പൊതുവിദ്യാഭ്യാസം എന്ന ചരിത്ര പ്രക്രിയയ്ക്ക്, ഒരുപക്ഷെ ലോകത്തിന്റെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്, പ്രാധാന്യം കൂടുതലുള്ള ഒരു സ്ഥലമാണ് കേരളം. പത്തൊമ്പതാം നൂറ്റാണ്ട് വരെ കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും വിദ്യാഭ്യാസപ്രക്രിയക്ക് പുറത്തായിരുന്നു. ജാതിയിൽ താണവരും സ്ത്രീകളും വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് വ്യാപകമായി ഒഴിവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് ഉയർന്നു വന്ന നവോത്ഥാനമുന്നേറ്റങ്ങളുടെ കേന്ദ്ര മുദ്രാവാക്യം "വിദ്യകൊണ്ട് പ്രബുദ്ധരാകുക ' എന്നതായതിൽ അതിശയപ്പെടാനില്ല.
കേരളത്തിന് ഒരു പൊതുവിദ്യാഭ്യാസ ചരിത്രം ഉണ്ടാക്കിക്കൊടുത്തതിൽ പ്രമുഖമായ പങ്ക് വഹിച്ച അയ്യങ്കാളിയുടെ ജീവചരിത്രം നോക്കിയാൽ സാമൂഹ്യ ചലനാത്മകതയേയും വിദ്യാഭ്യാസത്തേയും എങ്ങനെയാണ് നവോത്ഥാനത്തിൽ കോർത്തിണക്കിയത് എന്ന് കണ്ടെത്താനാകും. നമ്മുടെ സാങ്കേതിക ഗണനകൾ അനുസരിച്ച് നിരക്ഷരനായിരുന്നു അയ്യങ്കാളി. അന്നത്തെ സാമൂഹിക, സാംസ്‌കാരിക മുൻഗണനകളുടെ ഇരയായി വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവൻ. ആ അയ്യങ്കാളിയാണ് തിരുവിതാംകൂറിലെ ജന്മികേന്ദ്രിതമായ കാർഷികമേഖലയെ ആകമാനം സ്തംഭിപ്പിച്ച് കൊണ്ട് ആദ്യത്തെ പണിമുടക്ക് സമരം തുടങ്ങിവെച്ചത്. ആ സമരം ജോലിസ്ഥിരതയ്‌ക്കോ കൂലിക്കൂടുതലിനോ വേണ്ടിയല്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ നെല്ലിന് പകരം മുട്ടിപ്പുല്ല് വിളയിക്കട്ടെ എന്ന അഗാധ രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വെച്ചായിരുന്നു.
അതെ തുടർന്ന് തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ ദളിത് വിദ്യാർത്ഥിനികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടപ്പോൾ, നില നിന്നിരുന്ന വിലക്കിന്റേതായ സാമൂഹിക മനോഭാവത്തെ അതിലംഘിച്ച് പഞ്ചമി എന്ന പെൺകുട്ടിയെ ഊരൂട്ടമ്പലത്തെ വിദ്യാലയത്തിൽ ചേർക്കാൻ മുൻകൈയെടുത്തതും അയ്യങ്കാളി തന്നെ. ദളിത് പെൺകുട്ടികൾക്ക് വിദ്യാലയ പ്രവേശം അനുവദിക്കുന്നതിലും നല്ലത് വിദ്യാലയങ്ങൾ നശിപ്പിക്കുകയാണ് എന്ന മട്ടിൽ ആ വിദ്യാലയത്തിന് തീ കൊളുത്തുകയാണ് സവർണ്ണജാതിവാദികൾ അന്ന് ചെയ്തത്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കുന്ന കാലത്ത് അയ്യങ്കാളി എന്ന "നിരക്ഷരൻ ' ഏറ്റവും കൂടുതൽ പ്രസംഗിച്ചത് വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിന് വേണ്ടിയാണ്. തന്നെ വന്ന് കണ്ട മഹാത്മാഗാന്ധിയോട് ക്ഷേത്രപ്രവേശനമല്ല, തന്റെ സമുദായത്തിൽ നിന്ന് പത്ത് ബി.എക്കാർ ഉണ്ടായിക്കാണുന്നതാണ് തന്റെ സ്വപ്നം എന്ന് തുറന്നടിക്കാനും അയ്യങ്കാളി തയ്യാറായി.
