പഠനനിലവാരത്തിനായുള്ള നിലവിളികൾ

വിദ്യാഭ്യാസഗുണനിലവാരത്തെ സംഖ്യാരൂപത്തിൽ പറയുന്നത് അശാസ്ത്രീയമാണ്. സംഖ്യകൾ പഠനം സംബന്ധിച്ച ഒരു വിശദീകരണവും നൽകുന്നില്ല. മുപ്പത്തഞ്ചു ശതമാനത്തിനു താഴെ മാർക്കു വാങ്ങിയ കുട്ടിയെ നിങ്ങൾക്ക് തോല്പിക്കാം. അയാളുടെ മികവിന്റെ മേഖല കണ്ടെത്തി ശരിയായ വിധത്തിൽ അത് വളർത്തിക്കൊണ്ടുവരാൻ കഴിയാത്ത നമ്മളാണ് യഥാർഥത്തിൽ തോറ്റത്.

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ചൊല്ലിയുള്ള നിലവിളികൾ അടുത്തകാലത്ത് ഏറിവരികയാണ്. അധ്യാപകർ പഠിപ്പിക്കുന്നില്ല, അവർ കഴിവുകെട്ടവരും അലസരുമാണ്, സർക്കാർ ഗൂഢോദ്ദേശ്യം വച്ച് പൊതുവിദ്യാഭ്യാസത്തിനു തുരങ്കം വയ്ക്കുന്നു, പാഠപുസ്തകങ്ങൾക്ക് ഗുണം പോരാ, പരീക്ഷകൾക്ക് കനം പോരാ, വിദ്യാഭ്യാസമന്ത്രിക്ക് മുഖശ്രീ പോരാ എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. പൊതുസമൂഹം വിദ്യാഭ്യാസകാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നത് നല്ല ലക്ഷണം തന്നെ. താത്പര്യം കൂടുന്നതിന് അനുസരിച്ച് ആശങ്കയും ഏറിയേക്കാം. എന്നാൽ, രക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ കവലകളിലിരുന്ന് ദൂഷണം ചെയ്യുന്നത് കുറ്റകരമല്ലേ? നാട്ടിൽ നടക്കുന്ന വിദ്യാഭ്യാസത്തെ മുച്ചൂടും അധിക്ഷേപിക്കുന്നവരിൽ വലിയൊരു വിഭാഗം അത് മെച്ചപ്പെടുത്താൻ ശമ്പളം കൈപ്പറ്റുന്നവരാണ്. അക്കൂട്ടത്തിൽ അധ്യാപകരും ഉദ്യോഗസ്ഥപ്രമാണിമാരും വിദ്യാഭ്യാസവിദഗ്ധരായി ഇടയ്ക്കിടെ അരങ്ങുവാഴുന്നവരും ഉൾപ്പെടും.

വിദ്യാഭ്യാസ ഗുണനിലവാരത്തെക്കുറിച്ചുള്ള പ്രധാന ആക്ഷേപം കുട്ടികളുടെ എഴുത്തും വായനയും സംബന്ധിച്ചതാണ്. കണക്കുപരീക്ഷകളിലെ കൂട്ടത്തോൽവിയും ഇതോടൊപ്പം ചേർത്തു വയ്ക്കാം. നിസ്സാരമായി എടുക്കേണ്ട പ്രശ്‌നമായി ഇതിനെ കരുതുന്നില്ല. എല്ലാ ഗുണനിലവാര പഠനങ്ങളും ഇതിനെ ചുറ്റിപ്പറ്റി നിൽക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ഏറ്റവും സൗകര്യമുള്ള മേഖലയാണിത്. പഠനത്തിന് വിശ്വാസ്യത കൈവരുത്താനും കണ്ടെത്തലുകൾ ക്രോഡീകരിക്കാനും ഈ ദിശയിൽ നോട്ടം ഉറപ്പിക്കുന്നതുകൊണ്ട് സൗകര്യമുണ്ട്. സാക്ഷരതയും സംഖ്യാബോധവും ആഗോളതലത്തിലുള്ള വിദ്യാഭ്യാസപ്രശ്‌നങ്ങളാണെന്നുകൂടെ പറഞ്ഞുകൊള്ളട്ടെ.

