കൊറോണയെ ജയിച്ചാലും സി.ബി.എസ്.ഇ. യോട് തോൽക്കുമോ എസ്.എസ്.എൽ.സി. ?

കോവിഡിന്റെ രണ്ടാം വരവിനെ എങ്ങിനെ ഫലപ്രദമായി പ്രതിരോധിക്കും എന്ന് അറിയാതെ രാജ്യം അമ്പരന്നിരിക്കുകയാണ്. സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കത്താണ് നാം. പല സംസ്ഥാനങ്ങളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. കേരളത്തിൽ ഒട്ടേറെ പ്രദേശങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം ചേരാൻ ഇടയുള്ള എല്ലാ പരിപാടികളും കർശനമായും വിലക്കിയിട്ടുണ്ട്. രാത്രികാല കർഫ്യൂ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു. രാജ്യത്തെ ഒട്ടുമിക്ക പരീക്ഷകളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തു. യു.ജി.സി നടത്തുന്ന നെറ്റ് പരീക്ഷ, ജെ.ഇ.ഇ. മെയിൻ തുടങ്ങി സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. പത്താംക്ലാസ് പരീക്ഷവരെ പെടും ഇതിൽ. ഇതൊന്നും ബാധകമല്ലാതെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്ന ഒരു പൊതുപരീക്ഷ നടക്കുകയാണ്. എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളാണ് അവ. ഏകദേശം എട്ടുലക്ഷത്തോളം കുട്ടികൾ ഭീതിതമായ ഈ സാഹചര്യത്തിൽ അവരുടെ ഭാവിയെ തന്നെ നിർണ്ണയിക്കാവുന്ന ഒരു പരീക്ഷയിലൂടെ കടന്നുപോകുന്നു.

പലകുട്ടികളും കോവിഡിന്റെ പിടിയിലോ അല്ലെങ്കിൽ സമ്പർക്കം മൂലം ക്വാറന്റൈനിലോ ആണ്. പി.പി.ഇ കിറ്റ്‌ ധരിച്ച് പരീക്ഷ എഴുതുന്ന കോവിഡ് ബാധിതർ, മറ്റുള്ളവരെ കാണാതെ സ്കൂളിന്റെ ഏതോ മൂലയിൽ ഇരുന്ന് പരീക്ഷ എഴുതുന്ന സമ്പർക്കപ്പട്ടികയിൽ ഉള്ളവർ, പരീക്ഷാ സെന്ററിൽ എത്തിച്ചേരാൻ തിങ്ങിനിറഞ്ഞ പൊതുവാഹനങ്ങളിൽ ഭയചകിതരായി യാത്രചെയ്യുന്നവർ, പരീക്ഷാഹാളിൽ രോഗഭീതിയിൽ പരസ്പരം അടുക്കാൻ മടിക്കുന്ന കുട്ടികളും അധ്യാപകരും... ശരിക്കും പരീക്ഷാ നടത്തിപ്പ് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്തിനാണ് നമ്മുടെ കുഞ്ഞുങ്ങൾ ഈ ഭയാനകമായ സാഹചര്യത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്? ഒറ്റ ഉത്തരമേ അതിനുള്ളൂ. ഹയർ സെക്കന്ററി പ്രവേശനം ഉറപ്പിക്കാൻ. അവർ ആഗ്രഹിക്കുന്ന സ്കൂളുകളിൽ, കോഴ്സുകളിൽ പ്രവേശനം നേടണമെങ്കിൽ മികച്ച സ്കോർ കൂടിയേ കഴിയൂ. അതിനുവേണ്ടി മാത്രമാണ് എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യത്തെ കൂസാതെ നാലു ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഈ പരീക്ഷണത്തെ സധൈര്യം നേരിടുന്നത്. എന്നാൽ അവർ ലക്ഷ്യം വെക്കുന്ന ആ പ്രവേശനം അവർക്ക് ലഭിക്കുമോ? ഈ ഘട്ടത്തിലൂടെ ഒന്നും പോകാതെ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്ന മറ്റാരെങ്കിലും അവർക്ക് മുന്നേ ആ സീറ്റുകൾ കരസ്ഥമാക്കുമോ?

