ഇങ്ങനെയാകരുത്,
അധ്യാപകരുടെ തെറ്റുതിരുത്തൽ

പാലക്കാട് ആനക്കര എച്ച്.എസ്.എസ് സ്കൂളിലെ പ്രധാനാധ്യാപകനുനേരെ വിദ്യാർത്ഥി ‘കൊലവിളി’ മുഴക്കിയ വാർത്ത സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും മണിക്കൂറുകളായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിനു മുന്നിലേക്ക് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ സോഷ്യൽ ഓഡിറ്റിങ്ങിനു വിട്ടുകൊടുക്കുന്നതിലൂടെ, ആ കുട്ടിയെ പരോക്ഷമായ ആൾക്കൂട്ട വിചാരണയ്ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ശ്യാം സോർബ.

ന്റെ ​മൊബൈൽ ഫോൺ പിടിച്ചുവച്ച സംഭവത്തിൽ പാലക്കാട് ആനക്കര എച്ച്.എസ്.എസ് സ്കൂളിലെ പ്രധാനാധ്യാപകനുനേരെ വിദ്യാർത്ഥി ‘കൊലവിളി’ മുഴക്കിയ വാർത്ത സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും മണിക്കൂറുകളായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപനെ അനുകൂലിച്ചും, വിദ്യാർത്ഥിയെ പരസ്യമായി ചീത്ത പറഞ്ഞും രോഷം തീർക്കുകയാണ് മിക്കവാറും മലയാളികൾ.

സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സ്കൂളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് സ്കൂളിൽ അടിയന്തര പി.ടി.എ ചേർന്നു. വിദ്യാർഥിയെ സസ്​പെന്റ് ചെയ്തു എന്ന വാർത്തകൾ പി.ടി.എ ഭാരവാഹികളും പ്രധാന അധ്യാപകനും നിഷേധിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നത് തങ്ങളുടെ കൈയിൽനിന്നല്ല എന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. ഇത്രയുമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായത്.

എന്നാൽ, കാതലായ ചോദ്യം അവശേഷിക്കുന്നു:

18 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു വിദ്യാർഥി ചെയ്ത തെറ്റ് വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയാക്കുകയും ​ചെയ്തത് ഒരേ സമയം അധാർമികവും ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധവുമാണ്.
18 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു വിദ്യാർഥി ചെയ്ത തെറ്റ് വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയാക്കുകയും ​ചെയ്തത് ഒരേ സമയം അധാർമികവും ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധവുമാണ്.

വിദ്യാർത്ഥിയുടെ ഭാഗത്ത് ശരിയുണ്ടോ?.
സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല എന്ന് സ്കൂൾ അധികൃതർ പറയുന്നു. ആ നിലയ്ക്ക് ഫോൺ കൊണ്ടുവന്നത് തെറ്റ്. പ്രധാനാധ്യാപകനുനേരെയുള്ള ഇത്തരം പെരുമാറ്റവും തെറ്റുതന്നെ. എന്നാൽ, അതിലും ഗുരുതര തെറ്റല്ലേ ഈ വിഷയം കൈകാര്യം ചെയ്ത പ്രധാന അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായത്?

18 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു വിദ്യാർഥി ചെയ്ത തെറ്റ് വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയാക്കുകയും ​ചെയ്തത് ഒരേ സമയം അധാർമികവും ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പ്രായപൂർത്തിയായതോ ആവാത്തതോ ആയ ഏതൊരാൾക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. ഒരാളുടെ അനുവാദമില്ലാതെ വീഡിയോ പകർത്തുക, അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക എന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണ്. 2017-ലെ കെ.എസ്. പുട്ടസ്വാമി v/s യൂണിയൻ ഓഫ് ഇന്ത്യ വിധിന്യായത്തിൽ, ആർട്ടിക്കിൾ 21 പ്രകാരം പരിരക്ഷിച്ചിരിക്കുന്ന മൗലികാവകാശമായി സ്വകാര്യതയ്ക്കുള്ള അവകാശം സുപ്രീം കോടതി അംഗീകരിക്കുന്നുണ്ട്. സ്വകാര്യത വ്യക്തിപരമായ സ്വാതന്ത്രത്തിന്റെയും അന്തസ്സിന്റെയും അനിവാര്യ വശമാണെന്നും മുഴുവൻ ഭരണഘടന പദ്ധതിയിലും അന്തർലീനമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

ഇതിന്റെ മറ്റൊരു വശമാണ് ആ കുട്ടിക്ക് നേരിട്ടേക്കാവുന്ന മാനസികാരോഗ്യ ആഘാതം. പൊതുസമൂഹത്തിനുമുന്നിലേക്ക് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ സോഷ്യൽ ഓഡിറ്റിങ്ങിനു വിട്ടു കൊടുക്കുന്നതിലൂടെ, ആ കുട്ടിക്ക് സംഭവിച്ചേക്കാവുന്ന അങ്ങേയറ്റം വലിയ മുറിവുകൾ- ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത ഉൾപ്പെടെ- ഗുരുതരമായ മാനസികാഘാതത്തിലേക്ക് നയിച്ചേക്കാം എന്ന സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ പങ്കിടുന്നതിലൂടെ പരോക്ഷമായ ആൾക്കൂട്ട വിചാരണയ്ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ അപകടകരവും അനിയന്ത്രിതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാകില്ല.