മാനവരാശിയുടെ സുസ്ഥിതിക്കായി ഐക്യരാഷ്ട്ര സംഘടന 2015 ൽ പ്രഖ്യാപിച്ച പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നാലാമത്തേത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. അതിന് മുമ്പത്തെ മൂന്നെണ്ണം ദാരിദ്ര്യ നിർമാർജനം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യസംരക്ഷണം എന്നിവയാണ്. അതിൽ നിന്ന് വിദ്യാഭ്യാസത്തിന് ലോകരാഷ്ട്രങ്ങൾ നൽകുന്ന പരിഗണനയുടെ തോത് മനസ്സിലാക്കാമല്ലോ. വിദ്യാഭ്യാസ ഗുണനിലവാരവുമായി ബന്ധപ്പെട്ട് മുഖ്യപരിഗണന സാക്ഷരതയ്ക്കും സംഖ്യാബോധത്തിനും നൽകിയിരിക്കുന്നു. ടാർജറ്റ് ഒന്നും ആറും ഇത് വ്യക്തമാക്കുന്നുണ്ട്. യു.കെ.യിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചില പഠനങ്ങൾ സാക്ഷരതയിലും സംഖ്യാബോധത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥയുടെ ഭീകരത വ്യക്തമാക്കുന്നു. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും മേൽകാണിച്ച പ്രശ്‌നം തന്നെ. ചെറുപ്പക്കാർ കുറ്റകൃത്യങ്ങളിലും മയക്കുമരുന്നു ശൃംഖലകളിലും ചെന്നുപെടാൻ സാഹചര്യമൊരുക്കുന്നത് സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കാണ്.

ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം 2020 രൂപപ്പെടുത്തിയതിനു പിന്നിലെ പ്രധാന പ്രേരകശക്തി സുസ്ഥിര വികസന ലക്ഷ്യം 4 കൈവരിക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തലാണ്. ഇക്കാര്യം പ്രസ്തുത രേഖയിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിലെ മുഖ്യ പദ്ധതിയായി അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും കൈവരിക്കൽ (Foundational Literacy and Numeracy- FLN) സ്ഥാനം പിടിച്ചിരിക്കുന്നു. നിപുൺ എന്ന സംരംഭം ഇത് മുൻനിറുത്തിയുള്ളതാണ്. അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമായ പിന്തുണ നൽകുന്ന സംവിധാനമായാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ് പൂർത്തിയാക്കുന്നതോടെ രാജ്യത്തെ കുട്ടികൾ അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും കൈവരിക്കുന്നതിനു വേണ്ടി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു. പ്രൈമറിയുടെ അവസാനമോ ലോവർ സെക്കന്ററി പൂർത്തിയാക്കുന്നതോടെയോ വായിക്കാനും എഴുതാനുമുള്ള ശേഷികൾ കൈവരിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇതെല്ലാം പ്രശ്‌നത്തിന്റെ സങ്കീർണതയിലേക്ക് വിരൽ ചൂണ്ടുന്നു.

എഴുത്തും വായനയും മുഖ്യശേഷികളായി പരിഗണിച്ച് എല്ലാവരെയും അവയിൽ നിപുണനിലവാരത്തിൽ എത്തിക്കുക, പ്രസ്തുത നൈപുണികളുടെ സഹായത്തോടെ പ്രകടിപ്പിക്കേണ്ടതും നിശ്ചിത ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതുമായ പരീക്ഷകളിൽ വിജയം നേടുക, ഒരേ ബൗദ്ധികപ്രവർത്തനങ്ങളിൽ ഒരേ വേഗത്തിൽ ഏർപ്പെടാൻ എല്ലാവരെയും പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വച്ച് വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നിടത്താണ് പ്രശ്‌നത്തിന്റെ വേരുകൾ കിടക്കുന്നത്. ആധുനിക സമൂഹത്തിൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും പോലെ പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം. അതിന്റെ അഭാവത്തിൽ സമൂഹം അരക്ഷിതാവസ്ഥയിൽ എത്തുന്നു. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത വിധം അത് അധപ്പതിക്കുന്നു. ദാരിദ്ര്യവും അക്രമവും അരാജകത്വവും വ്യാപകമായിത്തീരുന്നു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രഖ്യാപിത നേട്ടം കൈവരിക്കുന്നതിന് എല്ലാവരും അരയും തലയും മുറുക്കി ഇറങ്ങിയതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ സാമൂഹികലക്ഷ്യം നിറവേറ്റപ്പെടുകയില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഗുണനിലവാരം, വിദ്യാഭ്യാസം എന്നീ പദങ്ങളെ വേണ്ടവിധം നിർവചിച്ചാലേ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തിൽ അത് എല്ലാവരിലും എത്തിക്കാനാവൂ.