കോവിഡ് ഭീതി മാത്രമല്ല, ഇക്കുറിയത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നവർ നേരിടുന്ന പ്രതിസന്ധികൾ. നേരാംവണ്ണം പഠനവിഷയങ്ങൾ സ്വായത്തമാക്കാൻ കഴിയാത്തവരാണ് അവർ. ടെലിവിഷൻ ക്ലാസുകൾ ആയിരുന്നു അവർക്ക് ഒരു വർഷം കിട്ടിക്കൊണ്ടിരുന്നത്. നെറ്റും സ്മാർട്ട് ഫോണുകളും ഇല്ലാത്ത കുട്ടികൾക്ക് മറ്റൊരു പിന്തുണയും ലഭിച്ചിരുന്നില്ല. പരീക്ഷയോട് തൊട്ടടുത്ത് നടന്ന റിവിഷൻ ക്ലാസുകൾ വിശദമായ പഠനത്തിനുള്ള അവസരം നൽകിയിട്ടില്ല. പരീക്ഷയെ പലവിധത്തിൽ പരിഷ്കരിച്ചും പരീക്ഷാ ഭീതിയകറ്റാൻ പലമാർഗ്ഗങ്ങൾ ആവിഷ്കരിച്ചും ആണ് ഈ കടുത്ത സമ്മർദ്ദത്തെ താങ്ങാൻ അവരെ നമ്മൾ ഒരു വിധത്തിൽ പ്രാപ്തരാക്കിയത്. മറ്റുവഴികൾ ഇല്ലായിരുന്നു, കടുത്ത മത്സരം നിലനിൽക്കുന്ന പ്ലസ്‌ ടു പ്രവേശനത്തിനുള്ള അവരുടെ യോഗ്യത നിർണ്ണയിക്കാൻ. പാഠഭാഗങ്ങൾ ശരിയായി വിനിമയം ചെയ്തിട്ടുപോലുമില്ലാത്ത ഒരു സന്ദർഭത്തിൽ ഒരു പൊതുപരീക്ഷയെ, അതും ആദ്യമായി എഴുതുന്നതാണെന്നും ഓർക്കണം, അവർ അഭിമുഖീകരിക്കുന്നത് നേരത്തെ പറഞ്ഞത് പോലെ ആഗ്രഹിച്ച സ്കൂളിലും കോഴ്സിലും ഹയർ സെക്കന്ററി പ്രവേശനത്തിനു വേണ്ടിയാണ്. വീണ്ടും ആ ചോദ്യം മനസ്സിൽ ഉയരുകയാണ്, അവർ ആഗ്രഹിച്ച ആ സീറ്റുകൾ അവർക്ക് മുന്നേ മറ്റാരെങ്കിലും കയ്യടക്കുമോ?

ഫോട്ടോ: CMO Kerala Facebook Page

കടുത്ത വേനൽ ചൂടിന്റെ അന്തരീക്ഷത്തിലും നോമ്പ് കാലം പോലെ പ്രധാനപ്പെട്ട ഒരു പ്രാർത്ഥനാ സന്ദർഭത്തിലും കൂടിയാണ് ഇക്കുറി പരീക്ഷ നടക്കുന്നത് എന്നതും മറന്നുപോകരുത്. വേനൽ ഒഴിവിനെയാണ് ഇക്കുറി പരീക്ഷാകാലമാക്കിയത്. അപ്പോഴേക്കും പകൽ മുഴുവൻ ആഹാരമൊഴിവാക്കിയുള്ള കഠിന വ്രതത്തിന്റെ നോമ്പുകാലവും എത്തി. എങ്കിലും കേരളത്തിലെ പൊതുസമൂഹം സാഹചര്യം മനസ്സിലാക്കി വലിയ പ്രതിഷേധങ്ങൾ ഇല്ലാതെ കുട്ടികളെ പരീക്ഷയ്ക്കൊരുക്കി. കടുത്തചൂടിൽ വാടിത്തളരുന്ന കുഞ്ഞുങ്ങളാണ് ക്ലാസിലിരുന്ന് വിയർത്ത് ഇപ്പോൾ പരീക്ഷയെഴുതുന്നത്. എന്നാൽ ഈ പ്രയാസങ്ങൾ ഒന്നുമില്ലാതെ, വീട്ടിലെ സുഖപരിലാളനകൾ ഏറ്റുവാങ്ങിയും അടുത്ത കോഴ്സിനുള്ള സ്വകാര്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകളിൽ അറ്റൻഡ് ചെയ്തും ഇതേ ക്ലാസുകളിൽ പഠിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളും കേരളത്തിൽ ഉണ്ട്. കേരളത്തിലെ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് അവർ. അവർ പൊതു പരീക്ഷ എഴുതേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ ഉത്തരവായിട്ടുണ്ട്. സ്കൂളിൽ നിന്ന് നൽകുന്ന ഇന്റേണൽ മാർക്കുകളാണ് അവരുടെ സർട്ടിഫിക്കറ്റുകളിൽ ഇക്കുറി അച്ചടിക്കപ്പെടുക. അതിൽ പരാതി ഉള്ളവർക്ക് മാത്രം പിന്നീട് വേണമെങ്കിൽ പരീക്ഷ എഴുതാം എന്നതാണ് അവരുടെ നിലപാട്.