ഇങ്ങനെ അയ്യങ്കാളിമാരും ശ്രീനാരായണഗുരുക്കന്മാരും പൊരുതിനേടിയ വിദ്യാഭ്യാസ അവകാശം നിവർത്തിക്കാനായി ഇന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ എം.എ കോഴ്‌സിൽ ചേരുന്ന വിദ്യാർത്ഥികൾ പഠിക്കേണ്ടി വരുന്നത് എന്തൊക്കെയാണ്? വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഹിന്ദുമതത്തിന് പുറത്തുള്ളവർക്ക് സാമാന്യ പൗരത്വം പോലും നിഷേധിക്കുന്ന വാദഗതികൾ നിരത്തുന്ന വി.ഡി.സവർക്കറുടെ "ഹിന്ദുത്വ : ഹു ഈസ് ഹിന്ദു', എം.എസ്. ഗോൾവാൾക്കറുടെ "വി ഓർ അവർ നാഷൻഹുഡ് ഡിഫൈൻഡ് ' പോലുള്ള പുസ്തകങ്ങളാണ്. അതായത് കൂടുതൽ കൂടുതൽ ഉൾക്കൊള്ളലിന്റേതായ ചരിത്രത്തിലൂടെ വികസിച്ച വിദ്യാഭ്യാസ പ്രക്രിയ അതിന്റെ പ്രയോഗത്തിൽ ഒഴിവാക്കലിന്റെ തത്വശാസ്ത്രങ്ങളെ ഉൾക്കൊള്ളിക്കുക. ഗോൾവാൾക്കറുടെ പുസ്തകം അതിന്റെ പൊള്ളിക്കുന്ന വെറുപ്പ് മൂലം, ആർ.എസ്.എസ് എന്ന സംഘടന തന്നെ തള്ളിക്കളഞ്ഞതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. 2006 മാർച്ച് 9 ൽ അക്ഷയ മുകുൾ ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പ്രകാരം "1939 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആർ.എസ്.എസിന്റേയോ പക്വത പ്രാപിച്ച ഗുരുജിയുടേയോ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ല'. എന്ന് പറഞ്ഞാൽ ആർ.എസ്.എസ് പോലുള്ള സംഘടന പോലും തങ്ങളുടേത് എന്ന് പറഞ്ഞ് മുന്നോട്ട് വെയ്ക്കാൻ മടി കാണിക്കുന്ന വിഭാഗീയ ആശയങ്ങൾ നിറഞ്ഞ പുസ്തകമാണ് കണ്ണൂർ സർവ്വകലാശാല സിലബസ്സിന്റെ തിരുനെറ്റിയിൽ കയറ്റിവെച്ചത് എന്നർത്ഥം.
അതുകൊണ്ടെന്താ? ജനാധിപത്യത്തിൽ എല്ലാത്തരം ആശയങ്ങളും ചർച്ച ചെയ്യണ്ടേ? കേരളത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ത്യാജ്യ, ഗ്രാഹ്യ വിവേചനശക്തി ഇല്ലേ? വെറുപ്പിലൂടെയും അപര വിദ്വേഷത്തിലൂടെയും മുന്നേറുന്ന ലോകം സിലബസ്സിലും പ്രതിഫലിക്കണ്ടേ എന്ന മറുചോദ്യങ്ങളും ധാരാളം ഉയർന്നു വരുന്നുണ്ട്. അതിന് ഉത്തരം ഒന്നേയുള്ളു. എന്തുകൊണ്ടാണ് ഹിറ്റ്‌ലറുടെ മീൻ കാംഫ് നമ്മൾ സിലബസ്സിൽ ഉൾപ്പെടുത്താത്തത്? മുസ്സോളിനിയുടെ ഫാസിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാത്തത്? ദക്ഷിണാഫ്രിക്കയിലെ സാമ്രാജ്യത്വ ഭരണകൂടം വർഷങ്ങളോളം അവരുടെ ഭരണനയമായി കൊണ്ടു നടന്നിരുന്ന അപ്പാർത്തീഡിന്റെ ന്യായം കാണാപാഠം പഠിച്ചെഴുതി മാർക്ക് വാങ്ങാൻ കുട്ടികളെ നാം നിർബന്ധിക്കാത്തതെന്ത്? മറിച്ച് വിദ്യാഭ്യാസത്തിലൂടെ ഹിറ്റ്‌ലറും മുസ്സോളിനിയും അപ്പാർത്തീഡും തെറ്റായിരുന്നു എന്ന സന്ദേശം നിരന്തരം കൊടുക്കാൻ ലോകത്തിലെ സർവ്വകലാശാലകൾ മെനക്കെടുന്നതെന്ത് കൊണ്ട്?.
