സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തു വന്നപ്പോൾ സാമ്പത്തിക പിന്നാക്ക (E.W.S) സംവരണത്തിനായി മാറ്റിവെച്ച സീറ്റുകളിൽ അമ്പത് ശതമാനത്തോളം ഒഴിഞ്ഞു കിടക്കുകയാണ്. പ്ലസ് വണ്ണിലേക്ക് സീറ്റില്ലാതെ ആയിരങ്ങൾ പുറത്തു നിൽക്കുന്ന അതേ ഘട്ടത്തിൽ തന്നെയാണ് മെറിറ്റ് സീറ്റുകൾ കവർന്നെടുത്ത് നടപ്പിലാക്കിയ E.W.S സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. സർക്കാർ സ്‌കൂളുകളിലെ മെറിറ്റ് സീറ്റിന്റെ പത്തു ശതമാനമായ 19,798 സീറ്റുകളാണ് E.W.S വിഭാഗത്തിനായി മാറ്റി വെച്ചത്. എന്നാൽ ഇതിൽ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. ബാക്കി 10694 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മൂന്ന് അലോട്ട്‌മെന്റുകൾക്കും ശേഷം ജനറൽ സീറ്റിലേക്ക് മാറ്റുകയാണ് ചെയ്യുക. പ്ലസ് വണ്ണിന് സീറ്റില്ലാതെ കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്ന അതേ അവസരത്തിൽ തന്നെയാണ് ഇത്രയധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. E.W.S നടപ്പാക്കിയതിനു ശേഷം എല്ലാ വർഷവും ഇത് തന്നെയാണ് അവസ്ഥ.
മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് E.W.S സീറ്റുകൾ വ്യാപകമായി ഒഴിഞ്ഞു കിടക്കുന്നത്. മലപ്പുറം ജില്ലയിൽ 3733, കണ്ണൂർ ജില്ലയിൽ 1324, കാസർഗോഡ് 1022, കോഴിക്കോട് 1080, പാലക്കാട് 983 എന്നിങ്ങനെ E.W.S സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ കിട്ടേണ്ട കുട്ടികളുടെ സീറ്റുകളാണ് E.W.S ആയി മാറ്റിയതെന്ന് എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഒ.പി. രവീന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ജനറൽ സീറ്റിൽ നിന്നാണ് പത്തു ശതമാനം നേരത്തെ മാറ്റി വെച്ചത്. ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ കിട്ടേണ്ട കുട്ടികളുടെ സീറ്റുകളാണ് ഇ.ഡബ്ല്യൂ.എസായി മാറ്റിയത്. സ്വാഭാവികമായും അത് ഇതര സമുദായങ്ങളിലെ ജനറൽ മെറിറ്റിൽ വരുന്ന വിദ്യാർഥികളുടെ അഡ്മിഷനെയാണ് ബാധിക്കുന്നത്. അവരുടെ സീറ്റ് കുറയും. മലപ്പുറം ജില്ലയിലാണ് കൂടുതലായും ഈ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. മലപ്പുറം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം നേരിടുന്നതും. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ഇ.ഡബ്ല്യൂ.എസിനായി മാറ്റി വെച്ച സീറ്റുകളിൽ ഒഴിവു വരുന്നത്. പുതിയ സീറ്റുകളുണ്ടാക്കിയാണ് മലപ്പുറത്തെ സീറ്റ് ക്ഷാമത്തെ എല്ലാ തവണയും പരിഹരിക്കാറുള്ളത്. എന്നാൽ അധിക ബാച്ചുകളാണ് ഈ മേഖലകളിൽ വേണ്ടത്. ഇനി മൂന്നാമത്തെ അലോട്ട്‌മെന്റ് കഴിഞ്ഞാൽ മാത്രമേ ഈ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് തിരിച്ചു കൊണ്ടു വരികയുള്ളൂ. അപ്പോഴും കുട്ടികളുടെ ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികൾ അതിഭീകരമായ സമ്മർദ്ദത്തിൽ നിൽക്കുന്ന സമയം കൂടിയാണിത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം ഒരു കുട്ടി ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടായത്. കുട്ടികളുടെ ടെൻഷൻ എത്രമാത്രം ഉണ്ട് എന്നത് ഇത് സൂചിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് അത്രമാത്രം ഗൗരവകരമായി ഈ വിഷയം എടുത്തിട്ടില്ല എന്നാണ് തോന്നുന്നത്.” - ഒ.പി രവീന്ദ്രൻ പറയുന്നു.

