ഒന്നര വർഷത്തോളമായി മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഭീതിദമായ സാഹചര്യങ്ങളിലൂടെയാണ് ലോകത്തോടൊപ്പം കേരളവും കടന്നുപോകുന്നത്. കോവിഡ്-19 എന്ന മഹാവ്യാധി ലോകത്തെയാകെ നിശ്ചലമാക്കി. അനിവാര്യമായ അതിജീവനം ഏത് കാര്യത്തിലുമുണ്ടാകുമെന്ന പ്രതീക്ഷയിൽ മനുഷ്യർ മഹാമാരിയെ കരുതലോടെ നേരിട്ടു. മുഖാവരണം അണിഞ്ഞും, വാക്സിനെടുത്തും വൈറസിനെതിരെ നമ്മൾ പ്രതിരോധം തീർത്തു. അങ്ങനെ നാം പതിയെ പുറത്തിറങ്ങി തുടങ്ങി. ഇപ്പോൾ മിക്ക രാജ്യങ്ങളിലെയും ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സീൻ കൂടി ലഭിക്കാൻ തുടങ്ങിയതോടെ രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയായി.
ലോകമാകെ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ കേരളത്തിലെ സ്‌കൂളുകളും അടുത്ത മാസം തുറക്കുകയാണ്. ഒന്നര വർഷത്തെ അടച്ചുപൂട്ടലിനു ശേഷമാണ് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് കുട്ടികളുടെ വാക്‌സിനേഷന് നടപടിയായിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ ഉൾപ്പെടെ സ്‌കൂളിലേക്ക് പോകുമ്പോൾ, രക്ഷിതാക്കൾക്ക് കടുത്ത ആശങ്കയായിരിക്കും. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുവാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിലയക്കുക എന്നത് സുരക്ഷിതമല്ലെന്നാണ് രക്ഷിതാക്കളും അധ്യാപകരും കരുതുന്നത്. സ്‌കൂൾ ബസുകളിൽ പഴയ പോലെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും എത്രത്തോളം സുരക്ഷിതമാകുമെന്ന ആശങ്കയാണ് രക്ഷിതാക്കളും അധ്യാപകരും പങ്കുവെക്കുന്നത്.
ഷെഡ്ഡിലായ ബസ്സുകൾ
ഒന്നര വർഷത്തിലേറെയായി ഷെഡുകളിൽ കിടക്കുന്ന ബസുകൾ നന്നാക്കിയെടുക്കാന്നുള്ള ബദ്ധപ്പാടിലാണ് സ്‌കൂൾ അധികൃതർ. സ്‌കൂൾ വാഹനങ്ങളും കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളും 20-ന് മുമ്പ് ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഏറെനാൾ ഓടിക്കാതിരുന്നതിനാൽ മിക്ക വാഹനങ്ങൾക്കും വലിയതോതിൽ അറ്റകുറ്റപ്പണി വേണ്ടിവരുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പല സ്‌കൂളുകളുടെയും വാഹനങ്ങൾ വർക്ക്‌ഷോപ്പുകളിലാണ്. മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് ഇതുവരെ പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്. വർക്ക്‌ഷോപ്പുകളിലെ തിരക്കുകാരണം വാഹനങ്ങൾ നന്നാക്കി കിട്ടാൻ വൈകുന്നതാണ് ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയാൻ കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം ചില സ്‌കൂളുടമകൾക്ക് വാഹനം സർവീസ് ചെയ്യാൻ കഴിയാത്തതും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതിനിടയാക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച സ്‌കൂൾ വാഹനങ്ങൾക്കുവേണ്ടി പ്രത്യേകമായി ഫിറ്റ്‌നസ് പരിശോധന വച്ചെങ്കിലും ആകെ ഏഴ് വാഹനങ്ങളാണ് എത്തിയതെന്ന് കോഴിക്കോട് ആർ.ടി.ഒ. ഇ. മോഹൻദാസ് പറഞ്ഞു. സർക്കാർ നിർദേശപ്രകാരം എപ്പോൾ പരിശോധനയ്ക്ക് കൊണ്ടുവന്നാലും സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് കൊടുക്കുമെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ ഏത് ദിവസം വേണമെങ്കിലും അതത് സ്‌കൂളുകളിലെത്തി വാഹനങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആർ.ടി.ഒ. പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ഓരോ വാഹനത്തിലും കയറ്റാവുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കണമെങ്കിൽ നിലവിലുള്ള വാഹനങ്ങൾ മതിയാകാതെ വരും. അതേസമയം, കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനുള്ള സാഹചര്യവും പല സ്‌കൂളുകൾക്കുമില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സ്‌കൂൾ ഉടമകളെയും ബാധിച്ചിട്ടുണ്ട്. അതിനാൽ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുകൂലമായ സ്ഥിതിയിലല്ല മിക്ക സ്‌കൂളുകളും.
