ഉപേക്ഷിക്കാം, അധ്യാപകർക്ക്​​ അധികാരത്തിന്റെ ചെങ്കോൽ

അമിതാധികാരം വേണ്ടെന്നു വയ്ക്കുന്ന അധ്യാപകരും, സ്വന്തം പഠനത്തിൽ കൂടുതൽ ഉത്തരവാദിത്തമേറ്റെടുക്കുന്ന വിദ്യാർത്ഥികളും കൂടുതൽ ആരോഗ്യകരമായ ഒരു അക്കാദമികാന്തരീക്ഷത്തിനായിരിക്കും തുടക്കം കുറിക്കുക, സമഗ്ര മാറ്റം തന്നെയാണ് ഇതുവഴി സാധ്യമാകുക. അതെ, മറ്റൊരു അധ്യാപനം സാധ്യമാണ് !

ൺലൈൻ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചർച്ചകളും വിചിന്തനങ്ങളും മിക്കപ്പോഴും ടെക്നോളജിയുടെ അനുഭവപ്രപഞ്ചത്തിലും പ്രാപ്യത (access)യുടെ പ്രശ്നപരിസരത്തിലും ചുറ്റിക്കളിക്കുമ്പോൾ സംഭവിക്കുന്ന ഒരു നഷ്ടം, പുതിയ പെഡഗോജിയുടെ സവിശേഷതകൾക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോവുന്നു എന്നതാണ്. സാങ്കേതികവിദ്യയുടെ പലവിധ പ്രയോഗങ്ങൾ കൊണ്ട് വിദ്യാഭ്യാസം നിരന്തരം നവീകരിക്കപ്പെട്ടപ്പോഴും വലിയ മാറ്റം ഏൽക്കാതെ നിന്ന പരമ്പരാഗത പെഡഗോജിയെ അടിമുടി മാറ്റിപ്പണിഞ്ഞു കൊണ്ടാണ് ഇ-ലേണിംഗും ഓൺലൈൻ വിദ്യാഭ്യാസവും വ്യാപകമാകുന്നത്. രൂപപ്പെടുന്ന പുതിയ പെഡഗോജിയാകട്ടെ വലിയ ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാത്ത തുടർ പ്രക്രിയയും ആണ്.

തോൽക്കില്ല നിങ്ങൾ

ഇ-ലേണിംഗിന്റെ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന പുതിയ സാധ്യതകളെ സാക്ഷാത്കരിക്കാനും സങ്കീർണതകളെ അഭിമുഖീകരിക്കാനും ഈ പുതിയ ബോധനശാസ്ത്രം സഹായിക്കും. വിജ്ഞാന വിതരണം (knowledge delivery) ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റും വഴിയാകുന്നതാണ് ഇ-ലേണിംഗിന്റെ ബാഹ്യലക്ഷണങ്ങളായി നാം കണക്കാക്കുന്നതെങ്കിൽ, സ്വയം നിയന്ത്രിത (self-paced) പഠനമാണ് അതിൻറെ സ്ഥായീസ്വഭാവം; നമുക്ക് കൂടുതൽ പരിചയമുള്ള ഹൈബ്രിഡ് (ഓൺലൈൻ, ഓഫ് ലൈൻ മാതൃകകളുടെ സങ്കലനം) മോഡലുകളിൽ അത് എപ്പോഴും പ്രകടമാകാറില്ലെങ്കിലും. അതുകൊണ്ട് ഡിജിറ്റൽ, സ്വയംനിയന്ത്രിത പഠനത്തെ കൂടുതൽ ഗൗരവത്തോടെയും, സാങ്കേതിക വിദ്യയുടെ അലൗകിക വെളിച്ചം കൊണ്ട് വഴിതെറ്റിപ്പോകാതെയും അടുത്തുപോയി കാണേണ്ടതുണ്ട്. പഠിതാവ് സ്വന്തം സമയക്രമം നിശ്ചയിച്ച്​ തന്റെ സൗകര്യത്തിനും താല്പര്യത്തിനുമനുസരിച്ച് ക്രമീകരിക്കുന്ന അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയാണ് സ്വയം നിയന്ത്രിത(self -paced)പഠനം എന്ന് സാമാന്യമായി പറയാം. ഒരു പാഠഭാഗം എത്ര സമയമെടുത്ത്, എത്ര തവണ ഇരുന്നു പഠിച്ചെടുക്കണം എന്ന് പഠിതാവ് തീരുമാനിക്കുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങളോ അധ്യാപകരോ അതിൽ ഇടപെടുന്നില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിക്കുമ്പോൾ പാഠ്യഭാഗത്തിൻറെ ഉള്ളടക്കം പഠിതാവിനു എപ്പോഴും പ്രാപ്യമാണ്.