അതൊക്കെ അവരുടെ അക്കാദമികമായ കാര്യങ്ങളാണ്. സി.ബി.എസ് ഇ, ഐ സി എസ് ഇ അധികൃതർക്ക് തീരുമാനിക്കാവുന്നതെ ഉള്ളൂ അവരെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങൾ. എന്നാൽ കേരളത്തിലെ പൊതുസമൂഹം ആശങ്കാകുലരാകേണ്ട ഒറ്റ കാര്യം മാത്രമേ ഇതിൽ ഉള്ളൂ. സ്കൂളിൽ നിന്നും ഇന്റേണൽ അസ്സസ്മെന്റ് എന്ന പേരിൽ നൂറിൽ നൂറുമാർക്കും നേടി വരുന്ന സി ബി എസ് ഇ, ഐ സി എസ് ഇ കുട്ടികൾക്കായി, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും നിർണ്ണായകമായ ഹയർ സെക്കന്ററി ഘട്ടത്തിലെ സീറ്റുകൾ ആദ്യഘട്ടത്തിൽ തന്നെ മാറ്റിവെക്കപ്പെടുമോ എന്നതാണത്. അങ്ങിനെയെങ്കിൽ, നേരത്തെ സൂചിപ്പിച്ചതരം കഠിനമായ വൈതരണികൾ താണ്ടി തളർന്നെത്തുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നുവന്ന ഒരു കുട്ടിയോട്, നാം ചെയ്യുന്ന ഏറ്റവും വലിയ നീതികേടാവും അത്. ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന ഒരു സാഹചര്യത്തെ സ്റ്റേറ്റ് ആവശ്യപ്പെട്ടതുകൊണ്ടുമാത്രം സധൈര്യം നേരിട്ട നിഷ്കളങ്കരായ മക്കളോടും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമർപ്പിച്ച് ഏതറ്റംവരെയും അതോടൊപ്പം ചേർന്നുനിന്ന അവരുടെ രക്ഷകാർത്താക്കളോടും കാണിക്കുന്ന കൊടുംചതിയാവും അത്.

ഒരു സമ്പ്രദായത്തിലും ഇക്കുറി കുട്ടികളുടെ ഇന്റേണൽ അസ്സസ്മെന്റ് കൃത്യവും സത്യസന്ധവുമായാണ് നടന്നത് എന്ന് പറയാൻ കഴിയില്ല. അതാരുടെയും കുറ്റംകൊണ്ടല്ല. ഇന്റേണൽ അസ്സസ്മെന്റ് എന്ന സങ്കല്പം തന്നെ കുട്ടിയുമായുള്ള ദൈനംദിനമായ അക്കാദമിക ഇടപെടലിലൂടെ അധ്യാപിക സ്വരുക്കൂട്ടിയെടുക്കുന്ന അവരുടെ ശക്തിയെയും ദൗർബല്യങ്ങളെയും കുറിച്ചുള്ള ധാരണയാണ്. പഠനപുരോഗതി നിർണ്ണയിക്കുന്നതിനുള്ള നിരന്തരമായ ഇടപെടലിന്റെ ഭാഗം. എഴുതിക്കിട്ടിയ ഏതെങ്കിലും നോട്ടിന്റെയോ അസൈന്മെന്റിന്റെയോ മാർക്കിടൽ അല്ല അത്. അങ്ങിനെയെങ്കിൽ പുതിയ ഓൺലൈൻ കാലത്ത് അതാർക്കും വ്യാജമായ നൂറുനൂറു വഴികളിലൂടെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. പഠിതാവിനെ നിരന്തരം നിരീക്ഷിക്കാനും സംവാദത്തിൽ ഏർപ്പെടാനും പ്രക്രിയകളിൽ പങ്കാളികളാക്കാനും ഒരു ഓൺലൈൻ പഠനകാലത്ത് എളുപ്പമല്ല. സ്വാഭാവികമായും അപ്പോൾ കുട്ടിയുടെ പക്ഷത്ത് നിന്നുകൊണ്ട് പരമാവധി സ്കോർ നൽകുക എന്ന രീതിയായിരിക്കും ഏതൊരു സമ്പ്രദായവും സ്വീകരിക്കുക. ഓരോ സമ്പ്രദായത്തിനും ഇന്റേണൽ സ്കോർ നൽകുന്നതിന് വ്യത്യസ്തമായ വഴികളും കാണും. എന്നാൽ അങ്ങിനെ നൽകപ്പെടുന്ന സ്കോറുമായി ഒരു പൊതുപരീക്ഷ എഴുതിവരുന്ന, അതിന്റെ ഏറ്റവും പിന്നിലുള്ള കുട്ടിയുടെ പോലും മുന്നിൽ കയറുന്നത് നീതികരിക്കാൻ കഴിയുന്ന ഒന്നല്ല. പൊതുവിദ്യാഭ്യാസത്തെ മുൻനിർത്തി നാം ആണയിടുന്ന സാമൂഹിക നീതിയുടെയും ഏറ്റവും സാധാരണക്കാർക്കൊപ്പം നിൽക്കുന്ന നിലപാടിന്റെയും കടയ്ക്കൽ കത്തിവെക്കുന നടപടിയാവും അത്.