ഒരാൾക്ക് തന്റെ മുഴുവൻ വിഭവശേഷിയും തന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനായി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ വികസിപ്പിക്കാൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന് ഗുണനിലവാരം കൈവരുന്നത്. അതിലേക്കുള്ള ഉപായങ്ങൾ മാത്രമാണ് സാക്ഷരതയും സംഖ്യാബോധവുമെല്ലാം. പൊതുവെ ഇവയെ അടിസ്ഥാനശേഷികളായി പറയാമെങ്കിലും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതി പരിഗണിക്കുമ്പോൾ ബദലുകളുടെ സാധ്യത അന്വേഷിക്കുക തന്നെ വേണം. ഭിന്നശേഷിക്കാരെ സംബന്ധിച്ച പഠനങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്. കുറെ കുട്ടികൾക്ക് പ്രതീക്ഷിത അളവിൽ എഴുത്തും വായനയും വഴങ്ങുന്നില്ലെന്നു കണ്ടാൽ അതേ കാര്യത്തിനായി അവരെ കൂടുതൽ പീഡിപ്പിക്കുകയോ അവരുടെ അധ്യാപകരെ അവമതിക്കുകയോ അല്ല വേണ്ടത്. ശാസ്ത്രീയമായ ബദലുകൾ അന്വേഷിക്കണം. പുതിയ വിജ്ഞാനങ്ങളെ അതിനായി പ്രയോജനപ്പെടുത്തണം. സാമൂഹികസാഹചര്യങ്ങളിൽ മാറ്റം വരുത്തിയും പിന്തുണ വിപുലപ്പെടുത്തിയും സാധിക്കാവുന്നതാണെങ്കിൽ അതിലേക്ക് ശ്രമിക്കാം. അല്ലാത്ത പക്ഷം ബദലുകൾ തേടുന്ന തുറന്ന സമീപനം സ്വീകരിക്കണം. ഒരു കുട്ടിയും സ്‌കൂൾ സംവിധാനത്തിൽ നിന്ന് അകാലത്ത് പുറത്താകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൂടുതൽ കുട്ടികൾ എട്ടാം വയസ്സിൽ കൈവരിക്കുന്ന ചില ശേഷികൾ കുറച്ചു പേർ പതിനാലാം വയസ്സിലോ പതിനാറാം വയസ്സിലോ മാത്രമേ നേടിയുള്ളൂ എന്നു വരാം. അത് അപരാധമായി കാണേണ്ടതില്ല. സ്‌കൂൾ സംവിധാനങ്ങൾ വിവേചനരഹിതമായി അപ്പോഴും അവർക്കു പിന്നിൽ ഉണ്ടാവുകയാണു വേണ്ടത്. വിദ്യാഭ്യാസകാലം കുട്ടികളുടെ മനസ്സിൽ മുറിവുകൾ ഉണ്ടാകാൻ ഇടവരരുത്. അങ്ങനെയായാൽ അത് പിന്നീട് ഉണങ്ങാത്ത മുറിവായി അവശേഷിക്കും.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഏറെ പരിമിതികളുണ്ട്. ഒരു സാങ്കല്പിക ശരാശരിക്കാർക്കുവേണ്ടിയാണ് അത് രൂപകല്പന ചെയ്തിട്ടുള്ളത്. വാസ്തവത്തിൽ അങ്ങനെ ഒരു ശരാശരി വിഭാഗം നിലനിൽക്കുന്നില്ല. നടത്തിപ്പിന്റെ സൗകര്യത്തിനായി നാം നടത്തുന്ന ഒത്തുതീർപ്പിൽ നിന്നാണ് വഞ്ചന ആരംഭിക്കുന്നത്. ഓരോ കുട്ടിയും ഓരോ സ്വതന്ത്ര വ്യക്തിത്വമാണ്. സാമാന്യവത്കരണത്തിന് അത് എപ്പോഴും വഴങ്ങിക്കൊള്ളണമെന്നില്ല. മനുഷ്യന്റെ ചിന്തയെയും സാമൂഹികജീവിതത്തെയും ഭാഷ ശക്തമായി സ്വാധീനിക്കുന്നു. അതിന് പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ജീവശാസ്ത്രപരമാണ്. ഭാഷ സ്വീകരിക്കാനും ആവശ്യങ്ങൾക്കനുസരിച്ച് ഭാഷ ഉപയോഗിച്ച് വിനിമയം നടത്താനുമുള്ള ശേഷി മനുഷ്യന് ജന്മസിദ്ധമായിട്ടുണ്ട്. അതിനെ ജനിതകപരമായി നിർവചിക്കപ്പെട്ടത് എന്ന് പറയാം. മനുഷ്യരുടെ മറ്റ് വ്യാപാരങ്ങളെപ്പോലെ തന്നെ ഭാഷാവ്യവഹാരത്തെയും നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. ശ്രവണേന്ദ്രിയത്തിലൂടെ എത്തുന്ന ശബ്ദതരംഗങ്ങളെ മസ്തിഷ്‌കം നിർവചിക്കുകയും അർഥം കല്പിക്കുകയും ചെയ്യുന്നു. ഇതിൽ പൂർവാനുഭവങ്ങൾക്കും സാമൂഹികഘടകങ്ങൾക്കും പങ്കുണ്ട്. എങ്കിലും ആ പ്രക്രിയ നാഡീസംബന്ധമാണ്. മസ്തിഷ്‌കം കൈക്കൊള്ളുന്ന അർത്ഥകല്പനയാണ് പ്രതികരണത്തിനുവേണ്ട ആവേഗങ്ങൾ നൽകുന്നത്.