2019 ജനുവരിയിലാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള 103-ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഇതനുസരിച്ച് സർക്കാർ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ലഭിക്കും. S.C-S.T, O.B.C സംവരണം ലഭിക്കാത്ത വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ള മുന്നാക്ക വിഭാഗത്തിനാണ് E.W.S നു അർഹത ലഭിക്കുന്നത്.

സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ലെന്നും സുപ്രീംകോടതി തന്നെ അത് വ്യക്തമാക്കിയതാണെന്നും ഒ.പി രവീന്ദ്രൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“സംവരണത്തിന്റെ മാനദണ്ഡം ഒരിക്കലും സാമ്പത്തികമല്ല. സുപ്രീംകോടതി തന്നെ കൃത്യമായി പറഞ്ഞ കാര്യമാണത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് യഥാർഥത്തിൽ സംവരണത്തിന്റെ മാനദണ്ഡം. വിദ്യാഭ്യാസത്തിനുള്ള അവസരം നേരത്തെ മുതൽ കിട്ടാത്ത വിഭാഗങ്ങളാണ് സാമൂഹികമായും പിന്നോക്കാവസ്ഥ നേരിടുന്നത്. ആ വിഭാഗങ്ങൾക്കാണ് സംവരണം ലഭിക്കേണ്ടത്. അല്ലാതെ സമ്പത്ത് സംവരണത്തിന്റെ മാനദണ്ഡം ആകണമെന്ന് ഒരിടത്തും പറയുന്നില്ല.” - ഒ.പി രവീന്ദ്രൻ വ്യക്തമാക്കി.
E.W.S സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന കേരളത്തിലെ ഒരു വിഭാഗം N.S.S ആണെന്നും ഇതേ N.S.S തന്നെയാണ് ജാതി സെൻസസ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നും ഒ.പി രവീന്ദ്രൻ ചൂണ്ടികാട്ടുന്നു.
“E.W.S സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന കേരളത്തിലെ ഒരു വിഭാഗം N.S.S ആണ്. N.S.S ഇപ്പോഴും ആവശ്യപ്പെടുന്നത് ജാതി സംവരണം നിർത്തണം, ജാതി സെൻസസ് എടുക്കരുത് എന്നെല്ലാമാണ്. സംവരണീയമല്ലാത്ത മുന്നോക്ക വിഭാഗം അവരുടെ ജനസംഖ്യ അനുപാതത്തേക്കാൾ കൂടുതൽ അവസരങ്ങൾ വിവിധ സർക്കാർ മേഖലകളിൽ കയ്യാളുന്നുണ്ട് എന്നതാണ് ഇവർ ഈ പറയുന്നതിന്റെ അർഥം. അത് പുറത്തു വരും എന്ന ഭയമാണ് ജാതി സെൻസസ് നടപ്പാക്കരുത് എന്ന് അവരെ കൊണ്ട് പറയിപ്പിക്കുന്നത്. സെൻസസിലൂടെ പുറത്തുവരുന്ന ഡാറ്റയെയാണ് N.S.S ഭയക്കുന്നത്. E.W.S സംവരണം നേടിയെടുത്തത് പോലും അനർഹമായിട്ടാണെന്ന് N.S.S. നു തന്നെ അറിയാം. അതുകൊണ്ടാണ് ജാതി സംവരണം വേണ്ട എന്ന് പറയുന്നത്. മാത്രമല്ല, 2017-ൽ കേരളത്തിൽ ആദ്യമായി E.W.S സംവരണം നടപ്പാക്കിയത് ദേവസ്വം ബോർഡിലായിരുന്നു. ആ സമയത്ത് തന്നെ ദേവസ്വം ബോർഡിൽ 96 ശതമാനത്തോളം മുന്നോക്ക വിഭാഗങ്ങളാണ് വിവിധ തൊഴിലുകളിൽ ഉണ്ടായിരുന്നത്. അവിടെയാണ് വീണ്ടും പത്തു ശതമാനം കൂടി സംവരണം നൽകിയത്. അത് തന്നെ അശാസ്ത്രീയമായ രീതിയാണ്. ഈ അശാസ്ത്രീയത പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിലും ഉണ്ട്.” - ഒ.പി രവീന്ദ്രൻ പറയുന്നു.

