കോവിഡിൻ്റെ മറപറ്റിയും പാർലമെൻ്റിനെ ഇരുട്ടിലാക്കിയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇന്ത്യയിലവതരിച്ച NEP- 2020 എന്ന ദേശീയ വിദ്യാഭ്യാസനയം അതിൻ്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. മാനായി വന്ന് മാരീചനായി മാറി എന്നു പറയുന്നതുപോലെ മധുരം പുരട്ടിയ സൂക്തങ്ങളുമായി വന്ന് ഇന്ത്യയിലെ വൈവിധ്യപൂർണമായ വിദ്യാഭ്യാസ വ്യവസ്ഥയെയെല്ലാം ഒരൊറ്റ പി.എം ശ്രീ പദ്ധതിയുടെ കാൽച്ചുവട്ടിൽ കൊണ്ടുവന്നിരിക്കുകയാണ് NEP- 2020.
ബംഗാളും, തമിഴ്നാടും ഒഴികെ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പി.എം ശ്രീ സ്കീമിൽ ഒപ്പിടാൻ തീരുമാനിച്ചതോടെ, അഥവാ നിർബന്ധിതമായതോടെ, അറിഞ്ഞോ, അറിയാതെയോ അവർ എൻ.ഇ.പിയുടെ നടത്തിപ്പുകാരായി മാറിയിട്ടുണ്ട്. പി.എം ശ്രീ എന്ന വിദ്യാഭ്യാസ സർജിക്കൽ സ്ട്രൈക്കിലൂടെ കേന്ദ്ര ഗവൺമെൻ്റും അതിനു നേതൃത്വം നൽകുന്നവരും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസഭൂമികയിൽ തീവ്രവലതുവത്ക്കരണത്തിൻ്റെ പെരുമ്പറ കൊട്ടിയാർക്കുകയാണ്. ഇതോടെ വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യപരതയേയും , ഫെഡറലിസത്തേയും, മതനിരപേക്ഷ, ബഹുസ്വരസ്വഭാവത്തെയും കുറിച്ചുള്ള ചർച്ചകളുടേയും , സംവാദങ്ങളുടേയും പെട്ടി മടക്കാം. പകരം മതാധിഷ്ഠിത, മാനവികേതര, ശാസ്ത്രവിരുദ്ധതയ്ക്ക് ഓശാന പാടാം.
പി.എം ശ്രീ എന്ന സമ്മർദ്ദതന്ത്രം
കേന്ദ്രീകരണത്തിലും, വർഗ്ഗീയ ധ്രുവീകരണത്തിലും, വാണിജ്യവത്ക്കരണത്തിലും ഊന്നുന്ന എൻ.ഇ.പിയെ വിവിധ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അംഗീകരിക്കുകയോ, നടപ്പിലാക്കുകയോ ചെയ്തിരുന്നില്ല. തമിഴ്നാട്, കർണ്ണാടക, പശ്ചിമ ബംഗാൾ, കേരളം, ഡൽഹി ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പാണ് എൻ.ഇ.പി യ്ക്കുനേരെ ഉയർത്തിയത്. ഇതിൽ ബംഗാളും കർണാടകയും തമിഴ്നാടും ബദൽ സംസ്ഥാനനയം രൂപീകരിക്കുകയും ചെയ്തു. എൻ.ഇ.പി നടപ്പിലാക്കാനോ, നടപ്പിലാക്കാതിരിക്കാനോ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതിയും പ്രഖ്യാപിക്കുകയുണ്ടായി. അതിൻ്റെ പേരിൽ മറ്റു ഫണ്ടുകൾ തടഞ്ഞുവയ്ക്കാനാവില്ലെന്നും തമിഴ്നാടിൻ്റെ കേസിൽ കോടതി ഉറപ്പിച്ചു പറയുകയും ചെയ്തു.

