ശിക്ഷ കിട്ടിയ ആളായാണ് വിരമിച്ചത്, ഞാന്‍ അതിനെ ചോദ്യം ചെയ്യും

ഇന്ന് ഞാന്‍ പറയുന്നത്, ഇന്നലെ പറയാന്‍ പറ്റില്ല എന്ന തോന്നലുണ്ടാക്കിയല്ലോ. എന്നാല്‍, എനിക്ക് ഇത് ഇന്നലെയും പറയാം, അത് പറയാനുള്ളതാണ് വിദ്യാഭ്യാസം. അതുകൊണ്ട്, ഞാനത് ഇന്നലെയും പറഞ്ഞിട്ടുണ്ട്.

ഞാനുന്നയിച്ചത് വ്യക്തിപരമായ പ്രശ്‌നമല്ല. ഖേദപ്രകടനം നടത്തിയിരുന്നുവെങ്കില്‍, മാപ്പു പറഞ്ഞിരുന്നുവെങ്കില്‍, ഏതെങ്കിലും നേതാക്കളെ പോയി കണ്ടിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകുമായിരുന്നില്ല. എനിക്ക് പ്രിയപ്പെട്ട ചില നേതാക്കള്‍ പറഞ്ഞിരുന്നു; ആരെയെങ്കിലും കണ്ട് വിഷയം തീര്‍ക്കണം എന്ന്. മന്ത്രി ശിവന്‍കുട്ടിയെയോ എനിക്കെതിരെ ഉത്തരവിറക്കിയ ജീവന്‍ബാബുവിനെയോ പോയി കാണാന്‍ ഒരു വിഷമവുമുണ്ടായിരുന്നില്ല. എന്നാല്‍, ഞാനത് ചെയ്തില്ല. കാരണം, ഇതൊരു പൊതുവിഷയമാണ്. ഞാന്‍ പറഞ്ഞ കാര്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന്് അവസാനനിമിഷം വരെ ഞാന്‍ കരുതിയിരുന്നു.

ഞാന്‍ പൊതുവിദ്യാഭ്യാസത്തെ ശത്രുവായി പ്രഖ്യാപിച്ചു, പരീക്ഷാസമ്പ്രദായത്തെ വികലമാക്കി, വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സര്‍ക്കാരിനെതിരായി തിരിച്ചു എന്നിങ്ങനെ എനിക്കെതിരെ കുറ്റപത്രം ഫ്രെയിം ചെയ്തവരെ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ശിക്ഷിക്കണം എന്നതായിരുന്നു എന്റെ ആവശ്യം.

ശിക്ഷ കിട്ടിയ ആളായാണ് ഞാന്‍ വിരമിച്ചത്. ഞാന്‍ വിട്ടുകൊടുക്കില്ല. അതിനെ നിയമപരമായി ചോദ്യം ചെയ്യും. പി.പ്രേമചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗം

Comments