ശബ്ദരൂപത്തിലോ (ഭാഷ) മറ്റു പ്രവർത്തികളുടെ രൂപത്തിലോ അത് പ്രകടമാവാം. ഭാഷാരൂപത്തിൽ പ്രകടിപ്പിക്കുന്നതിന് ഡയഫ്രം മുതൽ മുഖാവയവങ്ങൾ വരെയുള്ളവയുടെ പങ്കാളിത്തം ആവശ്യമാണ്. ഇതെല്ലാം ശരിയായ തോതിൽ പ്രവർത്തിക്കുമ്പോഴാണ് പൊതുവെ സ്വീകാര്യമായ പ്രതികരണം ഉണ്ടാകുന്നത്. ടങ് സ്ലിപ് എന്ന് അഭിമാനത്തോടെ പറയുന്ന പിഴവ് മസ്തിഷ്‌കപ്രവർത്തനത്തിലെ പിഴവു മൂലം സംഭവിക്കുന്നതാണ്. ഇത് പല രൂപത്തിൽ ഉണ്ടാകാം. ചില ടങ് സ്ലിപ്പുകൾ ശുദ്ധമണ്ടത്തരമാവുമ്പോൾ മറ്റു ചിലവ കേവലം സാന്ദർഭികമായി കരുതപ്പെടുന്നു. ഭാഷണാവയവങ്ങളുടെ സ്വഭാവത്തിലെ മാറ്റം ഭാഷണത്തെ സ്വാധീനിക്കുന്നു. ഇതിന്റെ പേരിലും നാം ഉത്തമാധമഭേദം കല്പിക്കാറുണ്ടല്ലോ.

ഭാഷയെ സംബന്ധിച്ച രണ്ടാമത്തെ ഘടകം സമൂഹവുമായി ബന്ധപ്പെട്ടതാണ്. ഭാഷ ഒരു സാമൂഹികനിർമിതിയാണെന്ന് പറയാറുണ്ട്. മനുഷ്യർ സാമൂഹികജീവിതം ആരംഭിച്ചതോടെയാണ് ഭാഷയുടെ ആവശ്യം ഉരുത്തിരിഞ്ഞു വന്നത്. കുട്ടിയുടെ ഭാഷയെ നിർണയിക്കുന്നത് അയാൾ ജീവിതം ആരംഭിക്കുന്ന സമൂഹമാണ്. ബഹുഭാഷാസമൂഹത്തിൽ ജീവിക്കുന്ന കുട്ടികൾ പല ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തി നേടുന്നു. ഉച്ചാരണം, പ്രയോഗരീതികൾ, പദാവലി, അർഥകല്പന എന്നിവയിലെല്ലാം സമൂഹത്തിന്റെ സ്വാധീനം കടന്നുകൂടുന്നു. വാക്യഘടനയെപ്പോലും പ്രാദേശികസമൂഹങ്ങൾ സ്വാധീനിക്കാറുണ്ട്. ഭാഷാപഠനത്തിൽ പ്രാദേശികഭാഷയുടെ സ്വാധീനം പലപ്പോഴും വെല്ലുവിളിയാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മനുഷ്യരുടെ സഞ്ചാരവേഗം കൂടുന്നതിനനുസരിച്ച് ഭാഷകളിൽ ഒരുതരം മാനകീകരണം കടന്നുവരുന്നുണ്ട്. ഒരുകാലത്ത് മാനകഭാഷ ശീലിപ്പിക്കാനാണ് നാം കിണഞ്ഞു ശ്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രാദേശികത്തനിമകൾ നിലനിർത്താനും അവയെ പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കേണ്ടിയിരിക്കുന്നത്.

