പ്ലസ് വണ്ണിൽനിന്ന് പുറത്താക്കപ്പെടുന്നു,
ഇത്തവണയും മലബാർ- ആദിവാസി മേഖല

മലബാർ ​മേഖലയിലെ ആറു ജില്ലകളി​ലെ സീറ്റ് ക്ഷാമം ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലകളിൽ ഇത്തവണ 2,45,976 ​അപേക്ഷകരിൽ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടത് 1.20,939 പേരാണ്. ആദിവാസി വിഭാഗത്തിൽ പെട്ട അപേക്ഷകർ കൂടുതലുള്ള ജില്ലകളിലാകട്ടെ ഇഷ്ടപ്പെട്ട സ്കൂളുകളും കോമ്പിനേഷനുകളും എടുത്തു പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിൽ തുടർന്നുകൊണ്ടിരിക്കുന്ന വിവേചനങ്ങളിലേക്ക് ഒരന്വേഷണം.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും അഭിമാനപൂർവം പ്രഖ്യാപിക്കുന്ന ഒന്നാണ് പത്താം ക്ലാസ് ഫലപ്രഖ്യാപനം. ഈ വർഷം എസ്.എസ്.എൽ.സി പാസായത് 4,25,563 പേരാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 70,000 ലേറെ വരും. ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ എറ്റവും കൂടുതൽ വിജയശതമാനം കേരളത്തിലായിരിക്കും. പലപ്പോഴും 99- 98 ശതമാനമാണ് വിജയം. ഈ വർഷം 99.69 ശതമാനം.

എന്നാൽ, ഫലപ്രഖ്യാപനത്തിനുശേഷം, പ്ലസ് വൺ പ്രവേശനത്തിലേക്ക് പോകുന്ന, മലബാറിലെയും ആദിവാസി മേഖലയിലെയും വിദ്യാർഥികൾക്ക് എന്താണ് സംഭവിക്കുന്നത്? മതിയായ സീറ്റില്ലെന്ന കാരണത്താൽ ഈ മേഖലകളിൽ ആയിരക്കണക്കിനുപേർക്കാണ് പ്രവേശനം നിഷേധിക്കപ്പെടുന്നത്. വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വൺ സീറ്റില്ലാത്ത പ്രശ്നം രൂക്ഷമാണിവിടെ. ആദിവാസി വിഭാഗത്തിൽ പെട്ട അപേക്ഷകർ കൂടുതലുള്ള ജില്ലകളിൽ അവർക്ക് ഇഷ്ടപ്പെട്ട സ്കൂളുകളും കോമ്പിനേഷനുകളും എടുത്തു പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. അതേ സമയം, ചില ജില്ലകളിൽ സമൃദ്ധമായി സീറ്റുകളുണ്ടുതാനും.

മലബാർ ​മേഖലയിലെ ആറു ജില്ലകളി​ലെ സീറ്റ് ക്ഷാമം വർഷങ്ങളായി ആവർത്തിക്കുന്ന പ്രശ്നമാണ്, ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലകളിൽ ഇത്തവണ 2,45,976 ​അപേക്ഷകരാണുണ്ടായിരുന്നത്. അവരിൽ ട്രയൽ അലോട്ട്മെന്റിൽ കയറിപ്പറ്റിയത് 1.20,939 പേരാണ്. അധിക ബാച്ചുകൾക്കു പകരം മാർജിനൽ സീറ്റ് വർധന എന്ന സർക്കാർ ഉപായം നടപ്പാക്കിയാലും, മലബാറിലെ ജില്ലകളിൽ ചുരുങ്ങിയത് 55,000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരും.

മലപ്പുറം ജില്ലയിൽ മാത്രമല്ല, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അപേ​ക്ഷകരുടെയും സീറ്റുകളുടെയും എണ്ണം തമ്മിൽ ഇതേ പൊരു​ത്തക്കേടുകളുണ്ട്.

മികച്ച മാർക്കോടെ വിജയിച്ചിട്ടും മലബാറിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഉപരിപഠനസാധ്യത നിഷേധിക്കപ്പെടുന്നത്. രണ്ടും മൂന്നും അലോട്ട്മെന്റുകൾ വരെ കാത്തിരുന്നിട്ടും വിദ്യാർത്ഥികളെ നിരാശരാക്കി വിദ്യാഭ്യാസ വകുപ്പ് 'എച്ച്.എസ് ക്യാപ്പ്' തുറന്നപടി അടച്ചുകളയുന്നു.

ആദിവാസി മേഖലയിൽ
എന്തു നടക്കുന്നു?

പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് ജില്ലകളിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയത് 2,31,000 വിദ്യാർത്ഥികളാണ്, സംസ്ഥാനത്താകെ ഉപരിപഠന യോഗ്യത നേടിയവരുടെ പകുതിയോളം. കഴിഞ്ഞ വർഷം ഈ ആറ് ജില്ലകളിൽ നിന്ന് ഹയർ സെക്കണ്ടറിയിലേക്ക് പ്രമോഷൻ നേടിയത് 2,25,702 വിദ്യാർത്ഥികളായിരുന്നു. അതായത്, എല്ലാ വർഷവും സംസ്ഥാനത്ത് പത്താംക്ലാസ് വിജയിക്കുന്നവരിൽ പകുതിയും മലബാർ ജില്ലകളിൽ നിന്നുള്ളവരാണ്. എന്നിട്ടും മലബാറിലെ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ല. തെക്കൻ ജില്ലകളിൽ പലയിടത്തും സീറ്റുകൾഒഴിഞ്ഞു കിടക്കുമ്പോഴാണിത് എന്നും ഓർക്കണം.