ഈയൊരു സാഹചര്യത്തിലാണ് എൻ ഇ പി നടപ്പിലാക്കാനുള്ള സമ്മർദ്ദതന്ത്രമെന്ന നിലയിൽ പി.എം ശ്രീ പദ്ധതി അവതരിക്കുന്നത്. പ്രത്യക്ഷത്തിൽ എൻ.ഇ.പിയെ എതിർക്കുന്ന സംസ്ഥാനങ്ങളെ ഫണ്ടുകളും ആകർഷകമായ മറ്റു വാഗ്ദാനങ്ങളും നൽകി വരുതിയിലാക്കുകയും, അതിലൂടെ എതിർക്കുന്നവരെക്കൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കിയ്ക്കുകയെന്ന ഗൂഢതന്ത്രമാണ് പി.എം ശ്രീയിലൂടെ നടപ്പിലാകുന്നത്. പി.എം ശ്രീയുടെ ഡാഷ്ബോർഡിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
പി എം ശ്രീ സ്കൂളുകൾ ദേശീയവിദ്യാഭ്യാസനയത്തിൻ്റെ മികവുകൾ പ്രദർശിപ്പിക്കാനുള്ള വേദികളായിത്തീരുമെന്ന് നയം പറയുന്നു (PM SHRI Scheme (PM Schools for Rising India) aims to qualitatively strengthen the existing schools and showcase the implementation of National Education Policy, 2020 and make them exemplar schools over a period of time).
സർവശിക്ഷാ അഭിയാൻ പ്രൊജക്ട് 2025-26 വർഷത്തിൽ അവസാനിക്കും. തുടർന്ന് പി.എം ശ്രീ യാവും എൻ.ഇ.പിയുടെ നിർവഹണ പ്രൊജക്ടായി മാറുക. സംസ്ഥാനങ്ങൾക്കു ലഭിക്കാനുള്ള സർവശിക്ഷാ അഭിയാൻ ഫണ്ടു പോലും തടഞ്ഞുകൊണ്ട് സമ്മർദ്ദത്തിലാക്കി പി.എം ശ്രീയിൽ ഒപ്പിടാൻ കേന്ദ്രം നിർബന്ധിക്കുന്നതിൻ്റെ പല കാരണങ്ങളിലൊന്ന്, SSA പദ്ധതി അവസാനിക്കുന്നതോടെ കേന്ദ്രത്തിൻ്റെ പിടി സംസ്ഥാനങ്ങളിൽ അയയുമെന്നതാവാം. മഴ കഴിഞ്ഞാലും മരം പെയ്യുമെന്നർത്ഥം. എൻ. ഇ.പി വ്യവസ്ഥകൾ നടപ്പിലാക്കാതിരിക്കാനും, കരാറിൽ നിന്നു പിൻമാറാനും ഒപ്പിട്ട ഒരു സംസ്ഥാനത്തിനുമാവില്ല. പി എം ശ്രീ വ്യവസ്ഥകൾ പ്രകാരം കേന്ദ്ര ഗവൺമെൻ്റിനു മാത്രമേ കരാറിൽ നിന്നു പിൻമാറാൻ അധികാരമുള്ളൂ.
പി.എം ശ്രീ ഒരു ബോർഡും ചിത്രവുമല്ല
പി.എം ശ്രീ എന്ന ബോർഡും, പ്രധാനമന്ത്രിയുടെ ചിത്രവും പ്രദർശിപ്പിക്കുന്ന സ്കൂളുകളാണ് പി.എം ശ്രീ സ്കൂളുകൾ എന്ന രീതിയിലുള്ള നിഷ്കളങ്ക വർത്തമാനങ്ങളിൽ ഒരടിസ്ഥാനവുമില്ല. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ ദേശീയവിദ്യാഭ്യാസനയം പൂർണ്ണമായും നടപ്പിലാക്കേണ്ടിവരും. ചിലത് നടപ്പിലാക്കുകയും, മറ്റ് ചിലത് ഒഴിവാക്കുകയും ചെയ്യുകയെന്ന യുക്തി പി.എം ശ്രീയിൽ ചെലവാകില്ല. ഏതു ഘട്ടത്തിലും സംസ്ഥാന സിലബസിനു പകരം കേന്ദ്രസിലബസും, പുസ്തകങ്ങളും നടപ്പിലാക്കേണ്ടിവന്നേക്കാം. Curriculum in PM SHRI schools shall follow the National Curriculum Framework / State Curriculum Framework developed in accordance with new curricular and pedagogical structure of the new education policy 2020 viz the 5+3+3+4, which will be reflected in the NCF foundational stage and school education ( Page 23, Chapter 1 ' PM SHRI School Framework on School Transformation).