എല്ലാ ഓഫ് ലൈൻ പഠനവ്യവസ്ഥകളിലും അധ്യാപകരാണ് അധികാരകേന്ദ്രം. അധികാരകേന്ദ്രത്തോടുള്ള വിധേയത്വം പഠനാനുഭവം മുതൽ പരീക്ഷാഫലം വരെ നിർണയിക്കുന്നു.

പരമ്പരാഗത പഠന സമ്പ്രദായത്തിൽ ഒരു പാഠഭാഗത്തിന് എത്ര മണിക്കൂർ അധ്യാപനം, അത് ഏതൊക്കെ ദിവസം, ഏതു സമയത്ത്, എന്നത് മുതൽ അനുബന്ധപ്രവർത്തനങ്ങൾ, മൂല്യനിർണയം എന്നിവ വരെ മുൻകൂട്ടി പ്രഖ്യാപിച്ച സമയപ്പട്ടിക അനുസരിച്ചു നിയന്ത്രിച്ചിരിക്കും. അതനുസരിച്ചു പഠനപ്രക്രിയ പൂർത്തിയാക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണ്. കലണ്ടർ പ്രകാരം പ്രസ്തുത ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥി തോറ്റതായി കണക്കാക്കും. സ്വയം നിയന്ത്രിത പഠനരീതിയിൽ സമയ സംബന്ധിയായ കാരണങ്ങളാൽ തോൽവിയുണ്ടാവുക അപൂർവമാണ്, പലപ്പോഴും അസംഭവ്യവും.

