്​ തുടങ്ങുന്ന പത്താം ക്ലാസ്​, പ്ലസ്​ ടു പരീക്ഷയും മൂല്യനിർണയവും ഇക്കൊല്ലം കുട്ടികൾക്കുണ്ടായ നഷ്​ടങ്ങളെല്ലാ പരിഗണിക്കുന്നതും തീർത്തും വിദ്യാർഥി സൗഹൃദപരവുമായിരിക്കുമെന്ന്​ ലേഖകൻ

എസ്.എസ്.എൽ.സിക്കും ഹയർ സെക്കന്ററിക്കും നാളെ (ഏപ്രിൽ 8) പൊതു പരീക്ഷ ആരംഭിക്കുകയാണ്. ഇരുകൂട്ടർക്കും അവരുടെ വിദ്യാഭ്യാസകാലത്തിന്റെ ഒരുഘട്ടം അവസാനിച്ച് മറ്റൊരുഘട്ടം ആരംഭിക്കേണ്ട നിർണായക സന്ദർഭം. അതുകൊണ്ടുതന്നെ വലിയ ഉത്കണ്ഠയും ആകാംക്ഷയും കേരളത്തിലെ പത്തുലക്ഷത്തോളം കുടുംബങ്ങൾ ഈ ദിവസങ്ങളിൽ പേറുന്നുണ്ട്. എന്നാൽ മറ്റെന്തൊക്കെ നഷ്ടങ്ങളുണ്ടായാലും പൊതുപരീക്ഷ, അതിലെ വിജയം, സ്‌കോർ തുടങ്ങിയവയെ സംബന്ധിച്ച്​ ഉത്കണ്ഠപ്പെടാനില്ലാത്തതും ഏറ്റവും അനുകൂലവുമായ ഒരവസരമാണ് ഇതെന്ന് ആ ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളും അവരുടെ രക്ഷകർത്താക്കളും പ്രാഥമികമായി തിരിച്ചറിയേണ്ടതുണ്ട്.

ശൂന്യമായ ക്ലാസ് മുറികൾ

തീർച്ചയായും നഷ്ടഭാഗ്യങ്ങളുടെ വലിയ കണക്കുകൾ നിരത്താനുണ്ടാകും പത്ത്,​ പ്ലസ് ടു ക്ലാസുകളിൽ ഇക്കൊല്ലം പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക്. കൂട്ടുകാരെ ചേർത്തുപിടിക്കാനോ കൂട്ടംകൂടി ആർത്തുചിരിക്കാനോ അവർക്ക് പറ്റിയില്ല. സ്‌കൂളിലേക്കുള്ള യാത്രകൾ, അധ്യാപകരുടെ നിരന്തര സാന്നിധ്യം, പഠനയാത്രകൾ, കലോത്സവങ്ങൾ, മേളകൾ അങ്ങനെ നീളുന്നു സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സവിശേഷമായ ഒരു ഘട്ടത്തിന്റെ അവസാനപടവിൽ അവർക്കുണ്ടായ വിലമതിക്കാൻ കഴിയാത്ത നഷ്ടങ്ങൾ.

അതിനും മുകളിലാണ് അക്കാദമികമായ ചുരുങ്ങലുകൾ. ഓരോ ഘട്ടത്തിലും കുട്ടികൾക്ക് ലഭിക്കേണ്ട അടിസ്ഥാന അറിവുകൾ പോലും മുഴുവൻ പേരിലും ഉറപ്പിക്കാൻ ഇക്കൊല്ലം സാധിച്ചില്ല. നിർദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങൾ പോലും ആഴത്തിൽ മനസിലാക്കാൻ ഓൺലൈൻ ക്ലാസുകൾ മതിയായില്ല. സ്‌കൂളിൽ എത്താൻ കഴിഞ്ഞ ചുരുക്കം ദിവസങ്ങളിൽ ഉള്ളടക്കങ്ങളുടെ വേഗത്തിലുള്ള റിവിഷൻ അല്ലാതെ വിശദപഠനം സാധ്യമായുമില്ല. സ്‌കൂൾ എങ്ങനെയാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത്രയും കാലം ഒരനുഭവമായിരുന്നത്, അതെല്ലാം പൂർണമായോ ഭാഗികമായോ വറ്റിപ്പോയ ഒരു ശൂന്യപാത്രം പോലെയാണ് ഇക്കൊല്ലത്തെ അക്കാദമിക വർഷം കടന്നുപോകുന്നത്.