കരിക്കുലവും, സിലബസും, പുസ്തകങ്ങളും സംസ്ഥാനങ്ങൾക്കു രൂപീകരിക്കാമെങ്കിലും അത് ദേശീയ വിദ്യാഭ്യാസനയത്തിൻ്റെയും, നയം അവതരിപ്പിക്കുന്ന പെഡഗോജിക്കൽ ഘടനയായ 5+3+3+4 ൻ്റെയും, അതിൻ്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകളുടേയും അടിസ്ഥാനത്തിൽ മാത്രമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുണ്ട്. പാഠ്യപദ്ധതിപരിഷ്ക്കരണങ്ങളിലും, പാഠപുസ്തക നിർമ്മാണത്തിലും കേന്ദ്രത്തിൻ്റെ ശക്തമായ ഇടപെടൽ ഉണ്ടാവും. ‘ഒരു രാജ്യം, ഒരു വിദ്യാഭ്യാസവ്യവസ്ഥ, ഒരു കരിക്കുലം’ എന്നത് എൻ. ഇ.പിയ്ക്കു പിന്നിലുള്ളവരുടെ അജണ്ടയാണ്. ഇപ്പോൾ കേന്ദ്ര സിലബസ് തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങൾക്കും, നവോദയ വിദ്യാലയങ്ങൾക്കും, സംസ്ഥാനങ്ങൾക്കും ഇതൊരു പ്രശ്നമാവില്ല. എന്നാൽ സംസ്ഥാന സിലബസ് പിന്തുടരുന്നവരുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന സമീപനമെന്താണെന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്.
ഇപ്പോൾ തന്നെ ദേശീയ മത്സരപരീക്ഷകളിലൂടെ സംസ്ഥാനങ്ങൾക്കു മേൽ കേന്ദ്രസിലബസ് നടപ്പിലാക്കാനുള്ള വലിയ സമ്മർദ്ദമുണ്ട്. എൻ.ഇ.പി യിൽ കരിക്കുലം രൂപീകരിക്കുന്നത് കേന്ദ്ര നിർദ്ദേശാനുസരണം സംസ്ഥാനങ്ങൾ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. അതിൽപ്പോലും സംസ്ഥാനങ്ങൾക്ക് പരിമിതമായ അവകാശങ്ങൾ മാത്രമാണുള്ളത്. എന്നാൽ പി.എം ശ്രീ സ്കൂളുകളുടെ 6 പ്രധാന തൂണുകളിൽ (pillars) ഒന്ന് പാഠ്യപദ്ധതിയും, അധ്യാപനവും, വിലയിരുത്തലുമാണ് (There are 6 pillars of PM SHRI school derived from chapter 9 of NEP 2020. Pillar 5- Curriculum, Pedagogy and Assessment).