അതേ സമയം ഇന്ത്യാചരിത്രം പഠിക്കുമ്പോൾ ഗാന്ധിയുടെ ഹിന്ദ് സ്വരാജും നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികളിൽ അധിഷ്ഠിതമായ വികസന സങ്കല്പവും പലയിടത്തും പരസ്പരവിരുദ്ധമായിരിക്കുമ്പോൾ തന്നെ തുല്യപ്രാധാന്യത്തോടെ പഠിപ്പിക്കുന്നതിൽ യാതൊരു വൈമുഖ്യവും സർവ്വകലാശാലകൾ കാണിക്കുന്നുമില്ല. അവയും മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തവും ലേറ്റ് കാപ്പിറ്റലിസത്തിന്റെ സാമ്പത്തിക സിദ്ധാന്തവും ഒരേ പോലെ പഠിക്കുന്ന കുട്ടികൾക്ക് എന്ത് കൊണ്ട് മീൻ കാംഫ് ടെക്സ്റ്റ് ബുക്ക് ആയി കൊടുത്തു കൂടാ എന്ന ചോദ്യം ആരും ഉന്നയിക്കാത്തതെന്തുകൊണ്ട്? ഗോഡ്‌സേ ഷിംല കോടതിയിൽ കൊടുത്ത പ്രഖ്യാപനം , "ഞാനെന്ത് കൊണ്ട് ഗാന്ധിയെ കൊന്നു?' എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട, ഗോഡ്‌സേയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അടങ്ങുന്ന രേഖ, സിലബസ്സിൽ ചേർക്കണം എന്ന് ഗോഡ്‌സേ പ്രേമികൾ പോലും പരസ്യമായി ഉന്നയിച്ചു കണ്ടിട്ടില്ല.
ഇതിനുള്ളിൽ അടങ്ങിയിരിക്കുന്ന വിവേകം വിദ്യാഭ്യാസം കാലങ്ങൾ കൊണ്ടാർജ്ജിച്ചെടുത്ത "പവിത്രത' യാണ്. ഇത് മതപരമായ "പവിത്രത' അല്ല. മറിച്ച് ചരിത്രപരമായ "പവിത്രത' യാണ്. അത് സംരക്ഷിക്കുന്നതിനാണ് കോവിഡ് കാലഘട്ടത്തിൽ മറ്റേത് മേഖലകളെക്കാളും വിദ്യാഭ്യാസരംഗത്തെ അനുസ്യൂതി നിലനിർത്തുന്നതിൽ ബദൽമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ലോക രാഷ്ട്രങ്ങൾ കിണഞ്ഞു പരിശ്രമിച്ചത്. മാത്രമല്ല, അത്തരം ശ്രമങ്ങളിൽ സമൂഹത്തിലെ വിവിധ ഘടകങ്ങൾ ഒരേ പോലെ പങ്ക് ചേർന്നതും അതുകൊണ്ട് തന്നെ. വിദ്യാഭ്യാസപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന വ്യക്തിത്വങ്ങൾ സൃഷ്ടിക്കുന്ന ലോകം ഇന്നത്തെ ലോകത്തേക്കാൾ കുറച്ചു കൂടി നല്ലതാകണം എന്ന അബോധം സമൂഹം സൂക്ഷിക്കുന്നത് കൊണ്ടാണ് ആ രംഗത്ത് നാം നമ്മുടെ സമൂഹ സമ്പത്തിന്റെ വലിയ വിനിയോഗം നടത്തുന്നത്.