എന്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഹയർ സെക്കന്ററി എന്ന മുഴുത്ത കഷ്ണം മാത്രം ചിലർക്ക് പഥ്യമാവുന്നു? പ്രീ കെ ജി മുതൽ സി ബി എസ് ഇ യുടെയും ഐ സി എസ് ഇ യുടെയും ആരാധകന്മാരായ ആളുകൾക്ക് പത്താംതരം കഴിയുമ്പോൾ ഇവിടുത്തെ പൊതുവിദ്യാഭ്യാസം മധുരമുള്ളതായി തോന്നുന്നു? പത്താതരം വരെയുള്ള കേരളത്തിലെ പാഠ്യപദ്ധതിയോടുള്ള വെറുപ്പാണ് അവരെ കേന്ദ്രീയവിദ്യാലയങ്ങൾ തുടങ്ങി നാടൻ സി ബി എസ് ഇ സ്കൂളുകൾ വരെയുള്ള വരേണ്യവിദ്യാലയങ്ങളിലേക്ക് ആട്ടിത്തെളിച്ചത്. ഇംഗ്ലീഷ് മീഡിയവും കേന്ദ്ര സിലബസ്സും മറ്റു പൊങ്ങച്ചങ്ങളും ആയിരുന്നു അവിടുത്തെ ആകർഷകഘടകങ്ങൾ. കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ നടന്നു വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ പരിഹസിക്കുകയും കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ കുറ്റവും കുറവുകളും എണ്ണിപ്പെറുക്കുകയും ചെയ്ത ഒരു കൂട്ടരും ഇവരിൽ ഉണ്ട്. എന്നാൽ ഹയർ സെക്കന്ററി എത്തുമ്പോൾ കാര്യങ്ങൾ മാറുന്നതായി അവർക്ക് ബോധ്യപ്പെടുന്നു.

Photo: pxhere.com

സി ബി എസ് ഇ യിൽ ഹയർ സെക്കന്ററിക്ക് തിളക്കമില്ല. പല നാടൻ സി ബി എസ് ഇ സ്കൂളുകളിലും ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ല. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് മുതലായ വിഷയങ്ങൾക്കുള്ള സുസജ്ജമായ ലബോറട്ടറി, മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി പൊതു വിദ്യാലയങ്ങളിലെ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ഭൗതികനേട്ടങ്ങൾ ഒരു സ്വകാര്യസ്കൂളിനും കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്തത്രയും ഉയരാത്തിലാണ്. പോസ്റ്റ്‌ ഗ്രാജ്വേഷനും സെറ്റും അതിൽ കൂടുതലും യോഗ്യതയുള്ള അധ്യാപകർ, എൻ സി ഇ ആർ ടി സിലബസ്, ഇംഗ്ലീഷ് മീഡിയത്തിലുള്ള പാഠപുസ്തകങ്ങൾ തുടങ്ങി ഇനിയും മേന്മകളുടെ പട്ടികകൾ നീട്ടാം. അപ്പോൾ ആ നടുക്കഷ്ണം കഴിക്കാൻ അന്നുവരെ സ്വകാര്യസ്കൂളുകളിൽ അഭിമാനംപൂണ്ട ആളുകൾ എത്തിച്ചേരും. സായിപ്പിനെ കാണുമ്പോൾ പലരും അപ്പോൾ കവാത്ത് മറക്കും. സി ബി എസ് ഇ യോട് അവിടെ എസ് എസ് എൽ സി ദയനീയമായി തോൽക്കും. അല്ലെങ്കിൽ തോൽപ്പിക്കും.