നഷ്ടങ്ങളിലെ നേട്ടങ്ങൾ

കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച നിലയിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നത് കേരളത്തിലാണെന്ന് പല ദേശീയ പഠന റിപ്പോർട്ടുകളും പുറത്തു വന്നു. സംസ്ഥാനം നേരിട്ടു നടത്തിയത് പൂർണമായ അർത്ഥത്തിൽ ഓൺലൈൻ വിദ്യാഭ്യാസമല്ല എന്നത് ഏവർക്കും അറിവുള്ളതാണ്. ടെലിവിഷനിലൂടെ പാഠഭാഗങ്ങൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്ന സംവിധാനമാണ് ഇവിടെ സ്വീകരിച്ചത്. എന്നാൽ ഇതിന് തുടർച്ചയായി സ്‌കൂൾ മുൻകൈയെടുത്ത്​ ഓൺലൈൻ സാധ്യത ഉപയോഗിച്ച് പാഠഭാഗങ്ങളുടെ വിനിമയവും കുട്ടികളുടെ സംശയ നിവാരണവും നടന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും ഓരോ സ്‌കൂളിലും നിരവധിയെണ്ണമുണ്ടായി.

ഗൂഗ്​ൾ മീറ്റും സൂമും വ്യാപകമായി ക്ലാസുകൾക്ക് ഉപയോഗിക്കപ്പെട്ടു. കൂടാതെ വിഷയതലത്തിലും അല്ലാതെയുമുള്ള അധ്യാപക കൂട്ടായ്മകൾ പല രീതിയിലുള്ള ഓൺലൈൻ പഠന സാമഗ്രികൾ തയ്യാറാക്കി സൗജന്യമായി ലഭ്യമാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരും പുതിയ സാങ്കേതികത വഴങ്ങുന്നവരുമായ അധ്യാപകർ സ്വയം ഒട്ടേറെ പഠനവിഭവങ്ങൾ ഉണ്ടാക്കി. പലരും യുട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും ഉണ്ടാക്കി. ഇവ സംസ്ഥാനത്താകെ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്​തു. സംസ്ഥാന സർക്കാരിന്റെ വിക്‌റ്റേർസ് ചാനൽ വഴി സംപ്രേഷണം ചെയ്ത വീഡിയോ ക്ലാസുകൾ മൊത്തം ഈ ഓൺലൈൻ പ്രക്രിയയ്ക്ക് അടിസ്ഥാനമായി വർത്തിച്ചു എന്നുമാത്രമേയുള്ളൂ. ഇതെല്ലാം ഉള്ളടക്കത്തിന്റെ കാര്യത്തിൽ കുട്ടികൾക്ക് നാളിതുവരെയില്ലാത്ത പഠനപിന്തുണ നൽകി.

പാഠപുസ്തകങ്ങളും അധ്യാപകർ നൽകുന്ന നോട്ടും കുട്ടികൾ തയ്യാറാക്കുന്ന രചനകളും മാത്രമായിരുന്നു ഇന്നലെവരെ കുട്ടികളുടെ പഠനവിഭവങ്ങൾ. ക്ലാസ് മുറിയാണ് ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരുന്നത്. പാഠപുസ്തകങ്ങൾ കുട്ടികളോട് നേരിട്ടു സംവദിക്കണമെന്ന കാഴ്ചപ്പാടിൽ വിഭാവനം ചെയ്യപ്പെട്ടവയല്ല. ഒരു മെന്ററുടെ തൊട്ടടുത്തു നിന്നുള്ള അനുഭവപ്പെടുത്തൽ അത് ആവശ്യപ്പെടുന്നുണ്ട്. കൃത്യമായ പഠനപ്രവർത്തനങ്ങളിലൂടെയോ ലളിതമായ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകിയോ ഉചിതമായ ഉദാഹരണങ്ങൾ സമീപത്തുനിന്ന്​ കണ്ടെടുത്തോ അവർ അത് നിർവ്വഹിക്കുമ്പോഴേ പാഠപുസ്തകം കുട്ടിയിൽ നിറയൂ. അതിന്റെ അഭാവത്തിൽ പാഠപുസ്തകം ഒരു പൊതിയാതേങ്ങയാണ് അവർക്ക്.

