‘ഞങ്ങളെ ഇനിയും തോൽപ്പിക്കരുത്​’; മലപ്പുറത്ത് നിന്നൊരു വിദ്യാർഥി എഴുതുന്നു

പ്ലസ് വൺ പ്രവേശനം തുടങ്ങാനിരിക്കേ, മലബാർ മേഖലയിലെ വിദ്യാർഥികൾ ഇത്തവണയും കടുത്ത ആശങ്കയിലാണ്. മേഖലയിലെ അഞ്ചു ജില്ലകളിൽ മാത്രം അര ലക്ഷത്തിലേറെ സീറ്റുകളുടെ കുറവാണുള്ളത്. സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം കണക്കിലെടുത്താൽ ഇനിയും കൂടും. അതേസമയം, തെക്കൻ ജില്ലകളിൽ സീറ്റുകൾ കൂടുതലുമാണ്. പ്രാദേശികമായ ഈ അസന്തുലിതാവസ്ഥയും വിവേചനവും വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാറുകൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?

സ്വാതന്ത്രാനന്തര കാലം മുതൽ സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയിൽ കേരളം മാതൃകാപരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളാണ് കേരളത്തിന്റെ വികസന സങ്കൽപ്പങ്ങൾക്ക് ആക്കം കൂട്ടിയത്. വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണം സാധ്യമായി എന്നതാണ് ഈ നേട്ടങ്ങളിൽ ഏറ്റവും പ്രധാനം. സമ്പൂർണ വിദ്യാലയ പ്രവേശനം തുടങ്ങി കേരളത്തിന്​ എണ്ണിയെണ്ണിപ്പറയാവുന്ന അഭിമാന നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും, സമീപകാലത്ത്​ ഹയർ സെക്കൻഡറി മേഖലയിലെ വിശിഷ്യാ മലബാറിന്റെ ദയനീയവസ്ഥ എടുത്തുപറയേണ്ടതാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽ മികച്ച മാതൃക കാഴ്ചവെക്കുന്ന കേരളത്തിന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസരംഗം മലബാർ ജില്ലകളിൽ വളരെ ശോച്യാവസ്ഥയിലാണ്.

മലബാർ; അവഗണനയുടെ ചരിത്രം

ബ്രിട്ടീഷിന്ത്യയിൽ മദ്രാസിനു കീഴിലായിരുന്നു മലബാർ. അതിനുമുമ്പുതന്നെ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും നൂറ്റാണ്ടുകൾനീണ്ട അധിനിവേശങ്ങൾ കാർഷിക- വ്യവസായ സമൃദ്ധിയെയും സാംസ്‌കൃതിയെയും തകിടം മറിച്ചു. അനന്തരം മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. തങ്ങൾക്കെതിരെ സമരങ്ങൾ നടത്തുന്ന മലബാറുകാരോട് ശത്രുതുല്യമായിട്ടാണ് അവർ പെരുമാറിയിരുന്നത്. അതിനാൽ മലബാറിനു സേവനം നൽകാതിരിക്കുകയും സ്‌കൂളുകളും കോളേജുകളും ഗവൺമെൻറ്​ സ്ഥാപനങ്ങളും നാമമാത്രമാവുകയും ചെയ്തു. എന്നാൽ നേർവിപരീതമായിരുന്നു തിരുവിതാംകൂറിലെയും കൊച്ചിയിലെയും അവസ്​ഥ. ആദ്യകാലങ്ങളിൽ തന്നെ, അവിടെ നിരവധി ഗവൺമെൻറ്​ സ്ഥാപനങ്ങളും വിദ്യാലയങ്ങളുമിവിടെ ആരംഭിച്ചിരുന്നു.