ഹയർ സെക്കന്ററിയിൽ ഏകജാലക സംവിധാനം തുടങ്ങിയ ആദ്യനാളുകളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച കുട്ടികൾക്കുള്ള രണ്ടുഘട്ടം അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷം മാത്രമേ സി ബി എസ് ഇ ക്കാർക്ക് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് പലവിധ ഇടപെടലുകളാൽ ആദ്യഘട്ടത്തിൽ തന്നെ സി ബി എസ് ഇ യിൽ പഠിച്ചവർക്ക് അപേക്ഷിക്കാം എന്നാക്കി. ഒടുവിലൊടുവിൽ എസ് എസ് എൽ സി റിസൾട്ട് എത്രനെരത്തെ വന്നാലും സി ബി എസ് ഇ ഫലം വൈകുകയാണെങ്കിൽ അതുവരെ കേരളത്തിലെ ഹയർ സെക്കന്ററി പ്രവേശനവും നീട്ടിവെക്കുന്നിടത്ത് എത്തിയിരുന്നു കാര്യങ്ങൾ. ഇപ്പോഴും സ്ഥിതി അതുതന്നെയാണ്. ഇക്കൊല്ലം സി ബി എസ് ഇ റിസൾട്ട് വൈകുന്ന പ്രശ്നമില്ല. പൊതുപരീക്ഷ ഇല്ലാത്തതുകൊണ്ട് അത് ഇപ്പോഴേ തയ്യാറായിട്ടുണ്ടാകും. അവരുടെ ഇന്റേണൽ സ്കോറും എസ് എസ് എൽ സി എന്ന പൊതുപരീക്ഷയിലെ സ്കോറും സമീകരിക്കുന്ന സൂത്രവാക്യം എന്തായിരിക്കും എന്നേ അറിയേണ്ടതുള്ളൂ.

പൊതുവിദ്യാലയങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള ഒരു സർക്കാർ ഇക്കാര്യത്തിലുള്ള നിലപാട് ഇപ്പോൾ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. സി ബി എസ് ഇ വിദ്യാർത്ഥികൾ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകതന്നെ വേണം. അപ്പോഴും ഉറപ്പിക്കെണ്ടുന്ന ഒരു കാര്യമുണ്ട്. സംസ്ഥാനസർക്കാർ വലിയ പ്രതിസന്ധികളെ നേരിട്ട് ഒരു പൊതുപരീക്ഷ നടത്തി, അതിലെ സ്കോറിനെ അടിസ്ഥാനപ്പെടുത്തി ഒരു റാങ്ക് ലിസ്റ്റ് തയ്യാക്കിക്കയാണ് ഇവിടുത്തെ ഹയർ സെക്കന്ററി ക്ലാസുകളിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്. ആ പ്രവേശന പ്രക്രിയയിലേക്ക് മറ്റൊരു സിലബസ്സിൽ പഠിച്ച കുട്ടികൾക്ക് കടക്കണമെങ്കിൽ സമാനമായ ഒരു പൊതുപരീക്ഷയെ അവരും അഭിമുഖീകരികണം എന്നത് പ്രധാനമാണ്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സിൽ പഠിച്ചവർ ഒരു പൊതുപരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും, സ്വന്തം സ്ട്രീമിന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന അങ്ങിനെയുള്ളവർക്കായി ഒരു പൊതുപരീക്ഷ സംഘടിപ്പിക്കണമെന്നും അതത് അധികൃതരോട് അടിയന്തിരമായി സർക്കാർ ആവശ്യപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം കേരളത്തിലെ ഹയർ സെക്കന്ററി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർണ്ണമായും ഇവിടുത്തെ എസ് എസ് എൽ സി പരീക്ഷയിലെ സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാവണം. ഇത് ആരെയെങ്കിലും മാറ്റിനിർത്തുന്നതിന്റെയോ ഒഴിവാക്കുന്നതിന്റെയോ പ്രശ്നമല്ല എന്നും നമ്മുടെ പൊതുവിദ്യാഭ്യാസം മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആദർശങ്ങളുടെ പ്രകാശനം മാത്രമാണെന്നും നമ്മൾ തിരിച്ചറിയുകയും വേണ്ടതുണ്ട്.


Comments