പി എം ശ്രീ വിദ്യാലയങ്ങൾ കേന്ദ്രത്തിൻ്റെ എക്സ്ക്ലൂസീവ് സോണുകളായി മാറുകയും അടിസ്ഥാന സൗകര്യ വികസനവും, അക്കാദമിക പ്രവർത്തനങ്ങളും, ആഘോഷങ്ങളുമുൾപ്പെടെ കേന്ദ്രം മോണിറ്റർ ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. പി.എം ശ്രീയുടെ ഭാഗമായിത്തീർന്ന സ്കൂളുകളിൽ നടക്കുന്നതെന്തെന്ന് അന്വേഷിച്ചാൽ കാര്യം വ്യക്തമാവും. പി എം ശ്രീ വ്യവസ്ഥകളനുസരിച്ച് പദ്ധതി അവസാനിക്കുന്ന 2027 നുശേഷവും കേന്ദ്രത്തിൻ്റെ ഇടപെടലും മോണിറ്ററിംഗും തുടരും. ചുരുക്കത്തിൽ സംസ്ഥാനങ്ങളുടെ ചെലവിൽ കേന്ദ്രത്തിൻ്റെ ബ്രാൻഡിംഗും, അക്കാദമിക താല്പര്യങ്ങളും നടപ്പിലാക്കുന്ന ഇടങ്ങളായി പി.എം ശ്രീ സ്കൂളുകൾ മാറും. വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ തുടരവേ തന്നെ സംസ്ഥാനങ്ങൾക്കുള്ളിൽ കേന്ദ്രം നിരന്തരം ഇടപെടും. അതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കും . ഓരോ ബി.ആർ.സി കളിലേയും തെരത്തെടുക്കപ്പെടുന്ന രണ്ട് ലീഡ് സ്കൂളുകളിലൂടെ മറ്റെല്ലാ സ്കൂളുകളേയും നിയന്ത്രിക്കാനും, മാനേജ് ചെയ്യാനും പി എം ശ്രീയ്ക്കു കഴിയും. വിദ്യാഭ്യാസഫെഡറലിസം എന്ന ആശയം കൊല ചെയ്യപ്പെടും. ജനാധിപത്യത്തിനുള്ളിൽ ജനാധിപത്യേതര ഒളിയിടങ്ങൾ രൂപപ്പെടും.
സിലബസും പുസ്തകങ്ങളും
കേന്ദ്ര സിലബസിലെ പാഠപുസ്തകങ്ങളിൽ ആയിരക്കണക്കിന് തിരുത്തലുകളും, വെട്ടിമാറ്റലുകളുമാണ് ഇക്കഴിഞ്ഞ പത്തുവർഷക്കാലയളവിൽ നടന്നത്. മുറിച്ചു മാറ്റിയ പാഠപുസ്തകങ്ങളുടെ നിലവിളികളാണെവിടെയും. പാഠ്യപദ്ധതിയുടെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട ഉള്ളടക്കങ്ങളെല്ലാം തന്നെ വെട്ടിമാറ്റിക്കഴിഞ്ഞു. എൻ. ഇ.പിയ്ക്കു ശേഷം പുറത്തുവന്ന പുസ്തകങ്ങളിലെല്ലാം ശാസ്ത്രത്തിൻ്റെ മിത്തിഫിക്കേഷനും, ചരിത്രത്തിൻ്റെ ഗ്ലോറിഫിക്കേഷനുമാണ് ദൃശ്യമാവുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയാന്വേഷണവും, യുക്തിപരതയുമെല്ലാം നിരാകരിക്കുന്ന പുസ്തകങ്ങൾ വന്നു കഴിഞ്ഞു. ദേശീയനയരേഖ തന്നെ സൂചിപ്പിക്കുന്ന, യുക്തിചിന്തയും, അനുകമ്പയും, തൻമയീഭാവവും, ഉത്പതിഷ്ണുതയും ശാസ്ത്രബോധവും സർഗാത്മകതയും കൈമുതലായ നൈതികതയിലധിഷ്ഠിതമായ മൂല്യങ്ങളുള്ള മനുഷ്യരെ സൃഷ്ടിക്കാനുതകുന്ന പാഠ്യപദ്ധതിയും ,പുസ്തകങ്ങളുമാണോ പുറത്തുവന്നിട്ടുള്ളത് എന്ന ചോദ്യം പ്രസക്തമാണ്.