കേരളം പിറവിയെടുത്തശേഷവും മലബാറിനോടുള്ള അവഗണന തുടർന്നു. വികസന പദ്ധതികളും മറ്റു സംരംഭങ്ങളുമെല്ലാം വീതം വെച്ചപ്പോൾ ജനസംഖ്യടിസ്ഥാനത്തിൽ മലബാറിന് അർഹിച്ചതുപോലും ലഭിച്ചില്ല. വികസനം നടപ്പിലാക്കുന്ന ഓഫീസും, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും, ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയുമെല്ലാം തിരുവിതാംകൂറും കൊച്ചിയും പങ്കിട്ടെടുത്തു. അധികാര കേന്ദ്രങ്ങളോ, ഉന്നത ഉദ്യോഗസ്ഥ സംവിധാനമോ മലബാറിനില്ല. ഇതുവരെയുള്ള സർക്കാറുകൾ നടപ്പാക്കിയ ജനസേവന വികസന പദ്ധതികളുടെ കണക്കെടുത്താൽ 42 ശതമാനം ജനങ്ങളുള്ള മലബാറിലെ ആറു ജില്ലകളിൽ ജനസംഖ്യാനുപാതത്തിൽ വികസനങ്ങളിലെ വിവേചനം മനസ്സിലാക്കാൻ സാധിക്കും. വിദ്യാഭ്യാസ- തൊഴിൽ- വ്യവസായ മേഖലകളിൽ, മറ്റു പൊതുമേഖലാ സംവിധാനങ്ങളിൽ ഈ വിവേചനം തിരിച്ചറിയാം. അതിന്​ ഒരു ഉദാഹരണമാണ്, ഹയർ സെക്കൻഡറി മേഖലയിലെ വിവേചനം.

പ്രാഥമിക വിദ്യാഭ്യാസത്തിന് നൽകുന്ന മുന്തിയ പരിഗണന, ഹയർസെക്കൻഡറി മേഖലയിൽ ദൃശ്യമല്ല. ഓരോ വർഷം ചെല്ലുംതോറും പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ പ്രാദേശിക അസന്തുലിതാവസ്​ഥ അതിരൂക്ഷമായി വരികയാണ്​.

1998ൽ പ്രീ ഡിഗ്രി കോളേജുകളിൽനിന്ന് വേർപെടുത്തി സ്‌കൂളുകളുടെ ഭാഗമാക്കിയതുമുതൽ തുടരുന്ന വിവേചനമാണിത്. എസ്.എസ്.എൽ.സി വിജയികളുടെ എണ്ണത്തിനാനുപാതികമായി ബാച്ചുകളും സീറ്റും അനുവദിക്കുന്നതിനുപകരം, തെക്ക്- വടക്ക് എന്ന മട്ടിൽ വലിയ വിവേചനമുണ്ടായി. തെക്കൻ ജില്ലകളെ അപേക്ഷിച്ച് മലബാറിൽ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകൾ കുറവായിരുന്നു. ഈ വസ്തുത തീർത്തും അവഗണിക്കപ്പെട്ടു. പത്തുവർഷത്തിലധികമായി ഈ പ്രശ്‌നം മലബാറിലെ ജില്ലകളിൽ ആവർത്തിക്കപ്പെടുന്നു. മലപ്പുറത്താകട്ടെ, ഓരോ വർഷവും ഉയർന്ന വിജയം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുമുണ്ടാകുന്നുണ്ട്. എന്നാൽ, ഇവരുടെ ഉപരിപഠനം എന്ന അവകാശം സാക്ഷാൽക്കരിക്കപ്പെടുന്നതിന് ഈ വിവേചനം ഏറ്റവും വലിയ പ്രതിബദ്ധമായി തുടരുന്നു. ഹയർ സെക്കൻഡറി എന്ന മോഹം തന്നെ ഉപേക്ഷിച്ച് താൽപര്യമില്ലാത്ത ഐ.ടി.ഐ പോലുള്ള കോഴ്‌സുകൾക്ക് ചേരുന്നവർ മലപ്പുറത്ത് നിരവധിയാണ്. പലരും ഓപൺ സ്‌കൂളുകളെ ആശ്രയിച്ച്, പാതിവഴിയിൽ വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരാകുന്നവരുമുണ്ട്.