നിലവിലുള്ള സ്‌കൂൾ ബസ്സുകളെല്ലാം അറ്റകുറ്റപ്പണി നടത്തിയാലും മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയാണ് അധ്യാപകർക്കുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതും നേരത്തെ കുട്ടികളെ കൊണ്ടുവന്നിരുന്ന സ്വകാര്യ ടാക്‌സികളും ജീപ്പുകളും ഉൾപ്പെടെയുള്ള പൂർണമായും ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വിദ്യാർഥികളെ സ്വീകരിക്കാൻ കരുതലോടെ
തുടക്കത്തിൽ പൂർണതോതിൽ അധ്യയനം ആരംഭിക്കാത്തതിനാൽ സ്‌കൂൾ തുറന്നതിനുശേഷം കുട്ടികളുടെ ട്രാൻസ്‌പോർട്ടേഷൻ സംബന്ധിച്ച് പുതിയ തീരുമാനങ്ങളെടുക്കാനാണ് സ്‌കൂളുകൾ ആലോചിക്കുന്നത്. ഇപ്പോൾ സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ചുള്ള ക്ലാസ് പി.ടി.എ.കളുടെ യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ യോഗങ്ങൾ പൂർത്തിയായതിനുശേഷം മാത്രമെ എത്ര രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ തയ്യാറാകൂ എന്ന് വ്യക്തമാകുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ പൊതുവാഹനത്തിലോ സ്‌കൂൾ വാഹനത്തിലോ കയറ്റിവിടാൻ ധൈര്യമില്ലെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. അതുകൊണ്ടുതന്നെ മിക്ക രക്ഷിതാക്കളും കുട്ടികളെ സ്വന്തം വാഹനങ്ങളിൽ സ്‌കൂളിലെത്തിക്കാനാണ് സാധ്യത, പ്രത്യേകിച്ച് ചെറിയ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ. അതുകൊണ്ടുതന്നെ ഉപയോഗിക്കാതെ കേടായിക്കിടക്കുന്ന വാഹനങ്ങൾ തിരക്കുപിടിച്ച് നന്നാക്കേണ്ടതില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ കണക്കുകൂട്ടൽ.
വിദ്യാർഥികൾ സ്‌കൂളിലേക്ക് മടങ്ങിയെത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും സുരക്ഷാനടപടികളും സംബന്ധിച്ച് സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സ്‌കൂളുകൾ കർമപദ്ധതികൾ തയ്യാറാക്കിവരികയാണ്. അധ്യാപക-രക്ഷാകർതൃസമിതികൾ യോഗം ചേർന്ന് ഏത് തരത്തിലാണ് മാർഗനിർദേശങ്ങൾ നടപ്പാക്കേണ്ടതെന്ന് ചർച്ച ചെയ്ത് ഓരോ അധ്യാപകർക്കും ചുമതലകൾ വീതിച്ചുനൽകിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. ക്ലാസുകളുടെ സമയം, കുട്ടികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്‌കൂൾ സജ്ജമാക്കൽ (ശുചിത്വം, അണുനശീകരണം ഉൾപ്പെടെ) തുടങ്ങി എല്ലാ കാര്യങ്ങളിലും അധ്യാപക-രക്ഷാകർതൃസമിതി തീരുമാനമെടുക്കും.