മലബാർ ​മേഖലയിലെ ആറു ജില്ലകളി​ലെ സീറ്റ് ക്ഷാമം വർഷങ്ങളായി ആവർത്തിക്കുന്ന പ്രശ്നമാണ്, ഇത് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു.
മലബാർ ​മേഖലയിലെ ആറു ജില്ലകളി​ലെ സീറ്റ് ക്ഷാമം വർഷങ്ങളായി ആവർത്തിക്കുന്ന പ്രശ്നമാണ്, ഇത് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു.

മലബാറിലെ വിദ്യാർത്ഥികളോടുള്ള സർക്കാരുകളുടെ അവഗണനക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സീറ്റ് വർദ്ധന എന്ന പേരിൽ ഓരോ ക്ലാസിലും അധിക ബെഞ്ചുകൾ കൊണ്ടിട്ട് തടി തപ്പുക മാത്രമാണ് ഇക്കാലമത്രയും സർക്കാറുകൾ ചെയ്തുപോരുന്നത്. സ്ഥായിയായ പരിഹാരത്തിന് ശ്രമമുണ്ടായിരുന്നുവെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് ഈ വർഷവും സമരത്തിനിറങ്ങേണ്ടി വരില്ലായിരുന്നു.

മലാബാർ മേഖലയിൽ ഇത്തവണയും സീറ്റില്ലാ പ്രതിസന്ധിയുണ്ടാകുമെന്ന് മനസ്സിലാക്കി വിദ്യാഭ്യാസ വകുപ്പ് 30 ശതമാനം സീറ്റ് വർദ്ധന പ്രഖ്യാപിച്ചിരുന്നു. സീറ്റ് പ്രതിസന്ധി വിഷയത്തിൽ പ്രതികരിക്കവേ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്, 'പ്ലസ് വൺ സീറ്റ് കുറവിന്റെ പേരിൽ മലപ്പുറം ജില്ലയെ ഉയർത്തിക്കാട്ടി വികാരമുണ്ടാക്കുന്നത് ഗുണമാവില്ല’ എന്നാണ്. ‘വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം കൂടുമ്പോൾ ക്ലാസിലിരിക്കുന്നവരുടെ എണ്ണവും കൂടും. അതിനോട് യോജിച്ചുപോകാനേ തത്കാലം കഴിയൂ. കുട്ടികൾ കുറവുള്ള മധ്യകേരളത്തിലെ സീറ്റുകൾ ഷിഫ്റ്റ് ചെയ്യില്ല. ഉന്നതപഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ലഭ്യമാക്കും' എന്നും മന്ത്രി പറഞ്ഞു.
സർക്കാർ തന്നെ അംഗീകരിക്കുന്ന സീറ്റ് പ്രശ്‌നത്തിന് പരിഹാരം തേടുമ്പോൾ അതിനെ 'മലപ്പുറം വികാരം' കത്തിക്കലാണ് എന്നു പറയുന്നത് ഒരു ഇടതുപക്ഷ സർക്കാറിലെ മന്ത്രിയാണ് എന്നും ഓർക്കാം.

വി. ശിവൻകുട്ടി
വി. ശിവൻകുട്ടി

സീറ്റില്ലായ്മയെക്കുറിച്ചുള്ള പരാതിയെ വംശീയം എന്ന് മുദ്രയടിക്കുന്ന മന്ത്രി, മലബാറിലെ എല്ലാ ജില്ലകളിലും ഇതേ പ്രതിസന്ധിയുണ്ട് എന്ന് മനസ്സിലാക്കാതെയല്ല പ്രസ്താവനകളിറക്കുന്നത്. വയനാട്ടിലും പാലക്കാട്ടും കാസർകോട്ടും കണ്ണൂരിലുമെല്ലാമുള്ള ആദിവാസി - ദലിത് വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം ഈ വർഷവും വലിയ ​പ്രതിസന്ധിയിലാണ്.