ഹയർസെക്കൻഡറിയിലെ ‘മലബാർ മോഡൽ’

കേരളത്തിൽ ഈ വർഷം 4,26,469 കുട്ടികൾ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുകയും 4,23,303 പേർ തുടർപഠനത്തിന്​ യോഗ്യത നേടുകയും ചെയ്തു. പക്ഷേ, ഹയർസെക്കൻഡറി, വി.എച്ച്. എസ്.ഇ, ഐ.ടി.ഐ, പോളി ടെക്​നിക്​തുടങ്ങിയ ഇടങ്ങളിലെല്ലാം കൂടി 3,78,791 സീറ്റ്​ മാത്രമാണുള്ളത്. അതുകൊണ്ട് ബാക്കിയുള്ള 44,512 കുട്ടികൾ എവിടെ പഠിക്കുമെന്നത് ചോദ്യചിഹ്നമാണ്. തുടർപഠനത്തിന് അവസരമില്ലാത്ത ഈ അവസ്​ഥയുടെ കാരണം കണ്ടെത്തി ശാശ്വത പരിഹാരം തേടാൻ കഴിയണം.

വിദ്യാഭ്യാസ മേഖലയിൽ ഇന്നും മലബാർ നേരിടുന്ന അവഗണന മനസ്സിലാക്കാൻ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകൾ പരിശോധിച്ചാൽ മാത്രം മതി. പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് 2001ൽ ഹയർസെക്കൻഡറി സംവിധാനം കൊണ്ടുവരുമ്പോൾ തന്നെ അന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ്​ നൽകുന്നതിനുപകരം മറ്റു ചില മാനദണ്​ഡങ്ങളാണ്​ സ്വീകരിച്ചത്​. ആദ്യകാലത്ത് വിജയശതമാനം കുറവായതിനാൽ വലിയ പ്രതിസന്ധിയുണ്ടായിരുന്നില്ലെങ്കിലും 2005നു ശേഷം മലബാറിലെ എസ്​.എസ്​.എൽ.സി വിജയം 80 ശതമാനത്തിനുമുകളിലായതോടെ ഓരോ വർഷവും അൻപതിനായിരത്തിലേറെ വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കേണ്ടി വന്നു. എന്നാൽ ഈയൊരു സാഹചര്യത്തിലും തെക്കൻ ജില്ലകളിലെ ചില സ്‌കൂളുകളിലെ പ്ലസ് വൺ ബാച്ചുകളിൽ ഒറ്റ കുട്ടികൾ പോലും ഇല്ലാത്ത സാഹചര്യംപോലും ഉണ്ടായിട്ടുണ്ട്.

വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം. തെക്കൻ ജില്ലകളിൽ സീറ്റുകളുടെ എണ്ണം അധികവും മലബാർ മേഖലയിൽ കുറവുമാണ്​ എന്ന്​ ഈ പട്ടിക സൂചിപ്പിക്കുന്നു. മലബാർ എഡ്യുക്കേഷൻ മൂവ്​മെൻറ്​ തയാറാക്കിയത്​.
വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം. തെക്കൻ ജില്ലകളിൽ സീറ്റുകളുടെ എണ്ണം അധികവും മലബാർ മേഖലയിൽ കുറവുമാണ്​ എന്ന്​ ഈ പട്ടിക സൂചിപ്പിക്കുന്നു. മലബാർ എഡ്യുക്കേഷൻ മൂവ്​മെൻറ്​ തയാറാക്കിയത്​.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ 2,26,913 കുട്ടികൾ യോഗ്യത നേടിയിട്ടുണ്ടങ്കിലും 1,65,950 സീറ്റ്​ മാത്രമേ തുടർപഠനത്തിനുള്ളൂ. 60,963 കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല എന്നു മാത്രമല്ല സി.ബി.എസ്.ഇ പരീക്ഷ ഫലം വന്നാൽ വിദ്യാർഥികളുടെ എണ്ണം ഇനിയും വർദ്ധിക്കും. മലബാർ ജില്ലകളിൽ ഈ പ്രതിസന്ധി നേരിടുമ്പോഴും തെക്കൻ- മധ്യ കേരളത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലധികം 19,390 സീറ്റുകൾ പഠിക്കാൻ കുട്ടികളില്ലാത്ത ഒഴിഞ്ഞുകിടക്കുന്നു.