അധ്യാപകർ ഇനി നടത്തിപ്പുകാർ

സ്വയം നിയന്ത്രിത പഠനരീതിയെ, പഠനപ്രക്രിയയുടെ സമയനിബന്ധനക്കു മേൽ പഠിതാവിനുള്ള നിയന്ത്രണം മാത്രമായി ചുരുക്കിക്കാണാൻ കഴിയില്ല. പാഠ്യപ്രവർത്തനത്തിന്റെ ഗതി മാത്രമല്ല ദിശയും പഠിതാവ് നിയന്ത്രിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട്ടിനെപറ്റിയുള്ള പൊതുധാരണകൾ പലതും സമൂലമായി മാറും. ഓൺലൈൻ, ഡിജിറ്റൽ മാതൃകകൾ വെറും പഠന ക്രിയ (learning activity) മാത്രമല്ല, വിശാലമായ പഠിപ്പ് പരിസ്ഥിതി (learning environments) കൂടിയാണ് സൃഷ്ടിക്കുന്നതെന്നു കാണേണ്ടതുണ്ട്. എല്ലാ ഓഫ് ലൈൻ പഠനവ്യവസ്ഥകളിലും അധ്യാപകരാണ് അധികാരകേന്ദ്രം. അധികാരകേന്ദ്രത്തോടുള്ള വിധേയത്വം പഠനാനുഭവം മുതൽ പരീക്ഷാഫലം വരെ നിർണയിക്കുന്നു. അധ്യാപകർ ‘ആധികാരികമായി’ വിജ്ഞാനം അനുവദിച്ചുകൊടുക്കുകയും അത് വിനീതവിധേയരായ വിദ്യാർഥികൾ ചോദ്യങ്ങളൊന്നും ഇല്ലാതെ ഏറ്റുവാങ്ങുകയും ചെയ്യുന്ന പെഡഗോജിയുടെ ബാങ്കിങ് മാതൃക ചോദ്യം ചെയ്ത പൗലോ ഫ്രയർ, പകരം വച്ച ‘ചോദ്യം ഉന്നയിക്കുന്ന മാതൃക’ (problem posing model) ലോകത്തിന് മുന്നിൽ വന്നിട്ട് 50 വർഷം കഴിഞ്ഞെങ്കിലും അധ്യാപകരുടെ അധീശത്വം പെഡഗോജിയുടെ അടിത്തറയായി ഇപ്പോഴും തുടരുകയാണ്. അധ്യാപകാധികാരം പ്രയോഗിക്കാനുള്ള പ്രധാന ആയുധം മിക്കപ്പോഴും ഏകപക്ഷീയമായി തീരുമാനിക്കപ്പെടുന്ന സമയപരിധികളാണ്. ശ്രദ്ധിച്ചിട്ടില്ലേ , എല്ലാ അവസാനതീയതികളും ഒരു ക്ലാസിനു മൊത്തം ബാധകമായവയാണ്. വ്യക്തിപരമായി വ്യത്യസ്തമായ പഠനശേഷിയെയോ, ഭൗതികമോ മാനസികമോ ആയ സാഹചര്യങ്ങളെയോ പരിഗണിച്ച് പലർക്കും പല സമയപരിധികൾ ഓരോ പാഠ്യപ്രവർത്തനങ്ങൾക്കും അനുവദിക്കുക പ്രയോഗികമല്ലല്ലോ. അപ്പോൾ എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സമയം ചോദിക്കേണ്ടി വരുന്ന വിദ്യാർഥികൾ അതു വഴി അധ്യാപകരുടെ അധികാരത്തെ വീണ്ടും ബലപ്പെടുത്തുകയും ചെയ്യും. ഈ അധ്യാപകകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെയാണ് സെൽഫ് പെയ്‌സ്‌ഡ്‌ പഠനം അടിമുടി അസ്ഥിരപ്പെടുത്തുന്നത്. സമയപരിധി സംബന്ധിച്ച അന്തിമതീരുമാനങ്ങൾക്കുള്ള അവകാശം വിദ്യാർത്ഥിക്ക് കൈമാറുന്ന അധ്യാപകർ അമിതാധികാരങ്ങൾ കൈവിട്ട് പഠനപ്രക്രിയയുടെ നടത്തിപ്പുകാരാ (facilitators )വുകയാണ് ഇ-ലേണിംഗിൽ ചെയ്യുക. ഇത് പോരായ്മയായല്ല, അധ്യാപകരുടെ ഉത്തരവാദിത്തം കൂട്ടുന്ന പുരോഗതിയായാണ് കാണേണ്ടത്.

നേരത്തെ ക്ലാസ്സെടുക്കുകയും പരീക്ഷ നടത്തുകയും ചെയ്യുന്നതിൽ ഒതുങ്ങിയ അധ്യാപകരുടെ ചുമതലകൾ ഇപ്പോൾ ഒരു കോഴ്സിന്റെ ആകെക്കൂടിയുള്ള ഫലപ്രാപ്തിയുടെ പൂർണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലേക്കു മാറുന്നു. അതായത്, അക്കാദമിക മണ്ഡലത്തിലെ ഈ അധികാര പുനർവിന്യാസം അധ്യാപകർക്കെതിരെയുള്ള അവിശ്വാസപ്രമേയമല്ല, മറിച്ച്, വിദ്യാർത്ഥി സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പരസ്പരധാരണയാണെന്നർത്ഥം. സ്വന്തം നിയന്ത്രണത്തിലുള്ള പഠനത്തിൽ, വിദ്യാർത്ഥി അനുഭവിക്കുന്നത് കൂടിയ ഉത്തരവാദിത്തത്തോടെയുള്ള സ്വാതന്ത്ര്യമായിരിക്കും . അമിതാധികാരം വേണ്ടെന്നു വയ്ക്കുന്ന അധ്യാപകരും, സ്വന്തം പഠനത്തിൽ കൂടുതൽ ഉത്തരവാദിത്തമേറ്റെടുക്കുന്ന വിദ്യാർത്ഥികളും കൂടുതൽ ആരോഗ്യകരമായ ഒരു അക്കാദമികാന്തരീക്ഷത്തിനായിരിക്കും തുടക്കം കുറിക്കുക, സമഗ്രമായ മാറ്റം തന്നെയാണ് ഇതുവഴി സാധ്യമാകുക.