വിദ്യാഭ്യാസത്തേയും സിലബസ്സിനേയും ഇമ്മട്ടിൽ ആദർശവല്ക്കരിക്കേണ്ടതുണ്ടോ? വിദ്യാഭ്യാസം എന്നത് ഒരു പ്രത്യയശാസ്ത്ര ഉപാധിയല്ലേ ? എന്ന ചോദ്യങ്ങളും ഈ സന്ദർഭത്തിൽ ഉയർന്നേക്കാം. തീർച്ചയായും വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ വിമർശിക്കാനുള്ള ചിന്തയുടെ ഔന്നത്യം നമ്മുടെ സമൂഹം ആർജ്ജിച്ചിട്ടുണ്ട്. പക്ഷെ, ചോദ്യങ്ങൾ മൂർത്തമായിത്തീരുന്നത് അതിന്റെ സന്ദർഭത്തിൽ മാത്രമാണ്. സിലബസ്സിൽ ഉൾപ്പെടുന്നതോടെ പ്രായോഗികമായി ഒരു പുസ്തകം "പവിത്ര'മായിത്തീരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലവിൽ ഉള്ളത്. അതിന് മറ്റ് പുസ്തകങ്ങളേക്കാൾ "ആധികാരികത' ലഭിക്കുന്നു. കാരണം വായനയും ചർച്ചയും മാത്രമല്ല സിലബസ്സിൽ ഉൾപ്പെടുന്നതോടെ പുസ്തകത്തിന് ലഭിയ്ക്കുക. പരീക്ഷ പോലുള്ള സമൂഹം ഒട്ടാകെ അംഗീകരിച്ചിട്ടുള്ള മൂല്യനിർണ്ണയത്തിന്റെ ആധികാരികതയായി ആ പുസ്തകം മാറ്റപ്പെടുന്നു.
ഉദാഹരണമായി, നാളെ ഈ കോഴ്‌സിൽ ചേർന്ന വിദ്യാർത്ഥി / വിദ്യാർത്ഥിനി അവരുടെ ചോദ്യപേപ്പറിലൂടെ സവർക്കറുടെ പുസ്തകത്തെ അവലംബിച്ചുള്ള ഹിന്ദുരാഷ്ട്ര സങ്കല്പത്തെക്കുറിച്ചുള്ള മൂല്യനിർണ്ണയത്തിന് വശംവദരായി എന്ന് കരുതുക. സവർക്കറുടെ ഹിന്ദുരാഷ്ട്രത്തിന്റെ ഭൂമി ശാസ്ത്ര പരിധിയെക്കുറിച്ചുള്ള ഭാഗം വിശദീകരിക്കാൻ അവൻ / അവൾ പുസ്തകത്തെ ആശ്രയിച്ച് ഇങ്ങനെ എഴുതി വെയ്ക്കുന്നു. "സിന്ധു (നദി) മുതൽ സിന്ധു (സമുദ്രം) വരെയുള്ള ഭൂപരിധിയാണ് ഹിന്ദുരാഷ്ട്രത്തിനുള്ളത്'. അല്ലെങ്കിൽ ഗോൾവാൾക്കറിന്റെ വിചാരധാരയിൽ നിന്ന് "മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും സംബന്ധിച്ചോ? അവർ ഈ രാജ്യത്താണ് പിറന്നത്. സംശയമില്ല. പക്ഷെ അവരുടെ കൂറോ? മാതൃരാജ്യത്തെ സേവിക്കേണ്ടത് അവരുടെ കർത്തവ്യമായി അവർ കരുതുന്നുണ്ടോ? ഇല്ല. മറ്റ് രാജ്യങ്ങളാണ് അവരുടെ വിശുദ്ധനാടുകൾ' എന്നും. പരീക്ഷകർക്ക് ഈ വാചകങ്ങൾക്ക് മാർക്ക് കൊടുത്തേ തീരൂ. മാർക്ക് ലഭിക്കുന്നതോടെ ഇവ ആധികാരിക വാചകങ്ങളായി അവന്റെ / അവളുടെ ജീവിതത്തിൽ ഉൾച്ചേർക്കപ്പെടുന്നു. ഇങ്ങനെയൊക്കെ സമൂഹം അതിന്റെ സമ്മതി ഏറിയ തോതിൽ നൽകിയിട്ടുള്ള നിരവധി സൂക്ഷ്മ പ്രക്രിയകളിലൂടെയാണ് സിലബസ്സ് "ആധികാരികവും ചോദ്യം ചെയ്യപ്പെടാനാകാത്തതും' ആയിത്തീരുന്നത്.