ജില്ലകളും അധികമുള്ള സീറ്റുകളും: പത്തനംതിട്ട (6074), ആലപ്പുഴ (3164), കോട്ടയം (4990), ഇടുക്കി (1845), എറണാകുളം (673), തിരുവനന്തപുരം (848), കൊല്ലം (1796).
എന്നാൽ മലപ്പുറം (30941), പാലക്കാട് (10132), കാസർകോട് (3723), കണ്ണൂർ (5356), വയനാട് (2232), തൃശൂർ (1330), കോഴിക്കോട് (8579) ജില്ലകളിലെ സീറ്റുകളുടെ കുറവ് ആശങ്കാജനകമാണ്. ഗവൺമെൻറ്​ മേഖലയിലെ മറ്റു ഉപരിപഠന കോഴ്‌സുകൾ തെരഞ്ഞെടുത്താലും മലബാറിലെ നാൽപതിനായിരത്തോളം കുട്ടികൾ പുറത്തുതന്നെയായിരിക്കും.

2021- 22 അധ്യയനവർഷത്തിൽ മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ 71,625 പേരാണ് പത്താം ക്ലാസ് പാസായത്. ഈ വർഷം 75,000 പേരായി ഉയർന്നു. സി.ബി.എസ്.ഇ അടക്കമുള്ള മറ്റു സിലബസുകളിലുള്ളവർ വേറെയുമുണ്ട്. ഇവർക്കെല്ലാം കൂടി ജില്ലയിലുള്ളത് 65,035 സീറ്റുമാത്രമാണ്. എന്നാൽ, 35,949 പേർ പത്താം ക്ലാസ് പാസായ തിരുവനന്തപുരം ജില്ലയിൽ 37,840 സീറ്റുണ്ട്. കണക്കുകളിലെ ഈ വിവേചനം കാണിക്കുന്നത്​, മലബാർ മേഖലയിലെ നല്ലൊരു വിഭാഗം വിദ്യാർഥികൾക്ക് അൺ എയ്ഡഡ് സ്‌കൂളുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടി വരും എന്നാണ്.

എ പ്ലസ്: മലപ്പുറം ജില്ലയിൽ കാൽലക്ഷത്തിലധികം കുട്ടികൾ പുറത്ത്

7230 വിദ്യാർഥികൾ (1803 ആൺകുട്ടികൾ, 5427 പെൺകുട്ടികൾ) മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സംസ്ഥാനത്തെ ഒന്നാം എ പ്ലസ് ജില്ലയായ മലപ്പുറത്തിന്റെ അവസ്ഥയാണ് ശോചനീയം. 189 സ്​കൂളുകൾ നൂറുമേനി വിജയം കൊയ്യുകയും 99.32 ശതമാനം വിജയം​ നേടുകയും 77,692 വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടുകയും ചെയ്​തുവെങ്കിലും 30,941 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ല. സർക്കാർ, വി.എച്.എസ്.ഇ, ഐ.ടി.ഐ, പോളി മേഖലയിൽ 46,750 സീറ്റുകളാണ് ജില്ലയിലുള്ളത്. 10% സീറ്റ് വർധിപ്പിച്ചാൽ 4675, 20% സീറ്റുകൾ വർധിപ്പിച്ചാൽ 9350 മാത്രമേ ആവൂ. എന്നാലും, 20,0500ലധികം വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമില്ല.