പഠനപ്രക്രിയ സ്വതന്ത്രമാക്കപ്പെടുന്നു

സ്വയം നിയന്ത്രിത പഠനത്തിന്റെ ഏറ്റവും പ്രകടമായ വ്യത്യാസം അത് വിദ്യാർത്ഥികളുടെ പഠനശേഷിയിലെ വൈവിധ്യത്തെ ഗുണപരമായി പ്രയോജനപ്പെടുത്തുന്നു എന്നതാണ്. ഓരോ വിദ്യാർഥിയും ഓരോ വേഗത്തിലായിരിക്കും കാര്യങ്ങൾ ഗ്രഹിക്കുക. ഭിന്നാഭിരുചികളുള്ളതിനാൽ ഓരോ വിദ്യാർത്ഥിയും ഒരേ വിഷയത്തിലെ പല ഭാഗങ്ങളോട് വ്യത്യസ്ത രീതികളിലാണ് പ്രതികരിക്കുക. ഇലെക്ട്രോണിക്സിന്റെ പ്രയോഗം പെട്ടെന്ന് പഠിച്ചെടുക്കുന്ന വിദ്യാർത്ഥി ബൂളിയൻ ആൾജിബ്ര മനസ്സിലാക്കാൻ കൂടുതൽ സമയം എടുക്കാം എന്നത് ഉദാഹരണം. സാമ്പ്രദായികമായ അധ്യയനരീതിയിൽ എല്ലാ വിദ്യാർത്ഥികളും എല്ലാ പാഠഭാഗങ്ങളും ഒരേ വേഗത്തിലും ഒരേ പ്രവർത്തനങ്ങളിലൂടെയും പഠിക്കാൻ നിർബന്ധിതരാകുമ്പോൾ ചിലർ വിഷയം മനസ്സിലാക്കിയും ചിലർ ഒന്നും മനസിലാവാതെയും മുന്നോട്ടു പോകുന്നു. സ്വയം നിയന്ത്രിത പഠനരീതിയിലാകട്ടെ, ഓരോ വിദ്യാർത്ഥിയും ആവശ്യമായ സമയമെടുത്ത്, ലഭ്യമായ പഠനരീതികളിൽ നിന്നു തനിക്കനുയോജ്യമായ മാർഗം തെരഞ്ഞെടുത്ത് മുന്നോട്ടു പോകുന്നു. ഗ്രഹിക്കാനുള്ള ശേഷിക്കനുസൃതമായി പഠനവേഗം മാറ്റാം എന്ന് മാത്രമല്ല, വിവിധങ്ങളായ ജ്ഞാന സമ്പാദന സഞ്ചികകളിൽ (learning resources)നിന്ന് അനുയോജ്യമായവ തെരഞ്ഞെടുത്തു വിഷയവുമായി കൂടുതൽ അർഥപൂർണമായ സംവേദനം നടത്താനും വിദ്യാർത്ഥിക്ക് കഴിയുന്നു.

സമയപരിധി സംബന്ധിച്ച അന്തിമതീരുമാനങ്ങൾക്കുള്ള അവകാശം വിദ്യാർത്ഥിക്ക് കൈമാറുന്ന അധ്യാപകർ അമിതാധികാരങ്ങൾ കൈവിട്ട് പഠനപ്രക്രിയയുടെ നടത്തിപ്പുകാരാ വുകയാണ് ഇ-ലേണിംഗിൽ ചെയ്യുക