എന്നാൽ ഇക്കുറി പഠനവിഭവങ്ങളുടെ ഒരു കുത്തോഴുക്കുതന്നെ കുട്ടിയിലേക്ക് ഉണ്ടായി. പാഠഭാഗങ്ങളുടെ വിശദീകരണവും വ്യാഖ്യാനവുമായി വിക്‌റ്റേർസ് വീഡിയോകൾ അവരുടെ കയ്യിൽ എപ്പോഴും നോക്കത്തക്ക നിലയിൽ ഉണ്ടായിരുന്നു. അധ്യാപകർ തുടർന്ന് നൽകിയോ ഓഡിയോ- വീഡിയോ ഉള്ളടക്കങ്ങൾ അവരുടെ കൈയിലുണ്ട്. യുട്യൂബ് ചാനലുകൾ വഴി കിട്ടിയ വീഡിയോകൾ, അധ്യാപക ഗ്രൂപ്പുകളും കൂട്ടായ്മകളും തയ്യാറാക്കിയ പി.ഡി.എഫ് നോട്ടുകൾ, കുറിപ്പുകൾ, ചോദ്യോത്തരങ്ങൾ എന്നിവയും അവരിൽ എത്തിയിരുന്നു. ഇങ്ങനെ ഏതുതരം പഠനസാമഗ്രികളും കൈയ്യെത്തിപ്പിടിക്കാൻ അവർക്ക് സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ഒരു പരിധിവരെ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞകാലം വരെ കടന്നുപോയ എസ്.എസ്.എൽ.സിക്കാർക്കോ പ്ലസ് ടു ക്കാർക്കോ സ്വപ്നം കാണാൻ കഴിയുന്നതായിരുന്നില്ല.

ഇക്കൊല്ലക്കാരുടെ രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു ഭാഗ്യം, ഏകദേശം പകുതിയായി ചുരുക്കിയ സിലബസാണ്​. പലപ്പോഴും സി.ബി.എസ്.ഇയും മറ്റും നടത്തുന്ന ദേശീയതല പരീക്ഷകളിൽ പോലും സിലബസിന്റെ അവസാനഭാഗങ്ങളിലെ അധ്യായങ്ങൾ മാത്രം ഉൾപ്പെടുത്തി പൊതുപരീക്ഷ നടക്കുമ്പോൾ കേരളത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകാർക്ക് ജൂൺ മുതൽ പഠിപ്പിച്ചുതുടങ്ങിയ പാഠഭാഗങ്ങൾ പബ്ലിക് പരീക്ഷയ്ക്ക് ആവശ്യമായിരുന്നു. എടുത്താൽ പൊന്താത്ത ഈ കനപ്പെട്ട സിലബസ് കുട്ടികൾക്ക് പൊതുപരീക്ഷാ സമയത്ത് ഉണ്ടാക്കാറുള്ള സംഘർഷം ചില്ലറയല്ല. എന്നാൽ ഇക്കൊല്ലം പഠിക്കുന്നവർ അക്കാര്യത്തിൽ ഭാഗ്യമുള്ളവരാണ്. ഓരോ വിഷയത്തിനും കൃത്യമായ ഫോക്കസ് ഏരിയ നിശ്ചയിക്കുകയും അവ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തു. പല വിഷയങ്ങളും പകുതിയോളം ചുരുക്കി. കുട്ടികൾക്ക് എളുപ്പം സ്വായത്തമാക്കാവുന്ന പാഠഭാഗങ്ങളാണ് ഇങ്ങനെ ഉൾപ്പെടുത്തപ്പെട്ടവയിൽ ഏറിയകൂറും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ മാത്രം പഠിച്ച് തയ്യാറായി പോയാൽ പോലും മുഴുവൻ സ്‌കോറും നേടാവുന്ന രീതിയിൽ പരീക്ഷയും പരിഷ്‌കരിച്ചു.