ഈ വിവേകത്തിന് പുറത്ത് പ്രവർത്തിക്കുന്നത് കൊണ്ടാണ് ലോകത്തിലെ പ്രധാന സർവ്വകലാശാലകൾ ഒക്കെ "വെറുപ്പിന്റേയും അപര വിദ്വേഷത്തിന്റേയും' സന്ദേശങ്ങളെ സിലബസ്സിന് പുറത്ത് നിർത്തുന്നത്. അല്ലാതെ ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും അവർക്ക് അവബോധമില്ലാഞ്ഞിട്ടല്ല. സിലബസ്സിന്റെ ജനാധിപത്യം എന്നത് ഒരു കെട്ടഴിഞ്ഞ വ്യവസ്ഥയല്ല. സമൂഹം ആർജ്ജിച്ച പുരോഗമന മൂല്യങ്ങളുടെ അളവുകോലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ജനാധിപത്യമാണത്. ഇന്ത്യയിൽ സാമ്രാജ്യത്തിന്റെ കെടുതികൾ പഠിക്കുന്ന ചരിത്ര വിദ്യാർത്ഥി നാളെ ഇംഗ്ലണ്ടിൽ ചെന്ന് പഠിക്കാനിടവന്നാൽ സാമ്രാജ്യത്ത കാലം ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ഉത്സവമായിരുന്നു എന്ന് പഠിച്ചു കൂടാ. യൂറോപ്പിൽ അസ് ട്രോണമി പഠിച്ച ഒരു വിദ്യാർത്ഥി ഇന്ത്യൻ സർവ്വകലാശാലയിൽ സയൻസ് പഠിക്കാനെത്തിയാൽ ജ്യോതിഷം അസ്‌ട്രോണമിയുടെ വികാസമായി പഠിക്കാനിട വരരുത്.
ഈ വിവേകമാണ് സവർക്കറുടേയും ഗോൾവാർക്കറുടേയും അപര വിദ്വേഷവും വെറുപ്പും പരത്തുന്ന പുസ്തകങ്ങളെ പാഠപുസ്തകത്തിന്റെ "പവിത്രത'യിലേയ്ക്ക് കയറ്റി വെക്കുന്നത് വഴി കണ്ണൂർ സർവ്വകലാശാല കളഞ്ഞു കുളിച്ചത്. ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന മതേതരബോധത്തിന് കടകവിരുദ്ധമാണ് ഇവ. സമൂഹത്തിൽ അവ വായിക്കപ്പെടുന്നതും ചർച്ച ചെയ്യുന്നതൊക്കെ
ജനാധിപത്യത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പരിധിയിൽ പെടുത്താം. അതേ സമയം ഒരു സമൂഹ ജീവിതത്തെ നിർണ്ണയിക്കുന്ന പരീക്ഷകളുടേയും അർഹതകളുടേയും ആധികാരിക പാഠങ്ങളായി അവയ്ക്ക് കയറ്റം കൊടുത്തു കൂടാ. ഹിംസയും വെറുപ്പും അന്യമതത്തിൽ പിറന്നു പോയി എന്ന കാരണത്താൽ ജനതക്കിടയിൽ രണ്ടാം കിട പൗരരെ സൃഷ്ടിക്കുന്ന സന്ദേശവും പ്രചരിപ്പിക്കുന്ന പുസ്തകളെ അടിസ്ഥാനപ്പെടുത്തിയല്ല, സമൂഹ സമ്മതി നേടിയ വിദ്യാഭ്യാസം പോലുള്ള ഒരു സാംസ്‌കാരിക ഇടത്തിൽ പൗരത്വം വാർത്തെടുക്കേണ്ടത്. ഒരു മാതൃക സൃഷ്ടിക്കപ്പെട്ടാൽ, പുറകോട്ട് കാലുവെയ്ക്കുക അസാധ്യമായ ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല എന്ന് കൂടി നാം ഓർക്കണം. ഏകദിശാ പ്രവർത്തനങ്ങളാണ്, ഉഭയ ദിശാ പ്രവർത്തനങ്ങൾ അല്ല അവിടെ മേൽക്കൈ നേടുക എന്നത് പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസമൊക്കെ കുടത്തിലെ ഭൂതത്തെ തുറന്ന് വിട്ടതിന് ഉത്തമ ഉദാഹരണമാണല്ലോ.