ഉദാഹരണത്തിന്, ഒരു പുതിയ വിഷയത്തിലേക്കുള്ള പ്രവേശിക ഒരു മ്യൂസിക് വീഡിയോയോ, ഗവേഷണപ്രബന്ധത്തിന്റെ പി.ഡി.എഫോ, ഒരു പരീക്ഷണമോ, ഒരു കൂട്ടായ പ്രവൃത്തിയോ (group activity) ആകാം. സാമ്പ്രദായിക പഠനരീതിയിൽ എല്ലാ പഠിതാക്കളും ഇതിൽ ഒന്നോ രണ്ടോ എണ്ണം നിശ്ചിത സമയത്തിനകം ചെയ്യുവാൻ നിർബന്ധിതരാകുന്നു. എന്നാൽ സ്വയം നിയന്ത്രിത പഠനത്തിൽ ലഭ്യമായ എല്ലാ സാധ്യതകളിലുംനിന്ന് തനിക്കു അനുയോജ്യമായത് തെരഞ്ഞെടുത്തു പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥിക്ക് കഴിയും. വൈവിധ്യങ്ങളായ എത്രയെങ്കിലും പഠന സാമഗ്രികളും (learning materials) അനുബന്ധ പ്രവർത്തനങ്ങളും ഓരോ പഠന പരിസരത്തിലും ഉൾപ്പെടുത്തി പലവഴിക്കു പഠനം പെരുക്കാൻ ( multi -directional ) അധ്യാപകർക്കും കഴിയും. ഓരോരുത്തരും പഠിക്കുന്നത് ഓരോ തരത്തിലാണെന്ന അടിസ്ഥാനതത്വം മുൻനിർത്തി അതിനനുസൃതമായി പാഠത്തിലേക്ക് പ്രവേശിക്കാനും അതിൽ പെരുമാറാനും ഉള്ള എല്ലാ വഴികളും തുറന്നിടുകയാണ് സ്വയം നിയന്ത്രിത പഠനത്തിന്റെ പൊതുസ്വഭാവം. പഠനവേഗം പഠിതാവ് നിർണയിക്കുന്നുവെന്നു പറഞ്ഞാൽ പഠനത്തെ അതിന്റെ സാമ്പ്രദായിക ക്രമങ്ങളിലും ഇടുങ്ങിയ പരിസരങ്ങളിലും നിന്ന് വേർപെടുത്തുന്നു എന്നു കൂടിയാണ് അർഥം. ശബ്ദകോലാഹലമുള്ള ഒരു സമയത്തിനു പകരം ഏകാഗ്രത കൂടുതൽ കിട്ടുന്ന മറ്റൊരു സമയം തെരഞ്ഞെടുക്കാനും, അടച്ചിട്ട ഒരു മുറിക്കു പകരം കൂടുതൽ സുഖകരമായ ഒരു തുറസ്സിടം ഉപയോഗിക്കുവാനും പഠിതാവിനു കഴിയും. വീട്ടിലെ ലാപ്ടോപിലോ ടി.വിയിലോ കണ്ട പാഠഭാഗത്തിൻറെ ബാക്കി, തുടർന്ന് ബസ്സിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ കാണാനും മറ്റു പ്രവൃത്തികളുടെ ഇടവേളകളിൽ ആവശ്യമായ മൊഡ്യൂളുകൾ ആവർത്തിച്ചു കാണാനും കഴിയും. ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളിൽ നിന്നും പഠനപ്രക്രിയ സ്വതന്ത്രമാക്കപ്പെടുകയാണ് ഇവിടെ.

സംഭവബഹുലമാണ് നമ്മുടെ ഹൈബ്രിഡ് പഠനരീതി!