മലബാറിലെ സീറ്റ് പ്രതിസന്ധി ചർച്ചചെയ്യുമ്പോൾ പോലും പലപ്പോഴും അഡ്രസ് ചെയ്യപ്പെടാതെ പോവുന്നതാണ് വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ പ്രശ്‌നമെന്ന് ആദിവാസി ഗോത്രമഹാസഭാ സ്‌റ്റേറ്റ് കോ-ഓർഡിനേറ്ററും ആദിവാസി - ദലിത് ആക്ടിവിസ്റ്റുമായ എം. ഗീതാനന്ദൻ ട്രൂകോപ്പിയോട് പറഞ്ഞു: 'എസ്.സി, എസ്.ടി സീറ്റുകൾ പലപ്പോഴും രണ്ടാം അലോട്ട്‌മെന്റിൽ കൺവെർട്ട് ചെയ്ത് പൊതു സീറ്റാക്കി മാറ്റുകയും ആ സീറ്റുകൾ ഉൾപ്പടെ തെക്കൻ ജില്ലകളിലേക്ക് കൊടുക്കുകയും ചെയ്യാറുണ്ട്. സീറ്റ് വിഷയത്തിൽ മലബാറിന് പൊതുവിൽ പിന്നാക്കാവസ്ഥയുണ്ട്. അതിൽ തന്നെ അതീവ ഗുരുതരാവസ്ഥയിലാണ് വയനാട്ടിലെയും ഇവിടുത്തെ ആദിവാസി വിദ്യാർത്ഥികളുടെയും സ്ഥിതി'.
‘വയനാട് ഉൾപ്പടെയുള്ള ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസപ്രശ്നം കോടതിയുടെ മുമ്പാകെയും എത്തിയിട്ടില്ല. മലബാറിലെ ജില്ലകളോടുള്ള സർക്കാർ അവഗണന ചർച്ചക്കെടുക്കുമ്പോൾ വയനാട്ടിലെ സ്ഥിതിയും പരിഗണിക്കാറുണ്ടെങ്കിലും ഗോത്രവിഭാഗക്കാരുടെ വിഷയം മുഖ്യധാരയുടെ ശ്രദ്ധയിൽ വന്നിട്ടില്ല. അതൊരുതരം വംശീയമായ അവഗണനയായി തന്നെ നിലനിൽക്കുന്നു. എല്ലാവർഷവും 2000- 2500 വിദ്യാർഥികൾ വയനാട്ടിൽ നിന്ന് പത്താം ക്ലാസ് പാസാകുന്നുണ്ട്. പക്ഷേ 700-750 പേർക്കുമാത്രമേ പ്ലസ് വൺ സീറ്റ് ലഭിക്കാറുള്ളൂ. മറ്റ് കുട്ടികൾ പുറത്തിരിക്കേണ്ട അവസ്ഥയാണ്. അവർ ഇഞ്ചിപ്പാടത്തേക്കും മറ്റും പണിക്കുപോകാൻ നിർബന്ധിതരാകുന്നു. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ഈ പ്രവണതയുടെ തോത് എത്രത്തോളമുണ്ടെന്ന് മനസ്സിലാകും. കോവിഡ് കാലത്ത്‌പോലും ഇതുമായി ബന്ധപ്പെട്ട് ആദിവാസി- ദലിത് സംഘടനകൾക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. സീറ്റ് കിട്ടാത്ത കുട്ടികൾക്കായി മൂന്ന് താലൂക്കുകളിലും അലോട്ട്മെൻ്റ് ക്യാമ്പ് സംഘടിപ്പിക്കുകയാണ് അന്നൊക്കെ ചെയ്തിരുന്നത്. ഓരോ ക്യാമ്പിലും 500-നടുത്ത് കുട്ടികളും എത്തും. എസ്.സി - എസ്.ടി ഡിപ്പാർമെന്റിന്റെ ആളുകൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. കൂടാതെ പാരലൽ കോളേജുകളും പങ്കെടുക്കും. ചെറിയൊരു വിഭാഗത്തിന് നിർബന്ധിത സീറ്റ് കൊടുക്കുകയാണ് അന്നൊക്കെ ചെയ്തിരുന്നത്. ഒന്നും രണ്ടും മൂന്നും അലോട്ടമെന്റ് കഴിയുമ്പോഴേക്കും ഓരോ ക്ലാസിലും പരമാവധി കുട്ടികളാകും. ക്ലാസ് പകുതിയെത്തുമ്പോഴാകും ഓഗസ്റ്റിലും സെപ്റ്റംബറിലുമെല്ലാം ഈ അലോട്ടമെന്റ് ക്യാമ്പുകളിലൂടെ ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് മറ്റ് സ്‌കൂളുകളിൽ സീറ്റ് കൊടുക്കുന്നത്. അതായത്, മാക്‌സിമം 60 കുട്ടികൾ വേണ്ട ക്ലാസിലേക്കാണ് ഈ കുട്ടികളെ 65ാമതായും 70ാമതായും കൊണ്ടിരുത്തുന്നത്. അലോട്ട്മെൻ്റ് ക്യാമ്പ് വൈകി നടക്കുന്ന ഏർപ്പാടായതിനാൽ പലപ്പോഴും ഒന്നും രണ്ടും അധ്യായങ്ങൾ കഴിഞ്ഞശേഷമായിരിക്കും ഈ കുട്ടികൾ ക്ലാസിലെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അലോട്ട്‌മെന്റ് മേള സംഘടിപ്പിച്ചത്. പലപ്പോഴും രണ്ടും മൂന്നും ബസ് മാറി കയറി പോവേണ്ടിടത്തായിരിക്കും കുട്ടികൾക്ക് സീറ്റ് കിട്ടുന്നത്. ആദിവാസി കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. ഇതൊരു ചടങ്ങായി മാറിയിരിക്കുന്നു. കൂടാതെ കുട്ടികളുടെ താത്പര്യത്തിന് വിരുദ്ധമായി, ഓപ്റ്റ് ചെയ്യാത്ത സ്ട്രീമിലേക്ക് ഉന്തിവിടുന്ന പ്രവണതയുമുണ്ട്. ഹ്യുമാനിറ്റീസ് ഓപ്റ്റ് ചെയ്ത കുട്ടിയെ സയൻസിൽ സീറ്റുണ്ടെന്ന് കാണിച്ച് അങ്ങോട്ട് തള്ളിവിടും. ട്രൈബൽ കമ്മ്യൂണിറ്റിയിൽ നിന്ന് പത്താംക്ലാസ് വിജയിക്കുന്ന മിക്ക കുട്ടികളുടെയും പഠനം അവിടംകൊണ്ട് അവസാനിക്കും. അധിക ബാച്ചുണ്ടാക്കുക മാത്രമാണ് പരിഹാരം, അതാണ് ആവശ്യവും. മലബാറിന്റെ പൊതുവായ പ്രശ്‌നം ചർച്ചചെയ്യപ്പെടുമ്പോൾ ട്രൈബൽ കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളും മുഖ്യധാരയിലേക്ക് വരണം' എന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു.