സ്‌കൂൾ തുറന്ന് ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ എത്ര കുട്ടികൾ സ്‌കൂളിലേക്ക് വരുമെന്നും അവരുടെ സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ ഏത് തരത്തിലാണെന്നും മനസ്സിലാക്കാനാകും. അതിനനുസരിച്ച് രക്ഷാകർതൃസമിതികളോട് കൂടിയാലോചിച്ച് പദ്ധതികൾ തയ്യാറാക്കാനാണ് തീരുമാനമെന്ന് കോഴിക്കോട് ജില്ലയിലെ പറമ്പിൽബസാർ എം.എ.എം. യു.പി. സ്‌കൂളിലെ അധ്യാപകൻ പറയുന്നു. പ്രൈമറി ക്ലാസുകളായതിനാൽ പൂർണതോതിൽ ക്ലാസുകൾ ഉടനെ ആരംഭിക്കാൻ സാധ്യതയില്ല. രക്ഷിതാക്കളുടെ ഉത്കണ്ഠകൾ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകും. കോവിഡിനുശേഷം സ്‌കൂൾ തുറക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വിശദമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഫലപ്രദമായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിക്കുന്നത്.
കുട്ടികളെ പൊതുവാഹനങ്ങളിൽ അയക്കാൻ രക്ഷിതാക്കൾ തയ്യാറല്ലെന്നും അവർ തന്നെ കൊണ്ടുവിടാമെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നതെന്നും മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം ജി.യു.പി. സ്‌കൂളിലെ അധ്യാപകൻ കെ.പി. ഷാജി പറഞ്ഞു. "സ്‌കൂളിന് ഒരു ബസ്സാണുള്ളത്. അത് സർവീസ് ചെയ്ത് ഫിറ്റ്‌നസ് പരിശോധനയൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഓടിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നടന്നുവരാവുന്ന ദൂരത്തല്ലാത്ത കുട്ടികളെ രക്ഷിതാക്കൾ സ്വന്തം വാഹനങ്ങളിൽ സ്‌കൂളിലെത്തിക്കുമെന്നാണ് പറയുന്നത്. ഒരു സീറ്റിൽ ഒരു കുട്ടി എന്നാണ് സ്‌കൂൾ ബസ് സർവീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇത് പ്രായോഗികതലത്തിൽ വലിയ പ്രയാസമാകും. മുഴുവൻ കുട്ടികളെയും കൃത്യസമയത്ത് സ്‌കൂളിലെത്തിക്കാൻ ഒരു ബസ് മാത്രമായാൽ സാധിക്കുമെന്ന് തോന്നുന്നില്ല.'-ഷാജി പറയുന്നു.
അധ്യാപകരുടെ യോഗം ചേർന്ന് സർക്കാർ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ബുധനാഴ്ച മുതൽ ക്ലാസ് പി.ടി.എ.കൾ ചേർന്ന് വിശദമായ ആലോചനകൾ നടക്കും. അതിനുശേഷം മാത്രമെ എത്ര കുട്ടികൾ സ്‌കൂളിൽ വരുമെന്നും എത്ര കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
നേരെത്തയുണ്ടായിരുന്ന സ്‌കൂൾ ബസ്സുകളെല്ലാം അറ്റകുറ്റപ്പണി നടത്തിയാലും പുതിയ സാഹചര്യത്തിൽ മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ അവ പര്യാപ്തമാകില്ലെന്ന് മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ പറഞ്ഞു. നേരത്തേ സ്‌കൂൾ ബസ്സിൽ വന്നുകൊണ്ടിരുന്നവരുടെയും ഇനി സ്‌കൂൾ തുറക്കുമ്പോൾ യാത്രാസൗകര്യം ആവശ്യമായി വരുന്നവരുടെയും കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ കൂടുതൽ വിദ്യാർഥികൾ സ്‌കൂളിലെത്താനുള്ള സാധ്യത കുറവായതിനാൽ സ്‌കൂൾ തുറന്നതിനുശേഷം സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് അകലെ നിന്ന് വരുന്ന കുട്ടികൾ കൂടുതലുള്ളത്. ആദ്യം ക്ലാസ് പൂർണതോതിലാകുന്നതും അവർക്കായിരിക്കും. അതിനാൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനാണ് ആദ്യ പരിഗണന നൽകുക.- അദ്ദേഹം പറഞ്ഞു.