അങ്ങനെവരുമ്പോൾ, പരീക്ഷകളുടെ നടത്തിപ്പു സമ്പ്രദായങ്ങളെപ്പറ്റി പുനരാലോചിക്കാനുള്ള സാധ്യതകളും തെളിഞ്ഞുവരും. നിശ്ചിത സമയം കൊണ്ട് പഠിച്ചുതീർക്കാൻ കഴിഞ്ഞ പാഠഭാഗങ്ങളെ കുറിച്ചുള്ള ഓർമ പരിശോധന മാത്രമായ ഇപ്പോഴത്തെ പരീക്ഷാരീതി ഇ-ലേണിംഗിൽ അപ്രസക്തമാകും. കാരണം സ്വയം നിയന്ത്രിത പഠനത്തിൽ, ഓരോ പാഠഭാഗത്തിലും തനിക്കാവശ്യമുള്ള സമയം ചെലവിട്ട ശേഷം തയാറായിക്കഴിഞ്ഞ വിദ്യാർത്ഥി സ്വയം മൂല്യനിർണയം (evaluation) ആവശ്യപ്പെടുകയാണ് ചെയ്യുക. അപ്പോൾ ആ പാഠഭാഗത്തെപ്പറ്റിയുള്ള ഒരു ക്വിസ് നടത്തുന്നതിന് പകരം അറിവ് സ്വംശീകരിച്ചോ എന്നറിയാനും അത് വിദ്യാർത്ഥി എങ്ങനെ ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ പ്രയോഗിക്കുമെന്നു മനസിലാക്കാനുമുള്ള, scenario exercise മാതൃകയിലുള്ള, മൂല്യനിർണയോപാധികൾ കൂടുതൽ ഉപയോഗിക്കേണ്ടിവരും. പഠനവും പരീക്ഷയും കൂടുതൽ പരസ്പരപൂരകങ്ങളാവാനും പഠനപ്രക്രിയ കൂടുതൽ ക്രിയാത്മകമാകാനും ഇതുവഴി സാധ്യത തെളിയും. സ്വയം നിയന്ത്രിത പഠനരീതിയുടെ ഒരു പോരായ്മ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്, ഒരേ സമയത്ത് ഒരു ക്ലാസ്സിലെ (cohort) പല പഠിതാക്കൾ പഠനത്തിൻറെ പല ഘട്ടങ്ങളിൽ ആയിരിക്കും എന്നതിന്റെ വിഷമതകളാണ്. ഇതുമൂലം ഒരു മോഡ്യൂളിൽ കൂടുതൽ സമയമെടുക്കുന്ന പഠിതാവ് ഉത്ക്കണ്ഠപ്പെടുകയും അതെ മൊഡ്യൂൾ വേഗത്തിൽ പൂർത്തിയാക്കിയവർ അലസരാവുകയും ചെയ്യാം. അസന്തുലിത പഠനനിലവാരം facilitatorക്കു ആശയക്കുഴപ്പവും ഉണ്ടാക്കാം. എന്നാൽ ഭാവനാപൂർണ്ണമായ ഇടപെടൽ വഴി ഈ സാഹചര്യത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയും. മൊഡ്യൂൾ പൂർത്തിയാക്കാനുള്ളവർക്കു നേരത്തെ പൂർത്തിയാക്കിയവരിൽ നിന്ന് peer learning വഴി തങ്ങളുടെ പഠനം സജീവമാക്കാം. Peer learning ന്റെ ഫലശേഷി വ്യാപകമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. പഠനത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതിനു പുറമെ, പരസ്പരധാരണയും ടീം വർക്കും മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. മൊഡ്യൂൾ പൂർത്തിയാക്കിയവർക്ക് peer teachingനു പുറമെ, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാം. അങ്ങനെ, പഴയ ക്ലാസ് മുറിയുടെ ചട്ടക്കൂട് മാറ്റി ആലോചിച്ചാൽ, പഠനാന്തരീക്ഷം ജ്ഞാനസമ്പുഷ്ടമാവുകയും ഓരോരുത്തർക്കും പലവിധ സാദ്ധ്യതകൾ തുറന്നുകിട്ടുകയുംകയും ചെയ്യും.

വിർച്വൽ അന്തരീക്ഷത്തിലുള്ള പഠനം സ്വയം പൂർണമായ ഒരു മാതൃകയല്ല. ചില വിഷയങ്ങൾ അവയുടെ സ്വാഭാവികമായ ജീവിത പരിസരത്തിൽ തന്നെ പഠിച്ചേ പറ്റൂ