എം. ഗീതാനന്ദൻ
എം. ഗീതാനന്ദൻ

അധിക ബാച്ചുകളുണ്ടാക്കുന്നതിനു പകരം താത്കാലിക ബാച്ചുകൾ പ്രഖ്യാപിക്കുക, നിലവിലുള്ള ബാച്ചുകളിൽ സീറ്റ് വർദ്ധിപ്പിക്കുക തുടങ്ങി തീർത്തും അശാസ്ത്രീയ മാർഗങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പിന്തുടരുന്നത്. ഈ വർഷം സീറ്റ് പ്രതിസന്ധി മുന്നിൽ കണ്ട് വിദ്യാഭ്യാസ വകുപ്പ് പതിവിലും നേരത്തേ സീറ്റ് വർദ്ധനവിന് ഉത്തരവിട്ടിരുന്നു. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളകളിൽ 20 ശതമനാവും. താത്കാലിക ബാച്ചുകൾ തുടരാം എന്നും നിർദേശിച്ചിട്ടുണ്ട്. പക്ഷേ സീറ്റ് വർദ്ധനയും താത്കാലിക ബാച്ചുകളും വിദ്യാർത്ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമോ? ഇല്ലെന്നുതന്നെ പറയേണ്ടി വരും.

മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റു കുട്ടുമെന്ന താൽക്കാലിക പരിഹാരം ഇക്കുറി വിദ്യാഭ്യാസ മന്ത്രി ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഴുവൻ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14,000 കുട്ടികൾ പടിക്ക് പുറത്തിരിക്കേണ്ടിവരുമെന്നാണ് മലബാർ എഡുക്കേഷൻ മുവ്മെന്റ് തയ്യാറാക്കിയ കണക്ക്. കൃത്യമായി പറഞ്ഞാൽ 229 ബാച്ചുകളുടെ കുറവുണ്ട്.

ഓരോ ക്ലാസിലും 50 കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ കോഴിക്കോട്ട് 7304 കുട്ടികൾക്ക് സർക്കാർ സംവിധാനങ്ങളിൽ സീറ്റുണ്ടാകില്ല, 146 ബാച്ചുകൾ കുറവുണ്ടാകും. പാലക്കാട് ജില്ലയിൽ 9866 കുട്ടികൾക്ക് സീറ്റുണ്ടാകില്ല, 197 ബാച്ചുകളുടെ കുറവ് വരും. ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനും ലഭിക്കാനും മലബാറിലെ കുട്ടികൾ ഇത്തവണയും പാടുപെടും.
ഒരോ ബാച്ചിലും അമ്പത് കുട്ടികളെ പ്രവേശിപ്പിച്ചാൽപോലും തെക്കൻ ജില്ലകളിൽ 369 ബാച്ചുകൾ അധികമായിട്ടുണ്ടാകുമെന്നും കണക്കുകൾ പറയുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഒഴിവ് വരുന്ന കൂടുതൽ ബാച്ചുകളുണ്ടാകുക.

ഹയർസെക്കണ്ടറി സംവിധാനം തുടങ്ങിയ കാലം മുതൽ, തെക്കൻ ജില്ലകളിലുള്ള പ്രൈവറ്റ് മാനേജ്‌മെന്റുകൾ അവിഹിതമായ ആനുകൂല്യങ്ങൾ നേടിക്കൊണ്ടിരുന്നു. അതേസമയം മലബാർ ജില്ലകളെ പരിഗണിച്ചുമില്ല. അന്നുമുതൽ പ്ലസ് വൺ പ്രവേശനത്തിലെ ഈ പ്രദേശിക അസന്തുലിതാവസ്ഥ തുടങ്ങുന്നു.

സർക്കാർ അട്ടിമറിച്ച
ലബ്ബാ കമ്മിറ്റി റിപ്പോർട്ട്

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫ. പി.ഒ.ജെ ലബ്ബയുടെ അധ്യക്ഷതയിലുള്ള നാലംഗ കമ്മറ്റി, ഹയർസെക്കണ്ടറി മേഖലയിൽ സമൂല പരിഷ്‌കരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2013 ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രൊഫ. കെ.എ. ഹാഷിം, പ്രൊഫ. ജോർജ് ഓണക്കൂർ, കെ.ജി. സുകുമാരപ്പിള്ള എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. നിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്, പ്ലസ് വൺ ക്ലാസിൽ 40 വിദ്യാർത്ഥികൾ എന്ന അനുപാതം പാലിക്കണം എന്നായിരുന്നു. 50 കുട്ടികളെ ഒരു ക്ലാസിലിരുത്തി പഠിപ്പിക്കേണ്ട സ്ഥിതി ഉണ്ടായാൽ പുതിയ ബാച്ച് രൂപികരിക്കണം എന്നും ലബ്ബാ കമ്മിറ്റി നിർദേശിച്ചു: 'ക്ലാസ് മുറികളിൽ പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതിയനുസരിച്ച് പഠനപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനും നിരന്തര മൂല്യനിർണയം കുറ്റമറ്റതായി നടപ്പിലാക്കുന്നതിനും ഒരു ക്ലാസിൽ ഇപ്പോഴുള്ള കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തേണ്ടതാണ്. വേണ്ടത്ര ശ്രദ്ധയും പിന്തുണയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഒരു ബാച്ചിൽ 1:40 എന്ന രീതിയിൽ അധ്യാപക- വിദ്യാർത്ഥി അനുപാതം ക്രമീകരിക്കേണ്ടതാണ്' എന്നാണ് ലബ്ബാ കമ്മറ്റി റിപ്പോർട്ട് അഭിപ്രായപ്പെടുന്നത്.

എന്നാൽ, സർക്കാർ നിയമിച്ച കമ്മറ്റിയുടെ റിപ്പോർട്ടിനെ അതേ സർക്കാർ തന്നെ അട്ടിമറിച്ചു. മാക്‌സിമം സീറ്റ് 40 എന്ന നിർദേശം മന്ത്രിസഭ ചേർന്ന് 50 സീറ്റ് ആക്കി ഉയർത്തി.

ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച ലബ്ബ കമ്മിറ്റി റിപ്പോർട്ട് അതേ സർക്കാർ തന്നെ അട്ടിമറിച്ചു. മാക്‌സിമം സീറ്റ് 40 എന്ന നിർദേശം മന്ത്രിസഭ ചേർന്ന് 50 സീറ്റ് ആക്കി ഉയർത്തി.
ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച ലബ്ബ കമ്മിറ്റി റിപ്പോർട്ട് അതേ സർക്കാർ തന്നെ അട്ടിമറിച്ചു. മാക്‌സിമം സീറ്റ് 40 എന്ന നിർദേശം മന്ത്രിസഭ ചേർന്ന് 50 സീറ്റ് ആക്കി ഉയർത്തി.

ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവച്ച ‘പരിഹാര’മനുസരിച്ച്, 50 സീറ്റിന്റെ 30 ശതമാനം- ഒരു ക്ലാസിൽ 15 കുട്ടികളെ കൂടി അധികമായി ഇരുത്തേണ്ടിവരും. അതായത്, ലബ്ബാ കമ്മറ്റി റിപ്പോർട്ട് പ്രകാരമുള്ള 40 സീറ്റ് എന്ന മാക്‌സിമം ലിമിറ്റും, പിന്നീടുണ്ടാക്കിയ 50 സീറ്റ് ലിമിറ്റും കടന്ന് 65-ലെത്തുന്നു ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം. വിദ്യാർത്ഥികളോടും അധ്യാപകരോടും മാത്രമല്ല, വിദ്യാഭ്യാസ സംവിധാനത്തോടുതന്നെ കാണിക്കുന്ന തികഞ്ഞ അനീതിയാണിത്.

പ്ലസ് വൺ സീറ്റു പ്രശ്‌നം പഠിക്കാൻ പിണറായി വിജയൻ സർക്കാർ നിയോഗിച്ച പ്രൊഫ. കാർത്തികേയൻ നായർ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം പിന്നിടുമ്പോഴും അത് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം മെയ് 16നാണ് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്. എന്നാൽ നിർദേശങ്ങൾ ചർച്ച ചെയ്യാനോ നടപ്പാക്കാനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.

ഹയർ സെക്കണ്ടറി ക്ലാസുകളിൽ കുട്ടികളെ തിരുകിക്കയറ്റുന്ന മാർജിനൽ ഇൻക്രീസ് രീതി ശാശ്വത പരിഹാരമല്ലെന്ന് റിപ്പോർട്ടിലുണ്ട്. മതിയായ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാർ മേഖലയിലേക്ക് മാറ്റുകയാണ് പരിഹാരം. മാനേജ്‌മെൻ്റ് സ്‌കൂളുകളിലെ ബാച്ചുകൾ മാറ്റുന്നതിന് പ്രയാസമുണ്ടാകും. അതത് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് രണ്ട് സ്‌കോർ നൽകുന്ന രീതി ഉപേക്ഷിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ റിപ്പോർട്ടിന്മേൽ പഠനം നടത്താനുണ്ട് എന്നാണ് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. സർക്കാർ തന്നെ നിയമിച്ച വിദഗ്ധസംഘം മൂന്നുവർഷം നടത്തിയ പഠനത്തിനൊടുവിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇനിയും പഠനം നടത്താനുണ്ട് എന്ന് വിദ്യഭ്യാസ മന്ത്രി പറയുന്നത്.

ഇപ്പോഴും മലബാർ ജില്ലകളിലെ പല സ്‌കൂളുകളിലും 55-65 വരെ കുട്ടികളെ തിരുകിക്കയറ്റുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടെയും ക്വാളിറ്റിയെയും പഠനത്തെയും ഒരുപോലെ ബാധിക്കുന്നതാണിത്. ലബ്ബാ കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ പലതും പിന്നീടുവന്ന സർക്കാരുകളും പാലിച്ചില്ലെന്നതും പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് നടന്ന തിരിമറികളുമാണ് മലബാറിലെ വിദ്യാർത്ഥികളെ ഇപ്പോഴും ദുരിതത്തിലാക്കുന്നത്.

മലപ്പുറത്തെയും കോഴിക്കോട്ടെയും ഗുരുതരാവസ്ഥ

മലബാറിൽ മൊത്തത്തിൽ സീറ്റ് പ്രതിസന്ധിയുണ്ടെങ്കിലും അതീവ ഗുരതരാവസ്ഥയുള്ളത് മലപ്പുറത്താണ്. ഇത്തവണ 79,901 പേർ പരീക്ഷ എഴുതിയതിൽ 79,730 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതിൽ തന്നെ 11,974 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ജയിക്കാതെ പോയത് 171 പേർ മാത്രം. ഇവരിൽ ഭൂരിഭാഗവും വിവിധ കാരണങ്ങളാൽ ഒന്നോ രണ്ടോ പരീക്ഷ എഴുതാൻ കഴിയാതെ തോറ്റവരാണ്.