വിദ്യാഭ്യാസത്തിൽ പരിഹൃതമാവേണ്ട തുല്യതയുടേയും, സാമൂഹിക നീതിയുടേയും, അവകാശങ്ങളുടെയും നിരവധി പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കെ, മതാധിഷ്ഠിത ആശയങ്ങളുടെയും, ഹിന്ദുത്വ വിദ്യാഭ്യാസപദ്ധതിയുടേയും ബോധനത്തിലൂടെ യഥാർത്ഥ വിദ്യാഭ്യാസപ്രശ്നങ്ങളെ മറികടക്കുകയെന്ന കൗശലമല്ലാതെ മറ്റെന്താണ് ഭരണകൂടത്തിൻ്റെ നിയന്ത്രകർ ലക്ഷ്യമിടുന്നത്? പി.എം ശ്രീ മുന്നോട്ടു വയ്ക്കുന്ന എൻ.ഇ.പിയുടെ 60 ശതമാനം ആശയങ്ങളും ഞങ്ങളുടേതാണെന്നു പറഞ്ഞത് ആർ.എസ്.എസാണ്. സംഘപരിവാറിൻ്റെ വിദ്യാഭ്യാസ ദർശനങ്ങളും, സങ്കല്പങ്ങളും, ദേശീയ നയമായി പരിവർത്തിക്കപ്പെടുന്ന ഡോക്യംമെൻ്റാണ് എൻ.ഇ.പി. അത് ഫലപ്രദമായി നടപ്പിലാക്കുനുള്ള പദ്ധതിയാണ് പി.എം ശ്രീ. അതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ പി.എം ശ്രീ നടപ്പിലാക്കിയ വിദ്യാലയങ്ങളുടെ അക്കാദമികപ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മതി.
പി എം ശ്രീ:
വിദ്യാഭ്യാസഘടനയും മാറിയേക്കാം
എൻ.ഇ പിയനുസരിച്ച് സംസ്ഥാനങ്ങളിലെ പി.എം ശ്രീ സ്കൂളുകളുടെ ഘടനയിലും മാറ്റമുണ്ടായേക്കാം. കേന്ദ്രനയമനുസരിച്ച് പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം. മൂന്നുമുതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസഘടനയുമായി ചേർന്നു പോകുന്നില്ലെങ്കിലും സ്കൂൾ ഏകീകരണമുൾപ്പെടെ പി എം ശ്രീയിലൂടെ കൊണ്ടുവരാൻ കഴിയും. പി.എം ശ്രീയിൽ ഹയർസെക്കൻ്ററിയുൾപ്പെടുന്ന സ്കൂളുകളെ സെക്കൻ്ററി സ്കൂളുകളായാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിൻ്റെ വിദ്യാഭ്യാസ ഗുണമേൻമാ റിപ്പോർട്ടിലും ഒമ്പതുമുതൽ പന്ത്രണ്ടു വരെ സെക്കൻ്ററിയാണെന്നിരിക്കെ പി.എം ശ്രീ സ്കൂളുകളിൽ ഘടനാമാറ്റത്തിനു സാധ്യതയേറെയാണ്. സ്കൂളുകളെ സംയോജിപ്പിക്കുന്ന സ്കൂൾ കോംപ്ലക്സ് എന്ന എൻ.ഇ.പി നിർദ്ദേശത്തിലേക്കും പി.എം ശ്രീ വഴിതെളിക്കാനിടയുണ്ട്. ദേശീയഘടനയിലേക്കു മാറാതെ ദേശീയവിദ്യാഭ്യാസനയം സമ്പൂർണ്ണമായും, സമഗ്രമായും നടപ്പിലാക്കാനാവില്ല.

സ്കൂളുകളെ നിയന്ത്രിക്കാൻ
പ്രത്യേക കേന്ദ്ര ചട്ടക്കൂട്
പി.എം ശ്രീ സ്കൂളുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ ഫ്രെയിംവർക്കാണ് സ്കൂൾ ക്വാളിറ്റി അസസ്മെൻ്റ് ഫ്രെയിംവർക്ക് എന്ന എസ്. ക്യൂ. എ.എഫ്. അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവശേഷിയും നേതൃത്വവും, മാനേജ്മെൻ്റും മോണിറ്ററിംഗും, ഗുണഭോക്തൃ സംതൃപ്തി, പാഠ്യപദ്ധതിയും, പെഡഗോജിയും വിലയിരുത്തലും, ഉൾക്കൊള്ളലും, ലിംഗസമത്വവും എന്നിങ്ങനെ ആറ് ഘടകങ്ങളിലൂടെ ഗുണനിലവാര ചട്ടക്കൂട് പി എം ശ്രീ പദ്ധതിയെ നിയന്ത്രിക്കും. സംസ്ഥാനങ്ങളുടെ മോണിറ്ററിംഗ് സംവിധാനങ്ങളെ നിശ്ശബ്ദമാക്കി, നിശ്ചിത മാനദണ്ഡങ്ങളും, സൂചകങ്ങളുപയോഗിച്ച് കേന്ദ്രം സ്കൂളുകളെ വിലയിരുത്തും. ഒരു പ്രദേശത്തിനുള്ളിലെ പി.എം ശ്രീ സ്കൂളുകൾ എലൈറ്റ് സ്കൂളുകളാവുകയും അവയും മറ്റു സ്കൂളുകളും തമ്മിൽ സാമൂഹികമായ വലിയ അന്തരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക്
പരിഹാരമോ പി എം ശ്രീ?