സ്വയം നിയന്ത്രിത പഠനത്തിന്റെ സാദ്ധ്യത വച്ച്, എല്ലാവിധ പഠനാവശ്യങ്ങൾക്കും ഫലപ്രദമായ, പുതിയ മാതൃകയാണ് അത് എന്ന് കണക്കാക്കാൻ കഴിയില്ല. പ്രാഥമിക വിദ്യാഭ്യാസത്തിൽ സ്വയം നിയന്ത്രിത പഠനരീതിക്ക് വളരെയേറെ പരിമിതികളുണ്ട്. നേരത്തെ സൂചിപ്പിച്ച സ്വയം നിയന്ത്രിതാന്തരീക്ഷത്തിൽ പഠിതാവ് ഏറ്റെടുക്കേണ്ട അധിക ഉത്തരവാദിത്തം ചെറിയ കുട്ടികൾക്ക് കൈകാര്യം ചെയ്യാവുന്നതല്ല. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസവും പ്രത്യേക വിദ്യാഭ്യാസവും വരെയുള്ള തലങ്ങളിൽ വ്യത്യസ്തമായ സെൽഫ് പെയ്സ്ഡ് പഠന മാതൃകകൾ ആവശ്യമായി വരും എന്നർത്ഥം. എല്ലാ പാഠ്യവിഷയങ്ങൾക്കും ഇ-ലേണിംഗ് ഉപയോഗിക്കുക സാധ്യമല്ലെന്നു നമുക്കറിയാം. ഫീൽഡ് വർക്ക്, ജനസമ്പർക്കം, പരീക്ഷണങ്ങൾ എന്നിവ കൊണ്ടു മാത്രം ഫലപ്രദമായി പഠിക്കാൻ കഴിയുന്ന വിഷയങ്ങൾ നിരവധിയാണ്. മാത്രമല്ല, അത്തരം ഓഫ് ലൈൻ പാഠ്യപ്രവർത്തനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്ന വിഷയങ്ങൾക്ക് പോലും പൂർണമായും വിർച്വൽ അന്തരീക്ഷത്തിലുള്ള പഠനം സ്വയം പൂർണമായ ഒരു മാതൃകയല്ല. ചില വിഷയങ്ങൾ അവയുടെ സ്വാഭാവികമായ ജീവിത പരിസരത്തിൽ തന്നെ പഠിച്ചേ പറ്റൂ. വ്യക്തികൾ തമ്മിൽ നേരിട്ട് ഇടപഴകുന്നതിന് ബദലുകൾ ഇല്ലല്ലോ. അപ്പോൾ എന്താണ് ഒരു ബോധനശാസ്ത്രം എന്ന നിലയിൽ സ്വയം നിയന്ത്രിത പഠനത്തിൻറെ വിപുല സാദ്ധ്യതകൾ? ഇപ്പോൾ നാം കൂടുതലായി അവലംബിക്കുന്ന ഹൈബ്രിഡ് മോഡൽ പ്രവർത്തിക്കുന്നത് ഒരു പാഠ്യപദ്ധതിയുടെ ഒരു ഭാഗം പരമ്പരാഗത ക്ലാസ് റൂം രീതി വഴിയും മറ്റേ ഭാഗം ഇ-ലേണിംഗ് / ഓൺലൈൻ ക്ലാസുകൾ വഴിയും നടത്തിക്കൊണ്ടാണ്.