മൂന്നര പതിറ്റാണ്ട്​ മലബാറിൽനിന്നുള്ള ജനപ്രതിനിധികളാണ്​ വിദ്യാഭ്യാസ വകുപ്പ്​ കൈകാര്യം​ ചെയ്​തത്​. എന്നിട്ടും, സീറ്റുകളുടെ അപര്യാപ്തത എന്ന ഏറ്റവും അടിസ്​ഥാനപരമായ പ്രശ്​നം പരിഹരിക്കാനായില്ല. 2003 മുതൽ സീറ്റില്ലായ്മയുടെ ചർച്ചകളുയർന്നിട്ടുണ്ട്. രണ്ടുപതിറ്റാണ്ടായിട്ടും പരിഹാരമോ ബദൽ സംവിധാനമോ കണ്ടത്താനായിട്ടില്ല. വിദ്യാർത്ഥി സംഘടനകളെല്ലാം ഇരുമുന്നണികളെയും ഈ ദുരവസ്ഥ ഓർമപ്പെടുത്തിയിട്ടുണ്ടങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാൻ അരലക്ഷം സീറ്റുകൾ വേണ്ടിടത്ത് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നു എന്നുമാത്രം. 20 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിലൂടെ 50 കുട്ടികളിരിക്കുന്ന ക്ലാസുകളിൽ 60 കുട്ടികളിരിക്കേണ്ട സ്ഥിതിവിശേഷമാണ്. പരിമിതമായ സൗകര്യങ്ങളുള്ളവയാണ് പല സ്‌കൂളുകളും. മാത്രമല്ല, ലാബ് സൗകര്യമടക്കമുള്ള കാര്യങ്ങളിൽ കുട്ടികളുടെ എണ്ണക്കൂടുതൽ വലിയ പ്രശ്‌നമാണുണ്ടാക്കുക. ഈ 20 ശതമാനത്തിൽ കാൽ ലക്ഷത്തോളം സീറ്റുകൾ വേണ്ട മലപ്പുറം ജില്ലയിൽ പോലും ലഭിക്കുന്നത്, 9000ഓളം സീറ്റ്​ മാത്രമാണ്. അതാത് വർഷം കഴിയുമ്പോൾ ഈ താൽക്കാലിക സീറ്റുകൾ റദ്ദാവുകയും ചെയ്യും. അതുകൊണ്ട് മുറിവുണക്കാനുള്ള വിദ്യകളല്ല, രോഗം മാറാനുള്ള മരുന്നാണ് മലബാറിനാവശ്യം.

ഹയർസെക്കൻഡറിയില്ലാത്ത സ്​കൂളുകളിൽ പുതിയ ഹയർസെക്കൻഡറി സംവിധാനം കൊണ്ടുവരുകയും, നിലവിൽ ബാച്ചുകൾ കുറവുള്ള ഇടങ്ങളിൽ ആവശ്യമായ ബാച്ചുകൾ അനുവദിക്കുകയും, മറ്റു ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് മലബാറിലേക്ക് സ്ഥിരമായി മാറ്റാനുള്ള സംവിധാനമൊരുക്കുകയും വേണം. വിദ്യാഭ്യാസ വിദഗ്​ധർ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ എന്നിവരുമായി ചർച്ച ചെയ്ത് സ്​ഥിരമായ പരിഹാരത്തിലേക്ക്​ നയിക്കണം. വളരെ വേഗം ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വരുംവർഷങ്ങളിൽ ഈ അവഗണനയുടെ തോത് ഇനിയും ഉയരും. പ്രാഥമിക വിദ്യാലയങ്ങളെ സ്മാർട്ടാക്കി സ്വകാര്യമേഖലയോട് മത്സരിക്കുന്നതിനൊപ്പം, ആനുപാതികമായ അവസരങ്ങളും വിവേചനരഹിതമായി എല്ലാ പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക്​ ലഭിക്കണം.

അവലംബം:
1. www.prd.kerala.gov.in
2. www.results.kite.kerala.gov.in
3. Malabar education movement report


Summary: Plus Two seat deficit in Malappuram and Malabar region. Mubashir Manjappatta writes on the woes and statistics.


Summary: പ്ലസ് വൺ പ്രവേശനം തുടങ്ങാനിരിക്കേ, മലബാർ മേഖലയിലെ വിദ്യാർഥികൾ ഇത്തവണയും കടുത്ത ആശങ്കയിലാണ്. മേഖലയിലെ അഞ്ചു ജില്ലകളിൽ മാത്രം അര ലക്ഷത്തിലേറെ സീറ്റുകളുടെ കുറവാണുള്ളത്. സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം കണക്കിലെടുത്താൽ ഇനിയും കൂടും. അതേസമയം, തെക്കൻ ജില്ലകളിൽ സീറ്റുകൾ കൂടുതലുമാണ്. പ്രാദേശികമായ ഈ അസന്തുലിതാവസ്ഥയും വിവേചനവും വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണുന്നതിൽ സർക്കാറുകൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?


Comments