മുൻപ് മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത മറ്റൊരു സൗഭാഗ്യവും ഇക്കൊല്ലക്കാർക്കുണ്ട്. അത് തിരിച്ചറിയുക എന്നത്​ പ്രധാനമാണ്. പൊതുപരീക്ഷ ചോദ്യങ്ങളിൽ വരുത്തിയ മാറ്റമാണ്​ അത്​. നേരത്തെ ഇരുപത് ശതമാനം ചോദ്യങ്ങൾ അധികമായി നൽകാറുണ്ട്. പക്ഷേ അവ ഓരോരോ വിഭാഗങ്ങളിലായി വീതിച്ചിരിക്കും. ഉദാഹരണത്തിന്, മൂന്ന് ഉപന്യാസ ചോദ്യങ്ങൾ നൽകി അതിൽ രണ്ടെണ്ണം എഴുതുക അല്ലെങ്കിൽ ആറു മാർക്കിനുള്ള അഞ്ചു ചോദ്യങ്ങൾ നൽകി അവയിൽ ഏതെങ്കിലും നാലെണ്ണത്തിന്​ ഉത്തരമെഴുതുക എന്നിങ്ങനെ. മൂന്ന്​ ഉപന്യാസവും അറിയുമെങ്കിലും രണ്ടെണ്ണത്തിന് മാത്രമേ അപ്പോൾ ഉത്തരം എഴുതാൻ കഴിയൂ. എന്നാൽ ആറുമാർക്കിനുള്ള ചോദ്യങ്ങളിൽ അഞ്ചിൽ മൂന്നിന് മാത്രമേ അവിടെ ഉത്തരമറിയൂ എങ്കിൽ ആറുമാർക്ക് പോയതുതന്നെ. അധികമായി നൽകുന്ന ചോദ്യങ്ങളെ ഇങ്ങനെ വ്യത്യസ്ത വിഭാഗം ചോദ്യങ്ങൾക്കായി വീതിച്ചുനൽകുന്ന രീതി ഇത്തവണ ഉണ്ടാകില്ല. മാത്രമല്ല അധികമായി നൽകുന്ന ചോദ്യങ്ങളുടെ എണ്ണവും സ്‌കോറും ഉയർത്തുകയും ചെയ്തു.

ഏകദേശം നൂറു ശതമാനം ചോദ്യങ്ങൾ തന്നെ ഓപ്ഷൻ ആയി ഇക്കുറി ഉണ്ടാവും. നാൽപ്പത് സ്‌കോറിന് പരീക്ഷ എഴുതേണ്ട വിഷയങ്ങൾക്ക് എൺപത് സ്‌കോറിനുള്ള ചോദ്യങ്ങൾ നൽകും. മാത്രമല്ല ഇവയിൽ നിശ്ചിതമാർക്കിനുള്ള ചോദ്യം ഏതു വിഭാഗത്തിൽ നിന്നും കുട്ടിക്ക് എഴുതാം. അഞ്ചിൽ നാലെണ്ണത്തിന് ഉത്തരമെഴുതുക, മൂന്നിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതുക എന്നിങ്ങനെ നേരത്തെ പറഞ്ഞ വിഭാഗം തിരിക്കൽ ഉണ്ടാകില്ല. ഏതാണോ നൽകിയ ചോദ്യങ്ങളിൽ എഴുതാൻ കഴിയുക അത് എഴുതാം. അതിൽ തന്നെ 80 ശതമാനത്തോളം ചോദ്യവും ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. സമയമുണ്ടെങ്കിൽ കുട്ടിക്ക് എല്ലാ ചോദ്യത്തിനും ഉത്തരം എഴുതാം. എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തുകയും ചെയ്യും. പരമാവധി നിശ്ചയിച്ച സ്‌കോറിനെക്കാൾ അധികം ലഭിക്കുകയാണെങ്കിൽ പരമാവധി സ്‌കോർ നൽകും.