സമൂഹത്തിന്റെ സാംസ്‌കാരിക മൂലധനം കൈയാളുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിൽ പല തരം ആനുകൂല്യങ്ങൾ ലഭ്യമാകാറുണ്ട്. മാനകമായ പല വിജ്ഞാനങ്ങളും ഗൃഹാന്തരീക്ഷത്തിൽനിന്നോ സൂക്ഷ്മസമൂഹത്തിൽ നിന്നോ ഗ്രഹിക്കാൻ കഴിയുന്ന വിദ്യാർഥികൾക്ക് അവയുമായി ബന്ധപ്പെട്ട് ക്ലാസ് റൂമുകളിൽ നടക്കുന്ന വ്യവഹാരങ്ങളിൽ ചിരപരിചയം കൊണ്ടുള്ള ഒരടുപ്പം അനുഭവപ്പെടുന്നു. എന്നാൽ അതില്ലാത്ത കുട്ടികൾക്ക് തികഞ്ഞ അപരിചിതത്വമാണ് ഉണ്ടാകുന്നത്. അധ്യാപകരുടെ സശ്രദ്ധമായ ഇടപെടലുകൾ ഈ സന്ദർഭങ്ങളിൽ ആവശ്യമായിവരും. എന്നാൽ വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം, ശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സംവാദങ്ങൾ ആവശ്യമാണ്.

എഴുത്ത് മനുഷ്യർ കൃത്രിമമായി വികസിപ്പിച്ചെടുത്തതാണെന്ന് ഭാഷാശാസ്ത്ര ക്ലാസുകളിൽ പഠിപ്പിക്കാറുണ്ട്. എന്നാൽ അതും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശബ്ദം ശ്രവണേന്ദ്രിയത്തിലൂടെ ഗ്രഹിക്കുന്നതുപോലെ ലിഖിതം പ്രകാശകിരണങ്ങളിലൂടെ നേത്രേന്ദ്രിയം കൊണ്ട് ഗ്രഹിക്കപ്പെടുന്നതാണ്. തലച്ചോറിലെ വിഷ്വൽ കോർട്ടക്‌സ് ആണ് ലിപിരൂപങ്ങളെ പ്രോസസ് ചെയ്യുന്നത്. സാങ്കേതികമായി ഈ പ്രക്രിയകളെ ഡികോഡിങ്-കോഡിങ് എന്നു പറയുന്നു. ഡികോഡ് ചെയ്യപ്പെട്ട ലിഖിതം ശബ്ദങ്ങളെ പ്രോസസ് ചെയ്യുന്ന മസ്തിഷ്‌കഭാഗത്ത് എത്തി അർഥം കല്പിക്കുന്നു. ശബ്ദത്തിലൂടെ പ്രതികരിക്കാനും ന്യൂറോ മസ്‌കുലാർ പ്രവർത്തനത്തിലൂടെ ലിഖിതരൂപത്തിൽ പ്രതികരിക്കാനും നമുക്ക് കഴിയും. ദൃശ്യവുമായും ശബ്ദവുമായും ബന്ധപ്പട്ട മസ്തിഷ്‌കപ്രവർത്തനങ്ങളിലെ വൈവിധ്യം ലിഖിതഭാഷയുടെ സ്വീകരണത്തെയും പ്രതികരണത്തെയും സ്വാധീനിക്കുന്നു. ന്യൂറോ മസ്‌കുലാർ പ്രവർത്തനങ്ങളിലെ വ്യത്യസ്തതയും ലേഖനപ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ട്. എഴുത്തിലും വായനയിലും കുറച്ചുപേർ മാത്രം പങ്കാളികളായിരുന്ന കാലത്ത് എഴുത്തിലെയും വായനയിലെയും പ്രശ്‌നങ്ങൾ ഗൗരവമുള്ളതായിരുന്നില്ല. അംഗീകൃതനിലവാരത്തിൽ എത്താത്തവരെ പുറന്തള്ളാനും തഴയാനുമൊന്നും പഴയ ഗുരുനാഥന്മാർക്ക് പ്രയാസമുണ്ടായില്ല. കഠിനമായ ശിക്ഷാവിധികൾകൊണ്ട് മനം മടുത്ത് പിന്നിലാവുന്നവരിൽ ചിലർ പുറത്തുപോകും. ചിലർ പഠനം വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ വല്ലവിധവും പൂർത്തിയാക്കി തന്റേതായ ലോകങ്ങൾ തേടും. എല്ലാവരും തങ്ങളുടേതായ ഇടത്തെക്കുറിച്ച് ബോധവാന്മാരും ബോധവതികളുമായ ആധുനികലോകത്ത് എല്ലാവർക്കും ചേർന്ന ഏകശിലാരൂപമായ വിദ്യാഭ്യാസം അസംബന്ധമാണ്. ഉൾക്കൊള്ളലാണ് ഏറ്റവും പ്രധാനം. അതിന്റെ ഭാഗമായി ഓരോരുത്തർക്കും അനുയോജ്യമായത് കണ്ടെത്തി നൽകുകയാണ് വേണ്ടത്. അത് അത്ര എളുപ്പമുള്ള പണിയല്ല. പക്ഷേ പിന്മാറാൻ അവകാശമില്ല. വ്യത്യസ്തതകൾ ഓരോന്നായി അംഗീകാരം നേടിവരുകയാണ്. ഈ പരിഗണനകൾ ഔദാര്യമല്ല, അവകാശമാണ്.