മലബാറി​ലെ ആറു ജില്ലകളിൽ മലപ്പുറത്തുനിന്നായിരുന്നു ഇത്തവണ കൂടുതൽ അപേക്ഷകർ; 82,434. ഇവരിൽ 36,385 പേർക്കാണ് ട്രയൽ അലോട്ട്മെന്റ് ലഭിച്ചത്. അതായത്, ബാക്കി സീറ്റുകൾ കൂടി ചേർത്ത്, ആദ്യ അലോട്ട് മെന്റ് നടത്തിയാലും കാൽ ലക്ഷത്തിലേറെ പേർ ഇത്തവണയും പുറത്താകുമെന്നർഥം. ജില്ലയിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ ആകെ 52,600 സീറ്റാണുള്ളത്. അതായത്, എങ്ങനെ നോക്കിയാലും ജില്ലയിൽ 27,130 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ല. ഉയർന്ന ഫീസ് നൽകേണ്ടി വരുന്ന അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലുള്ള 11,275 സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും പിന്നെയും 15,830 കുട്ടികൾ പുറത്തു തന്നെയാവും. സി.ബി.എസ്.സി, ഐ.സി.എസ്.ഇ ഉൾപ്പടെയുള്ള മറ്റ് സിലബസുകളിൽ പരീക്ഷ എഴുതിയ 6000-ത്തോളം വിദ്യാർത്ഥികൾ കൂടി വരുന്നതോടെ ഈ കണക്ക് വീണ്ടും ഉയരും.

ഹയർ സെക്കണ്ടറി ക്ലാസുകളിൽ കുട്ടികളെ തിരുകിക്കയറ്റുന്ന മാർജിനൽ ഇൻക്രീസ് രീതി ശാശ്വത പരിഹാരമല്ലെന്ന് ലബ്ബ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
ഹയർ സെക്കണ്ടറി ക്ലാസുകളിൽ കുട്ടികളെ തിരുകിക്കയറ്റുന്ന മാർജിനൽ ഇൻക്രീസ് രീതി ശാശ്വത പരിഹാരമല്ലെന്ന് ലബ്ബ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സംസ്ഥാന സർക്കാർ ഉയർത്തിക്കാണിക്കുന്ന വി.എച്ച്.എസ്.സി, ഐ.ടി.ഐ, പോളിടെക്നിക് (പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾ, സീറ്റില്ലാത്ത പക്ഷം ഐ.ടി.ഐകളിലും, പോളിടെക്നിക്കുകളിലും ചേരണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിചിത്ര വാദം) തുടങ്ങിയ കോഴ്‌സുകളിൽ 4800 സീറ്റു മാത്രമാണുള്ളത്. ജില്ലയിലെ മുഴുവൻ ക്ലാസുകളിലും 65 കുട്ടികൾ തിങ്ങിയിരുന്നാൽ പോലും 16,000ൽ പരം വിദ്യാർത്ഥികൾ പിന്നെയും സീറ്റ് ലഭിക്കാതെ പുറത്താവും.

കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമാണ്. 48,140 കുട്ടികൾ ഹയർസെക്കണ്ടറി പഠനത്തിന് അപേക്ഷിച്ച കോഴിക്കോട്ടെ എയ്ഡഡ്, അൺ എയ്ഡഡ്, വി.എച്.എസ്.സി, ഐ.ടി.ഐ, പോളിടെക്‌നിക് സീറ്റുകളെല്ലാം കൂട്ടിയാലും പിന്നെയും 11,000 ലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ജില്ലയിൽ സീറ്റുണ്ടാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതേ രീതിയിൽ തെക്കൻ ജില്ലകളിലെ കണക്കുകൾ പരിശോധിക്കാം.
കോട്ടയം ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പാസായത് 18,813 പേരാണ്. കോട്ടയത്തുള്ളത് 24,383 സീറ്റും. അതായത് 5,500 ലേറെ സീറ്റ് കോട്ടയത്ത് ഇത്തവണയും ഒഴിഞ്ഞുകിടക്കുകയാണ്.
പത്തനംതിട്ടയിൽ 9,991 കുട്ടികളാണ് എസ്.എസ്.എൽ.സി പാസായത്. ആകെ 16,741 സീറ്റുണ്ട്. 6,000 ലേറെ സീറ്റുകൾ ഇവിടെയും ഒഴിഞ്ഞുകിടക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് സീറ്റുകൾ ഓരോ ജില്ലയിലും ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്ന് ചുരുക്കം.

പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങാത്ത സർക്കാർ ക്ലാസ് തുടങ്ങും മുമ്പേ വിദ്യാർത്ഥികളെ തോൽപ്പിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘ഓരോ അക്കാദമിക് ഇയർ ആരംഭിക്കുമ്പോഴും മലബാറിലെ വിദ്യാർത്ഥികൾ വിവേചനം നേരിടുന്നുണ്ട്. എന്നാൽ, കാലമിത്ര കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാൻ യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സർക്കാരിന്റെ അനാസ്ഥ കാരണം ഈ വർഷവും മലബാർ മേഖലയിലെ കുട്ടികൾ വിവേചനം അനുഭവിക്കുകയാണ്. വിദ്യഭ്യാസത്തിന്റെ നിലവാരത്തെ തന്നെ ബാധിക്കുന്ന തരത്തിൽ ഇത് രൂക്ഷമായിരിക്കുന്നു’.