നേരത്തെ നന്നായി പഠിക്കുന്ന കുട്ടികൾക്കടക്കം ചില ഉത്തരങ്ങൾ തെറ്റിദ്ധാരണ മൂലം മാറിപ്പോകാറുണ്ട്. അവയുടെ സ്‌കോർ പൂർണമായും നഷ്ടപ്പെടും. എന്നാൽ ഇക്കുറി ഒന്നോ രണ്ടോ ചോദ്യങ്ങൾ തെറ്റിപ്പോയാലും മുഴുവൻ മാർക്കും നഷ്ടപ്പെടില്ല, പകരം കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിട്ടുണ്ടെങ്കിൽ അവ മൂല്യനിർണയം ചെയ്യുകയും സ്‌കോറുകൾ നൽകുകയും ചെയ്യും. ഏറ്റവും ഉചിതമായും ചുരുക്കിയും ഉത്തരങ്ങൾ എഴുതാനും പരമാവധി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുകയും ചെയ്യുന്ന ശരാശരിക്കാർക്ക് പോലും മുഴുവൻ സ്‌കോറും കരസ്ഥമാക്കാൻ ഇക്കുറി സാധിക്കും എന്നാണ് കുട്ടികൾ തിരിച്ചറിയേണ്ട പ്രധാനവസ്തുത.

നാലാമത്തെ കാര്യം, ഇക്കുറി കുട്ടികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു മാത്രമേ ചോദ്യങ്ങൾ നിർമിക്കാൻ കഴിയൂ എന്നതാണ്. നേരിട്ട് പഠനാനുഭവങ്ങൾ ലഭിച്ചവരോ കൃത്യമായ പഠനപ്രക്രിയയിലൂടെ കടന്നുപോയവരോ അല്ല ഇക്കുറി പരീക്ഷ എഴുതുന്നവർ എന്നത് ചോദ്യനിർമാതാക്കൾക്ക് അറിയാത്തതല്ലല്ലോ. കുട്ടികളെ മറ്റൊരു പരീക്ഷണത്തിന് കൂടി വിട്ടുകൊടുക്കുന്ന കഠിനമായതും കുഴപ്പിക്കുന്നതും സങ്കീർണവും ആയ ചോദ്യങ്ങൾ കുറവായിരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. അത്തരം ചോദ്യങ്ങൾ ഒന്നോ രണ്ടോ വന്നാലും അവ മാറ്റിനിർത്തി ഉത്തരമെഴുതാൻ വേണ്ട അധിക ചോദ്യങ്ങൾ നിരവധി ഉണ്ടാവും എന്ന് സൂചിപ്പിക്കുകയും ചെയ്തല്ലോ.

അതുപോലെ പൊതുപരീക്ഷയുടെ മൂല്യനിർണയവും കുട്ടികളുടെ പക്ഷത്ത് നിന്നാവും എന്നുതന്നെ വിചാരിക്കാം. സ്‌കോർ എവിടെയൊക്കെ കുറയ്ക്കാം എന്നാവില്ല എവിടെയൊക്കെ നൽകാം എന്നുതന്നെയായിരിക്കും മൂല്യനിർണയ സന്ദർഭത്തിലും അധികാരികൾ ആലോചിക്കുന്നത്. കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തത് കുട്ടികളുടെ മാത്രം കുഴപ്പമായി ഒരിക്കലും വിലയിരുത്തപ്പെടില്ല. അനുഭാവപൂർവ്വം തന്നെ നിങ്ങളുടെ ഉത്തരക്കടലാസുകൾ ഇക്കുറി മൂല്യനിർണ്ണയം ചെയ്യപ്പെടും എന്നു പ്രതീക്ഷിക്കാം.