വിവിധ സംവരണ വിഭാഗങ്ങൾക്കായി മാറ്റി വെച്ച 69000 സീറ്റുകളാണ് ആദ്യ അലോട്ട്‌മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്നത്. S.C - S.T വിഭാഗത്തിലാണ് ഇത്തരത്തിൽ ഭീകരമായ തോതിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. S.T വിഭാഗത്തിൽ 27094, S.C വിഭാഗത്തിൽ 14098 സീറ്റുകളാണ് ഒഴിവുള്ളത്. S.C - S.T സീറ്റുകളും ഏറ്റവും കൂടുതൽ ഒഴിഞ്ഞു കിടക്കുന്നത് മലപ്പുറം ജില്ലയിലാണ്. S.C വിഭാഗത്തിൽ 3519, S.T വിഭാഗത്തിൽ 5149 എന്നിങ്ങനെയാണ് മലപ്പുറം ജില്ലയിലെ സീറ്റ് ഒഴിവ്. വയനാട് ജില്ലയിൽ S.C വിഭാഗത്തിൽ 830, S.T വിഭാഗത്തിൽ 32 എന്നിങ്ങനെയും സീറ്റ് ഒഴിവുണ്ട്. വയനാട് ജില്ലയിൽ ആകെ 1275 S.C സീറ്റുകളും 826 S.T സീറ്റുകളുമാണുള്ളത്. വയനാട് ജില്ലയിൽ എല്ലാ വർഷവും 2400-ഓളം കുട്ടികൾ പാസാകുമ്പോൾ അതിനനുസരിച്ചുള്ള സംവരണ സീറ്റ് ലഭിക്കുന്നില്ലെന്ന് ട്രൈബൽ ആക്ടിവിസ്റ്റായ മണിക്കുട്ടൻ പണിയൻ ട്രൂകോപ്പി തിങ്കനോട് പറഞ്ഞു.
“കേരളത്തിൽ ഉടനീളമാണ് S.C - S.T വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. പക്ഷെ നേരെ മറിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ട്രൈബൽ ജില്ലകളിലേക്ക് വരുമ്പോൾ ഈ കണക്കിലെ പ്രശ്‌നം മനസിലാകും. വയനാട് ജില്ലയിൽ എല്ലാ വർഷവും 2400-ഓളം കുട്ടികൾ പാസാകുമ്പോൾ അതിനനുസരിച്ചുള്ള സംവരണ സീറ്റ് ലഭിക്കുന്നില്ല. തുച്ഛമായ സീറ്റാണ് വയനാട് പോലുള്ള, S.C - S.T വിഭാഗങ്ങൾ കൂടുതലുള്ള ജില്ലകളിൽ ഉള്ളൂ. അതിൽ തന്നെ കുറേ സീറ്റുകൾ സയൻസ് സബ്ജക്ടാണ്. ആകെ 750 സീറ്റാണുള്ളതെങ്കിൽ അതിൽ 250 ഓളം സീറ്റ് സയൻസ് ആണ്. നമ്മുടെ കുട്ടികൾക്ക് എൽ.പി ക്ലാസ് മുതൽ നല്ല വിദ്യാഭ്യാസം കിട്ടാത്തതിനാൽ ഈ കുട്ടികളെല്ലാം ഹ്യുമാനിറ്റീസാണ് തിരഞ്ഞെടുക്കുന്നത്. പക്ഷെ ഹ്യുമാനിറ്റീസിലും ആകെ 250 സീറ്റാണുള്ളത്. ഈ 250 സീറ്റിനു വേണ്ടിയാണ് 2500 ഓളം കുട്ടികൾ അപേക്ഷ കൊടുക്കുന്നത്. കേരളത്തിലുടനീളം S.C - S.T സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. അഞ്ചു വർഷത്തോളമായി വയനാട്ടിലെ അവസ്ഥ ഇതാണ്. ഇങ്ങനെ താൽപര്യമുള്ള വിഷയങ്ങൾക്ക് സീറ്റ് കിട്ടാത്തതിനാൽ ആയിരത്തോളം കുട്ടികൾ വയനാട്ടിൽ ഡ്രോപ് ഔട്ട് ആകുന്നുണ്ട്. ഒഴിവുള്ള സീറ്റുകൾ ആവശ്യമുള്ളിടത്തേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. എല്ലാ ജില്ലകളിലേക്കും സംവരണാടിസ്ഥാനത്തിൽ സീറ്റുകൾ നൽകിയെങ്കിലും വയനാട് പോലുള്ള ജില്ലയെ സംബന്ധിച്ച് ജനസംഖ്യ അനുസരിച്ച് വേണ്ടത്ര സീറ്റുകൾ ഇപ്പോഴുമില്ല. വയനാട് ജില്ലയിൽ S.C - S.T കുട്ടികൾക്ക് 2500 സീറ്റുകളെങ്കിലും വേണം.” - മണിക്കുട്ടൻ പണിയൻ പറയുന്നു.