ബസ്സിൽ വിടാൻ പേടിയെന്ന് രക്ഷിതാക്കൾ
സ്‌കൂൾ ബസ്സിലൊക്കെ കുട്ടികളെ വിടാൻ ഇപ്പോൾ പേടിയുണ്ടെന്നും അതുകൊണ്ട് സ്വന്തം വാഹനത്തിൽ മക്കളെ കൊണ്ടുവിടാനാണ് ആലോചിക്കുന്നതും മൂന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ അമ്മയായ എറണാകുളം സ്വദേശി രശ്മി പറയുന്നു. തനിക്ക് വാഹനമുള്ളതിനാൽ ഇക്കാര്യത്തിൽ വലിയ ആശങ്കയില്ലെന്നും എന്നാൽ മക്കളുടെ സഹപാഠികളായ പല കുട്ടികളുടെയും രക്ഷിതാക്കളുടെ സ്ഥിതി അതല്ലെന്നും അവർ പറഞ്ഞു. പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് വിടണോ എന്ന കര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
ബയോബബിൾ സംവിധാനം ഒരുക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ചെറിയ കുട്ടികളുടെ കാര്യത്തിലൊക്കെ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് നാലാം ക്ലാസ് വിദ്യാർഥിയുടെ അമ്മയായ കണ്ണൂർ സ്വദേശി വിദ്യ പറയുന്നു. കുട്ടികൾ സ്‌കൂളിൽവെച്ച് ഭക്ഷണം കഴിക്കേണ്ടിവരുന്നതും ഒരുമിച്ച് കളിക്കുന്നതുമെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, സ്‌കൂൾ തുറക്കുന്നു എന്ന കാര്യം വലിയ സന്തോഷം നൽകുന്നതാണെന്നും കുട്ടികൾക്ക് വലിയ മാനസികപ്രയാസങ്ങളാണ് കോവിഡ് കാലം സൃഷ്ടിച്ചതെന്നും വിദ്യ പറഞ്ഞു.
നഷ്ടം ചെറിയ കുട്ടികൾക്കുതന്നെ
സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും കുട്ടിയെ സ്‌കൂളിലേക്ക് വിടാൻ പേടിയോ മടിയോ ഇല്ലെന്നും രണ്ടാംക്ലാസ് വിദ്യാർഥിയുടെ അമ്മയും മാധ്യമപ്രവർത്തകയുമായ സരിത പറയുന്നു. കോവിഡ് കാലം കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും കൂട്ടുകാരെയും അധ്യാപകരെയും കാണാത്ത കാലം കുഞ്ഞുമനസ്സുകളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചതെന്നും അതുകൊണ്ട് എത്രയും വേഗം ക്ലാസുകൾ സാധാരണ നിലയിലേക്കെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സരിത വ്യക്തമാക്കുന്നു.
"വീട്ടിൽ നിന്ന് നടന്നുപോകാവുന്ന ദൂരത്തിലാണ് സ്‌കൂൾ എന്നതിനാൽ യാത്ര സംബന്ധിച്ച് എനിക്ക് ആശങ്കയില്ല. സ്‌കൂളിലെ മിക്ക കുട്ടികളെയും രക്ഷിതാക്കൾ കൊണ്ടുവിടാനാണ് സാധ്യതയെന്നാണ് തോന്നുന്നത്. കുട്ടികളുടെ യാത്രയോ ക്ലാസിൽ ഒരുമിച്ചിരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നമോ ഒന്നുമല്ല എന്നെ ആശങ്കപ്പെടുത്തുന്നത്. ചെറിയ ക്ലാസിലെ കുട്ടികൾക്ക് അടിത്തറയാണ് കോവിഡ് കാരണം നഷ്ടമായത്. ഓൺലൈൻ ക്ലാസുകളൊന്നും കൊച്ചുകുട്ടികളെ സംബന്ധിച്ച് പ്രായോഗികമല്ല. വീട്ടിൽ രക്ഷിതാക്കൾ കൃത്യമായി ശ്രദ്ധിച്ചാൽ മാത്രമെ കുട്ടികൾ ക്ലാസിലിരിക്കൂ. അതിനുള്ള സമയവും ബോധവുമുള്ള രക്ഷിതാക്കളാണെങ്കിൽ മാത്രമെ കുട്ടികൾ അക്ഷരമെങ്കിലും പഠിക്കൂ. കൂടാതെ ഒന്നിലധികം കുട്ടികളുള്ള വീടുകളാണെങ്കിൽ, രക്ഷിതാക്കളിൽ ഒരാൾക്ക് മാത്രമാണ് സ്മാർട്ട് ഫോണുള്ളതെങ്കിൽ ചെറിയ കുട്ടികളുടെ പഠനമായിരിക്കും മുടങ്ങുക. ഇത്തരത്തിൽ അടിത്തറ ഇല്ലാതാകുന്നത് കുട്ടികളുടെ ഭാവിയെത്തന്നെ തകരാറിലാക്കും. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഇത്തരത്തിൽ പ്രയാസമുണ്ടാകുന്നത്.'-സരിത വിശദമാക്കുന്നു.