ഇതെല്ലാം ഇക്കുറി ഈ പരീക്ഷകൾ എഴുതുന്നവരുടെ മാത്രം ഭാഗ്യമാണ്. കൊറോണ വരുത്തിയ നഷ്ടങ്ങൾക്കുള്ള ചെറിയൊരു പരിഹാരം എന്ന് കരുതിയാൽ മതി. അതുകൊണ്ട് ഫോക്കസ് ഏരിയയിൽ ഊന്നുക, അവ നന്നായി മനസ്സിലാക്കുക, പരമാവധി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക എന്നീ കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും മുഴുവൻ സ്‌കോറും തന്നെ ലഭിക്കും എന്ന് ഉറപ്പാണ്.

എ പ്ലസ്സുകൾക്കപ്പുറം സ്വായത്തമാക്കിയ മികവുകൾ

കൊറോണ പഴയ പഠനരീതികളെ അപ്പാടെ ഒഴുക്കിക്കളഞ്ഞു. ക്ലാസിൽ അധ്യാപകർ പാഠഭാഗം വായിച്ച് വിശദമാക്കി, നോട്ടുകൾ കുറിച്ചുതന്ന്, നിരന്തരം ചോദ്യങ്ങൾ ചോദിച്ചു പഠിച്ചു എന്നുറപ്പുവരുത്തി, ഇടയ്ക്കിടെ പരീക്ഷകൾ വെച്ച് അവ ആവർത്തിച്ചുറപ്പിച്ച് മുന്നോട്ടുപോകുന്ന രീതിശാസ്ത്രം എന്തൊക്കെ പരിഷ്‌കാരങ്ങൾ പറഞ്ഞാലും ഇവിടെ നിലനിന്നിരുന്നു. അത്​ കാലഹരണപ്പെട്ടതാണെന്നും കുട്ടിക്ക് സ്വയം പഠിക്കുന്നതിന്, അറിവിലേക്ക് ആനന്ദത്തോടെ കടന്നുപോകുന്നതിന് ആവശ്യമായ സന്ദർഭങ്ങൾ ഒരുക്കുകയാണ് പ്രധാനമെന്നുമാണ് പുതിയ പഠനരീതികൾ ആവശ്യപ്പെട്ടിരുന്നത്. അവ പക്ഷെ മഹാഭൂരിപക്ഷവും പ്രാവർത്തികമാക്കിയില്ല.

എന്നാൽ സ്വയംപഠനത്തിന്റെ രീതിശാസ്ത്രം കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. ആരും നോട്ടുകൾ എഴുതിപ്പിക്കാനും കണ്ണുരുട്ടാനും നിരന്തരം ഭീഷണിപ്പെടുത്താനും ഇല്ലെങ്കിലും സ്വന്തം ഉള്ളിൽ നിന്നുള്ള തോന്നലാൽ പലവിധത്തിലുള്ള അറിവിന്റെ വഴികളിലേക്ക് ഇറങ്ങാൻ കുട്ടികൾ സ്വയം തയ്യാറായി. നേരത്തെ ഉയർന്ന ക്ലാസുകളിൽ പഠനം സ്വന്തം ജ്ഞാനത്തെ മുൻനിർത്തിയാണ് നടന്നിരുന്നത്. അവിടെ അറിവ് ആർജ്ജിക്കുക തന്റെ വ്യക്തിത്വത്തിന്റെ സ്വത്വത്തിന്റെ പ്രശ്‌നം ആയിരുന്നു. സ്വയംപഠനത്തിന്റെ ആ വഴിയിലേക്കാണ് ഇക്കാലത്ത് ചെറിയ ക്ലാസുകളിൽ നിന്നെ നാം ഇറങ്ങിയത്. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം അന്വേഷിച്ചു ചെല്ലുന്ന ഒരു രീതി ഇന്റർനെറ്റും സ്മാർട്ട് ഫോണും കയ്യിലെത്തിയ കുഞ്ഞുങ്ങൾക്ക് ഉണ്ടായി.