സംഖ്യാബോധത്തിന്റെ കാര്യത്തിലും തിരിച്ചറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംഖ്യകളുടെ നാമകരണത്തിലും മറ്റും മനുഷ്യകല്പിതമായ സങ്കല്പങ്ങൾ ഉണ്ടെന്നു സമ്മതിക്കാമെങ്കിലും അതും മസ്തിഷ്‌ക പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ്. കുറെ കുട്ടികൾ സംഖ്യാബോധത്തിന്റെ കാര്യത്തിൽ പിന്നിലാണെന്നു പറയുന്നതിനെക്കാൾ രാഷ്ട്രീയമായ ശരി അവരുടെ സംഖ്യാബോധത്തോട് അനുരഞ്ജിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന തുറന്നു പറയലാണ്. എല്ലാ വിജ്ഞാനത്തിന്റെ കാര്യത്തിലും ഈ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് നാം തിരിച്ചറിയണം. സമൂഹം കടന്നുവന്ന നിരവധി തീരങ്ങളുണ്ട്. അവിടെ നിന്നെല്ലാമുള്ള ലവണങ്ങളും മാലിന്യങ്ങളും നമ്മുടെ ബോധത്തെയും ശീലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ജന്മിത്വം, പൗരോഹിത്യം, മുതലാളിത്തം, സാമ്രാജ്യത്വം എന്നിങ്ങനെ അറിയപ്പെടുന്ന വ്യവസ്ഥിതികൾ അറിവിനെ സംബന്ധിച്ച് പല തരത്തിലുള്ള നിർവചനങ്ങളും സ്വരൂപകല്പനകളും നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസപ്രക്രിയയിൽ അവയുടെ സ്വാധീനം അലംഘനീയമാം വിധം കടന്നുവരുന്നുണ്ട്. ആത്യന്തികമായ ശരികൾ പഠിപ്പിക്കുന്ന ഇടമായാണ് ഇപ്പോഴും പലരും സ്‌കൂളുകളെ കാണുന്നത്. ശരികൾ മാറ്റത്തിനു വിധേയമാണെന്നും ചോദ്യംചെയ്യപ്പെടാതെ സ്വീകരിക്കേണ്ടിവരുന്ന അറിവുകൾ നാളേക്കുള്ള കൈവിലങ്ങുകളാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനാധിപത്യസമൂഹത്തിലെ അറിവ് ചോദ്യം ചെയ്യലുകളിലും അന്വേഷണങ്ങളിലും അധിഷ്ഠിതമാണ്. നമ്മുടെ വിദ്യാഭ്യാസവും ഈ ദിശയിലാണ് മാറേണ്ടത്.

കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് പുതിയ ദിശാബോധം ഉളവാക്കുന്നതിന് ഡി.പി.ഇ.പി.യുടെ ഭാഗമായി 1990 കളിൽ നടന്ന സംവാദങ്ങൾ കാരണമായിട്ടുണ്ട്. ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അതിലെ എല്ലാ ഘടകങ്ങളും മികച്ചതാവുമെന്നു പ്രതീക്ഷിക്കാനാവില്ല. അതിൽ പങ്കാളികളായവരെല്ലാം ശുദ്ധഗതിക്കാരാകുമെന്നും പ്രതീക്ഷിക്കാനാവില്ല. പദ്ധതി മുമ്പോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ, നടത്തിപ്പുരീതി, സാന്ദർഭികമായി വരുത്തിയ തിരുത്തലുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ ഗുണദോഷങ്ങൾ കണക്കാക്കേണ്ടത്. മലപ്പുറം പോലുള്ള പിന്നോക്ക പ്രദേശങ്ങളിൽനിന്ന് നിരവധി കുട്ടികൾ വിജ്ഞാനത്തിന്റെ രാജപാതയിൽ തലയുയർത്തി നടക്കാൻ ഇടവരുത്തിയത് പദ്ധതിയുടെ ഭാഗമായി മർക്കടമുഷ്ടിയോടെ നടപ്പാക്കിയ ശിശുകേന്ദ്രീകൃത-പ്രവർത്തനാധിഷ്ഠിത പഠനമാണ്. അതുവരെ "നായി എടുത്ത് കേയീനെയെറിഞ്ഞ് നായീം കോയീം വായക്കുയീല് ' എന്ന് തിരുവിതാംകൂറിലെ മാഷന്മാർ പരിഹസിച്ചു പോന്ന ഭാഷയില്ലാത്ത കുട്ടികളുടെ ഭാഷയ്ക്ക് ചിറകുണ്ടായി. അതിന്റെ നടത്തിപ്പുകാരായിരുന്ന ചിലരോട് അപ്രിയമോ അവരുടെ രാഷ്ട്രീയത്തോട് വിയോജിപ്പോ ഉണ്ടായതുകൊണ്ട് കണ്ടതെല്ലാം പോഴത്തരമെന്നു പാടിനടന്നാൽ ഇനിയും വിലപ്പോകില്ല.