അലർജി പോലെയുള്ള രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തിലാണ് രക്ഷിതാക്കൾക്ക് വലിയ ആശങ്കയുള്ളതെന്ന് നല്ലളം എ.എൽ.പി. സ്‌കൂൾ പി.ടി.എ. ജോയിന്റ് കൺവീനർ റെയ്‌സ പറയുന്നു. സ്‌കൂളിൽ ക്ലാസ് മുറികൾ ശുചീകരിക്കുകയും മറ്റ് ഒരുക്കങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടികൾ സ്‌കൂളിലേക്ക് തിരികെയെത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ചർച്ചകളൊക്കെ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും രണ്ടാം ക്ലാസുകാരന്റെ അമ്മയായ റെയ്‌സ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗൺ സമൂഹത്തെയാകെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം. തൊഴിൽനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും പുറത്തിറങ്ങാനാകാത്ത അവസ്ഥയുമെല്ലാം ആളുകളുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ സമ്മർദം ഏറ്റവും രൂക്ഷമായി ബാധിച്ച വിഭാഗമാണ് വിദ്യാർഥികൾ. വീടിന്റെ നിയന്ത്രണങ്ങളും വീർപ്പുട്ടലുകളും ചില കുട്ടികൾക്ക് താങ്ങാനാകാത്തതായിരിക്കും. ഇത് സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും കൂടുതൽ സമയം ചെലവിടുന്നതിന് ഇടയാക്കും. ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ദിവസത്തിന്റെ ഏറിയ സമയവും മൊബൈൽ ഫോണിലായി കുട്ടികളുടെ ജീവിതം. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗവും കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതിന് കാരണമാകുന്നു. വിഡിയോ ഗെയിമുകളിലെ അക്രമണോത്സുകതയും ക്ഷമയില്ലായ്മയും അതിവേഗവുമെല്ലാം മൊബൈൽ ഫോണിന് അടിമകളാകുന്ന കുട്ടികളെ സ്വാധീനിക്കുന്നു. അവരുടെ സ്വാഭാവത്തിൽ മാറ്റമുണ്ടാക്കാനും ഇത് കാരണമാകുന്നു. ഈ സാഹചര്യങ്ങളെല്ലാം സ്‌കൂൾ എത്രയും പെട്ടെന്ന് തുറക്കണമെന്ന നിലപാടിലേക്കാണ് രക്ഷിതാക്കളെ എത്തിക്കുന്നത്.