നാളെയുടെ പഠനത്തിന്റെ വഴി ഇതാണ്. നമ്മൾ ഏറ്റെടുക്കയും അന്വേഷിക്കുകയും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരുവഴിയിലേക്ക് നമ്മൾ തീർച്ചയായും കാൽവെച്ചു കഴിഞ്ഞു. അത് കേവലം ഇപ്പോൾ ലഭിക്കുന്ന പരീക്ഷാ മാർക്കുകൾക്കപ്പുറത്തേക്ക് നിങ്ങളെ വളർത്തുകതന്നെ ചെയ്യും. നമ്മൾ നേടുന്ന മികവുകൾ ഹ്രസ്വകാല ഉപയോഗത്തിനുള്ള നിക്ഷേപങ്ങൾ മാത്രമാകുമ്പോഴാണ് ദീർഘകാല ജീവിതത്തിൽ പലരും പരാജയമാകുന്നത്. നമ്മൾ അറിവ് നേടിയെടുക്കുന്ന ഇക്കാലം പരിചയപ്പെട്ട രീതിയിൽ നിങ്ങൾ കൗതുകമുള്ളവരാണെങ്കിൽ താത്കാലികമായി നേടുന്ന സ്‌കോറിന് അപ്പുറത്തേക്ക് നാളെ നിങ്ങൾ വളരുക തന്നെ ചെയ്യും.

പരീക്ഷയെ എത്രമാത്രം കുട്ടികളുടെ പ്രിയമിത്രമാക്കാം എന്ന നേരത്തെ നടക്കുന്ന ആലോചനകളുടെ ഭാഗമാണ് ഇത്തവണത്തെ പരീക്ഷാ മാറ്റങ്ങൾ. ഭയരഹിതമായി, അറിയുന്ന കാര്യങ്ങൾ വ്യക്തമായി, ഒട്ടും വേവലാതിയില്ലാതെ എഴുതിയാൽ മാത്രം മതി നിങ്ങൾ. ഉത്തരങ്ങൾ നിങ്ങൾക്ക് അറിയാം. അവ ശ്രദ്ധാപൂർവ്വം വീണ്ടും വീണ്ടും വായിച്ചുനോക്കൂ. (ചോദ്യങ്ങൾ വായിച്ച്​ മനസിലാക്കാനുള്ള കൂൾ ഓഫ് ടൈമും വർധിപ്പിച്ചിട്ടുണ്ട്). അവ എന്തുചെയ്യാനാണ് ആവശ്യപ്പെടുന്നത് എന്ന് ആലോചിക്കൂ. അപ്പോൾ ഓൺലൈൻ ക്ലാസിൽ കേട്ടതോ, വിക്‌റ്റേർസിൽ കണ്ടതോ ആയ ചില കാര്യങ്ങൾ ഓർമയിൽ തെളിയും. അതുതന്നെയാവും ഉത്തരങ്ങൾ. ആത്മവിശ്വാസത്തോടെ അവ എഴുതിവെക്കൂ. അങ്ങിനെ പരമാവധി എണ്ണം. മറ്റൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്‌കോറുകൾ ആയിരിക്കും ഇക്കുറി നിങ്ങൾക്ക് ലഭിക്കുക. നിങ്ങളെക്കുറിച്ച് ഇന്നുവരെ ആരും പറഞ്ഞിട്ടില്ലാത്ത അത്രയും അഭിമാനം തുളുമ്പുന്ന അഭിനന്ദനങ്ങൾ ഇക്കുറിയാണ് നിങ്ങൾ കേൾക്കുക. അതിനായി വിട്ടുപോയ വല്ല പാഠഭാഗങ്ങളും ഉണ്ടെങ്കിൽ അവ പൂരിപ്പിക്കാൻ ഇനിയും ദിവസങ്ങളുണ്ട്.


Comments