പിസ പോലുള്ള പരീക്ഷാരീതികൾ പല രാജ്യങ്ങളിലെയും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിർണയിക്കാൻ പ്രയോജനപ്പെടുത്തിവരുന്നു. പിസ റാങ്കിങ് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കുന്നവരുമുണ്ട്. ഇന്ത്യയിൽ യു.പി.എ. സർക്കാർ ഒരു തവണ പിസയുടെ ഒരു സാമ്പിൾ ടെസ്റ്റിന് ഇന്ത്യയിൽ അനുമതി നൽകിയിരുന്നു. ഇപ്പോൾ ബി.ജെ.പി. സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ പിസ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരുന്നു. രാജ്യത്തെ വിദ്യാർഥികളുടെ വിവിധ പാഠ്യമേഖലകളിലെ പ്രകടനം വിലയിരുത്തി ഇതര രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന രീതിയാണിത്. വിദേശത്ത് ഉപരിപഠനം കാംക്ഷിക്കുന്നവർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും രാജ്യത്തിന്റെ പിസ റാങ്ക് കൂടെ ഒരു മാനദണ്ഡമാകുമെന്നാണ് പറയപ്പെടുന്നത്. അത്തരം ടെസ്റ്റിംഗിന്റെ മാതൃക പിന്തുടർന്ന് പ്രഥം എന്ന സന്നദ്ധ സംഘടന ആരംഭിച്ച ഗുണനിലവാരപരിശോധനയാണ് അസർ (ആന്വൽ സർവെ ഒഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്). ഡി.പി.ഇ.പി. സൃഷ്ടിച്ച അലകൾ അന്തരീക്ഷത്തിൽ നിലനിന്ന 2000 ങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനമായിരുന്നു കേരളം. 2022 ലെ അസർ പഠനത്തിൽ തെക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ കോവിഡ് അനന്തരകാല വിദ്യാഭ്യാസത്തിൽ പിന്നോട്ടു പോയതായി പ്രഥം പ്രതിനിധി "ദി ഹിന്ദു' ലേഖനത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. പുതിയ സാഹചര്യത്തിൽ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ട ശ്രദ്ധയെക്കുറിച്ചും ലേഖനത്തിൽ സൂചനകൾ ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി എൻ.സി.ഇ.ആർ.ടി. നടത്തിവരുന്ന ഗുണനിലവാര പരിശോധനയാണ് നാസ് (നാഷണൽ അച്ചീവ്‌മെന്റ് സർവെ). മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ പഠനനിലവാരമാണ് 2021 ൽ വിലയിരുത്തിയത്. ഈ രണ്ടു പഠനങ്ങളും കേരളത്തിലെ പഠനനേട്ടം സംബന്ധിച്ച് ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വായനയിലെ പിന്നോക്കാവസ്ഥയാണ് അസർ ചൂണ്ടിക്കാട്ടുന്നത്. താഴ്ന്ന ക്ലാസിലെ പാഠങ്ങൾ ഏഴിലെയും എട്ടിലെയും കുട്ടികൾ നന്നായി വായിച്ചില്ല എന്ന പരാതി ഇതിൽ ഉൾപ്പെടുന്നു. നാസ് ഫലം കേരളത്തിന്റെ പഠനനിലവാരം തകർന്ന് മണ്ണടിഞ്ഞതായി പറയുന്നില്ല. കേരളത്തിന് താഴെ ഉണ്ടായിരുന്ന ചില സംസ്ഥാനങ്ങൾ കേരളത്തോടൊപ്പം ഉയർന്നതായോ ചില മേഖലകളിൽ ദേശിയശരാശരിയിൽ നിൽക്കുന്നതായോ ആണ് പഠനം കാണിക്കുന്നത്. മറ്റൊരു സംസ്ഥാനവും കേരളത്തിനു മുകളിൽ വരരുതെന്ന സ്‌പോർട്ട്‌സ്മാൻ സ്പിരിറ്റ് നല്ലതുതന്നെ. അതിന്റെ പേരിൽ ഭരിക്കുന്ന സർക്കാരിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും പുലഭ്യം പറയുന്നത് അത്യാചാരമാണ്. കേരളത്തിന്റെ നിലവാരം എന്നത് ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം തുടങ്ങി എല്ലാ വിഭാഗം വിദ്യാലയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്.

വിദ്യാഭ്യാസഗുണനിലവാരത്തെ സംഖ്യാരൂപത്തിൽ പറയുന്നത് അശാസ്ത്രീയമാണ്. സംഖ്യകൾ പഠനം സംബന്ധിച്ച ഒരു വിശദീകരണവും നൽകുന്നില്ല. മുപ്പത്തഞ്ചു ശതമാനത്തിനു താഴെ മാർക്കു വാങ്ങിയ കുട്ടിയെ നിങ്ങൾക്ക് തോല്പിക്കാം. അയാളുടെ മികവിന്റെ മേഖല കണ്ടെത്തി ശരിയായ വിധത്തിൽ അത് വളർത്തിക്കൊണ്ടുവരാൻ കഴിയാത്ത നമ്മളാണ് യഥാർഥത്തിൽ തോറ്റത്. ആ ജാള്യം മറച്ചുവയ്ക്കാൻ കുട്ടിയെ നമ്മൾ ശാസിക്കുന്നു. അതിനുള്ള അവസരം പാഠ്യപദ്ധതിയിൽ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട നമ്മൾ അധ്യാപകരെ മുൾമുനയിൽ നിറുത്തി മുഖം രക്ഷിക്കുന്നു.

വിദ്യാഭ്യാസഗുണനിലവാരം നിരന്തരം വിലയിരുത്തുകയും പരിഹാരപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും വേണം. എന്നാൽ പരീക്ഷാഭീതി പരത്തി വിദ്യാഭ്യാസത്തെ കലുഷിതമാക്കുന്ന പ്രാകൃതരീതി ഉപേക്ഷിക്കപ്പെടുകതന്നെ വേണം. അതിന് പവിത്രത കല്പിക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.

Comments