ജുവനൈൽ ജസ്റ്റിസ് നിയമം- 2015, സെക്ഷൻ 74 പ്രകാരം നിയമപരമോ സാമൂഹികപരമോ ആയ ഏതെങ്കിലും പ്രശ്നത്തിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാവാത്ത ഒരാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് തെറ്റാണ്. അത്തരത്തിൽ കുട്ടികളുടെ പരിചരണ - സംരക്ഷണ നിയമപ്രകാരം ഇത്തരം ഒരു വീഡിയോ പങ്കിട്ടത് നിയമം മൂലം ശിക്ഷർഹമായ കുറ്റം തന്നെയാണ്.

ആൾക്കൂട്ട വിചാരണകളുടെ ഇരകൾ അൽപ്പമൊന്നുമല്ല നമ്മുടെ സമൂഹത്തിലുള്ളത് എന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു
ആൾക്കൂട്ട വിചാരണകളുടെ ഇരകൾ അൽപ്പമൊന്നുമല്ല നമ്മുടെ സമൂഹത്തിലുള്ളത് എന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 499, 500 (പുതുക്കിയ നിയമത്തിൽ മാറ്റമുണ്ടായേക്കാം) പ്രകാരം ഒരാളെ പരസ്യമായി അപമാനിക്കുന്നത് മാനനഷ്ടമായി കണക്കാക്കാം. ഒപ്പം, പോക്സോ- 2012 പ്രകാരമുള്ള തെറ്റുകൾ ഈ ചെയ്തികളിൽ വ്യക്തമാണ്. മാധ്യമ റിപ്പോർട്ടുകളിലൂടെയോ മറ്റോ ഒരു കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ കൈമാറുന്നത് തെറ്റാണ്. ഇവിടെ കുട്ടിയാണ് കുറ്റം ചെയ്തത് എങ്കിൽ വകുപ്പ് 34 പ്രകാരം അതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചും 2000-ലെ ബാലാനീതി ആക്റ്റിലെ വ്യവസ്ഥകൾക്കനുസരിച്ചുമാകണം നടപടികൾ. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ച അധ്യാപകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

പാലക്കാട്ടെ സംഭവത്തിൽ വിദ്യാർഥിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതിനു പുറകിൽ അധ്യാപകർ തന്നെയാണ് എങ്കിൽ, അവർക്കെതിരെ കൃത്യമായ അച്ചടക്കനടപടി എടുക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റത്തിനുള്ള ശിക്ഷ അർഹിക്കുന്ന തെറ്റാണ് സംഭവിച്ചിട്ടുള്ളത്. അധ്യാപകർ മാതൃകയായി നിലകൊള്ളണം എന്നാണ് പൊതുവെ പറയാറ് (ആശയപരവും വ്യക്തിപരവുമായ എതിർപ്പുകളുണ്ടാകാം). ഉത്തരവാദിത്തോടെ പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത ആ വിദ്യാർത്ഥിക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശവും പ്രൊഫഷണൽ കൗൺസിലിങും അടക്കമുള്ള തെറ്റുതിരുത്തലായിരുന്നു വേണ്ടത്.

ഒരു കാലത്ത് അധ്യാപകർ തല്ലി പഠിപ്പിച്ചു, അതുതന്നെയായിരുന്നു നല്ലത് എന്ന തരത്തിലുള്ള വാദമുള്ളവരോട്: ഏതു കാലത്തായാലും ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെയല്ല വിദ്യാഭ്യാസം സാധ്യമാക്കേണ്ടത്. ഇവിടെ, ആ വിദ്യാർത്ഥിക്ക് സംഭവിച്ച പിഴവിനെക്കാൾ ധാർമ്മികവും നിയമപരവുമായ തെറ്റാണ് ആ വീഡിയോ പങ്കുവെച്ച അധ്യാപകർ, മാധ്യമങ്ങൾ, ഉൾപ്പെടെ സകലരും ചെയ്തിരിക്കുന്നത്.

ആൾക്കൂട്ട വിചാരണകളുടെ ഇരകൾ അൽപ്പമൊന്നുമല്ല നമ്മുടെ സമൂഹത്തിലുള്ളത് എന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. 


Summary: Shyam Zorba writes about viral video from Palakkad Anakkara HSS student's reaction. A serious note on our education system and teachers.


ശ്യാം സോർബ

തിയേറ്റർ ആർട്ടിസ്റ്റ്, ആക്റ്റിങ് ട്രെയ്നർ, റാഞ്ചിയിലെ ജാർക്കണ്ഡ് സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ.

Comments