പി.എം ശ്രീയ്ക്കെന്താണ് കുഴപ്പമെന്നും, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും, കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും ലഭ്യമാകുന്നതിൽ അസ്വസ്ഥരാവുന്നവർ വിദ്യാഭ്യാസവിരുദ്ധരാണെന്നും വാദിക്കുന്നവരോട് ചില ചോദ്യങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 14,910 സർക്കാർ സ്കൂളുകൾ പൂട്ടിയെന്ന് പാർലമെൻ്റിൽ പറഞ്ഞതാരാണ്? രാജ്യത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമകാലികാവസ്ഥ എന്താണ്? പത്തുലക്ഷം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും, അധ്യാപക ക്ഷാമം രൂക്ഷമാണെന്നും സൂചിപ്പിച്ച വിദ്യാഭ്യാസത്തിനുള്ള പാർലമെൻ്ററി സമിതിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്താണ്? പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ പ്രവേശന നിരക്ക് കുറയുന്നുവെന്നും, കൊഴിഞ്ഞുപോക്ക് രൂക്ഷമാണെന്നും കേന്ദ്രപഠനങ്ങൾ തന്നെ പുറത്തുവന്നില്ലേ? എഴുത്തിലും, വായനയിലും, ഗണിതത്തിലും കുട്ടികൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുവെന്നും 50% അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാനറിയില്ലെന്നും റിപ്പോർട്ട് ചെയ്തതാരാണ്? എസ് സി, എസ്.ടി, ഒ ബി സി , മതന്യൂനപക്ഷങ്ങൾ എന്നിവരുടെ സ്കോളർഷിപ്പുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുകയും, നിർത്തലാക്കുകയും ചെയ്തതാരാണ്? ജി.ഡി.പി യുടെ 6% വിദ്യാഭ്യാസത്തിനു മാറ്റിവയ്ക്കണമെന്ന് ദേശീയ നയം പ്രഖ്യാപിച്ചതു നടപ്പിലായോ? കഴിഞ്ഞ പത്തുവർഷത്തെ ബജറ്റുകളിൽ വിദ്യാഭ്യാസത്തിനായി 4% മെങ്കിലും മാറ്റിവയ്ക്കാൻ കഴിഞ്ഞുവോ? ലക്ഷക്കണക്കിന് അങ്കണവാടികളിലും, പ്രൈമറി വിദ്യാലയങ്ങളിലും ശൗചാലയങ്ങളും, കുടിവെള്ളവും, ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടോ? ഈ പ്രശ്‌നങ്ങളുടെയെല്ലാം ഒറ്റമൂലി പരിഹാരമായി പി.എം ശ്രീ മാറുമോ? ഇപ്പോൾത്തന്നെ മികച്ച അടിസ്ഥാനസൗകര്യങ്ങളും, അക്കാദമിക നിലവാരവുമുള്ള 14500 സ്കൂളുകളിലൂടെ കേന്ദ്രഗവൺമെൻ്റിൻ്റേയും എൻ.ഇ.പി യുടെയും വിചാരധാര നടപ്പിലാക്കുകയും, അതിലൂടെ സാംസ്കാരികഫാസിസത്തെ ഒളിച്ചുകടത്തുകയും ചെയ്യുകയല്ലാതെ മറ്റെന്താണ് പി. എം ശ്രീ. അത് തിരിച്ചറിയാനുള്ള സാമാന്യബോധമാണ് നമുക്കുണ്ടാവേണ്ടത്.