ദിലീപ് രാജ്
ദിലീപ് രാജ്

നിലനിൽക്കേണ്ട, മാതൃകയും അതുതന്നെയാണ്. പൂർണമായും വെർച്വൽ രീതിയവലംബിക്കുന്ന പഠനമാതൃകകൾക്കു സാർവത്രിക സ്വഭാവം ഇല്ല. എന്നാൽ ഹൈബ്രിഡ് മാതൃകൾ അവയുടെ ബോധനശാസ്ത്രം ഏതാണ്ട് എല്ലായ്പ്പോഴും ക്ലാസ് റൂം പഠനത്തിന്റെ തത്വങ്ങൾക്ക് അനുസരിച്ചാണ് രൂപപ്പെടുത്താറ്. എന്തിന്, ഓൺലൈൻ ക്ലാസിനു മുൻപ് ഹാജർ എടുത്തും, നേരത്തെ റെക്കോർഡ് ചെയ്ത ക്ലാസ്സെടുപ്പ് വീഡിയോ കാണുന്നതിന് പോലും ടൈം ടേബിൾ വച്ചും, വാട്സ് ആപ്പ് വഴി ഗൃഹപാഠത്തിൻറെ ഫോട്ടോ അയച്ചു കൊടുത്തും- സംഭവബഹുലമാണ് നമ്മുടെ ഹൈബ്രിഡ് പഠനരീതി! സ്വയം- നിയന്ത്രിത പഠനത്തിന്റെ ബോധനശാസ്ത്രം തുറന്നു തരുന്ന നേരത്തെ പറഞ്ഞ പല സാധ്യതകൾ ഹൈബ്രിഡ് മോഡലിൽ ഫലപ്രദമായി ഉൾപ്പെടുത്താൻ കഴിയും. ഒരു കോഴ്സിൻറെ വിവിധ സമയപരിധികളിൽ പഠിതാക്കൾക്ക് സ്വയം നിർണയാവകാശം കൊടുക്കുന്നത്, പുതിയ മൂല്യനിർണയ മാതൃകകൾ പ്രയോഗിക്കുന്നത്, വൈവിധ്യമുള്ള ജ്ഞാന ശേഖരങ്ങൾ (learning resources) ലഭ്യമാക്കുന്നത്, peer learning പ്രോത്സാഹിപ്പിക്കുന്നത്, ഇവയെല്ലാം ഹൈബ്രിഡ് മാതൃകയുടെ പഠനരീതിയിൽ ഉൾപ്പെടുത്തി ബോധനശാസ്ത്രം നവീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ നാം ചർച്ചയ്ക്കെടുക്കേണ്ടത് . അതിനു പകരം ക്ലാസ്റൂം പഠനത്തിന്റെ പെഡഗോജി ഹൈബ്രിഡ് മോഡലിന്റെ കേന്ദ്രസ്ഥാനത്ത് തുടരുമ്പോൾ, ഇ-ലേർണിംഗിന്റെ സാദ്ധ്യതകൾ വല്ലാതെ പരിമിതപ്പെടുകയും, പഴയ പഠനരീതികളിലെ അപര്യാപ്തതകൾ പരിഹരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയുമാണ് നാം ചെയ്യുക. ഈ അവസരം ശരിയായി പ്രയോജനപ്പെടുത്താനുള്ള ഏറ്റവും ആദ്യത്തെ നടപടി അധികാരത്തിന്റെ ചെങ്കോൽ അധ്യാപകർ ഉപേക്ഷിക്കുക എന്നതു തന്നെയാണ്. എന്നിട്ട് അരക്ഷിതത്വ ബോധം ഏതുമില്ലാതെ Facilitator എന്ന വിശാലമായ റോളിലേക്ക് മാറാനും കൂട്ടുത്തരവാദിത്തത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അന്തരീക്ഷത്തിൽ പഠനപ്രവർത്തനത്തിന്റെ രൂപരേഖ മാറ്റിവരക്കാനുള്ള സാധ്യതകൾ ആരായാനുമുള്ള കടമയും ഉത്തരവാദിത്തവുമാണ് അക്കാദമിക ലോകം ഏറ്റെടുക്കേണ്ടത്. അതെ, മറ്റൊരു അധ്യാപനം സാധ്യമാണ്!

പി.കെ. സാജൻ: രാജ്യാന്തര ടെലികോം ടെക്നോളജി കമ്പനിയായ verizonന്റെ
ഇന്ത്യ കോർപറേറ്റ്​ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്നു, ഇപ്പോൾ ചെന്നൈയിൽ സ്വതന്ത്ര കമ്യൂണിക്കേഷൻ കൺസൽട്ടൻറ്​. ബിർമിങ്​ഹാം സിറ്റി യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് മാനേജ്മെൻറ്​ (IIM), കാശിപുർ, കോഴിക്കോട്​ സർവകലാശാല എന്നിവിടങ്ങളിൽ അതിഥി അധ്യാപകനായിരുന്നു

(ദിലീപ് രാജ് എഡിറ്റ് ചെയ്ത് ഡി.സി ബുക്‌സ് പുറത്തിറക്കുന്ന " ഇ ലേണിംഗ് : എന്ത് , എങ്ങനെ ?" എന്ന പുസ്തകത്തിൽ നിന്ന് )


Summary: അമിതാധികാരം വേണ്ടെന്നു വയ്ക്കുന്ന അധ്യാപകരും, സ്വന്തം പഠനത്തിൽ കൂടുതൽ ഉത്തരവാദിത്തമേറ്റെടുക്കുന്ന വിദ്യാർത്ഥികളും കൂടുതൽ ആരോഗ്യകരമായ ഒരു അക്കാദമികാന്തരീക്ഷത്തിനായിരിക്കും തുടക്കം കുറിക്കുക, സമഗ്ര മാറ്റം തന്നെയാണ് ഇതുവഴി സാധ്യമാകുക. അതെ, മറ്റൊരു അധ്യാപനം സാധ്യമാണ് !


Comments