അഭിപ്രായ സ്വാതന്ത്ര്യവും സെൻസർഷിപ്പും സംബന്ധിച്ച കാര്യങ്ങൾ കൂടി ചർച്ചയ്‌ക്കെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം. 1989 ൽ പ്രദീപ് ദാൽവി എന്ന മറാത്തി നാടകകൃത്ത് "മീ നാഥുറാം ബോൽത്തായ് ' എന്ന നാടകം എഴുതുകയുണ്ടായി.. നേരത്തെ പരാമർശിച്ച ഷിംല കോടതിയിൽ ഗോഡ്‌സേ അവതരിപ്പിച്ച പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഗോഡ്‌സേയെ ആദർശവത്ക്കരിക്കുകയും ഗാന്ധിയെ നിന്ദിക്കുകയും ചെയ്യുന്ന ഹിന്ദുത്വ നാടകമായിരുന്നു അത് .1997 ൽ അത് രംഗത്ത് അവതരിപ്പിക്കപ്പെട്ടു. 13 അവതരണങ്ങൾക്ക് ശേഷം അതിന്റെ സ്‌ഫോടനാത്മകമായ ഉള്ളടക്കത്തെ മുൻനിർത്തി മഹാരാഷ്ട്ര സർക്കാർ അതിനെ നിരോധിച്ചു. കേരളവും ആ നാടകം നിരോധിച്ചു. തുടർന്ന് നിരോധനത്തെ കുറിച്ചുള്ള ചർച്ചകളിൽ ആനന്ദും കെ. അരവിന്ദാക്ഷനും ഉൾപ്പെടെയുള്ള എഴുത്തുകാർ ഉയർത്തിപ്പിടിച്ച നിരോധനത്തിനെതിരെയുള്ള സമീപനത്തോടാണ് ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ യോജിച്ചത്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ സത്ത ഉൾക്കൊണ്ട് കൊണ്ടായിരുന്നു അത്. ആ നാടകത്തിന്റെ ഉള്ളടക്കത്തോട് കഠിന വിമർശനം കൈക്കൊള്ളുമ്പോഴും സെൻസർഷിപ്പ് എന്ന മാരകതയ്‌ക്കെതിരെയാണ് ഇന്ത്യയിലെ ആധുനിക ജനസമൂഹം നിലപാട് എടുക്കേണ്ടത് എന്നാണ് ഇന്നും ഈ ലേഖകൻ വിശ്വസിക്കുന്നത്. പ്രദീപ് ദാൽവിക്കും പെരുമാൾ മുരുകനും ഒക്കെ ഒരേ പോലെ ആശയ പ്രകാശനത്തിന് അവസരമുണ്ട്. എന്നാൽ പ്രദീപ് ദാൽവിയുടെ നാടകം അതിനുള്ളിൽ നിറക്കാൻ ശ്രമിച്ച വ്യാജ ചരിത്രം കൊണ്ട് തന്നെ, ഒരു പാഠ്യക്രമത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കേണ്ടതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഈ ലേഖകൻ കരുതുന്നു.
മാത്രമല്ല, അപകടം പിടിച്ച മാരകമായ സാംസ്‌കാരിക സെൻസർഷിപ്പ് ഭീഷണിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. എം.എം. ബഷീറിനെതിരെയും എസ്.ഹരീഷിനെതിരെയും ഹിന്ദുത്വ ശക്തികൾ പ്രയോഗിച്ച മാരകമായ സെൻസർഷിപ്പ് ആക്രമണത്തിന് സാക്ഷികൾ ആയവരാണ് നമ്മൾ. ആധുനികമായ ചിന്തയ്ക്കും ഭാവനയ്ക്കുമെതിരെയായിരുന്നു ആ സാംസ്‌കാരിക സെൻസർഷിപ്പ് എന്നും നമുക്കറിയാം. അക്കാലത്ത് ഗാന്ധിയെയും ഗോഡ്‌സേ യേയും സമീകരിക്കുന്ന പ്രവർത്തനം കേരളത്തിലെ ഒരു സർവകലാശാല ചെയ്യാൻ തുനിയുന്നതും അതിന് ജനാധിപത്യത്തിന്റെ മേലാപ്പ് തുന്നിക്കൊടുക്കുന്നതും മിതമായ അർത്ഥത്തിൽ ഫാസിസത്തിന് പൂമാല ചാർത്തിക്കൊടുക്കുന്ന സാംസ്‌കാരിക പ്രവർത്തനമാണ്.