യാത്രാ ബുദ്ധിമുട്ടുകളും കോവിഡ് വരുന്നതുപോലും പ്രശ്‌നമല്ലെന്നാണ് കുട്ടികളുടെ ഭാവി തകരുന്നത് കാണുമ്പോൾ തോന്നുന്നതെന്നാണ് ചുറ്റുമുള്ള പല വീടുകളിലെയും സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സരിത പറയുന്നു. "കഴിഞ്ഞ ഒന്നര വർഷക്കാലം വീട്ടിൽ തന്നെയായിരുന്നതിനാൽ കുട്ടികൾക്ക് നല്ല ഭക്ഷണം നൽകി പ്രതിരോധശേഷി ഉറപ്പുവരുത്താനും രോഗങ്ങൾ വരാതെ സൂക്ഷിക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പഠനത്തിൽ സഹായിക്കാനും രക്ഷിതാക്കൾക്ക് സാധിക്കും. പക്ഷെ കൂട്ടുകാരെയും അധ്യാപകരെയും കാണാതെ, പരസ്പരമുള്ള ഇടപെടലുകൾ ഇല്ലാതെ കുട്ടി അനുഭവിക്കുന്ന സംഘർഷങ്ങൾ വളരെ വലുതാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൻ, അവൻ പഠിക്കുന്ന സ്‌കൂൾ ഇതുവരെ കണ്ടിട്ടില്ല. സഹപാഠികളെയോ അധ്യാപകരെയോ കണ്ടിട്ടില്ല. രക്ഷിതാക്കൾക്ക് അധ്യാപകരുമായും മറ്റു രക്ഷിതാക്കളുമായുമെല്ലാം വാട്‌സാപ്പിലൂടെയും ഫോണിലൂടെയുമെല്ലാം നല്ല ബന്ധമുണ്ടാകും. എന്നാൽ കുട്ടികൾ തമ്മിൽ അങ്ങനെയൊരു ബന്ധമില്ല. അതുണ്ടാകണമെങ്കിൽ അവർ പരസ്പരം കണ്ട്, ഒരുമിച്ച് പഠിക്കുകയും കളിക്കുകയും വേണം.'- ഇതാണ് തന്റെയും മകന്റെ സഹപാഠികളുടെ രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് സരിത പറയുന്നു.
ഓൺലൈൻ ക്ലാസുകൾ തുടരും
10, 12 ക്ലാസുകളിൽ മാത്രമായിരിക്കും അദ്യഘട്ടത്തിൽ പൂർണതോതിൽ അധ്യയനം തുടങ്ങുന്നത്. പുതിയ സാഹചര്യവുമായി പരിചയപ്പെടാനുള്ള സാവകാശം കുട്ടികൾക്ക് നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. രക്ഷിതാക്കൾക്ക് പൂർണ സമ്മതമുണ്ടെങ്കിൽ മാത്രമെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടതുള്ളൂ എന്നും ആശങ്കകൾ പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞിട്ടുണ്ട്. സ്‌കൂളിൽ വരാനാകാത്ത കുട്ടികൾക്ക് തുടർന്നും ഓൺലൈൻ ക്ലാസുകൾ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചിട്ടുണ്ട്.
വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾ തുടരും. സ്‌കൂളിലെ അധ്യാപകരുടെ ഓൺലൈൻ ക്ലാസിനായുള്ള ജി-സ്വീറ്റ് സംവിധാനം നവംബർ ഒന്നിന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പൂർണണമായി നിലവിൽവരും. ഓൺലൈൻ, ഡിജിറ്റൽ, ക്ലാസ്മുറി പഠനരീതികൾ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് പഠനമായിരിക്കും ഇനി നല്ലതെന്ന് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വ്യക്തമാക്കുന്നത്.
കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് അധ്യയനം നടക്കുക. ഒരു ക്ലാസിൽ 20 കുട്ടികൾ മാത്രമാണുണ്ടാകുക. മൂന്ന് ദിവസം തുടർച്ചയായിട്ടായിരിക്കും ഒരു ബാച്ചിന് ക്ലാസുണ്ടാകുക. രാവിലെ 10 മണി മുതൽ ഒരുമണി വരെയായിരിക്കും ക്ലാസ്. അതിനാൽ സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടാകില്ല. രണ്ടാഴ്ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ പുതിയ മാർഗനിർദേശങ്ങൾ നൽകാനാണ് സർക്കാർ തീരുമാനം.
പ്രവേശനോത്സവത്തിന് ഒരുങ്ങി സ്‌കൂളുകൾ
നീണ്ട ഇടവേളയ്ക്കുശേഷം കുട്ടികൾ തിരികെ സ്‌കൂളിലേക്കെത്തുമ്പോൾ, സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. രണ്ട് ബാച്ച് പുതിയ വിദ്യാർഥികളാണ് ഇത്തവണ ആദ്യമായി സ്‌കൂളിലേക്കെത്തുന്നത്. അതിനാൽ എല്ലാ സ്‌കൂളുകളിലും മികച്ച രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി പ്രവേശനോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ സ്‌കൂളുകൾ.