ഇതിനിടയിൽ ഇ-ഗ്രാന്റ്, S.C - S.T ഫെലോഷിപ്പുകളടക്കം മുടങ്ങുന്നതും വിദ്യാർഥികളുടെ ഉപരി പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹോസ്റ്റൽ ചെലവിനും ഭക്ഷണത്തിനുമെല്ലാം മറ്റ് ജോലിക്ക് പോകേണ്ടി വരികയും പലർക്കും പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. രണ്ടു വർഷത്തോളമായി ഗ്രാന്റ് മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഈ കുട്ടികൾ പത്താം ക്ലാസ് പാസായിട്ടെന്ത് കാര്യമെന്നാണ് മണിക്കുട്ടൻ പണിയൻ ചോദിക്കുന്നത്. S.C - S.T കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അവസ്ഥ എന്താണെന്ന് അടിത്തട്ടിലുള്ള അന്വേഷണം നടത്തി പരിശോധിക്കണമെന്നും അദ്ദേഹം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“2400 ഓളം കുട്ടികൾ പത്താം ക്ലാസ് പാസാകുമ്പോഴും 300 ഓളം കുട്ടികൾ മാത്രമാണ് പ്ലസ് ടു പാസാകുന്നത്. അതിൽ ഭൂരിഭാഗവും 37 ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും പ്രബല വിഭാഗമായ കുറിച്യ, കുറുമ പോലെയുള്ള വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ്. അടിയ, പണിയ കാട്ടുനായ്ക്ക പോലെയുള്ള ഏറ്റവും ദുർബല വിഭാഗങ്ങളിലെ കുട്ടികൾ ഭൗതിക സാഹചര്യങ്ങളെയാകെ തരണം ചെയ്ത് പഠിച്ച് പ്ലസ് ടു പാസായാലും അവരുടെ ഇഷ്ടത്തിനും താൽപര്യത്തിനും ഉപരിപഠനത്തിന് കോഴ്‌സുകളെടുക്കാനുള്ള കോളജുകൾ വയനാട് ജില്ലയിൽ ഇല്ല. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പോലെ എഡ്യൂക്കേഷണൽ ഹബ്ബായിട്ടുള്ള ജില്ലകളിൽ ഈ കുട്ടികളെ ചേർത്താലും ഹോസ്റ്റൽ ഫെസിലിറ്റി ഇല്ല. ഹോസ്റ്റലിന് 7500 കൊടുക്കേണ്ടിടത്ത് സർക്കാർ തരുന്നത് വെറും 3500 രൂപയാണ്. ആ 3500 രൂപ പോലും രണ്ടു വർഷത്തോളമായി കിട്ടുന്നില്ല. പിന്നെ എങ്ങനെ കുട്ടികൾ ഡ്രോപ് ഔട്ട് ആകാതിരിക്കും? ഈ വിഭാഗങ്ങൾക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണ്. അത് പോലും കൃത്യമായി കിട്ടുന്നില്ല. അപ്പോ പിന്നെ പത്താം ക്ലാസ് പാസായിട്ടെന്തിനാ? പത്താം ക്ലാസ് കഴിഞ്ഞ കുട്ടിക്ക് പോലും എഴുത്തും വായനയും അറിയില്ല. ആ കുട്ടികൾ പത്താം ക്ലാസ് പാസാകുന്നത് സ്‌ക്രൈബിനെ വെച്ചിട്ടാണ്. ഞങ്ങളുടെ കുട്ടികളെന്താ ബുദ്ധിയില്ലാത്തവരാണോ. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ഇങ്ങനെ സ്‌ക്രൈബിനെ വെച്ച് പരീക്ഷ എഴുതിക്കുന്നത്. ഈ കഴിഞ്ഞ തവണ 600 പേരെയാണ് വയനാട് ജില്ലയിൽ സ്‌ക്രൈബ് വെച്ച് പരീക്ഷ എഴുതിച്ചത്. അതിൽ മുഴുവൻ അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവരാണ്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർ ഈ കുട്ടികളെ ശ്രദ്ധിക്കാതിരിക്കുകയും റിസൾട്ട് കൂട്ടാൻ സ്‌ക്രൈബിനെ വെച്ച് കൊടുക്കുകയുമാണ് ചെയ്യുന്നത്. ആ കുഞ്ഞുങ്ങൾക്ക് ഇത് കൊണ്ട് എന്ത് ഗുണമാണുള്ളത്. അങ്ങനെ ഒരവസ്ഥയിൽ പ്ലസ് വൺ സംവരണ സീറ്റ് ഒഴിവുണ്ടെന്ന് മാത്രം പറയാനാകില്ല, S.C - ST കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അവസ്ഥ എന്താണെന്ന് അടിത്തട്ടിൽ അന്വേഷണം നടത്തി പരിശോധിക്കുകയാണ് വേണ്ടത്.” - മണിക്കുട്ടൻ പണിയൻ പറഞ്ഞു.

ജനറൽ മെരിറ്റിലെ 1,57,137 സീറ്റുകളിൽ 1,57110 സീറ്റും ആദ്യ അലോട്ടുമെന്റിനുശേഷം നികത്തി. 27 സീറ്റ് മാത്രമാണ് ബാക്കിയുള്ളത്. ഒഴിവുള്ള എസ്.ടി, എസ്.സി സീറ്റുകളിലേക്ക് മൂന്നാം അലോട്ടുമെന്റിൽ ആദ്യം എസ്.സി, എസ്.ടി വിഭാഗത്തെ പരസ്പരം മാറി പരിഗണിക്കും. ബാക്കി വരുന്നവയിലേക്ക് ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളെയും പരിഗണിക്കും. ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടാം അലോട്ട്മെന്റിനുശേഷവും ഒഴിവുള്ളവ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെരിറ്റായി പരിഗണിച്ച് പ്രവേശനം നടത്തും. സംവരണ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സീറ്റുള്ള എസ്.ഇ. ബി.സി വിഭാഗത്തിലെ 78 ശതമാനം സീറ്റും ആദ്യ അലോട്ട്മെന്റിൽ നികത്തി. ഇതിൽ കൂടുതൽ സീറ്റുള്ള ഈഴവ, മുസ്‍ലിം വിഭാഗത്തിനുള്ള സീറ്റുകളിൽ 98.5 ശതമാനത്തോളം സീറ്റുകളിൽ പ്രവേശനമായി. എസ്.ഇ.ബി.സി വിഭാഗത്തിന് ആകെ 55.933 സീറ്റാണുള്ളത്. ഇതിൽ 43,336 സീറ്റും ആദ്യ അലോട്ട്മെന്റിൽ നികത്തി. ഈഴവ വിഭാഗത്തിന് ആകെയുള്ള 15.210 സീറ്റുകളിൽ 98.23 ശതമാനത്തിലും പ്രവേശനം നടന്നു. മുസ്‍ലിം വിഭാഗത്തിനുള്ള 13.914 സീറ്റുകളിൽ 98.41 ശതമാനത്തിലേക്കും പ്രവേശനമായി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മുഴുവൻ മുസ്‍ലിം സംവരണ സീറ്റുകളും ആദ്യ അലോട്ട്മെന്റിലൂടെ നികത്തി.
കുടുംബി, കുശവ, ധീവര, പിന്നാക്ക ക്രിസ്ത്യൻ, ലാറ്റിൻ ക്രിസ്ത്യൻ വിഭാഗ സീറ്റുകളാണ് എസ്.ഇ.ബി.സിയിൽ ഇനി ബാക്കിയുള്ളത്.