അലോഷ്യസ് സേവ്യർ
അലോഷ്യസ് സേവ്യർ

'ഇത്ര വലിയ പ്രതിസന്ധിയിലും മലബാറിന്റെ പ്രശ്‌നത്തെ മലപ്പുറം പ്രശ്‌നമായി ചുരുക്കി, പ്രശ്‌നത്തെ വംശീയമായി സമീപിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത്. ഇടതുപക്ഷ സർക്കാരിന്റെ നയം എല്ലാക്കാലത്തും ഇതുതന്നെയായിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാട് പരിശോധിച്ചാൽ ഇത് കുറേക്കൂടി വ്യക്തമാവും. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പിയടിച്ചാണ് പാസാകുന്നത് എന്നായിരുന്നു വി.എസിന്റെ പഴയൊരു കമന്റ്. മലബാറിന്റെ ആവശ്യങ്ങൾക്കു മേൽ വർഗീയതയുടെ ചാപ്പ കുത്താനുള്ള ശ്രമമായിരുന്നു എക്കാലവും ഇടതുപക്ഷത്തിന്റേത്. ഒരു സമുദായത്തിന്റെ വിഷയമായാണ് മലബാറിന്റെ പ്രശ്‌നങ്ങളെ എക്കാലവും ഇടതുപക്ഷം അഡ്രസ് ചെയ്തിട്ടുള്ളത്. ഇഷ്ടപ്പെട്ട കോഴ്‌സ് ഇഷ്ടപ്പെട്ട സ്‌കൂളിൽ പഠിക്കാൻ കഴിയുക എന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷമായി വടക്കൻ ജില്ലയിലുള്ള വിദ്യാർത്ഥികൾക്ക് ഇത് തുടർച്ചയായി നിഷേധിക്കപ്പെടുന്നു. ഇതിനെതിരേ കെ.എസ്.യു പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയാണ്. ഇത് കേരളത്തിന്റെയാകെ പ്രശ്‌നമാണെന്ന തരത്തിലാണ് കെ.എസ്.യു പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പോകുന്നത്. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിന് ഇടതുപക്ഷത്തിന് കൃത്യമായ അജണ്ടയുണ്ട്' എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം അറിയിച്ച് എം.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്. അപേക്ഷ നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുറപ്പാക്കാൻ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്.

അവസാനിക്കാത്ത
വിവേചനം

55-65 എന്ന തോതിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നത് മലബാറിലെ സ്‌കൂളുകളിൽ മാത്രമാണ് എന്നിടത്താണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും മലബാർ ജില്ലകളോട് വെച്ചുപുലർത്തുന്ന വിവേചനത്തിന് എത്രത്തോളം ആഴമുണ്ടെന്ന് വ്യക്തമാവുക. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇതല്ല സ്ഥിതി. അവിടങ്ങളിൽ ആവശ്യത്തിന് സീറ്റുണ്ട്. തിക്കും തിരക്കുമില്ലാതെ തന്നെ കുട്ടികൾക്ക് പഠിക്കാം. പല സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു പോലുമുണ്ട്. അപ്പോഴാണ്, എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർ എണ്ണത്തിൽ കൂടുതലുള്ള, വിജശതമാനം കൂടുതലുള്ള, പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ച സ്‌കൂളുകളുടെ എണ്ണത്തിലും ഒട്ടും പുറകിലല്ലാത്ത മലപ്പുറം ഉൾപ്പടെയുള്ള മലബാർ ജില്ലകളിൽ വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറി വിദ്യാഭ്യാസം നിഷേധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് വെച്ചുപുലർത്തുന്ന വിവേചനത്തെ മറികടന്നാണ് സൗകര്യക്കുറവിലും മലബാറിലെ വിദ്യർത്ഥികൾ ഈ നേട്ടമുണ്ടാക്കുന്നത് എന്നതും പ്രധാനമാണ്.

ഇപ്പോഴും മലബാർ ജില്ലകളിലെ പല സ്‌കൂളുകളിലും 55-65 വരെ കുട്ടികളെ തിരുകിക്കയറ്റുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടെയും ക്വാളിറ്റിയെയും പഠനത്തെയും ഒരുപോലെ ബാധിക്കുന്നതാണിത്.
ഇപ്പോഴും മലബാർ ജില്ലകളിലെ പല സ്‌കൂളുകളിലും 55-65 വരെ കുട്ടികളെ തിരുകിക്കയറ്റുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടെയും ക്വാളിറ്റിയെയും പഠനത്തെയും ഒരുപോലെ ബാധിക്കുന്നതാണിത്.

മലപ്പുറത്തെ സീറ്റ് കുറവിനെക്കുറിച്ച് ചോദിച്ചാൽ, വിദ്യാഭ്യാസ മന്ത്രി അത് നിഷേധിക്കുകയായിരുന്നു പതിവ്. സീറ്റ് പ്രതിസന്ധിയില്ലെന്നു പറഞ്ഞ് തടിയൂരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പക്ഷേ കോടതി തടയിട്ടു. ഒരു വിദ്യാർത്ഥി പോലും പ്ലസ് വണ്ണിൽ സീറ്റില്ലെന്ന പരാതി ഉന്നയിച്ചില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. മലപ്പുറവും കോഴിക്കോടും ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ നിന്നുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിച്ചായിരുന്നു ഈ സർക്കാർ നിലപാട്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എ.ആർ നഗർ ഹയർസെക്കണ്ടറി സ്‌കൂൾ മാനേജർ നൽകിയ ഹർജിയിലാണ് സർക്കാർ വികല വാദമുന്നയിച്ചത്. പ്ലസ് വൺ സീറ്റില്ലെന്നും ബാച്ച് അനുവദിക്കണമെന്നുമുള്ള പരാതിയുമായി സർക്കാരിനെ സമീപിച്ചത് സ്‌കൂൾ മാനേജർ മാത്രമാണെന്നും സർക്കാർ വാദിച്ചു. ഒറ്റ വിദ്യാർത്ഥിയോ രക്ഷിതാവോ പോലും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞു.

എന്നാൽ, പ്ലസ് വൺ സീറ്റ് തേടി സ്‌കൂളുകൾ കയറിയിറങ്ങുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സർക്കാരിന് പരാതി നൽകാൻ സമയമുണ്ടാകില്ലെന്നു പറഞ്ഞ കോടതി, സർക്കാരിന്റെ വാദം തള്ളുകയായിരുന്നു. മലബാർ ജില്ലകളിലാകെ 40,000 സീറ്റുകളുടെ കുറവുണ്ടെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കാണ്. വിദ്യാർത്ഥി സംഘടനകളുൾപ്പടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സർക്കാർ കോടതിയിൽ വിദ്യാർത്ഥികളെ കയ്യൊഴിയുന്നത്.

ഒന്നര പതിറ്റാണ്ടായി മലബാറിലെ വിദ്യാർത്ഥികൾ ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് മലബാർ എജ്യൂക്കേഷൻ മൂവ്‌മെന്റ് ട്രൂകോപ്പിയോട് പറഞ്ഞു: 'പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്ന മലബാറുകാരുടെ ആവശ്യത്തിനും ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആവശ്യത്തിന് അഡീഷണൽ ബാച്ചുകളാണ് ശാശ്വത പരിഹാരം. എന്നാൽ, സർക്കാറുകൾ ഇത് നടപ്പാക്കാത്തതിനാൽ ഈ വർഷവും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു’.

'ഓരോ വർഷവും മലബാറിൽ നിന്ന് പത്താംക്ലാസ് വിജയിക്കുന്ന അര ലക്ഷത്തോളം വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റില്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്നുണ്ട്. കേരളത്തിൽ ഹയർ സെക്കണ്ടറി സംവിധാനം ആരംഭിച്ചതു മുതൽ, ഇന്നുവരെ മലബാറിന് പുറത്തുള്ള ജില്ലകൾക്കൊന്നും ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നും ഓർക്കണം. തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് വിജയിച്ചവരുടെ എണ്ണത്തേക്കാൾ പ്ലസ് വൺ സീറ്റുകളുള്ളതിനാൽ പല ബാച്ചുകളും കുട്ടികളില്ലാതെ കാലിയായി കിടക്കുമ്പോഴാണ് മലബാറിൽ അര ലക്ഷത്തോളം വിദ്യാർഥികൾ സീറ്റുകിട്ടാതെ പുറത്തുനിൽക്കേണ്ടി വരുന്നത്. ഈ വർഷം മലബാറിലെ ആറ് ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർത്ഥികൾക്ക് സീറ്റില്ല. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി അനുവദിച്ച താൽക്കാലിക ബാച്ചും 30 ശതമാനം സീറ്റ് വർദ്ധനവിനും ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയുമാണ്. ഈ വർഷത്തെ റിസൾട്ട് പരിശോധിച്ചാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നതിൽ സംസ്ഥാന ശരാശരിയെക്കാൾ പുറകിലുള്ള ആറ് ജില്ലകളിൽ നാലും മലബാറിലാണെന്ന് കാണാം. 100 ശതമാനം വിജയം നേടുന്ന സ്‌കൂളുകളുടെ എണ്ണത്തിലും ഈ പ്രശ്‌നമുണ്ട്. മലബാറിൽ പ്ലസ്‌വൺ ക്ലാസുകൾക്ക് പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. പ്രൊഫ.കാർത്തികേയൻ നായർ കമ്മറ്റി പരിഹാര നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അത് പുറത്തുവിടണം. അതിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം. തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്തതും കുട്ടികൾ കുറവുള്ളതുമായ ബാച്ചുകൾ ക്ലബ്ബ് ചെയ്ത് അവശേഷിക്കുന്നവ മലബാർ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യണം. ഇത് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത, എളുപ്പം സാധ്യമാവുന്ന നടപടിയാണ്. അതുപോലെ, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക്, ഐ.ടി.ഐ മേഖലയിൽ പുതിയ ബാച്ചുകൾ മലബാറിൽ അനുവദിക്കണം. ഇനിയെങ്കിലും ഘട്ടംഘട്ടമായെങ്കിലും പരിഹാരങ്ങളിലേക്ക് പ്രവേശിക്കാൻ സർക്കാർ തയ്യാറാകണം’ , മലബാർ എജ്യുക്കേഷൻ മൂവ്മെൻ്റ് പറയുന്നു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി. സർക്കാർ പറയുന്ന കണക്കുകൾ തെറ്റാണെന്ന് സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് 82,434 പേരാണ് അപേക്ഷിച്ചതെന്നും ജില്ലയിലാകെ 52,600 പ്ലസ് വൺ സീറ്റാണുള്ളതന്നും നിവേദനത്തിൽ പറയുന്നു. അതായത്, 30,000-ഓളം വിദ്യാർഥികൾ പുറത്തുനിൽക്കേണ്ട സ്ഥിതി. അൺ എയ്ഡഡ് മേഖലയിൽ 11,275 സീറ്റുകളുണ്ട്. ഇവിടെ വലിയ ഫീസ് കൊടുക്കേണ്ടിവരും. ജില്ലയിലെ പോളി ടെക്നിക് കോളേജുകൾ, ഐ.ടി.ഐകൾ എന്നിവയിൽ 2,484 സീറ്റുകളുണ്ടെങ്കിലും നിലവിലെ ക്ഷാമം പരിഹരിക്കപ്പെടില്ല എന്ന് നിവേദനത്തിൽ പറയുന്നു.

സീറ്റ് പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, വർഷങ്ങളായി തുടർന്നുപോരുന്ന പിടിവാശിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്തിരിഞ്ഞാൽ മാത്രമേ മലബാറിന്റെ വിദ്യാഭ്യാസപ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂ. സീറ്റ് വർദ്ധനയോ താത്കാലിക ബാച്ചുകളോ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്‌നം. ഇത് മനസ്സിലാക്കി മലബാറിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള മാർഗമുണ്ടാക്കുകയാണ് സർക്കാർ ഇനിയെങ്കിലും ചെയ്യേണ്ടത്.

Comments